Slider

അച്ഛൻ

0
Image may contain: 2 people
ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലെ ആദ്യ വീര പുരുഷൻ സ്വന്തം അച്ഛൻ തന്നെ ആയിരിക്കും.. അച്ഛന്റെ സ്നേഹം അതൊരു കടലാണ്.. ആഴമുള്ള സ്നേഹക്കടൽ.. എനിക്കുമുണ്ടായിരുന്നു നിറമുള്ള ഓർമകളുമായി അച്ഛന്റെ സ്നേഹം അനുഭവിച്ചറിഞ്ഞ കാലം.. രാവിലെ ജോലിക്ക് പോകുമ്പോൾ കുടിക്കുന്ന കാപ്പിയുടെ ബാക്കി എനിക്ക് അവകാശപ്പെട്ടതാണ്.. ഒരു ദിവസം പോലും ആ കാപ്പി കുടിക്കാതെ എന്റെ ദിവസം തുടങ്ങിയിട്ടില്ല. അത് പോലെ വൈകുന്നേരം വരുമ്പോൾ കയ്യിലൊരു പൊതിയുണ്ടാകും.. മിക്കവാറും അതിൽ ബിസ്ക്കറ്റ് ആയിരിക്കും.. ശനിയാഴ്ച ബിസ്കറ്റിനു പകരം മസാല ബന്നായിരിക്കും.. അങ്ങനെ അച്ഛന്റെ കൂടെ ജീവിതം ആസ്വദിച്ചു വരുമ്പോഴായിരുന്നു ഒരു വില്ലൻ വന്നത്.. തകർത്തു പെയ്യുന്ന ഒരു ജൂണിൽ ചുമയുടെ രൂപത്തിൽ അച്ഛന്റെ ജീവിതത്തിൽ ആ അതിഥി എത്തി.. മക്കളെ നല്ല രീതിയിൽ നോക്കണം അവരുടെ ഒരു കാര്യത്തിലും മുടക്കം വരരുതെന്ന് വാശിയുള്ള എന്റെ ആ ചുമയെ കാര്യമാക്കിയില്ല.. കർക്കിടക മാസത്തിലെ ഇടിയും മഴയും പോലെ അച്ഛന്റെ ചുമയും തകർത്തു.. അടുത്തുള്ള ഇ എസ് ഐ ആശുപത്രിയിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞു ക്ഷയമാണെന്നു.. അതിനുള്ള മരുന്ന് കഴിച്ചെങ്കിലും ചുമ വാശിയോടെ നിന്നു, എന്നെ അങ്ങനെയൊന്നും ഒഴിവാക്കാൻ പറ്റില്ല എന്ന ഭാവത്തോടെ.. ദിവസങ്ങൾ കൊഴിഞ്ഞു പൊക്കോണ്ടിരുന്നു, അവസാനം ചുമ അതിന്റെ ഭീകരമായ അവസ്ഥയിലെത്തി.. ശ്വാസകോശത്തിൽ കാൻസർ.. അവസാന ഭാഗവും അത്‌ കാർന്നു തിന്നുമ്പോഴും അച്ഛന് വിശ്വാസമുണ്ടായിരുന്നു ജീവിതത്തിലേക്ക് മടങ്ങി വരാമെന്നു.. കാരണം അച്ഛന് അങ്ങനെ പോകാൻ പറ്റുമോ ? അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നെ നല്ല രീതിയിൽ പഠിപ്പിക്കണമെന്ന്.. അങ്ങനെ തിരുവനന്തപുരം ആർ സി സി യിലെ ചികിത്സ തുടങ്ങി.. മാസങ്ങളോളം മുടങ്ങാതെ കീമോതെറാപ്പി ചെയ്തു.. മുടിയൊക്കെ കൊഴിഞ്ഞു അവശനായിരിക്കുന്ന അച്ഛനെ കാണുമ്പോൾ എനിക്ക് ആകെ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു എത്രയും പെട്ടെന്നു അച്ഛന്റെ അസുഖം മാറാൻ.. അങ്ങനെ ഒരു ദിവസം പ്രതീക്ഷയെ അസ്ഥാനത്താക്കി വീട്ടിലെത്തിയപ്പോൾ അമ്മ പറഞ്ഞു മോളെ നമുക്ക് ഭാഗ്യമില്ല ഒരു മാസമാണ് ഡോക്ടർ പറഞ്ഞ കാലാവധി എന്ത് വന്നാലും നമ്മള് നേരിട്ടെ പറ്റു.. അപ്പോഴും അച്ഛൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല.. അച്ഛൻ പ്രതീക്ഷയിൽ ഇരിക്കുകയാണ് ഞാനൊരിക്കലും തോൽക്കില്ലെന്ന ഭാവത്തോടെ.. അത് പോലെ തന്നെ ആയിരുന്നു എന്റെ മനസ്സിലും എന്റെ അച്ഛനെ അങ്ങനെ മരണത്തിനു വിട്ടുകൊടുക്കില്ലെന്നു, കാരണം ആ സ്നേഹം നുകർന്ന് എനിക്ക് മതി ആയിട്ടില്ലായിരുന്നു.. പ്രതീക്ഷയ്ക്ക് അനുകൂലമായി ഡോക്ടർ പറഞ്ഞ മാസം ഒന്ന് കഴിഞ്ഞു.. ദിവസങ്ങൾ പിന്നെയും നീങ്ങവേ അച്ഛന് വലിയ മാറ്റങ്ങളൊന്നുമില്ലെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.. പെട്ടെന്ന് ഒരു ദിവസം രാവിലെ അച്ഛന് ആകെ ഒരു അസ്വസ്ഥത... ആശുപത്രിയിൽ കൊണ്ട് പോയപ്പോൾ അവിടെ അഡ്മിറ്റ് ചെയ്തു.. പിന്നെയും ദിവസങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.. ആശുപത്രിയിൽ അഡ്മിറ്റ് ആയതിനു ശേഷം എല്ലാ ഞായറാഴ്ചയും പോയിക്കൊണ്ടിരുന്ന എനിക്ക് ഒരു ആഴ്ച പോകാൻ പറ്റിയില്ല.. കൃത്യമായി പറഞ്ഞാൽ നവംബർ 8 നു.. അടുത്ത ശനിയാഴ്ച രണ്ടാം ശനിയാണ് അന്ന് സ്കൂളില്ല എന്തായാലും അച്ഛനെ കാണാൻ പോകണം ഞാൻ മനസ്സിൽ വിചാരിച്ചു.. അന്ന് രാവിലെ തന്നെ അച്ഛന്റെ അടുത്തേക്ക് പോകേണം.. രണ്ടാഴ്ചത്തെ വിശേഷങ്ങൾ പറയാനുണ്ട്.. അങ്ങനെ വെള്ളിയാഴ്ചയായി അന്ന് പതിവില്ലാതെ അച്ഛനെന്നോട് സംസാരിച്ചു രോഗം വന്നതിൽ പിന്നെ ഫോണിൽ അധികം സംസാരിക്കില്ലായിരുന്നു.. ഞാൻ നാളെ രാവിലെ വരാമെന്നു പറഞ്ഞു.. ഞാൻ ഫോൺ വെച്ചു.. പിറ്റേന്ന് രാവിലെ കൃത്യമായി പറഞ്ഞാൽ 2009 നവംബർ 14 നു 6.30 നു ചേട്ടന്റെ ഫോൺ ബെല്ലടിയുന്നതു കേട്ടാണ് ഞാൻ ഉണർന്നത്.. ഞാനറിഞ്ഞിരുന്നില്ല അത്‌ എന്റെ അച്ഛന്റെ മരണവാർത്ത അറിയിച്ചു കൊണ്ടുള്ള കാൾ ആണെന്നു.. അന്ന് രാവിലെ പതിവില്ലാതെ പെയ്ത മഴയുടെ കൂടെ എന്റെ അച്ഛനും പോയി . പറയാൻ ബാക്കി വെച്ച കുറെ വിശേഷങ്ങളുമായി തരാൻ പറ്റാത്ത കുറെ സ്നേഹവുമായി.. എന്നാലും എനിക്കറിയാം എന്റെ അച്ഛൻ ഇപ്പോഴും എന്റെ കൂടെയുണ്ടെന്ന്.. എന്റെ അച്ഛന്റെ ആഗ്രഹം പോലെ തന്നെ ഞാൻ നന്നായി പഠിച്ചു.. രോഗത്തിന്റെ അവസാന നാളുകളിൽ അച്ഛൻ ചിലവിട്ട തിരുവനന്തപുരം നഗരത്തിൽ അനന്തപുരിയുടെ മരുമകളായി ഞാനുണ്ട് ഇവിടെ.. ഒരുപക്ഷെ അതും ഒരു യാദ്യശ്ചികമാവാം.. എന്റെ മോളെ ഞാൻ തനിച്ചാക്കില്ലന്നുള്ള എന്റെ അച്ഛന്റെ വാശിയായിരിക്കാം.. ഈ നഗരത്തെ ഞാനൊരുപാട് സ്നേഹിക്കുന്നു കാരണം ഈ നഗരത്തിൽ എന്റെ അച്ഛന്റെ ഓര്മകളുണ്ട് എനിക്ക് കൂട്ടിനു..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo