നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മനുഷ്യൻ



Jasmine Rose

ഡാ സഞ്ജു നമ്മുടെ കുടുക്കയിലുള്ള പൈസ എടുത്തു കൊടുത്താൽ അൻവറിനു ഇനി സ്കൂളിൽ വരാൻ പറ്റുമോ?"
"അറിയത്തില്ലടാ അതിനൊക്കെ കുറെ കാശു വേണ്ടേ..............."
"പക്ഷെ അവനും കൂടെ ഇല്ലാത്തതു കൊണ്ട് ഒരു രസവുമില്ലല്ലേ".....
"ശെരിയാടാ ക്ലാസിൽ ഇരിക്കാൻ പോലും ഒരു മനസില്ല. "
"നമുക്കെന്തെങ്കിലും ആലോചിച്ചു ചെയ്യാം ..... അവനെക്കൂടെ പഠിക്കാൻ സഹായിക്കാനായിട്ട്".....
അൻവറും സഞ്ജീവും രാഹുലും ചെറുപ്പം തൊട്ടേ ഒരുമിച്ചു പഠിക്കുന്ന സുഹൃത്തുക്കളാണ്. ഇപ്പോൾ അഞ്ചിൽ ആണ് പഠിക്കുന്നെ. പക്ഷേ വിധിയുടെ വിളയാട്ടം കൊണ്ട് ബാപ്പയുടെ മരണ ശേഷം പഠിക്കാൻ മിടുക്കനായിട്ടു കൂടി അൻവറിനു പഠനം നിർത്തേണ്ടി വന്നു. വീട്ടുചിലവും അവന്റെ പഠനവും കൂടെ കൂലിപ്പണിക്കാരിയായ അവന്റെ ഉമ്മ ആയിശുവിനു താങ്ങാവുന്നതിലും അധികമായിരുന്നു. ഒരു അനിയത്തി കൂടെ ഉണ്ട് അൻവറിനു......
ഓരോന്നും ആലോചിച്ചു വീട്ടിൽ ചെന്ന സഞ്ജുവിനും രാഹുലിനും ഉറക്കം വന്നില്ല
പിറ്റേന്ന് അവർ രണ്ടു പേരും കൂടെ ധൈര്യം സംഭരിച്ചു പ്രിൻസിപ്പലിനെ പോയി കണ്ടു
"എന്താ കുട്ടികളെ നിങ്ങള്ക്ക് ക്ലാസ്സില്ലേ"
"മാഷെ ഞങ്ങൾക്കൊരു കാര്യം പറയാനുണ്ടായിരുന്നു".....
" എന്താ. പറഞ്ഞോളൂ...."
"മാഷേ ഞങ്ങളുടെ കൂടെ പഠിക്കുന്ന അൻവർ അവന്റെ ബാപ്പ മരിച്ച ശേഷം സ്കൂളിലോട്ട് വരുന്നത്‌ കുറഞ്ഞു. അവന്റെ ഉമ്മജോലിക്കു പോകുന്നത് കൊണ്ടാ അവരിപ്പോൾ ജീവിക്കുന്നെ.ഉമ്മ ജോലിക്കു പോയാൽ രണ്ടര വയസുള്ള അനിയത്തിയെ നോക്കുന്നതിപ്പോൾ അൻവറാ മാഷ് വിചാരിച്ചാൽ അൻവറിനു ഇനിയും പഠിക്കാൻ സാഥിക്കില്ലേ? മാഷിന് പൈസ വേണമെങ്കിൽ ദാ ഞങ്ങള് രണ്ടു പേരുടെയും കുടുക്ക പൊട്ടിച്ച പൈസ ആണിത്. മാഷെങ്ങനെയെങ്കിലും അൻവറിനെ സഹായിക്കണം. അവൻ നല്ല പോലെ പഠിക്കും മാഷേ.."
എന്നും പറഞ്ഞു കുറച്ചു നാണയ തുട്ടുകളും മുഷിഞ്ഞ നോട്ടുകളും മേശയുടെ പുറത്തേക്കു അവർ വെച്ചു .ഇത് കണ്ടു മാഷ് ഒന്ന് പുഞ്ചിരിച്ചു..
"മക്കളെ. ഈ പൈസ നിങ്ങള് തന്നെ വെച്ചോളൂ . നമുക്ക് അൻവറിനെ ഇനിയും പഠിപ്പിക്കാം. നാളെ നിങ്ങൾ എന്റെ കൂടെ വന്നുഎവിടെയാ അൻവർ താമസിക്കുന്നതെന്നു കാണിച്ചു തന്നാൽ മതി കേട്ടോ "...
എന്നും പറഞ്ഞു മാഷ് അവരെ രണ്ടു പേരെയും ക്ലാസ്സിലേക്ക് പറഞ്ഞു വിട്ടു
എന്നിട്ട് അവരുടെ ക്ലാസ് ടീച്ചർ ആയ ഹേമ യെ വിളിച്ചു അൻവറിനെ കുറിച്ചന്വേഷിച്ചു. അതിൽ നിന്നും പഠനത്തിൽ മിടുക്കൻ ആണ് അൻവർ എന്നും നല്ല സ്വഭാവമാണവനെന്നും മാഷിന് മനസ്സിലായി
പിറ്റേന്ന് സഞ്ജുവിനെയും രാഹുലിനെയും കൂട്ടി അൻവറിന്റെ ഉമ്മ ആയിഷ ജോലിക്കു പോകുന്നതിനു മുന്നേ തന്നെ അൻവറിന്റെ വീട്ടിലെത്തി
"ആരിതു മാഷോ. ഉമ്മ നമ്മുടെ സ്കൂളിലെ പ്രിയൻസിപ്പലാണിത് .. കേറി ഇരിക്ക് മാഷെ....നിങ്ങളും കേറി ഇരിക്ക്. സൗകര്യങ്ങളൊക്കെ കുറവാ മാഷെ. അതു സഞ്ജുവിനും രാഹുലിനും അറിയാം".
"അതൊന്നും സാരമില്ല. മോനെന്താ സ്കൂളിൽ വരാതെ. നല്ലപോലെ പഠിക്കുന്ന കുട്ടിയല്ലേ. പഠിച്ചു വലിയ ആളാകണം കേട്ടോ."..
അപ്പോളേക്കും ആയിഷ തുടർന്നു.
"ഞാനാ അവനെ പഠിക്കാൻ വിടാതെ. സ്കൂളിൽ അയക്കാനുള്ള പൈസ കൂടെ എന്റെ കയ്യിൽ ഇപ്പോളില്ല മാഷെ. അകെ കിട്ടുന്നത് വീട്ടു ചിലവിനെ തികയുന്നുള്ളു. ഞാൻ ജോലിക്കു പോയാൽ ഇവന്റെ അനിയത്തിയെ നോക്കാനും ആളില്ല. അത് കൊണ്ടാ എന്റെ കുട്ടിയെ....ഇവന്റെ ബാപ്പ ഉണ്ടായിരുന്നെങ്കിൽ ഈ കഷ്ടപ്പാടുകൾ ഒന്നും അനുഭവിക്കേണ്ടി വരില്ലായിരുന്നു"......എന്നും പറഞ്ഞു ആയിഷ കരച്ചിൽ തുടങ്ങി.................
"കരയരുത്. അൻവറിനു ഇനിയും പഠിക്കാനാകും . ഉയരങ്ങളിലെത്തേണ്ട കുട്ടിയാണവൻ. അവനെ സ്കൂളിൽ ഇനിയും വിടണം. അവന്റെ പഠനത്തിനുള്ള പൈസ സ്കൂൾ ഫണ്ടിൽ നിന്നുമെടുക്കാം. പിന്നെ അൻവർ സ്കൂളിൽ പോകുമ്പോൾ കുഞ്ഞുമോളെ നോക്കാനായിട്ട് ഇവിടെ അംഗൻവാടിയിൽ ആക്കാം . അവൾ ചെറിയ കുട്ടിയാണെന്നറിയാം,. പക്ഷെ അവളെ നോക്കുവാനുള്ള എല്ലാ ഏർപ്പാടും ഞാൻ ശെരിയാക്കാം.അതൊന്നും ആലോചിച്ചു ഇനി അൻവറിന്റെ ഉമ്മ വിഷമിക്കണ്ട".
അത് പറഞ്ഞപ്പോൾ ആയിഷയുടെ മുഖത്ത് ഒരു പ്രതീക്ഷ ഉണർന്നു
"ഇപ്പൊ രണ്ടു പേർക്കും സമാധാനമായോ". എന്ന് മാഷ് രാഹുലിനെയും സഞ്ജുവിനെയും നോക്കി പറഞ്ഞു
ആ രണ്ടു കുഞ്ഞു മുഖത്തും പുഞ്ചിരി വിടർന്നു...
"ഇവര് രണ്ടു പേരുമാ അൻവറിന്റെ കാര്യം എന്റെ കൂടെ പറഞ്ഞത്. "
അത് പറഞ്ഞപ്പോൾ അൻവർ ഓടിച്ചെന്നു രാഹുലിനെയും സഞ്ജുവിനെയും കെട്ടിപിടിച്ചു കരഞ്ഞു
"നീ ഇല്ലാതെ ഒരു രസവുമില്ല അൻവർ. നീ ഇനിയും പഠിക്കണം. ഞങ്ങളുടെ കൂടെ സ്കൂളിൽ വരണം."
എന്ന് സഞ്ജു പറഞ്ഞു.......
പുതിയ പ്രതീക്ഷയുടെ തിരിനാളം അൻവറിൽ തെളിഞ്ഞു
...................................................................................................................................................................
വര്ഷങ്ങള്ക്കു ശേഷം....
കടത്തിണ്ണയിൽ കിടന്ന ആ വൃദ്ധനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ദയനീയ മുഖം സബ് കളക്ടർ അജാസിന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല്ല.....
ഒരു മനുഷ്യത്വവുമില്ലാതെ എത്രയോ വൃദ്ധ മാതാപിതാക്കളെ മക്കൾ ഇതുപോലെ തെരുവോരങ്ങളിൽ ഉപേക്ഷിക്കുന്നു.
ആ വൃദ്ധനായ മനുഷ്യന്റെ കാര്യമാലോചിച്ചിട്ടാണെന്നു തോന്നുന്ന്. വീട്ടിൽ എത്തിയിട്ട് കൂടെ അജാസിന് ഒരു സമാധാനവുമില്ലായിരുന്നു . എങ്ങനെയെങ്കിലും പിറ്റേന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിയാൽ മതി എന്ന് മാത്രമായി രാത്രിയിൽ കിടന്നപ്പോൾ കൂടെ അവൻ ചിന്തിച്ചത് ..........
പിറ്റേന് രാവിലെ തന്നെ അജാസ് ആ മനുഷ്യനെ കാണാൻ വേണ്ടി ഹോസ്പിറ്റലിലേക്ക് തിരിച്ചു. ഡോക്ടറിനെ കണ്ടു സ്ഥിതിഗതികൾ അറിഞ്ഞ ശേഷം അയാൾ വാർഡിലേക്ക് പോയി
"ഞാൻ സബ് കളക്ടർ അജാസ്. താങ്കളെ ഇന്നലെ ഇവിടെ എത്തിച്ചത് ഞാൻ ആണ്. എങ്ങനെയാ ആ കടത്തിണ്ണയിൽ എത്തിപ്പെട്ടത്".......
ആ മനുഷ്യൻ കരയാൻ തുടങ്ങി
"ഞാൻ വീട്ടിൽ നിന്നും ഇറങ്ങി പോന്നതാ മോനെ. എന്റെ ഭാര്യ ഒന്നര വർഷം മുന്നേ മരിച്ചു. മോനും മരുമോളും ഒരുപാട് അകൽച്ചയോടെയാ ഞങ്ങളുടെ കൂടെ പെരുമാറിയിരുന്നത് . അതൊക്കെ സഹിക്കാം. പക്ഷെ കൊച്ചുമക്കൾ കൂടെ ഇപ്പോൾ എന്റെ അടുത്ത് നിന്നും അകലം പാലിച്ചത് കണ്ടപ്പോൾ........ അവരുടെ പ്രവർത്തികൾ സഹിക്കാൻ വയ്യാതായപ്പോൾ...അവളും കൂടെ എന്നെ തനിച്ചാക്കിപ്പോയപ്പോൾ.. ആർക്കും ഒരു ബാധ്യത ആകരുതെന്നു കരുതി ഞാൻ തന്നെയാ വീട്ടിൽ നിന്നും ഇറങ്ങി തിരിച്ചെ "....................
"കേസ് കൊടുക്കണോ മോനെതിരെ?"...........
"വേണ്ട മോനെ . എന്നെ വേണ്ടാത്തിടത്തേക്കിനീ ഞാനില്ല. ഒരു ദേശാടനകിളിയെപോലെ ഞാൻ പറന്നു നടക്കാം"....
"അതെന്തായാലും വേണ്ട. തത്കാലം ഇവിടെ നിന്നും ഡിസ്ചാർജ് ആകുമ്പോൾ എന്റെ കൂടെ പോന്നോളൂ. ആരോഗ്യമൊക്കെ വീണ്ടെടുത്തിട്ടു ബാക്കി തീരുമാനിക്കാം"
"അത് വേണോ മോനെ. മോന് അത് ബുദ്ധിമുട്ടു ആകത്തെ ഉള്ളു..."
"അതൊന്നും ഇപ്പോൾ ആലോചിക്കണ്ട. നാളെ ഡിസ്ചാർജ് ആകുമ്പോൾ ഞാൻ വരാം കൂട്ടികൊണ്ടു പോകാൻ".......
അങ്ങനെ ഡിസ്ചാർജ് ആയി ആ വൃദ്ധനെയും കൊണ്ട് അജാസ് തന്റെ വീട്ടിലേക്കു വന്നു..
ഒരു വലിയ കൊട്ടാരം പോലത്തെ വീട്ടിന്റെ മുന്നിൽ അവരെത്തി. കാറിൽ നിന്നിറങ്ങി അജാസ് കാളിങ് ബെല്ലടിച്ചപ്പോൾ ഡോർ തുറന്നു ഒരു ഒരു യുവതി ഇറങ്ങി വന്നു
" ഇതെന്റെ ഭാര്യ ആമിന. "....
എന്നിട് അജാസ് അമിനാടെ കൂടെയായി
" ഇദ്ദേഹം ഇനി കുറച്ചു നാളിവിടെ കാണും കേട്ടോ. പിന്നെ.. നീ ഉപ്പായെ ഒന്ന് വിളിച്ചേ.."
എന്നും പറഞ്ഞു അജാസ് ആമിനയെ നോക്കി മന്ദഹസിച്ചു..
ആമിന ഉപ്പായെ വിളിച്ചതും ആഢ്യത്വമുള്ള ഒരു വൃദ്ധൻ ഇറങ്ങി വന്നു,,
പരസ്പരം നേരിൽ കണ്ട അവർ രണ്ടു പേരും ഞെട്ടിപോയി ......
"അൻവർ"............
"സഞ്ജു"...
അവർ രണ്ടു പേരും പരസ്പരം കെട്ടിപ്പുണർന്നു.
"നീ എങ്ങനെയാ ഇവിടെ."
അതിനുത്തരമായി അജാസ് തുടർന്നു...
" അന്നിദ്ദേഹത്തെ കടത്തിണ്ണയിൽ വെച്ച് കണ്ടപ്പോൾ തന്നെ എവിടെയോ കണ്ട നല്ല മുഖപരിചയമുണ്ടായിരുന്നു. തിരിച്ചു വീട്ടിൽ വന്നു ഉപ്പാടെ ആൽബം എടുത്തു നോക്കിയപ്പോൾ ആണ് ആളെ മനസിലായെ. ഉപ്പ ഏറെ നാളായി കാണാൻ കാത്തിരുന്ന പ്രിയപ്പെട്ട കൂട്ടുകാരനാണെന്നു".....
"അപ്പോൾ ഇത് നിന്റെ മോനാണോ"....
സഞ്ജു അജാസിനെ വാത്സല്യത്തോടെ നോക്കി
"ഉപ്പ എന്റെ കൂടെ പറഞ്ഞിട്ടുണ്ടായിട്ടിരുന്നു ബാല്യകാലം മുതലേ കൂടെ ഉണ്ടായിരുന്ന ഉറ്റ ചങ്ങാതിമാരെപ്പറ്റി ... . ചെറുപ്പത്തിൽ പഠനം നിർത്തേണ്ടി വന്ന ഉപ്പാക്ക് പുതിയ വെളിച്ചം കാണിചു കൊടുത്ത സുഹൃത്തുക്കളെ കുറിച്ചു. സുഹൃത്തെന്നതിനുപരി എന്റെ ഉപ്പക്കും കുടുംബത്തിനും സഹോദരങ്ങളെ പോലെ ചെയ്തു കൊടുത്ത സഹായങ്ങളെ കുറിച്ചു......
ഡിഗ്രി വരെ ഒരുമിച്ചുണ്ടായിരുന്ന ഈ സൗഹൃദം ഉപ്പ മിക്കപ്പോഴും പറയുമായിരുന്നു
അവസാനം ഡിഗ്രി പഠന ശേഷം ഉപ്പാടെയും രാഹുൽ അങ്കിൾ ന്റെയും സഹായത്തോടെ കൂടെ പഠിച്ച രാജിയെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിക്കാത്തപ്പോൾ നിങ്ങളെ രണ്ടു പേരെയും ബോംബെയിലേക്ക് പോകാൻ സഹായിച്ചതും പിന്നെ കുറെ നാളുകൾക്കു ശേഷം ഒരു വിവരവുമില്ലാത്തതും എല്ലാം. എല്ലാം പറഞ്ഞിട്ടുണ്ടായിരുന്നു......"
എന്നിട്ടു സഞ്ജുവിനോടായി അജാസ് ചോദിച്ചു
"എന്നിട്ടെങ്ങനെയാ താങ്കൾ ആ കടത്തിണ്ണയിലെത്തിയെ"...
"കടത്തിണ്ണയിലോ?"...
അത്ഭുതത്തോടെ അൻവർ ചോദിച്ചു
"എങ്ങനെയാ നീ അവിടെ എത്തിയെ. അന്നിവിടെ നിന്നും ബോംബെയിലേക്ക് പോയി കുറച്ചു നാൾ നിന്റെ എഴുത്തുണ്ടായിരുന്നു.പിന്നെ ഒരു വിവരവുമില്ല ഞങ്ങളൊക്കെ കുറെ വിഷമിച്ചു നിന്റെ കാര്യമോർത്തു".....
"ഞാനും രാജിയും ബോംബയിലെത്തിയ ശേഷം എനിക്കൊരു ജോലി തരപെരുത്തുവാനായിട്ട് ഒരുപാട് വിഷമിച്ചു . അവസാനം കിട്ടുന്ന ജോലികൾക്കൊക്കെ പോയി. അങ്ങനെ ഒരു ദിവസം ഒരു ടാക്സിയിൽ ജോലി സംബന്ധമായ യാത്ര ചെയ്തപ്പോൾ അതിൽ വെച്ച എന്റെ പഴ്സും ബാഗും നഷ്ടമായി, അതിലായിരുന്നു നാട്ടിലുള്ള നിങ്ങളുടെ അഡ്രസ്സും എല്ലാം. അതിനു ശേഷം പിന്നെ ഒന്ന് വിളിക്കണോ കത്തെഴുതാനോ ഒന്നിനും പറ്റിയിട്ടില്ല, ഇന്നത്തേത്പോലെ മൊബൈലുള്ള കാലമല്ലലോ....
പിന്നെ ഒരുവിധമുള്ള ജോലികളൊക്കെ ചെയ്തു ചെറിയ രീതിയിൽ സമ്പാദിച്ചു തുടങ്ങി. രാജിയും അവിടെ ഒരു ഓഫിയ്‌സിൽ ജോലിക്കു പോകുമായിരുന്നു, അങ്ങനെ വർഷങ്ങൾ നീണ്ട പ്രയത്നത്തിലൊടുവിൽ ചെറിയ ഒരു ബിസിനസ് തുടങ്ങാൻ സാധിച്ചു . ഞങ്ങൾക്കൊരു മകനാണ്. ഒന്നേ ഉള്ളത് കൊണ്ട് ഒരുപാട് താലോലിച്ചു,, പക്ഷെ അതിന്റെ എല്ലാ മോശ സ്വഭാവവും അവനിൽ വളർന്നു വന്നു. മകനെ ഡിഗ്രിക്ക് ചേർക്കേണ്ട സമയമായപ്പോൾ ഞങ്ങൾ പിന്നെ നാട്ടിലേക്ക് വന്നു. ഇവിടത്തെ കോളേജിലും ആക്കി. പഠനം പൂർത്തിയാക്കുമുമ്പ് തന്നെ അവനിഷ്ടപ്പെട്ട ഒരു പെൺകുട്ടിയെയും കൊണ്ട് വീട്ടിൽ കേറി വന്നു. അതിനൊന്നും ഞങ്ങൾ എതിര് നിന്നില്ല. പക്ഷെ അവനും മരുമോളും കൂടെ ഞങ്ങളെ വീട്ടിൽ നിന്നും ഒഴിവാക്കാവായിട്ടു പരമാവധി ശ്രമിച്ചു. ഞാൻ ബോംബയിൽ പോയി സമ്പാദിച്ചതെല്ലാം അവൻ ധൂർത്തടിച്ചു നശിപ്പിച്ചു. ആ ദുഃഖം കണ്ടു കൊണ്ടാ എന്റെ രാജി പോയെ. അതിനു ശേഷം ഞാനും അവർക്കൊരു ബാധ്യതയായി.. പറയാതെ പറഞ്ഞു എന്റെ കൂടെ അവിടെ നിന്നും ഇറങ്ങിപ്പോകാൻ. സ്നേഹം നടിച്ചു എന്റെ പേരിലുള്ള സ്വത്തുക്കളും ഒരിക്കൽ അവൻ കൈക്കലാക്കി. അവന്റെ മകൻ പോലും എന്നെ വെറുപ്പോടെ കണ്ടു തുടങ്ങി.. എല്ലാം കൂടെ ആയപ്പോൾ ഞാൻ സ്വയം വീട്ടിൽ നിന്നും ഇറങ്ങി തിരിച്ചു, പോകാൻ വേറൊരിടം ഇല്ലാത്തതിനാൽ ആ കടത്തിണ്ണയിൽ അഭയം പ്രാപിച്ചു. രാജി പറയാറുള്ള പോലെ ഒരു സമയം മാതാപിതാക്കളെ വെറുപ്പിച്ചു സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിതിരിച്ചതിന്റെ ശാപമാകും ഈ അനുഭവിക്കുന്നതൊക്കെ. "................................
"വിഷമിക്കണ്ട. നിന്റെ ഒരു വിവരവുമില്ലാതെ ഞാനും രാഹുലും ഒരുപാട് വിഷമിച്ചായിരുന്നു.എവിടെയെങ്കിലും സുഖമായിട്ടിരുന്നാൽ മതിയെന്നായിരുന്നു ഞങ്ങളുടെ പ്രാർത്ഥന"............................................
"എന്നിട്ട് രാഹുലോ. "..............
"അവൻ രണ്ടു വര്ഷങ്ങള്ക്കു മുന്നേ മരണപെട്ടു"...
അത് കേട്ടപ്പോൾ സഞ്ജുവിന്റെ കണ്ണിൽ നിന്നും മിഴിനീർക്കങ്ങൾ പൊഴിഞ്ഞു..
"മരിക്കുമുമ്പ് നിന്നെ കാണണമെന്നവന്റെ ആഗ്രഹമായിരുന്നു....
നിന്റെയും രാഹുലിന്റെയും മാഷിന്റെയും സഹായം കൊണ്ട് എനിക്ക് ഡിഗ്രി വരെ പഠിക്കാനായി. അതിനു ശേഷം എന്റെ ആഗ്രഹം പോലെ തന്നെ പോലീസിൽ ജോലികിട്ടി. ഇപ്പോൾ ഡിജിപി ആയിട്ടാ റിട്ടയർ ആയതു. അതിനു ശേഷം മോന്റെ കൂടെ ഇവിടെ അവന്റെ ജോലി സ്ഥലത്തേക്ക് വന്നു. എന്റെ ബീവി ഇപ്പോൾ മോൾടെ കൂടെയാ . അവളും ഉടനെ ഇങ്ങോട്ടെത്തും..."
"എന്തായാലും ഉപ്പാക്ക് സന്തോഷമായല്ലോ. കുറെ നാളായി കാണണമെന്നാഗ്രഹിച്ച ആളല്ലേ ഇത്".... അജാസ് പറഞ്ഞു ..
"ആയി മോനെ.. കൈവിട്ടു പോയ ഒരു നിധിയാണെനിക്ക് തിരിച്ചു കിട്ടിയത്".....
"നീ ഇനി എങ്ങോട്ടും പോകുന്നില്ല. എന്റെ കൂടെ ഇവിടെ ഉണ്ടാകും. അതിലൊരു ബുദ്ധിമുട്ടു ഇവിടാർക്കും തോന്നില്ല..."
"അത് വേണോ ഡാ".....
"വേണം... നിന്നെ എങ്ങോട്ടും വിടത്തില്ല ഞങ്ങൾ...കൂടെ വേണം എനിക്ക് എന്റെ കൂട്ടുകാരനെ....കൂടെ പിറക്കാത്ത എന്റെ സഹോദരനെ"....
അപ്പോൾ അജാസും തുടർന്നു..
"അങ്കിൾ ഇനി ഇങ്ങോട്ടും പോകണ്ട.വിടത്തില്ല ഞങ്ങളെങ്ങോട്ടും. ഒരു ബുദ്ധിമുട്ടുമില്ല അതിനു നമ്മുക്. ഒരിക്കൽ എന്റെ ഉപ്പാക്ക് വേണ്ട സഹായങ്ങളൊക്കെ ചെയ്തതാ അങ്കിൾ ഉം രാഹുൽ അങ്കിൾ ഉം . ആ ഒരു സ്നേഹം കാണിക്കേണ്ടത് എന്റെ കടമയാണ്.. എന്റെ ഉപ്പാടെ കൂടെ ഉണ്ടാകണം ഇനി അങ്ങോട്ട്. സ്വന്തം മകനെ പോലെ കണ്ടാൽ മതി എന്നെയും.."....
സഞ്ജുവിന്റേയും അൻവറിന്റെയും മിഴികളിൽ സ്നേഹാശ്രുക്കൾ പൊഴിഞ്ഞു......

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot