എടീ മേരിയെ , നീ എവിടെയാടി,
ഞാൻ സ്‌കൂളിൽ പോവാൻ നോക്കുവാമ്മേ
നീ ഇന്ന് സ്‌കൂളിൽ പോവണ്ട , ഈ കൊച്ചിനെ ഒന്ന് നോക്കിക്കേ
അമ്മേ, എനിക്ക് സ്‌കൂളിൽ പോണം , ഇപ്പൊ തന്നെ മൂന്ന് ദിവസം പോയില്ല. മേരി ചാക്കോ സ്‌കൂളിൽ എന്താ വരാത്തതെന്നു ചോദിച്ച് അമ്മൂട്ടി ടീച്ചർ ആളെ വിട്ടു.
അതൊന്നും നോക്കിയിട്ടു കാര്യമില്ല നീ ഇനി മുതൽ സ്‌കൂളിൽ പോവണ്ട , ഇവിടെയിരുന്ന് കുട്ടികളെ നോക്കിയാ മതി.
അത് പറ്റില്ല അമ്മേ, എനിക്ക് സ്‌കൂളിൽ പോണം മേരി കിടന്നു കരഞ്ഞു.
സ്വന്തമായി ഒരു ബുക്കില്ലാതെ, ചെരുപ്പില്ലാതെ , മാറിയിടാൻ ആവശ്യത്തിന് വസ്ത്രമില്ലാതെ, മേരി മൂന്നു വർഷം സ്‌കൂളിൽ പോയി.
സ്കൂളിൽ വരുന്ന കുട്ടികളുടെ ബുക്ക് നോക്കി മൂന്ന് വരെ പഠിച്ച മേരിക്ക് , പഠിക്കാൻ ഭയങ്കര ഇഷ്ടമായിരുന്നു.
വീട്ടിലെ പ്രാരാബ്ധവും , താഴെയുള്ള അനിയത്തിമാരെയും അനിയനെയും നോക്കാനും പഠിക്കാനുള്ള ആഗ്രഹങ്ങൾ മേരിക്ക് കാറ്റിൽ പറത്തേണ്ടി വന്നു
അത്താഴ പട്ടിണിക്കാരനായ ചാക്കോ ഏലിയാമ്മ ദമ്പതികൾക്ക് പെണ്മക്കൾ മൂന്ന് പേരും ഒരാൺ തരിയും ആണ് ജനിച്ചത്
മൂത്തവൾ മേരി , രണ്ടാമത്തവൾ ഏല്യാ , മൂന്നാമത്തവൾ, അന്നു . നാലാമത്തവൻ കുഞ്ഞ്.
ചാണകം മെഴുകിയ ഓലകൊണ്ടുള്ള ഒരു ചായ്പ്പിലാണ് അവർ കിടന്നുറങ്ങിയത്. അമ്മ ഏലിയാമ്മയും അപ്പൻ ചാക്കോയും പാടത്ത് കിളക്കാനും ഞാറു പറിക്കാനും കൊയ്യാനും , മറ്റു കൂലിപ്പണിക്കും കയ്യാലപ്പണിക്കും മറ്റും പോയി കുടുംബം പോറ്റി.
മേരി ജനിച്ച് ഉടനെ തന്നെ ഏല്യാ ജനിച്ചു, അത് കഴിഞ്ഞു അനുവും അതിന്റെ പിന്നാലെ കുഞ്ഞും
ഇതാണ് മേരിയുടെ കുടുംബം.
വീണ്ടും വീണ്ടും സ്‌കൂളിൽ നിന്നും മേരി ചാക്കോയെ സ്‌കൂളിൽ വിടാൻ പറഞ്ഞു ആളെ വിട്ടെങ്കിലും ഏലിയാമ്മ വഴങ്ങിയില്ല.
പണിക്ക് പോയാൽ കുഞ്ഞുങ്ങളെ നോക്കാൻ ആരുമില്ലെന്നും, അത്യാവശ്യം വീട്ടു പണിയെടുക്കാൻ ആള് വേണമെന്നും പറഞ്ഞ് മേരിയെ വീട്ടിൽ തളച്ചിട്ടു.
മേരിയുടെ മനസ്സ് കലങ്ങി ,മനസ്സില്ലാ മനസ്സോടെ അമ്മയുടെ വാക്കുകൾക്ക് മുന്നിൽ അവൾക്ക് മൗനം പാലിക്കേണ്ടി വന്നു .. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ തന്റെ മുന്നിൽ താൻ കൊതിയോടെ കോർത്ത തന്റെ അക്ഷര മുത്തുകൾ നൂല് പൊട്ടി ചിന്നി തെറിച്ചു.
കുറച്ച് വർഷങ്ങൾ കഴിഞ്ഞു കീഴെയുള്ള അനിയത്തിമാരും, ആങ്ങളയും സ്‌കൂളിൽ പോകാറായി.
അവർക്കാവശ്യമുള്ള കഞ്ഞിയും കറിയും വച്ച് അവർ സ്‌കൂളിൽ പോവുമ്പോൾ മേരി ദു:ഖത്തോടെ നോക്കി നിൽക്കുമായിരുന്നു.
എന്നാൽ കീഴെയുള്ള ഏല്യക്കാകട്ടെ പഠിക്കാനൊട്ടും താല്പര്യവുമുണ്ടായിരുന്നില്ല. പഠിക്കാൻ താല്പര്യമുള്ള മേരിയെ സ്‌കൂളിലോട്ടു വിട്ടുമില്ല. എങ്ങനെയെങ്കിലും പട്ടിണി മാറാൻ കഞ്ഞിക്കുള്ള വകയുണ്ടാകണമെന്നുള്ള ചിന്ത മാത്രമേ ഏലിയാമ്മക്കുണ്ടായിരുന്നുള്ളു.
ഏറ്റവും മൂത്ത സന്തതിയായ് ജനിച്ചതിൽ മേരി സ്വയം ശപിച്ചുവോ എന്നറിയില്ല. മേരിയാണ് അവസാനം ജനിച്ചതെങ്കിൽ ഇന്ന് സംഗതികൾ മാറി മറിയുമായിരുന്നു. കാരണം അവൾക്ക് പഠിക്കുവാൻ അവസരം കിട്ടിയേനെ
വർഷങ്ങൾ വീണ്ടും കഴിഞ്ഞു .. അതിനിടക്ക് മേരി പാടത്ത് കൊയ്യാനും ഞാറു പറിക്കാനും പോയി തുടങ്ങി. ഓല മെടഞ്ഞും, കൊയ്തും മെതിച്ചും, കൂലിയായി കിട്ടുന്ന നെല്ല് കൊണ്ട് വന്നു കുത്തി കഞ്ഞി കുടിക്കുന്ന ഒരു സുഖം വേറെ തന്നെയായിരുന്നുവെന്ന് മേരി പിൽക്കാലത്ത് തന്റെ മക്കളോട് പറയാറുണ്ട്.
ദാരിദ്ര്യത്തിന്റെ കൊടും സത്യത്തിൽ വയറിന്റെ വിശപ്പിനേക്കാൾ വിദ്യാഭ്യാസത്തിനു യാതൊരു പ്രസക്തിയും ഇല്ലെന്നുള്ള വികലമായ ഒരു ചിന്താ ഗതിയായിരുന്നു സ്‌കൂളിന്റെ പടി പോലും കണ്ടിട്ടില്ലാത്ത ഏലിയാമ്മക്കും ചാക്കോച്ചനും ഉണ്ടായിരുന്നത്.
എന്നിരുന്നാലും കഷ്ടപെട്ടാണെങ്കിലും മേരിയെയും ബാക്കി പെൺമക്കളെയും അവർ കെട്ടിച്ചു വിട്ടു
മേരിക്ക് രണ്ട് മക്കൾ , ഏലിയാക്ക് മൂന്ന് മക്കൾ , അനുവിന് രണ്ട് , കുഞ്ഞിന് ഒരു മകൾ
പിൽ കാലത്ത് തന്റെ പഠിക്കുവാനുള്ള ത്വരയെക്കുറിച്ച് മേരി തന്റെ മക്കളോട് തുറന്നു പറഞ്ഞപ്പോൾ , ആ കാലത്തെ മേരിയുടെ മാനസികാവസ്ഥയും , സ്‌കൂളിൽ പോകാൻ പറ്റാതെ കരഞ്ഞ മുഖവും മെല്ലെ മനസ്സിലേക്ക് ഓടി വന്നു.
മേരിയുടെ അമ്മയായ ഏലിയാമ്മയെ , മേരിയുടെ മക്കൾ ഒരിക്കൽ കണ്ടപ്പോൾ, എന്ത് കൊണ്ടാണ് മേരിയെ സ്‌കൂളിൽ വിടാതിരുന്നതെന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി മുകളിൽ പറഞ്ഞത് തന്നെയായിരുന്നു
"അമ്മക്ക് , അന്നേരം വയറിന്റെ വിശപ്പ് എന്ന ഒറ്റ ചിന്തയെ ഉണ്ടായിരുന്നുള്ളു മക്കളെ , വേറെ ഒന്നും ചിന്തിക്കാൻ പറ്റാത്ത കാലമായിരുന്നു അത്"
ഒരു വശം നോക്കിയാൽ കുറ്റം പറയാനും പറ്റില്ല. ദാരിദ്ര്യം എന്താണെന്നു അറിഞ്ഞവർക്ക് വയറിന്റെ ഒരു നേരത്തെ വിശപ്പും ഒരു കപ്പ് കഞ്ഞി വെള്ളം എന്ന സ്വപ്നവും മാത്രമേ ഉണ്ടാവുകയുള്ളു എന്ന സത്യവും ഏലിയാമ്മയുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കി.
മൂന്ന് വരെ മാത്രമേ പഠിച്ചുള്ളൂവെങ്കിലും മലയാളം നല്ല പോലെ വായിക്കുകയും, കുറച്ച് തപ്പൽ ഉണ്ടെങ്കിലും ഒരു വിധം നന്നായി എഴുതുകയും മേരി ചെയ്യും
അന്നത്തെ മൂന്നാം ക്ലാസിൽ വച്ച് പഠിച്ച ലിപികൾ ഇന് 59 വയസ്സായിട്ടും മറന്നില്ല എങ്കിൽ , അൽപ്പം കൂടി മുന്നോട്ടു പഠച്ചിരുന്നുവെങ്കിൽ മേരി ഇന്ന് ഒരു ഉദ്യോഗസ്ഥ ആയി വിരമിച്ച് പെൻഷൻ വാങ്ങിക്കേണ്ട കാലമാണ്.
പറഞ്ഞിട്ടെന്തു കാര്യം ... അറിവ് നേടാൻ ആഗ്രഹമുണ്ടായിട്ടും അത് ലഭിക്കാതിരുന്ന ആ സാഹചര്യം ഇത് എഴുതുന്ന എനിക്ക് ഓർക്കുമ്പോൾ തന്നെ അസ്വസ്ഥത ഉളവാക്കുന്നു എന്നത് സത്യമാണ്.
ഈ വരികൾ എഴുതുമ്പോഴും എന്റെ മനസ്സിന്റെ അകത്തളത്തിൽ ഒരു നോവിന്റെ സ്പന്ദനം മൃദുവായി മിടിക്കുന്നത് ഞാൻ അറിയുന്നു
കാരണം ആ മേരി എന്റെ അമ്മയാണ് .
ഒരു പക്ഷേ നിങ്ങളുടേയും ....
......................
ജിജോ പുത്തൻപുരയിൽ
......................
ജിജോ പുത്തൻപുരയിൽ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക