നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സമവാക്യം

Image may contain: 2 people, people smiling, people sitting and outdoor
+-+-+-+-+-+-
അച്ഛൻ ജയകൃഷ്‌ണന്റെ മരണശേഷം അദ്ദേഹത്തിന്റെ അലമാരിയിൽ ഭദ്രമായി വച്ചിരുന്ന പഴയ ഫയലിൽ നിന്നാണ് വർഷക്ക് ആ കടലാസുകൾ കിട്ടിയത്. വർഷങ്ങൾക്ക് മുമ്പുള്ള ഒരു കേസിന്റെയും കോടതിവിധിയുടെയും പകർപ്പുകൾ. അതിലെ ഭാഷ ഒരു പതിനഞ്ചുകാരിക്ക് ദുർഗ്രാഹ്യമായിരുന്നു. മുത്തച്ഛന്റെ സഹായത്തോടെ അവൾ അതിന്റെ ഉള്ളടക്കം മനസ്സിലാക്കി.
പലവട്ടം അച്ഛനോടു ചോദിച്ചിട്ടും കിട്ടാതെപ്പോയ ഉത്തരമായിരുന്നു അത്. അച്ഛനേയോ ഒരേയൊരു മകളായ തന്നെയോ സ്നേഹിക്കാനോ ശ്രദ്ധിക്കാനോ സമയമില്ലാത്ത അമ്മയെ അച്ഛൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്നു ഉറപ്പിച്ചു പറയാനുണ്ടായ കാരണമാണ് ആ കോടതി വിധി. അമ്മയെ ഒഴിവാക്കാത്തത് കൊണ്ടാണ് അച്ഛനെ ഏറെ സ്നേഹിച്ച പ്രിയാന്റിയും തങ്ങളെ വിട്ടു പോയത്. തന്റെ ഏറ്റവും വലിയ സ്വത്തെന്ന് അച്ഛൻ പറയാറുണ്ടായിരുന്നു അച്ഛന്റെ ഈ പാറു മാത്രമാണ് ആ നഷ്ടത്തിനും കാരണമെന്ന് വർഷ തിരിച്ചറിഞ്ഞു .
“നിങ്ങൾ അച്ഛൻ, അമ്മ, വർഷ, അതാണു നിന്റെ കുടുംബം. അതിനിടയിൽ ഈ പ്രിയാന്റി എവിടന്ന് വന്നു? ഹൈസ്കൂളിൽ പോലുമായില്ല. അപ്പോഴേക്കും ഇവൾ അച്ഛന് ഗേൾഫ്രണ്ടിനെ ഉണ്ടാക്കാൻ നടക്കുന്നു. ”
അതിനോടൊപ്പം വർഷയ്ക്ക് തലക്കിട്ടൊന്ന് കിഴുക്കാനും മറന്നില്ല അച്ഛമ്മ. മൂന്നു വര്ഷം മുൻപ് ടീനഗറിലെ വീട്ടിൽ മകനോടും കുടുംബത്തോടുമൊപ്പം കുറച്ചു നാൾ കഴിയാനെത്തിയതായിരുന്നു അവർ.
“ഞാൻ, ആര്യ, വർഷ. ആ സമവാക്യം തന്നെ തെറ്റാണമ്മേ. ചില ജീവിതങ്ങൾ അങ്ങനെ സിംപിൾ ഇക്വേഷനിൽ ഒതുങ്ങില്ല. ആര്യ എന്നും അവളുടെ വീട്ടിൽ തന്നെയാണ്. ഇപ്പോൾ വരാറുമില്ല, വിളിക്കാറുമില്ല. ഏങ്ങനെ ഞങ്ങളെ ഒരു കുടുംബമെന്നു വിളിക്കും. പിന്നെ പ്രിയ. അവളെപ്പറ്റിയും അമ്മ ചിന്തിച്ചു വിഷമിക്കേണ്ട. അവളും ഇനി ഞങ്ങളുടെ ജീവിതത്തിലുണ്ടാവില്ല.'’
അന്നച്ഛൻ അങ്ങനെ പറഞ്ഞത് അമ്മ കൂടെയില്ലാത്തത് കൊണ്ടാണെന്നാണ് വർഷ കരുതിയിരുന്നത്. പ്രസവിച്ചു തൊണ്ണൂറു തികയും മുമ്പ് പുതിയ ജോലിയുടെ പേരും പറഞ്ഞ് അവളെ ഭർത്താവിനെ ഏൽപിച്ച് ഡെൽഹിയിലേക്കു പോയ അമ്മ. പിന്നീട് ചെന്നൈയിൽ തന്നെ ജോലി കിട്ടിയിട്ടും അവർ ഭർത്താവിന്റേയും മകളുടേയും കൂടെയായിരുന്നില്ല സ്വന്തം ഫ്ലാറ്റിലായിരുന്നു താമസം. വല്ലപ്പോഴും അതിഥിയായി എത്തുന്ന, കൂടെ കരുതുന്ന സമ്മാനങ്ങളല്ലാതെ ഒരിക്കൽ പോലും അവളെ വാത്സല്യത്തോടെ ചേർത്തു പിടിക്കാത്തമ്മ.
അച്ഛനേക്കാളും അമ്മയ്ക്കടുപ്പം പീറ്റങ്കിളിനോടാണെന്ന് വർഷയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മയുടെ ബെസ്റ്റ് ഫ്രണ്ട്. വിവാഹത്തിനു മുമ്പും അവർ കൂട്ടുകാരായിരുന്നെന്ന് അച്ഛൻ പറഞ്ഞവൾക്കറിയാം. അയാളുടെ കുടുംബം നാട്ടിലാണ്. അവളെ എവിടെ കണ്ടാലും അയാൾ വന്ന് സംസാരിക്കും. സ്നേഹത്തോടെ പെരുമാറും. പക്ഷെ എന്തുകൊണ്ടോ വർഷയ്ക്കയാളെ ഇഷ്ടമായിരുന്നില്ല. അമ്മ അച്ഛനെയും അവളേയും വിട്ടു പോകാൻ കാരണം അയാളാണെന്ന് തന്നെ അവൾ വിശ്വസിച്ചു.
അച്ഛനായിരുന്നു അവൾക്കെല്ലാം. അച്ഛൻ മരിക്കുന്നത് വരെ ഒരു ദിവസം പോലും അവർ പിരിഞ്ഞിരുന്നിട്ടില്ല. അവളെ ഊട്ടിയതും ഉറക്കിയതും പരീക്ഷകൾക്കു മുമ്പ് ഉറക്കമൊളിച്ച് കൂട്ടിരുന്നതുമെല്ലാം. അച്ഛമ്മയും ഇടയ്ക്കു കൂടെ വന്നു നിൽക്കും. പക്ഷെ അവൾക്കെല്ലാത്തിനും അച്ഛൻ തന്നെ മതി.
സ്വന്തം അമ്മയേക്കാൾ വർഷ സ്നേഹിച്ചതും അവളുടെ പ്രിയാന്റിയേയാണ്. ചെന്നൈയിൽ അച്ഛന്റെ സഹപ്രവർത്തകയായി വന്ന് പിന്നീടവരുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ പ്രിയ. അമ്മയായും ചേച്ചിയായും സുഹൃത്തായുമെല്ലാം അവസരത്തിനൊത്തു വേഷപ്പകർച്ച നടത്തി പ്രിയ വർഷയെ അതിശയിപ്പിച്ചിരുന്നു.
ജയകൃഷ്ണനുമായി പ്രിയ പിരിഞ്ഞെങ്കിലും വർഷയെ അവൾ വിളിക്കാറുണ്ട്. ഒരു പക്ഷേ അച്ഛനെന്നെങ്കിലും അവരെ ജീവിതത്തിലേക്ക് കൂട്ടുമെന്ന് അവർ രണ്ടു പേരും പ്രതീക്ഷിച്ചിരുന്നു. അച്ഛൻ പ്രിയാന്റിയെ കല്യാണം കഴിക്കാത്തതെന്താണെന്ന് അവൾ ചോദിക്കുമ്പോഴെല്ലാം അവളെ ചേർത്ത് പിടിച്ച് നെറ്റിയിൽ ഉമ്മ വച്ച് അച്ഛനീ കുറുമ്പിപാറു കൂടെയുണ്ടായാൽ മാത്രം മതിയെന്നു പറയും.
പക്ഷെ ഈ ഫയലിലുള്ള കടലാസുകൾ പറയുന്നത് മറ്റൊരു കഥയാണ്. ആര്യയുമായുള്ള വിവാഹബന്ധം മോചിപ്പിക്കാൻ അവളുടെ അച്ഛൻ നൽകിയ പെറ്റിഷൻ. മൂന്നു വർഷങ്ങൾക്കു മുമ്പു അതായത് പ്രിയയെ പരിചയപ്പെട്ടതിന് ശേഷമാണ് അത് ഫയൽ ചെയ്തിരിക്കുന്നത്.
തന്റെ മകളെ ഇതു വരെ താനൊറ്റയ്ക്കാന് വളർത്തിയതെന്നും അവളുടെ അമ്മ ഇതു വരെ തങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നില്ലെന്നുമുള്ള അച്ഛന്റെ സത്യവാങ്മൂലം. അതിനെ ബലപ്പെടുത്താൻ വർഷയുടെ സ്കൂൾ പ്രിൻസിപ്പാളിന്റേയും പിഡിയാട്രീഷ്യന്റെയും മൊഴികൾ എല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. മകളെ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന് ജയകൃഷ്ണൻ വാദിച്ചു.
ആ കേസിൽ ആര്യയുടേയും മൊഴി കേട്ട ശേഷം വർഷയുടെ പിതൃത്വ പരിശോധന നടത്താൻ കോടതി ഉത്തവിടുകയായിരുന്നു. ആ ടെസ്റ്റ് നടക്കുന്നതിനും മുമ്പേ ജയകൃഷ്ണൻ ഡൈവോഴ്സ് പെറ്റിഷൻ പിൻവലിച്ചു.
തന്റെ മുന്നിൽ തെളിഞ്ഞു വന്ന പുതിയ സമവാക്യം കണ്ട് വർഷ അതിശയിച്ചു. അച്ഛൻ പറഞ്ഞ സമവാക്യത്തിലെ തിരുത്ത് അമ്മയായിരുന്നില്ലെന്നവൾ തിരിച്ചറിഞ്ഞു. അമ്മയുടെ കൂട്ടുകാരനോ, അതൊ ഇനിയും അറിയാത്ത മറ്റാരെങ്കിലുമാണോ അച്ഛനില്ലാത്ത ആ സമവാക്യത്തിൽ? എങ്കിലും ഇനിയും ജയകൃഷ്ണനെന്ന അച്ഛന്റെ മകളായി തന്നെ ജീവിക്കാനാണവൾക്കിഷ്ടം.
ജീവിത ഗണിതത്തിൽ ശിഷ്ടത്തിന്റെ വിലയാണ് തനിക്കെന്നറിഞ്ഞിട്ടും അവൾക്കു വേണ്ടി ജീവിച്ച, സ്വന്തം ജീവിതത്തെ ബലി കൊടുത്ത അച്ഛന് അർഹിക്കുന്ന സ്നേഹം തിരികെ നൽകിയോ എന്ന കുറ്റബോധമായിരുന്നു അവൾക്ക്.
അച്ഛന്റെ അസ്ഥിത്തറക്കു മുന്നിൽ നിൽക്കുമ്പോൾ വർഷ അച്ഛന്റെ സാമീപ്യമറിയുന്നുണ്ടായിരുന്നു. അറിഞ്ഞോ അറിയാതേയോ വേദനിപ്പിച്ചുണ്ടെങ്കിൽ ക്ഷമിക്കണേ എന്നു പറയുമ്പോഴും വരും ജന്മം ഈയച്ഛന്റെ മകളായി ജനിക്കണേ എന്ന പ്രാർത്ഥനയുണ്ടായിരുന്നു അവളുടെയുള്ളിൽ. അന്നെങ്കിലും ജീവിതം ഒരു ലളിത സമവാക്യത്തിലൊതുങ്ങിയെങ്കിൽ…..
ഹൈഡി റോസ് വേങ്ങാലിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot