നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രണയകഥകളതിസാഗരം

Image may contain: 1 person, smiling, closeup
••••••••••••
"ശരിക്കും ആ ചേട്ടൻ നിന്നെത്തന്നെയാ നോക്കുന്നേ വേണി.....ഞാൻ കുറേനേരമായി കാണുന്നുണ്ട് ....
ആ കണ്ണ് കണ്ടോ നിന്നെ നോക്കുമ്പോ എന്തോരു സ്നേഹാ നോക്ക് ...
നിത്യ ഇതും പറഞ്ഞെന്നെ തുടയിൽ നുള്ളി...പ്രീഡിഗ്രി ക്ലാസ്സിലെ സൂവോളജി പീരിഡിലാണ് ഞങ്ങൾ...
തവളയുടെ ആമാശയവും ദഹനേന്ദ്രിയവുമൊക്കെ കഷ്ടപ്പെട്ട് സരസ്വതിടീച്ചർ ബോർഡിൽ വരച്ചു പഠിപ്പിക്കുന്നതിനിടയിലാണ് ഈ കണ്ണുകളുടെ ശാസ്ത്രം ഞങ്ങൾ വായിനോക്കുന്നത്...
ഏത് നിമിഷവും ടീച്ചർടെ കയ്യിലെ ചോക്ക് പീസ് ഉന്നം തെറ്റാതെ തലയിൽ വീണേക്കാമെന്ന പേടിയുണ്ടെങ്കിലും എന്നെ നോക്കുന്ന അവനെ
നോക്കാതിരിക്കുന്നതെങ്ങനെ....
അതും പലപ്പോഴും ഞാനടക്കം പലരും ആരാധനയോടെ നോക്കുന്ന പാട്ടുകാരൻ.
ഞാനുമൊന്ന് ഒളികണ്ണിട്ട് നോക്കി അതേ ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത്...വാതിലുകളില്ലാത്ത ജന്നലിലൂടെ എന്നെയും നോക്കി ക്ലാസ്സിന് പുറത്തെ തൂണിൽ ചാരി കയ്യും കെട്ടി നിൽക്കുന്നു...
ശോ...ആദ്യമായാണ് കൂട്ടത്തിലെ തന്നെ കാണാൻ തീരെ കൊള്ളാത്ത എന്നെ ഒരാളിങ്ങനെ നോക്കുന്നത്...
നെഞ്ചിന്കൂടിനുള്ളിൽ നിന്നും പേരറിയാത്ത ഒരു മേളം പൊട്ടിപ്പുറപ്പെട്ടു.
കണ്ണുകൾ പിന്നെയും പിന്നെയും അവനെ..ജയന്തനെ തേടി പോകുന്നു ആകെ ഒരു ഇരിക്കപ്പൊറുതിയില്ലായ്മ...
കൂട്ടത്തിലെ ഒരുവിധം എല്ലാവർക്കും കാമുകന്മാരുണ്ട് പക്ഷേ ഇവനെ കാണാൻ തന്നെ എന്തൊരു ഭംഗി..പോരാത്തതിന് സീനിയറും ....ഞാനൊരു വിലസ് വിലസും...
ആ നാല്പത് മിനുട്ട് ക്ലാസ്സ് ,വായിനോട്ടത്തിനിടയിൽ തീർന്നത് ഞാനറിഞ്ഞില്ല....
ഈ സമയം കൊണ്ട് ഞാനവനെയും കൊണ്ട് നാല് ഡ്യൂയറ്റ് പാടിത്തീർത്ത ശേഷം കല്യാണപന്തലിലേക്ക് മന്ദം മന്ദം നീങ്ങുന്നതിനിടക്കൊരു വിളി...
"കൃഷ്ണവേണി.....സ്വപ്നം കണ്ടിരുന്നോ...
നാളത്തെ പ്രാക്ടിക്കലിനുമുന്പേ തന്റെ റെക്കോർഡ് ബുക്ക് എന്റെ മേശപ്പുറത്തു എത്തിയില്ലെങ്കിൽ ബാക്കി സ്വപ്നം കാണിച്ചുതരാം ഞാൻ.."
നശിപ്പിച്ചു...ഒരഞ്ചു മിനുട്ട് കഴിഞ്ഞു ഈ പിശാശിന് ന്നെ വിളിച്ചാൽ മതിയാരുന്നില്ലേ...അല്ലെങ്കിലും വീടിനു തൊട്ടടടുത്തു താമസമായൊണ്ട് ഒടുക്കത്തെ ശ്രദ്ധയാണ് എന്നോടീ തള്ളക്ക്...പോരാത്തതിന് മാർക്ക് കുറഞ്ഞിരുന്ന എന്നെ അവരുടെ ക്വാട്ടയിൽ ആണല്ലോ സെക്കന്റ് ഗ്രൂപ്പ് ന് ചേർത്തത്...
തലയാട്ടി മുഖത്തൊരു ശരിയെന്നൊരു വിനയഭാവം ഞാൻ കാണിച്ചു...
ടീച്ചറിറങ്ങി പോയതും ഞാൻ തലതിരിച്ചു അവനെ നോക്കി...ഇല്ല അവൻ പോയിക്കഴിഞ്ഞിരുന്നു...
ആദ്യമായാണ് ഒരാൾ യാത്ര പറയാതെ പോകുമ്പോൾ ഇത്രെയും സങ്കടം തോന്നുന്നത്..
പിന്നീടുള്ള ദിവസങ്ങളിലൊക്കെയും അവനുള്ളിടത്തു ഞാൻ പോകുന്നതാണോ അതോ എന്നെയവൻ പിന്തുടരുന്നതാണോ മനസിലായില്ല പക്ഷേ ഒരു ദിവസം ചുരുങ്ങിയത് നാല് തവണയെങ്കിലും കോളേജിനുള്ളിൽ ഞങ്ങൾ പരസ്പരം കാണും...
മാസമൊന്നു കഴിഞ്ഞു അക്കരെയിക്കരെ നോക്കി നോക്കി കൂട്ടുകാരെല്ലാം അവന്റെ പേര് പറഞ്ഞെന്നെ കളിയാക്കാൻ തുടങ്ങി...പക്ഷേ ഒരിക്കൽ പോലും ഞങ്ങൾ
മിണ്ടിയിട്ടില്ല ...
അവനെ കാണുമ്പോഴൊക്കെ ഇഷ്ടം നിറഞ്ഞുകവിഞ്ഞ മനസ്സ്‌ തുടി കൊട്ടും...സ്വപ്നങ്ങളിലെല്ലാം കുതിരപ്പുറത്തു വരുന്ന രാജകുമാരനായി അവൻ...
എന്നെയൊന്നാ കൈകളിൽ കോരിയെടുത്തു നെഞ്ചോട് ചേർത്തവൻ ചുംബിച്ചെങ്കിലെന്ന് പലപ്പോഴും കൊതിച്ചു ഞാൻ...
മറ്റൊരു പെൺകുട്ടിയോടവൻ മിണ്ടുന്നത് കണ്ടാൽ തന്നെ സങ്കടവും അരിശവും കൊണ്ടെന്റെ ചങ്കു പൊട്ടും...
അന്ന് ഞാൻ ഉള്ളതിൽ നല്ലതിട്ട് ഒരുങ്ങിയാണ് വീട്ടിൽ നിന്നും കോളേജിലേക്കിറങ്ങിയത്...
പൊന്മാൻ നീല നിറത്തിലെ പൂക്കൾ നിറഞ്ഞ പാവാടയും ജാക്കറ്റും ഇട്ട് പലതവണ കണ്ണാടിയിൽ നോക്കുമ്പോൾ അമ്മ വന്നൊളിഞ്ഞു നോക്കുന്നത് ഞാൻ കാണാതിരുന്നില്ല.
എന്തും അമ്മയോട് തുറന്ന് പറയുന്ന ഞാൻ ആദ്യമായാണ് ഒരു ഒളിച്ചുകളി...
നിത്യയോട്‌ പറഞ്ഞിട്ടുണ്ട് കൂടെ വരാൻ...എപ്പോഴും അവൾടെ വാലായി ഞാൻ നടക്കുന്നത് കൊണ്ട് തന്നെ അവൾ വരും...
ഇന്നെനിക്കവനോട് ചോദിക്കണം ഇഷ്ടം തുറന്ന് പറയാതെ എത്ര നാൾ ഇങ്ങനെ നോക്കി കൊതിപ്പിച്ചു നടക്കുമെന്ന്...
ബസ്‌സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ മനസ്സ്‌ വല്ലാതെ ചരട് പൊട്ടിയ പട്ടം പോലെ പിടിവിട്ടു പോകുന്നു...
അവനായി ഇങ്ങോട്ട് വരുന്നത് വരെ ഞാൻ കാത്തിരിക്കണോ??...അങ്ങോട്ട് ചെന്ന് ചോദിക്കുമ്പോൾ എന്താവും പ്രതികരണം....വേണ്ട ...കൂടുതൽ ആലോചിച്ചാൽ പിന്നാക്കം നിൽക്കും മനസ്സ്‌...
ഇന്നീ കാര്യത്തിനൊരു തീരുമാനം അറിയണം
കാടുകയറിയ ചിന്തകളിൽ സ്റ്റോപ്പ് എത്തിയതറിഞ്ഞില്ല...
" നീയിപ്പോഴേ സ്വപ്നലോകത്താണോ വേണി...വേഗം വാ ബസ് വന്നത് കണ്ടില്ലേ നീയ്യ്..."
നിത്യ കൈ പിടിച്ചു വലിച്ചെന്നെ ബസിൽ കയറ്റി...എന്റെ മുഖത്തെ നാണം കണ്ടിട്ടാവാം അവൾ ചിരിക്കാൻ തുടങ്ങി...
"തിരികെ വരുമ്പോ ഇനി ഞാൻ കൂടെ വേണ്ടല്ലോ ബസ്‌സ്റ്റോപ്പ് വരെ ആളായല്ലോ ഒപ്പം നടക്കാൻ ഇനി...
അല്ലേ "
ബസിറങ്ങി ഏകദേശം ഒരു കിലോമീറ്റെർ നടന്നാലേ കോളേജ് എത്തൂ...ക്ലാസിലെയും ക്യാമ്പസിലെയും സന്തോഷത്തേക്കാൾ കൂടുതൽ കളിചിരി പറഞ്ഞു നടന്നു തീർക്കുന്ന വഴികളോടാണ് ഇഷ്ടം...
കോളേജിലേക്കുള്ള വഴി നടന്ന് കയറുമ്പോൾ ദൂരെ നിന്നേ കണ്ടു ഗേറ്റിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നു...
കാരണമെന്തെന്ന് അവർക്കും അറിയില്ല പക്ഷേ ഇന്ന് സമരമാണെന്ന്...നിരാശ കലർന്ന മുഖത്തോടെ ഞാൻ നിത്യയെ നോക്കുമ്പോൾ സാരമില്ലെന്ന് അവൾ കണ്ണടച്ച് കാണിച്ചു...
റെക്കോർഡ് ബുക്ക് സബ്‌മിറ്റ് ചെയ്യാനാണെന്നു കളവ് പറഞ്ഞിട്ട് പോലും അവർ ഞങ്ങളെ അകത്തു കയറ്റിയില്ല....
തിങ്ങി നിറഞ്ഞ സങ്കടത്തോടെ തിരികെ നടക്കുമ്പോൾ ബാക്കിയുള്ള കൂട്ടുകാരും കൂടെ കൂടി...പകുതി വഴി പിന്നിട്ടപ്പോൾ കേൾക്കാം ഉച്ചത്തിൽ ചിരിച്ചു കളിച്ചു വരുന്ന ആൺകുട്ടികളുടെ ശബ്ദം...
ആ മുഖം ഇന്നൊന്ന് കാണാൻ കൂടി കഴിഞ്ഞില്ലെന്ന സങ്കടം സഹിക്കാൻ വയ്യ....
അവന്റെ മുഖം മനസ്സിലിട്ട് താലോലിച്ചു ആരോടും മിണ്ടാതെ നെഞ്ചിൽ ചേർത്ത് പിടിച്ച പുസ്തകത്തിലേക്ക് താടിയമർത്തി നടക്കുന്ന എന്നെ , പെട്ടെന്നാണ് നിത്യ ചേർത്ത് പിടിച്ചു ചെവിയിൽ സ്വകാര്യം പറഞ്ഞത്...
" ഒന്ന് തിരിഞ്ഞു നോക്കിയേ വേണി ...അതാരാ വരണേന്ന്...ഇനി ന്റെ കുട്ടീടെ മുഖത്തെ നീർവീക്കം കുറയോ ന്ന് ഞാനൊന്നു കാണട്ടെ..."
അവളെന്റെ കയ്യിൽ പിടിച്ചമർത്തിയതും ഞാൻ തിരിഞ്ഞു നോക്കി...
അടക്കാനാവാത്ത സന്തോഷവും കണ്ണുകളീറനാക്കുമെന്ന് എനിക്ക് മനസിലായി...അവന്റെ സാന്നിധ്യം കൊണ്ട് തുള്ളിച്ചാടുന്ന മനസിനെ അടക്കി നിർത്താൻ ഞാൻ പാടുപെടുന്നുണ്ടായിരുന്നു...
രണ്ടാമതൊരിക്കൽ കൂടി ഞാൻ നോക്കിയതും ഞാൻ കണ്ടു അവനെന്റെ അരികിലേക്ക് വേഗത്തിൽ വരുന്നത്.
" ദേ ആ ചേട്ടൻ ഇങ്ങോട്ട് വരുന്നുണ്ട് ...ഞാൻ മുൻപേ പോകാം ...പറയാനുള്ളതെല്ലാം പറഞ് കേൾക്കാനുള്ളതെല്ലാം കേട്ട് വന്നാ മതി കേട്ടോ..."
നിത്യ എന്നെ പിന്നിലാക്കി വേഗം നടന്നകന്നു.
എല്ലാരോടും ഉരുളക്കുപ്പേരി കൊടുക്കുന്ന എനിക്കാദ്യമായാണ് ഉള്ളം കൈ വിയർക്കുന്നതും നാവു വരളുന്നതും...
" ഒന്നു നിക്കെടോ കൃഷ്ണവേണി...എന്തൊരു ഓട്ടമാണിത് ....കൂട്ടുകാരി എന്നെക്കണ്ടാണോ ഓടിപ്പോയത് ..."
ജയന്തനെന്റെ ഒപ്പമെത്തി ചോദ്യമെറിഞ്ഞു...
" അ...അ...അത്....ആം അതേ.."
ഗുരുവായൂരപ്പാ!! ഈ വിക്കെവിടുന്നു വന്നെനിക്ക്...ചോദ്യങ്ങളൊരുപാട് ഉണ്ടായിട്ടും ചോദിക്കാനാകാതെ ഞാൻ നിന്ന് വിയർത്തു..
" തന്നോടെനിക്കൊരു കാര്യം പറയാനുണ്ട് അതാ പറ്റിയ സമയം നോക്കി തന്റെ പിന്നാലെ നടന്നത്... കേട്ടു കഴിഞ്ഞു പറ്റില്ലെന്ന് മാത്രം പറയരുത് ..."
" ജയന്തേട്ടൻ കാര്യം പറയൂ എന്നാലല്ലേ എനിക്ക് മറുപടി തരാൻ കഴിയൂ..."
വിക്കലില്ലാതെ പുഞ്ചിരിയോടെ ഞാൻ പറഞ്ഞു...
കൗമാരപ്രായമല്ലേ കുട്ടിക്കുരങ്ങനെ പോലെ ചാടിമറിയുകയാണ് മനസ്സ്.
"തന്റെ കൂടെ എപ്പോഴുമുള്ള ആ കൂട്ടുകാരി ഇല്ലേ അവളെ എനിക്ക് ഭയങ്കര ഇഷ്ടാണ്...ഭയങ്കര സാമർഥ്യക്കാരി ആയതുകൊണ്ട് നേരിട്ട് പറയാനൊരു പേടി....താനൊന്നു എങ്ങനെയെങ്കിലും ഇതൊന്നു ശരിയാക്കി തരണം...."
ഒരു നിമിഷം.....ചെവിയടഞ്ഞു പോയോ...
ഇടിയും മഴയും മിന്നലും കൂടി ഒരുമിച്ചു ഭൂമിയിലേക്ക് പതിച്ചപോലൊരു തോന്നൽ....ഞാൻ കൈയിലൊന്നു നുള്ളി ...വേദനയുണ്ട് സ്വപ്നമല്ല ...സത്യമാണ് കേൾക്കുന്നതെല്ലാം .
വിളറിപ്പോയ മുഖത്തേക്ക് സങ്കടം ഇരച്ചുകയറി വരുന്നത് തടയാൻ ഞാനൊന്നു ഉറക്കെ ചിരിച്ചു.
നെഞ്ചു പൊടിയുന്നുണ്ട് ...ഇതുവരെയും ഞാനൊരു മൂഢസ്വർഗത്തിലായിരുന്നു...കണ്ടതെല്ലാം പകൽ കിനാവുകളായിരുന്നെന്ന് എങ്ങനെ ഞാനെന്റെ മനസ്സിനെ പറഞ്ഞു തിരുത്തും...
"ഞാൻ പറയേണ്ട കാര്യമൊന്നുമില്ല ജയന്തേട്ടൻ നേരിട്ട് പറഞ്ഞോളൂ ഞാൻ വിളിക്കാം..."
പറഞ്ഞു തീർന്നതും ഞാൻ നിത്യയെ വിളിച്ചു ...
ഞങ്ങളെല്ലാം പറഞ്ഞവസാനിപ്പിച്ചു സന്തോഷത്തിലാണ് അവളെ വിളിക്കുന്നതെന്ന് കരുതി അവളോടി വന്നു...
" അതേ ...ഈ ചേട്ടന് നിന്നെ ഇഷ്ടമാണെന്ന് ....നിങ്ങൾ സംസാരിക്കൂ ഞാൻ മാറിനിൽക്കാം..."
നടന്നുനീങ്ങുന്ന എന്നെ തടയാൻ പതർച്ചയോടെ നിത്യ ശ്രമിക്കുന്നുണ്ടായിരുന്നു...
നിറഞ്ഞ കണ്ണുകളോടെ അവളെ ഞാൻ നോക്കി അവളായിരുന്നല്ലോ എന്റെ സ്വപ്നങ്ങൾക്ക് ഇത്രെയും നിറമേറ്റിയത്...
അഞ്ചോ പത്തോ മിനുട്ട് അവളുമായി സംസാരിച്ചു കഴിഞ് അവനെന്റെ അരികിലേക്ക് ധൃതിയിൽ വന്നു.
" തന്നോട് ഞാനെപ്പൊഴെങ്കിലും ഇഷ്ടമെന്ന് പറഞ്ഞിട്ടുണ്ടോ... നിന്നെ ഞാൻ പറഞ്ഞു പറ്റിച്ച പോലെയാണല്ലോ നിന്റെ കൂട്ടുകാരി പറയുന്നത്...അല്ലെങ്കിലും പ്രേമിക്കാൻ പറ്റിയൊരു കോലം"
ഒന്നും മിണ്ടാതെ ഞാനവന്റെ കണ്ണുകളിലേക്ക് നോക്കി നിന്നു...ശരിയാണ് അവനൊരു തെറ്റും ചെയ്തിട്ടില്ല....ആവശ്യമില്ലാതെ മോഹങ്ങൾ നെയ്തുകൂട്ടിയത് ഞാനല്ലേ....ഞാനൊരു പുൽക്കൊടിയാണെന്ന ഓർമയില്ലാതെ...
അവന്റെ ദേഷ്യത്തിലുള്ള സംസാരവും ഒന്നും മിണ്ടാതെയുള്ള എന്റെ നിൽപ്പും കണ്ട് അവളോടി വന്നു.
" ചേട്ടാ അതൊരു പാവമാണ് അതിനെ വിട്ടേക്ക് ...എനിക്ക് ചേട്ടനോട് പ്രേമവും മണ്ണാങ്കട്ടയുമൊന്നുമില്ല ...ആളെ വിട്"
" അതുകൊള്ളാല്ലൊ രണ്ടും കൂടി എന്നെ കള്ളനാക്കി ല്ലേ...ഡാ മക്കളെ ഇങ്ങോട്ടൊന്നു വന്നേ എന്റെ പുതിയ ലൈനിനെ കണ്ടോ...ലോകസുന്ദരിയാ ..."
ജയന്തന്റെ കൂട്ടുകാരെല്ലാം കൂടി ഞങ്ങളെ ചുറ്റിനിന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി...
" രസം കേക്കെടാ ...ഇതാ ഓട്ടോഡ്രൈവർടെ മോളാ ഇവൾക്കെന്നോട് മുടിഞ്ഞ പ്രേമം അതുകൊണ്ട് കൂട്ടുകാരിയെന്നെ പ്രേമിക്കാൻ റെഡിയല്ലെന്ന്...
മോളേ....തരത്തിലുള്ളൊരെ പോയി വളച്ചുടെ ...നമ്മള് വേറെ റേഞ്ച് ആണേ....വല്ല തോട്ടിപണിക്കാരന്റെ മോനേ കിട്ടുമോയെന്ന് നോക്ക്"
അതുവരെയുള്ള സകല ഇഷ്ടവും മറന്ന് പാട്ടുകാരന്റെ ഇതുവരെ കാണാത്ത മുഖവും മനസ്സും കണ്ടതോടെ എന്റെ നിയന്ത്രണം വിട്ടു...
" നീ പോടാ ചെക്കാ ...ഓട്ടോ ഡ്രൈവർ ആണെങ്കിലും അധ്വാനിച്ചാ എന്നെ എന്റച്ഛൻ വളർത്തണേ ...നിന്റെ വീട്ടിൽ തെണ്ടാൻ വന്നില്ല ...വരാനും പോണില്ല "
നിത്യയുടെ കയ്യും പിടിച്ചു വലിച്ചു അവർക്കിടയിൽ നിന്നും മാറിപോരുമ്പോൾ എന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു...അവനോടുള്ള തിരസ്കരിക്കപ്പെട്ട പ്രേമത്തെക്കാൾ അപമാനിക്കപ്പെട്ട വേദനയായിരുന്നു കൂടുതൽ.
തിരിഞ്ഞു നോക്കാതെ നടക്കുമ്പോൾ പിന്നിൽ ജയന്തനടക്കം എല്ലാവരും ഉറക്കെ കൂവിവിളിച്ചു കളിയാക്കുന്നുണ്ടായിരുന്നു എന്നെ...
നോവുണർത്തുന്ന സംഭവമായിട്ട് പോലും മറക്കാതെ കോളേജ് ജീവിതം കഴിയുന്നത് വരെ അതെപ്പോഴുമെന്റെ മനസിലുണ്ടായിരുന്നു....
പഠിപ്പിന് ശേഷം പിന്നീടൊരിക്കലും ഞാനവനെ കണ്ടിരുന്നില്ല ....
ഇന്ന് ....ഈ നിമിഷം എന്റെ സ്വന്തം കമ്പനിയിലേക്ക് ഇന്റർവ്യൂവിനായി തിരഞ്ഞെടുത്ത അഞ്ച് ജോലിയപേക്ഷയിൽ ഒരു ബയോഡാറ്റ രൂപത്തിൽ അവനുണ്ട് എന്റെ മുൻപിൽ ....
നീണ്ട പത്തൊൻപത് വർഷം ...,എന്നെയവന് മനസിലാവാൻ വഴിയില്ല എങ്കിലും എന്റെ മുൻപിലിരുന്ന അവന്റെ ബയോഡാറ്റയും ഫോട്ടോയും എനിക്കവനാരെന്നു വ്യക്തമായിരുന്നു.
ഇന്നവന്റെ റേഞ്ച് എന്തെന്നറിയില്ല പക്ഷേ അപേക്ഷിച്ച ജോലി ഓഫിസ് ബോയ് ടെ ഒഴിവിലേക്കാണ് .
ഇന്റർവ്യൂ നടത്തുന്ന പെൺകുട്ടിയോട് ഞാൻ ഇന്റർകോമിൽ വിളിച്ചുപറഞ്ഞു....എല്ലാം കഴിഞ്ഞാൽ സെലക്ട് ആയാലും ഇല്ലെങ്കിലും ജയന്തൻ എന്ന ആളെ എനിക്ക് കാണണമെന്ന്...
കോൺഫറൻസ് റൂമിൽ അക്ഷമനായി കാത്തിരിക്കുന്ന അവന് മുൻപിൽ ഞാൻ ചെന്നതും അവനെഴുന്നേറ്റു നിന്നു... എനിക്കുറപ്പായിരുന്നു ഞാൻ പറയാതെ അവനെന്നെ തിരിച്ചറിയില്ലെന്ന് ....
കാലമെന്നിൽ വരുത്തിയ മാറ്റങ്ങൾ അത്രമേലായിരുന്നു... കസേരയിൽ അമർന്നിരുന്ന് ഞാൻ അവനോട് പഴയ കഥകൾ ഓരോന്നായി പറഞ്ഞോർമിപ്പിക്കുമ്പോൾ അവനെന്റെ മുഖത്തേക്ക് നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.
" ഞാൻ....ഞാനന്ന് പ്രായത്തിന്റെ ചോരത്തിളപ്പിൽ എന്തൊക്കെയോ....ക്ഷമിക്കണം കൃഷ്ണവേണി ...അത് മാത്രേ അന്ന് മനസ്സ് വേദനിപ്പിച്ചതിന് എനിക്ക് പറയാനുള്ളു... ഒരുപാട് പ്രശ്നങ്ങൾക്കിടയിലാണ് ഞാനിന്ന്...."
"സാരമില്ല...ഞാൻ ഒരുപാട് വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ എന്നെയോർമിക്കാൻ വേണ്ടി പറഞ്ഞെന്ന് മാത്രം...പകരത്തിനു പകരം പറഞ്ഞതല്ല കേട്ടോ ...അപ്പൊ ശരി പിന്നെപ്പോഴെങ്കിലും കാണാം ബെസ്റ്റ് ഓഫ് ലക്ക്...."
പുറത്തേക്കിറങ്ങാൻ ഞാൻ വാതിൽ തുറക്കുന്നതിനിടയിലാണ് അടുത്ത ചോദ്യം..
" താനൊരുപാട് മാറിയിരിക്കുന്നു...കുടുംബം ...മക്കൾ ? ഭർത്താവ് എന്തു ചെയ്യുന്നു?.."
"അതേ മാറ്റം...കാലം കുറച്ചായില്ലേ....മക്കൾ രണ്ടുപേരുണ്ട് പഠിക്കുകയാണ് ...ഭർത്താവ് ഡ്രൈവറാണ് ....."
പരിഹസിച്ചതല്ലേ എന്ന മുഖഭാവത്തോടെയിരിക്കുന്ന അവനെ നോക്കി ഒന്നുകൂടി ഉറപ്പിച് ഞാൻ പറഞ്ഞു...
" കളിയാക്കിയതല്ല കേട്ടോ ഡ്രൈവർ തന്നെയാണ്.. പക്ഷേ വിമാനത്തിന്റെയാണെന്ന് മാത്രം... ആ ജോലിക്കുള്ള പേര് വേറെയെങ്കിലും എനിക്കിങ്ങനെ പറയാനാ ഇഷ്ടം...
പിന്നെ വേറൊരു കാര്യം കൂടി ...
എല്ലാ ജോലിയും മഹത്വമുള്ളത് തന്നെ എങ്കിലും ജയന്തന് ഞാൻ വേറൊരു ജോലി ശരിയാക്കിത്തരാം ...ഇവിടെ വേണ്ട ...ഞാനീ ജോലിക്കായി കൊടുക്കുന്ന ശമ്പളം ഇയാൾക്ക് പ്രേശ്നങ്ങൾ തീർക്കാൻ തികയില്ല .....രണ്ടു ദിവസത്തിനുള്ളിൽ ഞാൻ തീർച്ചയായും വിളിക്കും നല്ലൊരു വാർത്തയുമായി...."
വാതിൽ തുറന്നു കോൺഫറൻസ് റൂമിനു പുറത്തേക്കിറങ്ങുമ്പോൾ എന്റെ മനസ്സ്‌ നിറയെ പണ്ട് ഈ സങ്കടം പറഞ്ഞു കരഞ്ഞപ്പോൾ അമ്മയെന്നെ ആശ്വസിപ്പിച്ച വാചകങ്ങളായിരുന്നു...
സങ്കടമുള്ളപ്പോൾ ഓർത്താൽ സന്തോഷവും സന്തോഷമുള്ളപ്പോൾ ഓർത്താൽ സങ്കടവും വരുന്ന വാക്കുകൾ "ഈ സമയവും കടന്നുപോകും " മഹാനായ ബീർബലിന്റെ വാചകങ്ങൾ....
ജീവിതം ഒന്നേയുള്ളൂ അതിലൊന്നും ശാശ്വതമല്ല അഹങ്കരിക്കാനോ ദുഖിച്ചിരിക്കാനോ ഒന്നുമില്ലെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ഇതിലും നല്ലൊരു വാചകമില്ല...
•••••••••••
ലിസ് ലോന

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot