Slider

സ്കൂളിലെ ഉപ്പുമാവ്

0
Image may contain: Giri B Warrier, smiling, beard, closeup and outdoor
ഓർമ്മക്കുറിപ്പ് | ഗിരി ബി വാരിയർ
"അമ്മേ, ആ കുട്ട്യോള് കഴിക്കണ ഉപ്പുമാവ് എനിക്കും കഴിക്കണം".
ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് അമ്മയോട് ‌ പറഞ്ഞ ഒരു ആഗ്രഹമായിരുന്നു.
നാല് വയസ്സുള്ളപ്പോൾ മുതൽ അമ്മയുടെ കൂടെ നേഴ്സറിയിൽ പോകാൻ തുടങ്ങിയിരുന്നു. അന്ന് തൈക്കാട്ടുശ്ശേരി തറവാട്ടിൽ ആയിരുന്നു താമസം.
അമ്മമ്മയ്ക്ക് എന്റെ പിന്നാലെ ദിവസം മുഴുവൻ ഓടാനുള്ള ശക്തി ഇല്ല എന്ന് പറഞ്ഞപ്പോൾ ആണ് അമ്മ പഠിപ്പിക്കുന്ന സ്‌കൂളിൽ എന്നെയും ചേർക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്.
അമ്മ ആമ്പല്ലൂർ അളഗപ്പചെട്ടിയാരുടെ യുപി സ്കൂളിൽ ടീച്ചറായിരുന്നു. നൂൽക്കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്കായി ഒരു നേഴ്സറിയും അവിടെ ‌ഉണ്ടായിരുന്നു.
അമ്മയുടെ ബാഗിൽ രണ്ട് ചോറ്റുപാത്രം ഉണ്ടാവും ഒന്ന് അമ്മയുടെയും മറ്റേത് എനിക്കായി നെയ് കൂട്ടി കുഴച്ച ചോറും. ഉച്ചക്ക് അമ്മ ചോറ്റുപാത്രങ്ങളും കൊണ്ട് യുപി സ്‌കൂളിൽ നിന്നും നേഴ്സറി സ്കൂളിൽ വരും. അമ്മ വരാത്ത ദിവസം ഭാരതി ടീച്ചർ ചോറ് കുഴച്ച് ഉരുളകളാക്കി വായിൽ തരും.
അത് കഴിഞ്ഞ് ഉപരിപഠനത്തിനായി അളഗപ്പനഗർ എൽ പി സ്കൂളിൽ ഒന്നാം ക്ലാസിൽ പ്രവേശിപ്പിച്ചു.
നൂൽക്കമ്പനിയുടെ മുൻപിൽ ആയിരുന്നു എൽപി സ്കൂൾ. T എഴുതിയ പോലെ ആയിരുന്നു അന്ന് സ്‌കൂളിന്റെ ഡിസൈൻ. മുൻ വശത്ത് മതിലിനോട് ചേർന്ന് ഒരു വരിയായി ക്ലാസുകൾ. പിറകുവശത്തായിരുന്ന മൈതാനം. T യുടെ ലംബമായി കുറെ ക്ലാസുകൾ. ആ ഭാഗത്ത് ഒരു ഓടിട്ട പുരയായിരുന്നു ഉപ്പുമാവുപുര. സ്‌കൂളിന് പിൻവശം നിറയെ തെങ്ങുകളും മറ്റ്‌ മരങ്ങളും ഉണ്ടായിരുന്നു.
അമ്മ ഉച്ചക്ക് ചോറ്റുപാത്രം കൊണ്ടുവരുന്നത് തുടർന്നു. കാര്യം ക്ലാസിൽ ഒന്നാമത്തെ വരിയിലായിരുന്നു എങ്കിലും പഠനത്തിൽ സ്കൂൾ അതുവരെ കണ്ട മന്ദബുദ്ധികളിൽ ഒന്നാമനായിരുന്നിരിക്കാം എന്നാണ് എന്റെ ഒരു വിശ്വാസം. ടീച്ചർമാർക്ക് സർക്കാർ കൊടുക്കുന്ന ശമ്പളം പഠിപ്പിക്കാനുള്ളതാണോ അതോ എന്നെ തല്ലാനുള്ള കൊട്ടേഷൻ ആയിട്ടാണോ എന്ന് പലപ്പോഴും ഓർത്തിട്ടുണ്ട്.
അക്കാലത്താണ് വലിയൊരു മോഹം മനസ്സിൽ കയറിക്കൂട്ടുന്നത്. സ്കൂളിലെ ഉച്ചഭക്ഷണമായ ഉപ്പുമാവ് കഴിക്കണം. കുട്ടികൾ പിറകുവശത്തെ വരാന്തയിൽ വരിയായി ഇരുന്ന് ഉപ്പുമാവ്‌ കഴിക്കുന്നത് കണ്ട് കുറേ വെള്ളം ഇറക്കിയിട്ടുണ്ട്‌.
ഞാൻ പല തവണ എന്റെ ആഗ്രഹം അമ്മയെ അറിയിച്ചു.
''അതൊന്നും നെനക്ക് കഴിക്കാൻ ഉള്ളതല്ല. പാവപ്പെട്ട കുട്ട്യോൾക്കുള്ളതാണ്. "
അങ്ങിനെ ആ മോഹം മുളയിലെ നുളളിക്കളയുന്നതിൽ അമ്മ വിജയിച്ചു എന്ന് അമ്മ കരുതി. പക്ഷെ എന്റെ ഉള്ളിൽ ആ മോഹം ചകിരിക്ക് തീപിടിച്ച പോലെ കിടന്നു. ടീച്ചർമാരുടെ മുറിയിൽ ഇരുന്ന് ഊണ് കഴിക്കുമ്പോൾ എപ്പോഴെല്ലാം ഞാൻ ഈ ആഗ്രഹം പ്രകടിപ്പിച്ചോ, അപ്പോഴെല്ലാം അമ്മ കണ്ണുരുട്ടി കഥകളി കാണിച്ച് എന്നെ ഭീഷണിപ്പെടുത്തി.
ഞാൻ ഉപ്പുമാവ് കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴെല്ലാം അമ്മ വാര്യത്ത് റവയുടെ ഉപ്പുമാവുണ്ടാക്കിത്തന്ന് എന്നെ ശാന്തനാക്കി.
സ്‌കൂളിലെ ഉപ്പുമാവ് കഴിക്കാൻ ഭാഗ്യം കിട്ടിയ ആ കൂട്ടുകാരെ ഓർത്ത് ഞാൻ അസൂയപ്പെടാറുണ്ട്.
അങ്ങിനെ ഒന്നും രണ്ടും മൂന്നും ക്ലാസുകൾ അളഗപ്പ എൽ പി സ്കൂളിൽ ഉപ്പുമാവ് സ്വപ്നം കണ്ട് കഴിഞ്ഞു. അവസാന ദിവസം എന്നെ ആശ്ചര്യചകിതനാക്കിക്കൊണ്ട് അമ്മ ചോറ്റുപാത്രത്തിൽ ഉപ്പുമാവ് വാങ്ങിക്കൊണ്ട് വന്നു.
ഒരൊറ്റ വായ് കഴിച്ചപ്പോൾ രുചിയറിഞ്ഞു. ഇതിലെന്തോ ചതിയുണ്ട്, മറ്റു കുട്ടികൾ എന്തൊരു സ്വാദോടെ ആസ്വദിച്ച് കഴിക്കുന്നു എനിക്കാണെങ്കിൽ വായിൽ വെയ്ക്കാൻ വയ്യ. ഉപ്പില്ല, മുളകില്ല, മധുരമില്ല, വിചാരിച്ച സ്വാദും ഇല്ല.
"അമ്മേ എനിക്ക് അവര് കഴിക്കണ ഉപ്പുമാവ് തന്നെ വേണം. ഇതിന് സ്വാദില്ല." ഞാൻ ഒന്ന് കിണുങ്ങി നോക്കി.
"ഇത് അതന്ന്യാ മോനെ.." ചിരിച്ചുകൊണ്ട് ഉപ്പുമാവ് കൊണ്ടുവന്ന സ്ത്രീ വാതിൽക്കൽ നിൽക്കുന്നു.
"ന്റെ മോനെ, ആ കുട്ട്യോൾക്ക് വീട്ടില് അതിനുള്ള പാങ്ങൊന്നും ഇല്ല്യ, ഒക്കെ കൂലിപ്പണിക്കാരുടെയും, നൂൽക്കമ്പനിയിലെ പണിക്കര്ടെയും ഒക്കെ മക്കളാണ്. അവരുടെ പ്രധാന ഭക്ഷണം ഇതാണ് മോനെ. ഇതിനുവേണ്ടിയാണ് പലരും സ്‌കൂളിൽ വരുന്നതുതന്നെ. മോന് ഇഷ്ടായില്ലെങ്കിൽ കളഞ്ഞോ.." ചിരിച്ചുകൊണ്ട് അത്രയും പറഞ് ആ സ്ത്രീ പോയി.
"ന്റെ കുട്ടാ, വിശപ്പാണ് ഭക്ഷണത്തിന് സ്വാദുണ്ടാക്കുന്നത്. വിശപ്പില്ലെങ്കിൽ നെയ്യ്‌ കൂട്ടിക്കുഴച്ച ചോറായാലും അതിന് സ്വാദ് തോന്നില്ല." അമ്മ എന്നോട് പറഞ്ഞു.
ആ കുട്ടികൾ ആർത്തിയോടെ കഴിക്കുന്ന ഉപ്പുമാവ് വലിച്ചെറിയാൻ തോന്നിയില്ല, അമ്പലത്തിൽ നിന്നും കിട്ടുന്ന ഉണക്കചോറ് ഉണ്ണുന്ന പോലെ ബാക്കിയുണ്ടായിരുന്ന രണ്ടുപിടി ഉപ്പുമാവ് ആസ്വദിച്ച് തന്നെ കഴിച്ചു.
അടുത്ത കൊല്ലം നാലാം ക്ലാസ്സ് മുതൽ തലോർ സ്‌കൂളിൽ ആയിരുന്നു പഠനം.
ഇന്നും ഉപ്പുമാവിനോട് ഉള്ള ഇഷ്ട്ം അതുപോലെത്തന്നെ ഇന്നും നിലനിൽക്കുന്നു.
****
ഗിരി ബി വാരിയർ
09 ജൂലൈ 2019
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo