നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാത്തിരിപ്പ്

Image may contain: 1 person, sitting, closeup and indoor

***********
“മ്മടെ സരോജിനി ടീച്ചർ മരിച്ചൂട്ടോ..ന്നലെ രാത്രി . ഉറക്കത്തിൽ പോയി ന്നാ കേട്ടത് .. “
രാവിലെ പേപ്പർ ഇടാൻ വരണ പൗലോസേട്ടൻ പറഞ്ഞത് കേട്ട് അടുപ്പത്തു തിളപ്പിക്കാൻ വെച്ച പാൽ പകുതിയിലിട്ട് അമ്മ ഉമ്മറത്തേക്ക് പാഞ്ഞു… “നാരായണ.. ടീച്ചറോ അതെയോ.. എന്താ ഈ കേൾക്കണ് “
രാത്രി മഴയുടെ ആലസ്യത്തിൽ പുതപ്പിനടിയിൽ ചുരുണ്ടു കിടന്ന ഞാൻ എന്റെ കാതുകളെ വിശ്വസിക്കാനാവാതെ ചാടി എഴുന്നേറ്റു.
“ന്നലേം കൂടി എത്ര വർത്താനം പറഞ്ഞതാ. ഇതാ മനുഷ്യന്റെ അവസ്ഥ.. “
അതും പറഞ്ഞ് പൗലോസേട്ടൻ പോവുന്നതും നോക്കി നിന്ന അമ്മ കിതപ്പടക്കാൻ പാടുപ്പെട്ട് മെല്ലെ പറഞ്ഞു.. “പാവം…ഒറ്റക്ക് എത്ര കാലം ന്ന് വച്ചിട്ടാ… നന്നായി ന്ന് വിചാരിക്ക...ന്നാലും മരിക്കണ സമയത്തു
ആരും ഉണ്ടായില്ലല്ലോ ടീച്ചർക്ക്‌ . “
ചിലപ്പോൾ ടീച്ചർ അത് ആഗ്രഹിച്ചിട്ടുമുണ്ടാവില്ല. ആരും കേൾക്കാതെ ഞാൻ മനസ്സിൽ പറഞ്ഞു.
''കുളിക്കണ മുന്നേ ഒന്ന് പോയി കണ്ടിട്ടു വരാം “
അമ്മ എന്നെ നോക്കി…
“ഉം… ഞാനും വരാം “..,
പറയാനറിയാത്ത എന്തോ ഒരു വിങ്ങൽ മനസിലേക്ക് മെല്ലെ ആളി പടരാൻ തുടങ്ങുന്നുണ്ടായിരുന്നു… വാക്കുകളൊക്ക എവിടെയോ തങ്ങി നിൽക്കും പോലെ..
**********-
ടീച്ചറുടെ വീടിന്റെ വലിയ ഗേറ്റ് കടന്നു ആൾക്കൂട്ടത്തിനിടയിൽ കൂടെ ഉള്ളിലേക്ക് നടക്കുമ്പോൾ എന്റെ കണ്ണുകൾ ചെന്ന് ഉടക്കിയത് ഉമ്മറത്തെ ആ ഒഴിഞ്ഞ ചാരു കസേരയിലായിരുന്നു….
ഈ കസേരയിലിരുന്നാണ് ഇന്നലെ വരെ ടീച്ചർ എന്നെ “ കുട്ടീ ഒന്ന് കേറീട്ടു പോവോ “..എന്ന് നീട്ടി വിളിച്ചത്…
അത് കേട്ടാലറിയാം ടീച്ചർക്ക്‌ എന്നെ കൊണ്ടെന്തെങ്കിലും കാര്യമുണ്ടാവും
ഓഫീസിലേക്ക് ഒമ്പതരയുടെ ബസ് പിടിക്കാനുള്ള ഓട്ടത്തിനിടയിലും ഈ വിളി അവഗണിക്കാൻ എനിക്ക് മനസ് വരാറില്ല..
ആ വലിയ വീട്ടിൽ ടീച്ചർ ഒറ്റക്കെ ഉള്ളു … മക്കൾ രണ്ടാളും വിദേശത്താണ്..
രാത്രി ടീച്ചർക്ക് കൂട്ട് കിടക്കാറുള്ള അടിച്ചുതെളിക്കാരി ജാനുവും, തൊടി വൃത്തിയാക്കാൻ വരുന്ന മാധവേട്ടനും ആഴ്ചയിലൊരിക്കൽ തേങ്ങ ഇടാൻ വരുന്ന തെങ്ങുകയറ്റക്കാരൻ ചന്ദ്രനും പിന്നെ ഈ ഞാനും… ഇതായിരുന്നു ടീച്ചറുടെ ലോകം..
കയ്യിൽ ലളിതസഹസ്രനാമ പുസ്തകം പിടിച്ച് ചാരുകസേരയിൽ ചാഞ്ഞു കിടന്നു ടീച്ചർ പുറംകാഴ്ച്കൾ കണ്ടു. മുറ്റത്തെ. തുളസിത്തറയും മൂവാണ്ടൻ മാവും നെല്ലിമരവും കഴിഞ്ഞു ടീച്ചറുടെ കണ്ണുകൾ പുറത്തേക്കൊഴുകി…
“ മേലെത്തെ രാമുണ്ണി മേനോന്റെ പേരകുട്ട്യല്ലേ ജാനൂ ആ പോയത്.. പേര് മറന്നു . ലീവില് വന്നാവും”
അല്ലെങ്കിൽ “അമ്പലത്തെ വാര്യര് അല്ലേ ആ പോയെ മാധവാ… രണ്ട് പെങ്കുട്ട്യോളല്ലേ അവന്‌… രണ്ടാളുടേം കെട്ടു കഴിഞ്ഞോ “
“അത് മ്മടെ ശങ്കരൻകുട്ടി മാഷല്ലേ.. എന്തോ ദീനം തട്ടിയ പോലെ.. വല്ലാതെ മെലിഞ്ഞടക്കുണൂ “
അങ്ങിനെ ടീച്ചറുടെ കണ്ണുകൾ ഓരോ കാഴ്ചകളും ഒപ്പിയെടുക്കും
“വയസ്സ് പത്തെൺപതു ആയിട്ടും ന്താ ടീച്ചറിന്റെ കണ്ണിന്റെ ഒരു .കാഴ്ച അല്ലെ കുട്ട്യേ . എല്ലാടേം എത്തും “...മഞ്ഞക്കറ മൂടിയ പല്ല് കാട്ടി ചിരിച്ച് ടീച്ചർ കേൾക്കാതെ മാധവേട്ടൻ പറയും..
പക്ഷെ ആ കാഴ്ചകൾക്കപ്പുറം ആ കണ്ണുകളിൽ ഞാൻ കണ്ടത് പ്രതീക്ഷയുടെ നാമ്പുകളായിരിന്നു…. ആ പടികടന്നെത്തുന്ന തന്റെ പ്രിയപെട്ടവർക്ക് വേണ്ടിയുള്ള നീണ്ട ഒരു കാത്തിരിപ്പായിരുന്നു… !
എന്നെ കണ്ടാലുടൻ മടിക്കുത്തിൽ വച്ച മൊബൈൽ എടുത്തു തന്നിട്ട് പറയും “സതീശൻ എന്തോ ഒരു കൂട്ടം അയച്ചിട്ടുണ്ട്.. ഒന്ന് നോക്കു... അവൻ വരുണ്ടോ ആവോ “
“ഇപ്പോ എല്ലാം ഈ കുന്തത്തു കൂടി ആണല്ലോ.. പണ്ടത്തെ പോലെ ഒരു കത്തോ മറ്റോ ആണെങ്കില്… അത് വായിക്കണ സുഖണ്ടോ ഇതിന്… “
ഞാൻ മെസ്സേജുകളിൽ കൂടി ഒന്ന് കണ്ണോടിച്ചിട്ടു പറയും.. “ ഒന്നും അയച്ചിട്ടില്ലല്ലോ ടീച്ചറേ... ഒന്ന് നെടുവീർപ്പിട്ടു ടീച്ചർ പറയും “വരുണ്ടാവില്ല്യാ … അരവിന്ദനും ലീവ് കിട്ടില്യാ ന്നാ പറയണേ.. അവനും ഭാര്യക്കും തിരക്കൊഴിഞ്ഞ നേരല്ല്യ… “
പിന്നെ എന്തോ ആലോചിച്ചിട്ട് പറയും..
“ആരേം കുറ്റം പറഞ്ഞിട്ട് കാരല്യ.. എല്ലാർക്കും ഉണ്ടാവൂലോ ഓരോ തിരക്ക്.. രണ്ടു ഓണം കഴിഞ്ഞില്ല്യേ… ഇനി എന്നാണാവോ എല്ലാരും കൂടി ഒന്നായിട്ട് ഒരു ഓണസദ്യ തരാവ.. “
“ആരേം ബുദ്ധിമുട്ടിക്കാണ്ട് അങ്ങട് പോണം.. അത്രേ ഉള്ളൂ.. “ടീച്ചർ നെടുവീർപ്പിടും
മുറ്റം അടിച്ചു കൊണ്ടിരിക്കുന്ന ജാനു അപ്പൊ ഇടക്ക് കയറും “ കൊല്ലം രണ്ടായില്യേ രണ്ടാളും ഒന്ന് വന്നിട്ട്.. വ്ടെ ടീച്ചറു ഒറ്റക്കാന്ന് വല്ല വിചാരോണ്ടോ.. “
“നെന്റെ അഭിപ്രായം ആര്പ്പോ ഇവ്ടെ ചോദിച്ചില്ല്യ… അവർക്കവിടെ നൂറു കൂട്ടം പണിണ്ടാവും…. നിക്ക് ഇപ്പോ ഇവ്ടെ എന്താപ്പോ ഒരു കൊറവ്… ആരേം ബുദ്ദിമുട്ടിക്കാണ്ടെ കണ്ണടക്കണം ന്നെ ള്ളൂ.. “
അത് പറയുമ്പോഴും ആ നെഞ്ചിനുള്ളിൽ പെയ്‌തിറങ്ങുന്ന വികാരകങ്ങൾ അറിയാൻ കഴിയുമായിരുന്നു എനിക്ക്
എന്നിട്ടും ടീച്ചർ ഒന്നും പുറത്തു കാണിച്ചിരുന്നില്ല ഒരിക്കലും മക്കളെ കുറിച്ച് പരാതിയോ പരിഭവമോ പറയുന്നത് കേട്ടിട്ടില …
“കുട്ടി അമ്പലത്തി പോണ്ടെങ്കി സതീശന്റെ മോൾടെ പേരിലൊരു നിറമാല ശീട്ടാക്കിക്കോളു ട്ടോ… പൂരാടാ ആ കുട്ടീടെ നാള്… അരവിന്ദന്റെ കുട്ടീടെ കന്നീല് അവിട്ടാ.. “
എല്ലാവരുടെയും പിറന്നാളും നാളും ഒക്കെ ടീച്ചർക്ക്‌ എന്ത് നല്ല ഓർമയായിരുന്നു.. .. വഴിപാടിനുള്ള പൈസ എന്റെ കയ്യിൽ തന്നിട്ട് ടീച്ചർ പറയും.. “ഞാൻ വരിണില്യ. കുട്ടി ശീട്ടാക്കിയാ മതി.. അവിടെ പോയി ഇനി വീഴോ മറ്റ് ചെയ്തു കിടപ്പിലായാ ആരാ നോക്കാൻ “
ഒന്ന് കണ്ണടച്ച് ടീച്ചർ വീണ്ടും പറയും.. “ആരേം ബുദ്ധിമുട്ടിക്കാണ്ട് വേഗം പോണം “
മുറ്റത്തെ ആ വലിയ മൂവാണ്ടൻ മാവിലെ ഇലകൾ പോലെ ദിവസങ്ങൾ പൊഴിഞ്ഞു വീണു…
“ വിഷുന് വരാൻ നോക്കുണ്ട് അരവിന്ദൻ.. സതീശനും ചിലപ്പോ ലീവ് കിട്ട്യാ വരാലോ..” ടീച്ചർ ചാരുകസേരയിലിരുന്നു പാതയിലേക്കു കണ്ണും നട്ടു.പറയും… “
*******
തുലാവർഷം കനത്തു പെയ്തു..
കണ്ണടച്ച് തുറക്കും മുൻപേ പുതിയ കൊല്ലം പിറന്നു…
മൂവാണ്ടൻ മാവ് പിന്നേം പൂത്തു…
“ഇക്കൊല്ലം മാങ്ങ നല്ലോണം ണ്ടാവും… വിഷൂന് മാമ്പഴ പുളിശ്ശേരി വെക്കാട്ടോ ജാനൂ.. സതീശന്റെ കുട്യോൾക്ക്‌ വല്യ ഇഷ്ടാണ് പുളിശ്ശേരി .” ഒരു പ്ലേറ്റിൽ ജാനു കൊണ്ട് വച്ച മാമ്പഴ കഷ്ണങ്ങൾ എന്റെ നേരെ നീട്ടിട്ട്
ടീച്ചർ പറയും..
പക്ഷെ വിഷുവും കാവിലെ പൂരവും കഴിഞ്ഞിട്ടും മൂവാണ്ടൻ മാവിലെ അവസാനത്തെ മാങ്ങ അടർന്നു വീണിട്ടും ടീച്ചറുടെ കാത്തിരിപ്പ് പിന്നെയും നീണ്ടു… !
എന്നിട്ടും ടീച്ചർ പരാതി പറിഞ്ഞില്ല..
“ഒക്കെ ഇട്ടെറിഞ്ഞു ഓടി വരാന്ന് വെച്ചാ എളുപ്പല്ലല്ലോ… ഇത്രേം ദൂരത്തീന്ന്.. സാരല്ല്യ “
**********
ഒരിക്കൽ അമ്പലത്തിൽ നിന്ന് വഴിപാട് പ്രസാദവും കൊണ്ട് ചെന്ന എന്നെ പിടിച്ചു അടുത്തിരുത്തി ടീച്ചർ പറഞ്ഞു..
“കുട്ടിക്ക് ജോലി ഉണ്ടല്ലോ.. പെൻഷനും കിട്ടൂലോ. നന്നായി….നമുക്കുള്ളത് നമ്മളന്നെ കരുതണം.. വയസ്സാവുമ്പോ ആർക്കും ഒരു ബാധ്യത ആവരുത്…”
ഒന്നും മിണ്ടാതെ ഇരുന്ന എന്റെ കയ്യിൽ പിടിച്ചു ടീച്ചർ പിന്നെയും പറഞ്ഞു
“ഈ ബന്ധങ്ങൾ എന്നൊക്കെ പറയണത് ഒരു നനുത്ത നൂലിന്റെ അത്ര ഉറപ്പേ ഉള്ളൂ… പെട്ടെന്ന് പൊട്ടി പോവുട്ടോ… നമ്മള് ഈ ഭൂമീല് വന്നത് ഒറ്റക്കല്ലേ… തിരിച്ചു പോണതും ഒറ്റയ്ക്ക്… അതിന്റെടേല് മ്മടെ കടമകളൊക്കെ മ്മള് ചെയ്തുന്ന് ഒരു ബോധണ്ടായ മതി “
എന്തൊക്കെയോ ഉള്ളിലൊതുക്കി അത് പറയുമ്പോഴും ടീച്ചർ കരഞ്ഞില്ല.. പക്ഷെ നിറഞ്ഞത് എന്റെ കണ്ണുകളായിരുന്നു !!
*********
നിലവിളക്കിന്റെ വെളിച്ചത്തിൽ ടീച്ചറുടെ മുഖം ശാന്തമായിരുന്നു..
“അരവിന്ദൻ എത്തീട്ടുണ്ട്.. സതീശൻ പുറപ്പെട്ടിട്ടുണ്ട് ന്നാ കേട്ട്… വന്നിട്ടേ എടുക്കുള്ളു .” ആരോ ശബ്ദം താഴ്ത്തി പറഞ്ഞു
“ഭാഗ്യള്ള മരണാ ടീച്ചർടെ.. ഉറക്കത്തില് പോയില്ലേ.. കിടക്കേണ്ടി വന്നില്ല്യല്ലോ … കയ്യില് ലളിത സഹസ്രനാമം പിടിച്ചിട്ടാത്രേ കിടക്കാറ് ”
അത് തന്നെയാണാല്ലോ ടീച്ചർ ഉള്ളിൽ ആഗ്രഹിച്ചതും…..
“ന്നാലും കുട്ട്യോള് വരുന്നത് കാത്ത് കണ്ണില് എണ്ണ ഒഴിച്ച് കാത്തിരിക്ക്യായിരുന്നു പാവം… ഓണത്തിന് വരും, വിഷൂന് വരുംന്ന് പറഞ്ഞ്.. “മുണ്ടിന്റെ തലപ്പ് കൊണ്ട് ജാനു കണ്ണീരൊപ്പി…
ഞാൻ ടീച്ചറുടെ മുഖത്തു നോക്കി.. കണ്ണ് തുറന്നു ടീച്ചർ എന്നെ നോക്കി ചിരിച്ചു..
“അതിനെന്താപ്പോ.. ഞാൻ മരിച്ചു കിടക്കണ കാണാനെങ്കിലും എല്ലാരും വന്നൂലോ… പിന്നെ
ഈ കാത്തിരിക്കണേനും ണ്ട് ട്ടോ കുട്ട്യേ ഒരു സുഖം “
അതെ കാത്തിരിപ്പിനുമുണ്ട് ഒരു സുഖം… !
അല്ലെങ്കിലും നമ്മൾ ഓരോരുത്തരും ഓരോ കാത്തിരിപ്പിലാണല്ലോ…
വേനലിനൊടുവിൽ മഴയിലേക്കെന്ന പോലെ, ശിശിരം വസന്തത്തിലേക്കെന്ന പോലെ ഓരോ കാത്തിരിപ്പിനു പിന്നിലും ഉണ്ട് പ്രതീക്ഷയുടെ പുതു നാമ്പുകൾ.. !
ആ വീട്ടിൽ ഒറ്റയ്ക്ക് തൻ്റെ പ്രിയപ്പെട്ടവരെ കാത്തിരിക്കുമ്പോൾ ടീച്ചറുടെ ഉള്ളിലും പ്രതീക്ഷ മാത്രമായിരുന്നു…..
ടീച്ചറുടെ അടഞ്ഞ കണ്ണുകളിലേക്കു നോക്കിയപ്പോൾ എനിക്കെന്തോ പെട്ടെന്ന് സന്തോഷം തോന്നി !!
അതെ ജീവിതത്തിൽ കാത്തിരിക്കാൻ നമുക്കെന്തെങ്കിലും ഒക്കെ വേണം….!
രചനഃ ശ്രീകല മേനോൻ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot