നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുഖമുള്ള ഒരു പിടച്ചില് (കഥ)


ഞാനവളെ കാണുന്നത് ഒരു കൂട്ടയടിക്കിടയിൽ ആയിരുന്നു. കൊണ്ടും കൊടുത്തും അങ്ങനെ മുന്നേറുന്നതിനിടയിൽ എപ്പോഴോ കണ്ണിലുടക്കിയ ഒരു രൂപം. കോട്ടൺ സാരിയുടെ തുമ്പെടുത്തു വിരലിൽ ചുറ്റി ഒരു കുട പിടിച്ച് എന്നെ തന്നെ നോക്കി നിൽക്കുന്ന ഒരു രൂപം. . മൂന്നാല് വർഷം ആയി ഞാൻ അങ്ങനെ പെണ്ണുങ്ങളെ കാര്യമായി ശ്രദ്ധിക്കാത്ത കൊണ്ടും അതിഗംഭീരമായ ഒരു ചതി കിട്ടിയത് കൊണ്ടും ആദ്യകാഴ്ചയിൽ ഞാൻ മുഖം തിരിച്ചു കളഞ്ഞു. പക്ഷെ വീണ്ടും അറിയാതെ നോക്കി പ്പോയി. കാരണം മറ്റൊന്നുമല്ല. അവളുടെ കണ്ണുകളിൽ നിറഞ്ഞ പുച്ഛം. ഒരു പുഴുവിനെ നോക്കും പോലെ. എനിക്കെന്റെ തൊലിയുരിഞ്ഞു പോകും പോലെ തോന്നി. അങ്ങനെ നോക്കുന്നതിനിടയിൽ പിടലിക്കൊരു അടി കിട്ടി ബോധം പോകുകയും ചെയ്തു.
അടി ഉണ്ടാക്കുന്നതിനു പ്രത്യേകിച്ച് കാരണം ഒന്നുമില്ല.. എന്ത് പറഞ്ഞാലും അത് അടിയിൽ ആണ് അവസാനിക്കുക. ഞാൻ ഇങ്ങനെ ആയിട്ടും മൂന്നാല് വർഷമേ ആയുള്ളൂ. കൃത്യമായി പറഞ്ഞാൽ ആയിഷ എന്നെ ഉപേക്ഷിച്ചു പോയ ദിവസം. അല്ല അവളുടെ നിക്കാഹിന്റെ ദിവസം മുതൽ. ഇപ്പൊ വീട്ടുകാർക്കും എന്നെ വേണ്ട. ഉമ്മയെ കാണാൻ തോന്നുമ്പോൾ പടി വരെ ചെല്ലും അവിടെ വരെ ചെല്ലാൻ മാത്രേ അനുവാദം ഉള്ളു. ഉമ്മയുടെ കണ്ണുകളിൽ മഴ പെയ്യുന്നത് പോലെ കണ്ണീർ ഉണ്ടാകും. ഒരു പൊതി തരും. കുറച്ചു പലഹാരങ്ങൾ അല്ലെങ്കിൽ കുറച്ചു ചോറ്. സൂക്ഷിച്ചു വെച്ചിരിക്കുന്ന കുറച്ചു നോട്ടുകൾ അതൊക്കെ ആവും പൊതിയിൽ. ഉമ്മയെ മാത്രേ ഈ ഭൂമിയിൽ ഇപ്പൊ ഞാൻ സ്നേഹിക്കുന്നുള്ളു.
പിന്നെ അവളെ ഞാൻ കാണുന്നത് ബസ്‌സ്റ്റോപ്പിൽ ആണ്. അന്നും അവളെന്നെ ഒന്ന് നോക്കി. . പിന്നെ അടുത്തേക്ക് വന്നു
"അമൻ അല്ലെ? "
ഞാൻ ഒന്ന് തലയാട്ടി
"എന്നെ ഓർമ്മയുണ്ടോ? "
എനിക്കോർമ്മ ഇല്ലായിരുന്നു.
"ഞാൻ സ്കൂളിൽ ജൂനിയർ ആയിരുന്നു. നമ്മളൊന്നിച്ചു ഒരു നാടകത്തിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ പേര് ലക്ഷ്മി "
"ഓർക്കുന്നില്ല "സത്യത്തിൽ ഓർമ വന്നിരുന്നു. ഞാൻ കള്ളം പറഞ്ഞതാണ്.
". ഇവിടെ സ്കൂളിൽ ടീച്ചർ ആണ്. ഇപ്പൊ സ്ഥലം മാറ്റം കിട്ടി വന്നേയുള്ളു "അപ്പോഴേക്കും അവൾക്ക് പോകാനുള്ള ബസ് വന്നു.
അമൻ ചേട്ടാ എന്ന് വിളിച്ചു കൊണ്ട് ഓടി വരുന്ന ഒരു പാവാടക്കാരി എന്റെ ഓർമയിൽ തെളിഞ്ഞു.
ഒരു കപ്പലണ്ടി മിട്ടായി, ഒരു പഴം നുറുക്ക്, ഒരു കുഞ്ഞു ശർക്കര തുണ്ട്, മാനം കാണാതെ ഒളിപ്പിച്ചു വെച്ച ഒരു മയിൽ‌പീലി ഇതൊക്കെ ആയിരുന്നു അവൾ എനിക്ക് തന്നു കൊണ്ടിരുന്നത്. ഓർമ്മകൾ ഉണ്ട് നല്ലോണം. പക്ഷെ ഒന്നും ഓർക്കാൻ ഇഷ്ടം അല്ലിപ്പോ.
പിന്നെ വഴിയിൽ എവിടെ വെച്ചെങ്കിലും കണ്ടാൽ ഒഴിഞ്ഞു പോകും. തല്ലു കൂടുമ്പോൾ അറിയാതെ ഒരു പേടിയിൽ ചുറ്റും നോക്കും. ആ പുച്ഛം നിറഞ്ഞ കണ്ണുകൾ ഉണ്ടൊ അവിടെ? എന്നും കാണും. ബസ്‌സ്റ്റോപ്പിൽ അല്ലെങ്കിൽ ഞാൻ ചുറ്റിയടിക്കുന്ന നഗരത്തിൽ എവിടെ എങ്കിലും വെച്ച്. തമ്മിൽ കാണുമ്പോൾ ഞാൻ മുഖം തിരിച്ചു കളയും.
ഒരു ദിവസം പൊടുന്നനെ അവളെന്റെ മുന്നിൽ വന്നു.
"ഒരു പെണ്ണ് ചതിച്ചു എന്ന് വെച്ച് ജീവിതം കളയാൻ നടക്കുന്ന നിങ്ങളെ പോലുള്ളവരാണ് ആണുങ്ങളുടെ വില കളയുന്നത്. നിങ്ങൾ ഒന്നും ഈ യുഗത്തിൽ അല്ലെ ജീവിക്കുന്നത്? . നല്ല ആരോഗ്യം ഉണ്ടല്ലോ.? വല്ല ജോലിക്ക് പൊയ്ക്കൂടേ? "
എന്നെ ഞെട്ടിച്ചു കൊണ്ട് ഇത്രയും പറഞ്ഞു അവൾ കടന്നു പോയി.
പിന്നീട് ഉമ്മാനെ കണ്ടപ്പോൾ പറഞ്ഞു. ലക്ഷ്മി ഇക്കാന്റെ കുട്ടികൾ ക്ക് ട്യൂഷൻ എടുക്കാൻ വരുന്നുണ്ടെന്ന്. അവളാണിപ്പോ ഉമ്മാന്റെ ഏക ആശ്വാസം ന്ന്. എല്ലാം പറയുക അവളോടാണെന്ന്. അവൾ ഒരു പാട് നല്ല ഒരു പെണ്ണാണെന്ന്. പിന്നെ എന്തൊക്കെയോ..
പിന്നെ കൂട്ടുകാരുടെയൊക്ക സഹായം കൊണ്ട് ഒരു പച്ചക്കറികട ഇട്ടു ടൗണിൽ.. അവൾ പറഞ്ഞിട്ടൊന്നുമല്ല കേട്ടോ. അങ്ങനെ അല്ല. സത്യം.
"ഒരു കിലോ പച്ചമുളക് "
"ഒരു കിലോയോ? "ഞാൻ തലയുയർത്തി നോക്കി അവൾ.
ചുണ്ടിൽ ഒരു കുസൃതി ചിരി.
"വെറുതെ പറഞ്ഞതാ 100gm മതി "
അത് മാത്രം വാങ്ങി അവൾ പോയി..
എന്റെ കടയുടെ മുന്നിലൂടെ അവൾ കടന്നു പോകുന്നത് നോക്കാറുണ്ടിപ്പോ ഞാൻ.ചിലപ്പോൾ അലസമായൊരു നോട്ടം ചിലപ്പോൾ ഒരു ചെറുചിരി അവിടുന്ന് കിട്ടും. വൈകിയാൽ ഒരു ആധി ഉണ്ടാകും. അന്ന് കടയിൽ വരും.
"ഇന്ന് സ്കൂളിൽ മീറ്റിംഗ് ഉണ്ടാരുന്നു "ചോദിക്കാതെ തന്നെ പറയും. പിന്നെ എന്തെങ്കിലും പേരിനു വാങ്ങിച്ചു കടന്ന് പോകും.
"വാപ്പ അന്വേഷിച്ചു. ഒന്ന് ചെല്ലാൻ പറഞ്ഞു "ഒരു ദിവസം അവൾ പറഞ്ഞു
ഞാൻ ഇല്ല എന്ന് മുഖം വെട്ടിച്ചു
"വാപ്പാക്ക് കഴിഞ്ഞ ദിവസം നെഞ്ചിൽ വേദന വന്നു ഇച്ചിരി പ്രശ്നം ഉണ്ട് . ഇപ്പൊ ആശുപത്രിയിൽ നിന്ന് വീട്ടിൽ വന്നിട്ടുണ്ട് ഒന്ന് ചെല്ല് "
വാപ്പ എന്നോട് ക്ഷമിച്ചു.. ഞാൻ കൊടുത്ത അപമാനങ്ങൾ, എന്റെ തോന്ന്യാസങ്ങൾ.. എല്ലാം. ഇക്കാ എന്നോട് ആ വീട്ടിൽ തന്നെ താമസിക്കാൻ നിർബന്ധം പിടിച്ചപ്പോൾ പിന്നെ ഞാൻ എതിർത്തില്ല. ലക്ഷ്മിയെ കാണാം. അവധി ദിവസവും അവൾ ഇക്കാന്റെ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ വരും. വെറുതെ ഒന്ന് കണ്ടാൽ മതി.. കാണാതെ കടന്നു പോകുന്ന ദിവസങ്ങളിൽ ശ്വാസം കിട്ടാത്ത പോലെ ഒരു തോന്നലാ.
പക്ഷെ ലക്ഷ്മിയെ എനിക്ക് പേടി ആണ്. സത്യമാണത്. ആ കണ്ണുകൾ എനിക്ക് പേടിയാണ്. ലോകത്തു വേറെ ഒരാളേം ഞാൻ ഇത്രയും പേടിച്ചിട്ടില്ല. അനുസരിച്ചിട്ടില്ല. ഒരു സിഗരറ്റ് വലിക്കുമ്പോൾ പോലും ഉള്ളിൽ ഒരു പിടപ്പാണ്. പടച്ചോനെ എവിടെ എങ്കിലും ഇരുന്ന് അവൾ കാണുന്നുണ്ടോ ഇത്. എന്തിനാ അങ്ങനെ പേടിക്കുന്നത് എന്ന് എനിക്ക് തന്നെ അറീല.
"നമ്മുടെ ഉസ്മാന്റെ മകൾ റസിയ നല്ല കുട്ടിയാണ് ആലോചിക്കട്ടെ "വാപ്പ ചോദിച്ചപ്പോൾ ഞാൻ മിണ്ടാതെ നിന്നു.
"വാപ്പാക്ക് ഇപ്പൊ എല്ലാം അറിയാം മോനെ.
നിന്നേ സങ്കടപ്പെടുത്താൻ ഇഷ്ടം അല്ല വാപ്പാക്കിപ്പോ.. ഒരു പെണ്ണിന് റൂഹ് കൊടുത്തിട്ട് അവൾ ചതിക്കുമ്പോൾ ഹൃദയമുള്ളോന് അത് പൊറുക്കാനും മറക്കാനും പറ്റൂല. പോട്ടെ സാരോല്ല. മറ്റൊരു പെണ്ണ് നിനക്കായ്‌ ഉണ്ട് അതിനേക്കാൾ നല്ല സ്നേഹം ഉള്ള ഒരു പെണ്ണ് "
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി. പറയാതിരുന്നാലോ എന്ന് ഓർത്തു. പക്ഷെ പറ്റണില്ല. പറഞ്ഞു
"വാപ്പാ.. എനിക്കൊരാളോട് ഇപ്പൊ ഒരു ഇഷ്ടം ഉണ്ട്. പക്ഷെ ആ ആൾക്കുണ്ടോ എന്നെനിക് അറീല.. ഇഷ്ടം ഉണ്ടെങ്കിലും വാപ്പാക്ക് നടത്താനും പറ്റൂല. ഓള് ഹിന്ദു ആണ്.. എനിക്ക് ഈ ജന്മം ഇനി കല്യാണം വെണ്ട.. ഇങ്ങനെ പോകട്ടെ ഇത് "ഞാൻ വാപ്പാന്റെ നെഞ്ചിൽ എന്റെ മുഖം ചേർത്ത് വെച്ചു. കുഞ്ഞിലേ കിടന്നിട്ടുണ്ട് അങ്ങനെ.. വാപ്പ എന്നെ അടക്കിപ്പിടിച്ചു എന്റെ നെറ്റിയിൽ ഒരു മുത്തം തന്നു
"നിങ്ങൾ വാപ്പാക്ക് പിന്നേം ഹാർട്ട്‌ അറ്റാക് ഉണ്ടാക്കുവോ? "
പച്ചക്കറി വാങ്ങുന്നതിനിടയിൽ ചാട്ടുളി പോലെ ചോദ്യം വന്നു.
"നല്ല മൊഞ്ചുള്ള പെണ്ണല്ലേ റസിയ?? നിങ്ങൾക്ക് എന്താ ഓളെ കെട്ടിയാല്? എന്തിനാ എന്റെ പേര് പറഞ്ഞെ? "
ഞാൻ അമ്പരന്ന് പോയി. ഞാൻ അവളുടെ പേര് പറഞ്ഞോ? ദൈവമേ എനിക്ക് ഓർമ കിട്ടുന്നില്ല.
ലക്ഷ്മിയുടെ മുഖത്ത് ചിരി
'എന്നോട് ചോദിച്ചോ ഇഷ്ടാണോന്നു? "
"എനിക്ക് അതിനുള്ള യോഗ്യത ഇല്ല.. "ഞാൻ മെല്ലെ പറഞ്ഞു
"ഞാൻ വീട്ടിൽ ഒരു വിധം സമ്മതിപ്പിച്ചു വെച്ചിട്ടുണ്ട്. വാപ്പയും ഉമ്മയും കൂടെ ഈ ആഴ്ച വരാം ന്ന് പറഞ്ഞിട്ടുണ്ട് കൂടെ പോന്നോളൂ "
ഞാൻ ഈ ഭൂമിയിൽ അല്ലെ? ദൈവമേ
ഞങ്ങളുടെ കല്യാണം ഒരു വലിയ സംഭവം ഒന്നുമില്ലായിരുന്നു. വാപ്പ വളരെ സ്ട്രോങ്ങ്‌ ആയതു കൊണ്ടാകും.
"സത്യത്തിൽ നിന്റെ പേര് ഞാൻ പുള്ളിയോട് പറഞ്ഞില്ല ലക്ഷ്മി "
ഞാൻ അവളോട് പറഞ്ഞു
"ഞാൻ പറഞ്ഞു.. ഉമ്മാനോട്.. വാപ്പയോട് പറഞ്ഞ ആ പെണ്ണ് ഞാൻ ആണെന്ന് "
"അത് നിനക്ക് എങ്ങനെ മനസിലായി? "
"ഇഷ്ടം അറിയാവുന്നത് കൊണ്ട്. ഇഷ്ടം അറിയണം എങ്കിൽ കണ്ണിൽ നോക്കിയാൽ മാത്രം മതി.. ഈ കണ്ണില് ഞാൻ അത് കണ്ടിട്ടുണ്ട്.. ആ പിടച്ചില്.. എന്നെ കൂടി നഷ്ടം ആയാൽ പിന്നെ ഈ ആൾ ഉണ്ടാവുമോ ഭൂമിയില്? "
ഞാൻ നിറകണ്ണുകളോടെ അവളെ ഇറുക്കെ കെട്ടിപിടിച്ചു.
"ശ്വാസം മുട്ടുന്നു "അവൾ കിതച്ചു കൊണ്ട് ചിരിച്ചു.
ഞാൻ ആ കണ്ണിലേക്കു നോക്കി.. ഇഷ്ടത്തിന്റ പിടച്ചിലുണ്ട് അവിടെ. എങ്കിലും ചോദിച്ചു
"എന്നോട് ഇഷ്ടം ഉണ്ടാരുന്നോ? "
"പിന്നിലാണ്ട്‌.. ഇഷ്ടം കൂടിട്ടു പിടഞ്ഞിട്ടുണ്ട് പലപ്പോഴും.. ഇഷ്ടം ആണെന്നങ്ങ് പറഞ്ഞാലോ എന്ന് തോന്നും ചിലപ്പോൾ.. വല്ലാത്ത വേദനയാ പറയാതെ പോകുന്ന ഇഷ്ടം..എട്ടാം ക്ലാസ്സിൽ സ്കൂൾ മാറി പോയപ്പോൾ മുതൽ അനുഭവിച്ചതാ അത്. വല്ലാത്ത ഒരു പിടച്ചില് ആണത് "അവൾ ഇടറിയ ഒച്ചയിൽ പറഞ്ഞു.
ഞാൻ അമ്പരപ്പോടെ സങ്കടത്തോടെ അവളുടെ നിറുകയിൽ എന്റെ ചുണ്ടമർത്തി .
ഞാൻ അറിഞ്ഞില്ലല്ലോ അത്.. പറയാതെ പോയ അവളുടെ ഇഷ്ടം.
പക്ഷെ സത്യമാണ് അത്.
ഇഷ്ടം ഒരു പിടച്ചിലാണ്.
കാണാത്തപ്പോ മിണ്ടാത്തപ്പോ ഉള്ളു വിങ്ങുന്ന പിടച്ചില്
സുഖമുള്ള ഒരു  പിടച്ചില്.
=====
Written by Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot