ഉച്ചക്ക് 2:15ന് കോഴിക്കോട് നിന്നും കണ്ണൂർക്ക് ഒരു പാസഞ്ചർ ട്രെയിൻ ഉണ്ട്. എല്ല ദിവസവും രാവിലത്തെ ക്‌ളാസ് കഴിഞ്ഞ് ആ ട്രെയിനിലാണ് വീട്ടിലേക്ക് മടങ്ങാറ്. സ്‌റ്റേഷനാണോ എന്ന് തോന്നിപ്പോകുന്ന സ്റ്റേഷനുകളിൽ പോലും നിർത്തി പതിഞ്ഞ താളത്തിലുള്ള ഉച്ച നേരത്തെ ആ യാത്ര ആസ്വാദ്യകാരമാണ്.അന്നും പതിവ് പോലെ ക്‌ളാസ് കഴിഞ്ഞ് ഞാൻ ട്രെയിനിൽ കയറി. ആളൊഴിഞ്ഞ ഒരു കൂപ്പയിൽ ജനാലയുടെ അരികിലായ് ഇരുന്നു. അതാകുമ്പോൾ കുറച്ചു സമയം പുറംലോക കാഴ്ചകളും അത് കഴിഞ്ഞ കാറ്റിന്റെ തലോടലേറ്റ് സ്വപ്ന ലോക കാഴ്ചകളും കാണാം.. ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്. കയ്യിലിരിക്കുന്ന പത്രം നിവർത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകളാണ് പത്രത്തിൽ നിറഞ്ഞിരിക്കുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനം സ്ത്രീ പുരുഷ സമത്വത്തിലേക്കുള്ള പുതിയ ചുവട് വെയ്പ്പത്രേ.. "സമത്വം സർവ മേഖലയിലും " എന്ന എഡിറ്റോറിയൽ വായിച്ചു തുടങ്ങിയപ്പോഴാണ് എന്റെ മുൻപിലായി 2 പെൺകുട്ടികൾ വന്നിരുന്നത്. സൗന്ദര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു അതിൽ ഒരാൾ. പ്രണയ ദാരിദ്ര്യം അനുഭവിക്കുന്ന ഏതൊരാൾക്ക് മുൻപിലും ഒരു സുന്ദരി വന്നിരിക്കുമ്പോൾ മനസിലേക്ക് ഒരു തോന്നൽ കടന്നു വരും.."മുജ്ജന്മങ്ങളിലെവിടെയോ കണ്ടു മറന്ന മുഖം"!!! ആ തോന്നൽ എന്റെ മനസ്സിലേക്കും കടന്നു വന്ന് അവിടെ പ്രണയത്തിന്റെ പൂങ്കാവനം തീർക്കാൻ തുടങ്ങിയത് ഞാൻ അറിഞ്ഞു.പത്രം വായിക്കുകയാണെന്ന വ്യാജേന ഞാൻ അവളുടെ മുഖത്തേക്ക് ഒളിയമ്പുകൾ എയത് കൊണ്ടിരുന്നു. അവളാണെങ്കിൽ ഒന്നുമാറിഞ്ഞില്ലെന്ന ഭാവത്തിൽ കൂട്ടുകാരിയുമായി സംസാരിച്ചിരിക്കുകയാണ്. ഇതിനിടയിൽ ട്രെയിൻ ഓടി തുടങ്ങിയതൊന്നും ഞാൻ അറിഞ്ഞില്ല. മനസ്സിൽ ഇതുവരെ കണ്ട സിനിമകളിലെ പ്രണയനായകരെല്ലാം വന്നു പൊയ്‌ക്കൊണ്ടിരുന്നു. പക്ഷെ അവർ പറഞ്ഞു തന്ന അടവുകൾക്കൊന്നും അവളെ ആകർഷിക്കാൻ കഴിഞ്ഞില്ല.
അവൾക്ക് മനസ്സിലായില്ലെങ്കിലും എന്റെ ദുരവസ്ഥ അവളുടെ കൂട്ടുകാരിക്ക് മനസ്സിലായി. കൂട്ടുകാരി എന്നെ നോക്കി ചിരിച്ചു, എല്ലാം ശരിയാക്കിത്തരാം എന്ന ഭാവത്തിൽ. അവൾ സുന്ദരിയുടെ ചെവിയിൽ എന്തോ പറഞ്ഞു. പക്ഷെ ദേഷ്യത്തോടെയുള്ള ഒരു നോട്ടമായിരുന്നു മറുപടി. എന്റെ കണ്ണുകളും കൂട്ടുകാരിയുടെ കണ്ണുകളും തമ്മിൽ സംസാരിച്ചു....
എങ്ങനെയെങ്കിലും.......
എന്റെ കണ്ണുകൾ കെഞ്ചി..
പെട്ടെന്ന് ഒരു ഐഡിയ കിട്ടി എന്നാ ഭാവത്തോടെ കൂട്ടുകാരി ബാഗിൽ നിന്നും ഒരു ഡയറി മിൽക്ക് പുറത്തെടുത്തു. അതിന്റെ പകുതി അവൾക് കൊടുത്ത ശേഷം ബാക്കി എനിക്ക് നേരെ നീട്ടി. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ ഇരുന്ന ഞാൻ രണ്ടും കൽപ്പിച്ച് അത് വാങ്ങി അവളുടെ മുഖത്തേക്ക് നോക്കി. ചുട്ടു ചാമ്പലാക്കുന്ന ഒരു നോട്ടം പ്രതീക്ഷിച്ച എനിക്ക് ഒരു ചെറു പുഞ്ചിരി സമ്മാനിച്ച് അവൾ ഡയറി മിൽക്ക് കഴിച്ചു. അന്ന് വരെ കഴിച്ച ബൂസ്റ്റും ഹോർലികസും തരാത്ത ഒരു എനർജി ആ പുഞ്ചിരി എന്നിലേക്ക് പകർന്ന് തന്നു. ആ ഡയറി മിൽക്ക് കഴിച്ചു തുടങ്ങിയപ്പോൾ ഇതിന് ഇത്രയും സ്വാദ് ഉണ്ടായിരുന്നോ എന്ന് ഞാൻ ആശ്ചര്യപ്പെട്ടു. ഞാൻ പതിയെ പതിയെ പ്രണയത്തിന്റെ മായാ ലോകത്തേക്ക് മയങ്ങി വീണു...
.
ട്രെയിനിന്റെ നീണ്ട കൂക്കി വിളി കേട്ടാണ് ഞാൻ ഉണർന്നത്. തലയിൽ എന്തോ ഒരു ഭാരം പോലെ. സ്ഥല കാല ബോധം വീണ്ടെടുക്കാൻ അൽപ സമയം എടുത്തു. എന്താണ് സംഭവിച്ചത്? കണ്ടത് ഒരു സ്വപ്നമായിരുന്നോ?? പെട്ടെന്ന് തന്നെ ചില യാഥാർഥ്യങ്ങൾ എനിക്ക് മനസ്സിലായി. എന്റെ മൊബൈൽ, ബാഗ്, പേഴ്‌സ് എന്നിവ നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടത് സ്വപ്നമല്ലയിരുന്നു.. എന്നെ മയക്കി വിദഗ്‌ധമായി അവർ അതെല്ലാം മോഷ്ടിച്ചിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അവിടെ ഇരുന്നുപോയി. സീറ്റിൽ ചിതറിക്കിടന്ന പത്രത്തിലെ തലക്കെട്ട് എന്നെ തുറിച്ചു നോക്കി.
"സമത്വം സർവ്വ മേഖലയിലും" !!!!
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക