Showing posts with label സജിവട്ടംപറമ്പിൽ. Show all posts
Showing posts with label സജിവട്ടംപറമ്പിൽ. Show all posts

ഇനിയുമുണരാതെ പ്രഭാതങ്ങൾ


അമ്പലത്തിൽ ശംഖൂതിക്കേട്ടാൽ ഒരു ദിവസം തുടങ്ങുകയായി.
വാതിൽ തുറന്നു ചൂലെടുത്തു മുറ്റമടിയ്ക്കാൻ തുടങ്ങുകയായി.
അതെന്നും അവളുടെ അവകാശമായിരുന്നു. രണ്ടു നേരം.
വടക്കേ മുറ്റത്തു നിന്നു ചേട്ടയെ അടിച്ചുതൂത്ത് പടിഞ്ഞാറേ മുറ്റത്തേയ്ക്കു ചാടിച്ചു.
പടിഞ്ഞാറേ മുറ്റത്തു നിന്നു തെക്കേ മുറ്റത്തേയ്ക്ക്.
കിഴക്കേ മുറ്റത്തു വന്ന ചേട്ടാവതിയെ പടിയ്ക്കലോളം തൂത്തുവാരി,
പടിയ്ക്കു പുറത്തു ചൂലുകൊണ്ടു രണ്ടു വട്ടം കോറിയാൽ തൃപ്തി, ശുഭം.
മുറ്റം ചുറ്റുപുറം ചാണകവെള്ളം കലക്കിത്തെളിച്ചു.
അടുക്കളയിലെത്തി പാത്രങ്ങൾ വാരിവലിച്ചിട്ടു.
തലേന്നാൾ മോറി കമഴ്‌ത്തിവെച്ചതെല്ലാം ഒരുവട്ടം കൂടി കഴുകി ഉപയോഗത്തിനെടുത്തു.
കുളിച്ച് കുറി വരച്ചു.
അകം മുഴുക്കെ അടിച്ചുതുടച്ച് വിളക്കു വെച്ചു.
യുഗം ഐടിയിലേയ്ക്കെത്തിയപ്പോൾ, വാല്യക്കാര് പിള്ളേരൊക്കെ ഉറക്കം തീനികളായി.
കിഴക്കിന്റെ തെളിമയും ഉഷസ്സിന്റെ വിളിയും പ്രകൃതിയുടെ കളകൂജനങ്ങളും അവർക്കന്യമായി.
വാട്ട്സപ്പിലും സിനിമയിലും ഇന്റർനെറ്റിലും പ്രഭാതങ്ങൾ കണ്ട് ‘അമേസിംഗ്’ എന്നതിശയപ്പെടുവാൻ മാത്രം മനസ്സു തുറന്നവർ.
മുറ്റമടിയ്ക്കലില്ല, മുറ്റമില്ല.
ദിക്കറിഞ്ഞില്ല; ചൂലില്ല.
കയറിച്ചെല്ലുന്നിടങ്ങളെല്ലാം അഴിച്ചിട്ട ചെരുപ്പിന്റേയും സോക്സിന്റേയും ദുർഗന്ധം എതിരേറ്റു.
ഇരിപ്പിടങ്ങളിൽ, കിടക്കയിൽ, കുളിമുറികളിൽ അഴുക്കുവസ്ത്രങ്ങൾ വലിച്ചെറിഞ്ഞു.
എച്ചിലുകളും പാത്രങ്ങളും ഊണുമേശയിലും കുശിനിയിലും അടുത്ത ഊഴം കാത്തുകിടന്നു.
അവൾ ചെന്നു വിളിച്ചു. അവളേയും ചേർത്തുപിടിച്ചു.
ആലസ്യം അവൾക്കും കൂട്ടായി.
‘അലാറം’ അലറി വിളിച്ചാലും, തുണി വാരിവലിച്ചുടുത്ത് തിരക്കിട്ടോടാനുള്ള സമയം കാത്തുകിടന്നു, യുവത്വം.
കുളി കഴിഞ്ഞെങ്കിൽ കഴിഞ്ഞു. ഒരു സ്പ്രേ!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------‌‌‌‌----------------------------------
വരികൾ:ഇനിയുമുണരാതെ പ്രഭാതങ്ങൾ, സജി വട്ടംപറമ്പിൽ

സ്ത്രീകളും വേഷവിധാനങ്ങളും (ലേഖനം)


കുടുംബത്തിന്റെ ഐശ്വര്യമായാണു പൊതുവെ സ്ത്രീകളെ ഭാരതത്തിൽ പ്രത്യേകിച്ചും കരുതി വന്നിട്ടുള്ളത്.
ഭക്ഷണം കഴിയ്ക്കാനുണ്ടെങ്കിലുമില്ലെങ്കിലും, അകത്തു വിളക്കെരിഞ്ഞാലുമില്ലെങ്കിലും, അവരുടെയെല്ലാം പെരുമാറ്റവും, അതിലുപരി വസ്ത്രധാരണവുമാണ് അങ്ങനെയൊക്കെയുള്ള ധാരണകൾക്ക് അടിസ്ഥാനമായിട്ടുള്ളതെന്നു കരുതുന്നു. വേറെയും എടുത്തു പറയാനുള്ള ധാരാളം കാര്യങ്ങളുണ്ട്.
.
ആരോഗ്യമുള്ള അമ്മയ്ക്കു മാത്രമേ ആരോഗ്യമുള്ളൊരു കുടുംബത്തെ നയിയ്ക്കാനാവൂ. അവരുടെ കുലീനതയ്ക്കും അന്തസ്സിനും (യശസ്സിനും) ആഭിജാത്യത്തിനും എല്ലാം പ്രാപ്തയാക്കുന്നത് അവളെന്നും പിന്തുടരുന്ന വേഷവിധാനങ്ങൾ തന്നെയാണ്.
പക്ഷേ, സമൂഹത്തിലിന്ന് ഒരു സ്ത്രീയുടെ രൂപം എന്താണെന്ന് അറിയാമല്ലോ!
നൈറ്റി അഥവാ നിശാവസ്ത്രം പോലുള്ള വസ്ത്രമണിഞ്ഞ്, മാറിലെ നിം‌മ്നോന്നതങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ളൊരു ചിത്രം.
(കച്ചവടസാദ്ധ്യത കണ്ടറിഞ്ഞ് ഫാഷൻ ഡിസൈനിംഗ് രംഗത്തു പ്രവർത്തിയ്ക്കുന്ന ബുദ്ധിശാലികൾ വിവിധ നാമധേയങ്ങൾ ഡിസൈനുകൾക്കു നൽകി വിളിച്ചുവരുന്നു.)
മരണവീട്ടിലെ സ്ത്രീ ചമഞ്ഞിരിയ്ക്കേണ്ടതില്ല. എന്നാൽ, മറ്റെല്ലാ സ്ത്രീകളും അപ്രകാരമാകേണ്ടതുണ്ടോ?
ആപത്തു സംഭവിയ്ക്കുന്നത് അവിചാരിതമാണ്.
എന്നുവെച്ച്, മാറിലേയ്ക്കൊരു തോർത്തുമുണ്ടെങ്കിലും വാരിയിട്ട് ഓടിയെത്തുന്ന സ്ത്രീകൾ നമ്മുടെ മുൻകാല ഓർമ്മകളിലെങ്കിലും ഉണ്ടാകും!
ഇന്ന് ആശുപത്രികളിൽ രോഗികൾക്കൊപ്പമെത്തുന്ന സ്ത്രീകളുടെ അനാരോഗ്യകാഴ്‌ചകൾ അതാണോ സമ്മാനിയ്ക്കുന്നത്?
കാര്യം, തലയിലൂടെ പെട്ടെന്ന് ‘വലിച്ചിടാനും’ അതുപോലെ തന്നെ ‘മേല്പോട്ടൊന്ന് പൊക്കാനും’ വളരെ സൗകര്യമാണെന്നു പറയേണ്ടതില്ല. മുസ്ലീം സമുദായത്തിലെ വസ്ത്രധാരണത്തിലുള്ള നിഷ്‌കർഷ ബഹുമാനപൂർവം ഇവിടെ ചേർത്തുവായിയ്ക്കേണ്ടതുണ്ട്.
വലിച്ചിടാനും മേല്പോട്ടു പൊക്കാനുമുള്ള, മേല്പറഞ്ഞ സൗകര്യം ഭർത്താവിന്റെ മുന്നിൽ മതിയല്ലോ.
അതു പറയുമ്പോൾ ചിലപ്പോൾ ചില പുരോഗമന മുസ്ലീം വനിതകളും സ്ത്രീവിമോചകരും മനുഷ്യാവകാശപ്രവർത്തകരും മറ്റും അങ്കം കുറിച്ചെന്നു വരാം.
കണ്ണുകൾക്കു മാത്രമായി രണ്ടു ദ്വാരങ്ങളിട്ട്, അടിമുടി മൂടിയ കറുത്ത ട്യൂബ് ധരിയ്ക്കണമെന്നല്ല, ഉദ്ദേശിച്ചത്.
അപ്രകാരം ധരിച്ചുനടക്കണമെന്നുള്ളവർക്ക് അങ്ങനെ നടക്കാനുള്ള സ്വാതന്ത്ര്യം ധാരാളം നമ്മുടെ നാട്ടിലുണ്ട്.
ഏതൊരാളുടേയും ആഭിജാത്യം വ്യക്തമാക്കുന്നത്, അയാളുടെ first look (appearance) അഥവാ പ്രഥമദൃഷ്ടിയിലാണെന്നത് ഓർക്കേണ്ടതാണ്.
ചോളിയും ചുരിദാറും സാൽവാർ കമ്മീസുമൊക്കെ മാറു മറയ്ക്കാനുള്ള ഷാൾ/ദുപ്പട്ടയും കൂടെ ചേർത്തുകൊണ്ടുള്ളതാണ്. പക്ഷേ, ഏതെങ്കിലും സിനിമാതാരം ആ ദുപ്പട്ട കഴുത്തിൽ ചുറ്റിയതുകൊണ്ടോ, പൂണൂൽ പോലെ ധരിച്ചതുകൊണ്ടോ, അപ്രകാരം പ്രത്യക്ഷപ്പെടണമെന്നതായി ഫാഷൻ.
നമ്മുടേത് അനുകരണമാണെങ്കിൽപ്പോലും, വിദേശരാജ്യങ്ങളിൽ റിട്ടയർമെന്റു കഴിഞ്ഞ അമ്മമാരെ അല്ലെങ്കിൽ മുത്തശ്ശിമാരെയാണ് ഈ വേഷത്തിൽ ഒരു പക്ഷേ, കാണാൻ കഴിഞ്ഞെന്നു വരിക. എന്നിരുന്നാലും, ആശുപത്രികളിൽ കിടക്കേണ്ടുന്ന സന്ദർഭത്തിലല്ലാതെ അവർ വീടിനു പുറത്തേയ്ക്കിറങ്ങുന്നുണ്ടെങ്കിൽ മാന്യമായ വസ്ത്രം ധരിച്ചുകൊണ്ടു തന്നെയാണെന്നും കാണാം.
അതുകൊണ്ട്, മുണ്ടും ബ്ലൗസും ധരിച്ച് പഴയ കാലത്തേയ്ക്കു പോകണമെന്നല്ല വിവക്ഷ. ഉടുത്താൽ വഴുതിപ്പോകുന്ന സാരി ധരിയ്ക്കണമെന്നുമല്ല പറഞ്ഞുകൊണ്ടു വരുന്നത്. ഇന്നത്തെ സാരിയായാലും മുണ്ടായാലും ഉടുത്താൽ ഉറയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് ഓർത്തിട്ടുണ്ടോ?
രണ്ടോ മൂന്നോ സോപ്പുപെട്ടി നിർമ്മിയ്ക്കാൻ വേണ്ടിവരുന്ന പ്ലാസ്റ്റിക്ക് അഥവാ പോളിയെസ്റ്റർ അതിന്റെ നൂറും ഇരുന്നൂറും അതിൽക്കൂടുതലും ഇരട്ടി പണം കൊടുത്ത് വാങ്ങി ധരിയ്ക്കാൻ തുടങ്ങിയതു മുതൽക്കാണെന്നുള്ള അറിവ്, പകിട്ടിലും പരസ്യങ്ങളിലും മോഹിതരായി പിറകോട്ടു ചിന്തിയ്ക്കാനുള്ള വിവേകം നഷ്ടപ്പെട്ടതു മുതൽ അന്യമായി.
ഒരു ജോടിയിൽ കൂടുതൽ നല്ല വസ്ത്രങ്ങൾ അലമാരിയിൽ കുത്തിനിറച്ചുവെച്ചും ഈ വേഷത്തിൽത്തന്നെ പ്രത്യക്ഷപ്പെടണമെന്നതാണ് ഇന്നു കാണുന്ന സ്ത്രീകളുടെ നഗ്നസത്യം!
വഴിയിൽ കൂടി പോകുന്ന ഏതോ ഒരു പെൺകുട്ടിയാണെങ്കിൽക്കൂടി, അവരുടെ വസ്ത്രം അസ്ഥാനത്താണെങ്കിൽ അതൊന്നു ശരിയാക്കിപ്പോകാൻ പറയാനുള്ള മാന്യത എല്ലാവർക്കുമുണ്ട്. ഒരുപക്ഷേ, അതിനു മോശം പ്രതികരണമായിരിയ്ക്കും ലഭിച്ചെന്നു വരിക. മാന്യരുടെ വ്യക്തിത്വത്തെ അത് ഒരു തരത്തിലും ബാധിയ്ക്കുന്നില്ലല്ലോ.
അതുപോലെ, മാതാപിതാക്കളോടും ചിലതു പറയേണ്ടതുണ്ട്.
ഒരു പെൺകുട്ടി പുറത്തേയ്ക്കു പോകുമ്പോൾ, അവളുടെ കാര്യത്തിൽ ഒരു കണ്ണ് തീർച്ചയായും അമ്മയ്ക്കുണ്ടാവേണ്ടതുണ്ട്. അതിന് അവരും ആദ്യം തയ്യാറാവണം. അച്ഛന്റെ മുന്നിലായാലും സഹോദരന്റെ മുന്നിലായാലും അതിഥികളുടെ മുന്നിലായാലും ധരിച്ചിരിയ്ക്കുന്ന വസ്ത്രത്തിന്റെ മാന്യത കണ്ടറിയേണ്ടതിന്റെ കർത്തവ്യം അമ്മയ്ക്കുള്ളതാണ്.
അതിനുള്ള അടുക്കും ചിട്ടയും പണ്ടേ മുത്തശ്ശിയമ്മമാർ ഒപ്പം കരുതിവെച്ചിരുന്നു.
അച്ഛന്റേയും അമ്മയുടേയും കൂടെ സ്നേഹിച്ചും ലാളിച്ചും കിടത്തിയുറക്കി ശീലമാക്കിയ ഒരു കുട്ടിയെ വളർച്ചയുടെ പടവുകൾ മനസ്സിലാക്കി മാറ്റിക്കിടത്തി പരിചയിപ്പിയ്ക്കുന്നത് തീർച്ചയായും ഒരമ്മയുടെ കരുതൽ തന്നെയാണല്ലോ.
കാലം മാറി കഥ മാറിയെന്നത് ഒരിയ്ക്കലും തിന്മയ്ക്കു കൂട്ടാവില്ല.
കഥയെത്തന്നെ മാറ്റുന്നതിൽ പെരുമാറ്റത്തോളം പങ്ക് വസ്ത്രധാരണത്തിനുമുണ്ടെന്ന് അറിയണം. അതുണ്ടായില്ലെങ്കിൽ, ബന്ധങ്ങൾ പോലും തിരുത്തപ്പെടുമെന്ന് അറിയേണ്ടി വരും, ആ അമ്മ!
(വരികൾ:വീണ്ടും ചില ആരോഗ്യചിന്തകൾ, സജി വട്ടംപറമ്പിൽ)
sajivattamparambil@yahoo.com

മാംസം മനുഷ്യന്റെ ആഹാരമാണോ?



സ്യഷ്ടി സ്ഥിതി സവിശേഷതകൾ പ്രകാരം, മനുഷ്യന് സസ്യാഹാരമാണോ മാംസാഹാരമാണോ ചേർന്നതെന്നു നോക്കാം.
സ്യഷ്ടിപരമായി രണ്ട് പ്രത്യേക പിറവികളെ കാണാനാവും.
1. സസ്യാഹാരങ്ങൾ മാത്രം ഇഷ്ടപ്പെടുന്ന ജീവി വർഗ്ഗങ്ങൾ.
2. മാംസം ഭക്ഷിയ്ക്കുന്ന ജീവി വർഗ്ഗങ്ങൾ.
ഈ രണ്ടു വർഗ്ഗങ്ങളെയും ലളിതമായി നിരീക്ഷിച്ചാൽ, മനുഷ്യൻ ഏതു ഗണത്തിൽ പെടുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്.
ആടുമാടുകൾ, കഴുത, കുതിര, മാൻ, ആന തുടങ്ങിയവയെല്ലാം സസ്യാഹാരം മാത്രം ഉപയോഗപ്പെടുത്തുന്നവയാണെന്നു കാണാം. മാംസാഹാര പ്രിയരായി നായയിലും പൂച്ചയിലും തുടങ്ങി സിംഹം, പുലി, എന്നിങ്ങനെ ഒട്ടനവധി ജീവിവർഗ്ഗങ്ങളുണ്ട്.
ഇനി ഇവയുടെ പ്രത്യേകതകൾ ശ്രദ്ധിയ്ക്കാം.
1. ഇരുവർഗ്ഗങ്ങളുടെയും പല്ലുകൾ.
സസ്യാഹാരം മാത്രം ഭക്ഷിയ്ക്കുന്ന ജീവികളുടെ പല്ലുകൾ, നിരയായി വിന്യസിച്ചിരിയ്ക്കുന്നു.
മാത്രമല്ല, കഴിയ്ക്കുന്ന ഭക്ഷണം വെളിയിൽ വരാതിരിയ്ക്കാനുള്ള തടയായും സഹായകമാണ്.
മാംസാഹാരികളുടെ പല്ലുകൾ കൂർമയുള്ളതായിരിയ്ക്കും. പല്ലുകൾക്കിടയിൽ അകലവും സാധാരണമാണ്.
2. വെള്ളം കുടിയ്ക്കുന്നതു ശ്രദ്ധിയ്ക്കുക.
സസ്യാഹാരങ്ങൾ ഇഷ്ടപ്പെടുന്നവ മനുഷ്യനെ പോലെ വെള്ളം ഊറ്റി (വലിച്ച്) കുടിയ്ക്കുന്നു.
മാംസാഹാരികൾ നക്കി കുടിയ്ക്കുന്നു.
3. കാൽ വിരലുകളുടെ പ്രത്യേകതകൾ.
സസ്യാഹാരികളുടെ വിരലുകൾ മനുഷ്യന്റെ വിരലുകൾ പോലെ ചെറിയതും പാദം തടയുള്ളതുമായിരിയ്ക്കും. മാംസാഹാരികൾക്ക് വിരൽ നീളമുള്ളതും, കൂർത്ത നഖങ്ങളോടു കൂടിയും ആയിരിയ്ക്കും.
4. കുടൽ വിന്യാസം.
സസ്യാഹാരം ഇഷ്ടപ്പെടുന്ന ജീവിവർഗ്ഗങ്ങളുടെ കുടൽ, പൊതുവായി മനുഷ്യനെ പോലെ ഏറെക്കുറെ 15 അടിയോളം നീളമുണ്ടായിരിയ്ക്കും. എന്തുകൊണ്ടെന്നാൽ, സസ്യാഹാരങ്ങളിൽ നഞ്ഞിന്റെ (വിഷം) അംശം കുറവും സത്തുഗുണങ്ങൾ (പോഷകാംശം) കൂടിയ അളവിലും ഉൾപ്പെട്ടിരിയ്ക്കുന്നതിനാൽ കുടലിൽ അധിക നേരം തങ്ങിക്കൊള്ളുന്നതിനായുള്ള തരത്തിലും,
മാംസാഹാരികളുടെ ഭക്ഷണത്തിൽ വിഷാംശം അധികമുള്ളതു കൊണ്ട്, അധികനേരം തങ്ങാതെ പുറത്തു പോകേണ്ടതുള്ളതിനാൽ 5 അടിയോളം മാത്രമേ കുടലിനു നീളമുണ്ടായിരിയ്ക്കൂ.
5. ശരീരത്തിന്റെ താപനില.
സസ്യാഹാരികൾക്ക് മനുഷ്യനെ പോലെ ശരീര പ്രവർത്തനങ്ങളിൽ ഉഷ്ണവും ചൂടും അധികമാകയാൽ ദാഹത്തെ ഉണർത്തി, ധാരാളം വെള്ളം കുടിയ്ക്കുവാനും വിയർപ്പ് രൂപത്തിൽ ശരീരോഷ്മാവിനെ തണുപ്പിയ്ക്കുവാനും സമ ശീതോഷ്ണ നിലയിൽ എത്തിയ്ക്കുവാനും കഴിയുന്നു.
എന്നാൽ, മാംസാഹാരികൾക്ക് ഈ പ്രത്യേകത ഇല്ലേ,യില്ല. അതിനാൽ, അവ നാക്ക് വെളിയിലേയ്ക്കിട്ട് വായിലൂടെ ശ്വാസോച്ഛ്വാസം ചെയ്ത് ശരീരത്തിന്റെ ഊഷ്മാവ് ക്രമപ്പെടുത്തുന്നു.
6. വിസർജ്ജ്യങ്ങൾ.
സസ്യാഹാരങ്ങൾ മാത്രം കഴിയ്ക്കുന്ന ജീവിവർഗ്ഗങ്ങളുടെ (സസ്യാഹാരം മാത്രം ഭക്ഷണയോഗ്യമാക്കിയ മനുഷ്യരുടെയും) മലമൂത്ര വിസർജ്ജ്യങ്ങൾ പൊതുവെ പഴകപ്പെടാവുന്നതും, താരതമ്യേന ദുർഗന്ധം കുറവും ആയിരിയ്ക്കും.
മാംസാഹാരികളുടെ (മാംസം ഉപയോഗിയ്ക്കുന്ന മനുഷ്യൻ ഉൾപ്പെടെ) വിസർജ്ജ്യങ്ങൾ അത്യധികം ദുർഗന്ധപൂരിതവും, അയോഗ്യവുമായിരിയ്ക്കും.
ഇനി മനോവ്യാപാരങ്ങൾ എന്തെന്നു നോക്കാം.
1. വാസം.
സസ്യാഹാരപ്രിയർ ഒത്തൊരുമയോടും കൂട്ടം കൂട്ടമായും വസിയ്ക്കുന്നു. മനുഷ്യനും പൊതുവായി അങ്ങിനെ തന്നെയാണ് ജീവിയ്ക്കാൻ ഇഷ്ടപ്പെടുന്നത്.
എന്നാൽ, മാംസം ആഹാരമാക്കിയിട്ടുള്ള ജീവിവർഗ്ഗങ്ങൾ തനിയെ വസിയ്ക്കുവാനാണ് കൂടുതലായി ഇഷ്ടപ്പെടുന്നത്. (ഭീകരത ഉൾക്കൊള്ളുന്ന മനുഷ്യരുടെ പ്രവണതയും അതുതന്നെയാണെന്ന് ഓർക്കുക). തന്റെ അധികാര പരിധിയ്ക്കുള്ളിലേയ്ക്ക് മറ്റൊരു ജീവി വർഗ്ഗത്തെ അവ കടത്തി വിടുകയില്ല.
2. പ്രക്യതം.
സസ്യാഹാരം മാത്രം ഉപയോഗിയ്ക്കുന്നവയുടെ പൊതുഗുണം ശാന്തതയോടും സമാധാനത്തോടും ചേർന്നതായിരിയ്ക്കും. മാസാഹാരികൾക്കു കൂടിയ വേഗതയും ആക്രോശവും ഉണ്ടായിരിയ്ക്കും.
3. പ്രവർത്തികൾ.
സസ്യാഹാരത്തിലൂടെ ജീവിയ്ക്കുന്നവ പ്രക്യതിയോടിണങ്ങിയ ജോലികളിൽ അറിഞ്ഞോ അറിയാതെയോ ഏർപ്പെട്ടുകൊണ്ടിരിയ്ക്കും. (നിലം ഉഴുതുക, വണ്ടി വലിയ്ക്കുക, പരാഗണത്തെ സഹായിയ്ക്കുക പോലും അതിൽപ്പെടുന്നു). മാംസാഹാരികൾക്ക് ഇത്തരത്തിലുള്ള പ്രവർത്തികളിൽ സംബന്ധിയ്ക്കുക സാധ്യമല്ല.
മാനസിക സംഘർഷം.
മാംസാഹാരം ഭക്ഷ്യയോഗ്യമാക്കിയ ജീവിവർഗ്ഗങ്ങൾ അധികമായ മാനസിക സംഘർഷം അനുഭവിയ്ക്കുന്നത് എന്തുകൊണ്ട്?
ഈ ജീവിവർഗ്ഗത്തിൽ ഉള്ളവയ്ക്ക് ശരീരത്തിലും രക്തത്തിലും അപായകരമായ സന്ദർഭങ്ങളിൽ രക്ഷപ്പെടുന്നതിനായി, (ഉടൽ കരുത്തിനെ അധികമായി ഉപയോഗപ്പെടും വിധം) അഡ്രീണൽ പോലുള്ള ഗ്രന്ഥിയിൽ നിന്നും ഹോർമോണുകൾ രക്തത്തിലേയ്ക്ക് ചുരത്തപ്പെടുന്നു.
ഉദാഹരണത്തിന്, ഒരു ശത്രു ഇരയെ തുരത്തുമ്പോൾ (മനുഷ്യനെ ഒരു നായ ഓടിയ്ക്കുന്നതായും സങ്കല്പിയ്ക്കാവുന്നതാണ്) സാധാരണയിൽ കവിഞ്ഞ വേഗത്തിൽ ഓടി രക്ഷപ്പെടാൻ സഹായിയ്ക്കുന്നത് ഇത്തരം ഹോർമോണുകളുടെ അവസരോചിതമായ ഇടപ്പെടൽ മൂലമാണ്.
ഇത്, രക്തത്തിലും തലച്ചോറിലും കലർന്നിരിയ്ക്കും.
ഇതിനെ ഉൾക്കൊള്ളുന്ന മനുഷ്യരും, സാധാരണ പ്രവർത്തികളിൽ പോലും അപായത്തിൽ ഉള്ളതു പോലുള്ള ജാഗ്രത പുലർത്തുന്നു. ഇക്കാരങ്ങളൊക്കെയാണ്, മാംസാഹര പ്രിയരുടെ മാനസിക സംഘർഷത്തിനു ഹേതുവായി തീരുന്നത്.
മനുഷ്യൻ, തന്റെ ആറാമത്തെ അറിവിനെ (ഇന്ദ്രിയം) പ്രയോജനപ്പെടുത്തുവാനായി, അധിക ശക്തിയ്ക്കും ബലത്തിനും വേണ്ടിയാണ് (സകലതിനെയും അടക്കി വാഴുന്ന മനുഷ്യന് വാസ്തവത്തിൽ അതിന്റെയൊന്നും ആവശ്യമില്ലെങ്കിൽ പോലും) മാംസാഹാരം അനുശീലിയ്ക്കുന്നതെന്ന വാദമുഖവും നിരത്തുന്നുണ്ട്.
ആശ്ചര്യം എന്തെന്നാൽ, സസ്യാഹാരങ്ങളാണ് അധിക ശക്തിയുടെയും ബലത്തിന്റെയും ഉറവിടം. (തികച്ചും സസ്യാഹാരിയായ ആനയ്ക്കും കുതിരയ്ക്കും ശക്തിയിലും ബലത്തിലും പകരമില്ലെന്നോർക്കുക).
സോയാ ബീൻസിൽ 40% ശുദ്ധമായ പ്രോട്ടീൻ ഉൾക്കൊള്ളുന്നു. ഇത് മാംസത്തിൽ ഉള്ളതിനേക്കാൾ ഇരട്ടിയും, മുട്ടയിൽ ഉള്ളതിനേക്കാൾ നാലു മടങ്ങുമാണ് !! പ്രക്യതിദത്തമായ ഈ സവിശേഷതകളിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടതാണ്, മനുഷ്യൻ സസ്യാഹാരിയാണോ മാംസാഹാരിയാണോ ആകേണ്ടതെന്ന്.
അതെന്തായാലും, മനുഷ്യൻ ആരോഗ്യത്തോടെയും സമാധാനത്തോടെയും ശാന്തതയോടെയും, അടക്കത്തോടെ ശക്തിശാലിയായും ഒത്തൊരുമയോടെയും കോപവും ആക്രോശവും ഇല്ലാതെ, മാനസിക സംഘർഷങ്ങൾ ഇല്ലാതെ, രോഗങ്ങളും ചിന്താകുഴപ്പങ്ങളും ഇല്ലാതെയും ജീവിയ്ക്കണമെന്ന് ആശിയ്ക്കുന്നത് സസ്യാഹാരങ്ങളുടെ വഴിയെ മാത്രമായിരിയ്ക്കും.
(അറിവുകൾക്കു കടപ്പാട്: പ്രിയപ്പെട്ട കൂട്ടുകാരി കാർത്തിക സ്വാമി)

By: Saji Vattamparambil

വരികൾ: കഥ സംസ്‌കൃതം


ഒരിടത്തൊരു നമ്പൂതിരി താമസിച്ചിരുന്നു.
അദ്ദേഹമൊരിയ്ക്കൽ അടുത്ത വീട്ടിൽ താമസിയ്ക്കുന്നയാളുമായി ശണ്ഠ കൂടി.
ശണ്ഠ മൂത്തപ്പോൾ അയാൾ നമ്പൂതിരിയെ ‘പട്ടീ’, ‘തെണ്ടീ’ എന്നൊക്കെ വിളിച്ചു.
അതിനു മറുപടിയായി നമ്പൂതിരി ‘ഏഭ്യൻ’, ‘ശുംഭൻ’, ‘വഷളൻ’ എന്നിങ്ങനെയും വിളിച്ചു.
അതു കേട്ടപ്പോൾ അയൽക്കാരൻ ‘മൂത്രം കുടിയൻ’, ‘@@@’, ‘###’, ‘***’ എന്നിങ്ങനെ പലതും ഉച്ചത്തിൽ വിളിച്ചു കൂവി.
അയാളുടെ ഭാഷ കേട്ടു നമ്പൂതിരി ചൊടിച്ചു: ‘പായസം കുടിയാ’, ‘പപ്പടം തീനീ’, ‘പഴം തീനീ’…
ഇവരുടെ വഴക്കുകൾ കേട്ടുകൊണ്ടുനിന്നവരിലൊരാൾ നമ്പൂതിരിയോടു ചോദിച്ചു:
“അല്ല തിരുമേനീ, അയാളിത്രയും മോശമായ വാക്കുകളുപയോഗിച്ചിട്ടും, ഇങ്ങനെയാണോ അയാളെ വിളിയ്ക്കേണ്ടത്?
അതുപോലെ തിരിച്ചു വിളിയ്ക്കാനും പറയാനുമൊന്നുമില്ലേ?”
ചോദിച്ചയാളോടു നമ്പൂതിരി സാവകാശം പറഞ്ഞു:
“മ്ലേച്ഛൻ! അയാൾ ഭക്ഷിയ്ക്കുന്നത് അയാൾ വിളിച്ചു പറയുന്നു.
ഞാൻ ഭക്ഷിയ്ക്കുന്നതു ഞാനും പറഞ്ഞു.
അതിലെന്താ തെറ്റുള്ളത്?”
(വരികൾ: കഥ സംസ്‌കൃതം,സജി വട്ടംപറമ്പിൽ)
sajivattamparambil@yahoo.com

വേദാരണ്യത്തിൽ നിന്ന്


അമ്പലത്തിൽ ശംഖൂതി കേട്ടാൽ, ഒരു ദിവസം തുടങ്ങുകയായി. വാതിൽ തുറന്നു. ചൂലെടുത്ത് മുറ്റമടിയ്ക്കാൻ തുടങ്ങുകയായി. അതെന്നും അവളുടെ അവകാശമായിരുന്നു...
വടക്കേ മുറ്റത്തുനിന്നും ചേട്ടയെ അടിച്ചുതൂത്ത് പടിഞ്ഞാറെ മുറ്റത്തേയ്ക്കു ചാടിച്ചു. പടിഞ്ഞാറെ മുറ്റത്തുനിന്നും തെക്കേ മുറ്റത്തേയ്ക്ക്. കിഴക്കേ മിറ്റത്തുവന്ന ചേട്ടാവതിയെ പടിയ്ക്കലോളം തൂത്തുവാരി, പടിയ്ക്കു പുറത്ത് ചൂലുകൊണ്ട് രണ്ടുവട്ടം കോറിയാൽ ത്യപ്തി, ശുഭം.
മുറ്റം ചുറ്റുപുറം ചാണകവെള്ളം കലക്കിത്തെളിച്ചു.
അടുക്കളയിലെത്തി പാത്രങ്ങൾ വാരി വലിച്ചിട്ടു. തലേന്നാൾ മോറി കമഴ്ത്തി വെച്ചതെല്ലാം ഒരുവട്ടംകൂടി കഴുകി ഉപയോഗത്തിനെടുത്തു. കുളിച്ച് കുറി വരച്ച് വിളക്കു വെച്ചു. അകം മുഴുക്കെ അടിച്ചു തുടച്ചു....
യുഗം ഐ.ടി.-യിലേയ്ക്കെത്തിയപ്പോൾ, വാല്യക്കാര് പിള്ളേരൊക്കെ ഉറക്കം തീനികളായി. കിഴക്കിന്റെ തെളിമയും ഉഷസ്സിന്റെ വിളിയും പ്രക്യതിയുടെ കളകൂജനങ്ങളും അവർക്കന്യമായി.
വാട്ട്സപ്പിലും സിനിമയിലും ഇന്റർനെറ്റിലും പ്രഭാതങ്ങൾ കണ്ട് ‘അമേസിങ്’ എന്നതിശയപ്പെടുവാൻ മനസ്സു തുറന്നവർ.
മുറ്റമടിയ്ക്കലില്ല, മുറ്റമില്ല. ദിക്കറിഞ്ഞില്ല; ചൂലില്ല. കയറിച്ചെല്ലുന്നിടങ്ങളെല്ലാം, അഴിച്ചിട്ട ചെരുപ്പിന്റെയും സോക്സിന്റെയും ദുർഗന്ധം എതിരേറ്റു. ഇരിപ്പിടങ്ങളിൽ കിടക്കയിൽ കുളിമുറികളിൽ അഴുക്കുവസ്ത്രങ്ങൾ വലിച്ചെറിഞ്ഞു. എച്ചിലുകളും പാത്രങ്ങളും ഊണുമേശയിലും കുശിനിയിലും അടുത്ത ഊഴം കാത്തുകിടന്നു.
അവൾ ചെന്നു വിളിച്ചു. അവളെയും ചേർത്തുപിടിച്ചു. ആലസ്യം അവൾക്കും കൂട്ടായി.
‘അലാറം’ അലറി വിളിച്ചാലും, തുണി വാരിവലിച്ചുടുത്ത് തിരക്കിട്ടോടാനുള്ള സമയം കാത്തുകിടന്നു, യുവത്വം.
കുളി കഴിഞ്ഞു. ഒരു സ്പ്രേ!
(വരികൾ: വേദാരണ്യത്തിൽ നിന്ന്, സജി വട്ടംപറമ്പിൽ)
sajivattamparambil@yahoo.com

അത്തച്ചമയം

(വരികൾ: അത്തച്ചമയം 03-09-2016, സജി വട്ടംപറമ്പിൽ)
sajivattamparambil@yahoo.com
അച്ഛമ്മ പറഞ്ഞു പൂക്കളമിടാൻ പാടില്ലെന്ന്.
കണ്ണു കാണാത്ത അമ്മായിയും പറഞ്ഞു, “മ്പ് ക്ക് വാലായ്‌മേണ്ട്. അതോണ്ട് കളം ടാനും തൃക്കാക്കരപ്പനെ വെയ്ക്കാനും പാടില്ല.”
കരുവാത്തി വന്നു. പിശ്ശാങ്കത്തീ, കുറ്റിക്കോൽ, പുല്ലരിവാൾ, വെട്ടുകത്തി തുടങ്ങിയ കൈയായുധങ്ങൾ കൊണ്ടുവന്നു. മടിക്കുത്തിലും ഇറയാലിയ്ക്കൽ ഓലപ്പൊളിയിലും മൺചുവരിന്റെ മുകളിലും മറ്റും ആരും കാണാതെ ഒളിപ്പിച്ചു വെയ്ക്കുന്ന സ്ഥലങ്ങളിലൊക്കെ നാലണ കിട്ടാനുണ്ടോന്നു കൈയെത്തിച്ചു പരതി നോക്കി. ചില്ലിക്കാശ് തടഞ്ഞില്ല!
ഒന്നും കിട്ടിയില്ലെന്നായപ്പോൾ അച്ഛമ്മ തന്നെ വന്നു പറഞ്ഞു, “ഇവ്ടെ വാലായ്‌മ -ള്ളതോണ്ടേയ്, ഞങ്ങക്കിക്കൊല്ലം ഓണോം വിഷൂം ല്യ. കരുവാത്തി പൊക്കോളൂ. ഞാൻ അവ്ടെ വന്ന് വാങ്ങിക്കോണ്ട്.”
ആശാരിച്ചി വന്നു. ചിരട്ടക്കയിലും കുഞ്ഞിക്കയിലും ചിരവമുട്ടിയും മുട്ടിപ്പലകയും മുക്കാലിപ്പീഠവും...അങ്ങനെയൊരു വക ഉമ്മറത്തിറക്കി.
മടിക്കുത്ത് അറിഞ്ഞുകൊണ്ട് അച്ഛമ്മ തന്നെ പറഞ്ഞു, “ഇവ്ടെ അവ്-രൊന്നൂം-ല്ല. ഞങ്ങള് പിന്നെ വന്ന് വാങ്ങിക്കോണ്ട്.”
“ആളില്ലെങ്ങെ സാരംല്യ. നങ്ങക്ക് എന്താ വേണ്ടതെങ്കെ എടുത്തോളെ.”
“അതല്ല ആശാരിച്ച്യേ. ഞെങ്ങക്ക് വാലായ്മേള്ളതാണേയ്. അതോണ്ടാ പറയണത്. പിന്നെ വാങ്ങിച്ചോണ്ട്.”
കിഴക്കു നിന്നു വരുന്ന കുശവത്തിപ്പെണ്ണിനെ പടിയിറങ്ങാൻ സമ്മതിച്ചില്ല: “ഇവ്ടെ ചട്ടീം കലൊക്കെ ണ്ട് ചെട്ടിച്ചിര്യമ്മേ. ഇപ്പൊ വേണ്ട."
വട്ടിത്തൊട്ടി, ചോറ്റുകൊട്ട, അരിപ്പക്കയിൽ, ചാണകക്കൊട്ട വട്ടോറം കുമ്പോറം തുടങ്ങിയ, മുള ഈർന്നുണ്ടാക്കിയ കരകൗശലങ്ങളുമായി പാണൻ പാച്ചു വന്നപ്പോഴും ഇതേ പല്ലവി തന്നെ പാടി തിരിച്ചയച്ചു.
കള്ളക്കർക്കടകം ഉറഞ്ഞു പെയ്യുമ്പോളെന്നെ തുയിലുണർത്താനായി വന്നു, പാട്ടിപ്പെണ്ണ്. ഒന്നു മുതൽ അവളെന്റെ ക്ലാസ്സിലുണ്ട്. എണ്ണക്കറുപ്പിന്റെ ചേലുള്ള പെണ്ണിന്റെ കണ്ണിനും കാണാനേറെ ചന്തമുണ്ട്! അവിടെ ഞങ്ങൾ നേരിട്ടു നോക്കില്ല. കണ്ണകലെയവൾ വാലിട്ടു നോക്കി. നാലാം ക്ലാസ്സു കഴിഞ്ഞു തുറന്നപ്പോൾ അവളെ മാത്രം കണ്ടില്ല.
പിന്നെപ്പിന്നെ, കർക്കടകരാത്രികളിലൊന്നിൽ ഒരു പെരുമഴയായവൾ വന്നു. കോരിച്ചൊരിയുന്ന ഇറയാലിയ്ക്കരികിൽ അവളുടെ അമ്മയുടെ നിഴലായവൾ നിന്നു.
മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലവളുടെ കണ്ണുകൾ സൗഹൃദം പുതുക്കി.
ചവിട്ടുപടിയിലിരുന്ന് അച്ഛമ്മ മുറുക്കാൻ കൊടുത്ത് നാട്ടുവിശേഷങ്ങൾ ആരായുമ്പോഴും ആരുമറിയാതെയാ കണ്ണഴകി മൗനമായി മൊഴിയുന്നുണ്ടായിരുന്നു.
അരപ്പാവാടയിൽ നിന്നു ഫുൾപാവാടയിലെത്തിയപ്പോഴും അവളുടെ അഴകിനു ചന്തം കൂടിയതായിത്തോന്നി.
ഓരോ തവണ കാണുമ്പോഴും അതങ്ങനെ തന്നെ തോന്നിയിരുന്നു...!
“അമ്മേ, അവരുടെ വീടെവ്ട്യാ?” അമ്മയോടുള്ള ചോദ്യം കേട്ട്, അതീവഹൃദ്യമായൊരു പുഞ്ചിരി ഞാൻ അവളിൽ കണ്ടു.
“ആവോ. അച്ഛമ്മോട് പോയിച്ചോയ്ക്ക്.” അമ്മയ്ക്കും അറിയില്ലായിരുന്നു.
മുറുക്കാൻ ഭാഷണം, ചെല്ലപ്പെട്ടിയെടുക്കുമ്പോഴും അച്ഛമ്മ പറയുന്നതു കേട്ടു:
“അതോണ്ട് പറയണതാട്ടാ. ഭാഗ്യം -ണ്ടെങ്ങെ -മ്ക്ക് അടുത്ത കൊല്ലം അസ്സലായൊന്ന് തുയിലുണർത്തിപ്പാടാം. ഞാനുണ്ടാവ്വ്വോന്ന് അറിയില്ല....!”
“ങ് ക്കുക്കൂം...ങ് ക്കുക്കൂം...” മുത്തശ്ശിയമ്മായി കണ്ണുകാണില്ലെങ്കിലും, തെക്കേ ഉമ്മറത്തു നിന്ന് അനിഷ്ടം തൊണ്ടയനക്കി പ്രകടിപ്പിച്ചു.
“അത് സാരല്യ. ഇനിയ്ക്ക് ഇഞ്ഞീം വരാം ലോ.”
അവളുടെ അമ്മയതു പറയുമ്പോൾ, അവളെന്റെ കണ്ണിൽ നോക്കിയില്ലേ!
“അതിനെന്താ... അല്ലാ, നണക്ക് വേണങ്ങെ അര്യോ വിത്തോ എന്താണേങ്ങെ കൊണ്ടക്കോ ട്ടാ.”
ഇവിടെ നീക്കിയിരിപ്പുള്ളതുപോലെയാണ് അച്ഛമ്മ പറഞ്ഞത്. അഭിമാനം വിൽക്കാൻ പാടില്ലല്ലോ. അതും നാടു മുഴുക്കനെ തുയിലുണർത്തുന്ന പാട്ടിപ്പെണ്ണിന്റെ മുന്നിൽ!
അകത്തെ പുകച്ചിൽ പുറത്തു കാണിയ്ക്കാതെ, അവളെ മാത്രം കണ്ടുകൊണ്ടു ഞാൻ പുഞ്ചിരിച്ചു.
“ഏയ്! അതൊന്നും വേണ്ട. പാടുമ്പോ മാത്രം മതി.”
അവളുടെ അമ്മയല്ല, അവളാണതു പറഞ്ഞതെന്നെനിയ്ക്കു തോന്നി.
മണ്ണെണ്ണവിളക്കിന്റെ വെട്ടം വിട്ടുപോകുമ്പോഴും അവൾ തിരിഞ്ഞൊന്നു കൂടി നോക്കി.
തട്ടിൻപുറത്തുപോയി അവളെ ഒന്നുകൂടി നോക്കണമെന്നുണ്ടായിരുന്നു. ഈ രാത്രിയ്ക്കെങ്ങനെ കാണും?!
പൂരാടത്തിൻ നാൾ മുടിയിറക്കാൻ വാത്തിച്ചി വന്നപ്പോൾ കണ്ണുകാണാത്ത മുത്തശ്ശിയമ്മായി ലോഹ്യത്തോടെ പറഞ്ഞു, “നിയ്യ് പോയിട്ട് ഓണം കഴിഞ്ഞിട്ട് വായോ. ഓണത്തിന്റെ മുൻപെ ഇപ്പൊന്നും വേണ്ട!”
പോകുന്ന പോക്കിൽ വാത്തിച്ചി ചൊടിച്ചു, “നെങ്ങൾക്കെന്നാ... പെറ്റ പെലേം ചത്ത പെലേം ല്ലാത്ത കാലം ണ്ടായ് ട്ട് ള്ളത്!”
ഉത്രാടത്തിൻ നാൾ ആരുമറിയാതെ, സന്ധ്യയ്ക്കു മുൻപെ ഇത്തിരി പൂവിറുത്തു. ചേട്ടനും ചേച്ചിയുമറിഞ്ഞാൽ അതു മതി പൂരം! അവരത് കൊണ്ടുപോയി കൊടുക്കും. കൊമ്പും കുഴലും കുറുവിളിയും... പിന്നെ പറയണോ...! വാലായ്‌മയുള്ളതല്ലേ?
കുഞ്ഞിപ്പെങ്ങ രണ്ടുപേർ മാത്രമറിയും. അന്നുമിന്നുമെന്നും കുഞ്ഞോപ്പയ്ക്ക് അവരുണ്ട് കൂട്ട്.
കൈകാലുകൾ കഴുകി, ചാത്തനും ഭഗവതിയ്ക്കും പറക്കുട്ടിയ്ക്കും വിളക്കു വെച്ചു.
“രാമന്നാരായണാ രാമന്നാരായണ - രാമന്നാരായണ രാമന്നാരായണാ...” നാമം ജപിച്ചെന്നു വരുത്തി.
വിളക്കെടുത്തു പടിഞ്ഞാറ്റിനിയിലെ ഇരുട്ടിൽ കുടിയിരുത്തിയ കാരണവന്മാർക്കു മുന്നിൽ വെച്ചു.
അതിനു മുന്നിൽ ഞങ്ങൾ, ആരുമറിയാതെ പൂക്കളമിട്ടു പ്രാർത്ഥിച്ചു:

സെൽഫി: തന്നെത്താൻ എടുക്കുന്ന ചിത്രം (കഥ)


“മുഹൂർത്തം 11:30. സമയം ഇനിയുമുണ്ട്.”
“ചെറുക്കന്റെ പാർട്ടിക്കാര് പുറപ്പെട്ടിട്ടുകൂടിയില്ല.”
“ഇവിടത്തെ കാര്യങ്ങളെല്ലാം ഇവന്റ് മാനേജ്മെന്റിനെ ഏല്പിച്ചിരിയ്ക്കയല്ലേ. അവരാകുമ്പോൾ നമുക്കു യാതൊന്നും അറിയേണ്ടതില്ല; എല്ലാം ഓ-ക്കെ!”
“അതേയതേ! ഒരു താലി വാങ്ങിക്കൊടുത്താൽ മതി; ചെറുക്കനേയും പെണ്ണിനേയും അവർ ഏർപ്പാടാക്കിത്തരും.”
“ഇതുപോലെയുള്ള മുഹൂർത്തം കൂടി കിട്ടുകയാണെങ്കിൽ, എന്തിനും ഏതിനുമൊരു സാവകാശമുണ്ടേയ്!”
“അരവിന്ദൻ കൊറെ കഷ്ടപ്പെട്ടെങ്കിലുമിപ്പോൾ എന്താ...? ഈ കുട്ടീനെ ഇറക്കികൊടുത്താലിനി മനഃസമാധാനത്തോടെ കഴിയാലോ.....? അതിനുള്ളതൊക്കെ സമ്പാദിച്ചുകൂട്ടീട്ടും-ണ്ട്!”
ക്ഷണിയ്ക്കപ്പെട്ടു വന്നവരുടെ വർത്തമാനങ്ങൾ കേട്ടപ്പോൾ പെൺകുട്ടിയുടെ അച്ഛന് എന്തെന്നില്ലാത്ത അഭിമാനവും ആനന്ദവുമുണ്ടായി. “നിങ്ങളിവിടിരുന്ന് സംസാരിയ്ക്ക്. ഞാൻ അപ്രത്തൊന്ന് പോയി നോക്കിവരാം.”
*** *** ***
“ഇപ്പഴത്തെ പെങ്കുട്ട്യോൾടെ ഓരോരോ കാര്യങ്ങളേയ്!” തൈക്കിളവികൾ ഓരോരുത്തരായി ഓർമ്മകൾ നിർവൃതിയോടെ പങ്കുവെച്ചു. “പണ്ടുള്ളോര്ടെ പോലെ ഇവറ്റകൾക്ക് ഒരു നാണോം മാനോം ഒന്നൂം ല്യ!
അപ്പോഴായിരുന്നു, പെണ്ണിന്റമ്മ എന്തിനെന്നില്ലാതെ തിരക്കിട്ടോടിവന്നത്.
“ഞെങ്ങള് ഓരോരോ വർത്താനങ്ങള് പറഞ്ഞോണ്ടിരിയ്ക്ക്യേര്ന്നേയ്. നീയിത് കേക്കണോ. ന്റെ കല്യാണത്തിനേയ്, ഒരാഴ്‌ച ഞാൻ തീനും കുടീം ണ്ടായിട്ടില്ല. ഇനിയ്ക്ക് ഒന്നൂം വേണ്ട. ഒന്നിനും ഒരാവശ്യോം ല്യാർന്നൂ.”
“നിങ്ങള് അത് ണ്ട് പറയ് ണ്. ഇന്റെ കല്യാണത്തിനേയ്…” അടുത്തയാൾ ഏറ്റെടുത്തു. “ദെവസം അടുക്കുന്തോറും ഞാനൊരാൾടെ മൊഖത്തും കൂടി നോക്കീട്ടില്യ. എന്താന്ന് ശ്ശ് ണ്ടാ? നാണായിട്ടേയ്!”
“ഓ, ന്റെ ഭാന്വോ! നമ്മളോട്ത്തെ കാര്യം പറയാണ്ടിരിക്ക്യാ ഭേദം. കരച്ചിലോണ്ട് കരച്ചില്, കരച്ചിലോണ്ട് കരച്ചില്. കരച്ചിലോണ്ട് കരച്ചില്, കരച്ചിലോണ്ട് കരച്ചില്. അമ്മ കരയുണൂ, അച്ഛൻ കരയുണൂ. കുഞ്ഞാങ്ങളമാര് കരയുണൂ. അനിയത്തിമാര് കരയുണൂ. കുടുമ്മടക്കനെ കരച്ചിലന്നെ, കരച്ചില്. കരച്ചിലന്നെ കരച്ചിൽ. ഇപ്പഴോ!”
“അത് പറഞ്ഞപ്പഴാ. ഇങ്ങട്ട് കൂട്ടി കൊണ്ട്ന്നാക്കണ വരെ, മൂപ്പരെ മോറ് ഞാൻ കണ്ട്ട്ടില്ല! ഒക്കെ ഇവ്ടെ വന്നേന് ശേഷല്ലേ…ഇണ്ടായത്. ഇപ്പഴാണെങ്കിലോ? ഏത് കാര്യത്തിനായാലും ഞാനൊരാള് മുന്നിട്ടിറങ്ങണം. മൂപ്പരെക്കൊണ്ട് ഒന്നിനും പറ്റില്ല.”
*** *** ***
“നന്നെ ഞാൻ എവ്ട്യൊക്ക്യാ തെരക്കണ്?”
ഭാനുമതി പറഞ്ഞ് പൂർത്തിയായില്ല, അതിനിടയ്ക്കായിരുന്നു, ‘അച്ഛൻ’ വെപ്രാളപ്പെട്ടു വന്നത്.
“നീയ്യിവ്ടെ ങ്ങനെ വർത്താനങ്ങള് പറഞ്ഞോണ്ടിരിയ്ക്ക്യാ? അതിന് പറ്റിയ ദെവസം തന്നെ! ആ പന്തലിലേയ്ക്കൊന്ന് ചെന്നേ. ഇവന്റ് മാനേജ്മെന്റ്കാര് ചോദിയ്ക്കണ് ണ്ട്, ഗാനമേളക്കാരെ അവ്ടെ നിർത്തട്ടേ, ഡാൻസുകാരെ ഇവ്ടെ നിർത്തട്ടേ ന്നൊക്കെ. ഇയ്ക്കറിയില്ല, അവ്‌ര്യൊക്കെ എവ്ട്യാ നിർത്തണ്ട്, കെടത്ത്ണ്ട് ന്ന്! ഇത്രയ്ക്ക്യായിട്ട് ഞാനായി കൊളാക്കീന്നും കേൾപ്പിയ്ക്ക്ണില്ല്യ. ഒന്നിങ്ങ്ട്ട് വാ.”
“മോൻ ല്യേ അവ്ടെ? നടന്നോളൂ, ഞാൻ ദാ വര്ണൂ.”
“വര്ണൂന്ന് പറഞ്ഞോണ്ടായില്യ. നീയിങ്ങ്ട്ട് വായോ.”
*** *** ***
“കേട്ടില്യേ! ഇതാണ് ഇവ്ടത്തെ ആൾടെ കാര്യം. ഞാൻ പറഞ്ഞ് നാവെട്ത്തില്ലല്ലോ? ഒന്നൂം അറിയില്ല. ഒക്കെ ഞാൻ കാണിച്ചുകൊടുക്കണം. തൊട്ടേനും പിടിച്ചേനും ഭാന്വോ, ഭാന്വോ! ഭാന്വോ, ഭാന്വോ!! നിങ്ങളിവിടെ സംസാരിച്ചോണ്ട് ഇരിയ്ക്ക് ട്ടാ. ഞാനൊന്ന് ചെന്നോക്കീട്ട് വരാം…”
*** *** ***
“ഒക്കെ ണ്ട്ന്ന് പറഞ്ഞിട്ട്, നിയ്യെവ്‌ട്യാണ്ടാ ഗഡ്യേ, ഇട്ത്ത് വെച്ച് ട്ട് ള്ളത്?”
“അതൊക്കെണ്ട് ന്ന് ഞാൻ പറഞ്ഞില്യേ. കെട്ടൊന്ന് കഴിഞ്ഞോട്ടെ. അത് വര്യൊന്ന് ഷെമിച്ചൂടേ?” ആങ്ങളച്ചെക്കനും കൂട്ടുകാരും രഹസ്യം കൂടി.
“അതിനൊന്നും ഒരു പ്രശ്നോം ല്യ. ഞങ്ങളൊക്കെ എത്രമാത്രം ഈ കല്യാണത്തിനു കഷ്ടപ്പെട്ടൂന്ന് നിയ്യറിയണം. അല്ല, നന്റെ കാര്യം നടക്കണംങ്കിലും ഞങ്ങളൊക്കെ വേണം ട്ടാ. അതും നിയ്യങ്ക് ട് ഓർത്താ മതി!”
“ഡാ, ശവ്യേ. കുപ്പ്യോടക്കന്നെ എത്രണ്ണാ നിയ്യിന്നലെ കേറ്റീത്! നനക്ക് വല്ല ഓർമ്മ്യേം ണ്ടോ? അവൻ തരാന്നല്ലേ പറേണത്. തരില്യാന്ന് പറഞ്ഞിട്ടില്ലല്ലോ? വല്ലതും അങ്ക്ട്ട് കേക്കണ് ണ്ടാ, നണക്ക്?”
“അവൻ പർഞ്ഞോട്രാ. നിയ്യതൊന്നും കാര്യാക്കണ്ട ട്ടാ. അവന് അല്ലെങ്കിലും മറ്റോട് ത്തെ ഒര് ആക്രാന്താണ്.”
“എന്റീശോയേ! ഇങ്ങനത്തൊര് കുടിയൻ പിശാശ്‌നെ ഞാൻ കണ്ടട്ട് ല്ല!”
“ഡാ, ഡാ. നിങ്ങള് ല്ലാവരും കൂടീട്ട് ഇന്റെ മെക്കട്ട് ങ്ങ്ട്ട് കേറണ്ട. ചെക്കനും പെണ്ണ്വങ്ങ് ട്ട് പോവും. ഞ്യാൻ ഇവ്ടൊക്കെത്തന്നെ ണ്ടാവും. അപ്പളും നങ്ങളൊക്കെ ഇന്റൊപ്പം നക്കാൻ വരണം ട്ടാ!”
“അതാരാണ്ടാപ്പാ, ഒര്ത്തൻ ഇങ്ങ്ട്ട് ഓടി വര്ണ്‌ണ്ടല്ലാ. കുറ്റീം പൊട്ടിച്ച് വരണ മായ് രി!”
“ഒന്ന് മിണ്ടാണ്ട് ര് ക്ക് ൺട്രാ. അത് മ്പടെ ഇഫ്രാനാണ്. എന്തെങ്കിലും കെണഞ്ഞ് ട്ട് ണ്ടാവും.”
“ഇഫ്രാനല്ലഡാ. ഇർഫാൻ. ഇർഫാ…ൻ!”
“അയ്യഡാ! ഒരു കോത്താഴത്തെ മാഷ് വന്നോട്ക്ക്ണു, ഇന്നെ മലയാളം പഠിപ്പിയ്ക്കാൻ!”
“പഠിയ്ക്ക്യൊന്നും വേണ്ട. നാവൊന്ന് നീട്ടി വടിച്ചാ മതി.”
“അതിനെങ്ങിന്യാ! കിട്ട്ണ്തൊക്കെ മോന്തി നാവ് ഇങ്ങോട്ട് പോരണ്ടേ!”
“ഡാ, ഇങ്ങളൊക്കെ ഇവ്ടെ സൊറേം പറഞ്ഞോണ്ട് രിയ്ക്ക്യാ? അവൾടെ ഫ്രൻസാണ്ന്ന് തോന്നണ്‌ണ്ട്. ദേ, കൊറേ പീസോള് എറങ്ങീട്ട് ണ്ട്!”
“അല്ലാ, ഇത് പറയ്യാനാ, നിയ്യിങ്ങ്ട്ട് വന്നത്? ഒരു മെസ്സേജ് വിട്ടാ മത്യേർന്നില്ലേഡാ, മൂര്യേ? അല്ലെങ്ങെ ഒരു മിസ്കോള് അടിയ്ക്ക്യാർന്ന് ല്ലേ? അത് അങ്ങനെത്തെ ഒരു സാധനം!”
*** *** ***
“ഡീ, നിയ്യിന്നലെത്തൊട്ട് റെഡ്യായിട്ട് നിക്കണതാ ന്ന് തോന്ന് ണൂലോ കണ്ട്ട്ട്!”
“സൊർണക്കടേലിനി പൊന്നൊന്നും ഇല്യേ, മോളേ!”
കോളേജ് കുട്ടികൾ ഒരു പട തന്നെയെത്തി. ആൺകുട്ടികൾ പന്തലിൽത്തന്നെ അങ്ങിങ്ങായി നിന്നു. പെൺകുട്ടികൾ കട്ടിലിലും കണ്ടയിടത്തുമൊക്കെ വീണു. അതുവരെ അവിടെ ഉണ്ടായിരുന്നവരെല്ലാം തിങ്ങി പുറംതള്ളപ്പെട്ടു. എന്നിട്ടും പോകത്തവരോടായി അവർ സൗമ്യമായി കൊഞ്ചി:
“അമ്മായ്യ്യേ…ചേച്ചിമാരേ…ഒന്ന് പോയ്യ്യേ…ഇതുവരെ നെങ്ങള് നോക്കീല്ല്യേ. ഇനി ഞങ്ങള് നോക്കിക്കോളാം. ഞങ്ങളൊന്ന് സംസാരിയ്ക്കട്ടെ.”
ഉള്ളിൽ നീരോടിയ അസന്തുഷ്ടി പുറമെ പ്രകടിപ്പിയ്ക്കാതെ ബന്ധുക്കളെല്ലാം മാറി നിന്നു.
“ഡീ, അവരെപ്പഴാ വര്ണ്?“
“അവിടെ ഡ്രെസ്സ് ചെയ്യണേ ള്ളൂ.”
“ഹൗവ് യു നോ?”
“ദേ, വാട്സാപ്പില് ണ്ട്.”
“കാണട്രീ. ഇതാണോ അയാള് പ്രെസന്റ് ചെയ്ത ഫോൺ?”
“യാ.”
“കോസ്റ്റ്‌ലി സാധനാണല്ലോ! സിമ്മും അയാൾട്യല്ലേ?”
“ആ.”
“റീച്ചാർജ് എങ്ങനെ?”
“ഇന്ന് കാലത്തും കിട്ടി. ഫൈവ് ഹൺഡ്രഡ്.”
“ആണുങ്ങളായാൽ ഇങ്ങനെ വേണം, അല്ലേഡീ?”
“അതെ, ഒരുമാതിരി കോന്തൻസ്. അല്ലേ?”
കല്യാണപ്പെണ്ണിന്റെ കമന്റിൽ ഫ്രൻസ് എല്ലാവരും പൊട്ടിച്ചിരിച്ചു.
*** *** ***
“ഇറ്റ്സ് ഓക്കേ ട്ടാ. ഇനി റിലാക്‌സാവാം.” ഫോട്ടോഗ്രാഫേഴ്‌സും വീഡിയോഗ്രാഫേഴ്‌സും സന്തുഷ്ടി പ്രകടിപ്പിച്ചു.
“ചേട്ടന്മാരേ, ഒന്ന് നിർത്ത്യേ.” കല്യാണപ്പെണ്ണിന്റെ സുന്ദരികളായ ഫ്രൻസ് കൊഞ്ചി, കുണുങ്ങി. “ഇനി ഞങ്ങള് ഓരോ സെൽഫി എടുക്കട്ടെ.”
“അതിനെന്താ, ഞങ്ങള് മാറിത്തരാം.”
“വാഡീ. ആദ്യം നമുക്കൊരുമിച്ചെടുക്കാം.”
“അടുത്തത് ഞാനെടുക്കും.”
“നീയിങ്ങട്ട് വന്ന് ട്ട് എന്റെ കൂട്യൊന്ന് നിന്നേ.”
“ഡീ, പുറത്ത് ബോയ്സ് കാത്ത് നിക്കണ് ണ്ട്ട്ടാ. അങ്ങോട്ട് ചെന്നില്ലെങ്കിൽ അവരെപ്പിന്നെ ഒരു കാര്യത്തിനും കിട്ടില്ല!”
“വന്നേ. ഇനി നമുക്ക് പുറത്ത് പോയിട്ടെടുക്കാം.”
*** *** ***
“ഹേ, ഗൈയ്സ്. നിങ്ങള് നിൽക്കണ് ണ്ടോ?”
“നിക്കണ് ണ്ടോന്നാ! നിങ്ങടെ കാര്യം കഴിഞ്ഞാൽ പിന്നെ ആരും വേണ്ടാ ലേ?”
“അല്ലെങ്കിലും ഈ പെണ്ണുങ്ങളൊക്കെ ഇങ്ങനെ തന്ന്യാ ണ്ടാ!”
“അങ്ങനെ പറയരുത്, അങ്ങനെ പറയരുത്.”
“ഞങ്ങൾടെ കഴിഞ്ഞിട്ടൊന്നും ല്യ ട്ടാ.” മറ്റൊരുവൾ ഇടയ്ക്കു കയറി.
“വീട്ടീന്ന് ഞങ്ങളെയൊക്കെ വിളിച്ചോണ്ട് വന്ന്‌ട്ട് ഈവക അലവലാതി വർത്താനം പറയരുത്.”
“നിങ്ങളിതു വരെ ഉള്ളില് എന്തെട്ക്കേയ് ര് ന്നൂ!”
“അവിടെ വീഡിയോക്കാരുടേം ഫോട്ടോഗ്രാഫർമാരുടേം കഴിഞ്ഞ് ട്ട് വേണ്ടേ?”
“സോ?”
“സമയം എത്ര്യായീന്ന് അറിയ്യ്യോ?”
“കൂൾ ഡൗൺ, മേൻ!”
ഡീ, പെണ്ണേ. നിയ്യിങ്ങോട്ട് വന്നേ. നിന്നെ കാണാനും കൂടി ഇനി കിട്ടില്ല.”
“നമുക്കൊരുമിച്ച് ഒരെണ്ണം!”
“ഡാ, അത് കഴിഞ്ഞാ ങ്ങ്ട്ട് വായോ. നമുക്കാ വണ്ടീടെ അടുത്ത് പോയി എടുക്കാം.”
“പുത്തൻ വണ്ട്യാൺലോ…ഇതെവ്ട് ന്ന് ഒപ്പിച്ചു?”
“എനിയ്ക്കാ വണ്ടീമ്മെ ചാരിനിന്ന് ട്ട് ഒന്നുരണ്ട് സെൽഫി വേണം.”
“മതി മതി. ഇനിയൊക്കെ നമുക്ക് രജിസ്‌ട്രാപ്പീസിൽ ചെന്ന് ട്ട് മതി.”
“ഷട്ട് യു മൗത്ത് മേൻ!”
“ലിസൻ…ബി കെയർഫുൾ!”
“നിങ്ങള് കാറില് കേറ്, ഇഷ്ടന്മാരേ.”
“കൺട്രാ…അവൾക്കാണിപ്പൊ തെരക്ക്!”
*** *** ***
“അയ്യോ! മോള് ദാ പിള്ളേര് ടെ കൂടെ കാറില് കേറിപ്പോയീ!!!
“കാറില്‌ക്കേറിപ്പൂവ്വ്വേ!!!”
“എവ്ടെയ്ക്ക്???”
“എന്തായീ കേൾക്കണത്!”
കല്യാണവീട്ടിൽ കൂടിയവരെല്ലാം നിമിഷനേരത്തേയ്ക്കു സ്തബ്ധരായി! എല്ലാവരും റോഡിലേയ്ക്കിറങ്ങി വന്നു. ബന്ധുക്കളും ആങ്ങളച്ചെക്കന്റെ സ്നേഹിതന്മാരും അവരവരുടെ വണ്ടികളിറക്കി, നാനാഭാഗത്തേയ്ക്കു കുതിച്ചു…
*** *** ***
“ചതിച്ചല്ലോ, ന്റെ ഭാന്വോ! മക്കൾടെ ഇഷ്ടത്തിനല്ലേ, നമ്മളെല്ലാം ചെയ്തത്. എന്നിട്ട് എന്തായീക്കാണിച്ചത്, ന്റെ ദൈവേ!!“ പെണ്ണിന്റെ അച്ഛൻ ഗെയ്റ്റിനു വെളിയിൽ, നടുറോഡിലിരുന്ന് അറഞ്ഞടിച്ചു, നെഞ്ചത്ത്!
*** *** ***
കതിർമണ്ഡപത്തിൽ ഏഴുതിരിവിളക്കു തെളിയിച്ചു നിൽക്കുകയായിരുന്ന ഭാനു വിളക്കിനു മീതെ കുഴഞ്ഞു വീണു. ചെരിഞ്ഞുവീണ നിറപറയും നെല്ലും തെങ്ങിൻ പൂക്കുലയും നിലവിളക്കിലെ എണ്ണയും പുഷ്‌പങ്ങളും ഭാനുമതിയുടെ ചോരയോടു പൊരുത്തപ്പെട്ടു…
*** *** ***
വധൂഗൃഹത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ വരന്റെ മൊബൈലിൽ മധുരിതം, ഒരു മെസ്സേജ് പാറിവന്നു. ഇൻബോക്സു തുറന്നു വായിച്ച് അയാൾ പുഞ്ചിരിച്ചു. അയാളുടെ മുഖഭാവം ശ്രദ്ധിച്ചവർക്കു മനസ്സിലായി, അതവളുടേതാണെന്ന്. എന്താണെന്നു ചോദിച്ചവർക്കു മറുപടിയായി അയാൾ ഫോൺ വായിയ്ക്കാൻ കൊടുത്തു.
“എനിയ്ക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം“ – കുഞ്ഞുണ്ണിമാഷ്
“കെട്ടാൻ പോകുന്ന പെണ്ണ് ഒരു സാഹിത്യകാരിയാണല്ലോ ഡാ!” വായിച്ചുനോക്കിയവരിലൊരാൾ കമന്റു ചെയ്തു.
“അതെ. കുട്ടിത്തരം വിട്ടിട്ടില്ലെന്നേയുള്ളൂ.” കൂട്ടുകാരന്റെ അംഗീകാരത്തിൽ പുളകിതനായി വരൻ പറഞ്ഞൂ. “കുഞ്ഞുണ്ണിക്കവിതകളോടാണ് അവൾക്കു കൂടുതലിഷ്ടം.”
“എന്റെ കൂടെപ്പെറപ്പായതോണ്ട് പറയണതല്ല,” ബാക്ക് സീറ്റിലിരുന്നു വരന്റെ സഹോദരി അഭിമാനം കൊണ്ടു. “ലേശം വെവരള്ള പെണ്ണ് വേണം ന്ന് അവന്റെ നിർബന്ധായിരുന്നു. ആശിച്ചപോലെ തന്നെ അവന് അത് കിട്ടി.”
അതേ റിങ് ടോണിൽ മറ്റൊരു മെസ്സേജ് പറന്നെത്തി. അതൊരു അടിക്കുറിപ്പോടു കൂടിയ പിക്ചർ മെസ്സേജ് ആയിരുന്നു. സന്ദേശം തുറന്നുനോക്കിയ ചെറുക്കൻ ഞെട്ടി!!
*** *** ***
അച്ഛനും അമ്മയും ഉൾപ്പെടെ, ഗ്രൂപ്പിലുള്ള എല്ലാവർക്കും ഒരേസമയം ആ മെസ്സേജ് കിട്ടിയിരുന്നു. വരണമാല്യമണിഞ്ഞു നിൽക്കുന്ന നവദമ്പതികളുടെ ചിത്രത്തിനു താഴെ ഇപ്രകാരം എഴുതിയിരുന്നു:
“ഞങ്ങളെ അനുഗ്രഹിയ്ക്കണം.”
സമർപ്പണം: അകാലത്തിൽ പൊലിഞ്ഞുപോയ ഒരമ്മയുടെ ഓർമ്മയ്ക്ക്.
(വരികൾ: സെൽഫി: തന്നെത്താൻ എടുക്കുന്ന ചിത്രം
സജി വട്ടംപറമ്പിൽ)
sajivattamparambil@yahoo.com

എന്റെ ചെമ്പകത്തിനൊരു സ്മരണാഞ്ജലി (കഥ)


ആശിച്ചുമോഹിച്ചു നട്ടു വളർത്തിയ ചെമ്പകം മൊട്ടിട്ടു പൂവിട്ടു, ഹൃദയോന്മാദം സുഗന്ധം പരത്തി. വീട്ടുവളപ്പിലെ മറ്റു കായ്ഫലവൃക്ഷങ്ങളേക്കാൾ കരുത്തോടും ഹരിതാഭയോടും കൂടി വളർന്നു പന്തലിച്ചു.
വീട്ടിലേയ്ക്കു വിരുന്നു വന്നവർ പോലും ചെമ്പകത്തിന്റെ ചുവട്ടിലിരിയ്ക്കാൻ ഇഷ്ടപ്പെട്ടു. അമ്മയും മക്കളും എല്ലാവരും സദാ സമയവും അതിന്റെ ചുവട്ടിൽ തന്നെ. കളിയും ചിരിയും നാട്ടുവർത്തമാനങ്ങളും മക്കളുടെ പഠിപ്പുമെല്ലാം അവിടെത്തന്നെ.
അങ്ങോട്ടു വന്നവരാരും ഒരു പൂവിതളെങ്കിലും ഇറുത്തെടുത്തു മണത്തുനോക്കാതെ തിരിച്ചുപോയില്ല. ആ സുഗന്ധം അനുഭവിച്ചറിഞ്ഞവരെല്ലാം ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു: “ഇത് സാധാരണ ജനുസ്സിൽ പെട്ടതല്ലട്ടോ!”
ചെമ്പകം കുഞ്ഞുണ്ണിയ്ക്ക് ഒരു ഹരമായിത്തീർന്നു. കാലത്തേ കുളി കഴിഞ്ഞ്, ഈറൻ തുവർത്തുമുണ്ടു തോളിലൂടെ ചുറ്റി, ആവുന്നത്ര പൂക്കളെല്ലാം ശേഖരിച്ചു. പടിയ്ക്കലൂടെ പഠിയ്ക്കാൻ പോകുന്ന കുട്ടികൾക്കെല്ലാം ഓരോ പൂവ്.
ചെമ്പകപ്പൂവിന്റെ കാലം കഴിഞ്ഞപ്പോഴും പെൺകിടാങ്ങൾ ചോദിച്ചു, “ഒരു പൂവ് തര്വോ?”
മുറ്റം നിറയെ വെച്ചു പിടിപ്പിച്ച നാനാതരം ചെടികളിൽ നിന്നു പൂക്കളോരോന്നായി കുഞ്ഞുണ്ണി കരുതിവെച്ചു.
അതിലൊരു പൂ മികച്ചു നിന്നു, പനിനീർപ്പൂ…
പൂ കൊടുത്തു കൊടുത്ത് ബന്ധം വളർന്നു.
ആ ബന്ധം ഇങ്ങോട്ടു കയറ്റാൻ പറ്റില്ലെന്ന് അമ്മ പറഞ്ഞു.
കുഞ്ഞുണ്ണി ലോഡ്ജുമുറിയിൽ വിഷം കുടിച്ചു മരിച്ചു.
കോളേജിലും സ്കൂളിലും പഠിയ്ക്കുന്ന ഒട്ടു മിക്ക കുട്ടികളും രണ്ടു മൂന്നു ടീച്ചർമാരും കുഞ്ഞുണ്ണിയെ അവസാനമായി ഒരു നോക്കു കാണാൻ വന്നു. കണ്ണീരു മറച്ചും മൂക്കു പിഴിഞ്ഞും അവർ ചെമ്പകച്ചുവട്ടിൽ ഒത്തിരി നേരം നിന്നു.
പൂത്തുലഞ്ഞ ചെമ്പകം കാണാവുന്ന ദൂരത്തിൽ കുഞ്ഞുണ്ണിയെ സംസ്കരിച്ചു.
കോളേജിലേയ്ക്കും സ്കൂളിലേയ്ക്കും പോയവരെല്ലാം വിമൂകരായി നടന്നുപോയി. ചിലർ വഴി മാറി വെച്ചും പോയി. അതുവഴി പോയവരാരും അങ്ങോട്ടു നോക്കിയില്ല; യാതൊന്നും ഉരിയാടിയില്ല.
പുലയും തെളിയും കഴിഞ്ഞു. എന്നിട്ടും നിഴൽപ്പായിലിരുന്ന അമ്മ പുറത്തേയ്ക്കു വന്നില്ല. “ഇനിയ്ക്കാ…ചെമ്പകം കാണാൻ വയ്യ!” അമ്മ വിലപിച്ചു.
അടിയന്തിരത്തിനു കൂടിയവർക്കെല്ലാം മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. “വീടിനു മേലേ ചെമ്പകം വളരുന്നത് വീടിന് ആപത്താണ്.”
“പണം കായ്ക്കുന്ന മരമായാലും, പുരയ്ക്കു മേലെ വന്നാൽ വെട്ടണം.”
മരം മുറിയ്ക്കാൻ ചാക്കോരു മാപ്ല വന്നു. ദുഃഖം, വ്യസനം, സമാശ്വാസം, സാന്ത്വനം. തക്കം, തരം നോക്കി ചോദിച്ചു, “ഇതിനെന്താ വേണ്ട്?”
“ഒന്നും വേണ്ട. മുറിച്ചോണ്ട് പൊക്കോളൂ.”
മുറിയ്ക്കലും കടത്തലും ക്ഷണം കഴിഞ്ഞു.
നിറഞ്ഞു നിന്നിരുന്ന ചെമ്പകം മുറിച്ചു മാറ്റിയപ്പോൾ വീട് ഒറ്റപ്പെട്ടതു പോലെയായി. നനയും പരിചരണങ്ങളുമില്ലാതെ പൂന്തോട്ടം വാടി, ഉണങ്ങിക്കരിഞ്ഞു.
വലിച്ചുപേക്ഷിച്ച ബീഡിക്കുറ്റികൾ വീണ്ടും പെറുക്കിയെടുത്ത് അച്ഛൻ തിണ്ണയിൽ ചുമരും ചാരിയിരുന്നു ഹൃദയം പുകച്ചു…
ചാക്കോരു പിന്നെയും വന്നു.
ആലോചിയ്ക്കുന്തോറും സങ്കടം സഹിയ്ക്കുന്നില്ലായിരുന്നു. തല മുതിർന്ന മരങ്ങൾ ഓരോന്നോരോന്നായി വെട്ടി വെളിച്ചമാക്കി.
അവസാനത്തെ മഴു വീണു കഴിച്ചപ്പോഴാണു മുത്തശ്ശൻ ബാലന്നായര് കയറിവന്നത്. “ഞാനെന്തായീ കാൺണത്, പരമേശ്വരാ! പച്ചപ്പെല്ലാം കളഞ്ഞ്, ഉള്ള പുൽനാമ്പു പോലും കരിച്ചുകളഞ്ഞല്ലോ!!”
“ന്നാലും വീടിനും പറമ്പിനുമൊക്കെ ഒരു വെളിച്ചം വന്നില്ലേ,” ചാക്കോരു അഭിപ്രായപ്പെട്ടു.
“പുര കത്തുമ്പോൾ വാഴ വെട്ടുകയായിരുന്നില്ലേ, താൻ? വെട്ടിയതെല്ലാം വേഗം കൊണ്ടുപോവ്വ്വാ. മേലിൽ ഇതിനകത്ത് കാലുകുത്തരുത്, കേട്ടോ.”
സ്ഥലകാലബോധം വീണ്ടെടുത്ത ഗൃഹനാഥൻ ബീഡിക്കുറ്റി വലിച്ചെറിഞ്ഞു തിണ്ണ വിട്ടിറങ്ങി വന്നു. കുഞ്ഞുണ്ണിയെ മറമാടിയ ഭാഗത്തേയ്ക്കു നോക്കിക്കൊണ്ടു കുറ്റസമ്മതമെന്നോണം പറഞ്ഞു: “മനസ്സുണ്ടായിട്ടല്ല. അതിവിടെ തണലായി നിക്കുമ്പോ അകത്തുള്ളോളും പുറത്തേയ്ക്കു വരുന്നില്ല…പിന്നെ നോക്കുമ്പോ വീടിനേക്കാൾ ഉയരത്തിൽ വന്നാൽ വെട്ടണമെന്ന് എല്ലാവരും പറഞ്ഞു…”
“അതെ. വെട്ടണമായിരുന്നു. അതാദ്യമേ ചെയ്യണമായിരുന്നു. തലയ്ക്കു മേലെ വെട്ടണമെന്നല്ലേ ആ പറഞ്ഞതിനർത്ഥമുള്ളൂ. കട ചേർത്തുവെച്ച് വെട്ടാൻ ആരെങ്കിലും പറഞ്ഞുവോ?”
മുത്തശ്ശനും പോയി മറഞ്ഞു.
(വരികൾ: എന്റെ ചെമ്പകത്തിനൊരു സ്മരണാഞ്ജലി)

By: 

സജി വട്ടംപറമ്പിൽ
sajivattamparambil@yahoo.com

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo