നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മഞ്ഞിൽ പൊതിഞ്ഞ കനലുകൾ

Image may contain: 2 people, including Sajitha Anil, people standing, child and outdoor
......................
"എന്താടോ ഇത് ആശ്രമമോ അതോ സെൻട്രൽ ജയിലോ ?!"
സിദ്ധാർത്ഥിന്റെ ചോദ്യം എന്റെ ചെവിയിൽ മുഴങ്ങി, പക്ഷേ ആകാംക്ഷയുടെ കൊടുമുടിയിൽ നിൽക്കുന്ന എനിക്ക്... വാക്കുകൾ അപ്പോൾ കണ്ഠത്തിൽ നിന്നും പുറത്തേക്കു വരികയുണ്ടായില്ല...
അവിടെ എത്തിച്ചേരും വരെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു.. സിദ്ധാർത്ഥിന്റെ ചോദ്യങ്ങൾക്കു പലതിനും ഉത്തരം നൽകുവാൻ എനിക്കായില്ല..
ആശ്രമത്തിന്റെ പടിക്കെട്ട് കയറുമ്പോഴേ... മനസ്സിൽ വല്ലാത്തൊരു പിടച്ചിൽ ആയിരുന്നു.. പൂജപ്പുര സെൻട്രൽ ജയ്ലിനെപ്പോലും വെല്ലുന്ന രീതിയിലുള്ള കൂറ്റൻ മതിൽ കെട്ടുകൾ,ആ മതിൽ കെട്ടുകൾക്ക് ഒരു പാട് കഥകൾ പറയാനുള്ളതു പോലെ എനിക്കപ്പോൾ തോന്നി..
" ശരിക്കും എനിക്ക് അതിശയം തോന്നുന്നു രേവതീ, ഇത്രയും വലിയ മതിൽക്കെട്ടുകൾ ഒരു ആശ്രമത്തിനു ആവശ്യണോ?"
"നമുക്ക് കിട്ടേണ്ടത് ഇവിടുന്ന് കിട്ടും സിദ്ധൂ താൻ സമാധാനമായിരിക്കൂ "
സിദ്ധാർത്ഥിനോടായി ഞാൻ പറഞ്ഞു..
ആശ്രമത്തിലേക്കുള്ള നടപ്പാതയിൽ.. ഇരുവശത്തുമായി ധാരാളം ചെടികൾ നട്ടുപിടിപ്പിച്ചുണ്ടായിരുന്നു.. അവയ്ക്ക് വെള്ളം ഒഴിക്കുന്ന ഒരു വിദേശ ആശ്രമ അന്തേവാസിയെ ഞങ്ങൾ കണ്ടു. ഒരു കൃത്രിമ പുഞ്ചിരിയവർ ഞങ്ങൾക്കു സമ്മാനിച്ചു..
ലൗകിക ജീവിതത്തോട് വിരക്തി തോന്നിയ നയനങ്ങളായിരുന്നില്ല അവരുടേത് ,മറിച്ച് എന്തിനെയൊക്കേയോ ഭയക്കുന്ന, നിസഹായത നിറഞ്ഞ കണ്ണുകൾ.. എന്തൊക്കെയോ നിഗൂഢതകൾ ആ കണ്ണുകളിൽ ഒളിഞ്ഞിരുപ്പുണ്ടായിരുന്നു.
കാഷായ വസ്ത്രം ധരിച്ച താടി നീട്ടി വളർത്തിയ സന്യാസിയെന്ന് തോന്നിപ്പിക്കുന്ന ഒരു മനുഷ്യൻ ഞങ്ങളുടെ അടുത്തേക്ക് വന്നു...
"നിങ്ങളാരാണ് ? എന്താണ് ആവശ്യം ?
അയാൾ ഞങ്ങൾക്കെതിരെ ചോദ്യശരങ്ങൾ തൊടുത്തുവിടാൻ തുടങ്ങി...
"ഞങ്ങൾ കേരള ഭൂമിയിൽ നിന്നാണ്.. സ്വാമിജിയുടെ ഒരു ഇന്റർവ്യൂ വേണം.. അപ്പോയ്മെന്റ് എടുത്തിട്ടുണ്ട് "
എന്റെ മറുപടി അയാളെ സംതൃപ്തനാക്കിയെന്നു തോന്നുന്നു.
"അകത്തേക്കു വരൂ. "
അയാൾ ഞങ്ങളെ ശീതികരിച്ച ഒരു റൂമിലേക്കു കൂട്ടികൊണ്ടു പോയി...
അവിടെ ഒരു ആഡംബര കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു.. സ്വാമിജി.
"ഇയാളെന്താ പ്രസവിച്ചു കിടക്കുകയാണോ " സിദ്ധാർത്ഥ് എന്റെ കാതിൽ മന്ത്രിച്ചു.
''പതുക്കെപ്പറ അയാൾ കേൾക്കും, നീ ക്യാമറ വേഗം റെഡിയാക്ക് ".. ഞാൻ തിടുക്കം കൂട്ടി.
ഞങ്ങളെ കണ്ടതും സ്വാമിജി എഴുന്നേറ്റിരുന്നു.
സ്വമിജി താടി നീട്ടി വളർത്തിയിരുന്നു...കാഷായ വസ്ത്രം , കഴുത്തിലും കൈകളിലും രുദ്രാക്ഷം ധരിച്ചിട്ടുണ്ട്. ശാന്തമായ മുഖം, തിളങ്ങുന്ന കണ്ണുകൾ മുഖത്തൊരു പ്രത്യേക ആകർഷണീയതയുണ്ട്..
"ഇരിക്കൂ " സ്വാമിജി ചൂണ്ടി കാണിച്ച കസേരകളിൽ ഞങ്ങൾ അദ്ദേഹത്തിനഭിമുഖമായിരുന്നു..
"ഞങ്ങൾ കേരള ഭൂമിയിൽ നിന്നാണ് ;
ഞാൻ രേവതി നമ്പ്യാർ, ഇത് സിദ്ധാർത്ഥ്.."
ഞാൻ സ്വയം പരിചയപ്പെടുത്തി...
"സ്വാമിജീ, ഈ ലൈറ്റ് ഫ്രാൻസിൽ നിന്നാണോ?"
സിദ്ധാർത്ഥിന്റെ ചോദ്യം ശ്രവിച്ച സ്വാമിജി ആദ്യമൊന്നു ഞങ്ങളെ നോക്കി ,എന്നിട്ടു ചോദിച്ചു.
"ഇവിടത്തെ ഇന്റീരിയർ ഡെക്കറേഷനെക്കുറിച്ചറിയാനാണോ നിങ്ങൾ വന്നത്?"
"അല്ല സ്വാമിജീ ,സിദ്ധുവത് വെറുതെ ചോദിച്ചതാണ്."
ഞാൻ സ്വാമിജിയെ മയപ്പെടുത്താൻ ശ്രമിച്ചു..
"പറയൂ നിങ്ങൾക്കെന്താണ് അറിയേണ്ടത് ?"
" സ്വാമിജിയെ കുറിച്ചും,ഈ ആശ്രമത്തെ കുറിച്ചും അറിയാനാഗ്രഹമുണ്ട്.
ഈ ദേവാനന്ദപുരി ആശ്രമം തുടങ്ങുവാൻ അങ്ങേക്ക് പ്രചോദനമായതെന്താണ്?"
സ്വാമിയുടെ ചോദ്യത്തിനു മുന്നിൽ ഞാൻ ആദ്യമൊന്നു പതറിയെങ്കിലും, ധൈര്യം കൈവിടാതെ ചോദ്യങ്ങൾ ചോദിച്ചു.
"എന്റെ ഭൂതകാലത്തെക്കുറിച്ച് പറയുവാനെനിക്ക് താൽപര്യമില്ല..ലൗകിക ജീവിതത്തോട് വിരക്തി തോന്നിയപ്പോഴാണ് ഞാൻ ആത്മീയതയിലേക്ക് തിരിഞ്ഞത്.ജീവിതത്തിന്റെ നൈമിഷകതയെക്കുറിച്ച് ബോധ്യമായപ്പോൾ,യഥാർത്ഥ മോക്ഷത്തിലേക്കുള്ള യാത്രയിലാണ് ഞാനിപ്പോൾ "
സ്വാമിജി പറഞ്ഞു നിർത്തി
"എന്നിട്ടത് കിട്ടിയോ?"
സിദ്ധു വീണ്ടും ചോദിച്ചു
"എന്ത് ?" സ്വാമി നെറ്റി ചുളിച്ചു
"മോക്ഷം, അങ്ങ് പറഞ്ഞ മോക്ഷം അത് കിട്ടിയോ? "
സിദ്ധു വീണ്ടും പണി തുടങ്ങി.
"പരിഹാസമാണ് മുഖമുദ്ര അല്ലേ?"
സ്വാമിക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു..
"ക്ഷമിക്കൂ സ്വാമിജീ ,സിദ്ധു ഒരു തമാശ പറഞ്ഞതാണ്.. "
ഞാൻ സ്വാമിയെ ശാന്തനാക്കാൻ ശ്രമിച്ചു.
" കുട്ടി ഗീത വായിച്ചിട്ടില്ലെ?
കായേന മനസാ ബുദ്ധ്യാ
കേവലൈരിന്ദ്രിയൈരപി
യോഗിന: കർമ്മ കുർവന്തി
സങ്ഗം തൃക്ത്വാത്മശുദ്ധ യേ
(മോഹ ബന്ധങ്ങളെ ഉപേക്ഷിച്ച യോഗികൾ ആത്മശുദ്ധിക്കായി കേവലം ശരീരം കൊണ്ടും ഇന്ദ്രിയങ്ങൾ കൊണ്ടും ബുദ്ധി കൊണ്ടും കർമ്മങ്ങൾ ചെയ്യുന്നു)
ഇവിടെ ഞാനുമതാണ് ചെയ്യുന്നത്.
ഗീതയിൽ മറ്റൊന്നുകൂടി പറയുന്നുണ്ട്
യുക്തി കർമ്മഫലം തൃക്ത്വാ
ശാന്തി മാപ്നോതി നൈഷ്ഠി കിം
അയുക്ത: കാമകാരേണ
ഫലേ സകേതാ നിബദ്ധ്യതേ
(ഫലേച്ഛയില്ലാത്ത സമചിത്തതയോടു കൂടിയവൻ നിത്യശാന്തിയെ പ്രാപിക്കുന്നു. ആശയും ഫലേച്ഛയുമുള്ള അസ്ഥിര നായവൻ ബന്ധങ്ങളിൽ പ്പെടുന്നു.. )
ശരിയല്ലേ അത്..?"
സ്വാമിയുടെ ഭക്തിമാർഗത്തിന്റെ വിശകലനം ശ്രവിച്ച് ഞാനാദ്യമൊന്ന് മൗനം പാലിച്ചു.
" സ്വാമിജി ഗീതയിൽ ഇതും പറയുന്നുണ്ട് ,
സർവ്വകർമ്മാണി മനസാ
സംന്യസ്യാസ്തേ സുഖം വശീ
നവദ്വാരേ പുരേ ദേഹി
നൈവ കുർവ്വൻ ന കരയൻ
( എല്ലാ കർമ്മങ്ങളും ത്യജിച്ച് സംയമിയായ സ്ഥിതപ്രജ്ഞൻ സ്വയം കർമ്മം ചെയ്യാതെയും ആരെയും കർമ്മത്തിനു പ്രേരിപ്പിക്കാതെയും ഒമ്പതു കവാടങ്ങളുള്ള പട്ടണം പോലെയുള്ള ദേഹത്തിൽ സുഖമായി വിശ്രമിക്കുന്നു.. )
ഇതും ശരിയല്ലേ?
അങ്ങും അതല്ലേ ഇപ്പോൾ ചെയ്യുന്നത്.?"
ഇതു കേട്ട് സ്വാമിജി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു.. പക്ഷേ ആ ചിരിയിൽ എല്ലാം അടങ്ങിയിരുന്നു..
"സ്വാമിജിയുടെ നാട്,അച്ഛൻ, അമ്മ..."
ഞാൻ വീണ്ടും ചോദിച്ചു..
"ഞാൻ പറഞ്ഞുവല്ലോ എന്റെ ഭൂതകാലത്തെക്കുറിച്ച് പറയുവാൻ താൽപര്യമില്ലെന്ന്..."
ഇവിടം ... എനക്കിഷ്ടമായി... അതു കൊണ്ട്... ആശ്രമം ഇവിടെ തുടങ്ങി. "
സ്വന്തം മാതാപിതാക്കളുടെ പേരെങ്കിലും പറഞ്ഞു കൂടെ? അതിനെന്താ സ്വാമിജീ ബുദ്ധിമുട്ട് ?
എന്റെ വാക്കുകൾ കേട്ടിട്ടും അദ്ദേഹം ഒന്നും പറഞ്ഞില്ല.
അതുകൊണ്ട് ഞാൻ അടുത്ത ചോദ്യത്തിലേക്കു കടന്നു..
"ഇവിടത്തെ ആശ്രമത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒന്നു വിശദീകരിക്കാമോ?"
"പ്രധാനമായും അനാഥരായ, ലൗകിക ജീവിതത്തിനോട് വിരക്തി തോന്നിയ ആൾക്കാരാണ് ഇവിടെ വരുന്നത്.. പിന്നെ മാനസിക അസ്വാസ്ഥ്യം ഉള്ളവരെയും ഇവിടെ കൊണ്ടുവരാറുണ്ട്.. അവർക്ക് വേണ്ട ചികിൽസ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കും.
മാനസികനില തെറ്റിയവരിൽ ചിലർക്ക് സുഖപ്പെടുമ്പോൾ, അവരെ കൂട്ടികൊണ്ടു പോകാൻ അവരുടെ വേണ്ടപ്പെട്ടവർ വരാറില്ല അങ്ങനെ വരുമ്പോൾ ഞങ്ങളവരെ ഇവിടെത്തന്നെ താമസിപ്പിക്കും."
സ്വാമിജി പറഞ്ഞു തുടങ്ങി
" ഓ അങ്ങനെയുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും അങ്ങും, അങ്ങയുടെ ശിഷ്യഗണങ്ങളും കൂടി തന്നെ ഒരു ജീവിതം കൊടുക്കാറുണ്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. "
'
എത്ര നിയന്ത്രിച്ചിട്ടും എന്റെ ഉള്ളിലെ രോഷമടക്കാനാകാതെ വാക്കുകൾ പുറത്തു വന്നു..
സ്വാമി ആദ്യം രൂക്ഷമായൊന്നെന്നെ നോക്കി..
"അർത്ഥം വച്ചാണല്ലോ കുട്ടി സംസാരിക്കുന്നത് "
ഉള്ളിലെ അരിശം പുറത്തു കാട്ടാതെ സ്വാമി പറഞ്ഞു.
" അർത്ഥമുണ്ടെങ്കിലല്ലേ സ്വാമിജി വാക്കുകൾ പൂർണ്ണമാകൂ."
എന്റെ വാക്കുകൾക്ക്
സ്വാമിജി ഒന്നും മറുപടി പറഞ്ഞില്ല. മൗനം പാലിച്ചു.
"ഇത്രയും വലിയൊരാശ്രമം നടത്തിക്കൊണ്ടുപോകാനുള്ള സാമ്പത്തിക സഹായം സ്വാമിജിക്ക് എവിടെ നിന്നാണ് ലഭിക്കുന്നത്?"
"ഇതിന് മറുപടി പറയാനാകില്ല"
സ്വാമിജി പറഞ്ഞു.
"ഇവിടത്തെ
അന്തേവാസികൾക്ക് പുറംലോകത്ത് പോകാൻ പാടില്ല എന്നൊരപവാദം കേൾക്കുന്നുണ്ടല്ലോ സ്വാമി ജീ..
മറ്റൊരു പത്മവ്യൂഹമാണോ ഈ ദേവാനന്ദപുരി?എന്താണതിന്റെ നിജസ്ഥിതി? "
എന്റ ചോദ്യം ശ്രവിച്ച്
സ്വാമിജി കുറച്ച് കൂടി ക്രുദ്ധനായി.
"അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കൂ അതാണ് നല്ലത് " '
സ്വാമിജി അസ്വസ്ഥനായി കാണപ്പെട്ടു.
എനിക്കൊന്നു ചിരിക്കണമെന്ന് തോന്നി. അയാളെ അസ്വസ്ഥതപ്പെടുത്താൻ തുടക്കത്തിലേ കഴിഞ്ഞുവല്ലോ.
" സ്വാമിജി ഈ ദേവാനന്ദപുരി പുറം ലോകത്തിന് ഒരു ആശ്രമമാണെങ്കിലും; ഇതിനുള്ളിലെ ചിട്ടവട്ടങ്ങളും, ഹണിമൂൺസ്യൂട്ടിനെ വെല്ലുന്ന മുറികളും കണ്ടപ്പോൾ എനിക്കു തോന്നിയത് ഇതൊരു പഞ്ചനക്ഷത്ര ഹോട്ടലാണെന്നാണ്, . ഇവിടെ കൊടുക്കൽ വാങ്ങലുകൾ ഒരുപാടുണ്ടാകും ഇല്ലേ?"
എന്റെ ചോദ്യങ്ങൾക്ക് മുന്നിൽ സ്വാമി ദേവാനന്ദ ആദ്യമൊന്നു പതറിയെങ്കിലും ഉള്ളിലെ അമർഷം അടക്കി കൊണ്ട് പറഞ്ഞു.
പിതൃശൂന്യതയാണ് മിസ് രേവതി നമ്പ്യാരെ കൊണ്ടിത് പറയിപ്പിക്കുന്നതെന്ന് എനിക്കു തോന്നുന്നു.. "
" അതെ സ്വാമിജീ ഒരു പക്ഷേ അങ്ങ് പറഞ്ഞതു പോലെ എന്റെ പിതൃശൂന്യത തന്നെയായിരിക്കാം ഇത്തരത്തിൽ ഞാൻ പെരുമാറുന്നതിനു കാരണം..
എന്റെ അമ്മയെ പ്രണയിച്ചു വിവാഹം കഴിച്ച മഹാൻ ഒരു മാസം അമ്മയോടൊപ്പം താമസിച്ചതിനു ശേഷം തനിക്കു പ്രത്യുത്പാദനശേഷി ഉണ്ട് എന്നു തെളിയിച്ചിട്ട് മുങ്ങി.
"ലൗകീക ജീവിതത്തോടുള്ള വിരക്തി കാരണം അദ്ദേഹം ആത്മീയതയിലേക്കു തിരിഞ്ഞുവെന്ന് പിന്നീടറിഞ്ഞു.. "
അമ്മയുടെ കുഴപ്പം കൊണ്ടാണാ മഹാൻ അങ്ങനെ ചെയ്തതെന്ന് പറഞ്ഞ് വീട്ടുകാർ അമ്മയെ കുറ്റപ്പെടുത്തിയപ്പോൾ, അമ്മ തളർന്നില്ല ;
ജീവിച്ചു ,എനിക്കു വേണ്ടി.. "
ഇത്രയും കേട്ടപ്പോൾ സ്വാമിജിക്ക് ഉള്ളിലൊരഗ്നിപർവ്വതം പുകയാൻ തുടങ്ങി..
"എന്താണ് കുട്ടിയുടെ അമ്മയുടെ പേര്? "
സ്വാമിജി ചോദിച്ചു..
"ശ്രീദേവി നമ്പ്യാർ,അമ്പാട്ട് വീട്ടിൽ ശ്രീദേവി നമ്പ്യാർ "
എന്റെ നാവിൽ നിന്നുതിർന്ന ആ പേര് കേട്ട് സ്വാമിജി ഞെട്ടിത്തരിച്ചു..
ശീതീകരിച്ച ആറൂമിൽ ഇരുന്നിട്ട് പോലും അദ്ദേഹം വിയർത്തൊലിക്കാൻ തുടങ്ങി..
Ac യുടെ റിമോട്ട് എടുത്ത് സ്വാമി റൂം ടെമ്പറേച്ചർ കുറച്ചു...
" സ്വാമിജീ,, ടെമ്പറേച്ചർ സീറോഡിഗ്രി സെൽഷ്യസാക്കിയാലും പുറത്തെ ചൂടേ കുറയ്ക്കാനാകൂ, അങ്ങയുടെ ഉള്ളിലെ ചൂട് അത് ശമിപ്പിക്കില്ല."
സ്വാമിജി ദയനീയമായെന്നെ നോക്കി..
" നോക്കണ്ട പിതാവെ അങ്ങ് തന്നെയാണ് എന്റെ സൃഷ്ടികർത്താവ് .അതറിഞ്ഞു കൊണ്ടു തന്നെയാണ് ഞാനിവിടെ വന്നത്.. കഴിഞ്ഞ ഒരു വർഷമായി ഞാൻ താങ്കളുടെ പുറകേയുണ്ടായിരുന്നു...
നിങ്ങൾക്കറിയുമോ ഞാനെന്റെ ജിവിതത്തിൽ ഏറ്റവുമധികം വെറുത്ത നിമിഷമേതെന്ന്?
നിങ്ങളാണെന്റെ അച്ഛനെന്ന് എന്റെമ്മയുടെ നാവിൽ നിന്നും കേട്ട ആ നിമിഷം ,അതാണത്.. ഞാനിന്ന് ഏറ്റവും വെറുക്കുന്ന നിമിഷം.
"ഉത്തരേന്ത്യയിൽ നിന്നും നിങ്ങൾ ഇവിടേക്ക് വന്നതിനു പിറകിൽ ലക്ഷ്യങ്ങൾ ഏറെയുണ്ടെ ന്നെനിക്കറിയാം.
ഇവിടത്തെ മാർക്കറ്റിൽ ഇപ്പോൾ നന്നായിട്ട് വിറ്റഴിക്കാൻ കഴിയുന്ന ഒരു വസ്തുവാണ് ആത്മീയത... അങ്ങയെപ്പോലെ ഒരു സർവ്വ ത്യാഗിക്കതിൽ വിജയിക്കാനാവും ...
ഭരണ കർത്താക്കൻമാരുടേയും തലപ്പത്തിരിക്കുന്ന ചില ഉദ്യോഗസ്ഥ പ്രഭുക്കളുടേയും അകമഴിഞ്ഞ സഹകരണത്തോടെ താങ്കൾ മനസ്സിരുത്തി ആരംഭിച്ചതണാല്ലോ ഈ ആത്മീയ പ്രവർത്തനം ..അതും ഇവിടത്തെ ഈ ' പാവങ്ങളായ ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ട് !
ഇപ്പോൾ പല പ്രമുഖൻമാരുടെയും ബിസിനസ് താവളമാണല്ലോ ഈ ആശ്രമം !
ലൗകീക ജീവിതത്തോടുള്ള വിരക്തിയും ജീവിതത്തിന്റെ പരമമായ ലക്ഷ്യം കണ്ടെ ത്താനുമുള്ള അഭിവാഞ്ഛയാണല്ലോ അങ്ങയെ സന്യാസജീവിതത്തിലേക്ക് നയിച്ചത് .
ഇവിടെ, ഈ ശീതികരിച്ച റൂമിനുള്ളിൽ ഇരുന്നു കൊണ്ട് ആ ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞുവോ?"
എന്റെ ചോദ്യങ്ങൾക്ക് മറുപടി തരാൻ കഴിയാതെ..സ്തബ്ദനായി സ്വാമിജി നിന്നു..
ഇത്രയും നാൾ ഉള്ളിന്റെയുള്ളിൽ ഞാൻ അണയാതെ കാത്തു സൂക്ഷിച്ച പകയുടെ തിരിനാളം അവിടെ ആളിക്കത്തുകയായിരുന്നു.
"മോളെ,,, "
അയാൾ മെല്ലെയെന്നെ വിളിച്ചു..
" വേണ്ട എന്നെ അങ്ങനെ വിളിക്കരുത്,, ആ വാക്കിനർത്ഥം നിങ്ങൾക്കറിയോ?
മകൾ എന്നുള്ളതിന് എന്തവകാശമാണ് നിങ്ങൾക്കെന്നിലുള്ളത്?
എന്റെമ്മയുടെ ഉദരത്തിൽ നിങ്ങൾടെ ബീജം നിക്ഷേപിക്കുകയല്ലാതെ ,എന്റെ സൃഷ്ടികർമ്മത്തിൽ എന്ത് കർമ്മമാണ് സ്വാമിജി, അങ്ങ് ചെയ്തിട്ടുള്ളത്?
ജൻമം നൽകുന്നത് കൊണ്ടല്ല കർമ്മം ചെയ്യുന്നത് കൊണ്ടാണ് പിതാവേകണ്ടത്. "
എനിക്ക് ദേഷ്യമടക്കാനായില്ല...
വാക്കുകൾ ഉള്ളിൽ കിടന്ന് ലാവ പോലെ തിളച്ചു മറിയുകയാണ്..
ഏത് സമയവും പൊട്ടിത്തെറിക്കാറായി നിൽക്കുന്ന ഒരഗ്നിപർവ്വതമായി ഞാൻ മാറിയിരുന്നു ..
"അങ്ങനെ പറയരുത് മോളെ ,അന്നങ്ങനെയൊക്കെ സംഭവിച്ചു പോയി..
അറിഞ്ഞു കൊണ്ടല്ല .
എല്ലാം നിമിത്തമാണ്. അതാണ് സത്യം. വിധാതാവിന്റെ ഇച്ഛ പോലെ കാര്യങ്ങൾ നടക്കൂ..
'' മിണ്ടിപ്പോകരുത് നിങ്ങൾ,
നിങ്ങളെപ്പോലെയുള്ള എല്ലാ ആൾ ദൈവങ്ങൾക്കു പുറകിലും ഇത്തരത്തിലുള്ള കഥകൾ ണ്ടാകും. ഒരു പക്ഷേ പുറത്തു പറയാനാകാത്ത ഭൂതകാലം.. അതിന് നിങ്ങൾ സ്വാമിമാർ പറയുന്ന പേരാണ് വിധാതാവിന്റെ ഇച്ഛ.. ശരിയല്ലേ.?"
'' മോളെ നീ പറയുന്നതൊക്കെ ഞാൻ സമ്മതിക്കാം .
ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ നമ്മളെല്ലാം പഥിക ബന്ധുക്കൾ അല്ലെ ? ഒന്നും ശാശ്വതമല്ല.
ഈ രഹസ്യം പുറം ലോകമറിയരുത് ; ഈ ആശ്രമത്തിനും എന്റെ പേരിനുമത് കളങ്കം വരുത്തും. ഇതുവരെ ഞാൻ കെട്ടിപ്പടുത്തെടുത്ത എന്റെ സൽപ്പേരിനെയത് ബാധിക്കും .
നീ ആവശ്യപ്പെടുന്ന എന്തും തരാൻ ഞാൻ തയ്യാറാണ്. "
അയാൾ അപേക്ഷയുടെ വക്കിലെത്തി ...
"എനിക്ക് ബാല്യത്തിലും കൗമാരത്തിലും കിട്ടേണ്ടിയിരുന്ന ഒരച്ഛന്റെ സനേഹവും കരുതലും താങ്കൾക്ക് തരാനാകുമോ? കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി എന്റെ അമ്മക്ക് നഷ്ടപ്പെട്ട കുടുംബ ജീവിതം.- തിരിച്ചുനൽകാനാകുമോ?
എനിക്ക് ഒന്നും നൽകണ്ട ..
നിങ്ങളോട് ഭിക്ഷ യാചിക്കാൻ വന്നതല്ല ഞാൻ.
എന്റെ ശരീരത്തിലൂടെ ഒഴുകുന്നത് നിങ്ങളുടെ വൃത്തികെട്ട ചോരയാണല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു.. പിന്നെ മഹാനായ സ്വാമിജീ അങ്ങ് കരുതിയിരുന്നോളൂ ,എന്നെപ്പോലെയുള്ളവർ ഇനിയും വരും കാരണം അത്രക്ക് സൻമാർഗ്ഗിയായിരുന്നുവല്ലോ അങ്ങ്,, എവിടെയൊക്കെ വിത്ത് പാകിയിട്ടുണ്ടായിരുന്നോ അവിടെയൊക്കെ ചെടികളും തളിർത്തു വന്നിട്ടുണ്ടാകും....
നിങ്ങൾ ജീവിതത്തിൽ കഴിഞ്ഞു പോന്ന വഴികളിൽ നിന്നും നിങ്ങളുടെ കാലടികളിൽ പറ്റിപ്പിടിച്ച പാപമെന്ന രക്തത്തെ മറയ്ക്കുവാനാണ് നിങ്ങളീ സന്യാസമെന്ന പാദരക്ഷ അണിഞ്ഞിരിക്കുന്നത്.
മഹാനായ ത്യാഗീ ഞാൻ ഇനി പറയുന്ന വാക്കുകൾ കേട്ട് ഞെട്ടരുത് സന്യാസിവര്യാ.....
*ഈ ഇന്റർവ്യൂ ലൈവാണ്*
ആ വാക്കുകൾ അദ്ദേഹത്തിന്റെ കാതുകളിൽ ഇടിമുഴക്കം പോലെ ചെന്നു പതിച്ചു.
നിസ്സഹായനായി ,ദീനതയോടെ എന്റെ കണ്ണിൽ നോക്കുന്ന സ്വാമിജിയെ കണ്ടപ്പോൾ എന്റെ മനസ്സ് എന്തെന്നില്ലാതെ ആനന്ദിച്ചു...
,"ഞാൻ പോകുന്നു, മനസ്സിൽ നിങ്ങൾക്ക് ഉദകക്രിയ്യ ചെയ്തിട്ടാണ് പോകുന്നത് .
ഇനി വീട്ടിൽ പോയി ഒന്നു വിസ്തരിച്ച് കുളിക്കണം നിങ്ങളുടെ സംസ്ക്കാരവും ,സഞ്ചയനവും പുലകുളിയും ഒരുമിച്ച് നടത്തണമെനിക്ക് എന്നാലെ എന്റെ മനസ്സ് തൃപ്തിപ്പെടൂ..."
മറ്റൊന്നും പറയാൻ നിൽക്കാതെ ഞങ്ങൾ അവിടിന്നിറങ്ങി..
അറിവ് വച്ച കാലം മുതൽ എന്റെയുള്ളിൽ നീറി പ്പുകഞ്ഞ നെരിപ്പോട് അവിടെ കെട്ടടങ്ങുകയായിരുന്നു ...
സജിത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot