Slider

കഥ : മീശ

0
Image may contain: 1 person

രചന : അജ്മല്‍ സികെ
കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട് അവള്‍ അമ്പരന്നു. അവളുടെ മൂക്കിന് താഴെ പൊടിമീശ മുളച്ചു വരുന്നു. താനെന്തോ മഹാ പാതകം ചെയ്തത് പോലെ അവള്‍ ഭയന്നു വിറച്ചു. അവള്‍ ഓടി ചെന്ന് അമ്മയോട് പറഞ്ഞു.
' അമ്മേ ദേ എനിക്ക് മീശ മുളച്ചിരിക്കുന്നു'
അവളുടെ മീശയിലേക്ക് സൂക്ഷിച്ച് നോക്കിയ അമ്മക്ക് കലി അടക്കാനായില്ല.
' നിനക്കിത്ര അഹങ്കാരമോ... അടക്കവും ഒതുക്കവുമുള്ള പെണ്‍കൊച്ചുങ്ങള്‍ക്ക് മീശ പാടില്ലെന്ന് നിനക്കറിഞ്ഞൂടെ'
അമ്മ അവള്‍ക്ക് നേരെ ചാടിത്തുള്ളി. അവള്‍ക്ക് സങ്കടം അടക്കാനായില്ല. കണ്ണാടിയുടെ മുമ്പില്‍ നിന്ന് മാറാതെ അവളാ മീശയെ തന്നെ തുറിച്ചു നോക്കി. മീശ വെച്ച ചേട്ടന്മാര്‍ അവള്‍ക്ക് എന്നും ഇഷ്ടമായിരുന്നു. മംഗലശേരി നീലകണ്ടനും കോട്ടയം കുഞ്ഞച്ചനും കണ്ട് വളര്‍ന്ന കുട്ടിക്കാലത്ത് ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അതു പോലൊരു മീശ സ്വന്തമായി തനിക്കുമുണ്ടായിരുന്നെങ്കില്‍..... പക്ഷെ ഇപ്പോള്‍ ഈ മീശ വല്ലാതെ ഒരു ഭാരമായി തന്റെ ചുണ്ടിന് മുകളില്‍....
രാത്രി അപ്പച്ചന്‍ വന്നപ്പോഴാണ് സ്ഥിതി ഗതികളാകെ മാറിയത്.
'നിങ്ങളിങ്ങനെ അപ്പച്ചനാന്ന് പറഞ്ഞ് നടന്നോ... ദേ നോക്ക് പെണ്ണിന് മീശ മുളച്ചിരിക്കുന്നു.'
അമ്മയുടെ വാക്കു കേട്ട് അപ്പച്ചനും കലി സഹിക്കാനായില്ല...
' നീയാ മീന്‍ മുറിക്ക്ണ കത്തിയിങ്ങെടുക്ക്, ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ട് തന്നെ കാര്യം'
അപ്പച്ചന്‍ അമ്മച്ചിയോട് ഗര്‍ജ്ജിച്ചു. പേടിച്ചരണ്ടു നിന്ന അവളുടെ അരികിലേക്ക് അപ്പച്ചന്‍ 'തുരുമ്പു പിടിച്ച' കത്തിയുമായി നടന്നടുത്തു. അമ്മ അവളുടെ കൈകള്‍ ഇതിനോടകം തന്നെ പിറകിലോട്ട് പിടിച്ച് ബന്ധിപ്പിച്ചിരുന്നു. അവള്‍ അനങ്ങാന്‍ പോകുമാകാതെ വാവിട്ട് കരഞ്ഞു. അപ്പച്ചന്‍ കത്തിയാല്‍ അവളുടെ മീശ അറുത്ത് മാറ്റി. മൂക്കിന് താഴെ കത്തിയാല്‍ സമ്മാനിച്ച വൃണങ്ങളുമായി അന്നവള്‍ കരഞ്ഞുറങ്ങി.
പിറ്റേന്ന് സ്‌കൂളില്‍ പോയപ്പോള്‍ പലരും അവളോട് ചോദിച്ചു
എന്താ നിന്റെ ചുണ്ടിന് മുകളിലിത്ര മുറിപ്പാട്?
അവളാര്‍ക്കും മറുപടി കൊടുക്കാതെ നടന്നു. സ്‌കൂളിലെത്തിയപ്പോള്‍ അവള്‍ കണ്ടു, തന്റെ കൂട്ടുകാരില്‍ പലരുടേയും മൂക്കിന് താഴെ മുറിവുകള്‍ പഴുത്ത് വൃണമായി കിടക്കുന്നത്. മുമ്പും അത് കണ്ടിരുന്നെങ്കിലും അതത്ര കാര്യമാക്കിയിരുന്നില്ല.. പക്ഷെ ഇന്നവള്‍ക്ക് മനസ്സിലായി അത് അറുത്തു മാറ്റിയ മീശയുടെ മുറിപ്പാടാണെന്ന്.
പിന്നീട് കുറേ നാളുകളേക്ക് അവള്‍ക്ക് മീശ മുളച്ചതേയില്ല. പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവള്‍ക്ക് വീണ്ടും മീശ മുളച്ചു. ഇത്തവണ മീശ അല്‍പം കട്ടിയിലായിരുന്നു. എന്തോ ഈ പ്രാവശ്യം അവളാ മീശയെ വെറുത്തില്ല.. അതിനോട് വല്ലാത്തൊരു പ്രണയം അവള്‍ക്ക് തോന്നി തുടങ്ങിയിരുന്നു. അവള്‍ അമ്മയുടെ അരികിലേക്ക് ഓടി ചെന്ന് പറഞ്ഞു.
'അമ്മേ ഞാന്‍ മീശ വളര്‍ത്താന്‍ തീരുമാനിച്ചു'
ചട്ടിയില്‍ മീന്‍ ഫ്രെയ് വരട്ടികൊണ്ടിരുന്ന തവിയെടുത്ത് അവളുടെ മീശയടക്കി ഒരു അടിയായിരുന്നു അമ്മയുടെ മറുപടി. തിളച്ച എണ്ണ മുഖത്ത് വീണ് പൊള്ളിയെങ്കിലും അവളുച്ചത്തില്‍ പറഞ്ഞു.
'എന്നെ കൊന്നാലും എന്റെ മീശ മുറിക്കാന്‍ ഞാന്‍ സമ്മതിക്കൂല'
അവളുടെ അന്നു വരെ കാണാത്ത ആ ഭാവത്തില്‍ അമ്മയാകെ പകച്ചു പോയി. പക്ഷെ വൈകീട്ട് അപ്പച്ചന്‍ വന്നപ്പോള്‍ അവളുടെ പ്രതിഷേധം വകവെക്കാതെ ആ മീശയും അറുത്ത് മാറ്റി. അന്നും വൃണങ്ങളോട് കൂടി അവള്‍ ഉറങ്ങി. എഴുന്നേറ്റ് വീണ്ടും കണ്ണാടി നോക്കിയ അവള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. കൂടുതല്‍ കട്ടിയില്‍ മീശ വീണ്ടും മുളച്ചു വന്നിരുന്നു.
കൂടുതല്‍ കോപാകുലനായി അപ്പച്ചന്‍ മീശ അറുത്ത് മാറ്റാന്‍ അന്നും അവള്‍ടെ അരികിലെത്തി. പക്ഷെ കൊമ്പന്‍ മീശയില്‍ തട്ടി അപ്പച്ചന്റെ തുരുമ്പിച്ച പഴകി ദ്രവിച്ച കത്തി ഒടിഞ്ഞു പോയി. എന്തു ചെയ്യണമെന്നറിയാതെ അപ്പച്ചന്‍ പകച്ചു നിന്നു. മന്ത്രിച്ചൂതിയ കത്തി കൊണ്ട് ജപിച്ച് കെട്ടിയ കത്തി കൊണ്ടും കുരിശു വരച്ച കത്തി കൊണ്ടും അയാളാ കൊമ്പന്‍ മീശ അറുത്തു മാറ്റാന്‍ കിണഞ്ഞു പരിശ്രമിച്ചു. പക്ഷെ അവളുടെ മീശ അപ്പോഴേക്ക് ഉരുക്ക് പോലെ ഭദ്രമായിരുന്നു.
' നമ്മുടെ കൈകളിലുള്ള ദ്രവിച്ച കത്തികള്‍ കൊണ്ട് ഇനിയവളുടെ മീശ അറുത്ത് മാറ്റാനാവുമെന്ന് തോന്നുന്നില്ല'
നിരാശയോടെ അപ്പച്ചന്‍ സഹധര്‍മിണിയോട് പറഞ്ഞു. പക്ഷെ അവരവളില്‍ വാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചു കൊണ്ടേയിരുന്നു.
' കലടുപ്പിച്ച് വെക്കെടി സാത്താന്റെ സന്തതീ..... മീശ ഉള്ളോണ്ടാവുമല്ലേ നിനക്കിത്ര അഹങ്കാരം'
' നിനക്ക് സ്വര്‍ഗ്ഗത്തില്‍ പോണ്ടേ... അതോ ഈ മീശ കാരണം നരകത്തിലെ വിറക് കൊള്ളിയാവണോ'
അങ്ങനെ പതിവ് ക്ലീശേ ഡയലോഗുകളുമായി അവരവളെ പൊതിഞ്ഞു. പക്ഷെ ഇതൊന്നും വക വെക്കാതെ മീശയുമായ് അവള്‍ നാടു നീളെ അലഞ്ഞു.
ചെറുതായിരുന്നപ്പോള്‍ നിലാവത്തിറങ്ങി നടക്കാന്‍ കൊതിയായിരുന്നു അവള്‍ക്ക് പക്ഷെ കോക്കാച്ചി പിടിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി എല്ലാവരും അവളെ വീട്ടിലിരുത്തി. വളര്‍ന്ന് വലുതായപ്പോള്‍ മീശയുള്ളവര്‍ നിലാവുകാണാന്‍ ഇറങ്ങിയപ്പോയും പെണ്ണടക്കം പറഞ്ഞ് അവളെയവര്‍ വീട്ടിലിരുത്തി. ഇപ്പോള്‍ അവള്‍ കൊമ്പന്‍ മീശ തടവി നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ സൈ്വര്യവിഹാരം നടത്താന്‍ തുടങ്ങി.
ഇതിനോടകം തന്നെ നാട്ടിലും പുറം നാടുകളിലും അവളുടെ മീശ ഒരു സംസാര വിഷയമായിരുന്നു. നാനായിടത്തു നിന്നും അവളെ കല്ലെറിയാനായ് മാത്രം ആളുകള്‍ അങ്ങോട്ടേക്ക് കുതിച്ചു. പക്ഷെ കല്ലെറിയാന്‍ വന്നവരെയൊക്കെ അവള്‍ നടുവിരല്‍ കൊണ്ട് മീശ പിരിച്ച് വിരട്ടിയോടിച്ചു.
ജാലകവാതിലിലൂടെ അവളുടെ മീശയും നിലാവത്തുള്ള നടത്തവും കണ്ട് കൊതി തോന്നി ധാരാളം പെണ്‍ കൊടികള്‍ രഹസ്യമായി മീശവളര്‍ത്താന്‍ തുടങ്ങി. ആരുമറിയാതെ അവര്‍ മീശക്ക് വെള്ളവും വളവും ഒഴിച്ച് പുഷ്ഠിപ്പെടുത്തി. ഇതറിഞ്ഞ ഇവരുടെ കണവന്മാരെ ഇത് കൂടുതല്‍ രോഷാകുലരാക്കി.
' മീശയറുത്ത് മാറ്റാനേ നമ്മുടെ കത്തിക്ക് ബലമില്ലാത്തത്തുള്ളു, കഴുത്തറുക്കാന്‍ ഈ കത്തികള്‍ ധാരാളം'
അവര്‍ പരസ്പരം പറഞ്ഞു. ഒരു ദിവസം രാത്രി നിലാവത്തിറങ്ങി വന്ന അവളെ ഇരുട്ടിന്റെ മറവില്‍ പഴകി ദ്രവിച്ച കത്തികളാല്‍ ആഞ്ഞു കുത്തി. ചത്തു മലച്ചിട്ടും മുകളിലേക്ക് പിരിച്ച് കിടക്കുന്ന അവളുടെ മീശ കണ്ട് അവര്‍ കലി തീരാതെ വീണ്ടും വീണ്ടും ആഞ്ഞു കുത്തി.
പിറ്റേന്ന പ്രഭാതത്തില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മീശപ്പെണ്ണിന്റെ ജഡശരീരമാണ് എല്ലാവരും കണി കണ്ടത്. ജഡത്തിന് ചുറ്റും മീശ വെച്ച ആണുങ്ങളും മീശയില്ലാത്ത പെണ്ണുകളും രക്തമൊലിച്ചിറങ്ങുന്ന കത്തികളുമായ് വട്ടമിട്ട് നിന്നു.
' പെണ്ണ് മീശ വെച്ചാല്‍ ഇതാവും ഗതിയെന്ന്' പറഞ്ഞവര്‍ ആര്‍ത്തു ചിരിച്ചു.
ഒട്ടും പ്രതീക്ഷിക്കാതെ ജാലകവാതില്‍ തുറന്ന കുറച്ച് മീശ വെച്ച പെണ്ണുങ്ങള്‍ അവര്‍ക്കരികിലേക്ക് വന്നു. തെരുവിന്റെ നാനായിടങ്ങളില്‍ നിന്നും മീശ വെച്ച പെണ്ണുങ്ങള്‍ തുരുതുരെ വന്നു കൊണ്ടേയിരുന്നു. തുരുമ്പിച്ച കത്തികളുമായി നിന്നവര്‍ക്ക് നേരെ അവര്‍ മുഷ്ടി ചുരുട്ടി ആക്രോഷിച്ചു. ഭയന്നു വിറച്ച് കൊമ്പന്‍ മീശ വെച്ച ആണുങ്ങളും മീശയില്ലാത്ത പെണ്ണുങ്ങളും അവിടെ നിന്ന് ജീവനും കൊണ്ടോടി.
മീശ വെച്ച പെണ്ണുങ്ങളെ കൊണ്ട് ആ തെരുവ് നിറഞ്ഞു. അവരൊന്നടങ്കം അട്ടഹാസങ്ങളോടെ ആദ്യമായി പകല്‍ വെളിച്ചത്തില്‍ നടുവിരലിനാല്‍ മീശ പിരിച്ചു. മീശ പിരിച്ചു നില്‍ക്കുന്ന ആയിരങ്ങളെ കണ്ട് മീശപ്പെണ്ണിന്റെ ആത്മാവ് മറ്റേതോ ലോകത്ത് നിന്ന് നിര്‍വൃതിയോടെ ഒരിക്കല്‍ കൂടെ മീശ പിരിച്ചു.
ശുഭം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo