നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഓര്‍മ്മകളിലൊരു ചെമ്പകപ്പൂമണം


No automatic alt text available.
--------------------------------------------------------
മഴ തോരാതെ പെയ്ത ഒരു പകലിന്‍റെ അവസാനത്തിലാണ് ഇരുട്ടു ചുരുട്ടിവെച്ചിരുന്ന ഒരു കടത്തിണ്ണയുടെ ഓരത്ത് അഭയം തേടിയത്.പോകാന്‍ മടിച്ചുനിന്ന വെളിച്ചത്തിന്റെ അവസാനതുള്ളിയേയും കീഴ്പ്പെടുത്താന്‍ രാത്രി മത്സരിച്ചു തുടങ്ങിയിരുന്നു .എന്നെ പ്പോലെ തന്നെ വരാന്‍ വൈകുന്ന വണ്ടിയെ പ്രാകി അക്ഷമരായി അവിടവിടെ നിന്നിരുന്ന മറ്റു നിഴലുകളെയും ഞെട്ടിച്ചുകൊണ്ട് ഒരലര്‍ച്ച മുഴങ്ങിയതപ്പോഴാണ്.
"നീ ഇത് തിന്നില്ലേ...നന്ദികെട്ടതേ"
പേടിച്ചാണ് തിരിഞ്ഞു നോക്കിയത്,തലമുടിയും താടിയും നീണ്ട ഒരു ഭ്രാന്ത രൂപന്‍ ഒരു പൂച്ചക്കുഞ്ഞിനെ ബിസ്കറ്റ് തീറ്റിക്കുകയാണ്.പൂച്ചയെ ചാടിപ്പോകാത്തരീതിയില്‍ കാല്‍പ്പാദങ്ങള്‍ക്കിടയില്‍ ചേര്‍ത്തുവെച്ചിരിക്കുന്നു.പൂച്ച നന്നായി നനഞ്ഞിട്ടുണ്ട്.കുറച്ചു നേരം കൂടെ പരിശ്രമിച്ച് എന്തൊക്കയോ പിറുപിറുത്ത് അയാള്‍ ആ പൂച്ചയെ സ്വതന്ത്രമാക്കി.പൂച്ച എന്നിട്ടും പോകാതെ ചൂട് പറ്റി ആകാലുകളോട് ചേര്‍ന്ന് നിന്നു. .
അപ്രതീക്ഷിതമായി വെട്ടിയ മിന്നലിന്റെ വെളിച്ചത്തിലാണ് ആ മുഖം ഒന്ന് കണ്ടതും ഉള്ളില്‍ ഒരു തീ വെട്ടം പാഞ്ഞതും.
ദേവരാജന്‍ മാഷല്ലേ .
കൈവിരലുകളിലെക്കായി അടുത്ത ശ്രദ്ധ,
ഉവ്വ് ആ അഞ്ചാം വിരല്‍..ആള്‍ അത് തന്നെ...
ഞാന്‍ നോക്കുന്നത് കണ്ടാവും എന്തൊക്കയോ അവ്യക്തമായി പറഞ്ഞു കൊണ്ട് ഞങ്ങള്‍ക്കിടയിലൂടെ ആ ചാറ്റല്‍മഴയിലേക്ക്‌ അയാള്‍ ഇറങ്ങിപ്പോയി.
മറവിയുടെ പച്ചപ്പായല്‍ വിരിച്ച സ്മരണയുടെ ജലാശയത്തിലേക്ക്‌ ആയത്തിലൊരു കല്ലെറിഞ്ഞിട്ടാണ് അയാളാ സന്ധ്യയില്‍ എന്റെ മുന്‍പില്‍ നിന്നു നടന്നു മറഞ്ഞത്.ഉറക്കം മാറിനിന്ന ആ തണുത്ത രാത്രിയില്‍ അയാള്‍ പലവട്ടം എന്റെ മുന്നില്‍ വന്നു, വെളുത്തു കൊലുന്ന ഒരു പെണ്‍കുട്ടിയുടെ കയ്യുംപിടിച്ച്.വിട്ടുമാറാത്ത ഒരു മാരണം പോലെഅയാളുടെ രൂപം ബോധത്തെ കുത്തിനോവിച്ചപ്പോള്‍ പഴയ ഇരുമ്പുപെട്ടിയുടെ അടിയില്‍ നിന്നും ഒരിക്കല്‍ക്കൂടി ആ കത്തെടുക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി.
ശാരിക്ക് .
ഞങ്ങള്‍ പാലക്കാട് എത്തി...യാത്ര സുഖം.
മറുപടി എഴുതണ്ട,മാമ തരില്ല,എന്നെങ്കിലും ഒരിക്കല്‍ വീണ്ടും കാണാം
സ്നേഹപൂര്‍വ്വം വിജി.
വിജയലക്ഷ്മി ,
അതായിരുന്നു അവളുടെ പേര്,നന്നേ മെലിഞ്ഞ വെളുത്ത പട്ടരുകുട്ടി,കലപിലാന്നു ചിലച്ചു എപ്പോഴും എവിടെയും കാണും,ചറപറ എന്ന ഇരട്ടപ്പേരിട്ടത് ആരാന്നറിയില്ല ,പക്ഷെ കേള്‍ക്കെ വിളിച്ചാല്‍ കണ്ണ് നിറയും..
O, beware, my lord, of jealousy;
It is the green-ey'd monster, which doth mock
The meat it feeds on.....
ദേവരാജന്‍ മാഷ്‌ അഭിനയിച്ചു പഠിപ്പിച്ചു കത്തിക്കയറുമ്പോള്‍ എപ്പോഴും ഒരു കണ്ണ് അവളുടെ കണ്ണുകളില്‍ കോര്‍ത്തപോലെയാവും.ആംഗലേയം എപ്പോഴും ഒരു കീറാമുട്ടിയായിരുന്നു ഞങ്ങളില്‍ പലര്‍ക്കും,ചോദ്യങ്ങള്‍ എപ്പോഴാണ് വെടിയുണ്ട പോലെ വരിക എന്നറിയില്ല,പേടികൊണ്ടു ഒരക്ഷരം തലയില്‍ കയറുകയുമില്ല,അവള്‍പക്ഷെ കലപിലയുടെ ഇടയിലും മാഷ്‌ ചോദിക്കുന്നതിനു വെടീം പുകേം പോലെ ഉത്തരം പറയും,നല്ല കട്ട ഇംഗ്ലീഷില്‍.പലപ്പോഴും അവളാണ് ഞങ്ങളെ രക്ഷിച്ചിരുന്നത്‌.ഒരു പാരല്ലല്‍ കോളേജിലെ നിറം പിടിപ്പിച്ച കഥകളില്‍ അങ്ങനെ അവരറിയാതെ തന്നെ കഥാപാത്രങ്ങളായി വളര്‍ന്നു കൊണ്ടിരുന്നു.
ശരത്തിന്‍റെ പെങ്ങളായതു കൊണ്ട് ഞങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു സൗഹൃദം നിലനിന്നിരുന്നു.വായനശാലയിലെക്കെന്ന വ്യാജേന ശരത്തിനെക്കാണാനിറങ്ങുന്ന വൈകുന്നേരങ്ങളില്‍ ആറ്റിലേക്കിറങ്ങുന്ന കല്പ്പടവുകളുടെ മുകളിലെത്തിട്ടയില്‍ ഞങ്ങള്‍ക്ക് കാവലായി അവളുണ്ടാവും. കരിങ്കല്‍പ്പാളികളില്‍ വീണുകിടക്കുന്ന ചെമ്പകപ്പൂവുകള്‍കൊരുത്തെടുത്തു മാലയാക്കി ഞങ്ങളെ കളിയാക്കിയിരുന്നു പലപ്പോഴും അവള്‍.ശരത്ത് വരാന്‍ വൈകുന്ന ദിവസങ്ങളില്‍ ആറ്റുവെള്ളത്തിലേക്ക് കാലുനീട്ടിയിരുന്ന് കലപിലാന്നു ചിലക്കുന്ന കൂട്ടത്തില്‍ അവള്‍ ദേവരാജന്‍ മാഷിനെക്കുറിച്ചും പലവട്ടം പറഞ്ഞിരുന്നു.ആ പേരുപറയുമ്പോള്‍ വെള്ളാരം കല്ലുകള്‍ പോലെ ആ കണ്ണുകള്‍ തിളങ്ങാറുണ്ടായിരുന്നു.
വായനശാലയിലെ പേരെഴുത്തുകാരനെ കളിപ്പിച്ച് എന്റെ പേരില്‍ പുസ്തകങ്ങള്‍ എടുത്തു തരുമ്പോള്‍ കളിയായി പറയും...കൊണ്ടുപോയി വായിച്ചു തിന്നു പ്രാന്താകെന്ന്.രണ്ടാളും കണക്കാ ന്നും പറഞ്ഞു ചിരിക്കും അവള്‍..അവള്‍ക്കു സ്നേഹമെന്ന ഒറ്റപ്പേരെ ചേരുകയുള്ളൂന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.
എന്നോ ഒരിക്കല്‍ സംസാരിക്കുന്ന കൂട്ടത്തില്‍ അറിയാതെ ശരത്തിനോട് ദേവരാജന്‍ മാഷിന്റെ കാര്യം പറഞ്ഞുപോയി.അപ്പോള്‍ അവനൊന്നും പറഞ്ഞില്ല,ഞാനും കരുതി അതവിടെ തീര്‍ന്നെന്ന്.പിന്നീടാണറിഞ്ഞത് ശരത് കോളേജില്‍നിന്ന് കൂട്ടുകാരെ കൂട്ടിപ്പോയി ട്യൂഷന്‍ സെന്ററില്‍ അലമ്പുണ്ടാക്കിയ വിവരം.അതൊരു വാര്‍ത്തയായി.ദേവരാജന്‍ മാഷ്‌ ട്യൂഷന്‍ സെന്ററില്‍ നിന്ന് പുറത്തായി,ശരത്തുമായി വഴിയില്‍ വെച്ച് വാക്കായി,തല്ലായി.വലിയൊരു സമ്പന്ന തറവാട്ടിലെ അംഗമായിരുന്ന ദേവരാജന്‍ മാഷിന് അതൊരു അഭിമാന ക്ഷതം തന്നെയായിരുന്നു.ബിരുദാനന്തരബിരുദത്തിനു ശേഷം പാരല്ലല്‍കോളേജില്‍ പഠിപ്പിക്കാന്‍ വന്നതുപോലും ആരോടോക്കയോ ഉള്ള വാശിപോലെ പലപ്പോഴും തോന്നിയിട്ടുണ്ട് . പിന്നീട് മാഷിനെക്കുറിച്ച് ഒന്നും അറിയുന്നുണ്ടായിരുന്നില്ല.,.ഞാന്‍ കാരണമാണ് ഇതെല്ലാം ഉണ്ടായതെന്ന് ഓര്‍ത്തിട്ട്എനിക്കും നല്ല സങ്കടമുണ്ടായിരുന്നു .ശരത്തുമായി പലപ്രാവിശ്യം അതും പറഞ്ഞു വഴക്കിട്ടു.വിജിയുടെ മുഖം കാണുമ്പോള്‍ പിന്നെയും സങ്കടം ഇരട്ടിക്കും...അവളും വല്ലാതെ മൌനിയായിപ്പോയപോലെ.
അങ്ങനെയിരിക്കെയാണ് സംഘടനയുടെ വിദ്യാര്‍ഥി യൂണിയന്‍ കോളേജില്‍ തുടങ്ങണം എന്നൊരു നിര്‍ദ്ദേശം വന്നത്.ശരത്തുള്ളതുകൊണ്ട് മാത്രം പോയിരുന്ന യോഗങ്ങള്‍ എന്നെയും ഒരു അനുഭാവിയാക്കി മാറ്റിയിരുന്നു.കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത സംഘടനയുടെ യൂണിയന്‍ തുടങ്ങാന്‍ പറ്റില്ലെന്ന് പ്രിന്‍സിപ്പല്‍ കട്ടായം പറഞ്ഞു.അദ്ദേഹത്തെ പറഞ്ഞിട്ട് കാര്യമില്ല.തീവ്ര ചിന്തകളുമായി നടക്കുന്ന മുഖ്യധാരാ സംഘടനയുടെ യൂണിയന്‍ കോളേജില്‍ തുടങ്ങി പുലിവാല് പിടിക്കാന്‍ ആരും തുനിയില്ല എന്നതാണ് സത്യം. ഒരു മധ്യാഹ്നശേഷം നടന്ന ഒരു ചര്‍ച്ചയില്‍ പ്രിന്സിപ്പലുമായി വല്ലാത്ത വാക്കേറ്റം തന്നെ നടന്നു.അതിനിടയ്ക്കാണ് ശരത് കയ്യില്‍ കരുതിയിരുന്ന തീപ്പെട്ടി പാക്കറ്റ് തുറന്നു മുഴുവന്‍ കൊള്ളികളും പുറത്തെടുത്ത് മരുന്ന് പുരട്ടിയ ഭാഗത്തോടു ചേര്‍ത്ത് വെച്ച് മേശമേല്‍ ഉരച്ചത്.മേശവിരിയിലും പേപ്പറുകളിലും തീ പടര്‍ന്നതോടെ ആകെ ബഹളമായി.അറ്റെണ്ടര്‍മാര്‍ എല്ലാരേം പിടിച്ചു പുറത്താക്കി വെള്ളമൊഴിച്ച് തീ കെടുത്തി.
പിറ്റേന്നു കാലത്തായപ്പോഴേക്ക് കാര്യങ്ങള്‍ പിടിവിട്ടു പോയിരുന്നു.ശരത്തിനെ കോളേജില്‍നിന്ന് പുറത്താക്കിയെന്നും പ്രിന്‍സിയെ ബോംബെറിഞ്ഞതിന് പോലീസ് കേസുണ്ടെന്നുമുള്ളല വാര്‍ത്തയാണ് ഞങ്ങളെ സ്വീകരിച്ചത്.സ്റ്റേഷനില്‍ നിന്ന് ആരുടെ ഒക്കെയോ ശ്രമം കൊണ്ട് അന്ന് തന്നെ ജാമ്യം കിട്ടി. പിന്നീടുള്ള ദിവസങ്ങള്‍ വറചട്ടിയില്‍ പെട്ടതുപോലെ ആയിരുന്നു.അച്ഛന്റെ മരണ ശേഷം ചെറിയച്ഛന്‍മാരുടെ സംരക്ഷണയിലായിരുന്ന അവരെ
ഇനി പോറ്റാന്‍ കഴിയില്ലെന്ന് വീട്ടീന്ന് തീര്‍ത്തു പറഞ്ഞു. കേസിനും കൂടി കാശുമുടക്കേണ്ടി വരുമോ എന്നുള്ള ഭയമായിരിക്കാംഅവരെ അങ്ങനെ ചിന്തിപ്പിച്ചത്. .അങ്ങനെയാണ് അമ്മവീട്ടിലേക്ക് പോകാം എന്നുള്ള തീരുമാനത്തില്‍ എത്തുന്നത്.അവിടെയും കാര്യങ്ങള്‍ അത്ര പന്തിയല്ല എന്നറിയാമായിരുന്നു അവര്‍ക്ക്. എങ്കിലും അതല്ലാതെ മറ്റു പോംവഴി ഒന്നുമില്ലായിരുന്നു.ടി സി വാങ്ങാന്‍ വന്ന ദിവസം വിജയലക്ഷ്മി കെട്ടിപ്പിടിച്ചു ഒരുപാട് കരഞ്ഞു.കരയാന്‍ പോയിട്ട് ശ്വാസമെടുക്കാന്‍ പോലും കഴിയാതിരുന്ന ഞാന്‍ എന്ത് പറഞ്ഞു അവളെ ആശ്വസിപ്പിക്കാന്‍.അവളെന്തോക്കയോ പറഞ്ഞു..ഒന്നും പറയാനാവാതെ ഞാനെല്ലാം കേട്ടിരുന്നു.
പോകുന്നതിന്‍റെ തലേന്ന് ചെമ്പകപ്പൂക്കള്‍ കൊഴിഞ്ഞുവീണ കല്‍പ്പടവുകളില്‍ ഒന്നും സംസാരിക്കാനാവാതെ ഒരുപാടുനേരം ഒഴുകിപ്പോകുന്ന ആറ്റുവെള്ളത്തെ നോക്കിയിരുന്നു ഞാനും ശരത്തും.ഇരുട്ടുപരക്കാന്‍ തുടങ്ങിയപ്പോള്‍ വിജിയുടെ വിളിവന്നു.അവള്‍ അന്ന് അങ്ങോട്ടേക്ക് വന്നില്ലല്ലോഎന്നോര്‍ത്തത് അപ്പോഴാണ്‌.എന്നും പിരിയുന്ന വായനശാലയുടെ മതിലിനരികില്‍ വെച്ച് കയ്യില്‍ കരുതിയ പൊതിഞ്ഞ ഒരു പുസ്തകം ശരത് എനിക്ക് നേരെ നീട്ടി...
"എനിക്കിതേ നിനക്ക് തരുവാനുള്ളൂ..."
ഞാന്‍ ഒന്നും പറയാതെ അതും വാങ്ങി തിരികെ നടന്നു.വീട്ടിലെത്തി തുറന്നു നോക്കി.തടിച്ച ചുവന്ന പുറം ചട്ടയുള്ള പുസ്തകത്തിലെ ആദ്യപേജില്‍ മാക്സിം ഗോര്‍ക്കിയുടെ അമ്മ എന്ന് എഴുതിയിരുന്നു...
അതിനു താഴെ ചെറിയ അക്ഷരങ്ങളില്‍
"കാത്തിരിക്കരുത്................."
സ്നേഹപൂര്‍വ്വം ശരത് ചന്ദ്രന്‍
പഴകി നരച്ച കത്തിലെ, കണ്ണീര്‍ വീണു പടര്‍ന്ന അക്ഷരങ്ങള്‍ക്കുമേലേ ഒരു തുള്ളികൂടി അടര്‍ന്നു വീണു.കത്ത് ഭദ്രമായി ചുവന്ന പുറംചട്ടയുള്ള പുസ്തകത്തിലേക്ക് മടക്കിവെക്കുമ്പോള്‍ ഒരു ചെമ്പകപ്പൂമണം എന്നെത്തഴുകി ക്കടന്നുപോയതുപോലെ.നോവ്‌ രുചിക്കുന്ന ഒരു പുഞ്ചിരി ചുണ്ടില്‍ വിരിഞ്ഞുവോ? ആവോ ...ഓര്‍മ്മകള്‍ മറവിയുടെ പായല്‍പ്പരപ്പിനു മേലേ ഓളങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്നു.മരിക്കാന്‍ മനസ്സില്ലാതെ ,....
-----------------അനഘ രാജ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot