നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബാലവേണി - ഭാഗം 9അമ്പലത്തിൽ നിന്നും തിരികെ വന്നതും ശ്രീബാലയും വേണിയും ശേഖരന്റെ അടുത്തേക്ക് ഓടി..
"അച്ഛാ..അമ്പലത്തിൽ വെച്ച് ജിതേഷേട്ടനെയും  കണ്ണേട്ടനെയും കണ്ടു.."വേണി കിതച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ അറിഞ്ഞു മക്കളെ..അവർ ഇവിടെ വന്ന് എന്നോട് കാര്യം പറഞ്ഞിരുന്നു.ഇപ്പൊ എല്ലാ തടസങ്ങളും നീങ്ങിയില്ലേ..രണ്ടാൾക്കും സന്തോഷമായില്ലേ?"ശേഖരൻ ചോദിച്ചു.
അവർ രണ്ടുപേരും നാണത്തോടെ മുറിയിലേക്ക് ഓടുന്നത് ശേഖരൻ നിറമിഴികളോടെ നോക്കി ഇരുന്നു..**
ശ്രീബാല സ്കൂളിൽ നിന്നും റിസൈന്‍ ചെയ്തു.വിവാഹത്തിന്റെ തലേന്ന് ശ്രീബാലയും വേണിയും പെട്ടികൾ അടുക്കിപെറുക്കി വെക്കുന്ന തിരക്കിലായിരുന്നു..
"എല്ലാം എടുത്ത് വെച്ചോ മക്കളെ?എന്തെങ്കിലും മറന്നിട്ടുണ്ടോന്ന് ഒന്നുകൂടി ഉറപ്പ് വരുത്തിക്കോളൂ.."ശേഖരൻ മുറിയിലേക്ക് വന്നുകൊണ്ട് ചോദിച്ചു.
"എല്ലാം എടുത്തുവെച്ചു അച്ഛാ..നാളെ രാവിലെ എഴുന്നേറ്റ് ഒന്നുകൂടി നോക്കാം.."ശ്രീബാല പറഞ്ഞു.
അപ്പോഴാണ് അടുക്കിവെച്ച  പെട്ടിയുടെ മുകളിലായി ശേഖരന്റെ ഒരു മുഷിഞ്ഞ ഷർട്ട് ശ്രീബാല എടുത്ത് വെച്ചിരിക്കുന്നത് കണ്ടത്.
"എന്തിനാ മക്കളെ ഇത്?"ശേഖരൻ  അവരെ നോക്കി.ശ്രീബാലയുടെയും വേണിയുടെയും കണ്ണുകൾ നിറഞ്ഞു.
"ഇതുണ്ടെങ്കിൽ അവിടെ ചെല്ലുമ്പോഴും അച്ഛൻ ഞങ്ങളുടെ കൂടെ ഉള്ളതായി തോന്നും.." ശ്രീബാല പറഞ്ഞു.ശേഖരൻ അവരെ രണ്ടുപേരേയും ചേർത്ത് പിടിച്ചു.
"ഈ സമയത്ത് അമ്മ പറഞ്ഞു തരേണ്ട കുറച്ച് കാര്യങ്ങളുണ്ട്.ഇവിടെ ഇപ്പൊ അച്ഛനെ ഉള്ളു അതൊക്കെ പറഞ്ഞ് തരാൻ..ബാല മോള് അവിടെ ചെന്ന് വീട്ടിൽ വെറുതെ ഇരിക്കരുത്.ഒരു ജോലി നോക്കണം.ഇപ്പഴത്തെ കാലത്ത് രണ്ടുപേർക്കും ഒരു സമ്പാദ്യമുള്ളത് നല്ലതാ.ജിതേഷ് മോൻ പഠിപ്പിക്കുന്ന സ്കൂളിൽ തന്നെ ചിലപ്പോൾ ജോലി കിട്ടുമായിരിക്കുമെന്ന് അന്ന് മോൻ പറഞ്ഞിരുന്നു.വേണി മോൾക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യണം. എല്ലാ ദിവസവും അച്ഛനെ വിളിച്ച് വെറുതെ കാശ് കളയണമെന്നില്ല.സൗകര്യം കിട്ടുമ്പോ മാത്രം വിളിച്ചാൽ മതി.രണ്ടാളും ഏത് സാഹചര്യത്തിലും ഒരു പരാതിയുമില്ലാതെ ജീവിച്ചുകൊള്ളും എന്ന് അച്ഛന് അറിയാം.എന്നാലും പറയുകയാ..വിവാഹ ജീവിതത്തിൽ ഒരുപാട് അഡ്ജസ്റ്റ് ചെയ്യണം.തൊട്ടതിനും പിടിച്ചതിനും ഒക്കെ വഴക്കും ദേഷ്യവും തോന്നരുത്.രണ്ടു കൈയും കൂട്ടി അടിച്ചാൽ അല്ലെ ശബ്ദമുണ്ടാവു..അറിഞ്ഞിടത്തോളം പാവങ്ങളാ ജിതേഷും കണ്ണനും.പിന്നെ ഇച്ചിരി മുൻശുണ്ഠിയും വാശിയും ഉണ്ടെങ്കിൽ നിങ്ങൾ കുറച്ച് താഴ്ന്ന് കൊടുത്തേക്കണം.അച്ഛന് ജിതേഷിനെയും കണ്ണനെയും പറ്റി നല്ല അഭിപ്രായമാണ്.അവർ നിങ്ങളെ പൊന്നുപോലെ നോക്കും എന്ന് അച്ഛന് അറിയാം.അച്ഛനെ കൊണ്ട് കഴിയുന്നതുപോലെ അച്ഛൻ അവരെ പറ്റി  അന്വേഷിച്ചിട്ടുമുണ്ട്.നമുക്ക് പക്ഷെ ആരുടേയും ഉള്ള് തുറന്ന് നോക്കാൻ പറ്റില്ലല്ലോ..ഇപ്പഴത്തെ കാലത്ത് പേപ്പറിൽ ഓരോന്ന്  വായിക്കുമ്പോ പേടി തോന്നും.അതുകൊണ്ട് ഇനി എന്തെങ്കിലും കാരണവശാൽ നിങ്ങൾക്ക് അവിടെ അവരുടെകൂടെ അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ , തീരെ നിവർത്തി ഇല്ലായെന്നുണ്ടെങ്കിൽ അവിവേകം ഒന്നും കാണിക്കാൻ നിക്കരുത് അച്ഛന്റെ അടുത്തേക്ക് തിരികെ വന്നേക്കണം.ആയുസുള്ളിടത്തോളം കാലം അച്ഛൻ ഉണ്ടാവും നിങ്ങളുടെ കൂടെ.."
ശേഖരന്റെ സ്വരം ഇടറി.ശ്രീബാലയും വേണിയും ഏങ്ങലടിച്ചുകൊണ്ട് അദ്ദേഹത്തെ മുറുകെ പിടിച്ചു...
അന്ന്  രാത്രി എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായപ്പോൾ ശ്രീബാല ഒളിച്ച് വെച്ചിരുന്ന ഫോണുമെടുത്ത് ബാത്‌റൂമിൽ കയറി ഹരിയെ വിളിച്ചു.
"ഹാലോ ഹരിയേട്ടാ..നാളെ  ആണ് ഞങ്ങളുടെ വിവാഹം..."ശ്രീബാല പറഞ്ഞത് കേട്ട്
അപ്പുറത്ത് നിന്ന് കുറച്ച് നേരത്തേക്ക് അനക്കം ഒന്നും കേട്ടില്ല.
"എന്താ ഹരിയേട്ടാ ഒന്നും മിണ്ടാത്തത്?ഇനിയെങ്കിലും ഒന്ന് വന്നുകൂടെ?ഹരിയേട്ടന്റെ ബാലമോളും വേണിമോളും  സുമംഗലിമാരാകുന്നത് കാണാൻ ഹരിയേട്ടന് ആഗ്രഹമില്ലേ?മറഞ്ഞ് നിന്നെകിലും ഞങ്ങളെ ഒന്ന് കാണാൻ വരാമോ?"ശ്രീബാല ശബ്ദമുണ്ടാക്കാതെ കരഞ്ഞു.
ഹരി എന്തോ സംസാരിച്ചു.
"എപ്പോ ചോദിച്ചാലും പറയും എന്തൊക്കെയോ ചെയ്ത് തീർക്കാനുണ്ടെന്ന്..ബാക്കി ഉള്ളവർ എന്തും പറയട്ടെ..ഹരിയേട്ടൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്."ശ്രീബാല ശബ്ദം താഴ്ത്തി പറഞ്ഞു.ഇടയ്ക്ക് വേണിയുടെ ചുമ കേട്ടപ്പോൾ അവൾ പെട്ടെന്ന് കാൾ കട്ട് ചെയ്തു.എന്നിട്ട് ഭിത്തിയിൽ ചാരി  വാ പൊത്തിപ്പിടിച്ച് ഏങ്ങലടിച്ചു...***
പിറ്റേന്ന് വെളുപ്പിനെ ശ്രീബാലയും വേണിയും എഴുന്നേറ്റ് കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയ് തൊഴുതു.
ഒരുക്കാൻ ബ്യൂട്ടീഷ്യനെ ഏർപ്പാടാക്കാം എന്ന് ജിതേഷും കണ്ണനും പറഞ്ഞെങ്കിലും അത്  വേണ്ട എന്ന് ശ്രീബാല തന്നെയാണ് പറഞ്ഞത്.സ്വർണ്ണ വരകളുള്ള ചുവന്ന ഒരു പട്ടു സാരി ആയിരുന്നു ശ്രീബാലയുടെ വേഷം.ഒരു പച്ചക്കൽ മാലയും രണ്ടു കൈകളിലും ഓരോ സ്വർണ്ണ വളകളും  വീതമുണ്ടായിരുന്നു.സ്വർണ്ണ പൂക്കളുള്ള ഒരു പച്ച പട്ടുസാരിയായിരുന്നു വേണിയുടേത്.ഒരു പാലയ്ക്ക മാലയും ശ്രീബാലയുടെ കൈയിൽ കിടക്കുന്ന പോലത്തെ രണ്ട് വളകളും അവൾ അണിഞ്ഞിരുന്നു.കണ്ണുകളെഴുതി ഒരു വലിയ വട്ടപ്പൊട്ടും  തൊട്ട് മുടി  നിറയെ മുല്ല പൂക്കളും ചൂടി അണിഞ്ഞൊരുങ്ങി വന്ന പെണ്മക്കളെ കണ്ട് ശേഖരന്റെ കണ്ണും മനസ്സും  നിറഞ്ഞു.
ആദ്യം അവരുടെ അമ്മയുടെ ഫോട്ടോയുടെ  മുൻപിൽ നിന്ന് അവർ കണ്ണുകളടച്ച് പ്രാർത്ഥിച്ചു.പിന്നെ ദക്ഷിണ കൊടുത്ത് ശേഖരന്റെ  കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി.അദ്ദേഹം രണ്ടുപേരെയും അനുഗ്രഹിച്ച് പിടിച്ചെഴുന്നേൽപ്പിച്ചു.
പോക്കറ്റിൽ നിന്നും കുറച്ച് മുഷിഞ്ഞ നോട്ടുകൾ എടുത്ത് രണ്ടുപേരുടെയും കൈകളിൽ തിരുകി വെച്ചു.
"എന്തിനാ അച്ഛാ ഇത്..?"ശ്രീബാല കരഞ്ഞുകൊണ്ട് ചോദിച്ചു.
"അച്ഛന്റെ കൈയിൽ നിങ്ങൾക്ക് തരാൻ വേറൊന്നും ഇല്ല മക്കളെ..എന്റെ കുട്ടികളെ പൊന്നിൽകുളിച്ച് ഇറക്കി വിടണമെന്നായിരുന്നു അച്ഛന്റെ മോഹം.പക്ഷെ അച്ഛൻ ഒരു ദരിദ്രനായി പോയി..നിങ്ങൾ എന്നെ ശപിക്കരുത് മക്കളെ.."ശേഖരൻ കരഞ്ഞുകൊണ്ട് ശ്രീബാലയെയും വേണിയെയും കെട്ടിപ്പിടിച്ചു..
ആദ്യം അവർ ജിതേഷ് ഏർപ്പാടാക്കിയ ഒരു ടാക്സിയിൽ  സബ് രെജിസ്ട്രാർ  ഓഫീസിൽ പോയി.അവിടെ കണ്ണനും ജിതേഷും രജിസ്റ്റർ മാരിയേജിനുള്ള  ഫോർമാലിറ്റീസ്  എല്ലാം ശരി ആക്കി  വെച്ചിരുന്നു.ശ്രീബാലയും വേണിയും ചെന്നിറങ്ങിയപ്പോൾ കണ്ണനും ജിതേഷും രാഘവനും അവിടെ അവരെയും കാത്ത് നിൽപ്പുണ്ടായിരുന്നു.താമസിയാതെ സുധിയും അമ്മയും അവിടെ എത്തി.ശ്രീബാലയും ജിതേഷും കണ്ണനും വേണിയും രെജിസ്റ്ററിൽ ഒപ്പ് വേച്ചു .സാക്ഷികളായി സുധിയും അമ്മയും രാഘവനും ഒപ്പു വെച്ചു.  അത് കഴിഞ്ഞ് മഹാദേവന്റെ അമ്പലത്തിൽ വെച്ചുള്ള താലികെട്ടായിരുന്നു.തന്ത്രി പൂജിച്ച് കൊടുത്ത താലി ജിതേഷ് ശ്രീബാലയുടെ കഴുത്തിലും കണ്ണൻ വേണിയുടെ കഴുത്തിലും കെട്ടി.ഒരു നുള്ള് സിന്ദൂരം ജിതേഷും കണ്ണനും  നെറുകയിൽ ചാർത്തിയപ്പോൾ ശ്രീബാലയും വേണിയും കണ്ണുകളടച്ച് മനമുരുകി പ്രാർത്ഥിച്ചു..തന്റെ പെൺകുട്ടികൾ സുമംഗലിമാരായത് കണ്ട് ശേഖരന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി.
പിന്നീട് സുധിയുടെ വീട്ടിലായിരുന്നു  കല്യാണ സദ്യ.സുധിയുടെ അമ്മയും ഭാര്യയും വിഭവസമൃദ്ധമായ സദ്യ ആയിരുന്നു ഒരുക്കിയിരുന്നത്.സദ്യ കഴിഞ്ഞ് ശ്രീബാലയും വേണിയും ആഭരണങ്ങൾ അഴിച്ച് ബാഗിൽ വെച്ചു.വേണിയുടെ ആഭരണങ്ങളും  ശ്രീബാലയുടെ ബാഗിൽ തന്നെയാണ് വെച്ചത്. അവർ തങ്ങളുടെ കല്യാണ സാരി മാറി കോട്ടൺ സാരി ഉടുത്തു. ഇതിനിടയിൽ ജിതേഷ് ശേഖരന് വേണ്ടി വാങ്ങിയ ഒരു മൊബൈൽ ഫോൺ അദ്ദേഹത്തിന്റെ കൈയിൽ  കൊടുത്തു.വേണിയെയും ശ്രീബാലയെയും വിളിക്കാനും മറ്റുമുള്ള അത്യാവശ്യ കാര്യങ്ങൾ പഠിപ്പിച്ചും കൊടുത്തു.സുധിയോടും കുടുംബത്തോടും  യാത്ര പറഞ്ഞ് എല്ലാവരും റെയിൽവേ സ്റ്റേഷനിലേക്ക് പോവാൻ ഇറങ്ങി.
ജിതേഷും കണ്ണനും ഓട്ടോയിലായിരുന്നു.ശേഖരനും ശ്രീബാലയും വേണിയും രാഘവനും ഒരു ടാക്സിയിലും .സ്റ്റേഷൻ എത്തുന്നത് വരെ കാറിൽ ആരും ഒന്നും സംസാരിച്ചില്ല.പെണ്മക്കളെ പിരിയുന്നതോർത്ത് ശേഖരൻ ഇടനെഞ്ചു  പൊട്ടി ഇരിക്കുകയായിരുന്നു.അതെ അവസ്ഥയിലായിരുന്നു പെൺകുട്ടികളും.ടിക്കറ്റ് നേരത്തെ ബുക്ക്  ചെയ്തിരുന്നു.
എല്ലാവരും സ്റ്റേഷനിലെ ബെഞ്ചിൽ ട്രെയിൻ വരുന്നതും  കാത്തിരുന്നു.ശേഖരന്റെ അപ്പുറവും ഇപ്പുറവുമായി ശ്രീബാലയും വേണിയും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഇരുന്നു.
"അച്ഛൻ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ അല്ലെ..രണ്ടുപേരും മുടങ്ങാതെ വിളക്ക്  വെച്ച് പ്രാർത്ഥിക്കണം.അമ്പലങ്ങൾ അടുത്തുണ്ടെങ്കിൽ പറ്റുന്ന  സമയങ്ങളിൽ പോയി തൊഴണം.ചെറിയ ചെറിയ വഴക്കുകൾ  കണ്ടില്ല കേട്ടില്ല എന്ന് വെക്കണം.അച്ഛനെ കാണാൻ നാട്ടിലേക്ക് വരണം എന്ന് പറഞ്ഞ് ഭർത്താക്കന്മാരെ ബുദ്ധിമുട്ടിക്കരുത്.."ശേഖരൻ  പറഞ്ഞു.ശ്രീബാലയും വേണിയും എല്ലാം മൂളികേട്ടിരുന്നു.
"കഴുത്ത് നിറയെ ആഭരണം ഇടുവിച്ച് കൈപിടിച്ച് കൊടുക്കണമെന്നായിരുന്നു അച്ഛന്..പക്ഷെ നിവർത്തിയില്ലാതായിപ്പോയി മക്കളെ.."ശേഖരന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
"അച്ഛാ അമ്മയില്ലാതെയും ഞങ്ങളെ ഇത്രയും വരെ വളർത്തിയില്ലേ ?സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തരാക്കിയില്ലേ?ജീവിതത്തിലെ പ്രധാന ഘട്ടം വന്നപ്പോ ഞങ്ങളുടെ ഇഷ്ടം സാധിച്ചുതന്നില്ലേ?ഇതിൽ കൂടുതൽ ഞങ്ങൾക്ക് എന്താണച്ഛാ വേണ്ടത്?ലോകത്ത് ഏത് കോണിലാണെങ്കിലും  അച്ഛൻ ഞങ്ങളെ കാത്ത് ഇവിടെ ഇരിപ്പുണ്ട് എന്നൊരു ഓർമ്മ മതി എന്ത് പ്രതിസന്ധികളെയും തരണം ചെയ്ത് ഞങ്ങൾക്ക് മുൻപോട്ട് പോകാൻ.." ശ്രീബാലയും വേണിയും കരഞ്ഞുകൊണ്ട്   അദ്ദേഹത്തെ മുറുകെ പിടിച്ചു.
അദ്ദേഹം രണ്ടുകൈകൾ കൊണ്ട്  അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു.രാഘവൻ അവരുടെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
ജിതേഷും കണ്ണനും അവിടേക്ക് വന്നു.
"അച്ഛനും മക്കളും സംസാരിക്കട്ടെ എന്ന് കരുതിയാ  ഞങ്ങൾ മാറി നിന്നത്.."അവർ പറഞ്ഞു.
"മക്കളെ..എന്റെ ജീവനാ ഞാൻ നിങ്ങൾക്ക് പറിച്ച് നൽകുന്നത്..പൊന്നുപോലെ നോക്കിക്കോണേ.."ശേഖരൻ ശ്രീബാലയെയും വേണിയെയും ചേർത്ത് പിടിച്ച് പറഞ്ഞു.
"അച്ഛാ ഞങ്ങളെ സ്നേഹിക്കാനും ഞങ്ങൾക്ക് സ്നേഹിക്കാനും ഇതുവരെ ആരും ഉണ്ടായിരുന്നില്ല.ഞാൻ അച്ഛാ എന്ന് ആദ്യമായി വിളിക്കുന്നതും അങ്ങയെ ആണ്.ഞങ്ങൾക്ക് ജീവനുള്ളിടത്തോളം കാലം ഇവരെ ഒരു കുറവും വരാതെ നോക്കിക്കോളാം.."ജിതേഷും കണ്ണനും  അദ്ദേഹത്തിന് വാക്ക് കൊടുത്തു.അപ്പോഴേക്കും ചൂളം വിളിച്ചുകൊണ്ട് ട്രെയിൻ എത്തി.
ജിതേഷും കണ്ണനും ചേർന്ന് പെട്ടികൾ അകത്ത് കയറ്റി വെച്ചു.
ശ്രീബാലയും വേണിയും ശേഖരന്റെ ഇടവും വലവും  നിൽക്കുകയായിരുന്നു.
"മരുന്നുകളെല്ലാം കഴിക്കേണ്ട സമയവും രീതിയും  അടയാളപ്പെടുത്തി ഞാൻ ഒരു കവറിൽ  ആക്കി അച്ഛന്റെ മുറിയിലെ മേശയുടെ മുകളിൽ തന്നെ വെച്ചിട്ടുണ്ട്. താൽക്കാലിക ആവശ്യത്തിന് കുറച്ച് പൈസ ഞാൻ അലമാരിയിൽ അച്ഛന്റെ മുണ്ടിന്റെ ഇടയിൽ തിരുകി വെച്ചിട്ടുണ്ട്.കൈയിൽ തന്നാൽ അച്ഛൻ വാങ്ങില്ല എന്നറിയാം.അതുകൊണ്ടാ.."ശ്രീബാല വിതുമ്പിക്കൊണ്ട് പറഞ്ഞു.
"എന്തിനാ മക്കളെ അതൊക്കെ.."ശേഖരന്റെ സ്വരം ഇടറി.
"ഞാൻ ഉണ്ടാവുമല്ലോ മോളെ  അവിടെ.ഞാൻ പോയി അന്വേഷിച്ചോളാം ഇടയ്ക്കിടെ..വിഷമിക്കാതിരിക്കു.."രാഘവൻ അവരോട് പറഞ്ഞു.
ട്രെയിൻ വിടാറായി  എന്നറിയിപ്പ് കേട്ടു .
"വന്നേ പോവണ്ടേ നമ്മുക്ക്?"ജിതേഷ് ശ്രീബാലയെ ചേർത്ത് പിടിച്ചു.കണ്ണൻ വേണിയുടെ കൈകൾ പിടിച്ചു.ശേഖരന്റെ കൈകൾ വിട്ട് അവർ മനസ്സില്ലാമനസ്സോടെ ട്രെയിനിൽ കയറി വാതിലിന്റെ സൈഡിൽ നിന്നു.
"അച്ഛനെ ഓർത്ത് ഒരു വിഷമവും വേണ്ട..നന്നായി വരട്ടെ.."ശേഖരൻ പറഞ്ഞു.ട്രെയിൻ നീങ്ങുന്നതനുസരിച്ച് ശ്രീബാലയുടെയും വേണിയുടെയും കരച്ചിലുകൾക്കും ശക്തി കൂടി.ശേഖരൻ കുറച്ച് ദൂരം ട്രെയിനിന്റെ ഒപ്പം നടന്നു.പ്ലാറ്റ്ഫോം   തീർന്നപ്പോൾ അദ്ദേഹം ട്രെയിൻ കണ്ണിൽ നിന്ന് മറയുന്നത് വരെ അവിടെ തന്നെ നിന്നു.രാഘവൻ അദ്ദേഹത്തെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.**
ഫസ്റ്റ് ഏസി ആയിരുന്നു അവർക്ക് ബുക്ക് ചെയ്തിരുന്നത്.ശ്രീബാലയും വേണിയും കരച്ചിൽ തന്നെ ആയിരുന്നു.
"ഇങ്ങനെ കരയല്ലേ. രണ്ടാളും ഡൽഹിയിൽ  എത്തുന്നതിന് മുൻപേ അസുഖം പിടിപ്പിച്ച് വെക്കുന്ന മട്ടുണ്ടല്ലോ "കണ്ണൻ കളിയാക്കി.
"ഞാൻ കോഫി കിട്ടുമോ എന്ന് നോക്കിയിട്ട് വരാം.."ജിതേഷ് കൂപ്പേടെ  ഡോർ തുറന്ന് വെളിയിലിറങ്ങി.
കുറച്ച് കഴിഞ്ഞ് ജിതേഷ് എല്ലാവർക്കുമുള്ള കോഫിയുമായി വന്നു.അത് കുടിച്ച് ശ്രീബാലയും വേണിയും സീറ്റിൽ കണ്ണുകളടച്ച് ചാരി കിടന്നു.
ഉറങ്ങി എഴുന്നേറ്റപ്പോൾ കണ്ണനും ജിതേഷും ഒരു പുസ്തകം വായിക്കുകയായിരുന്നു.
"ടയേർഡ് ആയിരുന്നില്ലേ അതാ വിളിക്കാതിരുന്നത്.."പുസ്തകം മടക്കിവെച്ചുകൊണ്ട് ജിതേഷ് പറഞ്ഞു.
"അല്ല നിങ്ങൾ സയാമീസ് ഇരട്ടകൾ ആണോ?ചേച്ചിം  അനിയത്തീം എപ്പോഴും  ഒട്ടിപ്പിടിച്ചേ ഇരിക്കുള്ളൂ?ഇനി കുറച്ച് നേരം ഞാൻ എന്റെ ഭാര്യയുടെ അടുത്തൊന്ന് ഇരുന്നോട്ടെ?"കണ്ണൻ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു.
പിന്നെ ജിതേഷ് ശ്രീബാലയുടെ അടുത്തും വേണി എഴുന്നേറ്റ്  അപ്പുറത്തെ സീറ്റിൽ കണ്ണന്റെ കൂടെയും ഇരുന്നു.
"രാവിലെ മുതൽ ഇതുപോലെ അടുത്തൊന്ന് കിട്ടാൻ കാത്തിരിക്കുകയായിരുന്നു.അപ്പോഴൊക്കെ ചുറ്റും ആളുകൾ ഉണ്ടായിരുന്നു.."ജിതേഷ് ശ്രീബാലയുടെ കൈ കവർന്നുകൊണ്ട് പതിയെ പറഞ്ഞു.അവൾ ചെറിയ നാണത്തോടെ വെളിയിലേക്ക് നോക്കി ഇരുന്നു.
"കേരളത്തിന് വെളിയിൽ എവിടെയെങ്കിലും പോയിട്ടുണ്ടോ?"കണ്ണൻ വേണിയോട്  ചോദിച്ചു.
"ഇല്ല ഇതാദ്യമാ.."വേണി പറഞ്ഞു.
"എത്ര ദിവസം എടുക്കും ഡൽഹിയിൽ എതാൻ?"വേണി ചോദിച്ചു.
"രണ്ടര.."ജിതേഷ് പറഞ്ഞു.
വേണി കണ്ണനോട് ചേർന്നിരിക്കാൻ നോക്കിയെങ്കിലും അവൻ എന്തുകൊണ്ടോ ഒഴിഞ്ഞുമാറി.
"നീ കൂടുതൽ എന്നോട് മുട്ടി ഉരുമ്മി ഇരുന്നാൽ ഫസ്റ്റ് നൈറ്റ് ഞാൻ ദാ ഇപ്പൊ ഈ ട്രെയിനിൽ വെച്ച് നടത്തും.മനുഷ്യന്റെ കണ്ട്രോൾ കളയാൻ വന്നോളും."കണ്ണൻ സ്വകാര്യം പറഞ്ഞത് കേട്ട് വേണിക്ക്  ചിരിപൊട്ടി.പുറമെ ചിരിക്കുന്നുണ്ടെങ്കിലും വേണിയുടെയും ശ്രീബാലയടുത്തേയും ഉള്ള് നിറയെ ശേഖരന്റെ മുഖമായിരുന്നു.
രണ്ടാം ദിവസം ട്രയിനിലെ ഫുഡ് കഴിച്ച് കണ്ണന്റെ വയർ കേടായി.
വയറ് വേദന കൊണ്ട് അവൻ പുളഞ്ഞു.അത് കണ്ട് വേണിക്ക്  കരച്ചിൽ വന്നു.
"ഫുഡ് പോയ്‌സണിങ് ആയിരിക്കുമോ?പക്ഷെ നമ്മളും അതെ ഫുഡ് അല്ലേ  കഴിച്ചത്?"ശ്രീബാല ചോദിച്ചു.
"എല്ലാവർക്കും  ഒരേപോലെ ഫുഡ് പിടിക്കണമെന്നില്ലല്ലോ.."ജിതേഷ് പറഞ്ഞു.ബാഗിൽ ഉണ്ടായിരുന്ന ഡൈജെഷൻ  സിറപ്പ് കുടിക്കുമ്പോൾ  ഇടയ്ക്ക് ഒരാശ്വാസം വരും.പക്ഷെ പിന്നെയും അത് തന്നെ അവസ്ഥ.അതിന്റെ കൂടെ ഡയറിയയും.
"ഞാൻ ഇവിടെ എങ്ങാനും ഇറങ്ങിയാലോ ജിത്തു..എവിടെയെങ്കിലും ഒരു ലോഡ്ജിൽ മുറി എടുത്ത് ഒരു ഡോക്ടറെ കണ്ടിട്ട് വരാം.ഇങ്ങനെ പോയാൽ ശരി ആവില്ല.."കണ്ണൻ അവശനായി പറഞ്ഞു.
"എങ്കിൽ നമ്മുക്കെല്ലാർക്കും ഇവിടെ ഇറങ്ങാം .ഒരു ഹോട്ടലിൽ മുറി എടുക്കാം .രണ്ടു ദിവസം കഴിഞ്ഞ് പോവാം."ജിതേഷ് പറഞ്ഞു.
"അത് വേണ്ടാ.വീടിന്റെ എഗ്രിമെന്റിൽ ഒപ്പുവെയ്ക്കേണ്ടത് മറ്റന്നാൾ അല്ലെ..ആദ്യം ഒരു തടസം വന്നത് ഒരു വിധം നീങ്ങിക്കിട്ടിയതല്ലേ.ഇനി ഇപ്പൊ വീണ്ടും അത് പോസ്റ്റ്പോൺ ചെയ്യണ്ട.നിങ്ങൾ  വേണിയെയും കൊണ്ട് പൊയ്ക്കോളൂ.ഞാൻ അസുഖം മാറിയിട്ട് വന്നോളാം.."കണ്ണൻ പറഞ്ഞു.
"ഇല്ല കണ്ണേട്ടനെ വിട്ട് ഞാൻ ഒരിടത്തേക്കും ഇല്ല.ജിതേഷേട്ടനും ബാലേച്ചിയും പൊക്കോട്ടെ..നമുക്ക് അടുത്ത സ്റ്റോപ്പിൽ ഇറങ്ങാം.ഏതെങ്കിലും ഹോസ്പിറ്റലിൽ പോവാം."വേണി പറഞ്ഞു.
"വാശി പിടിക്കാതെ വേണി.അടുത്ത സ്റ്റോപ്പ് ഏതാണെന്ന് പോലും എനിക്ക് നിശ്ചയമില്ല.അവിടെ ഇറങ്ങിയാൽ  നിന്നെയും കൊണ്ട് താമസിക്കാൻ പറ്റുന്ന തരത്തിലുള്ള നല്ല ഹോട്ടൽ വല്ലതും കിട്ടുമോയെന്ന്  ഉറപ്പില്ല.ഞാൻ ഒറ്റയ്ക്കാണെങ്കിൽ എവിടെയാണെങ്കിലും താമസിക്കാമല്ലോ.അതുപോലെ അല്ലല്ലോ നീയും കൂടി ഉണ്ടെകിൽ."കണ്ണൻ പറഞ്ഞു.ജിതേഷും കൂടെ വരാം  എന്ന് എത്ര പറഞ്ഞിട്ടും കണ്ണൻ സമ്മതിച്ചില്ല.അതുപോലെ  കണ്ണനെ ഒറ്റയ്ക്കാക്കിയിട്ട് ജിതേഷിന്റെയും  ശ്രീബാലയുടെയും കൂടെ ഡൽഹിക്ക് പോവാൻ വേണിയും തയ്യാറായില്ല.ഒടുവിൽ അടുത്ത സ്റ്റേഷനിൽ കണ്ണനും വേണിയും ഇറങ്ങാൻ തീരുമാനിച്ചു.
"കൈയിൽ മൊബൈൽ ഉണ്ടല്ലോ..വിവരങ്ങൾ അപ്പപ്പോ അറിയിക്കണേ മോളെ.."ശ്രീബാല കണ്ണീരോടെ പറഞ്ഞു.
അടുത്ത സ്റ്റോപ്പ് ആന്ധ്രാ പ്രദേശിലെ റെനിഗുണ്ട എന്ന സ്ഥലമായിരുന്നു.
കണ്ണനും വേണിയും അവിടെ ഇറങ്ങി ഒരു ഓട്ടോക്കാരനോട് തങ്ങളെ  ഏതെങ്കിലും ഒരു ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.ഓട്ടോക്കാരൻ അവരെ ഒന്ന് നോക്കിയിട്ട്  കയറാൻ ആവശ്യപ്പെട്ടു.കണ്ണൻ ഇടയ്ക്കിടെ വേദന എടുത്ത് ഞെളിപിരികൊണ്ടു.ഒരു ചെറിയ ക്ലിനിക്കിന്റെ മുൻപിൽ  ഓട്ടോ നിന്നു.കണ്ണനും വേണിയും അകത്ത് കയറി സിസ്റ്ററോട് സംസാരിച്ചു.പക്ഷെ അവർക്ക് തെലുഗു മാത്രമേ വശമുണ്ടായിരുന്നുള്ളു..വേണി മുറി ഇംഗ്ലീഷിലാണ് സംസാരിച്ചതെങ്കിലും സിസ്റ്റർക്ക് കണ്ണന്റെ അവസ്ഥ  കണ്ടപ്പോൾ കാര്യം പിടികിട്ടി.അവർ ഉടനെ അവിടെ ഉണ്ടായിരുന്ന ഡോക്ടറെ വിളിച്ചു.ഡോക്ടർ കണ്ണന് ശർദിലും  ഡയറിയയും നിൽക്കാനുള്ള ഒരു മരുന്ന് നൽകി.പിന്നെ കുറച്ച് നേരം ഡ്രിപ് ഇട്ട് കിടത്തി.
കുറച്ച് ഗുളികകൾ കൂടി കുറിച്ച് മേടിച്ച്  കണ്ണനും വേണിയും അവിടെ നിന്നിറങ്ങി.വെളിയിൽ കിടന്ന ഓട്ടോകളിൽ ഒരെണ്ണത്തിൽ കയറി.അടുത്തെവിടെയെങ്കിലും നല്ലൊരു ഹോട്ടലിൽ തങ്ങളെ  കൊണ്ടെത്തിക്കാൻ കണ്ണൻ അയാളോട് ആവശ്യപ്പെട്ടു.കണ്ണന് തെലുഗു നല്ല വശമുണ്ടായിരുന്നു.
"ഇപ്പൊ വയ്യായ്ക   തോന്നുന്നുണ്ടോ? "വേണി ചോദിച്ചു.
"കുറവുണ്ട്..ട്രെയിനിൽ യാത്ര തുടർന്നിരുന്നെകിൽ ഞാൻ ചത്തുപോയേനേം.."കണ്ണൻ പറഞ്ഞു.
"തെലുഗു എങ്ങനെയാ അറിയാവുന്നത്.."വേണി ചോദിച്ചു.
"തെലുഗു മാത്രമല്ല വേറെ പല ഭാഷകളും അറിയാം.ഞാനൊരു സകല കലാ വല്ലഭൻ അല്ലെ മോളെ.."കണ്ണൻ  ചിരിച്ചു.
"അതെ അതെ കുറച്ച് മുൻപേ കണ്ടു വേദന എടുത്ത് അയ്യോ പോത്തോ എന്നും പറഞ്ഞ് നില വിളിക്കുന്നത്.."വേണിയും ചിരിച്ചു..
ഒരു ചെറിയ ലോഡ്ജിന്റെ മുൻപിൽ ഓട്ടോ നിന്നു.
"ഇക്കട എദൈന മഞ്ചി ഹോട്ടൽ ഉണ്ടാ?( ഇവിടെ വേറെ ഏതെങ്കിലും നല്ല ഹോട്ടൽ ഉണ്ടോ?)"കണ്ണൻ ചോദിച്ചു.
"ഇവി മാത്രമേ ഇക്കട അന്തുബാദുലോ ഉന്തായി..( ഇവിടെ ഇതൊക്കെയേ ഉള്ളു..)"ഓട്ടോക്കാരൻ പറഞ്ഞു.
അയാൾക്ക് കാശ് കൊടുത്തിട്ട് വേണിയും കണ്ണനും ആ ലോഡ്ജിൽ കയറി  ഒരു മുറി എടുത്തു.
അവിടെ ഇരിക്കുന്നവരുടെ നോട്ടവും ഭാവവും കണ്ടപ്പോൾ വേണിക്ക് എന്തോ  പേടി തോന്നി.
"ഞാൻ അപ്പോഴേ പറഞ്ഞതല്ലേ നീ ജിത്തൂന്റേം ബാലേടേം  കൂടെ പൊക്കോളാൻ.."വേണിയുടെ മുഖം കണ്ട് കണ്ണൻ പറഞ്ഞു.
"അത് സാരമില്ല.നാളെ നമ്മുക്ക് തിരികെ പോവാമല്ലോ.."വേണി പറഞ്ഞു.
മുറിയിൽ എത്തിയതും  കണ്ണൻ കട്ടിലിൽ കയറി കിടന്നു.
"വല്ലാത്ത ക്ഷീണം.മരുന്നിന്റെ ആയിരിക്കും നല്ല ഉറക്കം വരുന്നു.ഞാൻ ഒന്ന് കിടക്കട്ടെ..നിനക്ക് വിശക്കുന്നുണ്ടോ?ഫുഡ് മേടിച്ചോണ്ട് വരണോ?"കണ്ണൻ ചോദിച്ചു.
"ഇപ്പൊ വേണ്ട.ഞാനും കിടക്കട്ടെ.അലച്ചിലിന്റെ ആയിരിക്കും തല വേദനിക്കുന്നു."വേണി പറഞ്ഞു.
കിടക്കുന്നതിന് മുൻപ് അവൾ ശ്രീബാലയുടെ ഫോണിൽ വിളിച്ചു.അവർ ട്രെയിനിൽ  ആയിരുന്നത്കൊണ്ട് റേഞ്ച് ഇല്ലായിരുന്നു.
അവിടെ എത്തിയത് മുതലുള്ള വിശേഷങ്ങൾ പറഞ്ഞ് വേണി ശ്രീബാലയ്ക്ക് ഒരു മെസ്സേജ് അയച്ചു.പിന്നെ  വാതിൽ കുറ്റിയിട്ടു.എന്നിട്ട്   കണ്ണന്റെ അടുത്തായി കട്ടിലിൽ കയറി കിടന്നു.
ക്ഷീണം കാരണം അവൾ ഉറങ്ങിപ്പോയി.എഴുന്നേൽക്കുമ്പോൾ മുറിയിൽ നല്ല ഇരുട്ടായിരുന്നു.സമയം അർധരാത്രി കഴിഞ്ഞിരുന്നു.കണ്ണൻ കട്ടിലിൽ തന്നെ കിടപ്പുണ്ട്.നല്ല ഉറക്കമാണ്. ഒരു വിധം എഴുന്നേറ്റ് ലൈറ്റ് ഓൺ ആക്കാൻ തുടങ്ങിയതും ഇരുട്ടിൽ ആരോ അവളുടെ വായ മൂടിക്കെട്ടി ! അവൾ കണ്ണനെ തൊടാൻ കൈയെത്തിച്ചതും ബലിഷ്ഠമായ രണ്ടുകൈകൾ അവളുടെ വയറിൽ പിടിത്തമിട്ടു! ആരോ അവളുടെ കൈകൾ  രണ്ടും കൂട്ടിക്കെട്ടി. പിന്നെ അവളെ പൊക്കിയെടുത്തും കൊണ്ട് വാതിലിന് വെളിയിലൂടെ ഇറങ്ങി.
സമയം അർദ്ധരാത്രിയായിരുന്നതിനാൽ റിസെപ്ഷനിലും ലോബിയിലും ആരും ഉണ്ടായിരുന്നില്ല. അത്കൊണ്ട് അവളുടെ ഞരക്കവും മൂളലും ആരും കേട്ടില്ല!
കണ്ണുകൾ തുറന്നപ്പോൾ താൻ ഓടിക്കൊണ്ടിരിക്കുന്ന ഏതോ വണ്ടിയുടെ പിറകിലാണെന്ന്  വേണിക്ക്  മനസ്സിലായി.ശബ്ദം കേട്ടപ്പോൾ അതൊരു ലോറി ആയിരിക്കുമെന്ന് അവൾ ഊഹിച്ചു.തനിക്ക് ചുറ്റും കുറെ കണ്ടെയ്നർ ബോക്സ് ഇരിക്കുന്നത് കണ്ടു.ലോറി  മുഴുവനും ടാർപോളിൻ ഇട്ട് മൂടിയിരുന്നതിനാൽ അവൾക്ക് വെളിയിലെ കാഴ്ചകൾ ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.
അവൾ എഴുന്നേൽക്കാൻ നോക്കി.കൈ രണ്ടും കൂട്ടികെട്ടിയിരുന്നതിനാൽ അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല.അതേപോലെ വായ മൂടികെട്ടിയത്കൊണ്ട് ശബ്ദവും പുറത്തേക്ക് വന്നില്ല.ലോറി ഏതോ  ചെക്ക് പോസ്റ്റിൽ നിർത്തുന്നതും ഒരു പോലീസുകാരൻ എന്തൊക്കെയോ സംസാരിക്കുന്നതും  അവൾ അറിഞ്ഞു.ആരെങ്കിലും ലോറി പരിശോധിക്കാൻ വരുമെന്നും അപ്പോൾ താൻ ഈ അവസ്ഥയിൽ കിടക്കുന്നത്  കാണുമെന്നും തന്നെ തിരികെ കണ്ണേട്ടന്റെ അടുത്തെത്തിക്കുമെന്നും അവൾ ആശിച്ചു.പക്ഷെ  കുറെ ചെക്ക്പോസ്റ്റുകൾ കടന്നുപോയിട്ടും ആരും ലോറി പരിശോധിച്ചില്ല എന്ന് വേണി  വേദനയോടെ മനസ്സിലാക്കി .കണ്ണനെ  ഒറ്റയ്ക്ക് വിടാൻ മനസ്സില്ലാഞ്ഞിട്ടാണ് താനും കണ്ണന്റെ കൂടെ റെനിഗുണ്ടയിൽ ഇറങ്ങിയത്.ഓട്ടോ ഡ്രൈവർ ഒരു പക്ഷെ മനപ്പൂർവം തങ്ങളെ  ആ ലോഡ്ജിൽ  എത്തിച്ചതാകാമെന്ന് വേണിക്ക്  തോന്നി.ആ ലോഡ്ജിൽ ഇരുന്നവരുടെ അശ്ലീല  നോട്ടവും വർത്തമാനവും കണ്ടപ്പോൾ തന്നെ കണ്ണനെയും  കൂട്ടി അവിടെ നിന്ന് ഇറങ്ങിപ്പോരേണ്ടതായിരുന്നു.അവരിൽ ഏതെങ്കിലും ഒരാളാവാം തന്നെ കടത്തിക്കൊണ്ടുപോവുന്നതെന്ന് വേണി  ഊഹിച്ചു.കണ്ണന്റെയും ശ്രീബാലയുടെയും ജിതേഷിന്റെയും മുഖം ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.ഇനി എന്നെങ്കിലും തനിക്ക് അവരുടെ അടുത്തേക്ക് തിരികെ പോവാൻ കഴിയുമോ എന്നോർത്തപ്പോൾ അവളുടെ ഹൃദയം  വെന്തുരുകി.
പിന്നെയും കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ലോറി എവിടെയോ നിന്നു.
ഡ്രൈവിംഗ് സീറ്റിൽ നിന്നും ആരോ ചാടി ഇറങ്ങുന്ന ശബ്ദം കേട്ടു.ലോറിയുടെ പിറകിലേക്ക് കയറി ടാർപോളിൻ പാതി നീക്കുന്നതും  തന്റെ അടുത്തേക്ക് കാലൊച്ച അടുത്ത് വരുന്നതും വേണി  പേടിയോടെ ശ്രദ്ധിച്ചു!

തുടരും.....( അടുത്ത ഭാഗം നാളെ, ഇതേസമയം  )
അഞ്ജന ബിജോയ് 

Click here to read all Published parts: - ബാലവേണി നോവൽ  - https://www.nallezhuth.com/search/label/BalaveniNovel
(കഥ ഇഷ്ടമാകുന്നുണ്ടെങ്കിൽ അഭിപ്രായം പറയണേ)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot