ബസ് വളരെ പതുക്കെയായിരുന്നു പൊയ്‌ക്കൊണ്ടിരുന്നത്. കാരണം എന്തെന്നറിയാൻ അയാൾ പുറത്തേക്ക് എത്തി നോക്കി. വായ മൂടിക്കെട്ടി ഒരു ജാഥ കടന്നു വരുന്നുണ്ട്. അയാൾ ജാഥയുടെ മുൻപിൽ പിടിച്ചിരിക്കുന്ന ബാനറിൽ എഴുതിയിരിക്കുന്നത് വായിച്ചു.
"ജിംഷാറിനെതിരായ ആക്രമണത്തിൽ പ്രധിഷേധിക്കുക".
കാര്യമെന്താണെന്നു അയാൾക്ക് മനസിലായില്ല. കുറച് കാലമായി അയാൾ തന്നിലേക്കും തന്റെ കുടുംബത്തിലേക്കുമായി ഒതുങ്ങിയിരിക്കുകയാണ്. ജാഥയെ പിന്നിലാക്കി വേഗതയോടെ ബസ് മുന്നോട്ട് കുതിച്ചു. ഒന്ന് മയങ്ങി കണ്ണ് തുറന്നപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പ് എത്തിയിരുന്നു. അയാൾ ബസ് ഇറങ്ങി നടന്നു. സമയം ഉച്ച നേരമായതിനാൽ നല്ല വെയിൽ ഉണ്ടായിരുന്നു. ഈ നേരത്ത് തന്നെ എത്തിയാലെ അദ്ദേഹത്തെ കാണാൻ കഴിയു എന്നതിനാലാണ് ഈ നേരത്ത് എത്തിച്ചേരുന്ന വിധം രാവിലെ ഇറങ്ങിയത്.
ഗേറ്റിലെ നെയിം ബോർഡ് നോക്കി വീട് ഇത് തന്നെയെന്ന് ഉറപ്പിച്ചു. കോളിങ് ബെൽ അടിച്ചപ്പോൾ ഡോക്ടർ പുറത്തേക്ക് വന്നു.
.
"ആഹ്.. ആരാ ഇത്. എന്താ ഒരു മുന്നറിയിപ്പുമില്ലാതെ. മോൾക്ക് കുഴപ്പൊന്നുല്ലല്ലോ ."
.
"ഒന്നൂല്യ ഡോക്ടറേ..ഡോക്ടർ അന്നാ ഓപ്പറേഷൻ ചെയ്ത് തന്നത് കൊണ്ട് ന്റെ മോൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു. ഡോക്ടർ അന്ന് പറഞ്ഞത് കൊണ്ട് മാത്രാ മുഴുവൻ പണവും ഇല്ലാഞ്ഞിട്ടും ഓപ്പറേഷന് നടത്താൻ ആശുപത്രിക്കാർ സമ്മതിച്ചത്."
.
ഒരു ചെറു പുഞ്ചിരി മാത്രമായിരുന്നു മറുപടി.
.
"ഡോക്ടറെ കാണാൻ വരണം ന്നു മോൾ ഒരുപാട് വാശി പിടിച്ചതാ. പിന്നെ കുറെ നാളത്തേക്ക് ഇത്രേം ദൂരം സഞ്ചരിക്കരുതെന്നു ഡോക്ടർ തന്നെ പറഞ്ഞത് കൊണ്ടാ വരാഞ്ഞേ.. അവൾ ഡോക്ടർക്കായി ഒരു കൂട്ടം കൊടുത്തയച്ചിട്ടുണ്ട്. ഇത് തരാൻ വേണ്ടിയാണ് ഞാൻ വന്നത് തന്നെ."
.
"ആഹാ.. എന്താ അത്? കാണട്ടെ."
.
അയാൾ കയ്യിലെ പൊതി ഡോക്ടർക്ക് നേരെ നീട്ടി. ഡോക്ടർ അത് തുറന്നു നോക്കിയപ്പോൾ തന്റെ മുഖം മനോഹരമായി പെയിന്റ് ചെയ്തിരിക്കുന്നു. അടിയിലായി വടിവൊത്ത കയ്യക്ഷരത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു.
.
"ദൈവത്തിന്റെ മുഖം"
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക