Slider

തെസ്സലോനിക്കിയിലെ വിശുദ്ധൻ - കഥോദയം 2

0
Image may contain: 2 people, people smiling, eyeglasses, selfie, sunglasses and closeup

നീ സാഫോയുടെ 'ഓഡ് ടു അഫ്രഡൈറ്റി' വായിച്ചിട്ടുണ്ടോ?" ഒരു വലിയ കവിൾ നിറയെ വിസ്കി വലിച്ചു കുടിച്ചിട്ട് വയലറ്റ് നിറമുള്ള ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ മെല്ലെ ഒപ്പി അവൾ എന്നോട് ചോദിച്ചു. അവളുടെ മുടിയിഴകൾ അനുസരണമില്ലാതെ മുഖത്തേക്കു പാറി വീണു കൊണ്ടിരുന്നു. ആ പൂച്ചക്കണ്ണുകളിൽ ചുവപ്പു ഫ്രോക്കിട്ട ഞാൻ പ്രതിഫലിച്ചു.
തെംസിൻ്റെ തീരത്തുള്ള ഒരു പബ്ബിൽ വെളിയിലിട്ടിരിക്കുന്ന തടിമേശക്കിരുവശവും ഇരിക്കുകയായിരുന്നു ഞങ്ങൾ. വലതു വശത്തുള്ള കസേരകളിൽ മൂന്നു യുവതികളും രണ്ടു യുവാക്കളും എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ടിരിന്നു. അവരുടെ കയ്യിൽ നുരയുന്ന ഗ്ലാസ്സുകൾ വിശ്രമിച്ചു. ഇടതുവശത്ത് അറുപതു വയസ്സോളം തോന്നിക്കുന്ന ഒരാൾ നദിയിലേക്ക് ഉറ്റുനോക്കി ഇരിക്കുന്നുണ്ടായിരുന്നു. അയാളുടെ കാൽക്കീഴിലായി കറുത്ത നിറമുള്ള ഒരു ജർമൻ ഷെപ്പേർഡ് തല താഴ്ത്തി കിടന്നു.
മഞ്ഞുകാലം വസന്തത്തിന് വഴിമാറിയെങ്കിലും നദിയിൽ നിന്നും തണുത്ത കാറ്റ് വീശിയടിച്ചു കൊണ്ടിരുന്നു. ആ തണുപ്പിനെ തോൽപ്പിക്കാൻ വേണ്ടി ഞാൻ കയ്യിലിരുന്ന മുൾഡ് വൈൻ വേഗം വേഗം മൊത്തിക്കുടിച്ചു. അകത്തു കയറി ഇരിക്കാമെന്ന് അവളോട് പറഞ്ഞാലോ എന്ന് ഞാൻ പലവട്ടം ആലോചിച്ചതാണ്. പക്ഷെ ഈ സായന്തനഭംഗി ആസ്വദിക്കാൻ വേണ്ടി ഇവിടെത്തന്നെ വരണമെന്നുള്ളത് അവളുടെ തീരുമാനമായിരുന്നു. അതുകൊണ്ട് അകത്തു കയറി ഇരിക്കാം എന്നവളോട് പറയുന്നത് മോശമാണെന്ന് എനിക്ക് തോന്നി. ഞാൻ ജാക്കറ്റിൻ്റെ സിബ്ബ് കുറച്ചു കൂടി വലിച്ചിട്ട് കഴുത്തു മൂടി. സ്കാർഫ് തലയിൽ ചുറ്റി.
ബിഗ് ബെന്നിൽ നിന്നും എട്ടുമണിയായി എന്നറിയിച്ചു കൊണ്ടുള്ള നാദം ഉച്ചത്തിൽ മുഴങ്ങി. പക്ഷെ നേരം ഇരുട്ടിയിരുന്നില്ല. അപ്പോഴും തെളിഞ്ഞു നിന്ന സൂര്യവെളിച്ചം നാലുമണിയുടെ പ്രതീതി ഉളവാക്കി. സ്വർണ്ണ വെയിൽ തട്ടി പാർലമെന്റ് മന്ദിരം തിളങ്ങി. പളുങ്കു മുത്തുകൾ പിടിപ്പിച്ച വലിയൊരു ചക്രം പോലെ ലണ്ടൻ ഐ മെല്ലെ കറങ്ങിക്കൊണ്ടിരുന്നു. കുറച്ചു ദൂരെ മറ്റു കെട്ടിടങ്ങളെ ഉയരത്തിൽ തോൽപ്പിച്ച് തലയുയർത്തി നിൽക്കുന്ന ഷാർഡിൻ്റെ ഇളം നീലനിറത്തിൽ വെയിൽ സ്വർണ്ണം പതിച്ചു.
ഞാൻ ശ്രദ്ധിച്ചില്ലെന്നു കരുതിയാവണം അവൾ വീണ്ടും ചോദിച്ചു.
"നീ സാഫോയെക്കുറിച്ചു കേട്ടിട്ടുണ്ടോ?"
ഞാൻ ഇല്ലെന്നു തലയാട്ടി. അവൾ തുടർന്നു.
" അവരാണ് ലെസ്ബിയൻസിൻ്റെ അറിയപ്പെടുന്ന ആദിമാതാവ്. ആ വാക്ക് വന്നത് പോലും അവർ താമസിച്ചിരുന്ന 'ലെസ്ബോസ്' എന്ന ഐലണ്ടിൻ്റെ പേരിൽ നിന്നുമാണ്. തനിക്ക് ഒരു പെൺകുട്ടിയിലുണ്ടായ പ്രണയത്തെക്കുറിച്ച് പ്രണയ ദേവതയായ അഫ്രഡൈറ്റിക്കെഴുതിയിരിക്കുന്ന സങ്കീർത്തനമാണ് 'ഓഡ് ടു അഫ്രഡൈറ്റി' ; അതും 600 ബി സിയിൽ. വർഷങ്ങളിത്ര കഴിഞ്ഞിട്ടും അവളുടെ നാട്ടുകാരിയായ എനിക്ക് ഇന്നും ഇതൊരു നാണക്കേടുണ്ടാക്കുന്ന രഹസ്യമാണ്."
ഞാൻ സാഫോയെ വിഭാവനം ചെയ്യാൻ ശ്രമിച്ചു. ഞാൻ കണ്ട അവർക്ക് അവളുടെ അതേ മുഖച്ഛായ ആയിരുന്നു. തോളൊപ്പം മുറിച്ച മുടിക്ക് പകരം പിന്നിയിട്ട നീണ്ട മുടിയും ജീൻസിനും ഷർട്ടിനും പകരം നീളൻ ഉടുപ്പും മാത്രമേ ഞാൻ വ്യത്യാസമായി കണ്ടുള്ളൂ. ആ കണ്ണുകളും രഹസ്യങ്ങൾ ഉറങ്ങുന്നവയായിരുന്നു.
ഗ്ലാസ്സിലവശേഷിച്ചത് ഒറ്റവലിക്കു കുടിച്ചു തീർത്തിട്ട് അവൾ വീണ്ടും പബ്ബിനുള്ളിലേക്കു കയറിപ്പോയി. ഒരൽപ്പം കഴിഞ്ഞ് മറ്റൊരു നിറഗ്ലാസ്സുമായി മടങ്ങി വന്നു. തണുപ്പ് അധികരിച്ചിരുന്നതിനാൽ ഞാൻ ഒരു ഗ്ലാസ് മുൾഡ് വൈൻ കൂടി വാങ്ങിച്ചു. അതിൻ്റെ ചവർപ്പ് കലർന്ന മധുരവും ചൂടും എനിക്ക് പ്രത്യേക ഉന്മേഷം നൽകി. നദിയിലൂടെ പോകുന്ന ഒരു വലിയ ബോട്ട് കണ്ടപ്പോൾ എനിക്ക് ടൈറ്റാനിക് ഓർമ്മ വന്നു. ട്യൂബ് സ്റ്റേഷനിൽ വച്ച് വളരെ യാദൃശ്ചികമെന്ന പോലെ ദിനവും കണ്ടുമുട്ടാറുള്ള ചെറുപ്പക്കാരനെയും അവൻ്റെ കണ്ണുകളിലെ തിളക്കവും ഓർമ്മിച്ചു കൊണ്ട് കണ്ണടച്ച് കൈകൾ വിരിച്ചുപിടിച്ച് ഞാൻ 'മൈ ഹാർട്ട് വിൽ ഗോ ഓൺ' പാടിത്തുടങ്ങി. പക്ഷെ അവൾ എന്നെ ശ്രദ്ധിക്കാത്തതുപോലെ തുടർന്നു.
"വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായിരുന്ന സാഫോ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായി എന്നു കേൾക്കുമ്പോൾ പലരും മൂക്കത്ത് വിരൽ വയ്ക്കും. പക്ഷെ അതെന്തുകൊണ്ടെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടാകുമോ? അവളുടെ ഇഷ്ടങ്ങൾ മനസ്സിലാക്കിയിട്ടും നാട്ടുനടപ്പനുസരിച്ച് ഇരട്ടിയിലധികം പ്രായമുള്ള ഒരാൾക്ക് വിവാഹം ചെയ്തു കൊടുത്ത് ഭാരമൊഴിച്ച മാതാപിതാക്കളും എല്ലാം തുറന്നു പറഞ്ഞപ്പോൾ അതൊക്കെ ഒരു കൗമാരക്കാരിയുടെ ജൽപനങ്ങളായിക്കണ്ട് ബലാൽസംഗത്തിലൂടെ ശരീരം സ്വന്തമാക്കിയ ഭർത്താവും അവളോട് ചെയ്തത് പൊറുക്കാനാവാത്ത തെറ്റു തന്നെയാണ്."
അവൾ എൻ്റെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട് ശബ്ദം താഴ്ത്തി ഒരു രഹസ്യം പറയുന്നതു പോലെ പറഞ്ഞു .
"പ്രണയം ഗർഭപാത്രത്തിലുരുവായ ജീവൻ പോലെയാണ്.... എന്നെങ്കിലും അതിനു പുറത്തു വന്നേ പറ്റൂ."
ആ കണ്ണുകളെ നേരിടാനാവാതെ ഞാൻ നോട്ടം നദിയിലേക്കാക്കി. ഗ്ലാസ്സിലുള്ളത് പകുതിയോളം ഒറ്റ വലിക്ക് കുടിച്ചിട്ട് അവൾ തുടർന്നു.
" എൻ്റെ അഭിലാഷങ്ങൾ ഒരു പുരുഷൻ്റെതാണ്. റോമൻ കഥാകാരനായ ഫ്രിഡസ് പറഞ്ഞതെന്താണെന്നറിയാമോ? പ്രോമിത്യുസ് ഒരു പാർട്ടിയിൽ നിന്നും കുടിച്ചു ലക്കുകെട്ട് വന്ന ഒരു രാത്രിയിൽ സൃഷ്ടിച്ചതാണത്രേ ഞങ്ങളെ. ബോധമില്ലാതെ സൃഷ്ടിനടത്തിയപ്പോൾ കുറച്ചു പുരുഷൻമാരുടെയും സ്ത്രീകളുടെയും ജനനേന്ദ്രിയങ്ങൾ പരസ്പരം മാറിപ്പോയി. "
ഉറക്കെ പൊട്ടിച്ചിരിച്ചിട്ട് ഒരു കവിൾ കൂടി കുടിച്ച് ദുഖസ്വരത്തിൽ അവൾ കൂട്ടിച്ചേർത്തു.
" ഈ പെൺശരീരം എനിക്കൊട്ടും ചേരാത്ത കുപ്പായമാണ്. പക്ഷെ ഊരിക്കളയാൻ പറ്റില്ലല്ലോ !"
ഞാൻ എന്ത് പറയണമെന്നറിയാതെ ഇരുന്നു. ഒരു വർഷത്തോളമായി ഞങ്ങൾ ഒരേ ഓഫീസിലാണ് ജോലി ചെയ്യുന്നത്. കുറെ ദിവസങ്ങളായി അവൾ വളരെ വിഷാദമൂകയായിരുന്നു. ഡിപ്രെഷനിലേക്ക് വഴുതി വീഴുകയാണോ എന്ന് സംശയം ജനിപ്പിക്കുമാറായായിരുന്നു അവളുടെ ആ മാറ്റം. ' ഐ ആം സോ ലോൺലി ...ഐ ഫീൽ ലൈക് ക്വിറ്റിങ് ' എന്ന് പലതവണ അവൾ എന്നോടു പറഞ്ഞു. അവൾക്കൊരു മാറ്റത്തിന് വേണ്ടി ഞാൻ മുൻകൈ എടുത്ത് ഞങ്ങൾ നാലു പേര് കൂടി പ്ലാൻ ചെയ്തതാണ് ഈ ഔട്ടിങ്. പക്ഷെ ജെസീക്ക എന്തോ അസൗകര്യമുണ്ടെന്നും വരാൻ പറ്റില്ലെന്നും നേരത്തെ അറിയിച്ചു. ജൂലി ഉണ്ടല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്. പക്ഷെ 'മോൾക്ക് വയ്യ, ഹോസ്പിറ്റലിൽ കൊണ്ട് പോവുകയാണ് ' എന്നു പറഞ്ഞ് അവൾ ടെക്സ്റ്റ് അയച്ചത് കുറച്ചു മുൻപാണ്. ഇങ്ങനെയൊരു സാഹചര്യം ഞാൻ പ്രതീക്ഷിച്ചതേ അല്ല.
ഗ്ലാസ് കാലിയാക്കി എഴുന്നേറ്റ് വീണ്ടും കൗണ്ടറിലേക്കു പോകാൻ തുടങ്ങിയ അവളെ ഞാൻ തടഞ്ഞു. എൻ്റെ കൈ തട്ടി മാറ്റിയിട്ട് അവൾ വേച്ചു വേച്ച് അകത്തേക്ക് പോയി. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഒഴിഞ്ഞ കയ്യുമായി തിരിച്ചു വന്നു.
ക്യാബ് വിളിച്ച് നഗരമധ്യത്തിൽ തന്നെയുള്ള അവളുടെ ഫ്ലാറ്റിലെത്തിയപ്പോഴേക്കും അവൾ നല്ല ഉറക്കത്തിലായിരുന്നു. ബാഗും ഷൂസുമെടുത്ത്‌ അവളെയും താങ്ങി ഞാൻ ലിഫ്റ്റ് കാത്തു നിന്നു. തോളിൽ ചുറ്റിയിരുന്ന ആ കൈകൾ എന്നിൽ അസ്വസ്ഥതയുളവാക്കി.
ഫ്ലാറ്റിലെത്തി അവളെ സോഫയിലിരുത്തി ഞാൻ പോകാനിറങ്ങി. അപ്പോൾ അവൾ വേച്ചെഴുന്നേറ്റു കൊണ്ട് ഇടറിയ സ്വരത്തിൽ പറഞ്ഞു.
" ഈ ഒരൊറ്റ ദിവസമേ ഞാൻ തനിച്ചായി പോകാതിരിക്കാൻ ആഗ്രഹിക്കുന്നുള്ളു. ഇന്നാണ് ആ ദിവസം. ദൈവത്തിനു കൈയബദ്ധം പറ്റിയ ദിവസം."
അവളുടെ ജന്മ ദിനമാണെന്ന് അറിയാതിരുന്നതിൽ എനിക്ക് വിഷമം തോന്നി. അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ഒരു സമ്മാനം കരുതാമായിരുന്നു. ഇനിയിപ്പോൾ അവൾക്കീ ദിവസം കൊടുക്കാവുന്ന ഏറ്റവും നല്ല സമ്മാനം തനിച്ചാക്കാതിരിക്കുക എന്നതാണ്. ഞാൻ അന്നവിടെ താമസിക്കാൻ തീരുമാനിച്ചു.
സാധനങ്ങൾ വലിച്ചുവാരി ഇട്ടിരുന്ന ഒരു ഒറ്റമുറി ഫ്ലാറ്റ് ആയിരുന്നു അത്. ഡ്രസ്സ് പോലും മാറാതെ അവൾ സോഫയിൽ കിടന്ന് ഉറക്കം തുടർന്നു.
ഞാൻ അവളുടെ മുറിയിലേക്ക് കയറി. കട്ടിലിലുണ്ടായിരുന്ന തുണികളും വൈബ്രേറ്ററും ഒരു അരികിലേക്ക് മാറ്റി വച്ച് അലമാരയിൽ നിന്നും ഒരു ഷീറ്റെടുത്ത് അതിൻ്റെ മുകളിലൂടെ വിരിച്ച് ഞാനും കിടന്നു. വാതിലിന് സാക്ഷയില്ല എന്നത് ഒരു അരക്ഷിത ബോധമായി എന്നെ പൊതിഞ്ഞു.
രാത്രിയിലെപ്പോഴോ അവളുടെ വിരലുകൾ എൻ്റെ മുടിയിഴകളെ തഴുകുന്നത് ഞാനറിഞ്ഞു. ഒരു കുഞ്ഞിനെപ്പോലെ ഞാനതാസ്വദിച്ചു. പക്ഷെ ആ വിരലുകൾ കഴുത്തിലൂടെ ഒഴുകി മാറിലേക്കെത്തിയപ്പോൾ കൈകൾ തട്ടി മാറ്റിക്കൊണ്ട് ഞാൻ ചാടിയെഴുന്നേറ്റു. വാതിൽ അപ്പോഴും അടഞ്ഞു കിടന്നിരുന്നു. വാതിലിനപ്പുറം അവൾ സുഖമായി ഉറങ്ങുകയായിരുന്നു.
****** ******* ******* ********
ഗ്രീക്കു പുരാണങ്ങളിലെ ദേവകളുടെ വാസസ്ഥലമായ ഒളിംപസ് പർവ്വതത്തെ ഞാൻ വിടർന്ന കണ്ണുകളോടെ നോക്കി. പകുതിയിൽ മേഘങ്ങൾ മറയ്ക്കുന്ന ആ പർവ്വതത്തിന് സ്വർഗത്തിലേക്ക് തുറക്കുന്ന ഒരു വാതിൽ ഉണ്ടായിരിക്കാം എന്ന് ഞാൻ സംശയിച്ചു. എന്നെങ്കിലും അതിൻ്റെ ഉയരങ്ങളിൽ കയറി സീയൂസിൻ്റെ സിംഹാസനം തിരഞ്ഞു കണ്ടു പിടിക്കണമെന്ന് എൻ്റെയുള്ളിൽ അവശേഷിച്ചിരുന്ന കുട്ടിത്തം ആഗ്രഹിച്ചു.
ട്രക്കിങ്ങിനു പോകണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും തണുപ്പ് എൻ്റെ ആസ്ത്മ വഷളാക്കിയേക്കാം എന്നുള്ളത് കൊണ്ട് ഞങ്ങൾ അന്ന് 'എനിപീസ്' എന്ന വെള്ളച്ചാട്ടം കാണാനാണ് പോയത്. കിളികളുടെ കളകളാരവവും ജലപാതത്തിൻ്റെ ഇരമ്പവും ആസ്വദിച്ച് പർവ്വതത്തിൻ്റെ ഓരം ചേർന്നുള്ള നടപ്പു വഴിയിലൂടെ ഞങ്ങൾ കൈകൾ കോർത്തു പിടിച്ച് നടന്നു.
അവിടെ എത്തിച്ചേർന്ന എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല. ഒരു മഴവില്ലു പൊട്ടിച്ചിതറി തെറിക്കുന്നതു പോലെ പലവർണ്ണങ്ങളിലുള്ള അനേകായിരം ചിത്രശലഭങ്ങൾ അവിടെയെങ്ങും പറന്നു കളിച്ചിരുന്നു. മഞ്ഞയിൽ കറുത്ത വൃത്തങ്ങളുള്ള വലിയ ചിറകുകളോടു കൂടിയ ഒരു ശലഭം പറന്നു വന്ന് എൻ്റെ തോളിലിരുന്നപ്പോൾ ഞാൻ അത്ഭുതത്താൽ ഒരു സീൽക്കാര ശബ്ദമുണ്ടാക്കി. ആ സീസണിൽ മാത്രം കാണാൻ പറ്റുന്ന പ്രതിഭാസമാണതെന്നും അതുപോലെയുള്ള ഒരുപാടു 'ഫോന'കളുടെയുടെയും 'ഫ്ലോറ'കളുടെയും സങ്കേതമാണാ പർവ്വതം എന്നും അവൾ എനിക്കു പറഞ്ഞു തന്നു.
ആ ദൃശ്യത്തിൻ്റെ ഭംഗിയും പ്രകൃതിയുടെ ശബ്ദവും എൻ്റെ മനസ്സിനെ ഒരു പ്രത്യേകമായ ശാന്തതയിലേക്കുയർത്തി. ഉള്ളിൽ കനത്തു നിന്ന ഭാരം ഒഴിഞ്ഞ് മനസ്സ് ഒരു അപ്പൂപ്പൻതാടി പോലെയായി. ഒരു കൊച്ചു കുടിലുണ്ടാക്കി അവിടെ അവളുടെയൊപ്പം എന്നേക്കും താമസിക്കാനായെങ്കിൽ എന്ന് ഞാൻ കൊതിച്ചു. എൻ്റെ ലോകം അവളിലേക്കു മാത്രമായി ഒതുങ്ങിയിരുന്നു. ഹൃദയം അവൾക്കു വേണ്ടി മാത്രം മിടിച്ചു.
എപ്പോഴോ തിരിഞ്ഞു നോക്കിയപ്പോൾ അവൾ മറ്റൊരു വശത്ത് വിദൂരതയിലേക്ക് മിഴി നട്ട്‌ നിൽക്കുകയായിരുന്നു. ഞാൻ മെല്ലെ അടുത്തു ചെന്ന് ഇരുതോളിലൂടെയും കയ്യിട്ട് മുഖം കവിളോട് ചേർത്തു പിടിച്ചു കൊണ്ട് 'ഐ ലവ് യു ടു ദി മൂൺ' എന്ന് കാതരമായി കാതിൽ മൊഴിഞ്ഞു. സാധാരണ ചെയ്യാറുള്ളതു പോലെ എന്നെ കൂടുതൽ ചേർത്തു പിടിച്ച് 'ഐ ലവ് യു ടു ദി മൂൺ ആൻഡ് ബാക്ക്' എന്ന് പറയുമെന്നും ചുണ്ടുകളിൽ ചുംബിക്കുമെന്നും ഞാൻ കരുതി. പക്ഷെ അത് ശ്രദ്ധിക്കാത്ത രീതിയിൽ, വൈകിട്ട് ഒരു സ്ഥലം വരെ പോകണമെന്നു പറയുകയാണ് അവൾ ചെയ്തത്. എനിക്കു വിഷമവും നിരാശയും തോന്നി. പക്ഷേ അത് പുറത്തു കാണിക്കാതെ ഞാൻ സമ്മതം മൂളി.
ഒളിംപസ് പർവ്വതത്തിൻ്റെ അടിവാരത്തുള്ള കൊച്ചു പട്ടണമായ 'ലിറ്റോക്കോറോ'യിലുള്ള ഒരു ഹോട്ടലിലാണ് ഞങ്ങൾ താമസിച്ചു കൊണ്ടിരുന്നത്. അവിടെ നിന്നും തൊണ്ണൂറു കിലോമീറ്റർ അകലെയുള്ള 'തെസ്സലോനിക്കി' എന്ന സ്ഥലത്ത് എത്തിച്ചേർന്നപ്പോൾ നേരം നന്നായി ഇരുട്ടിയിരുന്നു. യാത്രയിലുടനീളം ഞങ്ങൾ കാര്യമായി ഒന്നും സംസാരിച്ചില്ല. അവൾ എന്തൊക്കെയോ ഗഹനമായ ചിന്തകളിലായിരുന്നു. അതെന്നെ അസ്വസ്ഥയാക്കിയെങ്കിലും അവളുടെ സ്വകാര്യതയിലേക്കു കടന്നു കയറേണ്ട എന്ന് കരുതി ഞാൻ ഒന്നും ചോദിച്ചില്ല.
നഗരത്തിൻ്റെ പ്രാന്തപ്രദേശത്ത് ഒറ്റപ്പെട്ടിരിക്കുന്ന ഒരു വീടിനു മുൻപിൽ കാർ നിന്നു. പണം കൊടുത്ത് കാർ മടക്കി അയച്ചിട്ട് അവൾ കാളിങ് ബെൽ അടിച്ചു. തുറക്കാൻ താമസിച്ചപ്പോൾ അക്ഷമയായി വീണ്ടും വീണ്ടും വിരലമർത്തി. കുറച്ചു കഴിഞ്ഞപ്പോൾ നരച്ചു തുടങ്ങിയ ഒരു മധ്യവയസ്ക്കൻ വന്നു വാതിൽ തുറന്നു. അയാളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ മുകളിലെ നിലയിലേക്ക് കയറിപ്പോയി. ഞാനെന്നൊരാൾ കൂടെയുണ്ടെന്നത് അവൾ മറന്നു പോയത് പോലെ തോന്നി.
ഒരു പരിചയവുമില്ലാത്ത അയാളുടെ മുൻപിൽ ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിന്നു. മുഖത്ത് ഒരു കൃത്രിമച്ചിരിയോടെ അയാൾ എന്നെ അകത്തേക്ക് ക്ഷണിച്ചു.
ഒരു പഴയ വീടായിരുന്നു അത്. പഴമയെ പ്രൗഢമാക്കുന്ന രീതിയിൽ അത് മനോഹരമായി അലങ്കരിച്ചിരുന്നു. കാപ്പിപ്പൊടിയുടെ നിറമുള്ള സോഫയിൽ പാൽപ്പാട നിറത്തിലുള്ള കുഷ്യൻസ്; ഇരു വശത്തേക്കും കെട്ടി വച്ചിരിക്കുന്ന, വെള്ള നൂലിനാൽ ചിത്രപ്പണി ചെയ്ത തവിട്ടു നിറമുള്ള കർട്ടനുകൾ; അതിനടിയിൽ കാറ്റിലിളകുന്ന വെള്ള നെറ്റ്; മങ്ങിയ വെളിച്ചമുള്ള ചെറിയ വൈദ്യുതദീപങ്ങൾ ഘടിപ്പിച്ച സീലിങ്; നടുക്കായി നക്ഷത്ര ശോഭ ചൊരിയുന്ന ഒരു വലിയ തൂക്കുവിളക്ക്. തുറന്നിട്ട ജാലകത്തിലൂടെ ഒഴുകിയെത്തിയ ഇളം കാറ്റിൽ അതിൻ്റെ വെളിച്ചക്കുഞ്ഞുങ്ങൾ നിറം മങ്ങിയ ചുമരിലൂടെ ഓടിക്കളിച്ചു.
അവയെ പിന്തുടർന്ന എൻ്റെ കണ്ണുകൾ ഭിത്തിയിൽ തറച്ചിരുന്ന ഒരു ചിത്രത്തിലുടക്കി. അതൊരു വിവാഹ ഫോട്ടോ ആയിരുന്നു. അതിൽ സ്യൂട്ടിട്ട് മനോഹരമായി ചിരിച്ചു കൊണ്ട് നിന്ന ചെറുപ്പക്കാരൻ അയാളായിരുന്നു. വെളുത്ത ഗൗണിൽ കനത്ത മുഖവുമായി നിന്നത് അവളും. ഞാൻ അവിശ്വാസത്തോടെ അതിലേക്കു തുറിച്ചു നോക്കി. പിന്നെ അയാളെയും.
അന്തിച്ചു നിൽക്കുന്ന എന്നെ നോക്കി വിഷാദഗ്രസ്തമായ ഒരു ചിരിയോടെ അയാൾ പറഞ്ഞു.
" നാളെ ഞങ്ങളുടെ വിവാഹവാർഷികമാണ്. എല്ലാവർഷവും നിന്നെപ്പോലെ സുന്ദരികളായ ഓരോ പെൺകുട്ടികളുമായി അവളിടെ വരും. മോൾക്ക് സുഹൃത്ത് എന്നും എനിക്ക് പാർട്ണർ എന്നും പരിചയപ്പെടുത്തും. അതാണ് എനിക്കുള്ള വിവാഹവാർഷിക സമ്മാനം."
അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. അത് കേൾക്കാതിരിക്കാനായി ഞാൻ കാതുകൾ പൊത്തിപ്പിടിച്ചു. പിന്നെ ഇരുട്ടിലേക്ക് ഇറങ്ങി നടന്നു.
ലിൻസി വർക്കി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo