ആശിച്ചുമോഹിച്ചു നട്ടു വളർത്തിയ ചെമ്പകം മൊട്ടിട്ടു പൂവിട്ടു, ഹൃദയോന്മാദം സുഗന്ധം പരത്തി. വീട്ടുവളപ്പിലെ മറ്റു കായ്ഫലവൃക്ഷങ്ങളേക്കാൾ കരുത്തോടും ഹരിതാഭയോടും കൂടി വളർന്നു പന്തലിച്ചു.
വീട്ടിലേയ്ക്കു വിരുന്നു വന്നവർ പോലും ചെമ്പകത്തിന്റെ ചുവട്ടിലിരിയ്ക്കാൻ ഇഷ്ടപ്പെട്ടു. അമ്മയും മക്കളും എല്ലാവരും സദാ സമയവും അതിന്റെ ചുവട്ടിൽ തന്നെ. കളിയും ചിരിയും നാട്ടുവർത്തമാനങ്ങളും മക്കളുടെ പഠിപ്പുമെല്ലാം അവിടെത്തന്നെ.
അങ്ങോട്ടു വന്നവരാരും ഒരു പൂവിതളെങ്കിലും ഇറുത്തെടുത്തു മണത്തുനോക്കാതെ തിരിച്ചുപോയില്ല. ആ സുഗന്ധം അനുഭവിച്ചറിഞ്ഞവരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു: “ഇത് സാധാരണ ജനുസ്സിൽ പെട്ടതല്ലട്ടോ!”
ചെമ്പകം കുഞ്ഞുണ്ണിയ്ക്ക് ഒരു ഹരമായിത്തീർന്നു. കാലത്തേ കുളി കഴിഞ്ഞ്, ഈറൻ തുവർത്തുമുണ്ടു തോളിലൂടെ ചുറ്റി, ആവുന്നത്ര പൂക്കളെല്ലാം ശേഖരിച്ചു. പടിയ്ക്കലൂടെ പഠിയ്ക്കാൻ പോകുന്ന കുട്ടികൾക്കെല്ലാം ഓരോ പൂവ്.
ചെമ്പകപ്പൂവിന്റെ കാലം കഴിഞ്ഞപ്പോഴും പെൺകിടാങ്ങൾ ചോദിച്ചു, “ഒരു പൂവ് തര്വോ?”
മുറ്റം നിറയെ വെച്ചു പിടിപ്പിച്ച നാനാതരം ചെടികളിൽ നിന്നു പൂക്കളോരോന്നായി കുഞ്ഞുണ്ണി കരുതിവെച്ചു.
അതിലൊരു പൂ മികച്ചു നിന്നു, പനിനീർപ്പൂ…
പൂ കൊടുത്തു കൊടുത്ത് ബന്ധം വളർന്നു.
ആ ബന്ധം ഇങ്ങോട്ടു കയറ്റാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞു.
കുഞ്ഞുണ്ണി ലോഡ്ജുമുറിയിൽ വിഷം കുടിച്ചു മരിച്ചു.
കോളേജിലും സ്കൂളിലും പഠിയ്ക്കുന്ന ഒട്ടു മിക്ക കുട്ടികളും രണ്ടു മൂന്നു ടീച്ചർമാരും കുഞ്ഞുണ്ണിയെ അവസാനമായി ഒരു നോക്കു കാണാൻ വന്നു. കണ്ണീരു മറച്ചും മൂക്കു പിഴിഞ്ഞും അവർ ചെമ്പകച്ചുവട്ടിൽ ഒത്തിരി നേരം നിന്നു.
പൂത്തുലഞ്ഞ ചെമ്പകം കാണാവുന്ന ദൂരത്തിൽ കുഞ്ഞുണ്ണിയെ സംസ്കരിച്ചു.
കോളേജിലേയ്ക്കും സ്കൂളിലേയ്ക്കും പോയവരെല്ലാം വിമൂകരായി നടന്നുപോയി. ചിലർ വഴി മാറി വെച്ചും പോയി. അതുവഴി പോയവരാരും അങ്ങോട്ടു നോക്കിയില്ല; യാതൊന്നും ഉരിയാടിയില്ല.
പുലയും തെളിയും കഴിഞ്ഞു. എന്നിട്ടും നിഴൽപ്പായിലിരുന്ന അമ്മ പുറത്തേയ്ക്കു വന്നില്ല. “ഇനിയ്ക്കാ…ചെമ്പകം കാണാൻ വയ്യ!” അമ്മ വിലപിച്ചു.
അടിയന്തിരത്തിനു കൂടിയവർക്കെല്ലാം മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. “വീടിനു മേലേ ചെമ്പകം വളരുന്നത് വീടിന് ആപത്താണ്.”
“പണം കായ്ക്കുന്ന മരമായാലും, പുരയ്ക്കു മേലെ വന്നാൽ വെട്ടണം.”
മരം മുറിയ്ക്കാൻ ചാക്കോരു മാപ്ല വന്നു. ദുഃഖം, വ്യസനം, സമാശ്വാസം, സാന്ത്വനം. തക്കം, തരം നോക്കി ചോദിച്ചു, “ഇതിനെന്താ വേണ്ട്?”
“ഒന്നും വേണ്ട. മുറിച്ചോണ്ട് പൊക്കോളൂ.”
മുറിയ്ക്കലും കടത്തലും ക്ഷണം കഴിഞ്ഞു.
നിറഞ്ഞു നിന്നിരുന്ന ചെമ്പകം മുറിച്ചു മാറ്റിയപ്പോൾ വീട് ഒറ്റപ്പെട്ടതു പോലെയായി. നനയും പരിചരണങ്ങളുമില്ലാതെ പൂന്തോട്ടം വാടി, ഉണങ്ങിക്കരിഞ്ഞു.
വലിച്ചുപേക്ഷിച്ച ബീഡിക്കുറ്റികൾ വീണ്ടും പെറുക്കിയെടുത്ത് അച്ഛൻ തിണ്ണയിൽ ചുമരും ചാരിയിരുന്നു ഹൃദയം പുകച്ചു…
ചാക്കോരു പിന്നെയും വന്നു.
ആലോചിയ്ക്കുന്തോറും സങ്കടം സഹിയ്ക്കുന്നില്ലായിരുന്നു. തല മുതിർന്ന മരങ്ങൾ ഓരോന്നോരോന്നായി വെട്ടി വെളിച്ചമാക്കി.
അവസാനത്തെ മഴു വീണു കഴിച്ചപ്പോഴാണു മുത്തശ്ശൻ ബാലന്നായര് കയറിവന്നത്. “ഞാനെന്തായീ കാൺണത്, പരമേശ്വരാ! പച്ചപ്പെല്ലാം കളഞ്ഞ്, ഉള്ള പുൽനാമ്പു പോലും കരിച്ചുകളഞ്ഞല്ലോ!!”
“ന്നാലും വീടിനും പറമ്പിനുമൊക്കെ ഒരു വെളിച്ചം വന്നില്ലേ,” ചാക്കോരു അഭിപ്രായപ്പെട്ടു.
“പുര കത്തുമ്പോൾ വാഴ വെട്ടുകയായിരുന്നില്ലേ, താൻ? വെട്ടിയതെല്ലാം വേഗം കൊണ്ടുപോവ്വ്വാ. മേലിൽ ഇതിനകത്ത് കാലുകുത്തരുത്, കേട്ടോ.”
സ്ഥലകാലബോധം വീണ്ടെടുത്ത ഗൃഹനാഥൻ ബീഡിക്കുറ്റി വലിച്ചെറിഞ്ഞു തിണ്ണ വിട്ടിറങ്ങി വന്നു. കുഞ്ഞുണ്ണിയെ മറമാടിയ ഭാഗത്തേയ്ക്കു നോക്കിക്കൊണ്ടു കുറ്റസമ്മതമെന്നോണം പറഞ്ഞു: “മനസ്സുണ്ടായിട്ടല്ല. അതിവിടെ തണലായി നിക്കുമ്പോ അകത്തുള്ളോളും പുറത്തേയ്ക്കു വരുന്നില്ല…പിന്നെ നോക്കുമ്പോ വീടിനേക്കാൾ ഉയരത്തിൽ വന്നാൽ വെട്ടണമെന്ന് എല്ലാവരും പറഞ്ഞു…”
“അതെ. വെട്ടണമായിരുന്നു. അതാദ്യമേ ചെയ്യണമായിരുന്നു. തലയ്ക്കു മേലെ വെട്ടണമെന്നല്ലേ ആ പറഞ്ഞതിനർത്ഥമുള്ളൂ. കട ചേർത്തുവെച്ച് വെട്ടാൻ ആരെങ്കിലും പറഞ്ഞുവോ?”
മുത്തശ്ശനും പോയി മറഞ്ഞു.
(വരികൾ: എന്റെ ചെമ്പകത്തിനൊരു സ്മരണാഞ്ജലി)
By:
സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക