Slider

എയ്ഞ്ചലിന്റെ ഇരുപത് വർഷങ്ങൾ..

0

2015 നവംബർ 7
റോയ് ഉണരുന്നത് ഇന്ന് പതിവിലും നേരത്തെ ഓഫീസിൽ എത്തണം എന്ന ചിന്തയോടെയാണ്.. 
ഉണർന്ന്, കാഴ്ച വ്യക്തമായപ്പോൾ റോയിക്ക് ഉണ്ടായത് ഞെട്ടലായിരുന്നു.. 
താനിത് എവിടെയാണ്, സ്വപ്നമാണോ ഇത്, താനിത് എങ്ങിനെ ഇവിടെയെത്തി.. എന്നിങ്ങനെ ഒരുപാട് ചിന്തകൾ മനസ്സിലൂടെ അന്നേരം പോയി.. 
എയ്ഞ്ചൽ.. എന്ന്‌ ഉറക്കെ നീട്ടി വിളിക്കുകയായിരുന്നു.. 
എയ്ഞ്ചൽ.. റോയിയുടെ ഭാര്യ.. 
അന്നേരം അവൾ. അടുക്കളയിൽ പണിയിലായിരുന്നു.. 
ആ കേട്ട വിളി, തോന്നലായിരുന്നോ, അതോ ശരിക്കും റോയ് വിളിച്ചോ.. എന്ന സംശയത്തിൽ ആയിരുന്നു അവൾ.. 
വീണ്ടും ആ വിളി കേട്ടപ്പോൾ, ചെയ്തിരുന്ന പണി അവിടെ അതെ പോലെ നിർത്തി, മുറിയിലോട്ട് ഓട്ടമായിരുന്നു.. 
ഓടുമ്പോൾ വിളിച്ചത് തോന്നലാകരുതേയെന്നുള്ള പ്രാർത്ഥന മാത്രമേ അവൾക്കുണ്ടായിരുന്നുളൂ.. 
മുറിയിൽ, ബെഡിൽ ഇരിക്കുന്ന റോയിയെ കാണുന്നതാണ് എയ്ഞ്ചൽ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ കാഴ്ച.. 
സന്തോഷം കൊണ്ട് കണ്ണുനീർ വരുമെന്നത് എയ്ഞ്ചൽ അനുഭവിച്ചറിയുകയായിരുന്നു.. 
പതിയെ റോയിയുടെ അടുത്തേക്ക് നടക്കുമ്പോൾ, മനസ്സ് പൂർണമായും ശൂന്യമായിരുന്നു.. 
അവളുടെ കാലടി ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കി.. 
1994 സെപ്തംബര് 3
അവർ വിവാഹിതരായി.. 
റോയ് ഒരു ആർക്കിടെക്ട് ആണ്.. 
അവന്റെ ഒരു വർഷം ജൂനിയർ ആയിരുന്നു എയ്ഞ്ചൽ.. 
അവൻ അവളെ ആദ്യമായി കാണുന്നത്, കൂട്ടുകാർ അവളെ റാഗ് ചെയ്യാൻ വിളിച്ചപ്പോളാണ്.. 
ഒറ്റ നോട്ടത്തിൽ ഇഷ്ടമായി.. 
അവൾക്കും.. 
രണ്ട് പേരും ഒരുപാട് നേരം കണ്ണുകളിലേക്ക് നോക്കി.. 
അവൾ തിരിഞ്ഞ് നടക്കുമ്പോളാണ് ശ്രദ്ധിച്ചത്.. 
വളരെ നീളമുള്ള മുടിയാണവൾക്ക്.. 
പിന്നെ, പിന്നെ റാഗിങ്ങ് എന്ന പേരിൽ പരിചയപെടൽ സംഭാഷണങ്ങൾ.. 
ഒടുവിൽ സൗഹൃദം.. 
ഒരു മാസത്തിന്ന് ശേഷം റോയ് അവളോട് അവന്റെ പ്രണയം തുറന്ന് പറഞ്ഞു.. 
അതെന്താ എന്നോട് പ്രണയം തോന്നാൻ, എന്താ എന്നിൽ ഇത്രേം ഇഷ്ടം എന്ന്‌ ചോദിച്ചപ്പോൾ.. 
നിന്റെ നീളമേറിയ മുടി എന്നാണ് അവൻ പറഞ്ഞത്... 
ആ നിമിഷത്തിൽ അങ്ങിനെ പറഞ്ഞു പോയി എന്നാണ് റോയ് പിന്നീട് അതിനെ കുറിച്ച് പറഞ്ഞത്.. 
അവളെ പിറ്റേന്ന് കണ്ടപ്പോൾ അവൻ ഞെട്ടിപോയി.. 
മുടി വെട്ടിയൊതുക്കി.. 
അവനുണ്ടായിരുന്ന മുടിയേക്കാൾ കുറച്ചു.. 
ഇപ്പൊ എന്നെ ഇഷ്ടമാണോ.. ?
ഇന്നലെ അങ്ങിനെ പറഞ്ഞ് പോയതാണ്.. 
നീ മൊട്ടയടിച്ചാലും എനിക്ക് നിന്നെ ഇഷ്ടമാണ്.. 
നിനക്കോ.. ?
ഇഷ്ടമാണ്.. ഒരുപാട്... 
എന്നിൽ നിനക്കോ.. ?
എന്നെ ദേവതയെ പോലെ സ്നേഹിക്കുന്ന.. 
അമ്മയെ പോലെ ബഹുമാനിക്കുന്ന.. 
സഹോദരിയപോലെ സംരക്ഷിക്കുന്ന നിന്റെ കണ്ണുകളെ.. 
അവരുടെ വിവാഹം വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചയിരുന്നു.. 
അതിനാൽ അവരിൽ നിന്നും അകന്ന്, അവരുടേത് മാത്രമായ ഒരു ലോകം.. 
നല്ലൊരു കമ്പനിയിൽ ജോലി കിട്ടിയപ്പോൾ സ്വന്തമായൊരു വീട് വാങ്ങി.. 
1995 ഒക്ടോബർ 9
റോയ് ഉണരുന്നത്, ഓഫീസിൽ പതിവിലും നേരത്തെ ഉണരണമെന്ന ചിന്തയോടെയാണ്.. 
ബ്രേക്ഫാസ്റ് മുഴുവനായി കഴിക്കാത്തതിന് എയ്ഞ്ചൽ പുറകിൽ വന്ന് ചീത്ത പറഞ്ഞപ്പോൾ.. 
അവൾക്കൊരു ഫ്ലയിങ് കിസ് കൊടുത്ത് ഒരു ചിരി ചിരിച്ച് കാറിന് വേഗത കൂട്ടി, ഗേറ്റ് കടന്ന് പോയി.. 
അവളെ കണ്ടപ്പോൾ റോയിയുടെ ഞെട്ടൽ കൂടി.. 
അവന്റെ കാലുകളെ ചേർത്ത് പിടിച്ച് എയ്ഞ്ചൽ സന്തോഷത്തോടെ കരഞ്ഞു.. 
കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം കാണുമ്പോൾ 
റോയിയുടെ മനസ്സ് തളർന്നിരുന്നു.. 
ശൂന്യമായിരുന്നു.. 
രണ്ട് പേരും ചേർന്ന് നിന്ന് വീണ്ടും അവരെ നോക്കി കണ്ടു... 
ഇരുപത് വർഷങ്ങൾ.. 
രണ്ട് പേരും ഒരുപാട് മാറിയിരിക്കുന്നു.. 
രണ്ട് പേർക്കും ചെറുതായി നര വന്നിട്ടുണ്ട്.. 
അവൾ ഒരു ഫോട്ടോ കൊണ്ട് വന്ന് റോയിക്ക് കാണിച്ചു.. 
സോയ.. നമ്മുടെ മകൾ.. 
റോയ് ഫോട്ടോയും അവളെയും അത്ഭുതത്തോടെ മാറി മാറി നോക്കി.. 
അവൾ കണ്ണുനീർ തുടക്കുകയാണ്.. 
അവനും.. 
അവൾ എഞ്ചിനീറിംഗിന് പഠിക്കുകയാണ്.. 
എന്നെ പോലെ തന്നെ ഉണ്ടല്ലേ.. 
പക്ഷെ റോയിയുടെ കണ്ണുകളാണ്.. 
അവൻ ഒന്ന്‌ മൂളുക മാത്രമേ ചെയ്തുളൂ.. 
അവൾ മൊബൈൽ എടുത്ത് ഡോക്ടറെ വിളിച്ച് സംസാരിച്ചു.. 
പിന്നീട് സോയക്ക് ഡയൽ ചെയ്തു.. 
സോയ, ഞാൻ പപ്പക്ക് കൊടുക്കാം.. 
മോളെ എന്ന്‌ വിളിക്കുക മാത്രേ ചെയ്തുളൂ.. 
പിന്നെ മൂന്ന് പേരും കുറെ നേരം ഒരുപാട് കരഞ്ഞു.. 
പിന്നെ എയ്ഞ്ചൽ വിളിച്ച് അവളോട് ഇപ്പോൾ തന്നെ പുറപ്പെടാൻ പറഞ്ഞു.. 
എയ്ഞ്ചൽ ഒരു ഡയറി എടുത്ത് കൊണ്ട് വന്നു.. 
1996 ലേത് ആയിരുന്നു അത്.. 
ജനുവരി 1..
റോയ്.. നീ കോമയിൽ ആയിട്ട് മൂന്ന് മാസം ആകുന്നു.. 
ആദ്യ വരി അങ്ങിനെയാണ് തുടങ്ങുന്നത്.. 
പിന്നീട് അവർ മൂന്ന് പേർ ചേർന്നിരുന്ന് ഇരുപത് ഡയറി കൾ വായിച്ചു.. 
അവളുടെ പ്രാത്ഥനയുടെ.. പ്രേതീക്ഷകളുടെ.. 
കണ്ണുനീരിന്റെ.. 
സ്വപ്നങ്ങളുടെ.. 
ത്യാഗങ്ങളുടെ.. 
വിശ്വാസങ്ങളുടെ.. 
ഇരുപത് വർഷങ്ങൾ.. 
റോയിക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ് രണ്ട് പേരുടെയും വീട്ടുകാർ വന്നത്.. 
കൂട്ടുകാർ വന്നത്.. 
ജീവൻ തിരിച്ച് കിട്ടുമോ ഇല്ലയോ എന്നറിയാതെ പിന്നിട്ട നാല്‌ വർഷങ്ങൾ.. 
അതിനിടയിൽ ഒരു ദിവസം നമ്മുക്കൊരു കുഞ്ഞുണ്ടാകാൻ പോകുന്നുവെന്ന് മനസിലാക്കിയത്.. 
ബാത്റൂമിന്റെ വാതിലടച്ച് കരഞ്ഞത്.. 
റോയ് കോമയിൽ ആയെന്നറിഞ്ഞപ്പോൾ റോയിയുടെ അപ്പനും അമ്മയും ചേർത്ത് പിടിച്ച് കരഞ്ഞത്.. 
കോമയിൽ നിന്ന് ഉണർന്നവരുണ്ട്.. അഞ്ചു ദിവസങ്ങൾക്ക് ശേഷം. അല്ലേൽ ഒരു മാസം.. അല്ലേൽ വർഷം. 
ഒരുപാട് വർഷങ്ങൾക്ക് ശേഷം.. എന്നൊക്കെ ഡോക്ടർ പറഞ്ഞത്.. 
റോയിയുടെ വീട്ടിലേക്ക് പോകാം എന്ന്‌ പറഞ്ഞപ്പോൾ.. 
നിർബന്ധിച്ച് ഇങ്ങോട്ട് തന്നെ പോന്നത്.. 
പ്രാർത്ഥനയും പ്രേതീക്ഷകളും കണ്ണുനീരുമായി കഴിഞ്ഞത്.. 
ഇടക്കിടക്ക് വയ്യാതെയാകുമ്പോൾ പേടിച്ച് പോയത്.. 
അമ്മമാർ മാറി മാറി നിന്നത്... 
പല രാത്രികളിലും റോയ് ഉണർന്നത് സ്വപനം കണ്ടത്.. 
തൊട്ട് നോക്കിയത്.. 
ഇല്ലെന്നറിഞ്ഞപ്പോൾ ഒളിയിട്ട് കരഞ്ഞത്.. 
സോയ ഭൂമിയിലേക്ക് വന്നത്.. 
അവൾ ഇഴഞ്ഞ് തുടങ്ങിയത്.. 
അമ്മയെന്ന് വിളിച്ചത്.. 
റോയ് അറിയില്ലെങ്കിലും അവൾ റോയിയുടെ നെഞ്ചിൽ കിടന്ന് ഉറങ്ങിയിരുന്നത്... 
അവൾ പിച്ച വെച്ച് തുടങ്ങിയത്.. 
അവളെ സ്കൂളിൽ ചേർത്തത്.. 
അവൾ സ്കൂളിൽ പോയ ഒരു ദിവസം റോയിയുടെ ഏറ്റവും അടുത്ത ഒരു സുഹൃത് അവളെ സമീപിച്ചത്.. 
അവനെ കത്തി കൊണ്ട് കുത്തി പരിക്കേല്പിച്ചത്.. 
റോയിയുടെ അരികിൽ ഇരുന്ന് കരഞ്ഞത്.. 
ഡിസൈനിങ് പഠിക്കാൻ പോയത്.. 
വീടിനോട് ചേർന്ന് ഒരു ഷോപ് തുടങ്ങിയത്.. 
സോയ അപ്പൻ ഉണർന്ന് എന്ന്‌ സ്വപ്‌നം കണ്ട് ഉണർന്നിരുന്നത്.. 
ഓരോ ക്ലാസ്സിലും അവൾ ഒന്നാമത് ആയിരുന്നത്.. 
അവൾക്ക് പാട്ട് പഠിക്കണമെന്ന് പറഞ്ഞത്.. 
ഇടക്കിടക് റോയ് വിളിച്ചെന്നു തോന്നി റൂമിലേക്ക് ഓടി വന്നത്.. 
അവൾക് പ്രായപൂർത്തിയായത്.. 
ഇടക്കിടക് ധൈര്യം ചോർന്ന് പോയത്.. 
മുട്ടുകുത്തി മലയാറ്റൂർ മല കയറിയത്.. 
റോയിയുടെ അപ്പനും അവളുടെ സഹോദരനും മരിച്ചത്.. 
രണ്ട് അമ്മമാർക്കും വയ്യാതെ ആയത്.. 
സഹതാപത്തോടെ സംസാരിക്കുന്നവരോടെലം, റോയ് ഒരുനാൾ ഉണരുമെന്നു പറഞ്ഞത്.. 
പ്രാർത്ഥിച്ചത്.. കരഞ്ഞത്.. തളർന്നത്.. ഉയർത്തെഴുനേറ്റത്.. പ്രതീക്ഷിച്ചത്.. വിശ്വസിച്ചത്.. 
പ്രാർത്ഥിച്ചത്... പ്രാർത്ഥിച്ചത്.. പ്രാർത്ഥിച്ചത്.. 
അതിനിടയിൽ.. സോയയുടെ വളർച്ചയുടെ ഘട്ടങ്ങൾ ചിത്രങ്ങിലൂടെ കണ്ടപ്പോൾ മൂന്ന് പേരും ഒരുപാട് കരഞ്ഞു.. 
ഒരുപാടൊരുപാട് ചിരിച്ചു.. 
ആ ദിനങ്ങളിൽ ഒരുപാട് പേർ വന്ന്‌ പോയി.. 
അപ്പൻ അമ്മ ബന്ധുക്കൾ. കൂട്ടുകാർ.. 
അമ്മമാരും അപ്പനും കുറച്ച് ദിവസം അവിടെ നിന്നു.. 
സോയ കുറച്ച് ദിവസത്തേക്ക് ലീവ് എടുത്തു.. 
അവർ യാത്ര ചെയ്തു.. 
അവർ രണ്ട് പേർ മാത്രമുള്ള നിമിഷങ്ങളിൽ അവർ ഒരുപാട് ചിരിച്ചു. കുറച്ച് കരഞ്ഞു.. 
കെട്ടിപിടിച്ചു. 
ചുംബിച്ചു.. 
ശരീരത്തിലെ മാറ്റങ്ങൾ അറിഞ്ഞു.. 
ഒരു ദിവസം മൂന്ന് പേരും കൂടി വേളാങ്കണിയിലേക്ക് യാത്ര പോയി.. 
അവരുടെ ഏകാന്തതയിൽ അവർ ഒരുപാട് നേരം മുട്ട് കുത്തി പ്രാർത്ഥിച്ചു.. 
ഇടക്കിടക് അവൻ അവളെ നോക്കും.. 
റോയിയുടെ മനസ്സിൽ അപ്പോളൊക്കെ ദൈവത്തിന് എയ്ഞ്ചലിന്റെ മുഖമായിരുന്നു.. 
അവളുടെ മാത്രം...

By: 
Vineeth Vijayan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo