നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പ്രിയകൂട്ടുകാരന് അറേബ്യയിൽ നിന്നും

അറേബ്യ
                                                                                                                         26 ഏപ്രിൽ
                                                                                                                               

 പ്രിയ കൂട്ടുകാരാ ,അവിടുത്തെ വിശേഷങ്ങൾ അറിഞ്ഞതിൽ വളരെയധികം  സന്തോഷിക്കുന്നു. പേർഷ്യയിലേക്ക് എന്ന് കേട്ടപ്പോഴുണ്ടായിരുന്ന ആദ്യത്തെ ആഹ്ലാദം എല്ലാം ഇപ്പോൾ ഏതാണ്ട് കെട്ടടങ്ങിയിരിക്കുന്നു .എങ്ങിനെയെങ്കിലും നിന്റെയും കൂട്ടുകാരുടെയും അടുത്തേക്ക് തിരിച്ചെത്തിയാൽ മതിയെന്നായിരിക്കുന്നു . പക്ഷെ അത് മാനത്തെ അമ്പിളി അമ്മാവനെ തൊടണം എന്നാഗ്രഹിക്കുന്നതു പോലെ ആണെന്ന്  അറിയാഞ്ഞിട്ടല്ല, എന്നാലും ആഗ്രഹിച്ചു പോകുന്നു.

ഉത്പാദന മുറിയിലെ ഷെൽഫിൽ അടുത്തടുത്ത് ഇരുന്ന നമ്മളിൽ എനിക്ക് പേർഷ്യയിലേക്കു പോകാൻ ഒരു അവസരം വന്നപ്പോൾ നിന്നെക്കാൾ മിടുക്കൻ ഞാൻ ആണല്ലോ എന്ന് സ്വയം കരുതിയ ഞാൻ അന്നൊരു തീർത്തും  അഹങ്കാരിയായിരുന്നു  എന്നതു നിരസിക്കാൻ പറ്റാത്ത വസ്തുതയാണ്.മാത്രവുമല്ല കമ്പനിക്കാർ വീണ്ടും വീണ്ടും വന്നു എന്റെ  കാര്യക്ഷമത പരിശോധിക്കുന്നു , മുന്തിയതരം പെയിന്റുകളാൽ എന്നെ ആവരണം ചെയ്യുന്നു , വെട്ടിത്തിളങ്ങുന്ന സ്റ്റീലിന്റെയും , പ്ലാസ്റ്റിക് ന്റെയും അലങ്കാരങ്ങൾ എന്നിൽ ചൂടുന്നു .അങ്ങനെ എന്നെ അണിയിച്ചൊരുക്കിയപ്പോൾ എന്നിലെ അഹങ്കാരി ക്രമാതീതമായി വളരുകയായിരുന്നു . ആഹ്ലാദാരവത്തിൽ നിന്ന് ഉരുത്തിരിഞ്ഞ അഹങ്കാരം ഇന്ന് എവിടെയോ പോയ്മറഞ്ഞു

ഇനി ഇവിടുത്തെ കാര്യം പറയാം.

ഇവിടെ വളരെ കുറച്ചു സ്ഥലങ്ങളിൽ മാത്രമേ  ഇവർക്ക് നമ്മളെആവശ്യമുള്ളു. അതുകൊണ്ടു തന്നെ നമുക്ക് യാതൊരു വിലയും ഇല്ല. നമ്മുടെ സ്ഥാനം ജനാല പോലെത്തെയും ഭിത്തിയിൽ  പിടിപ്പിക്കുന്നതുമായ  ശീതീകരണ യന്ത്രങ്ങൾ തട്ടി എടുത്തിരിക്കുകയാണ്. ഇനി അഥവാ നമുക്ക് ഒരിടം കിട്ടിയാൽ തന്നെ  അത് വല്ല പഴയ കെട്ടിടത്തിന്റെയും ജീർണ്ണിച്ച  മേലാമ്പുറത്തായിരിക്കും  . മുറിയിലേക്ക് കയറിവരുമ്പോൾ തന്നെ താമസിക്കാൻ വരുന്നവർ മൂക്കത്തു കൈ വച്ച് എന്നെ നോക്കി പല്ലിറുമ്മും .എന്നിട്ടു നെടുവീർപ്പിടും "   ഫാൻ  ആണോ ".

പല  ഭാഷകൾ  സംസാരിക്കുന്ന കറുത്തതും , വെളുത്തതും ,ഇരുണ്ടതും നിറമുള്ള കുറെ ആളുകൾ തിങ്ങി പാർക്കുന്ന ഒരു കെട്ടിടത്തിലാണ് എന്നെ  പാർപ്പിച്ചിരിക്കുന്നത്.മുറിയിലാണെങ്കിലോ  മദ്യത്തിന്റെയും , സിഗററ്റിന്റെയും,തമ്പാക്കിന്റെയും,രൂക്ഷ ഗന്ധം.
എനിക്കാണെങ്കിൽ രാപകലില്ലാതെ ജോലി തന്നെ. അതും എന്റെ പരമാവധി വേഗത്തിൽ ഞാൻ ഓടണം.

അവിടെ നിനക്ക് കറന്റ്  ചാർജ് കൂടും എന്ന് പറഞ്ഞു ഗോപിയേട്ടൻ ലത ചേച്ചിയെ വഴക്കു പറയുമ്പോൾ  സമാധാനമായി വിശ്രമിക്കാമല്ലോ .പിന്നെ ദിവസവും ഉള്ള കറന്റ്  കട്ട് അതും നിന്റെ രക്ഷകൻ ആണല്ലോ. അതുമാത്രമല്ല കൂടിക്കൊണ്ടേയിരിക്കുന്ന  കറന്റ് ചാർജ് കാരണം അങ്ങനെ പെട്ടന്ന്  ഒന്നും നമ്മുടെ എതിരാളിയായ ശീതീകരണ യന്ത്രത്തിനു  വീട്ടിൽ കയറിപ്പറ്റാൻ പറ്റില്ലന്നറിയാംഇനി അഥവാ മുൻപിലത്തെ  മുറിയിലെ നിന്റെ  സ്ഥാനം പോയാൽ എനിക്ക് ഉറപ്പാണ് ഗോപിയേട്ടന്റെ അമ്മ സാവിത്രി  അമ്മയുടെ മുറിയിലേക്ക് നിന്നെ മാറ്റും . പുതിയത് എന്തെങ്കിലും വാങ്ങിയാൽ പഴയതിനെ സാവിത്രി അമ്മയുടെ മുറിയിലേക്ക് മാറ്റുന്നതാണല്ലോ അവിടുത്തെ പതിവ്കുറച്ചു കുഴമ്പിന്റെയും , കഷായത്തിന്റെയും, മണം സഹിക്കണമെന്നല്ലേ ഉള്ളു.എന്നാലും നിനക്ക് പതിയെ കറങ്ങിയാൽ മതിയല്ലോ.

ഇതൊക്കെ  ആണെങ്കിലും , ഇവിടെ താമസിക്കുന്ന ചിലർ ജോലി കഴിഞ്ഞു വന്നു അവന് പതിച്ചു കിട്ടിയ 190 X 80 CM ന്റെ  കട്ടിലിലേക്കു തളർന്നു വീഴുന്നത് കാണുമ്പോൾ , നീ പറഞ്ഞപോലെ ഗോപിയേട്ടൻ ഗേറ്റ് തുറക്കുന്ന സ്വരം കേൾക്കുമ്പോൾ ചായ എടുക്കുന്ന ലത ചേച്ചിയെ ഓർമ്മ വരും.
പാവങ്ങൾക്ക് അതൊക്കെ ഒരു വിദൂര സ്വപ്നം മാത്രം.
പിന്നെ ചിലർ വൈകുന്നേരങ്ങളിൽ വീട്ടിലേക്കു  ആണെന്നു  തോന്നുന്നു ഫോണിൽ സംസാരിച്ച ശേഷം തുടക്കത്തിലുണ്ടായിരുന്ന സന്തോഷം ഒക്കെ  മാറി സദാ സമയം കണക്കുകൾ കൂട്ടുന്നത് കാണാം. അത് കഴിഞ്ഞു എന്തോ തീരുമാനിച്ചുറച്ചതുപോലെ ഒരു ദിർഹത്തിനു മൂന്നു എണ്ണം കിട്ടുന്ന കുബൂസ്വാങ്ങി കഴിച്ച്‌  , water ഡിസ്പെൻസറിൽ  നിന്ന്  അൽപ്പം വെള്ളവും കുടിച്ച് ,കയ്യിലും കാലിലും ടൈഗർ ബാം പുരട്ടി , തലയിണയടിയിൽ  മൂന്നര മണി യുടെ അലാറം വച്ച് ഉറങ്ങാൻ കിടക്കുന്നതു  കാണാം. പക്ഷെ കട്ടിലിൽ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതു കണ്ടാലറിയാം ഇപ്പോഴും എന്തൊക്കെയോ കണക്കുകൂട്ടലുകൾ ആണ് അതുങ്ങളുടെ മനസ്സിൽ എന്ന്.
കുറഞ്ഞത് മൂന്നരമണിക്കെങ്കിലും അലാറം വച്ച്‌  എഴുന്നേറ്റാൽ  മറ്റു ഭാഷക്കാരോട് വഴക്ക് ഒഴിവാക്കി പ്രഭാത കൃത്യങ്ങൾ ചെയ്യാം

പക്ഷെ അപ്പോഴും എന്റെ വേഗതയ്ക്കു കുറവില്ലെങ്കിലും , ജീവിത ഭാരങ്ങൾ കാണുമ്പോൾഎന്റെ വേഗത ഞാൻ  ഒരു അപ്പൂപ്പൻ താടിയോളമേ അറിയുന്നുള്ളു.

നീ  എത്രെ ഭാഗ്യവാനാണ്‌  ,

നിനക്കാണെങ്കിൽ വീട്ടിൽ ആരുമില്ലാത്തപ്പോൾ  വിനുക്കുട്ടൻവിളിച്ചു വരുത്തുന്ന അവന്റെ കൂട്ടുകാർ  പോയിക്കഴിയുമ്പോൾ , മുറിയിലെ
 മണം  മാറ്റാൻ വേഗത്തിൽ കറങ്ങണം , അല്ലെങ്കിൽ ഷാനി മോൾ തൻറെ കൂട്ടുകാരനുമായി ഫോണിൽ കൊഞ്ചുമ്പോൾ വേഗത്തിൽ കറങ്ങണം . വേഗത്തിൽ ഓടി ക്ഷീണിച്ച നിന്റെ കരച്ചിൽ ശരിക്കും പറഞ്ഞാൽ ഷാനിമോൾക്കു ഒരു രക്ഷയാണ്. കുറച്ചുനേരം നീയൊന്നു കരഞ്ഞാലെന്താ ,ഗോപിയേട്ടനും ലത ചേച്ചിയും അവൾ പഠിക്കുവാണെന്ന്  കരുതിക്കോളുമല്ലോ . നീയും ഞാനുമല്ലാതെ ഇതൊക്കെ ആരറിയുന്നു ?
നാളിതു വരെ എന്തിനെല്ലാം നാം മൂകസാക്ഷികൾ ആയിരിക്കുന്നു , ജനനവും ,മരണവും, ഹിതവും ,അവിഹിതവും അങ്ങനെ എന്തെല്ലാം.

നോക്ക്, മാസങ്ങളായി എന്നെ ആരെങ്കിലും  ഒന്ന് തിരിഞ്ഞു നോക്കിയിട്ട്  ദേഹമാസകലം പൊടിപിടിച്ച ഞാൻ എന്റെ നഷ്ടസൗന്ദര്യത്തിൽ ഒന്ന്  വിങ്ങാനായി വെമ്പാറുണ്ട് . ഈയിടെയായി എവിടൊക്കെയോ വേദനകളും തുടങ്ങിയിരിക്കുന്നു.അടക്കിപ്പിടിച്ച വിതുമ്പൽ ആയിരുന്നു തുടക്കത്തിൽ എങ്കിൽ ,വേദനയുടെ ആധിക്യം എന്റെ കരച്ചിലിനെ ഉച്ചത്തിലാക്കാൻ ശ്രമിച്ചു , ഇനിയെങ്ങാനും  കരച്ചിൽ കൂടിയെന്നും പറഞ്ഞു ആരെങ്കിലും എന്നെ ഏതെങ്കിലും കുപ്പ തൊട്ടിയിലേക്കിട്ടാലോ ? , അതോർക്കുമ്പോൾ സഹിക്കാൻ പറ്റാത്ത വേദനയെ അടക്കിപ്പിടിച്ച്ഞാൻ കറങ്ങുംനിനക്കറിയണോ ഇന്നാള് ഒരു ദിവസം ഞാൻ ഒരു വിദ്യ പ്രയോഗിച്ചു , സ്വിച്ച് ഓണക്കിയിട്ടും കറങ്ങാൻ കൂട്ടാക്കിയില്ല , പക്ഷെ മുറിയിലെ ഒരു മിടുക്കൻ കാളപ്പോരിന് കാളകളെ  മൈതാനത്തേക്ക് തള്ളി വിടുന്നത് പോലെ എന്നെ ശക്തിയായി ഒന്ന് കറക്കി . പിന്നെ യാതൊരു നിവർത്തിയും ഇല്ലാതെ എനിക്ക് കറങ്ങുക തന്നെ വേണ്ടി വന്നു.

 അവിടെയാകുമ്പം രാവിലെ എല്ലാ മുറിയിലും ഓടിനടന്നു നിന്റെയും ബാക്കി ഉള്ളവരുടെയും വിശ്രമം ഉറപ്പാക്കാൻ ലത  ചേച്ചി ഉണ്ട് എന്ന് മാത്രമല്ല ചേച്ചി തന്നെ എല്ലാ ആഴ്ച്ചയും നിന്നെ തുടച്ചു വൃത്തിയാക്കി നിന്റെ സൗന്ദര്യം നഷ്ടപ്പെടാതെ നോക്കുകയും ചെയ്യുമല്ലോ . ഇവിടെ ആർക്കാണ് കൂട്ടുകാരാ  അതിനൊക്കെ നേരം. ആരും  ശ്രദ്ധിക്കാനില്ലാത്ത ഞാൻ അന്യനാട്ടിൽ ഒറ്റപ്പെട്ടു പോയി .ഇന്നെന്തു പറ്റിയോ ആവോ ആരോ ഒരാൾ മുറിവിട്ടു പോയപ്പോൾ എന്നെ  sw  off  ആക്കി . ഭാഗ്യം

ശ് ശ്  ആരോ  കതക് തുറക്കുന്ന സ്വരം , എനിക്ക് സമയമായി എന്ന് തോന്നുന്നു.
തല്ക്കാലം നിറുത്തട്ടെ . നിന്റെ സ്വന്തം കൂട്ടുകാരൻ
രാജേഷ്  അവിട്ടം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot