Slider

മേഘാലിംഗനം - ചെറുകഥ

0
മേഘാലിംഗനം - ചെറുകഥ -
സജി വർഗീസ്
****************************
"ഞാൻ ഗോവിന്ദൻ നായർ ആർമിയിലായിരുന്നു"
"മുപ്പത് വർഷക്കാലത്തെ സേവനം, ഹവീൽദാറായിരുന്നു".
ആറടിയിലേറെ പൊക്കം, അജാനബാഹുവായ മനുഷ്യൻ.
കോഴിക്കോട് ബീച്ചിലെ മണൽതരികളിലിരുന്ന് അസ്തമയന സൂര്യനെ നോക്കി അയാൾ പുഞ്ചിരിച്ചു.
ഒരു സിഗരറ്റ് കത്തിച്ച് ഇടയ്ക്കിടെ അഞ്ഞുവലിച്ചുകൊണ്ടിരുന്നു.ഇടയ്ക്ക് കാൽമുട്ടിൽ അമർത്തി തിരുമ്മി.
ഏകദേശം ഇരുപതു വയസ്സു പ്രായം തോന്നിക്കുന്ന യുവാവും യുവതിയും പരസ്പപരം കെട്ടിപ്പിടിച്ചു കടന്നു പോയി.
"വാലന്റൈസ് ഡേയല്ലേ വരുന്നത് "
അയാൾ പൊട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.
'ആഘോഷിക്കട്ടെ... യുവത്വങ്ങൾ ആഘോഷിക്കട്ടെ
ആഘോഷിക്കുക യുവത്വങ്ങളേ നിങ്ങൾ
ക്ഷണികമായ ജീവിതമല്ലയോയിത്....'
അയാൾ ഉച്ചത്തിൽപ്പാടി.
"വട്ടാണല്ലേ.. " ,ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
എന്റെ കണ്ണുകളിലേക്ക് നോക്കി അയാൾ പറഞ്ഞു,
"മുഴുവട്ട്... ",
"ആർക്ക് എനിക്കോ".
"ഹ ഹ ഹ.. " അയാൾ ചിരിച്ചുകൊണ്ടിരുന്നു.
"ങ്ഹാ.. ആർമിയിലായപ്പോൾ അടിച്ചു പൊളിച്ചല്ലേ കൊച്ചു കള്ളാ.. നല്ല മിലിട്ടറി സാധനമൊക്കെയടിച്ച് ".
എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു.
"ജീവിതം തുടങ്ങിയതല്ലേയുള്ളൂ മോനേ അതു നഷ്ടപ്പെടുത്തരുത്".
"ഭാര്യ, മക്കൾ...", ഞാൻ ആകാംക്ഷയോടെ ചോദിച്ചു.
"ഭാര്യ അവളുടെ തറവാട് വീട്ടിലാണുള്ളത്".
"അതെന്താ".
"പതിനഞ്ച് വർഷമായ് ഞങ്ങൾ തമ്മിൽ കണ്ടിട്ട്.
അവൾ ടീച്ചറായിരുന്നു. റിട്ടയേർഡായിട്ട് പത്തുവർഷം കഴിഞ്ഞു".
"എന്താണ് കാരണം?
"കാരണം പ്രത്യേകിച്ചൊന്നുമില്ല.എന്റെ നല്ല കാലത്ത് നിങ്ങളെന്നെ മറന്നു.. അതു കൊണ്ട് നിങ്ങളെയെനിക്കു വേണ്ടായെന്നാണവൾ പറഞ്ഞത്,
ഞാൻ വീട്ടിലേക്ക് വരാറില്ലായിരുന്നു. വല്ലപ്പോഴും പണം അയച്ചുകൊടുക്കും".
"വെറുതെയല്ല... നല്ല മിലിട്ടറി സാധനവും കുടിച്ച് കാശ്മീരി സുന്ദരിമാരെ കണ്ടപ്പോൾ നാടും വീടും മറന്നല്ലേ..".
"ഏയ് ഒന്നുമില്ല.." നാണത്തിൽ കലർന്ന പുഞ്ചിരിയോടെ ഗോവിന്ദൻ നായർ പറഞ്ഞു.
മുറിയിലെ അരണ്ട വെളിച്ചത്തിൽ രണ്ടു മക്കളെയും ചേർത്തുപിടിച്ച് കിടങ്ങുറങ്ങുന്ന യൗവനത്തിലെ നന്ദിനി ടീച്ചറെ ഞാൻ മനസ്സിൽ കണ്ടു.
തന്റെ ഭർത്താവിന്റെ സാമിപ്യം ആഗ്രഹിച്ചു കിടന്ന നാളുകൾ.പിന്നീട് പ്രതീക്ഷകൾ അസ്ഥാനത്തായി.മക്കളുടെ കാര്യം മാത്രം നോക്കിയുള്ള ജീവിതം.. തന്റെ യൗവനം തച്ചുടച്ച് മഞ്ഞിന്റെ കോരിത്തരുപ്പിൽ വിദേശമദ്യലഹരിയിൽ പെണ്ണുടലുകളിലൂടെ സഞ്ചരിച്ച ഗോവിന്ദൻ നായർ.
കാശ്മീരി സുന്ദരിയിലേക്ക് പടർന്നു കയറുമ്പോൾ ടീച്ചറെ മറന്ന ഗോവിന്ദൻ നായർ.
"ചുരുക്കം പറഞ്ഞാൽ അടിച്ചു പൊളിച്ചു നടന്നല്ലേ....".
"ഉം...."
അയാൾ അമർത്തി മൂളി.
"നല്ല കാലത്ത് ശരീരവും മനസ്സും ലഭിക്കാതെ, വയസ്സനാം കാലത്ത് ചെന്നാൽ പിന്നെ നിങ്ങളെ പടി കയറ്റുമോ".
"മരവിച്ച ശരീരവും മനസ്സുമായ് മാറിയ ടീച്ചർക്ക് നിങ്ങളുടെ സംരക്ഷണം ആവശ്യമില്ലെന്നു തോന്നിക്കാണും".
"ശരിയാണ് സുഹൃത്തേ,
അവൾ പാവമായിരുന്നു". ഇതു പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. ഒരു കൊച്ചു കുട്ടിയേപ്പോലെ അയാൾ പൊട്ടിക്കരഞ്ഞു.
"സാരമില്ല വിഷമിക്കേണ്ട..."
ഞാൻ ആശ്വസിപ്പിച്ചു.
"മക്കൾ എന്തു ചെയ്യുന്നു".
മൂത്ത മകനും രണ്ടാമത്തേത് മകളുമാണ്, സ്ക്കൂൾ ടീച്ചർമാരാണ്.
അവർ കല്യാണം കഴിഞ്ഞ് വേറെ വേറെ കുടുംബമായിക്കഴിയുന്നു.
"ഭാര്യയുടെ അടുത്ത് പോകണമെന്നാഗ്രഹമുണ്ടല്ലേ..."
"ഉം...."
"നിങ്ങൾക്കൊരുമിക്കണോ",എനിക്കാഗ്രഹമുണ്ട്. അയാൾ കുസൃതി നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു.
"വയസ്സനാം കാലത്തെ ഓരോ മോഹങ്ങള്."
"ഫോൺ നമ്പർ തന്നാൽ ഞാൻ വിളിച്ചു സംസാരിക്കാം".
"സംസാരിച്ചു നോക്കിക്കോ... ഈ തവണത്തെകണ്ണൂരിലെ തറവാട്ട് തെയ്യം അവളോടൊപ്പം ഇരുന്നു കാണണമെന്നുണ്ട് ".
"അവരുടെ വായിലിരിക്കുന്ന പുളിച്ചതെല്ലാം ഞാൻകേൾക്കണമല്ലേ "
"നീയെന്തിനാ ബീച്ചിലിരുന്ന് സ്വസ്ഥമായിക്കരയുന്ന എന്നെ ആശ്വസിപ്പിക്കാൻ വന്നത്. അതു കൊണ്ട് നിനക്ക് എന്റെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട് " .അപ്പോൾ അയാളുടെ കണ്ണുകളിലെ പ്രതീക്ഷകളുടെ തിളക്കം ഞാൻ ശ്രദ്ധിച്ചു.
സൂര്യൻ ചക്രവാളത്തിൽ മറഞ്ഞു കഴിഞ്ഞിരുന്നു.
ബീച്ചിലൂടെ നടന്നു നീങ്ങുന്ന യുവമിഥുനങ്ങളുടെ പ്രണയചേഷ്ടകൾ സാകൂതം നോക്കിക്കൊണ്ടയാളിരുന്നു.
"വയസ്സ് പത്തെഴുപതായല്ലോ, ആഗ്രഹങ്ങൾക്കൊരു കുറവുമില്ലല്ലോ".
"ആകാശത്തിലേ മേഘങ്ങൾ അവസാനമായി ആലിംഗനംചെയ്യുന്നത് കാണുന്നില്ലേ"
ഇരുണ്ടയാകാശത്തിലേക്ക് വിരൽ ചൂണ്ടി അയാൾ പറഞ്ഞു.
ഗോവിന്ദൻ നായരുടെ ചേതനയറ്റ ശരീരത്തിലേക്ക് നോക്കി നന്ദിനി ടീച്ചർ വിളിച്ചു "ഗോവിന്ദേട്ടാ...".നീണ്ട പതിനഞ്ചുവർഷങ്ങൾക്കുശേഷമുള്ള വിളി അയാൾ കേട്ടുവോ?ആ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിവിടർന്നതായ് എനിക്കു തോന്നി.
ടീച്ചർ എന്റെ കോളറിൽപ്പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു. "ഇങ്ങനെയാണോ കൂട്ടിവരാമെന്ന് പറഞ്ഞത്".
ഞാൻ കണ്ണുകളടച്ചു.
നീലാകാശത്തുകൂടി പറന്നുനടക്കുന്ന ആത്മാക്കളുടെ വിലാപങ്ങൾ എന്റെ കാതുകളിൽ മുഴങ്ങുന്നതായ് തോന്നി.'യൗവനം ആഘോഷിക്കൂ.. ക്ഷണികമാണ് ജീവിതം.. നിന്റെ പാതിയെ ചേർത്തു നിർത്തൂ'
എത്രയും പെട്ടന്ന് എന്നെ കാത്തിരിക്കുന്ന ഭാര്യയുടെയും മക്കളുടെയുമടുത്തെത്താനെനിക്കു തോന്നി.
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo