നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഫ്രഞ്ച് കിസ്സ്

Image may contain: 1 person, beard and closeup

അന്നാമ്മ ചേടത്തിയുടെ കാതിൽ വെട്ടിത്തിളങ്ങുന്ന സ്വർണ കുണുക്കിൽ വിരല് കൊണ്ട് ഒരു തട്ട് തട്ടിയിട്ട് ഔസേപ്പച്ചൻ ചേട്ടൻ ഊണുമുറിയിലെ ഒടുവിലത്തെ അത്താഴത്തിന്റെ ഫോട്ടോയിലേക്കു നോക്കി അന്നാമ്മ ചേടത്തിയുടെ അടുത്ത് ചേർന്നിരുന്നു ഒരു ചോദ്യം ചോദിച്ചു ""ഡീ അന്നാമ്മേ എനിക്കൊരു ഫ്രഞ്ച് കിസ്സ് തരാവോ ???""
തലേ ദിവസം പള്ളിയിൽ പോയി തനിക്കും കെട്ടിയവനും വേണ്ടി കുടുംബകല്ലറക്കു അഡ്വാൻസും കൊടുത്തു വന്നിരിക്കുന്ന അന്നാമ്മ ചേടത്തി ചോദിച്ചു ""എന്നതാ മനുഷ്യാ ഈ ഫ്രഞ്ച് കിസ്സ് ""
"""അതൊരു തരം ഉമ്മയാ...."" ഔസേപ്പച്ചൻ ചേട്ടൻ കൈ കൊണ്ടും കാലു കൊണ്ടും നിലത്തും മേശയിലും ഒരേ സമയം വരച്ച ചിത്രം കണ്ടാൽ "ഒടുവിലത്തെ അത്താഴം" വരച്ച ഡാവിഞ്ചി പോലും എഴുന്നേറ്റു നിന്ന് കയ്യടിക്കും ..
മുഖത്തെ പ്രത്യേക ഭാവം വരുത്തി അടുക്കളയിലേക്കു ഓടിയ അന്നാമ്മ ചേടത്തിക്ക് കിട്ടിയത് നാളെ മക്കളും കൊച്ചുമക്കളും വരുമ്പോൾ കറി വെച്ച് കൊടുക്കാൻ വാങ്ങിച്ചു വച്ചിരുന്ന ചൂര മീനാണ് അത് കറക്കിയെടുത്തതും ഔസേപ്പ് ചേട്ടൻ ഓടിഎത്തിയത് മുറ്റത്തു കൗ കൗ എന്ന് മാത്രം ശബ്ദം ഉണ്ടാക്കുന്ന റോസ്സി എന്ന പൊമേറിയൻ പട്ടിക്കുഞ്ഞിന്റെ അടുത്തേക്കാണ് ..
ഔസേപ്പച്ചൻ ചേട്ടൻ എന്തോ തിന്നാൻ കൊണ്ട് വരുവാണെന്നു കരുതി പൊമേറിയൻ പട്ടിക്കുഞ്ഞു വെളിയിലേക്കു നാക്കും നീട്ടി സ്നേഹത്തോടെ എന്തോ ഒരു ശബ്ദം ഉണ്ടാക്കി ....കൂടിന്റെ അടുത്ത് ചെന്ന ഔസേപ്പച്ചൻ ചേട്ടന്റെ കയ്യിൽ നക്കിത്തുടച്ചു ...
ഔസേപ്പച്ചൻ ചേട്ടന്റെ സന്തത സഹചാരിയായ തോർത്ത് എടുത്തു കൈ തുടക്കുന്നതിനിടയിൽ അകത്തേക്ക് നോക്കി ഫ്രഞ്ച് കിസ്സ് കിട്ടാത്ത വിഷമത്തിൽ വിളിച്ചു പറഞ്ഞു "" നിന്നെക്കാളും സ്നേഹം എന്റെ ഈ ചക്കര റോസ്സിക്ക് ഉണ്ട് ""അത് പറഞ്ഞു സ്നേഹത്തോടെ റോസിയെ നോക്കിയ ഔസേപ്പച്ചൻ ചേട്ടൻ കണ്ടത് താൻ ഒന്നും തിന്നാൻ കൊണ്ടുവന്നില്ലെന്നു മനസ്സിലാക്കിയ റോസ്സി കണ്ണടച്ചു തിരിഞ്ഞു കിടക്കുന്നതാണ് .
തലേ ദിവസം ഉണ്ടാക്കിയ കുരുമുളക് ഇട്ടു കറുപ്പിച്ച പോത്തിറച്ചി ഔസേപ്പച്ചൻ ചേട്ടന്റെ പ്ലേറ്റിലേക്ക് ഇട്ടു കൊടുക്കുന്നതിനിടയിൽ അന്നാമ്മ ചേടത്തി ചോദിച്ചു """എന്തിനാ മനുഷ്യ മുഖം വീർപ്പിച്ചിരിക്കുന്നെ ?..ഞാൻ തരാത്ത എന്തുമ്മയാണ് മനുഷ്യ ഇനി ഈ ലോകത്തുള്ളത് ""അത് പറയുമ്പോൾ സ്നേഹത്തിന്റെ പേരിൽ അറിയാതെ പാത്രത്തിലേക്ക് വീണ രണ്ടു നെയ്‌ക്കഷ്ണം പോത്തിറച്ചി അന്നാമ്മ ചേടത്തി തിരിച്ചെടുത്തു തന്റെ പാത്രത്തിലേക്കിട്ടു ..
""അതൊന്നും അറിയില്ല അമേരിക്കയിൽ നിന്നും വന്ന ജേക്കബ് പറഞ്ഞതാ അവിടെ ഒരു തരം ഉമ്മ ഉണ്ടെന്നു അതിന്റെ പേരാണ് ഫ്രഞ്ച് കിസ്സ്..അവിടെ വഴീലോക്കെ നിന്ന് അങ്ങോട്ടും ഇങ്ങോട്ടും കൊടുക്കുന്നതാണെന്നു ..അങ്ങനെ വഴീൽ നിന്ന് കൊടുത്താലും ആരും മൈൻഡ് ചെയ്യില്ലെന്ന് ...പുള്ളിയും കുറെ വെച്ചിട്ടുണ്ടെന്നു ....അത് കേട്ടപ്പോ മുതൽ എനിക്കൊരു ആഗ്രഹം അതാ ഞാൻ നിന്നോട് ചോദിച്ചേ നിനക്കറിയാം എന്ന ഞാൻ ഓർത്തെ ""അത്രേം പറഞ്ഞു ഔസേപ്പച്ചൻ ചേട്ടൻ തന്റെ ഊരിപ്പോയ വെപ്പ് പല്ലു തിരിച്ചു പൂർവ സ്ഥാനത്തു വെച്ചു ...
ആ വിളക്ക് അണയ്ക്കാൻ ആദ്യ രാത്രിയിൽ ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞപ്പോൾ അന്നാമ്മ ചേടത്തിയുടെ മുഖത്തു അന്ന് ഉണ്ടായതിനെക്കാളും നാണം ഇത് പറഞ്ഞപ്പോൾ ചേടത്തിയുടെ മുഖത്തുണ്ടായി ഇത് കണ്ട ഔസേപ്പച്ചൻ ചേട്ടനും നാണം വന്നു .
അതെന്തു ഉമ്മയാ ആരോടേലും ചോദിയ്ക്കാൻ പറ്റുമോ??
നാളെ പിള്ളാര് വരുന്നത് തന്നെ വല്യപ്പന്റേം വല്യമ്മേടേം അൻപതാം വിവാഹ വാർഷികം ആഘോഷിക്കാനാണ് ........
""ഞാൻ നാളെ ജേക്കബിനോട് ചോദിച്ചിട്ടു വരാം . മരിച്ചു ചെല്ലുമ്പോൾ ഭൂമിയിൽ എന്തേലും ആഗ്രഹം മിച്ചമുണ്ടോന്നു ചോദിച്ചാൽ ഉണ്ടെന്നു പറയുന്നത് എന്റെ അഭിമാനത്തിനേക്കുന്ന കളങ്കം ആയിരിക്കും .."" ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ അന്നാമ്മ ചേടത്തി "നാണമില്ലേ മനുഷ്യ നിങ്ങള്ക്ക്"" എന്ന് ചോദിച്ചു റോസിയുടെ തീറ്റ ഔസേപ്പച്ചൻ ചേട്ടന്റെ മുന്നിലേക്ക് നീക്കി വച്ചിട്ട് ഔസേപ്പച്ചൻ ചേട്ടന് കൊടുത്ത ചോറ് എടുത്തോണ്ട് റോസിയുടെ അടുത്തേക്ക് പോയി ..
ഔസേപ്പച്ചൻ ചേട്ടന്റെ മനസ്സിൽ ഫ്രഞ്ച് കിസ്സ് വലിയൊരു ആഗ്രഹമായി മാറി ...
അന്നാമ്മയിൽ നിന്നും ആ പ്രത്യേക ഉമ്മ കിട്ടാനായി അന്നാമ്മയിൽ നിന്നും കിട്ടിയ ആദ്യത്തെ ഉമ്മയോർത്തു ഔസേപ്പച്ചൻ ചേട്ടൻ കർത്താവിനോട് പ്രാർത്ഥിച്ചു ...
ഹൈറേഞ്ചിലെ കൊടും തണുപ്പിൽ പാമ്പിനെയും വന്യ ജീവികളെയും കൂസാതെ വെട്ടിപ്പിടിച്ച സ്ഥലങ്ങളിൽ ഏലവും കുരുമുളകും കൃഷി ചെയ്തും കൂടപ്പിറപ്പുകളും സ്വന്തം അപ്പനും മലമ്പനി പിടിച്ചു മരിക്കുമ്പോൾ ആരുമില്ലാതായ താൻ വാശിക്ക് കൃതി ചെയ്‌തതും , കന്നി വിളവ് ചന്തയിൽ കൊടുക്കാൻ ചെന്നപ്പോൾ താൻ ഉദ്ദേശിച്ച വിലയിൽ നിന്നും വളരെ താഴ്ത്തി തന്നെ കബളിപ്പിച്ചു വറീതേട്ടൻ എല്ലാ വിളകളും കൊണ്ടുപോകുമ്പോളും തന്റെ ശ്രദ്ധ വറീതേട്ടന്റെ വലം കയ്യായി അന്ന് ചന്തയിൽ വന്നു കാശ് കൈകാര്യം ചെയ്യുമ്പോൾ ഒരാളെയും കൂസാതെ നിന്ന ആ പെൺകുട്ടിയിൽ ആയിരുന്നു
വറീതേട്ടനും ബന്ധുക്കളും വന്നെതിർത്തിട്ടും ഞാൻ ഇനി എന്റെ ഔസേപ്പച്ചായന്റെ കൂടെയേ ജീവിക്കു എന്ന് പറഞ്ഞു ഒരു ഒരു തകരപ്പെട്ടിയും രണ്ടു കോഴികുഞ്ഞിനേയുമായി വന്നു കയറിയ അന്നാമ്മ അന്ന് മുതൽ ഔസേപ്പേട്ടന്റെ കാര്യസ്ഥ ആകുകയായിരുന്നു
ഇപ്പൊ മുറ്റത്തു നിന്ന് നീട്ടി കൂവിയ ആ കറുത്ത പൂവങ്കോഴി അന്ന് അന്നാമ്മ കൊണ്ടുവന്ന ആ കോഴികുഞ്ഞിന്റെ പിൻ തലമുറക്കാരനാണെന്നു അന്നാമ്മ പറയും .
മക്കളെ പഠിപ്പിക്കണമെന്നും അവരുടെ പഠന ശേഷം വിദേശത്തേക്കയക്കണമെന്നും വാശി പിടിച്ചതും അന്നാമ്മയാണ് ..കുട്ടികള് പുറത്തേക്കു പോയ അന്ന് അന്നാമ്മ കരഞ്ഞു നനച്ച തലയിണ മൂന്നു ദിവസം കഴിഞ്ഞാണ് ഉണങ്ങിയത്
മൂത്ത മോളുടെ പ്രസവത്തിനു അവളെ അങ്ങോട്ട് വിളിച്ചപ്പോൾ ഔസേപ്പച്ചൻ ചേട്ടനെ ഒറ്റക്കാക്കി പോകാൻ വയ്യാത്ത കൊണ്ട് "എന്റെ മോളെ അമ്മച്ചിക്ക് ഒരു അറ്റാക്ക് വന്നിരിക്കുവാണെന്ന് കള്ളം പറഞ്ഞു അടുത്തിരുന്നതും "എന്നെ അത്രയ്ക്ക് ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ ഒന്ന് പോ മനുഷ്യ എന്റെ റോസിക്ക് ആരുമില്ലാഞ്ഞിട്ട എന്ന് പറഞ്ഞു ചിരിച്ചതും ഒക്കെ അറിയാതെ മനസ്സിൽ ഔസേപ്പച്ചൻ ചേട്ടന്റെ മനസ്സിൽ ഓടി വന്നു
"'ആരെ ഫ്രഞ്ച് കിസ് വയ്ക്കുന്ന കാര്യം ഓർത്തിരിക്കുവാ ""അന്നാമ്മ എന്നെ വീണ്ടും ഫ്രഞ്ച് കിസ്സിലേക്കു കൊണ്ടുവന്നു ..
""ഞാൻ അതൊന്നുമല്ല ഓർക്കുന്നെ നിന്നെ കെട്ടിക്കൊണ്ടു വന്ന കാര്യമാ "" ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞു
ആഹാ ആര് ആരെ കെട്ടിക്കൊണ്ടു വന്നു ഞാൻ ഇറങ്ങി വന്നതല്ലേ നിങ്ങള്ക്ക് ധൈര്യം ഇല്ലാഞ്ഞിട്ടു ..ഒന്നും വേണ്ടായിരുന്നു ..എന്റെ ആയ പ്രായത്തിൽ എത്ര ആളുകൾ എന്റെ പുറകെ നടന്നതാ ""അന്നാമ്മ നോക്കി കണ്ണിറുക്കി ..
രാവിലെ തന്നെ ജേക്കബിനെ തപ്പി ഔസേപ്പച്ചൻ ചേട്ടൻ ഇറങ്ങി .. അമേരിക്കൻ കഥകളുമായി രാവിലെ തന്നെ ജേക്കബ് കവലയിൽ സ്ഥാനം പിടിച്ചിട്ടുണ്ട് .......
""ജേക്കബേ ഒന്നിങ്ങു വന്നേ "" പതുക്കെ ജേക്കബിനെ വിളിച്ചു ..
"എന്താടോ അവുസേപ്പേ എന്താ കാര്യം"" അയാൾ നെന്മാറ വെടിക്കെട്ടിനെക്കാളും ഉറക്കെ ആണ് അത് ചോദിച്ചത് .
അരികിലേക്ക് മാറ്റി നിർത്തി ഔസേപ്പച്ചൻ ചേട്ടൻ ചെവിയിൽ വാ ചേർത്ത് ചോദിച്ചു ""എന്താടോ ഈ ഫ്രഞ്ച് കിസ്സ്?? "" അയാൾ ഉറക്കെ ചിരിച്ചു ...
പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു പ്ലാസ്റ്റിക് ഡിഷിൽ അരിയിട്ട് കൊടുക്കുമ്പോൾ കോഴികൊത്തുന്ന പോലെ എന്തൊക്കെയോ കാണിച്ചു .....
""ഇതാണ്........."" കാപ്പി കൂട്ടി ഏതോ ഇംഗ്ലീഷ് നടന്റെ പേരുപറഞ്ഞു
""കണ്ടു പഠിച്ചോ ഞാനാരോടും പറയില്ല"" ...വയസ്സാം കാലത്തു ഓരോരോ ആഗ്രഹങ്ങളെ ""ജേക്കബ് പിറുപിറുക്കുന്നത് അവുസേപ്പുചേട്ടൻ കേട്ടു .മൊബൈൽ കയ്യിലേക്ക് വാങ്ങിക്കുമ്പോൾ കഴിഞ്ഞ ഞായറാഴ്‌ച കുർബാനക്കിടെ അച്ഛൻ പറഞ്ഞ ആറാം പ്രമാണത്തിന്റെ ലംഘനം നടക്കുമോ എന്ന് വിചാരിച്ചു ഫോൺ തിരിച്ചു കൊടുക്കാൻ തുടങ്ങിയതാണ് ...പിന്നെ എന്താണെന്നറിയാൻ ഉള്ള ആഗ്രഹം ഔസേപ്പച്ചൻ ചേട്ടനെ അത് കാണാൻ പ്രേരിപ്പിച്ചു ..
മൊബൈൽ തലകുത്തിപ്പിടിച്ച ഔസേപ്പച്ചായന്റെ നേരെ തിരിഞ്ഞു വന്ന വിഡിയോയിൽ ഫ്രഞ്ച് കിസ്സ് കണ്ടു ......
മൊബൈൽ തിരിച്ചു കൊടുത്തു ജേക്കബിന്റെ മുഖത്ത് നോക്കി പുചിച്ചൊരു ചിരി ചിരിച്ചു തോർത്ത് കുടഞ്ഞു തോളിലിട്ട് ഔസേപ്പേട്ടൻ വീട്ടിലേക്കു നടന്നു ...
വീട്ടിൽ എത്തുന്നതിനു കുറച്ചകലെ വച്ച് തന്നെ റോസിയുടെ കൗ കൗ ശബ്ദം കേൾക്കാമായിരുന്നു .....വീട്ടിലേക്കു ചെന്ന ഔസേപ്പച്ചൻ ചേട്ടനെ കെട്ടിപ്പിടിച്ചു സ്വീകരിച്ചത് കൊച്ചു മക്കളാണ് ....
മക്കളും കൊച്ചു മക്കളും ചാച്ചാ എന്ന് പറഞ്ഞു സ്നേഹിക്കുന്നത് കണ്ടു ഔസേപ്പച്ചൻ ചേട്ടന്റെ കണ്ണ് നിറഞ്ഞു ...
നിറഞ്ഞ കണ്ണ് കൊണ്ട് റോസിയെ നോക്കി റോസ്സി തിരിച്ചും റോസിയുടെയും കണ്ണ് നിറഞ്ഞിരിക്കുന്നത് അച്ചായൻ കണ്ടു സന്തോഷം കൊണ്ടാകാം എന്നു വയസ്സന്റെയും വയസ്സിയുടെയും മുഖം കണ്ടു അവളും മടുത്തു കാണും ...അകത്തേക്ക് കയറുന്നതിനിടയിൽ ഔസേപ്പച്ചൻ ചേട്ടൻ ഓർത്തു
എല്ലാവരോടും കുറച്ചു കുശലം പറഞ്ഞു അടുക്കളയിലേക്കു ചെന്ന ഔസേപ്പച്ചൻ ചേട്ടനോട് അന്നാമ്മ ചേടത്തി പറഞ്ഞു .....""അവർക്കൊക്കെ ആ തോട്ടിൽ പോയി കുളിക്കണമെന്നു നിങ്ങൾ ഒന്ന് കൊണ്ടുപോയി കാണിക്കു "" ....
"പിന്നെ അവര് കാണാത്ത തോടൊന്നുമല്ലല്ലോ അവര് തന്നെ പോയി കുളിക്കട്ടെ ...ഞാൻ മടുത്തു ...നീയിച്ചിരി മോരും വെള്ളം എടുത്തേ """
""ചാച്ചാ ഞങ്ങള് തോട്ടിൽ പോകുവാ ചാച്ചൻ വരുന്നോ ???""മൂത്ത മകളാണ് .""".നിങ്ങള് പൊക്കോ ചാച്ചൻ പുറകെ വന്നോളാം ""ഔസേപ്പച്ചൻ ചേട്ടൻ പറഞ്ഞു .
എല്ലാരും ആടിപ്പാടി തോട്ടിലേക്ക് പോയി ...
മോരുമായി വന്ന അന്നാമ്മ അത് സ്വന്തം അച്ചായന്റെ കയ്യിലേക്ക് വച്ച് കൊടുത്തിട്ട് ചോദിച്ചു ""രാവിലെ ഓടി ഇറങ്ങിപ്പോയ കാര്യം നടന്നോ ""
""എന്ത്""ഒന്നും അറിയാത്തവനെ പോലെ അച്ചായൻ ചോദിച്ചു ...
"""എനിക്കറിയാം ..എന്നിട്ട് മനസ്സിലായോ അത് എന്നാ ഉമ്മയാണെന്നു ""അന്നാമ്മ പതുക്കെ ചോദിച്ചു
'"ഉം "മറുപടി ഒരു മൂളലായിരുന്നു ...
""എന്നാ ഉമ്മയാ ""ചേടത്തിയുടെ മുഖത്ത് നാണം ...
""അതൊണ്ടല്ലോ..""...
"അത് "" അന്നാമ്മയ്ക്കു ആകാംഷ ..
"അന്ന് നിന്റെ അപ്പൻ നീ ഇറങ്ങിപോന്നതിന്റെ പുറകെ അന്വേഷിച്ചു വന്നപ്പോൾ ഏലക്കാട്ടിൽ നമ്മൾ ഒളിച്ചിരുന്നില്ലേ അന്ന് ആ മഴയത്തു നീ കെട്ടിപ്പിടിച്ചുഎനിയ്ക്കൊരു ഉമ്മ തന്നില്ലേ ..പിന്നീട് നമ്മളെന്നും ആവർത്തിച്ചു കൊണ്ടിരുന്ന ആ ഉമ്മ അതാണ് ....അതാണ് ഫ്രഞ്ച് കിസ്സ് ..... ഔസേപ്പച്ചൻ ചേട്ടൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു
അന്നാമ്മയും കുറച്ചു നേരം പഴയ ആ ഓർമകളിലേക്ക് പോയി എന്ന് തോന്നുന്നു ...അന്നാമ്മ ചേടത്തി അച്ചായന്റെ കയ്യിൽ പിടിച്ചു കുറച്ചു നേരം നിന്നു ..റോസ്സി നിർത്താതെ കുരയ്ക്കുന്നത് കേട്ടാണ് ചേടത്തി കയ്യെടുത്തത് .
അപ്പോളേക്കും കുളിക്കാൻ പോയവർ തിരിച്ചു വന്നിരുന്നു
മുറ്റത്തു ഇറങ്ങി നിന്ന ഔസേപ്പച്ചായനെ നോക്കി റോസ്സി എന്തോ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു ...റോസിയുടെ മുഖത്തും ചെറിയ നാണം ഉണ്ടോ എന്നൊരു സംശയം ..കാരണം റോസിയുടെ കൂടിന്റെ നേരെ ആണ് അടുക്കളയുടെ ജനൽ ...ഇനി എന്തേലും അറിയണേൽ റോസിയോട് തന്നെ ചോദിക്കണം .....

By: Anvin George

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot