നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പത്തരമാറ്റ്


By Sajil Sreedhar
എല്ലാവരും ഒറ്റക്കെട്ടായി അനുകൂലിച്ചപ്പോള്‍ പിന്നെ രാജേഷിന് എതിര്‍ത്തു നില്‍ക്കാന്‍ കഴിഞ്ഞില്ല. അയാള്‍ പണ്ടേ അങ്ങിനെയാണ്. സ്‌നേഹമുള്ളവരുടെ നിര്‍ബന്ധങ്ങള്‍ക്ക് മുന്നില്‍ ഒതുങ്ങും. വഴങ്ങിക്കൊടുക്കും. ആണ്‍കുട്ടികളുടെ സഹജമായ ശൗര്യവും നിഷേധവും തന്റേടവും ഒന്നുമില്ലാത്ത ഒരു സാധുവായിരുന്നു. അയാള്‍. അമ്മയും അച്ഛനും അനുജത്തിമാരും ചേട്ടനും ചേട്ടത്തിയമ്മയും അനുജനും അമ്മാവന്‍മാരും ചിറ്റപ്പന്‍മാരും എന്നുവേണ്ട ബന്ധുക്കള്‍ ഒന്നാകെ പറയുകയാണ്.

''ഇത് നടന്നാല്‍ നിന്റെ ശുക്രദശയാ മോനെ. പത്ത് തലമുറയ്ക്ക് സുഭിക്ഷമായി കഴിയാനുളള കാശ് ആ പെങ്കൊച്ചിന്റെ തന്ത ഒണ്ടാക്കിയിട്ടിട്ടുണ്ട്. പോരാത്തതിന് ടൗണ്‍ഏരിയായില്‍ തന്നെ മൂന്ന് സ്വര്‍ണ്ണക്കട. എല്ലാറ്റിനും അവകാശിയായി ഒറ്റ മോളും. കാണാനോ അതിസുന്ദരി. എന്തവാ ആ കൊച്ചിനൊരു കൊറവ്. രണ്ടാംകെട്ടായി പോയി. ആകെക്കൂടെ അവരൊന്നിച്ചു കഴിഞ്ഞത് ആറുമാസം. ആ ബന്ധത്തിലാണെങ്കില്‍ പിളേളരുമില്ല.ഇന്നത്തെ കാലത്ത് കാശാ വലുത്. കാശുണ്ടെങ്കില്‍ എല്ലാ യോഗ്യതകളും വരും''

പ്രായോഗികമായി ചിന്തിച്ചാല്‍ അവര്‍ പറയുന്നത് നൂറുശതമാനം സത്യമാണ്. അവരുടെ പര്യമ്പറത്തു നില്‍ക്കാനുളള യോഗ്യത തങ്ങള്‍ക്കില്ല. ആകെയുളളത് ഒരു എം.ബി.എ ബിരുദമാണ്. 8000 രുപയ്ക്ക് സ്വകാര്യസ്ഥാപനത്തില്‍ ട്രെയിനിയായി ജോലി ചെയ്യുന്നവന്റെ എം.ബി.എക്ക് വിവാഹക്കമ്പോളത്തില്‍ എന്ത് വില?

അവര്‍ക്ക് വേണ്ടത് സ്വഭാവശുദ്ധിയുളള ഒരു ചെക്കനെ മാത്രമാണ്. പിന്നെ കുടുംബം നന്നായിരിക്കണം. പണം ഒരു പ്രശ്‌നമേയല്ല. അച്ഛന്റെ കടബാധ്യതകള്‍ മൂഴുവന്‍ തീര്‍ത്തു തരും. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അച്ഛന്റെ ബൈപാസിനുള്ള മൂഴൂവന്‍ കാര്യങ്ങളും അവര്‍ ഏറ്റെടുത്തു കഴിഞ്ഞു. എന്‍ഗേജ്‌മെന്റിന് മുന്‍പ് തന്നെ വാടവീട് ഒഴിപ്പിച്ച് സിറ്റിയിലെ മുന്തിയ വില്ലയിലേക്ക് മാറിക്കൊളളാനും പറഞ്ഞിട്ടുണ്ട്. അത് തന്റെ പേരില്‍ തന്നെ രജിസ്റ്റര്‍ ചെയ്തു തരാനും തയ്യാറാണ്. കൂടാതെ രണ്ട് അനുജത്തിമാരെയും അവര്‍ വിവാഹം ചെയ്യിപ്പിച്ച് അയക്കും. ചേട്ടന് ബിസിനസ് തുടങ്ങാനുളള പണം തരും. തനിക്ക് ജൂവല്ലറി ഗ്രൂപ്പിന്റെ അവകാശം മകളുടെ ഭര്‍ത്താവ് എന്ന നിലയില്‍ സ്വാഭാവികമായി തന്നെ ഉളളതാണെങ്കിലും വിവാഹനിശ്ചയം കഴിഞ്ഞാലുടന്‍ കമ്പനിയുടെ ജോയിന്റ ് എം.ഡിയായി നിയമിക്കും. പിന്നെ വിവാഹസമ്മാനമായി ഒരു ഓഡി കാറും ഒരു കോടി രുപയുടെ സ്ഥിരനിക്ഷേപവും. സ്വര്‍ണ്ണം ഇപ്പോള്‍ തന്നെ അഞ്ഞുറുപവന്‍ അവളൂടെ പേരില്‍ ബാങ്ക് ലോക്കറിലുണ്ട്.

രാജേഷിനെ ഈ ഓഫറിനേക്കാളൊക്കെ മോഹിപ്പിച്ചത് ആ പെണ്‍കുട്ടിയാണ്. പ്രിയംവദ..! എന്തൊരു ഐശ്വര്യമാണ് ആ മുഖത്ത്. ഒരു പനിനീര്‍പ്പൂവ് വിടര്‍ന്നു വരും പോലെ. സൗമ്യസുന്ദരമായ ആ പെരുമാറ്റം കൂടി ചേരുമ്പോഴാണ് ആ രൂപഭംഗി പൂര്‍ണ്ണമാവുന്നത്. സഹസ്രകോടികളുടെ വിറ്റുവരവും ആസ്തിമൂല്യവുള്ള ഒരു വ്യവസായസാമ്രാജ്യത്തിന്റെയും കുടുംബത്തിന്റെയും ഏകഅവകാശിയാണെന്ന ഭാവം തീരെയില്ല. തന്നെ ആശ്രിയിച്ച് കഴിയാന്‍ കൊതിക്കുന്ന ഒരു ദരിദ്രപെണ്‍കുട്ടിയുടെ വിനയത്തോടും വിധേയത്വത്തോടും ലാളിത്യത്തോടുമാണ് അവള്‍ പെരുമാറിയത്. 

തനിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോഴും വാക്കുറപ്പിച്ചു കഴിഞ്ഞ് ഫോണില്‍ നിത്യേന സംസാരിച്ചു തുടങ്ങിയപ്പോഴും അവളുടെ പ്രകൃതത്തില്‍ അണുവിട മാറ്റം കണ്ടില്ല. യഥാര്‍ത്ഥപ്രകൃതം മറച്ചു വച്ച് അഭിനയിക്കുന്നവരെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാനുളള സവിശേഷമായ കഴിവ് രാജേഷിനുണ്ട്. ഇത് അങ്ങനെയല്ല. പ്രിയംവദ എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല പെണ്ണാണ്. ഇതൊക്കെയാണെങ്കിലും ഒരു കാര്യം ഓര്‍ക്കുമ്പോള്‍ രാജേഷിന് വല്ലാത്ത വിമ്മിട്ടം തോന്നി.

ആറുമാസം മറ്റൊരാള്‍ക്കൊപ്പം കഴിഞ്ഞ പെണ്ണ്..അയാളുടെ ചൂടും ചൂരും ശ്വാസനിശ്വാസങ്ങളും ഏറ്റുവാങ്ങിയ പെണ്ണ്. എത്രയോ രാപ്പകലുകള്‍ അവള്‍ അയാക്കൊപ്പം അയാളുടെ വിയര്‍പ്പില്‍ ഒട്ടികിടന്നിട്ടുണ്ടാവും. അവളൂടെ ശരീരത്തിന്റെ ഏതെല്ലാം ഭാഗങ്ങളില്‍ അയാള്‍ ഉമ്മ വച്ചിട്ടുണ്ടാവും. തിരിച്ച് അവളും അയാളുടെ...

ഓര്‍ക്കുന്തോറും രാജേഷിന് വല്ലാത്ത മനംപിരട്ടല്‍ അനുഭവപ്പെട്ടു. ഇത്രകാലം താന്‍ കാത്തുസൂക്ഷിച്ച പരിശുദ്ധിയെക്കുറിച്ച് മനസ്പതാപം തോന്നി. കോളജ് പഠനകാലത്ത്, നാട്ടിലെ സൗഹൃദസദസുകളില്‍ നിന്നൊക്കെ എത്രയോ പ്രലോഭനങ്ങളും സമ്മര്‍ദ്ദങ്ങളും ഉണ്ടായിരിക്കുന്നു. ഫേസ്ബുക്കിലെ ആരാധികമാരില്‍ ചിലര്‍ നേരിട്ട് തന്നെ ഫോണില്‍ പറഞ്ഞിരിക്കുന്നു.
'എത്ര സുന്ദരനാണ് രാജേഷ്. ഒരു ദിവസം നമുക്ക് ഒരുമിച്ച് ചിലവഴിക്കാം. നമുക്ക് എവിടെയെങ്കിലും പോവാം.പ്ലീസ് രാജേഷ്.'

ഒന്നിലും വഴിപ്പെട്ടില്ല. അന്നൊക്കെ മനസിന്റെ നിയന്ത്രണച്ചരടിനെ നിയന്ത്രിച്ചിരുന്നത് ഈ വിശ്വാസപ്രമാണമായിരുന്നു. തനിക്കുളളതെല്ലാം, മനസും ശരീരവും-അതിന്റെ മൂഴുവന്‍ പവിത്രതയോടും വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് നല്‍കണം. മറിച്ച് ആ പെണ്‍കുട്ടിയും തന്നെപ്പോലെ തന്നെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നവളാവണം. താന്‍ ആ പ്രതിജ്ഞ ലംഘിച്ചാല്‍ ഒരുപക്ഷെ ദൈവം ശിക്ഷിക്കും. തന്നേക്കാള്‍ മോശമായ ശീലങ്ങളുളള ഒരുവളെയാവും ജീവിതപങ്കാളിയായി വച്ചുനീട്ടുക. അതുകൊണ്ട് തന്റെ നിഷ്ഠ ഒരു സാഹചര്യത്തിലും അതിലംഘിക്കാന്‍ പാടില്ല. ഇവന്‍ ഒരു ആണാണോയെന്ന് വരെ അധിക്ഷേപിച്ചവരുണ്ട്. അവരോട് മുഖത്തുനോക്കി മറുപടി പറഞ്ഞിട്ടുമുണ്ട്.

'അതൊക്കെ ഞാന്‍ കല്യാണം കഴിക്കുന്ന കുട്ടിയെ ബോധ്യപ്പെടുത്തിയാല്‍ മതി. പിന്നെ പ്രലോഭനങ്ങളെ അതിജീവിക്കാന്‍ മനക്കരുത്തുള്ളവനണ് എന്റെ കാഴ്ചപ്പാടി യഥാര്‍ത്ഥ ആണ്'

'രാജേഷേ ഏത് കാര്യത്തിലും കുറച്ചൊക്കെ എക്‌സ്പീരിയന്‍സ് ആവശ്യമാണ്'
എന്ന് പ്രോത്സാഹിപ്പിച്ചവരുണ്ട്. അത്തരം വാദമുഖങ്ങളും താന്‍ ചിരിച്ചു തളളിയിട്ടേയുള്ളു. എന്നിട്ട് ഇപ്പോള്‍..ദൈവം ചില നന്മകള്‍ തരുമ്പോള്‍ ചിലത് നഷ്ടപ്പെടുത്തുമെന്ന് കേട്ടിട്ടുണ്ട്. ഒരു പക്ഷെ അതിരുകടന്ന സൗഭാഗ്യങ്ങളില്‍ അഹങ്കരിക്കാതിരിക്കാനും ദൈവത്തെ ഓര്‍ക്കാനും ചെയ്യുന്ന സൂത്രപ്പണികളാവാം.

എന്തായാലും തന്റെ മനസില്‍ പ്രിയംവദയുടെ ഭൂതകാലം എന്നും ഒരു കരടായി കിടക്കുമെന്ന് അയാള്‍ക്ക് തോന്നി. താനും ഒരു രണ്ടാംകെട്ടുകാരനായിരുന്നെങ്കില്‍ തെറ്റില്ലായിരുന്നു. ഇത് ഇപ്പോള്‍.

'നീയെന്ത് മണ്ടത്തരമാണ് ഈ പറയുന്നത്. കുടുംബം രക്ഷപ്പെടുന്ന കാര്യവല്ലേ. ഞാനെങ്ങാനുമായിരുന്നെങ്കില്‍ എപ്പം താലി കെട്ടിയെന്ന് ചോദിച്ചാല്‍ മതി. എന്നാ ഒരു  ഐറ്റവാടാ ആ പെണ്ണ്. ഒന്നു കെട്ടിയതാന്ന് ആരും പറയില്ല'
കൂട്ടുകാരില്‍ ഏറിയ പങ്കും ഉപദേശിച്ചതിന്റെ സാരാംശം ഏതാണ്ട് ഇപ്രകാരമായിരുന്നു. നേരിയ അനിഷ്ടം മനസിലുളളവര്‍ തന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാവും ബുദ്ധിപരമായി മൗനം പാലിച്ചു.
വിവാഹം അടുക്കുന്തോറുമുളള രാജേഷിന്റെ മൗനവും നിരുന്മേഷവും വീട്ടിലുളളവരും ശ്രദ്ധിച്ചു. എല്ലാവരും ആവുന്നത്ര ഉപദേശിച്ചു. ഈ വിവാഹം നടന്നാലുളള ഭൗതികമായ സൗഭാഗ്യങ്ങളിലായിരുന്നു എല്ലാവരുടെയും ഊന്നല്‍. ശരിയാണ് ഇന്നലെ വരെ ഓട്ടക്കീശയുമായി നടന്ന താന്‍ ഒരു ദിവസം ഇരുട്ടി വെളുത്തപ്പോള്‍ കോടീശ്വരനായി മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് ശതകോടികളുടെ അധിപനാവാന്‍ പോകുന്നു. പക്ഷെ അയാള്‍ അതിനേക്കാളൊക്കെ വില കല്‍പ്പിച്ചത് ചില മൂല്യങ്ങള്‍ക്കായിരുന്നു. ആവശ്യത്തില്‍ കവിഞ്ഞ പണം ഒരു കാലത്തും അയാള്‍ക്ക് ഒരു പ്രലോഭനമായിരുന്നില്ല.

ആരും തൊടാത്ത, ആരും വാസനിക്കാത്ത ഒരു പൂവ്. ഒരു പനിനീര്‍പുഷ്പം. അതായിരുന്നു അയാളുടെ സങ്കല്‍പ്പത്തിലെ വധുവിന് ഉണ്ടാവണമെന്ന് അയാള്‍ സ്വയം നിഷ്‌കര്‍ഷിച്ച ഗുണം. നിര്‍ഭാഗ്യവശാല്‍ പ്രിയംവദയ്ക്ക് അതില്ലാതെ പോയി. എന്താണ് ആ ബന്ധം തകരാന്‍ കാരണമെന്ന് താന്‍ ചോദിച്ചില്ല. തന്റെ വീട്ടുകാരോട്  ആരും ചോദിക്കാതെ തന്നെ പ്രിയംവദയുടെ അച്ഛന്‍ പറയുന്നത് കേട്ടു.

'നമുക്ക് ചേരാന്‍ പറ്റാത്ത കൂട്ടരാന്നേ..കൂട്ടിയാല്‍ കൂടാത്തത് എത്ര യോജിപ്പിച്ചാലും ശരിയാവില്ല. എന്നാല്‍ പിന്നെ അവര്‍ക്ക് അവരുടെ വഴി. നമുക്ക് നമ്മുടെയും..പണമൊന്നുമല്ല ജീവിതത്തില്‍ വലിയ കാര്യമെന്ന് ആ ഒരു ബന്ധത്തോടെ എനിക്ക് മനസിലായി.'

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും താനും ബന്ധുക്കളും നിന്നില്ല. ഏത് വിധേനയും ഈ ബന്ധം ഒരു യാഥാര്‍ത്ഥ്യമായി കാണണമെന്ന് തനിക്ക് ചുറ്റുമുളളവര്‍ തീവ്രമായി ആഗ്രഹിക്കുന്നതായി രാജേഷിന് ബോധ്യമായി. അതുകൊണ്ട് തന്നെ തന്റെ എല്ലാ വിശുദ്ധസങ്കല്‍പ്പങ്ങളും തമസ്‌കരിച്ച് അയാള്‍ ആ യാഥാര്‍ത്ഥ്യത്തിനൊപ്പം ചേര്‍ന്നു നിന്നു.  

കതിര്‍മണ്ഡപത്തില്‍ താലി കെട്ടാനായി പ്രിയംവദ തല കുനിച്ചപ്പോള്‍ അയാളൂടെ കൈവിരലുകള്‍ അവളൂടെ കഴൂത്തില്‍ സ്പര്‍ശിച്ചു. ഒരു അട്ടയെ തൊടും പോലെയാണ് അയാള്‍ക്ക് തോന്നിയത്. അട്ടയും ഒച്ചും മറ്റ് ഇഴജന്തുക്കളും അയാള്‍ക്ക് എന്നും അറപ്പും വെറുപ്പുമായിരുന്നു. അയാളൂടെ മുഖത്തെ വേവലാതിയും കൈകളുടെ വിറയലും താലി കെട്ടുന്ന ഏതൊരു ചെറുപ്പക്കാരനും ഉണ്ടാകുന്ന സ്വാഭാവികവിഭ്രമമായി കണ്ട് ബന്ധുക്കള്‍ ചിരിച്ചു തളളി. അവര്‍ ആര്‍പ്പുവിളിച്ചും കുരവയിട്ടും കല്യാണം ആഘോഷമയമാക്കി.

വിവാഹദിനത്തില്‍ പതിവുള്ള ബാച്ചിലേഴ്‌സ് പാര്‍ട്ടിയില്‍ രാജേഷിന്റെ കുട്ടുകാര്‍ എല്ലാരും തന്നെ സംബന്ധിച്ചു. മദ്യം തൊടാത്ത രാജേഷിന്റെ സുഹൃത്തുക്കളില്‍ തൊണ്ണുറു ശതമാനവും കളളിന്റെ ആശാന്‍മാരായിരുന്നു. എത്ര കുപ്പികള്‍ പൊട്ടിയെന്ന് ആര്‍ക്കും തന്നെ നിശ്ചയമില്ല. രാജേഷിന്റെ ചേട്ടന്‍ രാജീവാണ് എല്ലാറ്റിനും നേതൃത്വം നല്‍കിയത്. മൂപ്പരും വീശിന്റെ ആളാണല്ലോ?

ഏഴും എട്ടും പെഗുകള്‍ മത്സരിച്ച് അകത്താക്കുന്നതിന്റെ ആവേശലഹരിയിലായിരുന്നു സുഹൃത്ത്‌സംഘം. രാജേഷിന്റെ മനസ് അവിടെയായിരുന്നില്ല. അവര്‍ക്ക് നടുവില്‍ സ്‌പ്രൈറ്റ് കഴിച്ചുകൊണ്ട് ഒരു അപരിചിതനെ പോലെ അവന്‍ ഇരുന്നു. 

മറ്റൊരാളുടെ എച്ചില്‍ ഭക്ഷിക്കാന്‍ ഒരുങ്ങുന്നതിന്റെ ജുഗുപ്‌സ അയാളുടെ മനസിനെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത അവസ്ഥ. ഈ ബന്ധം വേണ്ടിയിരുന്നില്ലെന്ന് പൊടുന്നനെ തോന്നി. 

 മനസുകൊണ്ട് പ്രിയയുടെ ദേഹത്ത് ഒന്ന് സ്പര്‍ശിക്കാന്‍ കൂടി തനിക്കാവില്ലെന്ന ചിന്ത അയാളെ വിഷമിപ്പിച്ചു. അതിനിടെ  കളള്മൂത്ത ഏതോ ഒരു ചങ്ങാതിയുടെ ഉയര്‍ന്നു പൊങ്ങിയ ശബ്ദം രാജേഷ് വ്യക്തമായി കേട്ടു.

'പാവം അവന് വിഷമം കാണും. എന്തൊക്കെ പറഞ്ഞാലും പൂര്‍ണ്ണമനസോടെ ഇന്നത്തെ കാലത്ത് ആരാ എച്ചില് തിന്നുക? കാശില്ലെങ്കില്‍ കാശില്ലെന്നേയുളളു'

'സുരേഷേ നീയൊന്ന് മിണ്ടാതിരിക്കുന്നൊണ്ടോ?'
കേള്‍വിക്കാരിലൊരാള്‍ അഭിപ്രായപ്രകടനക്കാരനെ വഴക്കു പറയുന്നതും കേട്ടു.
ചങ്ങാതിമാരെ യാത്ര അയച്ച് മണിയറയിലേക്ക് നടക്കുമ്പോള്‍ രാജേഷ് ഒരു നടുക്കത്തോടെ ചിന്തിച്ചതും ഒരേയൊരു കാര്യമാണ്. തന്നെ പോലെ തന്നെ ചിന്തിക്കുന്ന പലരും ചുറ്റിലുമുണ്ട്. അവരുടെ മുന്നില്‍ താനൊരു കോമാളിയാണ്. മറ്റൊരാള്‍ കശക്കിയെറിഞ്ഞ പെണ്ണിനെ ചുമക്കാന്‍ വിധിക്കപ്പെട്ട വ്യക്തിത്വമില്ലാത്ത ഒരാള്‍.

ആ രാത്രി അവര്‍ പലതും സംസാരിച്ചിരുന്നു. പ്രിയംവദ വളരെ സൗഹൃദഭാവത്തിലാണ് അയാളോട് പെരുമാറിയത്. അയാളും മുഖത്ത് ഭാവവ്യത്യാസമൊന്നും കാണിച്ചില്ല. തന്റെ മനസിന്റെ പിടച്ചില്‍ അവളറിയരുതെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വളരെ വിദഗ്ധമായി അയാളത് മറച്ചുപിടിച്ചു. മനസുകൊണ്ട് കൂടുതല്‍ അടുപ്പമായിട്ട് മതി മറ്റുകാര്യങ്ങള്‍ എന്ന് അയാള്‍ പറഞ്ഞപ്പോള്‍ സമ്മതഭാവത്തില്‍ അവള്‍ ചിരിച്ചു. കുറഞ്ഞപക്ഷം ഒരു ഉമ്മയെങ്കിലും തന്നുകൂടെയെന്ന് അവളൂടെ മനസ് ചോദിക്കുന്നതായി അയാള്‍ക്ക് തോന്നി. ചിലപ്പോള്‍ തന്റെ തോന്നലാവാമെന്ന് അയാള്‍ ആശ്വസിച്ചു. എത്രയോ തവണ എന്തൊക്കെ കഴിഞ്ഞവളാണ് പ്രിയംവദ. അവള്‍ക്ക് ഒരു ഉമ്മ അത്ര പ്രധാനമാണോ? തന്റെ കാര്യം അതല്ല. ഒരു പെണ്ണിന്റെ ദേഹത്ത് അറിഞ്ഞോ അറിയാതെയോ ഇന്നേവരെ സ്പര്‍ശിച്ചിട്ടില്ലാത്തയാളാണ് താന്‍. 
ഒരേ കിടക്കയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ പ്രിയയുടെ ദേഹത്ത് സ്പര്‍ശിക്കാതെ വലിയ ഫാമിലികോട്ടില്‍ ഒതുങ്ങിക്കിടക്കാന്‍ രാജേഷ് പ്രത്യേകം ശ്രദ്ധിച്ചു.

ഒരാഴ്ച കടന്നു പോയിട്ടും അയാള്‍ അവളെ സ്പര്‍ശിച്ചില്ല. സ്‌നേഹത്തോടെ ഒന്ന് ചേര്‍ത്തു പിടിച്ചത് കൂടിയില്ല. 

ഒരു രാത്രി അയാള്‍ ഉറക്കറയിലേക്ക് വരുമ്പോള്‍ ഓറഞ്ച് നിറമുളള സുതാര്യമായ നൈറ്റിയില്‍, വല്ലാത്തൊരു മൂഡിലായിരുന്നു പ്രിയ. ഒരു മാടിവിളിക്കലിന്റെ സ്വഭാവമുണ്ടായിരുന്നു അവളുടെ ഭാവചലനങ്ങളില്‍. 'നല്ല തലവേദന, ഞാനൊന്ന് കിടക്കട്ടെ' എന്നു പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചപ്പോള്‍ പെട്ടെന്ന് അവള്‍ അയാളെ വട്ടം പിടിച്ചു.
ഒരു തേരട്ട ദേഹത്ത് കൂടി ഇഴയും പോലെയാണ് അയാള്‍ക്ക് തോന്നിയത്. രാജേഷ് പെട്ടെന്ന് പിടിവിടുവിച്ച് കുതറി മാറി. പ്രിയയുടെ മുഖം മങ്ങുന്നതു കണ്ട് അയാള്‍ അടവു മാറ്റി.

'എന്തോ, ഇന്ന് ഒന്നിനും ഒരു മൂഡില്ല. നല്ല തലവേദന. പണ്ടേ ഞാന്‍ മൈഗ്രേന്റെ ആളാ'

അത് വിശ്വാസത്തിലെടുത്ത്  പരിഭവസ്പര്‍ശമില്ലാതെ പുഞ്ചിരിച്ച്, അയാളുടെ നെറ്റിയില്‍ അമൃതാഞ്ജന്‍ തേച്ചുകൊടുത്ത്, ലൈറ്റണച്ച് പ്രിയ കിടന്നു.
പക്ഷെ ആ രാത്രി അയാള്‍ ഉറങ്ങിയില്ല. അയാളൂടെ ആകുലത വളരുകയായിരുന്നു.

പല ദിവസങ്ങളിലും വിശപ്പില്ലാതെ താന്‍ മിച്ചം വയ്ക്കുന്ന ചോറും കറിയും തന്റെ എച്ചില്‍പാത്രത്തിലിട്ട് അമ്മ കഴിക്കുന്നത് രാജേഷ് ശ്രദ്ധിച്ചിട്ടുണ്ട്. അന്നൊക്കെ അവന്‍ അമ്മയെ വഴക്ക് പറഞ്ഞിട്ടുമുണ്ട്.
'അമ്മയോട് ഞാന്‍ പറഞ്ഞിട്ടില്ലേ, മറ്റൊരാളൂടെ എച്ചില്‍ കഴിക്കരുതെന്ന്. അത് ഞാനായാലും അച്ഛനായാലും ആരുടേതായാലും'
അമ്മ ചിരിച്ചു കൊണ്ട് പറയും.
'ഒരമ്മയ്ക്ക് മക്കളുടെ മിച്ചഭക്ഷണം എച്ചിലല്ലെടാ, അമൃതാ..അമൃത്'
അമ്മ എന്തൊക്കെ ന്യായങ്ങള്‍ നിരത്തിയാലും ഇക്കാര്യങ്ങള്‍ അയാള്‍ക്ക് അറപ്പാണ്.
അങ്ങനെയുള്ള തനിക്കാണ് ഈ വിധി സംഭവിച്ചിരിക്കുന്നത്.

വെളുപ്പാന്‍ കാലത്ത് എപ്പോഴോ ആണ് രാജേഷ് ഒന്നു മയങ്ങിയത്. പുലര്‍ച്ചെ ഒരു വല്ലാത്ത സ്വപ്നം കണ്ട് അയാള്‍ ഞെട്ടിയുണര്‍ന്നു. പ്രിയംവദയുടെ ശരീരത്തില്‍ ഒരു പെരുമ്പാമ്പിനെ പോലെ ചുറ്റിവരിഞ്ഞ് ഇഴയുന്ന സംഗീത്. അയാളുടെ പേര് വളരെ ഗോപ്യമായി അവന്‍ അറിഞ്ഞു വച്ചിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടില്‍ സേര്‍ച്ച് ചെയ്താണ് ആ രൂപംം അയാള്‍ കണ്ടത്. സംഗീത് അവളില്‍ എന്തൊക്കെയാണ് പരീക്ഷിക്കുന്നത്. അത് കണ്ട് അയാള്‍ക്ക് ഓക്കാനം വന്നു. ഉണര്‍ന്ന് ഏറെ നേരം ഏസിയുടെ മുരളലും നോക്കി അയാള്‍ കിടന്നു. പ്രിയ ഒന്നും അറിയാതെ ഗാഢനിദ്രയിലാണ്. പാവം അവളെന്ത് പിഴച്ചു? പക്ഷെ കഴിഞ്ഞതൊക്കെ ഓര്‍ക്കുമ്പോള്‍ സ്‌നേഹത്തോടെ, കൊതിയോടെ, സന്തോഷത്തോടെ അവളെ ഒന്നു ചേര്‍ത്തുപിടിക്കാന്‍ തനിക്ക് കഴിയുന്നതെങ്ങനെ?

പിറ്റേന്ന് തീരെ പ്രതീക്ഷിക്കാതെ പ്രിയംവദ ചോദിച്ചു.

''നമുക്കൊരു യാത്ര പോയാലോ? കല്യാണം കഴിഞ്ഞ് ഇത്രനാളായിട്ടും നമ്മള്‍ തനിച്ച് എവിടെയും പോയിട്ടില്ലല്ലോ?'

ഈ അന്തരീക്ഷത്തില്‍ നിന്നൊരു മാറ്റം നല്ലതാണെന്ന് അയാള്‍ക്കും തോന്നി. നീലഗിരിയാണ് അയാള്‍ തെരഞ്ഞെടുത്തത്. അവള്‍ക്കും അത് ബോധിച്ചു. 
നീല്‍ഗിരി ഗാര്‍ഡന്‍സിലുടെ പരസ്പരം ചേര്‍ന്ന് നടന്നപ്പോള്‍  കണ്ണികളുടെ അകലം മെല്ലെ കുറഞ്ഞു വരുന്നതായി അയാള്‍ക്ക് തോന്നി.

 രാത്രി, ക്യംാപ് ഫയറിന്റെ ചൂടില്‍ തണുപ്പകറ്റി സെറ്റര്‍ പുതച്ച്  ചൂടുളള ഇന്‍സ്റ്റന്റ ് കോഫി കുടിച്ച് അടുത്തടുത്തിരിക്കുമ്പോള്‍ അവള്‍ ചോദിച്ചു.
'ഒരു കാര്യം ചോദിച്ചാല്‍ ഞാനൊരു ചീത്തപ്പെണ്ണാണെന്ന് തെറ്റിദ്ധരിക്കരുത്'
'ചോദിക്കൂ'

അയാള്‍ സമ്മതം കൊടുത്തു.
'ഈ മുറിയില്‍ നമ്മള്‍ മാത്രമായി ഇങ്ങനെ ഇരിക്കുമ്പോള്‍ രാജേഷിന് ഒന്നും തോന്നുന്നില്ലേ?'
'എന്ത് തോന്നാന്‍?'
അവളുടെ ചോദ്യം മനസിലായിട്ടും അയാള്‍ പൊട്ടന്‍ കളിച്ചു.
'കല്യാണം കഴിഞ്ഞ ഒരാണിനും പെണ്ണിനും തോന്നേണ്ടതൊന്നും..?'

അയാള്‍ ചിരിച്ചു. അതില്‍ വിഷാദത്തിന്റെ നനവുകളുണ്ടായിരുന്നു. ആ മൗനം ഏറെ നേരം നീണ്ടു നിന്നു. പ്രിയംവദയ്ക്ക് ഒന്നും മനസിലായില്ല. അവള്‍ അയാളെ തന്നെ നോക്കിയിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം അയാള്‍ ശബ്ദിച്ചു.
'ഞാനൊരു കാര്യം തുറന്നു ചോദിച്ചാല്‍ ദേഷ്യം തോന്നരുത്'
'രാജേഷിന് എന്നോട് എന്തും ചോദിക്കാം'
കരുതിവച്ചതു പോലെയായിരുന്നു അവളുടെ മറുപടി.
'ആറ്മാസം ഒരുമിച്ച് ജീവിച്ചിട്ടും ആദ്യവിവാഹത്തില്‍ എന്തേ പ്രിയക്ക് ഒരു കുട്ടിയുണ്ടായില്ല'
പ്രിയംവദ ഒന്നു ഞെട്ടി. ആ സന്ദര്‍ഭത്തില്‍ അങ്ങനെയൊരു ചോദ്യം അവള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. അവളൂടെ കണ്ണുകള്‍ മുത്തുമണികള്‍ പോലെ തിളങ്ങി. അത് നനയുന്നതു കണ്ട് രാജേഷും വല്ലാതായി.
'പ്രിയയെ വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. ഒരു സംശയം ചോദിച്ചെന്നേയുള്ളു. ആ ടോപ്പിക് വിട്ടേക്കു..'
'ഇല്ല, എനിക്കത് പറയണം. രാജേഷ് അറിയണം. രാജേഷിന്റെ എല്ലാ സംശയങ്ങള്‍ക്കുമുളള ഉത്തരം അതിലുണ്ട്'
അയാള്‍ അത്യാകാംക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി. നേരിയ തേങ്ങലിന്റെ ഒരു ചീളിനൊപ്പമാണ് അവള്‍ പറഞ്ഞു തുടങ്ങിയത്.
'അതിന് പ്രഗ്നന്റാവാനുളള കാര്യങ്ങള്‍ നടന്നെങ്കിലല്ലേ പ്രഗ്നന്റാവൂ..'
വൈദ്യൂതാഘാതമേറ്റതു പോലെ അയാള്‍ സ്തംഭിച്ചു നിന്നു.
'പ്രിയ പറഞ്ഞു വരുന്നത്..?'

'പെട്ടെന്ന് ആര്‍ക്കും അത് ഡൈജസ്റ്റായെന്ന് വരില്ല. ഒന്നിച്ചുജീവിച്ച ആറുമാസവും ഞങ്ങള്‍ ആങ്ങളയും പെങ്ങളുമായിരുന്നു'

പിന്നീട് രാജേഷ് ചോദിക്കാതെ തന്നെ അവള്‍ എല്ലാം തുറന്നു പറഞ്ഞു. പഠനകാലത്ത് ഒരു ആക്‌സിഡന്റില്‍ പെട്ട് എല്ലാം നഷ്ടപ്പെട്ടയാളായിരുന്നു സംഗീത്. ഒരുപാട് ചികിത്സകള്‍ നടത്തിയിട്ടും പ്രയോജനമുണ്ടായില്ല. ഒരു പെണ്‍കുട്ടിയുടെ സാമീപ്യം കൊണ്ട് മാറ്റം വരുമോ എന്ന പരീക്ഷണമായിരുന്നു അവരുടെ വിവാഹം. പ്രിയയുടെ ദുഖം കണ്ട് വിവാഹമോചനത്തിന് മുന്‍കൈ എടുത്തത് അയാള്‍ തന്നെയായിരുന്നു. അയാളൂടെ അവസ്ഥ ഉള്‍ക്കൊണ്ട് ഈ ജന്മം മൂഴൂവന്‍ അങ്ങനെ കഴിയാന്‍ അവള്‍ ഒരുക്കമായിരുന്നു. പക്ഷെ പ്രിയ എത്ര കേണപേക്ഷിച്ചിട്ടും തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ അയാള്‍ തയ്യാറായില്ല. അയാള്‍ തന്നെ അവളെ വീട്ടില്‍ കൊണ്ടുചെന്നാക്കുകയായിരുന്നു. പ്രിയ കാലില്‍ വീണു പറഞ്ഞിട്ടും കൂടെക്കുട്ടാന്‍ അയാള്‍ തയ്യാറായില്ല.
എല്ലാം പറഞ്ഞു കഴിഞ്ഞ് അവള്‍ രാജേഷിന്റെ നെഞ്ചിലേക്ക് വീണ് ഏങ്ങലടിച്ച് കരഞ്ഞു. കരച്ചില്‍ ഒതുങ്ങി ശാന്തമായ സന്ദര്‍ഭത്തിന്റെ പഴുതില്‍ രാജേഷ് ചോദിച്ചു.

'പ്രിയ ഇപ്പോഴും അയാളെ ഓര്‍ക്കാറുണ്ടോ?'
'ഇല്ല..'
'എന്തേ?'
'എല്ലാം സഹിച്ച് ഒരുമിച്ച് ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചത് ആ മനുഷ്യനോടുളള സഹതാപത്തേക്കാളെറെ സ്‌നേഹം കൊണ്ടായിരുന്നു.  പുര്‍ണ്ണമനസോടെയായിരുന്നു. എന്നോടുളള സ്‌നേഹക്കുടുതല്‍ കൊണ്ടാവാം അദ്ദേഹം ഈ ബന്ധം മുറിച്ചെറിഞ്ഞത്. പക്ഷെ എന്റെ സ്‌നേഹം തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. ഇനി ആ മുഖം എന്റെ മനസിലില്ല.എന്നു കരുതി അദ്ദേഹത്തെ അപമാനിക്കാന്‍ ഞാനില്ല. സ്വന്തം കുറവുകള്‍ ആരും അറിയരുതെന്നായിരുന്നു സംഗീതിന്റെ ഏറ്റവും വലിയ ആഗ്രഹം. അതുകൊണ്ട്  മറ്റാരും അറിയാതെ ഇക്കാലമത്രയും ഞാന്‍ ആ രഹസ്യം സൂക്ഷിച്ചു...''

പെട്ടെന്ന് ഇടയില്‍ കടന്ന് രാജേഷ് ചോദിച്ചു.
'സംഗീത് ഇപ്പോള്‍ എവിടെയുണ്ട്..?'
പ്രിയംവദ പെട്ടെന്ന് അയാളുടെ കൈകവര്‍ന്നെടുത്ത് ഡോര്‍ വലിച്ചു തുറന്ന് കോട്ടേജിന്റെ ഇടനാഴിയിലുടെ നടന്ന് പുറത്തെ പുല്‍ത്തകിടിയിലെത്തി. കോടമഞ്ഞ് വീണു കിടക്കുന്ന മലനിരകള്‍ക്കപ്പുറത്ത് ചാന്ദ്രികശോഭ നീലച്ചായം പൂശിയ പ്രകൃതി. അതിനുമപ്പുറം ആകാശത്ത് ഒഴുകി നടക്കുന്ന വെണ്‍മേഘഹംസങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി ജ്വലിച്ചു നില്‍ക്കുന്ന നക്ഷത്രങ്ങളെ ചൂണ്ടി അവള്‍ പറഞ്ഞു.

'അവരില്‍ ഒരാളായി.. ദാ..അവിടെയുണ്ട്..'

രാജേഷ് വീണ്ടും നടുങ്ങി. പ്രിയ വിതുമ്പല്‍ അടക്കിക്കൊണ്ട് പറഞ്ഞു.
'യു.എസില്‍ വച്ചായിരുന്നു സൂയിസൈഡ്. അവിടെ തന്നെ അടക്കണമെന്നും നാട്ടില്‍ മറ്റാരും അറിയരുതെന്നും സംഗീത് പ്രത്യേകം പറഞ്ഞ് ഏല്‍പ്പിച്ചിരുന്നു'

പുറത്തേക്ക് വന്ന അതേ തീവ്രതയോടെ പ്രിയംവദ, രാജേഷിന്റെ കയ്യില്‍ പിടിച്ചു വലിച്ച് കോട്ടേജിലെ മുറിയില്‍ കടന്ന് വാതിലടച്ചു. പിന്നെ അയാളൂടെ നേര്‍ക്ക് കൈകൂപ്പിക്കൊണ്ട് അവള്‍ പറഞ്ഞു.
'ഇനി ഈ ജന്മം, സംഗീത് എന്നൊരു പേര് നമുക്കിടയില്‍ വന്നുകൂടാ. അതൊരു അടഞ്ഞ അദ്ധ്യായമാണ്. ഇനിയൊരിക്കലും ഞാന്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു പേര്. അതിലേക്ക് ദയവുചെയ്ത് എന്നെ വലിച്ചിഴക്കരുത്. ഇക്കാര്യം എനിക്ക് സത്യം ചെയ്തു തരണം. ഇനിയൊരു ദുരന്തം കൂടി താങ്ങാനുളള ശക്തി എന്റെ പാരന്റ്‌സിനില്ല'
രാജേഷ് അവളുടെ അടുത്തേക്ക് ചെന്ന് ആ കൈകള്‍ തന്റെ കരങ്ങളിലേക്ക് എടുത്ത് കവിളിലേക്ക് ചേര്‍ത്തു വച്ചു. പിന്നെ മെല്ലെ കുനിഞ്ഞ് ആ നെറ്റിമേല്‍ ചുംബിച്ചു. ഒരു പനിനീര്‍പുഷ്പത്തെ ചുംബിക്കും പോലെ അത്ര വിശുദ്ധവും സുഗന്ധപൂരിതവുമായ അനുഭവമായിരുന്നു അത്. പിന്നെ എപ്പോഴോ  അയാള്‍ അവളെ ദൃഢമായി ആലിംഗനം ചെയ്തു. അത്രമേല്‍ തീവ്രവും തീക്ഷ്ണവും വൈകാരികവുമായ ഒരു ആശ്ലേഷം അവളുടെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. രണ്ട് ശരീരങ്ങള്‍ പരസ്പരം ലയിച്ച് ഒന്നായി രൂപാന്തരപ്പെടുന്ന അത്ര തന്മയീഭാവമുണ്ടായിരുന്നു ആ ആശ്ലേഷത്തിന്...

അവള്‍ അതാദ്യമായി ഒരു പുരുഷന്റെ കരുത്തില്‍ അലിയുമ്പോള്‍ അവളുടെ മനോനൈര്‍മ്മല്യത്തിന്റെ ആഴങ്ങള്‍ തിരയുകയായിരുന്നു അയാളുടെ മനസ്.

Written by:

Sajil Sreedhar

                                                                              




1 comment:

  1. പുറം അറിവും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരവും അനന്തരഫലവും വ്യക്തമാക്കുന്ന കഥ

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot