
നിങ്ങളീ വേതാളംപറഞ്ഞ കഥകൾ കേട്ടിട്ടുണ്ടോ.? വേതാളകഥകൾ കേട്ടാലുമില്ലെങ്കിലും സംതൃപ്തമായ ദാമ്പത്യ ജീവിതത്തിന് നമ്മളീ ഭാര്യമാരു പറയണ കഥകളൊക്കെ കേട്ടേ മതിയാകൂ. അല്ലെങ്കിൽ അവളുമാരുടെ കഥ കേൾക്കാൻ ചിലവന്മാരു കാത്തു കെട്ടി നിൽപ്പുണ്ട്. കണ്ണീരൊപ്പാൻ ടവലുമായിട്ട് ! പിന്നെ വിഷമിച്ചീട്ടു കാര്യമില്ലാ.. ഈയുള്ളവൻ വിദേശത്തായിരിക്കുമ്പോ പത്നിക്ക് ഫോൺ ചെയ്യുമ്പോൾ ഒന്നും കേൾക്കാതെ തന്നെ ഫോണും ചെവിയിൽ വച്ച് മുക്കാൽ മണിക്കൂറൊക്കെ ഇരുന്ന് കൂമനെപ്പോലെ മൂളിക്കൊണ്ടിരുന്നീട്ടുണ്ട്. ( അവളു കേൾക്കണ്ട. )
ഞാൻ ഏതായാലും രഹന ഇന്നലെ പറഞ്ഞ കഥ പറയാം.. ഇതു ഞാൻ ശരിക്കു കേട്ടതാ.... അതേന്ന്... ഷത്യായിട്ടും...
അവൾ വർക്ക് ചെയ്യുന്ന ഹോസ്പിറ്റലിൽ ഉണ്ടായ പെണ്ണു കാണൽ കഥ.
സമയം രാവിലെ പത്തു മണി. അവളുടെ കൂടെ വർക്കു ചെയ്യുന്ന ഒരു പെൺകൊച്ച് ഒരു ഫോൺ വന്നപ്പോൾ പെട്ടെന്ന് വ്രീളാവിവശയായി ഓടി വന്നത്രെ..
"ചേച്ചീ.... ഒന്നു സംസാരിക്ക് ചേച്ചീ... എന്നെ പെണ്ണു കാണാൻ വരുന്നവരാ..."
നമ്മളിതൊക്കെ എത്ര കണ്ടതാ എന്ന ഭാവത്തിൽ രഹന ഫോണെടുക്കുന്നു.
"ഹലോ... പറയൂ.. "
" നിങ്ങള് മാളയിലെ ഹോസ്പിറ്റലിലല്ലേ വർക്ക് ചെയ്യണേ...?"
"അതെ.. "
" ഉം... ഞങ്ങള് മാള എത്താറായപ്പോ ഒന്നു ചോദിച്ചതാ.. ആ പെൺകുട്ടി അവിടെയില്ലേ..?"
" ഉം... ഉണ്ട്.. വരൂ.. പിന്നെയ്... പേരെന്താ ? "
" കനകനാ. "
ശ്ശെടാ... ബംഗാളിയാണോ. ഇതെന്താ ഇങ്ങിനെ പറയണേ ?
"ചേട്ടാ. പേരെന്താണെന്നാ ചോദിച്ചത്.!"
"അതല്ലേ പറഞ്ഞേ കനകനാന്ന്.. കനകൻ. ടി. പി. !"
ഓഹോ.. കനകൻ... നല്ല പേര്.
പിന്നെ എല്ലാരുടേം ചിരി നിന്നിട്ടും മണവാട്ടി ആവാൻ പോകുന്നവൾ മാത്രം ഇടക്ക് വെറുതെ ചിരിക്കുന്നു. ഇടക്ക് സെൽഫി എടുക്കുന്നു. ഇടക്ക് ചുമ്മാ കൂട്ടുകാരികളെ പിച്ചി കൊണ്ടോടുന്നു. ഇവൾക്കിതെന്താ പറ്റിയതെന്ന് കൂട്ടുകാരികൾ ഓർത്തു നില്ക്കുമ്പോൾ അവൾ ലജ്ജാപൂർവം ഒരു പ്രസ്താവന നടത്തുന്നു..
" ചേച്ചീ... മെസേജ്.. അവര് ഹോസ്പിറ്റൽ ഗേറ്റിലെത്തീന്ന്...!"
എക്സ്റേ റൂമിലെ നാലു സ്ത്രീകൾക്കും ഒരു പോലെ ആകാംഷ പൊട്ടി മുളച്ചു. വാതിൽ ചെറുതായി ചാരി ആ പഴുതിലൂടെ ഏതെങ്കിലും ചുള്ളന്മാർ കടന്നു വരുന്നുണ്ടോ എന്ന് നോക്കാൻ തുടങ്ങി.
പത്തു മിനിട്ടു കഴിഞ്ഞിട്ടും മുൻവശത്ത് ചുള്ളന്മാരെയൊന്നും കാണാതായപ്പോൾ ഇവർ വിളിച്ചു.
" നിങ്ങളെവിടെ ?"
"ഞങ്ങൾ എക്സ് റേയുടെ അടുത്തെത്താറായി...!"
ഇതു കേൾക്കലും നാലു പേരും അറിയാതെ ചാടി.. കണ്ണുരുട്ടി ചിരിച്ചു.
പിന്നേയും വാതിൽ പഴുതിലൂടെ നോക്കി... എന്നിട്ടും ചുള്ളൻ നഹി..
ആളെ കാണാതായപ്പോ ഭാര്യക്കൊരു ഫുത്തി തോന്നി.
പുറത്ത് ഉണ്ടാവില്ല എന്നുറപ്പുള്ള ഒരു പേഷ്യന്റിന്റെ പേരു വിളിച്ച് പുറത്തേക്ക് ചെന്നു.
"ശാന്ത..."
ശാന്ത ഇല്ലെന്ന് നൂറു ശതമാനം ഉറപ്പാണല്ലോ.. അതു കൊണ്ട് ശാന്തയെ തേടി ചുറ്റും ഒന്നു നടന്നു. പതിനഞ്ചിനും അറുപത്തഞ്ചിനുമിടക്കു പേരിനൊരു പുരുഷു പോലുമില്ല. നിരാശയായി റൂമിൽ വന്നു കൂട്ടുകാരികളെ വിവരം അറിയിച്ചു.
പിന്നേയും പ്രതിശ്രുത വരനെ വിളിച്ച് എഎക്സ് റേയുടെ മുമ്പിലേക്ക് വരാൻ പറഞ്ഞു. ഞാനിണ്ട്ല്ലോ ഇവിടെ എന്ന ചെക്കന്റെ വാക്കു കേട്ട് വീണ്ടും തല പുറത്തേക്കിട്ട് "ശോശാ ...." എന്നു വിളിക്കുകയും കനകനാക്കുള്ള അന്വേഷണം ആരംഭിക്കുകയും ചെയ്തു. പെട്ടെന്ന് ഒരമ്മാമ നടന്നു വന്ന് "ഞാനാ ശോശ....എക്സറേല് തന്നെണോ ഇപ്പോ മലോം മൂത്രോമൊക്കെ പരിശോധിക്കണേ മോളേ...?" എന്നു ചോദിച്ചു
വൈഫിന്റെ മുഖം ഇഞ്ചി കടിച്ച ആരേയോ പോലെയായി.
" ചേച്ചീ.. ലാബ് അപ്പറത്താണ് ട്ടാ... അവര് വിളിക്കും."
രഹന മുഖവും വീർപ്പിച്ചു തിരികെ അകത്തു കയറുമ്പോൾ കനകനേട്ടനെ കാണാനുള്ള ആകാംഷയിൽ കല്യാണ പെണ്ണ് വാതിലിനടുത്ത് തന്നെ പുറം തിരിഞ്ഞു നോക്കി നെടുവീർപ്പിട്ടു നിന്നു,
''ഇങ്ങു വാ പെണ്ണേ... ഇതൊരു മാതിരി ഗർഭമുന കൊണ്ട ശകുന്തളയെപ്പോലെ..''
''ശ്ശോ... ഗർഭമുനയല്ല ചേച്ചീ... ദർഭമുന... അതു വേ.. ഇതു റേ...!''
" ഇങ്ങിനേം എടക്ക് പറയും.. രണ്ടും കണക്കാ...''
എങ്കിലുമീ കനകന എവിടെ പോയി ? മഹിളാമണികൾ പിന്നേം കനകനയെ വിളിച്ച് ഷർട്ടിന്റെ നിറം ചോദിച്ചു.
"നീല ഷർട്ടാന്നേ.. ഞാനീ എക്സ് റേയുടെ മുമ്പിൽ തന്നെ നില്പുണ്ട്. നിങ്ങൾക്കൊന്നു പുറത്തേക്ക് വന്നൂടെ ?"
കനകേട്ടന്റെ അക്ഷമ കേട്ടപ്പോ പെണ്ണിനു നാണം. അത് കൊണ്ടു നാണമില്ലാത്ത രഹന പെണ്ണിനേം കൂട്ടി പുറത്തേക്ക് വന്നു.
എവിടെ നോക്കിയിട്ടും നീല ഷർട്ടില്ല. കുറച്ചു കൂടെ നടന്നു നീങ്ങി റിസപ്ഷൻ വരെ നടന്നപ്പോൾ അതാ ക്ളാ... ക്ളാ.. ക്ളീ.. ക്ളീ.. ക്ളൂ.. ക്ളൂ..
മൈന ദൂരെ ഒരു കസേരയിൽ ഇരിക്കുകയാണ്. സോറി... മൈനയല്ല... കനകേട്ടൻ. ഫോൺ എടുത്തു കുത്തുന്നതിനു മുമ്പേ അയാൾ ഫോൺ എടുത്തു.
"ചേട്ടാ... ലെഫ്റ്റിലേക്ക് നോക്കിയേ.... ഞങ്ങളു കൈ വീശണ കണ്ടാ...?"
അതും പറഞ്ഞ് രണ്ടു മഹിളകളും കൂടി കൈ ഉയർത്തി വീശാൻ തുടങ്ങി. പക്ഷേ.. നീല ഷർട്ടുകാരൻ ഇവരിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ ഫോണും ചെവിയിൽ വച്ച് എഴുന്നേറ്റ് പുറത്തേക്ക് പോയി..
ഇതെന്താണെന്നോർത്ത് വിഷണ്ണരായി ഇവർ നില്ക്കുമ്പോൾ കനകനയുടെ ഫോൺവിളിയിലൊരു പെൺ ശബ്ദം.
" കുറേ നേരായല്ലോ നിങ്ങളീ എക്സ്റേടെ മുമ്പിൽ നിന്ന് അഭ്യാസം എടുക്കണേ.. ഇടക്ക് ഡോറു തുറന്നു നോക്കണ്... ഇടക്ക് കൈ വീശി കാട്ടണ്.. ഇടക്ക് ചിരിച്ചു കാട്ടണ്.. പോലീസിനെ വിളിക്കണോ.. അതോ മര്യാദക്ക് പോണോ...?"
ഇതു കേട്ട് രഹനയുടേയും കല്യാണ പെണ്ണിന്റെയും കണ്ണു തള്ളി. ഇതെന്തു കൂത്ത്..?
ഹലോ.... ഹലോ... എന്ന് തുടർച്ചയായി അവർ വിളിച്ചപ്പോൾ കനകേട്ടൻ വിളി കേട്ടു. പിന്നെ ഇവരോട് ചോദിച്ചു.
"അതേയ്.... നിങ്ങളേത് ഹോസ്പിറ്റലിലാ കൈ വീശണേ ?"
" ഞങ്ങളിവിടെ മാള പ്രൈവറ്റ് ഹോസ്പിറ്റലില്..!"
" ആണോ... ഞഞ്ഞായി...ഞാനിവിടെ മാള ഗവൺമെന്റ് ആശൂത്രിലാ കൈ വീശിയേ. ഇവിടത്തെ സിസ്റ്ററു പോലീസിനെ വിളിക്കാൻ പോയേക്കുവാ. ഇതൊന്നു സോൾവ് ചെയ്തിട്ട് ഇപ്പ വരാട്ടാ.."
ഇനീം കഥയെന്തെങ്കിലുമുണ്ടെങ്കിൽ പറയാട്ടോ...
©അഷ്റഫ് തേമാലി പറമ്പിൽ
By Ashraf Themalipparambil @ Nallezhuth
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക