വല്ലാത്ത ദുർഗന്ധം! മൂക്ക് പൊത്താതെ നടക്കാൻ വയ്യ!
രാവിലെ മുതൽ ആ വഴി പോകുന്നവരെല്ലാം മൂക്ക് പൊത്തിപ്പിടിച്ച് നവരസങ്ങളിലെങ്ങും പെടാത്ത "അറപ്പ്" എന്ന രസം മനോഹരമായി മുഖത്തു വിരിയിച്ചുകൊണ്ട് പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോയി.പാൽകാരൻ,പത്രക്കാരൻ,അമ്പലത്തിൽ പോയവർ,തിരിച്ചുവന്നവർ,സ്കൂൾ കുട്ടികൾ.... ചിലർക്ക്അവിടെ എത്തുമ്പോൾ ഓക്കാനം വരുന്നു!
ചോദ്യം:-"ഇതെന്താ ഈ വൃത്തികെട്ട മണം"?
ഉത്തരം:-"വല്ല പൂച്ചയോ പട്ടിയോ ചത്തതാവും". ചോദ്യങ്ങളും ഉത്തരങ്ങളും കൂടിക്കൊണ്ടിരുന്നു.
കുറേക്കാലമായി അതിലെയെല്ലാം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരു തെരുവുനായ, അതിനെയാരോ വിഷം വച്ചു കൊന്നിരിക്കുന്നു! റോഡരികിലെ ചേമ്പിൻ കാട്ടിൽ,വായിൽ നിന്ന് ചോരയും പതയുമെല്ലാം വന്ന് അത് ചത്തു കിടക്കുകയാണ്. കാര്യം മനസ്സിലായപ്പോൾ മൂക്കുപൊത്തികളുടെ പ്രതികരണം മാറി!
"ശവം, അതിനു വന്ന് ചത്തു കിടക്കാൻ കണ്ട ഒരു സ്ഥലമേ"? അപ്പോഴും,ചത്ത നായയാണ് കുറ്റം ചെയ്തത്!കൊന്ന മനുഷ്യനല്ല?. വന്നവർ വന്നവർ മൂക്കുപൊത്തി മൃതശരീരം ഒരു നോക്ക് ദർശിച്ചു മടങ്ങി.ബാബുവേട്ടന്റെ ചായ കടയിൽ സാധാരണ ശ്രീകൃഷ്ണന്റെ ഫോട്ടോക്ക് മുൻപിൽ മാത്രം എരിയാറുള്ള "സൈക്കിൾ ശുദ്ദ് അഗർബത്തി" ഇന്ന് ആ കടയുടെ മുക്കിലും മൂലയിലും വരെ എരിഞ്ഞു കൊണ്ടിരിക്കുന്നു.
ഭ്രാന്തൻ ഉണ്ണി!,കുളിക്കാത്ത, പഴകിയ വസ്ത്രം ധരിച്ച,വൃത്തികെട്ട മണമുള്ള,കണ്ടാൽ അറപ്പ് തോന്നുന്നവൻ! വഴിയിൽ കാണുന്ന തുണിയെല്ലാം ചാക്കിലാക്കി കൊണ്ടുപോയി എവിടെയെങ്കിലും ഇട്ടു കത്തിക്കും. ഉണ്ണി വന്നു, നായയെ എടുത്തു ചാക്കിലിട്ടു. ആരോടും ഒന്നും പറഞ്ഞില്ല ചാക്ക് തോളിലിട്ടു മാട പറമ്പിലേക്ക് നടന്നു. പ്രേതശല്യമുണ്ടെന്നു കരുതി ആരും കടക്കാത്ത മാടപറമ്പ്. നായയെ കുഴിച്ചിട്ട് അവിടെ ഒരു ചെടിയും നട്ട് കുറെ നേരം ആ കുഴി മാടത്തിനരുകിൽ ഇരുന്നു.
ദുർഗന്ധം മാറി,മൂക്കുപൊത്തികൾ ദീർഘശ്വാസം വിട്ടു നടക്കാൻ തുടങ്ങി. ഉണ്ണി തെരുവിലേക്ക് നടന്നു. മറ്റൊരു നായ ചാകും വരെ വെറുക്കപ്പെട്ടവനാകാൻ.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക