Slider

നമ്മുടെ സ്വപ്നങ്ങൾക്ക് പരിധി തീരുമാനിക്കുന്നത്‌ ആരാണ്??

0
Image may contain: 2 people

How Old are you ?' എന്ന സിനിമ ഇഷ്ടപെടാത്തവരായി വളരെ ചുരുക്കം പേരെ കാണൂ, പലരും ഈ സിനിമ അവരുടെ ജീവിതവും ആയി താരതമ്യപ്പെടുത്തിയിട്ടും ഉണ്ടാകും. തീരെ ആത്മവിശ്വാസം ഇല്ലാത്ത നിരുപമ ഭർത്താവിന്റെയും മകളുടെയും അവഗണന സഹിച്ചും, ഒറ്റക്ക് നിന്ന് പൊരുതി ജയിച്ചു നമ്മുടെ കയ്യടി വാങ്ങി. ഈ സിനിമ കണ്ട്, 'എനിക്കും എന്തെങ്കിലും ഒക്കെ ചെയ്യണം' എന്ന് മനസ്സുറപ്പിക്കുകയും ഈ ചിന്ത വളരെ പെട്ടന്ന് തന്നെ ചൂടാറി പോകുകയും ചെയ്ത പലരെയും നമുക്ക് ചുറ്റും കാണാം..
ഈ സിനിമയിൽ നമ്മളെ ഒരു പാട് ചിന്തിപ്പിച്ച ഒരു ചോദ്യമുണ്ട് - ആരാണ് ഒരു സ്ത്രീയുടെ സ്വപ്നങ്ങൾക്ക് expiry date നിർണയിക്കുന്നത്??
ഒരു presentation നു മുമ്പ് പേടിച്ചു നിൽക്കുന്ന നിരുപമയെ, അവളുടെ പഴയകാല കൂട്ടുകാരി 'നിരുപമ കൃഷ്ണൻ' ( കല്യാണത്തിന്റെ മുമ്പുള്ള പേര്) എന്നു വിളിക്കുകയും വളരെ ആത്മവിശ്വാസത്തോടെ തന്നെ നിരുപമ സ്റ്റേജിലേക്ക് കേറി. കല്യാണത്തിന് ശേഷം ആണോ നമ്മുടെ ആത്മവിശ്വാസം ഇല്ലാതാകുന്നത് എന്ന ഒരു ചിന്ത പലരുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകും? ഇതിൽ എത്രത്തോളം സത്യം ഉണ്ട് എന്ന് ആലോചിക്കേണ്ട ഒന്നാണ്. സത്യത്തിൽ അതിനു ശേഷം നമ്മുടെ priorities അല്ലെ മാറുന്നത്?
പലപ്പോഴും കല്യാണം കഴിഞ്ഞ് പലരും അവരുടെ ജീവിതവും സ്വപ്നങ്ങളും മാറ്റി വെക്കുന്നു. ഭർത്താവിന്റെയും മക്കളുടെയും ഇഷ്ടങ്ങള്ക്കാകും മുൻഗണന . വീട്ടിലെ പാചകവും, കാണുന്ന സിനിമകളും, കേൾക്കുന്ന പാട്ടുകളും, പോകുന്ന ഇടങ്ങളും എല്ലാം അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചു ആകും. ഇത് സ്വാഭാവികം.. ചിലർ ഈ വഴികളിൽ നിന്നും വേറിട്ട് നടക്കുന്നു, മറ്റ് ചിലർ ഇതാണ് വേണ്ടത്, ഇങ്ങനെയാണ് ജീവിതം എന്ന് പറഞ്ഞു മുന്നോട്ട് പോകുന്നു.
ജീവിതമെന്ന ഓട്ട പാച്ചിലിൽ പെട്ട് പലപ്പോഴും നമ്മൾ നമ്മളെ തന്നെ മറന്ന് പോകാറുണ്ട്. കല്യാണം കഴിഞ്ഞതു കൊണ്ടു മാറ്റി വെക്കേണ്ടത് ആണോ നമ്മുടെ സ്വപ്നങ്ങൾ? ചെറിയ മക്കൾ ഒക്കെ ഉള്ളപ്പോൾ ഒരു ജോലിയിൽ നിന്നും ഒരു ഇടവേള എടുക്കുന്നവർ ഉണ്ട്, ഞാനും അങ്ങനെ. ഇത് കഴിവതും ഒരു താത്കാലിക ഇടവേള ആയിരിക്കണം, പക്ഷെ പലരും അപ്പോഴേയ്ക്കും പുതിയ ജീവിതവും ആയി പൊരുത്തപ്പെട്ടിട്ടുണ്ടാകും.
വളരെ മിടുക്കരായിട്ടും, ഒരു പാട് സ്വപ്നങ്ങൾ കൊണ്ടു നടന്നിട്ടും, തങ്ങളുടെ സ്വപ്നങ്ങൾ ഒക്കെ മറന്ന് ജീവിക്കുന്ന എത്രയോ പേർ നമുക്ക് ചുറ്റും ഉണ്ട്. ഞാൻ ഇത് പറയുമ്പോൾ ഒരു career, ജോലി മാത്രം അല്ല ഉദ്ദേശിക്കുന്നത്. ഞാൻ ഇന്ന് ഹാപ്പിയാണ് എന്ന് പറയാൻ കഴിയണം, അതാണ് വേണ്ടത്. ഒരു നഷ്ടബോധവും ഉണ്ടാകരുത്. അതാണ് നമ്മുടെ വിജയം.
വീടുകളിൽ പലപ്പോഴും കണ്ടു വരുന്ന ഒന്നാണ് അമ്മയുടെ ത്യാഗം. തനിക്കുള്ള പങ്ക് മക്കൾക്കായി മാറ്റി വെക്കുന്ന അമ്മ, മക്കൾ സന്തോഷിക്കട്ടെ എന്ന് കരുതി തന്റെ ഇഷ്ടങ്ങൾ മറക്കുന്ന അമ്മയുടെ മനസ്സു എത്ര മക്കൾ അറിയുന്നുണ്ട് ? അമ്മയെന്നാൽ എല്ലാം സഹിക്കുകയും, ക്ഷമിക്കുകയും ചെയ്യേണ്ട ആളാണെന്നും അമ്മയ്ക്ക് അങ്ങനെ പ്രത്യേകിച്ചു ഇഷ്ടങ്ങൾ ഒന്നും ഇല്ലെന്നും ഒരു തെറ്റായ സന്ദേശം മക്കൾക്ക് കൊടുക്കുന്നത് നമ്മൾ തന്നെയല്ലേ? നമ്മളെ കണ്ടു വളരുന്ന മകൾ, ഇത് അവളുടെ ജീവിതത്തിലും പാലിക്കുന്നു, മകൻ അവന്റെ ഭാര്യ ഇങ്ങനെയായിരിക്കണമെന്നു കരുതുന്നു. ഇവിടെ വീട്ടിൽ മിക്കവാറും എനിക്കുള്ള പങ്ക് ഞാൻ മാറ്റി വെച്ചിട്ടാണ് മക്കൾക്ക് കൊടുക്കാറ്. ആദ്യമൊക്കെ ഇതു അമ്മയുടേതാണ് എന്നു പറയുമെങ്കിലും, പിന്നീട് വിഷമം തോന്നും,ഞാനവർക്കു കൊടുക്കും.. പിന്നെ പിന്നെ അവർക്ക് അറിയാം, ഇത് അമ്മയ്ക്കുള്ളതാണെന്നു. അമ്മയ്ക്കും ഒരു വ്യക്‌തിത്വം ഉണ്ടെന്നും അവരും എല്ലാരേം പോലെ ഒരു അംഗം ആണെന്നും മക്കൾ അറിയണം, മനസ്സിലാക്കണം.
എന്ത് തിരക്കിലും നമുക്കായി കുറച്ചു നേരം മാറ്റി വെക്കാം. നമ്മുടെ ഇഷ്ടങ്ങൾക്കും ചിലപ്പോഴൊക്കെ മുൻതൂക്കം കൊടുക്കാം.
ഉപരി പഠനം ഒരു സ്വപ്നം ആയി കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കുറച്ചായി, പല കാരണങ്ങളാൽ മാറ്റി വെച്ചിരുന്നു. ഈ വർഷം യൂണിവേഴ്സിറ്റി ചേർന്നു. ചെറിയ മക്കൾ ഉള്ളത് കൊണ്ട് വലിയ ബുദ്ധിമുട്ടായിരുന്നു ആദ്യം, നിർത്തിയാലോ എന്ന ആലോചന വരെ ഉണ്ടായി, പക്ഷെ ഇപ്പൊ പതുക്കെ പതുക്കെ ശെരിയായി വരുന്നു. അതു പോലെ, കാർ ഓടിക്കുന്ന സ്ത്രീകളെ അസൂയയോടെ കണ്ടിരുന്ന എനിക്ക് സ്വന്തമായി കാർ ഓടിക്കുക എന്നത് ഒരു സ്വപ്നം തന്നെയായിരുന്നു. കുറച്ചു വൈകിയാണെങ്കിലും ഇത് സാധിച്ചു. വീണ്ടും എഴുതി തുടങ്ങിയതും അങ്ങനെ ഒരു തീരുമാനം ആയിരുന്നു. ഇനിയും ഉണ്ട് സ്വപ്നങ്ങളുടെ ഒരു നിര, ഓരോന്നായി ചെയ്തു തീർക്കണം എന്നുണ്ട്.
പറഞ്ഞു വരുന്നത് നമ്മുടെ സ്വപ്നങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒരു expiry date തീരുമാനിക്കാൻ ഉള്ള അധികാരം ആർക്കും ഇല്ല.
നമുക്കുള്ള പരിമിതി ഒന്നു മാത്രമാണ്, നമ്മുടെ മനസ്സ്. വേറെ ഒന്നിനും, ആർക്കും അതിന് തടസ്സം ആകാൻ സാധിക്കില്ല. അല്ലെങ്കിൽ സാധിക്കരുത്..
നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.. മാറ്റങ്ങൾ ഉണ്ടാകട്ടെ, നല്ലൊരു നാളേക്കായി..
എന്റെ ചിന്തകൾ,
രേണു ഷേണായി
(ജയന്തി ശോഭ)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo