Slider

ലാ കാതറിന്‍

0
Image may contain: 1 person, sky and outdoor
************************
“ഈ കപ്പല്‍ ആത്മഹത്യ ചെയ്തതാണ്.”വൃദ്ധന്‍ പറഞ്ഞു.
“കപ്പലുകള്‍ എങ്ങിനെയാണ് ആത്മഹത്യ ചെയ്യുന്നത്?ഇതൊരു അപകടമാണ്.അല്ലാതെന്ത്?.”ഞാന്‍ ചോദിച്ചു.
കടല്‍ക്കാറ്റില്‍ വൃദ്ധന്റെ നരച്ച മുടി പ്രതിഷേധിക്കുന്ന മട്ടില്‍ പാറിപ്പറന്നു.
“നിങ്ങള്‍ രാജ്യത്തിലെ ഏറ്റവും വലിയ കപ്പല്‍ വിദഗ്ധനാണ്.ഞാന്‍ സമ്മതിക്കുന്നു.പക്ഷേ കപ്പലുകള്‍ ,അവ മനുഷ്യര്‍ തന്നെ ഉണ്ടാക്കുന്നതെങ്കിലും ,മനുഷ്യർക്ക് പിടി തരാത്ത വിചിത്രമായ പല കാര്യങ്ങളും അവയ്ക്കുണ്ട്.ഞാന്‍ ആറാം വയസ്സ് മുതല്‍ ,അപ്പന്റെ കൂടെ കപ്പല്‍ പണിക്ക് കയറിയതാണ്.പോര്‍ട്ടില്‍ വരുന്ന കപ്പലിലെ ചെറിയ മേയിന്റ്റ്ന്‍സ് ജോലികൾ ചെയ്തിരുന്ന അപ്പന്റെ കൂടെ ,ഞാനും കൂടി.പിന്നെ കുറച്ചു കൂടി വളര്‍ന്നപ്പോള്‍ കപ്പലില്‍ പോയിത്തുടങ്ങി.അമ്പതു കൊല്ലം ഞാന്‍ കപ്പലില്‍ ജോലി ചെയ്തു .പല കപ്പലുകളില്‍.പല നാടുകളില്‍.അത്രയും ജോലി പരിചയം നിങ്ങള്‍ക്കുണ്ടോ?”അയാള്‍ ശബ്ദമുയര്‍ത്തി എന്നോട് ചോദിച്ചു.
ഞാന്‍ ഇല്ലെന്നു തലയാട്ടി.
"എല്ലാ ആത്മഹത്യകളും ഒരു തരത്തിൽ അപകടങ്ങളല്ലേ?"വ്യദ്ധൻ സ്വയം ചോദിക്കുന്നത് ഞാൻ കേട്ടു.
വിക്ടര്‍ ഇമ്മാനുവല്‍ എന്ന ആ വൃദ്ധന്‍ അത്രയും സംസാരിച്ചതിന്റെ ക്ഷീണത്തില്‍ ഒന്ന് ചുമച്ചു.പിന്നെ ഒരു സിഗരറ്റ് കത്തിച്ചു.എനിക്ക് അയാള്‍ പറയുന്നത് എതിര്‍ക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മകന്‍ പോള്‍ വിക്ടര്‍ ഇമ്മാനുവലായിരുന്നു ‘ലാ കാതറിന്‍’ എന്ന ആ മര്‍ച്ചന്റ് കപ്പലിന്റെ കപ്പിത്താന്‍.മൂന്ന് വര്‍ഷം മുന്‍പ് പോര്‍ട്ട് സി യിലേക്കുള്ള യാത്രയില്‍ വച്ച് കാതറിന്‍ കടലില്‍ കാണാതായി .കപ്പലിനെക്കുറിച്ച് നാളുകളായി ഒരു വിവരവും ഇല്ലായിരുന്നു.എന്നാല്‍ തകര്‍ന്ന കപ്പലിന്റെ അവശിഷ്ടം ഒരു വര്‍ഷം മുന്‍പ് സീ ഡൈവര്‍മാര്‍ കണ്ടെത്തി.തകര്‍ന്ന കപ്പല്‍ വീണ്ടെടുക്കുക എന്ന ജോലി പോര്‍ട്ട്‌ സി യിലെ ഹോളിമരിയ ഷിപ്പിംഗ് കമ്പനി ഏറ്റെടുത്തു.അതൊരു കോണ്ട്രാക്റ്റ് ജോലിയാണ്.കഴിഞ ആഴ്ച ഹോളിമരിയ കമ്പനി കപ്പല്‍ പൂര്‍ണമായി വീണ്ടെടുത്തു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ആ വീണ്ടെടുത്ത കപ്പലിന്റെ പരിശോധന നടത്തുകയാണ് എന്റെ ടീം..ലോയിഡ്സ് ഇന്‍ഷുറന്‍സ് കമ്പനിയിലാണ് കാതറിന്‍ എന്ന ഈ കപ്പല്‍ ഇന്‍ഷുര്‍ ചെയ്തിരുന്നത്.ഷിപ്പിംഗ് വിദഗ്ദ്ധനായ എന്റെ തീരുമാനത്തെ ആശ്രയിച്ചാണ് കപ്പലിന് ഇന്‍ഷുറന്‍സ് തുക നല്‍കണോ എന്ന് തീരുമാനിക്കുന്നത്.അതിനാണ് കമ്പനി എന്നെ ഇങ്ങോട്ട് അയച്ചത്.ഏറെ ദിവസത്തെ പണിക്ക് ശേഷം ഇന്ന് ഞാന്‍ അവധിയെടുത്തു.ഒരു തകര്‍ന്ന കപ്പലിന്റെ അപകടകാരണം കണ്ടെത്തുക എന്നാ പണി വളരെ പ്രയാസകരമാണ്.
കടല്‍മഴ പെയ്യാന്‍ തുടങ്ങി.വലിയ തുള്ളികള്‍ ഞങ്ങള്‍ നിന്നിരുന്ന കടല്‍പ്പാലത്തിന്റെ തുരുമ്പിച്ച കൈവരികളില്‍ വീണു.വൃദ്ധന്‍ ഒരു സിഗരറ്റ് എനിക്ക് തന്നു.അതിനുശേഷം അയാൾ അടുത്ത സിഗരറ്റ് കത്തിച്ചു.
പതിനാലു ജോലിക്കാരാണ് ക്യാപ്റ്റന്‍ ഉള്‍പെടെ ആ കപ്പലില്‍ ഉണ്ടായിരുന്നത്.ദുരൂഹമായ കാര്യം ആരുടേയും ശവത്തിന്റെ അവശിഷ്ടങ്ങള്‍ ,തകര്‍ന്ന കപ്പലില്‍ ഉണ്ടായിരുന്നില്ല എന്നതാണ്.മഴ കനക്കാന്‍ തുടങ്ങി.കാറ്റും.അല്പം അകലെ ,കരയിലേക്ക് വലിച്ചിട്ട കാതറിന്റെ ഇരുമ്പ് ശരീരം ,കടല്‍മഴയില്‍ ,ഒരു കറുത്ത വണ്ടിന്റെ അസ്ഥികൂടം പോലെ കാണപ്പെട്ടു.
“സര്‍ ,ഹോട്ടല്‍ റൂമിലേക്ക് പോകാം.”അനന്തരാമന്‍ കുടയുമായി വന്നു.
അയാള്‍ ഹോളിമരിയ കമ്പനിയിലെ ഒരു ചെറുപ്പക്കാരന്‍ എഞ്ചിനീയറാണ്.ഞാന്‍ പോക്കറ്റില്‍ കിടന്ന ക്യാപ്പ് തലയില്‍ വച്ച് അവന്റെയൊപ്പം ബൈക്കില്‍ കയറി റൂമിലേക്ക് പോയി.കിഴവന്‍ വിക്ടര്‍ ഇമ്മാനുവല്‍ ചിന്തയില്‍ മുഴുകി നില്‍ക്കുകയാണ്.അയാളെ വിളിച്ചാലും വരില്ല. കപ്പല്‍ കരയില്‍ എത്തിച്ച അന്നുമുതല്‍ എല്ലാദിവസവും രാത്രിയാകുന്നത് വരെ അയാള്‍ ,മകന്‍ നിയന്ത്രിച്ച കപ്പലിലേക്കും പിന്നെ കടല്‍പ്പരപ്പിലെക്കും നോക്കിനില്‍ക്കും.ഒരു പക്ഷേ ,ഒരു മഴത്തുള്ളിക്കൊപ്പം അയാളുടെ മകനും ആ കടല്‍പ്പരപ്പില്‍ പ്രത്യക്ഷപ്പെടുമോ എന്ന് നോക്കിനില്‍ക്കുന്നത് പോലെ തോന്നും .അത് കൊണ്ട് ഞാന്‍ അയാളെ ശല്യപ്പെടുത്തിയില്ല.
“സര്‍ ,പരിശോധന തീരാറായോ ?”അനന്തരാമന്‍ ചോദിച്ചു.
“കപ്പലിന്റെ പരിശോധന കഴിഞ്ഞു.മനസ്സിന്റെ പരിശോധന കഴിഞ്ഞില്ല.”
“അതെന്താ സര്‍ ,മനസ്സിന്റെ പരിശോധന?”
“കപ്പലിന്റെ ശരീരം പരിശോധിച്ചിട്ട്‌ ,അപകടത്തിന്റെ കാരണം ഇത് വരെ മനസ്സിലായില്ല.ഇനി പരിശോധിക്കാനുള്ളത് മനസ്സാണ്.”
“കപ്പലിന്റെ മനസ്സ് എങ്ങിനെ പരിശോധിക്കും സര്‍ ?”
“മരിച്ചു പോയ മനുഷ്യരുടെ മനസ്സ് എങ്ങിനെ പരിശോധിക്കും അനന്തരാമാ?”
“അറിയില്ല സര്‍,ഒരു പക്ഷേ അവരുടെ സുഹൃത്തുക്കള്‍ പരിചയക്കാര്‍ ,അവരുമായി സംസാരിച്ചാല്‍ എന്തങ്കിലും മനസ്സിലാകും.” അവന്‍ പറഞ്ഞു.
“ഒരു കപ്പലിന്റെ ഏറ്റവും അടുത്ത സുഹൃത്ത്‌ ആരാണ് ?”
“ക്യാപ്റ്റന്‍.”
ഞങ്ങള്‍ സംസാരം നിര്‍ത്തി.
“സര്‍ ,സാറിന്റെ തീരുമാനം പോലിരിക്കും എന്റെ ഭാവി.എനിക്കിനി ആത്മഹത്യയെ മാര്‍ഗമുള്ളു.”അല്പം കഴിഞ്ഞു അവന്‍ മെല്ലെ പറഞ്ഞു.
കാതറിന്‍ എന്ന കപ്പലുമായി ബന്ധപ്പെട്ടു തകരുന്ന രണ്ടാമത്തെ കമ്പനിയാണ് ഹോളി മരിയ.ആദ്യം തകര്‍ന്നത് കപ്പലിന്റെ ഉടമകളായ ബ്ലൂ വാട്ടര്‍ വെസല്‍സ് എന്ന കപ്പല്‍ കമ്പനിയാണ്.അവരാണ് കാതറിന്‍ എന്ന കപ്പലിന്റെ ഉടമകള്‍.കാതറിന്റെ മരണം കമ്പനിയെ ശ്വാസം മുട്ടിച്ചു.കമ്പനി ഇപ്പോള്‍ ഏകദേശം പൂട്ടിയ മട്ടാണ്.ഈ ഇന്‍ഷുറന്‍സ് തുക കിട്ടിയാല്‍ ഒരു പക്ഷേ ,ഹോളി മരിയ കമ്പനിക്ക് നല്‍കാനുള്ള പണം അവര്‍ക്ക് ലഭിച്ചേക്കും.കമ്പനിയുടമകള്‍ ഇനിയും പലര്‍ക്കും പണം കൊടുക്കാനുണ്ട്.അതില്‍ പ്രധാനം ഒരു കൂട്ടം മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളാണ്.
പോര്‍ട്ട്‌ എ യില്‍ നിന്ന് പാവകളും ധാന്യങ്ങളും ,പോര്‍ട്ട്‌ ബി യില്‍ നിന്ന് സിമന്റും ,തുണിത്തരങ്ങളും കയറ്റി കാതറിന്‍ പോര്‍ട്ട്‌ സി യിലേക്ക് നീങ്ങി..എന്നാല്‍ പോര്‍ട്ട്‌ സി യിലേക്കുള്ള വഴിയില്‍ വച്ച് ,കപ്പലിന്റെ മുന്‍പില്‍ ,സെയിന്റ് വിന്‍സെന്റ് എന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ട് അകപ്പെട്ടു.രാത്രിയായതിനാല്‍ ,കടല്‍ക്കൊള്ളക്കാര്‍ ആണെന്നു കരുതി കപ്പലില്‍നിന്ന് അവരെ വെടിവച്ചു.മത്സ്യബന്ധന ബോട്ടില്‍ ,അഞ്ചു പേര്‍ ഉണ്ടായിരുന്നു.നീന്തി രക്ഷപെട്ട ആല്‍ബര്‍ട്ട് എന്ന ഒരു തൊഴിലാളിയൊഴിച്ചു ബാക്കി നാല് പേരും മരിച്ചു.മത്സ്യത്തൊഴിലാളികളെ കൊന്നതിനു ശേഷം കാതറിന്‍ പാഞ്ഞു പോയി.എന്നാല്‍ കപ്പല്‍ പോര്‍ട്ട് സി യില്‍ എത്തിയില്ല.ആ രാത്രി അത് കടല്‍പ്പരപ്പില്‍നിന്നു മറഞ്ഞു.വര്‍ഷങ്ങള്‍ ഒരു സൂചനയും തരാതെ.ഹോളി മരിയ കമ്പനി വീണ്ടെടുക്കുന്നത് വരെ.
അനന്തരാമന്‍ ഹോളിമരിയയില്‍ ഒരു വര്‍ഷമായി ജോലി ചെയ്യുന്നു.ഒരു വര്‍ഷമായി അവനു ശമ്പളം ലഭിക്കുന്നില്ല.അവന്‍ പോര്‍ട്ട്‌ സിയില്‍ വന്നത് ഒരു യൂറോപ്പ്യന്‍ കപ്പല്‍ കമ്പനിയില്‍ എഞ്ചിനീയറായി ജോലി കിട്ടും എന്ന് കരുതിയാണ്. പക്ഷേ അവന്‍ ചതിക്കപ്പെട്ടു.ഒടുവില്‍ അവന്‍ ഹോളിമരിയയില്‍ ജോലിക്ക് കയറി.ഇത് താത്കാലിക ജോലിയാണ്.ശമ്പളം ഇന്ന് തരാം നാളെ തരാം എന്ന് പറഞ്ഞു കമ്പനി മുന്‍പോട്ടു പോയി.
“തിരിച്ചു നാട്ടിലേക്ക് പോകാന്‍ വയ്യ.അപ്പന്റെ ചിരി കാണണം.അതെനിക്ക് വയ്യ.”അനന്തരാമന്‍ പറഞ്ഞു.ഞാന്‍ അതേ ക്കുറിച്ച് കൂടുതല്‍ ചോദിച്ചില്ല.അവനും അപ്പനും തമ്മിലുള്ള ബന്ധം നന്നല്ല.ഇത്തരം ബന്ധങ്ങള്‍ അന്വേഷിക്കാന്‍ എനിക്ക് ഇഷ്ടമല്ല.അപ്പനും മകനും തമ്മിലുള്ള ബന്ധം അതില്‍ ഏറ്റവും അപകടം പിടിച്ചതാണ്.
അനന്തരാമന് ശമ്പളം കിട്ടണമെങ്കില്‍ ,ഹോളിമരിയയില്‍ പണം കിട്ടണം.അതിനു കാതറിന്റെ ഇന്‍ഷുറന്‍സ് പണം കിട്ടണം.ഇന്‍ഷുറന്‍സ് തുക കൊടുക്കണോ വേണ്ടയോ എന്ന് കമ്പനിക്ക് റെക്കമെന്റു ചെയ്യേണ്ടത് എന്റെ ജോലിയാണ്.ഞാനാകട്ടെ ,ഒരെത്തും പിടിയുമില്ലാതെ കടല്‍ക്കാറ്റില്‍ പറന്നുപോകുന്ന തുണിക്കഷണം പോലെ അലയുന്നു.
“സര്‍ ,ഞാന്‍ തൂങ്ങി മരിക്കും.ഞാന്‍ തീരുമാനിച്ചു.”അനന്തരാമന്‍വീണ്ടും പറഞ്ഞു.പോര്‍ട്ട്‌ സി യിലെ ഉപ്പുകാറ്റിനു അവന്റെ കണ്ണീരിന്റെ രുചി മണത്തു.
അവനും അപ്പനും തമ്മില്‍ ഒരു പക്ഷേ ഇപ്പോള്‍ മിണ്ടാട്ടം പോലും ഉണ്ടായിരിക്കില്ല .ഞാന്‍ ഊഹിച്ചു.ഒരു പക്ഷേ അവന്‍ അപ്പനെ ദു:സ്വപ്നം കാണുകവരെ ചെയ്യുന്നുണ്ടാവും.ഇത്ര നിരാശപ്പെടുന്നതെന്തിനു എന്ന് ചോദിയ്ക്കാന്‍ ഞാന്‍ തുനിഞ്ഞതാണ്.പക്ഷേ വേണ്ടന്നു വച്ചു.
ഇന്നാണ് ഞാന്‍ തീരുമാനം കമ്പനിക്ക് മെയില്‍ ചെയ്യേണ്ടത്.അതിനായി റിപ്പോര്‍ട്ട് തയ്യാറാക്കണം.ഇന്‍ഷുറന്‍സിന് അര്‍ഹമാണെങ്കില്‍ ,അതിനുള്ള കാരണം ഞാന്‍ റിപ്പോര്‍ട്ടില്‍ കാണിക്കണം.അര്‍ഹമല്ലെങ്കിലും അതിന്റെ കാരണം പറയണം.അതായത് കപ്പല്‍ എങ്ങിനെ മുങ്ങി എന്ന് കണ്ടെത്തണം.അതാണ്‌ എന്നെ കുഴക്കുന്നതും.
ഹോട്ടലിലെത്തിയപ്പോള്‍ ഒരു വൃദ്ധ കാത്തിരിക്കുനുണ്ടായിരുന്നു. മേരി വിക്ടര്‍.ക്യാപ്റ്റന്‍ പോള്‍ വിക്ടര്‍ ഇമ്മാനുവലിനെ അവസാനം കണ്ട അയാളുടെ അമ്മ.ഞാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ അവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കണമെന്നു കമ്പനിയിലെ വക്കീലന്‍മാര്‍ നിര്‍ദ്ദേശം തന്നിരുന്നു. താഴെ രേഖപ്പെടുത്തിയ അഭിമുഖം റിപ്പോര്‍ട്ടില്‍ ഞാന്‍ അറ്റാച്ച് ചെയ്തു.
ചോദ്യം :എന്നാണ് നിങ്ങള്‍ മകനെ അവസാനമായി കണ്ടത്?
ഉത്തരം :പോര്‍ട്ട്‌ എ യില്‍ നിന്നു കപ്പല്‍ യാത്ര പുറപ്പെടുമ്പോള്‍ .
ചോ:ക്യാപ്റ്റന്റെ പെരുമാറ്റം എങ്ങിനെയുണ്ടായിരുന്നു.?
ഉ:അവന്‍ ഹാപ്പിയായിരുന്നു.എനിക്കൊരു പാവയെ തന്നു.പിന്നെ ഒരു ഉമ്മ തന്നു.നൂറു കൊല്ലം നശിക്കാതെയിരിക്കുന്ന പാവകള്‍ ആണത്രേ ഇപ്രാവശ്യം കപ്പലില്‍ കൊണ്ട് പോകുന്നത്.അതിലൊന്നാണ് ഇത്.ഇത് പോലെ മമ്മക്കും ആയുസ്സുണ്ടാകട്ടെ എന്നാണ് അവന്‍ ഒടുവില്‍ പറഞ്ഞത്.
ചോ:വിക്ടര്‍ ഇമ്മാനുവല്‍ ,ഇപ്പോഴും കടല്‍ പാലത്തില്‍ നില്‍ക്കുകയാണ്.അദ്ദേഹം എന്നാണു മകനുമായി സംസാരിച്ചത്.?
ഉ:വര്‍ഷങ്ങള്‍.ഒരുപാട് വര്‍ഷങ്ങള്‍.
ചോ:അവര്‍ തമ്മില്‍ നല്ല ബന്ധം അല്ലായിരുന്നോ ?
ഉ:ആയിരുന്നെങ്കില്‍ അവര്‍ തമ്മില്‍ സംസാരിക്കില്ലായിരുന്നോ ?
ചോ::ക്ഷമിക്കണം.അദ്ദേഹം എല്ലാദിവസവും ആ തകര്‍ന്ന കപ്പല്‍ നോക്കി രാത്രിയാവുന്നത് വരെ നില്‍ക്കും.സ്നേഹമുള്ള ഒരു അപ്പന്‍ ,മകന്റെ ശവശരീരം പോലും കാണാന്‍ കിട്ടാത്തതിന്റെ ദു:ഖത്തിലാണ് എന്ന് ഞാന്‍ കരുതി.
ഉ::അയാള്‍ക്ക് മകനോട് അസൂയയായിരുന്നു.തന്നെക്കാള്‍ ചെറുപ്പത്തില്‍ ഒരു കപ്പലിന്റെ ക്യാപ്റ്റന്‍ ആയതിന്റെ അസൂയ.പോളിന്റെ കുഴപ്പം കൊണ്ടാണ് കപ്പല്‍ തകര്‍ന്നത് എന്ന് തെളിയിക്കാനാണ് അയാള്‍ ആ പാലത്തില്‍ നില്‍ക്കുന്നത്.അതിനുള്ള വഴികള്‍ അയാള്‍ ആലോചിക്കുകയാണ്.
ചോ:അവസാനം പോളിനെ കണ്ട ആ നിമിഷങ്ങള്‍ ,മനസില്‍ നല്ലപോലെ പതിഞ്ഞിട്ടുണ്ടാകുമല്ലോ അല്ലെ?
ഉത്തരം:ഉണ്ട്.ഞാന്‍ അവന്റെ അമ്മയാണ്.
ചോ:ആ കൂടിക്കാഴ്ച്ചയില്‍ എന്തെങ്കിലും അസ്വാഭാവികത ഉണ്ടായിരുന്നോ ?
ഉത്തരം:ഉണ്ട്.ഒരു ചെറിയ കാര്യം മാത്രം.അവനു പാവകളെ ഭയമായിരുന്നു.പക്ഷേ എനിക്ക് ഒരു പാവയെ അവന്‍ സമ്മാനം തന്നു.ധൈര്യം തോന്നാനായിരിക്കും..
ചോ:എന്താണ് പാവകളെ ക്യാപ്റ്റന്‍ ഭയന്നതിന്റെ കാരണം ?
ഉത്തരം:അവന്‍ മനുഷ്യരെ തിന്നുന്ന പാവകളെ ഒരിക്കല്‍ സ്വപ്നം കണ്ടു.അവന്റെ വിവാഹത്തിന്റെ ആദ്യരാത്രിയില്‍.അത് അവനെ വല്ലാതെ ഉലച്ചു.അതില്‍പിന്നെയാണ് അവനു അങ്ങിനെ ഒരു പേടി വന്നത്.
ചോദ്യം:പോളും ഭാര്യ മാര്‍ഗരറ്റും തമ്മിലുള്ള ബന്ധം ?അത് നല്ല രീതിയിലായിരുന്നോ ?
ഉത്തരം.:അവള്‍ വളരെ സുന്ദരിയായിരുന്നു.വിക്ടറിനു പക്ഷേ അവളെ ഇഷ്ടമല്ലായിരുന്നു.അതിസുന്ദരിയായ പെണ്‍കുട്ടിയെ മകന് ലഭിക്കുന്നതു കൊണ്ടുള്ള അപ്പന്റെ അസൂയ ആണെന്ന് പറഞ്ഞു പോള്‍, അപ്പനുമായ് വഴക്കിട്ടൂ..മാര്‍ഗരറ്റിനെ,അവന്‍ കെട്ടാനുള്ള ഒരു കാരണം അപ്പന്റെ എതിര്‍പ്പാണ്.
ചോദ്യം:പോര്‍ട്ട്‌ എ യില്‍ ക്യാപ്റ്റനെ യാത്ര അയക്കാന്‍ ഭാര്യ മാര്‍ഗരറ്റ് വന്നില്ല.എന്താണ് കാരണം ?
ഉത്തരം :അവള്‍ ഒരു യാത്രയിലായിരുന്നു.
ചോദ്യം:എവിടക്ക് ?
ഉത്തരം:പോര്‍ട്ട്‌ ബി യിലേക്ക് .എന്തോ ജോലി സംബന്ധമായ ഒരു കാര്യത്തിന്.
ചോദ്യം:കപ്പല്‍ പോര്‍ട്ട്‌ ബി യില്‍ വന്നപ്പോള്‍ മാര്‍ഗരറ്റ് ആ നഗരത്തില്‍ ഉണ്ടായിരുന്നുവോ ?
ഉത്തരം:ഉണ്ടായിരുന്നു.പക്ഷേ കപ്പല്‍ വന്ന വിവരം അവള്‍ അറിഞ്ഞില്ല.
ചോദ്യം :ക്യാപ്റ്റന്‍ അവരെ വിളിച്ചില്ലേ ?
ഉത്തരം:ഒരു ദിവസം മാത്രമേ കപ്പല്‍ അവിടെ തങ്ങിയുള്ളൂ.വളരെ തിരക്കുണ്ടായത് കൊണ്ടാവാം അവന്‍ അവളെ വിളിക്കാഞ്ഞത്.
ചോദ്യം :മാര്‍ഗരറ്റ്.,മാര്‍ഗരറ്റ് രണ്ടു വര്‍ഷം മുന്‍പ് ആത്മഹത്യ ചെയ്തല്ലോ...മരിക്കുന്നതിനു മുന്‍പ് പോളിനെ പറ്റി അവര്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ ?
ഉത്തരം:പോളിന് പോര്‍ട്ട്‌ ബി യില്‍ ഒരു രഹസ്യ ബന്ധമുണ്ടായിരുന്നു.ഒരു കാമുകി.മാര്‍ഗരറ്റ് ഇതറിഞ്ഞുവെന്ന് പോളിന് അറിയില്ലായിരുന്നു.മാര്‍ഗരറ്റ് പോര്‍ട്ട്‌ ബി യില്‍ എത്തിയത്,അവളെ കണ്ടുപിടിക്കാനായിരുന്നു.ഇത് അവളുടെ ഡയറിയില്‍ നിന്ന് ഞാന്‍ വായിച്ചതാണ്.വേറെ ആരോടും ഞാന്‍ ഈ വിവരം ഇത് വരെ പറഞ്ഞിട്ടില്ല.
ചോദ്യം:എന്നിട്ട് ആ കാമുകിയെ മാര്‍ഗരറ്റ് കണ്ടോ ?
ഉത്തരം :ആ കാമുകി അവിടെ ഇല്ലായിരുന്നു.അവളുടെ ഭര്‍ത്താവ് മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ.കൂടുതല്‍ ഒന്നും അതില്‍ എഴുതിയിട്ടില്ല.
ആ അഭിമുഖം അവസാനിച്ചു.ഞാന്‍ ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാനും ,ഒരു അവസാനവട്ട പരിശോധന നടത്താനുമായി ,’ലാ കാതറിന്റെ’ അസ്ഥികൂടത്തിലേക്ക് പോയി.പുറത്ത് ഇരുട്ടില്‍ കടല്‍ ,ഒരു ഇരുണ്ട പലക പോലെ കിടന്നു. അതിനു മുകളിലെ കടല്‍പ്പാലത്തില്‍നിന്ന് പോളിന്റെ അപ്പന്‍ വിക്ടര്‍ ഇമ്മാനുവല്‍ ആത്മഹത്യ ചെയ്ത കപ്പലിനെ നിശ്ചലം നോക്കിനില്‍ക്കുന്നത് കണ്ടുകൊണ്ട് ഞാന്‍ റിപ്പോര്‍ട്ട് എഴുതി.
:ഫൈനല്‍ റിപ്പോര്‍ട്ട് :
മൂന്നുവര്‍ഷം മുന്‍പ് കപ്പലില്‍ കാണാതായ ‘ലാ കാതറിന്‍’ എന്ന കപ്പല്‍ ഹോളിമരിയ കമ്പനി വീണ്ടെടുത്തു.ഇന്‍ഷുറന്‍സ് തീരുമാനത്തിനായി കപ്പലിന്റെ അപകടകാരണത്തെ കുറിച്ച് സമഗ്രമായി ഞാന്‍ അനേഷണം നടത്തി.
കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ പോള്‍ വിക്ടര്‍ ,പോര്‍ട്ട്‌ ബി യില്‍ വച്ച് ,തന്റെ കാമുകിയുമായ് സന്ധിക്കാന്‍ പോകുന്നതാണ് കപ്പല്‍ അപകടത്തിലേക്ക് നയിച്ച ചങ്ങലയിലെ ആദ്യത്തെ സംഭവം.ആദ്യത്തെ കണ്ണി.അവിടെ ആരും കാണാതെ എത്തിയ അയാള്‍ കാണുന്നത് ,തന്റെ ഭാര്യ മാര്‍ഗരറ്റ് ,കാമുകിയുടെ ഭര്‍ത്താവുമായി രതിയില്‍ എര്‍പ്പെടുന്നതാണ്.അയാള്‍ കാണുക ,എന്ന ഉദ്ദേശ്യത്തോടെ തന്നെ ,മാര്‍ഗരറ്റ്,പോളിന്റെ കാമുകിയുടെ ഭര്‍ത്താവുമായി ചേര്‍ന്ന് നടത്തിയ ഒരു പ്രതികാരമായിരുന്നു അത്.എന്നാല്‍ പോള്‍ പ്രതികരിക്കാന്‍ നിന്നില്ല.അയാള്‍ പോര്‍ട്ട്‌ ബിയില്‍ നിന്ന് കപ്പലുമായി പോര്‍ട്ട്‌ സിയിലേക്ക് പോയി.ആ യാത്രയില്‍ ,അയാള്‍ ഒരു ഭ്രാന്തനായി മാറിയിട്ടുണ്ടാവും.
സ്വന്തം ഭാര്യ മറ്റൊരു പുരുഷനുമായി സല്ലപിക്കുന്നത്‌ ഏതൊരു പുരുഷനെയും ഒരുതരത്തില്‍ ഭ്രാന്തനാക്കും.വെടിക്കോപ്പുകൾ സൂക്ഷിക്കാൻ അനുമതിയില്ലാത്ത ചരക്കുകപ്പലിൽ ക്യാപ്റ്റൻ മാത്രം ആയുധവുമായി കയറി.അതേ, തോക്കിനെക്കാൾ ഭ്രാന്തു പിടിച്ച അയാളുടെ മനസ്സായിരുന്നു ആ കപ്പലിലെ വെടിമരുന്ന്.
കപ്പലിലെ പാവകള്‍ അയാളെ തിന്നാനായി വരുന്നു എന്ന് പേപിടിച്ച അയാള്‍ ഭയന്നിടുണ്ടാകും.കൂടെയുണ്ടായിരുന്ന കപ്പലിലെ ,ജീവനക്കാരെ അയാള്‍ കൊന്നു.എതിരെ വന്ന ബോട്ടിലെ തൊഴിലാളികളെയും അയാള്‍ തന്നെ കൊന്നതാണ് എന്ന് വ്യക്തമാണ്.”ചെമ്പന്‍ മുടിയുള്ള ഒരു നാവികന്‍,ഡെക്കില്‍ തനിച്ചു നിന്ന് വെടിയുതിര്‍ക്കുകയായിരുന്നു “ എന്നാണു രക്ഷപെട്ട മത്സ്യത്തൊഴിലാളി ആല്‍ബര്‍ട്ട് മൊഴിയില്‍ പറയുന്നത്.അത് ക്യാപ്റ്റന്‍ പോള്‍ വിക്ടര്‍ തന്നെയാണ്.”പാവകള്‍ തിന്നു മരിക്കുന്നതിനെക്കാള്‍ നല്ലത് ,വെടിയേറ്റ്‌ ചാകുന്നതാണ്” എന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് അയാള്‍ അവര്‍ക്ക് നേരെ വെടി വച്ചത്.കപ്പലിന്റെ ദിശ തെറ്റി ,അയാള്‍ അതുമായി ഭ്രാന്തമായി മറ്റെങ്ങോട്ടോ പോയി.അതിനുശേഷം അയാള്‍ പാവകള്‍ക്ക് തീ വച്ചു കപ്പല്‍ നശിപ്പിക്കാന്‍ ശ്രമിച്ചു.
ഇപ്പോള്‍ അവസാനമായി കപ്പല്‍ പരിശോധിച്ചതില്‍ ,കരിഞ്ഞ നൂറു കണക്കിന് പാവകളും അവയുടെ വയറ്റില്‍ നാവികരുടെ ശരീര അവശിഷ്ടങ്ങളും കണ്ടെത്തി.
എന്റെ ശുപാര്‍ശ,കപ്പലിന് ഇന്‍ഷുറന്‍സ് തുക കൊടുക്കണം എന്നതാണ്.കാരണം കൂടുതല്‍ ആത്മഹത്യകൾ തടയാന്‍ അത് ഉപകരിക്കും.'അനന്തരാമന്‍ ,എന്ന പയ്യന്റെ ജീവന്‍ രക്ഷിക്കാന്‍ അത് സഹായിക്കും.മരിച്ചു പോയ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ അത് സഹായിക്കും.മനുഷ്യത്വമാണ് ബുദ്ധിയെക്കാളും വലുത് എന്ന് ഉന്നതമായ പാരമ്പര്യമുള്ള ലോയ്ഡ്സ്‌ കമ്പനിയെ ഞാന്‍ ഉപദേശിക്കുന്നു.മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ ഇപ്പോള്‍ മാര്‍ഗരറ്റ് ഇല്ല.കാരണം അവള്‍ ആത്മഹത്യ ചെയ്തു.എങ്കിലും അവളുമായി ചേര്‍ന്ന് ,പോളിനോട് പ്രതികാരം ചെയ്ത ആ പുരുഷന്‍ ഇപ്പോഴുമുണ്ട്.അത് ഈ റിപ്പോര്‍ട്ട് എഴുതുന്ന ഞാന്‍ തന്നെയാണ്.നൂറുകണക്കിന് പാവകളുടെ തീക്ഷ്ണമായ നോട്ടങ്ങളില്‍ ഞാൻ എരിയുന്നത്‌ കൊണ്ട് ഈ റിപ്പോര്‍ട്ട് ഇവിടെ അവസാനിപ്പിക്കുന്നു.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo