ഏകദേശം രണ്ടര മണിക്കൂറായി കാണണം ഞാൻ ഈ സെമിത്തേരിയിൽ ഒളിച്ചിരിക്കാൻ തുടങ്ങിയിട്ട്..
ദിലീഷിനെ പോലീസിന്റെ കൈയിൽ കിട്ടിയിട്ടുണ്ടാകുമോ ആവോ.. ?
എന്റെ മൊബൈൽ എങ്ങാനും അവർക്ക് കിട്ടിയാൽ കഴിഞ്ഞു..
പിന്നെ രക്ഷപെടലൊന്നുമില്ല..
നാട് വിടേണ്ടി വരും..
പിടിച്ച് കഴിഞ്ഞാലുള്ള അവസ്ഥ.. ഹോ..
കഞ്ചാവ് കേസിൽ എന്നെ പിടിച്ചെന്ന് അറിഞ്ഞാൽ അച്ഛൻ ആൽമഹത്യ ചെയ്യും.. സംശയമില്ല അതിൽ..
അമ്മേം അനിയനും എങ്ങിനെയാ പിന്നെ പുറത്തിറങ്ങി നടക്കാ..
അല്ലേല്ലേ നാട്ടുകാർക്കും ബന്ധുക്കൾക്കും കണ്ണെടുത്താൽ കണ്ടൂടാ..
കൈയിൽ കാശും കറക്കവും ടൂറും എല്ലാം കാണുമ്പോൾ ഒരുപാട് സംശയങ്ങൾ നിലവിലുണ്ട്..
പിടിക്കപ്പെട്ടാൽ എല്ലാം ഇത് വഴിയാണെന്ന് അവർ ഉറപ്പിക്കും..
സാധാരണ പോലെ തന്നെയായിരുന്നല്ലോ എല്ലാം ചെയ്തത്..
പിന്നെങ്ങനെയാ അവർ അറിഞ്ഞതാവോ..
ദിലീഷേങ്ങാനും ആരോടേലും അബദ്ധത്തിൽ പറഞ്ഞിട്ടുണ്ടാവോ.. ?
എത്ര നേരമെന്ന് വെച്ചാ ഇവിടെ ഇരിക്കാ..
"കാർത്തിക്.. "
"കാർത്തി.. "
"നീ ഇവിടെ ഉണ്ടെന്ന് എനിക്കറിയാം.. നീ പേടിക്കേണ്ട.. ഞാൻ പോലീസ് അല്ല.. നിന്നെ കാണിച്ച് കൊടുക്കാനും പോണില്ല. "
"കാർത്തിക്.. ടാ.. "
ആരാ അത് ?
"നീ വെളിച്ചത്തേക്ക് വാ.. എന്നിട്ട് അറിയുമോന്ന് നോക്ക്.. "
യേശു.. ?
"അതെ.. യേശു.. "
സത്യായിട്ടും.. ?
"സത്യായിട്ടും "
യേശു എന്താ ഇവിടെ.. ?
"നിന്നെ കാണാൻ "
എന്നെ.. ?
"ആ നിന്നെ.. കുറെ നേരമായി ഞാൻ കാണുന്നു ഇവിടെ.. "
ഉം.. അത് പിന്നെ ഞാൻ..
"അറിയാം.. പാടുപെടേണ്ട.. "
ഉം. പെട്ടുപോയി..
"ഉം.. എന്താ ഇനി ഉദ്ദേശ്യം "
പോണം.. പക്ഷെ..
"പെടില്ലേ.. ?"
ആ.. അവിടെ എന്താ അവസ്ഥയെന്ന് അറിയില്ലലോ.. പിടിച്ചാൽ എല്ലാം കഴിഞ്ഞു..
"അതെ.. അത് ശരിയാ.. പിടിച്ചില്ലേൽ നന്നാകുവോ നീ.. ?നീ ഇവിടെ ഇരുന്ന് ചിന്തിച്ച് കൂട്ടിയതെല്ലാം എനിക്കറിയാം. അച്ഛൻ ആൽമഹത്യ ചെയ്യുന്നതും.. അമ്മയ്ക്കും അനിയനും അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകളും.. നാട്ടുകാർക്കും ബന്ധുക്കൾക്കും പിന്നെ നി ഒരു ക്രിമിനൽ എന്ന ഭാവം ആകും.. എല്ലാം ശരിയാണ്.. അങ്ങിനെ തന്നെയാ ഉണ്ടാകൂ.. "
അതിനും നല്ലത് ഞാൻ ഇവിടെ ഇരുന്ന് മരിക്കുന്നതാണ്..
%ഇത്രെയൊക്കെ പേടിയുള്ള നീ പിന്നെ എന്തിനാണ് ഇതിന് നിൽക്കുന്നത്.. ?"
അത് പിന്നെ.. ഞങ്ങൾ..
"പിടിക്കാതിരുന്നാൽ നീ എല്ലാം നിർത്തോ.. ?"
പിടിച്ചാലും ഇല്ലെങ്കിലും ഇതോട് കൂടി എല്ലാം നിർത്തും..
"ഉറപ്പ്.. ?"
സത്യം
"എന്നാ പോയിക്കോ നീ.. അവര് പിടിക്കില്ല "
യേശുവിന് എങ്ങിനെ അറിയാം ?
"ഇത്രയും അറിഞ്ഞില്ലേ.. പിന്നെ ഇതറിയാനാണോ.. "
ഉറപ്പായിട്ടും പിടിക്കില്ലാ ?
"ഇല്ലെന്നെ.. അവനെയും പിടിച്ചിട്ടില്ല. നിങ്ങളാണെന്ന് മനസിലായിട്ടില്ല.. വാങ്ങാൻ വന്നവരെ ആണ് തേടി വന്നത്.. അവരേം കിട്ടിയിട്ടില്ല.. മൊബൈൽ ദിലീഷിനാണ് കിട്ടിയത്. അതുകൊണ്ട് ആ പേടിയും വേണ്ട.. "
സത്യമല്ലേ.. കുടുക്കല്ലലോ.. ?
"അല്ലന്നേ.. പോയിക്കോ.. പക്ഷെ ഇതോടെ നിർത്തിയില്ലേൽ ഞാനൊരു വരവ് വരും അങ്ങോട്ട്.. "
അയ്യോ.. നിർത്തും.. നിർത്തി.. സത്യമാണ്..
"ഉം.. എന്നാൽ വേഗം സ്ഥലം വിട്.. മാത്രമല്ല നാളെ ഒരു പാക്കറ്റ് മെഴുകുതിരി കൊണ്ട് വന്ന് കത്തിക്കാൻ മറക്കണ്ട "
കത്തിക്കാം.. നാളെ കാലത്ത് തന്നെ..
"എന്നാ വേഗം വിട് "
ഞാൻ വീടെത്തുമ്പോൾ.. എല്ലാം പതിവ് പോലെ തന്നെ.. അച്ഛൻ ന്യൂസ് കാണുന്നു കാണുന്നു.. അമ്മ ചപ്പാത്തി ഉണ്ടാക്കുന്നു.. അനിയൻ എത്തിയിട്ടില്ല.. ഒന്നും സംഭവിച്ചിട്ടില്ല..
അൽപ്പം കഴിഞ്ഞപ്പോൾ ദിലീഷ് വന്നു..
ഞങ്ങൾ ഗേറ്റിനടുത്തേക്ക് നടന്നു..
ഞാൻ സെമിത്തേരിയിൽ പെട്ടതും
അവൻ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടതും പറഞ്ഞു..
സാധനം പുഴയിൽ കളഞ്ഞുവെന്നും പറഞ്ഞു...
ഇതോടെ എല്ലാം നിർത്തിയെന്ന് പറഞ്ഞപ്പോൾ, അത് പറയാനാണ് അവൻ വന്നതെന്നും..
സന്തോഷം..
മൊബൈലിന് ചെറിയ പൊട്ടലുണ്ട്.. കുഴപ്പമില്ല.. പിടിച്ചില്ലലോ..
"പിന്നെ നമുക്ക് വലിക്കാൻ വേണ്ടി മാറ്റി വെച്ചത് എന്ത് ചെയ്തു ?കളഞ്ഞോ.. ?"
അത് ഞാൻ, സെമിത്തേരിയിലിരുന്ന് ടെൻഷൻ അടിച്ചപ്പോൾ അവിടെ ഇരുന്ന് സെറ്റ് ചെയ്ത് വലിച്ചു..
"ഹോ "
പിന്നെ ടാ.. നാളെ പള്ളിയിൽ പോയി ഒരു പാക്കറ്റ് മെഴുകുതിരി കത്തിക്കണം.. നീയും വരണം.. മറക്കണ്ടാട്ടാ..
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക