നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മയും .... പിന്നെ ഒരു ചക്കകഥയും



തലയിൽ ചവറിന്റെ ' വല്ല ' വുമായന്നമ്മ
കത്തും വെയിലത്തുനി ന്നുരുകിയൊലിക്കുന്നു
സ്വയം വെന്തുരുകിയാൾ തീർന്നു പോകെന്നീടിലും
ആ വെട്ടമണഞ്ഞീടും വരേക്കും നിഷ്കാമയായ്

ആരാന്റെ പറമ്പിൽനി ന്നമ്മയടിച്ചുകൂട്ടി
തലച്ചുമടുമായി , ഭക്ഷണമുണ്ടാക്കാനായ്
നിറയ്ക്കും വല്ലങ്ങളിൽ നിറയെ ചവറാണ്
മുക്കണ്ണനടുപ്പുകൾ കാത്തിരിക്കാറ് സദാ

സ്കൂളുവിട്ടന്നു ഞങ്ങൾ വീടണയും മുന്നായി
മക്കൾക്ക് കഴിക്കാനായി വിശപ്പണച്ചിടാനായ്
കരുതാറുണ്ടൊക്കത്ത് ഇരന്നു വാങ്ങിച്ചീടും
കറുത്ത കരിമുള്ളുള്ള ശ്രേഷ്ടമാം ചക്കയൊന്ന്

മൂലകൾ പൊട്ടിപ്പോയ പഴമുറമെടുത്തമ്മ
വായ്ത്തേമാനമെത്തിയ വാക്കത്തിയുമെടുത്തു
ചക്ക തുണ്ടമാക്കുന്നു കരിമുള്ള കത്തിയാലേ
ചെത്തിക്കളഞ്ഞീടുന്നു പശയൊലിച്ചീടുന്ന
മൂക്കും വേർതിരിക്കുന്നു ചവണി കളഞ്ഞതിൻ
ചുള വേർപ്പെടുത്തുന്നു പഴ മുറം നിറയ്ക്കുന്നു.
ഒരിക്കൽ ക്കൂടിച്ചക്ക ത്തുണ്ടം പിച്ചാത്തിയാലെ
മടലു വേർപ്പെടുത്തുന്നു മടിയേതുമില്ലാതമ്മ

കല്ലടുപ്പിൻ വായ്ത്തല ചവറിനാൽ നിറയ്ക്കുന്നു
മുക്കണ്ണൻ മൂക്കിൻ മീതെ മൺകലം വച്ചീടുന്നു
' കാടന്മാർ ' മക്കൾ ഞങ്ങ ളെത്തീടും മുന്നേയായി
ചക്ക വേവിച്ചിടാനായ് തീവൃശ്രമത്തിലമ്മ

ചക്ക ചക്കക്കുരുവും കരിമുള്ളു നീക്കിയ
മടലരിഞ്ഞെടുത്തമ്മ 
കത്തും കനലിലിട്ടു
ചുട്ടിട്ടാ മടലല്പം പൊട്ടിച്ചു വായിലിട്ടു
കനപ്പില്ലെന്നുറപ്പിൽ ചെറുതായരിഞ്ഞമ്മ

കല്ലടുപ്പിൻ മീതേയായ് പഴുക്കും കലത്തിലെ
പുഴുക്കൊന്നുവെന്തിടാൻ അമ്മതൻ വലങ്കരം
തീക്കോലുകൊണ്ടടുപ്പിൻ വായ്മുഖം നിറഞ്ഞീടാൻ
ചവറു തള്ളി നീക്കി അഗ്നിനാമ്പുയർത്തീടാൻ

പള്ളിക്കൂടത്തിൽനിന്നു മെത്തിയ ഞങ്ങൾക്കപ്പോൾ
ആരെപ്പുണർന്നീടണ മെന്നറിയായ്കയാലേ
വിശക്കും വയർ നിറ യ്ക്കാനാകും ചക്കിയയോ
ചക്ക ഞങ്ങൾക്കായ്‌ വെടി പ്പാക്കീടുമമ്മയേയൊ

ചക്കച്ചുളകളിലാ യള്ളിപ്പിടിച്ചീടുന്ന
ചവണി പോൽ ഞങ്ങളന്ന് ചുറ്റിവരിഞ്ഞു പോയി
വട്ടം പിടിച്ചു പോയി അമ്മയാമത്ഭുതത്തെ
ആ സ്നേഹസാഗരത്തി ലൂളയിട്ടൂയലാടി

പാരാകെ പ്രഭാവർഷം നിർബാധം ചൊരിഞ്ഞീടാൻ
ദൃഢനിശ്ചയമതിൻ കൈത്തിരി നാളദീപ്തി
അണയാതുള്ള വർണ്ണ നക്ഷത്രമെന്നപോലെ
ജ്വലിക്കും ശ്റോതസ്സായി വിളങ്ങും പാരിലമ്മ

ജോയ് താണിക്കൽ
25-3-2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot