നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഞാവൽമരത്തണലിൽ

Image may contain: Giri B Warrier, smiling, beard, closeup and outdoor
*****
"നീ കൊറച്ചങ്ങോട്ട് മാറി നിന്നോളൂ, നടു ഒടിഞ്ഞിരുന്നിട്ട് ഒരു ചെറിയ ചടങ്ങ് കൂടി ഉണ്ട്."
അമ്മയുടെ ചിതയ്ക്ക് തീ പടരാൻ തുടങ്ങിയിരുന്നു. മരിക്കുന്നതിന് മുൻപ് അമ്മ ഉടുത്തിരുന്ന വസ്ത്രങ്ങൾ എല്ലാം ഒരു മുളച്ചീന്തുകൊണ്ട് എടുത്ത് ചിതയിലേക്ക് ഇടുന്നതും നോക്കി നിൽക്കുമ്പോളാണ് അമ്മാമൻ പറഞ്ഞത്.
"കണ്ണെരിയാൻ തുടങ്ങും ഇപ്പോൾ.. അതോണ്ടാ മാറി നിൽക്കാൻ പറഞ്ഞതു്."
തറ്റുടുത്തതിന്റെ ഒരറ്റത്ത് ശേഷം കെട്ടിയത് ഒന്ന് മുറുക്കിയുടുത്തു. കുറച്ച് മാറി ഞാവൽമരത്തിന്റെ താഴെ പോയിരുന്നു. അച്ഛന്റെ മടിയിൽ ഇരിക്കുന്ന പ്രതീതി തോന്നി.
ചിതയ്ക്ക് തീ പിടിച്ചപ്പോൾ നാട്ടുകാർ ഓരോരുത്തരായി പിരിഞ്ഞുപോകാൻ തുടങ്ങി. ചിലർ വന്ന് കൈപിടിച്ച് അനുശോചനം അറിയിച്ചു, ചിലർ വെറുതെ ഒന്ന് കൈകൂപ്പി, ജനിച്ചുവളർന്ന നാടായിട്ടുകൂടി ഇവിടെ ഞാൻ അറിയുന്നവർ വിരളമായിരുന്നു.
വയസ്സായ അമ്മയെ തിരിഞ്ഞു നോക്കാത്ത മകനെ എല്ലാവരും അറിയും. പലരുടെയും മുഖത്ത് ആ പുച്ഛം പ്രകടമായിരുന്നു.
"എന്തായാലൂം ഒരു ദിവസെങ്കിൽ ഒരു ദിവസം, അവൾക്ക് നിന്നെ ഒന്ന് കാണാൻ കഴിഞ്ഞൂലോ. അവൾ ഒരിക്കലും വിചാരിച്ചിട്ടില്ല ഈ ജന്മത്തിൽ അതുണ്ടാവുംന്ന് "
എന്റെ മനസ്സിന്റെ ഉള്ളിലെ വിങ്ങൽ എങ്ങിനെ അമ്മാമനെ പറഞ്ഞു മനസ്സിലാക്കും.
വർഷങ്ങൾക്ക്‌ ശേഷം ‌‌ ഇന്നലെ അമ്മാമന്റെ കൂടെ ഈ തറവാടിന്റെ പടിപ്പുര കയറുമ്പോൾ എന്റെ വരവും കാത്ത് ഇറയത്തെ ബെഞ്ചിൽ പടിപ്പുരയിലേക്ക് കണ്ണും നട്ട് കിടന്നിരുന്ന അമ്മയുടെ രൂപം മനസ്സിൽനിന്നും മായുന്നില്ല.
ദൂരെ നിന്നും എന്നെ കണ്ട ഉടനെ പെട്ടെന്നെഴുന്നേറ്റ് മുറ്റത്തേക്കിറങ്ങി വന്ന് കെട്ടിപ്പിടിച്ചു് തലയിലും, കവിളിലും തലോടി. എന്റെ വരണ്ടതും ശുഷ്കിച്ചതുമായ കൈകൾ രണ്ടും കൂട്ടിപ്പിടിച്ച് പതുക്കെ പറഞ്ഞു.
"ന്റെ കുട്ടനാകെ ക്ഷീണിച്ചൂലോ, സാരല്ല്യ ഇനി ഞാൻ നെന്നെ എങ്ങട്ടും വിടില്ല്യ.."
വീടിനു പുറകിലെ ചെറിയ കുളത്തിൽ മുങ്ങിക്കുളിച്ച് തിരികെ എത്തുമ്പോഴേക്കും, അമ്മ തൊടിയിലെ മൂവ്വാണ്ടൻ മാവിൽ നിന്നും മൂത്ത ഒരു മാങ്ങ പൊട്ടിച്ചുകൊണ്ടുവന്ന് നാളികേരവും ചുവന്ന മുളകും കൂട്ടിയരച്ച ചമ്മന്തിയും, പരിപ്പ് മുളോഷ്യവും ഉണ്ടാക്കി കാത്തിരിക്കുന്നുണ്ടായിരുന്നു.
'ഉപ്പ് കൂട്യോ ആവോ ചമ്മന്തീല്..സാധാരണ കല്ലുപ്പാണ് ഇടാറുള്ളത്, അത് കഴിഞ്ഞിരിക്കുണു, പൊടിയുപ്പ് ഒരു കണക്കറിയില്യ ..."
വായ്ക്ക് രുചിയോടെ ഭക്ഷണം കഴിച്ചിട്ട് വർഷങ്ങൾ ആയെന്ന് എങ്ങിനെ അമ്മയോട് പറയും. ഇടയ്ക്ക് ഞാൻ അമ്മയോട് മാപ്പ് പറയാൻ തുടങ്ങിയപ്പോൾ അമ്മ ചൂണ്ടുവിരൽ ചുണ്ടിൽ ചേർത്ത് വെച്ച് പറഞ്ഞു..
"നിക്ക് ഒന്നും കേൾക്കണ്ട.. നീയ്യിനി അതിനെപ്പറ്റി ഒന്നും ഓർക്ക്യേം വേണ്ട, നിന്നെ കണ്ട അവസ്ഥ എന്തായിരുന്നുന്ന് അച്ചു എന്നെ വൈഷ്ണോദേവീന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു. നിന്നെക്കുറിച്ചോർത്ത് ഞാൻ കുറെ തീ തിന്നു, നീ നിന്റെ ജീവിതത്തിലും. കഴിഞ്ഞത് കഴിഞ്ഞു, അതിന്റെ കണക്കെടുത്ത് ഇനിയുള്ള ജീവിതം നീ കളയണ്ട.."
ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ്‌ അമ്മ പറമ്പിലേക്ക് ഇറങ്ങി, ഉറക്കം വരുന്നില്ലെങ്കിൽ കൂടെ വരാൻ പറഞ്ഞു. പറമ്പുമുഴുവൻ ചുറ്റിക്കറങ്ങി, നടക്കുന്ന വഴിയിലെ കവുങ്ങും, തെങ്ങും, പ്ലാവും, മാവും എല്ലാം അമ്മ സ്നേഹത്തോടെ തൊട്ടുതലോടുന്നുണ്ടായിരുന്നു .
"നീയ്യ് പോയശേഷം ഇവരായിരുന്നു എന്റെ കൂട്ട്. കല്ല്യാണം കഴിഞ്ഞ്‌ പോണവരെ ഇടയ്ക്ക് ലച്ചു വരാറുണ്ടായിരുന്നു , അപ്പോൾ ഇതുപോലെ അവളും കൂടെ നടക്കും."
ലച്ചു അമ്മാമന്റെ മകളാണ്. അമ്മയ്ക്ക് അവളെ വലിയ കാര്യമായിരുന്നു. ഞാനും ലച്ചുവുമായുള്ള വിവാഹം അമ്മയുടെ മനസ്സിൽ ഉണ്ടെന്ന് പല സമയത്തും ഉള്ള അമ്മയുടെ സംസാരത്തിൽ നിന്നും ഊഹിച്ചിട്ടുണ്ട്.
പണ്ട് ഞാൻ പരമാവധി സമയം ചിലവഴിക്കാറുള്ള പ്രിയോർ മാവ് വളർന്ന് പന്തലിച്ചിരിക്കുന്നു. അതിന്റെ താഴെയുള്ള കൊമ്പിലാണ് പണ്ട്‌ അച്ഛൻ ഊഞ്ഞാൽ കെട്ടാറുള്ളത്. അതിനുചുറ്റും ഇരിക്കാൻ പാകത്തിൽ തറ പണിതിട്ടുണ്ട്. ഒന്നും സംസാരിക്കാതെ അമ്മ തറയിൽ കുറച്ചുനേരം കണ്ണടച്ചിരുന്നു.
"ഇവിടെ ഇരുന്നാൽ വള്ളി ട്രൗസർ ഇട്ടുനടക്കുന്ന നിന്നെ എനിക്ക് കാണാം. ഞാൻ പറഞ്ഞാൽ അനുസരിക്കാതെ, ഓടിനടക്കുന്ന നിന്നെ കാണാം. പണ്ട് ഇതിന്റെ ചില്ലയിൽ നിന്നും വീണാണ് നിന്റെ കൈകൾ ഒടിഞ്ഞത്. അന്ന് നിന്നെയും കൊണ്ട് ഡോക്ടറുടെ അടുത്തേക്ക് ഞാനും അച്ഛനും ഓടിയത് ഇന്നലത്തെപ്പോലെ മനസ്സിൽ തെളിഞ്ഞുവരും. നീ തൊട്ടടുത്ത് ഉള്ളപോലെ തോന്നും "
കുറച്ചുനേരം അവിടെയിരുന്ന ശേഷം തെക്കേ മൂലയിൽ ഞാവലിന്റെ അടുത്തേക്ക് നടന്നു .
അമ്മ ഞാവലിന്റെ അടിയിൽ കാലുകൾ നീട്ടി ഇരുന്നു
"നീ ഇവ്ടെ വന്നിരിക്ക്‌" അമ്മയുടെ തൊട്ടടുത്ത് നിലത്ത്‌ തട്ടിക്കൊണ്ട് പറഞ്ഞു
"നിന്റെ അച്ഛൻ മരിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോൾ പെയ്ത മഴക്ക് മുളച്ചുവന്ന ഞാവൽ മരമാണ് ഇത്. നീ ഇത് ശ്രദ്ധിച്ചുകാണില്ല. നിനക്ക് അന്ന് പത്ത് വയസ്സ് പ്രായം. പറഞ്ഞാൽ ആരും വിശ്വസിക്കില്ല, നിന്റെ അച്ഛൻ ഞാവൽ പഴം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അച്ഛൻ ജീവിച്ചിരിക്കുമ്പോൾ കുറെ ശ്രമിച്ചു പറമ്പിൽ ഒരു ഞാവൽ നട്ടുപിടിപ്പിക്കാൻ, പക്ഷെ വിജയിച്ചില്ല."
"ഇവിടെ നിന്നാൽ എനിക്ക് നിന്റെ അച്ഛനെ കാണാം. എന്നും നടന്ന് കഴിഞ്ഞ്‌ ഇവിടെ വന്ന് കുറച്ചുനേരം ഈ മണ്ണിൽ കാലുനീട്ടി ഇരിക്കും. അച്ഛനോട് സംസാരിക്കും. എന്നും പറയാൻ എന്തെങ്കിലുമൊക്കെ കാണും. ഈ ഞാവൽമരത്തിന്റെ തണലിൽ സത്യത്തിൽ കുളിർമ്മയേകുന്നത് എന്റെ മനസ്സാണ് "
കുറച്ചുനേരം നിശ്ശബ്ദയായി ഇരുന്നു, പിന്നെ പറഞ്ഞു..
"ഞാൻ മരിച്ചാൽ ഈ ഞാവലിന്റെ അടുത്തൊന്നും എന്നെ ദഹിപ്പിക്കരുത്. ഈ ഞാവൽ മരം കത്തിപ്പോവാൻ പാടില്ല. അത് നിന്റെ അച്ഛനാണ് "
കുറച്ചുമാറി ഒരു ഒഴിഞ്ഞ്‌ സ്ഥലം ചൂണ്ടിക്കാണിച്ച് പറഞ്ഞു..
"ദാ, അവിടെമതി. അവിട്യാവുമ്പോൾ നിന്റെ അച്ഛനെ കണ്ടുകൊണ്ടിരിക്കാം"
തിരിച്ചുവന്ന് അമ്മ അടുക്കളയിൽ കയറി. ഓലക്കടിയും ചകിരിയും കത്തിച്ച അടുപ്പിൽ തന്നെയാണ് ഇപ്പോഴും ഭക്ഷണം പാകം ചെയ്യുന്നത്. കരി പിടിച്ച് അടി മുഴുവൻ ഞളുങ്ങിയ ഒരു പാത്രത്തിൽ കാപ്പിക്ക് വെള്ളം വെച്ചു, കയ്പ്പയ്ക്ക കൊണ്ടാട്ടം വറുത്തെടുത്തു. കാപ്പികുടി കഴിഞ്ഞു വീണ്ടും കിഴക്കേ ഇറയത്ത് വന്നിരുന്നു. മുറ്റത്ത് പായയിൽ ഉണക്കാനിട്ടിരുന്ന കൊണ്ടാട്ടം എല്ലാം എടുത്തുവെച്ചു.
മുറ്റത്തോട് ചേർന്നാണ് തൊഴുത്ത് പണിതിട്ടുള്ളത്. പണ്ട് എല്ലാ കാലത്തും രണ്ടും മൂന്നും പശുക്കൾ ആ തൊഴുത്തിൽ ഉണ്ടാവാറുണ്ട്.
"ഇത് ഇപ്പോൾ വിറകും തേങ്ങയും കൂട്ടിയിടാനുള്ള പുരയായി. നെനക്ക് ഓർമ്മെണ്ടോ നന്ദിനി പശൂനെ.. അതിന്റെ കുട്ടിയായിരുന്നു നെന്റെ ഏറ്റവും വലിയ കൂട്ട്. അതിനെ ആ ചെല്ലപ്പൻ വന്ന് കൊണ്ടുപോയപ്പോൾ, അന്ന് നിനക്ക് കരഞ്ഞു പനിവന്നിരുന്നു. "
സന്ധ്യയ്ക്ക് ദീപം കൊളുത്തി കിഴക്കേ ഇറയത്ത് തുളസിത്തറയിലും, പടിഞ്ഞാറേ ഇറയത്തും ഓരോ തിരിയിട്ടു. പിന്നെ അമ്മയും ഇറയത്ത് വന്നിരുന്നു.
"എന്താണ് നീയ്യും മീനാക്ഷിയും തമ്മിലുള്ള പ്രശ്നം എന്നെനിക്കറിയില്ല. പക്ഷെ ഒന്നെനിക്കറിയാം, അവൾ ഇന്നും നിനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. അച്ചു നിന്നെ തേടി കൽക്കത്തയിൽ പോയപ്പോൾ അവളെ കണ്ടിരുന്നു. അവിടെ നിന്നെയോർത്ത് കണ്ണീർ ഒഴുക്കുന്ന സ്വബോധം നഷ്ടപ്പെട്ട നിലയിലാണ് അവരെ കണ്ടത്. കുട്ടാ, തെറ്റ് നിന്റെയാണെങ്കിൽ തിരുത്തേണ്ട കടമയും നിനക്കാണ്.. കൂടുതലൊന്നും എനിക്ക് പറയാനില്ല."
രാത്രി അത്താഴം കഴിച്ചശേഷം തളത്തിൽ കാലുനീട്ടി ഇരുന്ന് മുറുക്കാൻ ചെല്ലം തുറന്നു. എന്നോട് അമ്മയുടെ മടിയിൽ തലവെച്ച് കിടക്കാൻ പറഞ്ഞു. നാല്പത്തിയാറ് വയസ്സിൽ നിന്നും ആ നിമിഷം ഞാൻ നാലുവയസ്സുകാരൻ ആയി..
പണ്ട് അച്ഛൻ മരിച്ച ശേഷം രാത്രി അത്താഴം കഴിഞ്ഞ്‌ ഇതുപോലെ അമ്മയുടെ മടിയിൽ ഞാൻ തല വെച്ച് കിടക്കാറുണ്ട്, അമ്മ തലയിൽ പേൻ നോക്കും, പിന്നെ മൂളിക്കൊണ്ടിരിക്കും...ആ മൂളലാണ് അമ്മയുടെ താരാട്ട്പാട്ട് . മിക്കവാറും ഞങ്ങളുടെ ഉറക്കം ഈ തളത്തിൽ തന്നെ ആണ് പതിവ്.
ഞാൻ പോയത് മുതൽ ഉള്ള കുറെ കാര്യങ്ങൾ അമ്മ ഓർത്തോർത്ത് പറഞ്ഞു. അയലത്തെ അമ്മുത്തള്ള മരിച്ചതും, അവർ എന്നും എന്നെക്കുറിച്ചു ചോദിക്കാറുള്ളതും, അമ്മാമന്റെ മകൾ ലച്ചു എന്നും എന്നെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടാറുള്ളതും അങ്ങിനെ എല്ലാം.
"ഇവിടെ നിന്റെ അച്ഛൻ ഉണ്ട്. ഞാൻ പോയാലും ഈ മണ്ണുണ്ട്.. ഇനി നീ എങ്ങോട്ടും പോവണ്ട . എനിക്കറിയാമായിരുന്നു ഒരു ദിവസം നീ തിരിച്ചെത്തുമെന്ന്, നിനക്ക് തരാൻ ഞാൻ ഒരു സമ്മാനം സൂക്ഷിച്ചിട്ടുണ്ട്. സമയമാവുമ്പോൾ അത് നിനക്കെത്തിച്ചേരും." അമ്മ സ്വത്തിനെപ്പറ്റിയാവും സംസാരിക്കുന്നതെന്ന് തോന്നി.
രാത്രി എപ്പോഴോ കിടന്നുറങ്ങി. എപ്പോഴാണ് അമ്മ എന്നെ താഴെ കിടത്തിയത്, അമ്മ എപ്പോഴാണു് ഉറങ്ങാൻ കിടന്നതു് എന്നൊന്നും അറിയില്ല.
കാലത്ത് അമ്മാമൻ വിളിക്കുന്ന കേട്ടിട്ടാണ് കതക് തുറന്നത്. സാധാരണ നേരം വെളുക്കുമ്പോൾ മുറ്റമടിക്കാറുള്ള അമ്മയെ കാണാതെ ചോദിയ്ക്കാൻ വന്നതാണ്.
എന്നെ കെട്ടിപ്പിടിച്ചു കിടന്നിരുന്ന അമ്മയുടെ ജീവൻ എപ്പോഴാണ് പോയത് എന്നറിയില്ല.
പിന്നെ നാട്ടുകാരും, ബന്ധുക്കളും എല്ലാം വന്നു. മരണാനന്തര കർമ്മങ്ങൾ ചെയ്തു. ചിലർ പറഞ്ഞു, നീ ഭാഗ്യവാനാണ്, ചിലർ പറഞ്ഞു അമ്മ ഭാഗ്യവതിയാണ്.
"കുട്ടാ, ദാ നടു ഇരുന്നു. വാ, ബാക്കിയുള്ള ചടങ്ങുകൾ കൂടി നടത്താം."
കർമ്മങ്ങൾ ഒക്കെ കഴിഞ്ഞു പറമ്പിലെ കൊക്കർണിയിൽ പോയി മുങ്ങി വന്നു. പടിഞ്ഞാറേ ഇറയത്ത് പോയി ഇരുന്നു. അമ്മായി കൊണ്ടുവന്ന ചൂട് ചായ മെല്ലെ ഊതിക്കുടിച്ചു.
അമ്മ പറഞ്ഞതുപോലെ ഒരു പക്ഷെ ഞാനാണ് തെറ്റുകാരനെങ്കിൽ...അല്ല, ഞാൻ തന്നെയാണ് തെറ്റുകാരൻ....?
ഇരുപത്തിയഞ്ചാം വയസ്സിൽ സ്റ്റാഫ് സെലെക്ഷൻ മുഖാന്തിരം ജോലി കിട്ടി കൽക്കത്തയിൽ എത്തുന്നതും, ഓഫീസിലെ പ്യൂൺ നാരായണേട്ടനെ പരിചയപ്പെട്ടതും, പിന്നീട് നാരായണേട്ടന്റെ വീടിന്റെ മുകളിലെ മുറിയിൽ താമസം ആരംഭിച്ചതും, നാരായണേട്ടന്റെ മകൾ മീനാക്ഷിയെ ഇഷ്ടപ്പെടാൻ തുടങ്ങിയതും, പിന്നീട് ഏതോ ഒരു ദുര്ബലനിമിഷത്തിൽ മീനാക്ഷിയുടെ കൂടെ എന്നെ നാരായണേട്ടൻ കണ്ടതും, അവിടെയുള്ളവർ ചേർന്ന് നിർബന്ധമായി എന്നെക്കൊണ്ട് മീനാക്ഷിയെ കെട്ടിച്ചതും എല്ലാം ഒരു വെള്ളിത്തിരയിലെന്ന പോലെ മനസ്സിൽ മിന്നിമറഞ്ഞു.
അന്ന് വിവാഹം നിശ്ചയിച്ച വിവരം അമ്മയെ അറിയിച്ചപ്പോൾ അമ്മ ഒരൊറ്റ വാക്കേ പറഞ്ഞുള്ളു,
"നീയ്യിനി എന്നെ അമ്മ എന്ന് വിളിക്കണ്ട..എനിക്കൊരു മകനില്ല..."
അമ്മ അതൊരു ദേഷ്യത്തിന് പറഞ്ഞതാവില്ലേ, തെറ്റ് എന്റേതായിരുന്നല്ലോ. ഞാൻ അല്ലെ അമ്മയെ വിളിക്കേണ്ടിയിരുന്നത്.
എവിടെയാണ് പാളിയത്. ഞാൻ മീനാക്ഷിയെ ഇഷ്ടപ്പെട്ടിരുന്നു എന്നത് സത്യം തന്നെയാണ്, ഇന്നും ഇഷ്ടപ്പെടുന്നു, പിന്നെ.
വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷം കൂട്ടുകാർക്ക് കൊടുത്ത പാർട്ടിയിൽ മദ്യത്തിന്റെ ലഹരിയിൽ മറ്റൊരു മലയാളിയായ കോട്ടയംകാരൻ മാത്യു താൻ മീനാക്ഷിയെ ഇഷ്ടപ്പെട്ടിരുന്നുവെന്നും, പക്ഷെ ഒരു സർക്കാർ ജോലിക്കാരനായ എന്നെ കണ്ടപ്പോൾ സ്വകാര്യസ്ഥാപനത്തിലെ ജോലിക്കാരനായ അവനെ അവൾ തഴഞ്ഞതാണെന്നും, പണ്ടും നാരായണേട്ടൻ പലരെയും അവരുടെ മുകളിലെ മുറിയിൽ താമസിപ്പിച്ചിട്ടുണ്ടെന്നും മീനാക്ഷിയുടെ സ്വഭാവം ശരിയല്ലെന്നും മറ്റും പറഞ്ഞപ്പോൾ മുതൽ ആണ് മീനാക്ഷിയുടെ സ്വഭാവത്തിൽ സംശയം തോന്നിത്തുടങ്ങിയത്. കൂടാതെ അയാൾ പറഞ്ഞ ഒരു വാക്കും.. "നാരായണേട്ടൻ ഒരു എടുക്കാചരക്കിനെ നിന്റെ തലയിൽ വെച്ചുകെട്ടിയതാണെന്ന്"
അവൾ തന്നെ ചതിച്ചതാണോ എന്ന ചിന്തയുടെ വിത്ത് ആദ്യമായി അന്നാണ് മനസ്സിൽ മുളച്ചതു്. അവളോട് ആരെങ്കിലും സംസാരിക്കുന്നത് കണ്ടാലോ, അവൾ ആരെയെങ്കിലും നോക്കി ചിരിച്ചാലോ അതെല്ലാം പുതിയ പുതിയ സംശയത്തിന്റെ വിത്തുകളായി മാറി. ആ ചിന്ത എന്നെ മദ്യത്തിന്റെ അടിമയാക്കി. മീനാക്ഷിയെ എന്റെ തലയിൽ കെട്ടിവെച്ചതാണെന്ന ചിന്ത എന്നെ ഭ്രാന്തനാക്കി. അവളെ കാണുന്നതേ വെറുപ്പായിത്തുടങ്ങി.
അവൾ പലവട്ടം ചോദിച്ചിട്ടും എന്റെ കാലുപിടിച്ചു കെഞ്ചിയിട്ടും എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ എനിക്കായില്ല.
പിന്നെ എന്നോ ഒരു രാജിക്കത്തെഴുതി തപാലിൽ അയച്ച് കൽക്കത്തയിൽ നിന്നും വണ്ടി കയറി, എത്തിയത് ബദരീനാഥിൽ. മരണമായിരുന്നു അവസാന ലക്‌ഷ്യം. മരിക്കാൻ ഭയമായിരുന്നു. പകൽ മുഴുവൻ എന്തെങ്കിലും ജോലി ചെയ്യും, കിട്ടുന്ന കാശിനു് മദ്യം വാങ്ങിക്കഴിക്കും. അങ്ങിനെ പന്ത്രണ്ട് കൊല്ലം. അതിനിടയിൽ കുറെ പുണ്യസ്ഥലങ്ങൾ സന്ദർശിച്ചു. എപ്പോഴൊക്കെ അമ്മയെ ഓർമ്മവന്നോ, അപ്പോഴൊക്കെ മദ്യം എല്ലാം മറക്കാൻ സഹായിച്ചു.
ബദരീനാഥിൽ വെച്ച്‌ കണ്ടുമുട്ടിയ ഒരു വ്യദ്ധസന്യാസിനിയാണ് പറഞ്ഞത്‌ ഞാൻ തെറ്റ് ചെയ്തത് രണ്ട് സ്ത്രീകളോടാണ് അതുകൊണ്ട് ആ പാപങ്ങൾ തീരാൻ വൈഷ്ണോദേവി തീർത്ഥാടനം നടത്തുന്നത് നല്ലതാണെന്ന്.
ഒരു ദൈവനിശ്ചയം പോലെയാണ് വൈഷ്ണോദേവിയിൽ വെച്ച് അമ്മാവനെ കാണുന്നത്. കൂടെ അമ്മായിയും ലച്ചുവും ഭർത്താവും കുട്ടികളും എല്ലാം ഉണ്ടായിരുന്നു. താടിയും മുടിയും നീട്ടിവളർത്തിയിട്ടും കൂടി ലച്ചുവാണ് എന്നെ തിരിച്ചറിഞ്ഞത്. പിന്നെ ഒട്ടും താമസിക്കാതെ അമ്മാമനും അമ്മായിയും എന്നെയും കൊണ്ട് അടുത്ത ഫ്ലൈറ്റിൽ നാട്ടിലേക്ക് പോന്നു. ലച്ചുവും ഭർത്താവും കുട്ടികളും തിരിച്ചു ഡൽഹിയിലേക്കും.
"കുട്ടാ, ഇതാരാ വന്നിരിക്കുന്നത് എന്നൊന്ന് നോക്ക്.."
അമ്മാമന്റെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്നും ഉണർന്നത്.
കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, മീനാക്ഷി... ഇവിടെ ? ...
പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ഉപേക്ഷിച്ച മീനാക്ഷിയാണ് ഇതെന്ന് വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല ‌‌, ഉള്ളിലേക്ക് പോയ കണ്ണുകളും, ചപ്പിയ കവിളുകളും, പാറിപ്പറന്ന മുടിയും, മെലിഞ്ഞുണങ്ങിയ ശരീരവുമായി...
മീനാക്ഷി ഓടിവന്ന് കെട്ടിപ്പിടിച്ചു. ഒരായിരം കാര്യങ്ങൾ അവളുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു. പരാതിയും, പരിഭവവും.. എല്ലാം ആ കണ്ണുകളിൽ
"മീനാക്ഷി ഇവിടെ ...?" വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചു.
"ഞാൻ നിന്നെ തേടി കൽക്കത്തയിൽ പോയിരുന്നു. അവിടെ വെച്ചാണ് മീനാക്ഷിയെ കണ്ടത്. വളരെ പരിതാപകരമായ അവസ്ഥയിൽ. നിന്റെയും അവളുടെയും വിവാഹഫോട്ടോ നെഞ്ചോട് ചേർത്ത് മനോനില തെറ്റിയ അവൾ ഒറ്റയ്ക്ക് ആ വീട്ടിൽ ജീവിക്കുകയായിരുന്നു. നല്ലവരായ അയല്പക്കക്കാർ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണം കഴിച്ചുജീവിക്കുകയായിരുന്നു. ഉടനെ ഞാൻ ഓപ്പോളേ വിളിച്ച് എല്ലാം പറഞ്ഞു.. ഒന്നും ചിന്തിക്കേണ്ട, കൂടെ കൂട്ടാൻ പറഞ്ഞു. അവിടെനിന്നും കൊണ്ടുവന്ന് നേരെ ടൗണിൽ മനോരോഗാശുപത്രിയിൽ ചികിത്സ തുടങ്ങി. ഇപ്പോൾ ഒരു വർഷത്തിലധികമായി. ഡോക്ടർ പറയാറുണ്ട്, ഭർത്താവിനെ കിട്ടിയാൽ തീരുന്ന അസുഖേ ഈ കുട്ടിക്കുള്ളൂ എന്ന് ."
സ്വന്തം മകളെപ്പോലെ ഓപ്പോൾ ഇവളെ നോക്കി. ഇടക്കിടക്ക് ടൗണിൽ പോയി കുറെ സമയം ഇവളുടെ കൂടെ ചിലവഴിക്കാറുണ്ടായിരുന്നു. നിന്നെ മീനാക്ഷിയെ ഏല്പിച്ചിട്ടേ ഓപ്പോൾ കണ്ണടക്കൂ എന്ന് പലപ്പോഴും അവളോട് പറയാറുണ്ട്.
"വൈഷ്ണോദേവിയിൽ വെച്ച് നിന്നെ കണ്ടവിവരം ഓപ്പോളോട് പറഞ്ഞപ്പോൾ എന്നോട് പ്രത്യേകം പറഞ്ഞിരുന്നു, മീനാക്ഷിയെപ്പറ്റി നീ ഇപ്പോൾ ഒന്നും അറിയരുത് എന്ന്. നിന്റെ മനസ്സിലെ ദുഷിച്ച ചിന്തകൾ കഴുകിക്കളഞ് ശുദ്ധിവരുത്തി അമ്മ തന്നെ ഇവിടെ അമ്പലത്തിൽ കൊണ്ടുപോയി ആചാരപ്രകാരം മീനാക്ഷിയുടെ കഴുത്തിൽ നിന്നെക്കൊണ്ട് ഒരു മിന്നു കെട്ടിക്കുമെന്ന്"
ഏറെക്കാലമായി ചുട്ടു വരണ്ടു കിടന്നിരുന്ന മരുഭൂമിയിലേക്കു് തോരാതെ ചെയ്തിറങ്ങുന്ന മഴ പോലെ... ഈറനണിഞ്ഞ കണ്ണുകളോടെ, ഗദ്ഗദ കണ്ഠനായി മീനാക്ഷിയുടെ രണ്ടുകൈകളും എടുത്ത് നെഞ്ചോട് ചേർത്ത് വെച്ചു . മീനാക്ഷിയുടെ കൈകൾ പിടിച്ച് അമ്മയുടെ എരിഞ്ഞമർന്ന ചിതയുടെ അടുത്തേക്ക് നടന്നു. രണ്ട് കൈകളും കൂപ്പി മാപ്പുചോദിച്ചു
"ഇനിയൊരിക്കലും അമ്മ തന്ന ഈ സ്വത്ത് കൈവിടില്ല...." മനസ്സിൽ പിറുപിറുത്തു
അപ്പോൾ തൊട്ടപ്പുറത്ത് ഞാവൽമരത്തിന്റെ ചില്ലകൾ പടിഞ്ഞാറൻ കാറ്റിൽ ആടിയുലയുന്നുണ്ടായിരുന്നു
(അവസാനിച്ചു).
ഗിരി ബി. വാരിയർ
29 ജൂൺ 2019 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot