നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ട്രിപ്പ്

Image may contain: Ajoy Kumar, beard, closeup and indoor

AjoyKumar
സമയം ലഭിക്കാൻ വേണ്ടി കഴിഞ്ഞ തവണ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ബാംഗ്ലൂർ ട്രിപ്പ് പ്ലെയിനിൽ ആയിരുന്നു,ലെസ് ലഗ്ഗേജ് മോർ കംഫർട്ട് എന്നുള്ള തത്വത്തിൽ വിശ്വസിക്കുന്ന ഞാൻ എല്ലാ ഡ്രെസ്സും കൂടി ഒരു വലിയ പെട്ടിയിൽ കുത്തി നിറച്ചു, പിന്നെ അല്ലറ ചില്ലറ സാധനങ്ങൾ ഒരു ബാക്ക് പാക്കിലും, കിച്ചുവിന്റെ ക്യാമറ ഒന്നിലും
അങ്ങനെ പുറപ്പെടാൻ പോകവേ ആണ് കോമ്പൗണ്ടിൽ ഞങ്ങളുടെ നേരെ എതിരെ താമസിക്കുന്ന ശ്യാമയുടെ വല്യമ്മ, ഒരു തടിമാടൻ ബാഗും താങ്ങിപ്പിടിച്ചു കൊണ്ട് വരുന്നത്
എന്താണിത് വല്ല്യമ്മാ ?
ബാംഗ്ലൂർ കിട്ടാത്ത ചില അപൂർവമായ വസ്തുക്കൾ, ചാരൂന് കൊടുക്കണേ
വല്യമ്മയുടെ മോൾക്ക് കൊടുക്കാൻ വേണ്ടിയാണ് , ഞങ്ങളുടെ ബാംഗ്ലൂർ താമസം അവരുടെ വീട്ടിൽ ആയതു കൊണ്ട് നിരസിക്കാനും വയ്യാ, മാത്രമല്ല അവിടെ കിട്ടാത്ത അപൂർവമായ വസ്തുക്കൾ അല്ലെ, പാവങ്ങൾ, കൊടുത്തേക്കാം, അങ്ങനെ ആ ബാഗ് ഞാൻ എടുക്കാം എന്ന് കരാർ വെച്ച് ഞങ്ങൾ പുറപ്പെട്ടു
വാട്‍സ്ആപ്പും കുത്തി അവസാന നിമിഷം വരെ ഇരുന്ന ശ്യാമ ഒരു വസ്തു രാത്രിയിൽ കഴിക്കാൻ ഉണ്ടാക്കിയിരുന്നില്ല, വിശപ്പില്ലത്രേ, അത് കൊണ്ട് മറ്റുള്ളവർക്കും വിശപ്പില്ല എന്ന് വിചാരിച്ചു പോലും, ഞാൻ പറഞ്ഞു
ഞങ്ങൾ ഏതായാലും എയർ പോർട്ടിൽ പോയി വെട്ടി അടിക്കാൻ പോകുവാണ് .
ചെന്ന പാടെ ആ വലിയ ബാഗും തലച്ചുമടായി എടുത്തു ഞാൻ കിച്ചുവിനേം കൊണ്ട് അവിടെ ഉള്ള ഒരു ഷോപ്പിൽ പോയി,കട്ട്ലറ്റ് നൂറു രൂപ, സമോസ നൂറു രൂപ,ചായ എഴുപത്തഞ്ച്, ആ വിലവിവരപ്പട്ടിക കേട്ടപ്പോഴേ വയർ പകുതി നിറഞ്ഞ ഞാൻ പറഞ്ഞു
ഡാ കിച്ചു നീ ലാവിഷ് ആയി ഒരു കട്ട്ലറ്റ് വാങ്ങിച്ചു കഴിച്ചോളൂ
അച്ഛനും കഴിക്ക് ഒരു കമ്പനിക്ക്
ഓഹോ, എന്നാൽ പോരട്ടെ എനിക്കും ഒരു കട്ട്ലറ്റെയിൻ ..ഞാൻ പറഞ്ഞു.
അവൻ മിണ്ടുന്നില്ല, തുറിച്ചു നോക്കി നിൽക്കുന്നു,
ടു കട്ട്ലൈറ്സ്‌, ടു കോഫീ ,
അങ്ങനെ കിച്ചു ഇംഗ്ലീഷിൽ പറഞ്ഞപ്പോഴേ അവൻ അനങ്ങിയുള്ളു ,അവിടെ ഇംഗ്ലീഷ് ആണ് മാതൃഭാഷ,ഒരു മിനിറ്റ് തിരിഞ്ഞു നിന്ന ശേഷം അവൻ കട്ട്ലറ്റ് ഒരു പ്ളേറ്റിൽ വെച്ച് തന്നു .ആർത്തിയോടെ അതെടുത്തു ഞാൻ വായിലിട്ടു,
എന്റമ്മച്ചീ ..ഞാൻ അലറിപ്പോയി....
അച്ഛാ ,നാണം കെടുത്തല്ലേ കിച്ചു പറഞ്ഞു....
ഓ മൈ ഗ്രാൻഡ് മദർ.....മൈ അണ്ണാക്ക് ... ഞാൻ ഇംഗ്ളീഷിൽ അലറി
ആ കിഴങ്ങൻ അതെടുത്ത് ഓവനിൽ വെച്ച് തീക്കട്ട ആക്കി ആണ് തന്നത് ,അണ്ഡകടാഹം വരെ പൊള്ളിപ്പോയ ഞാൻ വെപ്രാളത്തിൽ ആ ഷോപ്പിനു ചുറ്റും ഓടി,കാര്യം അറിയാതെ കിച്ചു പുറകെയും ,പൈസ തരാതെ ഓടുകയാണെന്നു വിചാരിച്ചു കടക്കാരനും
അങ്ങനെ ഞങ്ങൾ കടക്കു മൂന്നു വലം വെച്ച് വന്നു . ശേഷം ഞാൻ ആ കടക്കാരനെ തൊഴുതു, നൂറിന് പകരം ഇരുനൂറു രൂപ എടുത്തു കൊടുത്തു
ഇനി വരുന്ന ഒരു ഹതഭാഗ്യനെയും താൻ ഇങ്ങനെ കൊല്ലരുത് കേട്ടാ,കട്ട്ലറ്റ് എന്നല്ല ഫയർ ബാൾ എന്ന് എഴുതി വെക്ക്, മഹാപാപീ
ഞാൻ നാക്കും വെളിയിൽ ഇട്ട് പതുക്കെ ശ്യാമയുടെ അടുത്ത് ചെന്നു, ശ്യാമ ഒന്നും മനസിലായില്ലെങ്കിലും ഏതോ ഒരു ഇംഗ്ലീഷ് മാഗസിനും വെച്ച് കണ്ണും തള്ളി ഇരിപ്പുണ്ട് ,എല്ലാം ഒപ്പിച്ചു വെച്ചിട്ടു ഒന്നും അറിയാത്ത പോലെ ഇരിക്കുന്നു, ഒരു കട്ട്ലറ്റ് വാങ്ങിച്ചു അണ്ണാക്കിൽ ഇട്ടു കൊടുക്കണോ? വേണ്ട, സമയമായി, സെക്യൂരിറ്റി ചെക്കിന് വിളിക്കുന്നു
ക്യൂ നിന്ന് അങ്ങറ്റം ചെന്നപ്പോൾ കുറെ എണ്ണം നിന്ന് എല്ലാ ബാഗും വീണ്ടും തുറപ്പിക്കുന്നു, സീൽ വെക്കണമത്രേ, പുതുതായി തുടങ്ങിയ പരിപാടിയാണ് ശ്യാമ ഹാൻഡ് ബാഗ് തുറന്നു കാണിച്ചു , എല്ലാരുടെയും മൊബൈൽ, പേഴ്‌സ് അങ്ങനെ കുറെ സാധനങ്ങൾ, കിച്ചു ബാഗ് തുറന്നു ക്യാമറ കാണിച്ചു, ഞാനും വല്യമ്മയുടെ അത് വരെ കാണാത്ത അപൂർവ വസ്തുക്കൾ അടങ്ങിയ ബാഗ് തുറന്നു കാണിച്ചു,
അതെല്ലാം അവർ എടുത്തു മേശപ്പുറത്തു നിരത്തി, ഓരോ പാക്കറ്റ് അരിപ്പൊടി, ദോശമാവ്,മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ പൊടി,പുട്ടുപൊടി, പിന്നെ പത്തു തേങ്ങ , അയ്യയ്യയ്യയെ...ദൈവമേ ഇതായിരുന്നോ അവിടെ കിട്ടാത്ത അപൂർവ വസ്തുക്കൾ..
വാട്ട് ഈസ് ദിസ് സാർ ? അവർ ചോദിച്ചു
ദിസ് ഈസ് എ തേങ്ങാ, വല്യമ്മാ ടോൾഡ് അപൂർവ വസ്തു ...ഞാൻ ഇങ്ങനെ നോട്ട് ഗിവ് ,ഇഫ് മുളക് പൊടി....ആൻഡ് ...അറിഞ്ഞൂടായിരുന്നു ആൻഡ്
നോ ...നോ ...നോ....ദിസ് ഈസ് നോട്ട് അലൗഡ്‌ , പ്ലീസ് വെയിറ്റ്
അവർ എന്നെ പിടിച്ച് ഒരു മൂലയിൽ നിറുത്തി
മേശപ്പുറത്തു നിരത്തി വെച്ച സാധനങ്ങൾക്കിടയിൽ ഞാൻ ഒരു കച്ചവടക്കാരനെ പോലെ നിന്നു, ഇടയ്ക്കു ഒരു അമ്മച്ചി എവിടെ നിന്നോ വന്നു ചോദിച്ചു,
ഹേയ് , ചമ്മന്തിപ്പൊടി ഉണ്ടോ?
കെളവീ....ചമ്മന്തിപ്പൊടി അല്ല...!@%^&^%$#@!#$%^& എന്റെ വായീന്നൊന്നും കേക്കല്ലേ
സെക്യൂരിറ്റി ഓഫീസർ ചോദിച്ചു, എന്താണവിടെ?
ഞാൻ പറഞ്ഞു, സാർ ഈ അമ്മച്ചി എന്നെ ശല്യം ചെയ്യന്നു
മിസ്റ്റർ, അവലോസു പൊടി ഉണ്ടോ?
ഇല്ല, എല്ലു പൊടി ഉണ്ട്, വെളീലോട്ടു വാ തരാം @%$#@#$% ഞാൻ പറഞ്ഞു
ഇതൊന്നും വിൽക്കാൻ വേണ്ടി അല്ലെ? അമ്മച്ചിക്ക് ദേഷ്യം വന്നു
അത്രയും ആയപ്പോൾ എന്നെ കാണാതെ ശ്യാമ തിരിച്ചു വന്നു, ശ്യാമയെ കണ്ടപ്പോൾ സെക്യൂരിറ്റി ഭീകരന്മാരുടെ മനസ്സലിഞ്ഞു,മുളക് പൊടി ഒഴികെ എല്ലാം തരാമെന്നായി, മുളക് പൊടി തന്നാൽ അത് വിതറി ഞാൻ പ്‌ളെയിൻ തട്ടിക്കൊണ്ടു പോയാൽ എന്ത് ചെയ്യുമെന്ന്,
ഒരു ഫുട്ട് ബോൾ പോലും നേരെ ചൊവ്വേ തട്ടിക്കൊണ്ടു പോകാൻ അറിയാത്ത ഞാനാണ് ഇനി പ്‌ളെയിൻ തട്ടിക്കൊണ്ടു പോകുന്നത്
മുളക് പൊടി എത്ര രൂപയ്ക്കു കൊടുക്കും ദ ഫൈനൽ പ്രൈസ് , വീണ്ടും അമ്മച്ചി
ഇവരെന്താ ബിഗ് ബസാർ ആണെന്ന് കരുതി എയർ പോർട്ടിൽ കയറിയ വൃദ്ധയാണോ?
ഞാൻ സെക്യൂരിറ്റിയോട് ചോദിച്ചു, ഈ മുളകുപൊടി ഈ അമ്മച്ചിയുടെ കണ്ണിൽ ഇട്ട് ഇവരെ തട്ടിക്കളഞ്ഞാൽ പ്രശ്നമുണ്ടോ?
അമ്മച്ചി അത് കേട്ട് പിറു പിറുത്തു കൊണ്ട് അതി വേഗം നടന്നു പോയി, അവിടെ എങ്ങാണ്ടു ജോലി ചെയ്യുന്ന ആളാണ് എന്ന് തോന്നുന്നു, ഇങ്ങനെ പിടിച്ചു വെക്കുന്ന സാധനങ്ങൾ വാങ്ങിക്കാൻ വേണ്ടി നടപ്പാണ് പരട്ട അമ്മച്ചി
പ്ലെയിനിൽ കയറിയപ്പോൾ എല്ലാരും എന്നെ തുറിച്ചു നോക്കുന്നു, ഏതോ ഭീകരനെ പോലെ, അപ്പൊ എല്ലാരും അറിഞ്ഞു,സത്യത്തിൽ ഞാനല്ല കേട്ടോ , ശ്യാമേടെ വലിയമ്മ തന്നതാ, ഞാൻ അടുത്തിരുന്ന സായിപ്പിനോട് പറഞ്ഞു,
ഇരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ശ്യാമ എന്റെ ബെൽറ്റ് വലിച്ചൂരി എടുത്തു,
പോക്കിരിത്തനം കാണിക്കരുത് ഞാൻ പറഞ്ഞു
സെറ്റ് ബെൽറ്റ് കെട്ടാൻ ഡിസ്പ്ലേ വന്നു,എന്റെ ബെൽറ്റ് കാണുന്നില്ലെന്നേ
അത് കൊണ്ട്? ഇത് എന്റെ ലെതർ ബെൽറ്റ് അല്ലെ?
പിന്നെ എന്റെ ബെൽറ്റ് എവിടെ പോയി, ഞാൻ മാത്രം ടേക്ക് ഓഫ് ചെയ്യുമ്പോൾ താഴെ വീഴട്ടെന്നോ?
നീ എണീക്ക് , ഞാൻ പറഞ്ഞു
ശ്യാമ എണീറ്റപ്പോൾ ദാണ്ടെ അടിയിൽ ആ ബെൽറ്റ് കരഞ്ഞു കൊണ്ടിരിപ്പുണ്ട്,
ഇനി എന്റെ ബെൽറ്റ് താ , പാന്റ് ഇപ്പൊ അഴിഞ്ഞു പോയേനെ
ഞാൻ ബെൽറ്റും കെട്ടി മുഖം വീർപ്പിച്ചിരുന്നു, പ്‌ളെയിൻ ടേക്ക് ഓഫ് ചെയ്തു കഴിഞ്ഞപ്പോൾ ഞാൻ ശ്യാമയോട് ചോദിച്ചു
ശ്യാമേ ഈ വിൻഡോ ഒരു മിനിറ്റ് തുറന്നാൽ പ്രശ്നമുണ്ടോ?
എന്തിന് ?
അല്ല, ഇടപ്പഴിഞ്ഞി വീടിനു മുകളിൽ എത്തുമ്പോൾ അപൂർവ വസ്തു ആയ ഒരു തേങ്ങ വല്യമ്മയുടെ തലയിലോട്ട് ഇടാൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot