
രാത്രി ..
തീർത്തും നിശബ്ദമായ ഒരു രാത്രി . പകൽ മരിച്ച സന്തോഷത്തിൽ , എവിടെയൊക്കെയോ ഓരി ഇടുന്ന നിശാചരന്മാർ . ഇരുളിന് മഞ്ഞിന്റെ കരിമ്പടം ഉണ്ട് . ആരോ ,കറുപ്പ് വാരി പൂശിയപോലെ ആകാശവും കറുപ്പ് . നിലാവില്ല . നക്ഷത്രങ്ങളില്ല . അപ്രതീക്ഷിതമായ ഒരു പേമാരിക്ക് ശേഷം ആകെ തണുത്തു വിറച്ചു , മരണം വീശിയ വീട് പോലെ .
ട്രെയിനിൽ നിന്നും ഇറങ്ങി , റെയിൽവേ പാളം മുറിച്ചു , ഇട വഴിയിലേക്ക് കയറാൻ നേരം , താര ഒന്ന് സംശയിച്ചു നിന്നു . ആദ്യമായിട്ടാണ് , ഇത്രയും താമസിക്കുന്നത് . ഒന്ന് തിരിഞ്ഞു നോക്കി . ഇര വിഴുങ്ങിയ പാമ്പിനെ പോലെ ,നീണ്ടു നിവർന്നു കിടക്കുന്ന റെയിൽവേ പാളങ്ങൾ . ആളുകൾ തീർത്തും , കുറവാണ് . അവൾ ഒന്നൂടി നോക്കി . കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ . ഈ വഴി പോയാൽ എളുപ്പം ഓട്ടോ സ്റ്റാൻഡിൽ ചെല്ലാം . ചുറ്റിനും , കാട് പോലെ വളർന്നു നിൽക്കുന്ന കാഞ്ഞിരവും വട്ടയും ,അമ്പഴവും ചീമകൊന്നയും , എല്ലാത്തിലും കാട്ടു വള്ളികൾ , പടർന്നു പന്തലിച്ചു കിടക്കുന്നു ..പിന്നെയും കുറെ പേരറിയാത്ത മരങ്ങളും പൊന്തക്കാടും ഒക്കെ ഉള്ള സ്ഥലമാണ് . പക്ഷെ ..വെറും അഞ്ചു മിനിറ്റ് മതി ഓട്ടോ സ്റ്റാൻഡ് എത്തും . നേരെ വഴി പോയാൽ .അര മണിക്കൂറോളം ചുറ്റണം . അല്ലെങ്കിൽ അവിടെന്നു ഓട്ടോ പിടിച്ചാൽ അൻപതു രൂപ അധികം നൽകണം .
അധിക സമയം അങ്ങനെ നിൽക്കാൻ അവൾക്കു തോന്നിയില്ല .ഒന്നൂടി തിരിഞ്ഞു നോക്കി . കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നെങ്കിൽ .ഒരു കാൽ കൂടി അവൾ മുന്നോട്ടു വെച്ചു . വഴി തുടങ്ങുന്നിടത്തു ഒരു തെരുവ് വിളക്കുണ്ട് . മുന്നോട്ടു , റോഡിന്റെ പകുതിയോളം , ആ വെളിച്ചം ഉണ്ടാകും .പിന്നെ ..മുന്നോട്ടു ഒരു അൻപതു , അറുപതു മീറ്റർ . സാരമില്ല . പോകാം ..അവൾ മുന്നോട്ടു നടന്നു . നാളെ രാവിലെ അച്ഛനെ കൊണ്ട് ആശുപത്രിയിൽ പോകേണ്ട ദിവസമാണ് . അല്ലെങ്കിൽ ഇന്ന് വരണ്ട ആവശ്യം ഇല്ലായിരുന്നു .
തെരുവ് വിളക്കിന്റെ വെട്ടം അവസാനിക്കാൻ പോകുന്നു . അവൾ ബാഗിൽ നിന്നും , മൊബൈൽ എടുത്തു . പെട്ടെന്ന് . കണ്ണിലേക്കു ഇരുട്ടിൽ നിന്നും , ശക്തമായ പ്രകാശം അവളുടെ കണ്ണിലേക്കടിച്ചു . ഒന്നല്ല ..കണ്ണ് തുറക്കാൻ വയ്യാത്ത അവസ്ഥ . പാതി തുറന്ന കണ്ണിൽ അവൾ കണ്ടു , ബൈക്ക് ന്റെ ഹെഡ് ലൈറ്റ് ആണ് . കാലടി ശബ്ദങ്ങൾ അടുത്തു വരുന്നു . താര , പിന്നോട്ട് നോക്കി .ഓടണം എന്നുണ്ട് , പക്ഷെ കാലിനു ആരോ വിലങ്ങിട്ട പോലെ ..ഉറക്കെ കരയണം എന്നുണ്ട് ..പറ്റുന്നില്ല . ആരൊക്കയോ ..പിന്നിൽ നിന്നു വാ പൊത്തുന്നു ... കൈ പിന്നിലേക്കാക്കി പിടിക്കുന്നു .. കാലിൽ ആരോ പിടിക്കുന്നു .
ഇരുളിന്റെ മറവിൽ , ഒരു പെണ്ണിന്റെ നിസ്സഹായത . പ്രകൃതി പുരുഷന് നൽകിയ കരുത്തിന്റെ , മേൽക്കോയ്മ . ഒരു സൗമ്യ കൂടി ..ഒരു നിർഭയ കൂടി . താര പിടഞ്ഞു . കുതറി നോക്കി .
" അടങ്ങി കിടക്കടി ..പൊലയാടി മോളെ ...കൊന്നു കൊക്കേൽ എറിയും പറഞ്ഞേക്കാം ....കുറെ നാളത്തെ ആഗ്രഹമാ .... "
ആരോ ആക്രോശിക്കുന്നു . കുതറാൻ , ശ്രമിക്കണോ .. മുന്നിൽ മരണമാണ് . അച്ഛന്റെയും അമ്മയുടെയും സ്വപ്‌നങ്ങൾ .. ബാങ്കിലെ കടം . മുന്നിൽ , സൗമ്യയും ..നിർഭയയും ..ജിനിയും .. എതിർക്കാൻ ശ്രമിച്ചാൽ ,ഒരുപക്ഷെ മരണമാണ് . പത്ര മാധ്യമങ്ങളിൽ കുറച്ചു നാൾ നിറഞ്ഞു നിന്നേക്കാവുന്ന ഒരു വാർത്ത . അവസാനം .മരണമില്ലാത്ത , വിസ്‌മൃതിയുടെ ആഴങ്ങളിലേക്ക് ഞാനും , എന്റെ കുടുംബത്തിന്റെ കണ്ണുനീരും സ്വപ്നങ്ങളും എടുത്തെറിയപ്പെടും . താര , കണ്ണ് തുറന്നു . പടർന്നു നിൽക്കുന്ന , കാട്ടു മരങ്ങൾക്കിടയിലൂടെ , പൊന്തക്കാടിലേക്കു താൻ എടുത്തു എറിയപ്പെട്ടു കഴിഞ്ഞു . വായിൽ ചുരിദാറിന്റെ ഷാൾ ഒരാൾ തള്ളി , കയറ്റുന്നു ...തെരുവ് വിളക്കിന്റെ വെട്ടം , കാട്ടു വള്ളികളുടെ ഇടയിലൂടെ അരിച്ചു ഇറങ്ങുന്നുണ്ട് . എനിക്കറിയാം അവനെ ..അവന്റെ പേര് ഉണ്ണി ..ഒരാൾ കൈ രണ്ടു , മുറുക്കെ പിടിക്കുന്നു ...അവന്റെ പേര് , ഷാൻ ..അവന്റെ അനിയത്തിയെ , താൻ ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട് . കാലിൽ പിടിച്ചിരിക്കുന്നത് , ഇല്ലാ അവനെ തനിക്കു അറിയില്ല . കണ്ടിട്ടില്ല , നീണ്ട മുടി അവന്റെ മുഖം മറക്കുന്നു . ഒരാൾ തന്റെ പാന്റ്സ് വലിച്ചു താഴ്ത്തുന്നു . അവൻ സ്വയം അരയ്ക്കു കീഴെ വിവസ്ത്രനാകുന്നു . ഇടയിലെപ്പോഴെ അവന്റെ മുഖത്തേക്കും , ഒരു കീറ് വെട്ടം ...അത് ,വിനുവാണു ...തന്നോട് , ഒന്ന് രണ്ടു വട്ടം അവൻ , ഇഷ്ടം പറഞ്ഞിട്ടുണ്ട് .
താര കണ്ണുകൾ അടച്ചു .
പുഴുക്കൾ അരിക്കും പോലെ ..ശരീരം ആകമാനം ...പുഴുക്കൾ അരിയ്ക്കുകയാണ്. കറുത്ത കരിന്തേളുകൾ , ശരീരത്തിൽ നിറയെ വാരി ഇട്ടപോലെ ..താര കരഞ്ഞില്ല . ശബ്ദം ഉണ്ടാക്കിയില്ല . എനിക്ക് ജീവിക്കണം . എന്റെ സ്വപ്‌നങ്ങൾ ...
" ഉണ്ണി ....ഡാ ...ഇവളും ആസ്വദിക്കുന്നുണ്ട് ട്ടോ ...പെലയാടി മിണ്ടുന്നില്ല . "
അകംതുടയിലെ നനവ് , ഹൃദയത്തിൽ പുരളാതിരിയ്ക്കാൻ , താര പല്ലുകൾ കടിച്ചു പിടിച്ചു .ശക്തിയായി ചുമക്കാനും , ശർദ്ധിക്കാനും തോന്നുന്നു .. അറപ്പാണ് ..അറപ്പാണ് തോന്നുന്നത് ഇടക്കെപ്പോഴെ , ഒരുപക്ഷെ , ഇത് കാണാൻ വയ്യാത്ത കൊണ്ടാകും , വഴി വിളക്കും കണ്ണടച്ചു. ഇരുട്ട് ..പൂർണമായ ഇരുട്ട് . ആർക്കും എന്തും ചെയ്യാൻ ധൈര്യം നൽകുന്ന ഇരുട്ട് . കാമനകളുടെ, രഹസ്യങ്ങളുടെ , അക്രമങ്ങളുടെ , അവിഹിതങ്ങളുടെ ഇരുട്ട് . ബോധം മറയുന്നു ..
ശരീരം ഇടിഞ്ഞു നുറുങ്ങുന്ന വേദനയുണ്ട് .. താര മെല്ലെ എഴുന്നേറ്റു . നടക്കാൻ പറ്റുന്നില്ല . കാലുകൾ തറയിൽ തുറക്കുന്നില്ല . തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് . അധികം ആളുകൾ ഇല്ല . വൈകി വരുന്ന ഏതോ ട്രെയിനെ പുലഭ്യം പറയുന്ന വളരെ ചുരുക്കം യാത്രികർ . വാഷ് റൂമിൽ കയറി .. മുഖവും , കൈകാലുകളും കഴുകി . വേയ്ച്ചു പോയപ്പോൾ , നിറം മങ്ങിയ ഭിത്തിയിൽ ചാരി .. അൽപ നേരം അങ്ങനെ ഇരുന്നു പോയി .
പോലീസിൽ അറിയിക്കണോ .. എന്തിനു .. അവിടെന്നു എന്ത് കിട്ടാനാണ് . വീണ്ടും വീണ്ടും , വാക്കുകളാൽ , പീഡിപ്പിക്കപ്പെടാനോ .. മീഡിയ ... അവർക്കു ആഘോഷിക്കാൻ ഒരു വിഷയം . വേണ്ടാ ... വീട്ടിൽ പറഞ്ഞാൽ , ഒരു കൂട്ട ആത്മഹത്യ ..അതിന്റെ അപ്പുറം വേറെ ഒന്നുണ്ടാകില്ല . ഏതോ നാറികൾ ..പേ പിടിച്ച പട്ടികൾ , അവന്റെ ഒക്കെ സൂക്കേട് തീർത്തതിന് , നഷ്ടപ്പെടുന്നത് ..എന്റെ ജീവിതം ..ഇല്ലാതാകുന്നത് ..എന്റെയും ..എന്റെ കുടുംബത്തിന്റെയും സ്വപ്‌നങ്ങൾ ..എല്ലാം പണം കൊണ്ട് മായ്ക്കാൻ അവർക്കാകും . നഷ്ടം എനിക്ക് മാത്രമാകും . അതാണ് ..പെണ്ണിന്റെ നിസ്സഹായാവസ്ഥ . ഇല്ല ..എനിക്കൊന്നും നഷ്ടപ്പെടാൻ പാടില്ല . ഇങ്ങനെ ഉള്ളവൻമാരുടെ , കൈക്കരുത്തിൽ അവസാനിക്കില്ല ...അവസാനിക്കാൻ പാടില്ല ..ഒരു പെണ്ണിന്റെ ജീവിതവും സ്വപ്നങ്ങളും ..കണ്ണുനീർ വല്ലാതെ കൈയ്ക്കുന്നു ...പൊള്ളുന്നു ..അകം പുറം ഒരുപോലെ ...
എനിക്ക് ...എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല .
താര , മുഖം കഴുകി . അഴുക്കു പുരണ്ട വസ്ത്രം മാറി ..ഇരുട്ട് മാറുന്നു . വെളിച്ചം .. നിലാവും , സൂര്യനും ..വീണ്ടും , കണ്ടു മുട്ടാമെന്ന പ്രതീക്ഷയിൽ അടുത്ത് വരുന്നു .. വളരെ പതുക്കെ അവൾ നടന്നു .
' ചേട്ടാ ... ഇല്ലിയ്ക്കത്താഴം... '
കേറിക്കോ മോളെ .....
എന്താ മോളെ , ഇത്രയും വൈകിയേ ..ഈ സമയത്തു ..
ട്രെയിൻ വൈകി ചേട്ടാ ...
സൂക്ഷിക്കണം മോളെ ..കാലം , ശരിയല്ല . എനിക്കും രണ്ടു പെൺകുട്ടികളാ, തനിയെ , ഇങ്ങനെ അസമയത്തു യാത്ര ചെയ്യരുത് ..
ഉം .....താര മെല്ലെ മൂളി . ഇതും ഒരു പുരുഷനാണ് ..ഒരുപക്ഷെ , ഇതാകും പുരുഷൻ . പെണ്ണിന്റെ നിസ്സഹായാവസ്ഥ , ചൂഷണം ചെയ്യുന്നവൻ ആണോ പുരുഷൻ .....
ടോർച്ചുമായി ..കൂടെ വീട്ടിൽ കൊണ്ട് വിട്ടിട്ടാണ് , അയാൾ പോയത് ..
'എന്താ മോളെ ..നിനക്ക് നേരത്തെ പോന്നൂടെ .... '
ഓ .ടി . ഉണ്ടായിരുന്നു അമ്മേ .... താര മുറിയിലേക്ക് നടന്നു .. കട്ടിലിൽ വീണു .ശരീരം വിറയ്ക്കുന്നു ..പനിയ്ക്കുന്നു.
നീ കുളിക്കുന്നുണ്ടോ ..മോളെ ....വെള്ളം ചൂടാക്കണോ ...??
ആം ...ഇത്തിരി തുളിസി ഇലയും ..ഉപ്പും കൂടി ഇട്ടേരെ ....
മുന്നിൽ ..രണ്ടു ചോദ്യങ്ങൾ ...ജീവിതം ..അല്ലെങ്കിൽ മരണം . ജീവിതം മതിയെന്ന് തീരുമാനിച്ചു കൊണ്ട് , താര , എഴുന്നേറ്റു ..ഒരു പ്രത്യേക ശക്തി .
സ്വയം കഴുകി വൃത്തിയാക്കണം . ശരീരത്തിൽ ഏറ്റ മുറിവ് ..മനസ്സ് അറിയരുത് . ഒന്നും ഓർക്കരുത് .. എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല .
താര അത് തന്നെ , വീണ്ടും വീണ്ടും , മനസ്സിൽ ആവർത്തിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു . നേരം പുലർന്നിട്ടു , വർഷയെ വിളിക്കണം .
*********************************************
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ , താര കണ്ടു ..പാലത്തിന്റെ അപ്പുറത്തു ..ഇല വിരിച്ചു നിൽക്കുന്ന , വാക മരത്തിന്റെ ചുവട്ടിൽ നാൽവർ സംഘം ....കണ്ണിൽ എരിയുന്ന കനലുമായി , കാലുകൾ അങ്ങോട്ട് തിരിഞ്ഞു .. ക്ഷോഭിക്കരുത് .. അധികം ..ശബ്ദം ഉയരരുത് .. ബൈക്കിൽ ഇരുന്നവർ , എഴുന്നേറ്റു ...പെണ്ണിന്റെ കണ്ണിലെ അഗ്നിയിൽ എരിഞ്ഞു തീരുവാനേ ഉള്ളൂ .സുബോധമുള്ള ഏതൊരാണും...
വാക്കുകൾ അല്ല , അഗ്നി തന്നെ ആയിരുന്നു ... ശബ്ദം വല്ലാതെ കനച്ചിരുന്നു .......
" പേ , പിടിച്ച , കുറെ പട്ടികൾ ... പുഴുത്തു നാറിയ നീ ഒക്കെ ,ശരീരത്തു ഒന്ന് തൊട്ടാൽ തീരുന്നതല്ല , ഒരു പെണ്ണിന്റെ ആത്മാഭിമാനം . നന്നായി സോപ്പ് തേയ്ച്ചു , കുളിച്ചിട്ടു .. ഒന്നും സംഭവിച്ചില്ല എന്ന് നൂറാവർത്തി പറഞ്ഞാൽ , മനക്കട്ടിയുള്ള ഏതു പെണ്ണും ..ദാ , ഇത് പോലെ വന്നു നിൽക്കും ..നിന്റെ ഒക്കെ മുന്നിൽ ...നീയൊക്കെ കാരണം , എന്തിനു ..ഞാൻ എന്റെ ജീവിതവും ..സ്വപ്നങ്ങളും , വേണ്ടെന്നു വെക്കണം . ഇനി ഒരിയ്ക്കൽ കൂടി , അഴുകി പുഴുത്ത , നിന്റെ ഒക്കെ പുരുഷത്വവും കൊണ്ട് , എന്റെ മുന്നിൽ വന്നാൽ , കുത്തി കീറി കളയും ഞാൻ ...."
പതുക്കെ എങ്കിലും , അത്രമേൽ മൂർച്ചയുള്ള വാക്കുകൾ
" ഞാൻ ജീവിക്കും ..താര , ജീവിക്കും ..ഈ സമൂഹത്തിലെ ഒരു സാധാരണ പെണ്ണിനെ പോലെ തന്നെ ... പക്ഷെ ..നിന്നെ പോലെയുള്ള , പേപ്പട്ടികളെ , ജനങ്ങൾ കല്ലെറിഞ്ഞു കൊല്ലുന്ന ഒരു ദിവസം ഉണ്ടാകും . ഞാനതു കാണും .. അല്ലെങ്കിൽ പേ പിടിച്ചു , പുഴുത്തേ നീ ഒക്കെ മരിക്കൂ .. "
" ഉണ്ണി ...നിന്റെ അമ്മയ്ക്ക് , ഞാൻ അവരുടെ സ്വന്തം മകൾ ആയിരുന്നു ... നീയും ..... "
താരയുടെ വാക്കുകൾ മുറിഞ്ഞു .. ഒരു അഗ്നി മഴ പെയ്‌തതു പോലെ . നാല് പേരുടെയും മുഖത്ത് രക്തമയം ഇല്ല ,തല കുനിഞ്ഞു ...
താര തിരികെ നടന്നു ... കാലുകൾ അമർത്തി ചവിട്ടി .
ആരുടെ എങ്കിലും , നിമിഷ നേരത്തെ , ആസക്തിയിൽ , അന്ധതയിൽ തീരാൻ പാടില്ല , ഇവിടെ ഒരു പെണ്ണിന്റെയും ജീവിതം .
നിഴലുകൾ , വേർപെടുന്നു ...താര , എന്ന പെണ്ണ് .. തണൽ വിട്ട മരങ്ങളുടെ തണുപ്പിൽ നിന്നും ..എരിയുന്ന വെയിലിലേക്കിറങ്ങി.
താരയ്‌ക്കു അത്ഭുതം തോന്നി . താൻ , ഇങ്ങനെ ഒക്കെ ..വർഷ, എന്ന കൂട്ടുകാരി നൽകിയ ധൈര്യം . പിന്നെ ..ഒറ്റ മോളെ , ആണിന്റെ ധൈര്യം നൽകി വളർത്തിയ അച്ഛനും .. കനലുകൾ എരിയട്ടെ .. മനസ്സ് മുറിയാതെ നിൽക്കട്ടെ . ബാഗ് ചേർത്ത് പിടിച്ചപ്പോൾ , ഇന്നലെ വാങ്ങിയ കഠാര , അവളുടെ കൈയ്യിൽ തടഞ്ഞു .
നീളുന്ന , പാത .. നീണ്ട ജീവിതം .. തണൽ എന്നും ഉണ്ടാകില്ല . പെണ്ണിന്റെ വിജയം ..അവളുടെ മനസ്സിന്റെ ശക്തിയിൽ ആണെന്ന് ... ഒരു പുരുഷന്റെയും , രണ്ടു തുള്ളി ബീജത്തിൻ മേൽ , തോൽക്കുന്നതല്ല ..തകരാൻ ഉള്ളതല്ല ..ഒരു പെണ്ണിൻെറയും ജീവിതവും ..സ്വപ്നവും ..
***********************************
( താര , ഒരു സാങ്കൽപ്പിക , കഥാപാത്രം മാത്രമാണ് .. ഒരു പെണ്ണ് ഇങ്ങനെ ഒക്കെ ചിന്തിക്കുമോ ..ഇത്രമേൽ , ശക്തയാകാൻ , അവൾക്കാകുമോ .. അറിയില്ല . പക്ഷെ , ഒന്ന് മാത്രം എനിക്കറിയാം . ഒരു ആണിന്റെയും , ആൺ എന്ന അഹങ്കാരത്തിൽ , തീരാൻ പാടില്ല . അവന്റെ കൈകരുത്തിൽ ..ആസക്തിയിൽ ..എറിഞ്ഞു അമരാൻ പാടില്ല ..ഇവിടെ ..ഒരു പെണ്ണിന്റെയും ജീവിതം .. )
എബിൻ മാത്യു ..
കടപ്പാട് :സുപ്രസിദ്ധ , ഡബ്ബിങ് ആർട്ടിസ്റ് #ഭാഗ്യലക്ഷ്മി, പ്രീയ സുഹൃത്തുക്കൾ
( " മൂന്നു ദിവസത്തെ മാനസിക സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് എഴുതി പൂര്‍ത്തിയാക്കിയത് ..തെറ്റുകള്‍ , സദയം ക്ഷമിക്കുക " )
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക