Slider

*ചുവന്ന ഉടുപ്പ്*

0
*ചുവന്ന ഉടുപ്പ്*
“ അരുൺ ബാങ്കില് ലോണിനെന്തെങ്കിലും പറഞ്ഞാരുന്നോ മോളേ…”
താഴത്തെ അമ്മയാണ്..
“ ലോണോ…ഇല്ലല്ലോ…”
ആവശ്യത്തിന് ലോണിപ്പത്തന്നെയുണ്ട്..മനസിൽ കരുതി..
“എസ് ബി ഐ ന്നാ എന്നു പറഞ്ഞ് ഒരാളു വന്നാരുന്നു.. അരുണിനെ വിളിച്ചപ്പൊ ഫ്ളൈറ്റിൽ ആണെന്ന് പറഞ്ഞെന്ന്.. വീടും വഴിയുമൊക്കെ എഴുതിയെടുത്തോണ്ട് പോയി”
അതിപ്പോ ആരായിരിക്കും….!! എനിക്കാലോചിച്ചിട്ടൊന്നും മനസിലായില്ല..
“ ലോണെന്തേലുമൊണ്ടേൽ മോളോട് പറയാണ്ടിരിക്കൂലല്ലൊ.. ഇപ്പൊ കുട്ടികളെ തട്ടിക്കൊണ്ടു പോണോരൊക്കെ ഒണ്ട്…ജനലിൽ സ്റ്റിക്കർ ഒട്ടിച്ചെന്നൊക്കെ കേട്ടില്ലേ ... ഇനി അവരു വല്ലോം ആണോ ആവോ..”
ഞെട്ടി പോയി..
“അമ്മു ഒറ്റക്കാ … ഞാൻ പോട്ടെ...”
“ ആ.. പിന്നെ.. ആരു വിളിച്ചാലും വാതിലു തൊറക്കണ്ട ട്ടോ..”
ശരിയെന്നു പറഞ്ഞ് മുകളിലേക്കോടി
ബേബി ടി വി യിലെ പാട്ടിനനുസരിച്ച് ഡാൻസ് കളിക്കുന്ന അമ്മൂനെ കണ്ടപ്പോഴാണ് സമാധാനം ആയത്…
വാതിൽ ലോക് ചെയ്തു.. വേഗം അടുക്കള ജോലി തീർത്തിട്ട് വേണം ടിവി ഓഫാക്കാൻ..അമ്മു അല്ലെങ്കിൽ അതിനഡിക്റ്റായി പോകും..
കറി ചൂടാക്കി കൊണ്ടിരിക്കുമ്പോഴും മനസിൽ ആരായിരിക്കും വന്നത് എന്ന ചിന്ത ആയിരുന്നു.. ഇനി ആരെങ്കിലും വീടു മാറി വന്നതായിരിക്കുവോ.. പക്ഷേ അരുണിനെ വിളിച്ചെന്നല്ലേ പറഞ്ഞത്.. അരുൺ ഫ്ളൈറ്റിൽ ആണെന്നത് ശരിയും ആണല്ലോ.. കുറച്ചു മുൻപാണ് കയറി എന്ന് പറഞ്ഞു വിളിച്ചത്.. അപ്പൊ ശരിക്കും ബാങ്കുകാരാവും.. എന്നാലും ലോണെന്തിനാ.. ഹോം ലോണും കാർ ലോണും ഇപ്പഴേ ഉണ്ട്.. അപ്പൊ പിന്നെ എന്തായാലും ലോണല്ല..
തല പുകക്കുന്നതിനിടെയാണ് ഓർമ വന്നത് അമ്മുവിൻറെ സുകന്യ അക്കൗണ്ട് ശരിയാക്കാൻ പോയപ്പോൾ ക്രെഡിറ്റ് കാർഡ് ൻറെ വിവരങ്ങൾ പറഞ്ഞ് ഒരു എക്സിക്യൂട്ടിവ് കുറെ നേരം പിടിച്ചിരുത്തിയ കാര്യം അരുൺ പറഞ്ഞത് ..
ഇനി ഇപ്പൊ ചിലപ്പോൾ അയാളാരിക്കും… ക്രെഡിറ്റ് കാർഡ് വഴി തരുന്നതും ലോൺ തന്നെ ആണല്ലോ…
താഴെ വിളിച്ചു പറഞ്ഞേക്കാം… ഇനി അവരു പേടിക്കണ്ട…
പണിയെല്ലാം തീർത്ത് അമ്മൂൻറടുത്ത് വന്നിരുന്നു… അമ്മു ടിവി യിൽ മുഴുകി ഇരിക്കുകയാണ്…
“ അമ്മൂ… ഈ പരിപാടി കഴിഞ്ഞ് അമ്മ ടിവി ഓഫ് ആക്കും ട്ടോ…”
“ പൂവ്വ…പൂവ്വ…”
അമ്മു എന്നെ നോക്കി ചിരിക്കുന്നു… ടിവി യിൽ ഒരു പൂന്തോട്ടം ആണ് കാണിക്കുന്നത്..
“ സോപ്പിട്ടിട്ടൊന്നും കാര്യല്ല… അമ്മ ഓഫാക്കും ട്ടോ..”
വാടക വീട്ടിൽ നാലു ചുവരുകൾക്കുള്ളിൽ കഴിയുന്ന കുട്ടികളെ ടിവി കാണിക്കാതിരിക്കുന്നത് കുറച്ചു പാടാണ്… ഒരേ കളിപ്പാട്ടങ്ങൾ കൊണ്ട് എത്ര നേരം കളിക്കും.. പിന്നെ എന്തെങ്കിലും ജോലി ചെയ്യണമെങ്കിലും ടിവി തന്നെ ശരണം…
അമ്മൂനെ ഡേ കെയറിൽ വിടാൻ തുടങ്ങണം.. എന്നിട്ട് എനിക്കും ജോലി നോക്കണം.. അല്ലെങ്കിൽ ഞാനും അവളും ഇതിനുള്ളിൽ ഇരുന്നു മുരടിച്ചു പോകും… നന്നായി സംസാരിക്കാൻ ഒക്കെ തുടങ്ങിയിട്ട് ഒരു രണ്ടു വയസൊക്കെ ആയിട്ട് ഡേകെയറിൽ വിടാം എന്നാണ് വിചാരിച്ചത്.. അമ്മൂനാണെങ്കിൽ കുട്ടികളെ വല്ല്യ ഇഷ്ടമാണ്.. ഷോപ്പിംഗ് മാളിലൊക്കെ കുറച്ചു വലിയ പിള്ളേരെ കണ്ടാലും ” വാവ…… വാവ” എന്ന് പറഞ്ഞു പുറകേ ഓട്ടമാണ്.. ഒരു വിധത്തിൽ അരുൺ പിടിച്ചു വെക്കും.. എനിക്കാണേൽ ഒട്ടും പറ്റില്ല… പുറത്ത് പോകുമ്പോൾ അല്ലെങ്കിലും അമ്മു അരുണെടുക്കാൻ വേണ്ടി ബഹളം വെച്ചു കൊണ്ടിരിക്കും… എന്റെ കയ്യിൽ വരികയേയില്ല.. “ വീട്ടിൽ വരുമ്പോൾ നിനക്കെന്നെ വേണം ല്ലോ… ഞാൻ കാട്ടി തരാട്ടോ…” എന്നൊക്കെ പറയുമെങ്കിലും കൈ സ്പളിൻറിൻറെ പിടിയിൽ നിന്നും പോന്നിട്ട് അധികം ആവാത്തോണ്ട് സത്യത്തിൽഎനിക്ക് അത് ആശ്വാസം ആണ്.. അവളുടെ സർക്കസ് കാരണം കൈ വേദനിച്ചിട്ട് ഒന്ന് പിടിക്കെന്നു പറഞ്ഞ് അരുൺ വന്നാലും അവള് പപ്പേടടുത്തുന്ന് വരില്ല.
“മ്മ..മ്മ…മ്മേ….”
അമ്മു ടിവി യുടെ റിമോട്ട് എടുത്ത് കൊണ്ട് വന്നു വിളിക്കുന്നു
വിചാരങ്ങളിൽ മുഴുകി സമയം പോയതറിഞ്ഞില്ല.. അമ്മു തന്നെതാൻ ടിവി ഓഫാക്കാൻ വന്നോ… കൊള്ളാലോ..
ടിവി യിൽ അവൾക്കിഷ്ടമാവാത്ത ഏതോ പരിപാടി ആണ്.. എന്തായാലും ഞാൻ ടിവി ഓഫാക്കി.
അമ്മൂൻറെ കൂടെ കളിച്ചുകൊണ്ടിരിക്കുമ്പൊ ഭയങ്കര നിശബ്ദത..എൻറേം അമ്മൂൻറേം ഒച്ച മാത്രണ്ട് കേൾക്കാൻ.. അരുണില്ലാത്തപ്പൊ എനിക്കീ നിശബ്ദത യെ ഇഷ്ടല്ല… അത് പതുക്കെ പേടിപ്പിച്ചു തുടങ്ങും… ടിവി ഓണാക്കാം… എന്നിട്ട് ന്യൂസ് ചാനൽ വെക്കാം.. അപ്പൊ അമ്മു മൈൻഡ് ചെയ്യാതെ ഇരുന്നു കളിച്ചോളും…
ന്യൂസ് വെച്ചപ്പോൾ തന്നെ ജനലിൽ സ്റ്റിക്കർ ഒട്ടിച്ച സംഭവത്തിൽ ആരും പേടിക്കേണ്ട കാര്യമില്ല, ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്ന ന്യൂസ്.. മുഖ്യമന്ത്രി ക്ക് അങ്ങനെ ഒക്കെ പറയാം..പേടിക്കാതിരിക്കുന്നതെങ്ങനെയാ.. നെറ്റ് ഓണാക്കിയപ്പോൾ വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഒക്കെ കുട്ടികളെ തട്ടിക്കൊണ്ടു പോയ കഥകൾ..ഓൺലൈൻ ന്യൂസിൽ ഒന്നര വയസുകാരിയെ അമ്മയുടെ കൈയിൽ നിന്നും തട്ടിക്കൊണ്ടു പോകാൻ നോക്കി യെന്ന്…അമ്മൂൻറെ പ്രായം…ഏൻറീശ്വരാ…. അമ്മുവിനെ ചേർത്ത് പിടിച്ചു നെറ്റ് ഒക്കെ ഓഫാക്കി ബേബി ടിവി തന്നെ വെച്ചു.. “ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർ.. “ അമ്മൂൻറെ ഫേവറിറ്റ് .. അവളു ഡാൻസ് കളി തുടങ്ങി.. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ മടിയിൽ കയറിയിരുന്നായി ഡാൻസ്..
“ഉമ്മാ..” ഒട്ടും പ്രതീക്ഷിക്കാതെയാണ് കവിളിൽ അമ്മൂൻറെ ഉമ്മ കിട്ടിയത്.. അല്ലെങ്കിൽ ഒരു ഉമ്മ താ അമ്മൂ.. എന്ന് പറഞ്ഞു പുറകേ നടന്നാൽ കിട്ടുന്ന പ്രസാദമാണ്.. ഇന്നെന്തു പറ്റിയോ.. പിന്നെ അമ്മൂന് ഉമ്മകളുടെ ഒരു പ്രവാഹം തന്നെ ആയിരുന്നു.. പാവം വേണ്ടാരുന്നൂന്ന് കരുതി കാണും..ഈ ഉണ്ണിവാവേനെ ഞാനെങ്ങനെ ഡേ കെയറിൽ വിടുമെൻറെ ഈശ്വരാ…ഒരു ദിവസം മുഴുവൻ ഇവളെ കാണാതെ എങ്ങനെ ഞാൻ ജീവിക്കും..? ഉണ്ണിവാവ അവളുടെ ടീത്തർ എടുത്തു എന്റെ വായിൽ വെച്ചു തരികയാണ്.. അരുണില്ലാത്തോണ്ട് നേരത്തെ കിടക്കണം..
അരുൺ വന്നിട്ട് കുറച്ച് ദിവസമായി.. ഞാൻ സാധനങ്ങളൊക്കെ എടുത്തു വെക്കുകയാണ്.. നാട്ടിൽ പോകാൻ.. അമ്മു നല്ല ഉറക്കം.. അമ്മുവിൻറെ ഡ്രസ് ഒക്കെ എടുത്തു പുറത്തിട്ടപ്പോൾ വല്ലപ്പോഴും മാത്രം പുറത്തു പോകുന്നത് കൊണ്ട് ഇടാത്ത കുറച്ചു ഡ്രസ്സ് ഉണ്ട്.. ചെറുതായി പോയി എല്ലാം.. മിക്കവാറും എല്ലാം ആരെങ്കിലും സമ്മാനം തന്നതാണ്.. പിന്നെ രണ്ടു ബൂട്ടി, രണ്ടു സോക്സ്.. മൂന്നു തൊപ്പി കൾ.. എല്ലാം ചെറുതായി.. തൊപ്പിയും സോക്സും ഉപയോഗിചിട്ടേയില്ല..
“ അരുൺ.. ഈ ചെറുതായി പോയ ഉടുപ്പൊക്കെ നമുക്കാർക്കെങ്കിലും കൊടുക്കാരുന്നു..”
“ അതിനിപ്പോ ഇവിടെ ആർക്കും വേണ്ടി വരില്ല ഇതൊന്നും..”
“നമുക്കിതൊക്കെ കവറിലാക്കി കാറിൽ വെക്കാം.. പോകുന്ന വഴി ആർക്കെങ്കിലും വേണേൽ കൊടുക്കാലോ..”
“ പിന്നെ.. പോകുന്ന വഴിയിൽ… ഈ രാത്രി..” അരുൺ ചിരിച്ചു
“എന്നാ വേണ്ട.. വീട്ടിൽ വരാറുണ്ടല്ലോ കുറച്ചു പാവപ്പെട്ട കുട്ടികൾ.. ഉടുപ്പൊന്നും ഇടാതെ.. അവർക്ക് കൊടുക്കാം..”
“ ആ.. അവർക്ക് വേണേൽ കൊടുക്കാം..അവരിതൊക്കെ ഇടുവോ ആവോ..”
ചെറുതായി പോയതൊക്കെ ഒരു കവറിലാക്കുമ്പോഴാണ് ആ ചുവന്ന ഉടുപ്പ് കണ്ടത്.. അത് ചെറുതല്ല.. ഇപ്പൊ കറക്ട് പാകമാണ്.. ഒരു ദിവസം രാമചന്ദ്രയിൽ പോയപ്പോൾ എടുത്തതാണ്.. അന്നവിടെ പുതിയ കളക്ഷൻ വന്ന ദിവസം ആയിരുന്നു.. ഒരുപാട് നല്ല ഉടുപ്പുകൾ.. ഞാനാകെ കൺഫ്യൂഷൻ ആയി.. പലതും മാറി മാറി എടുത്തു.. സമയം കുറേ പോയി അമ്മു ഉറക്കം വന്നു കരയാൻ തുടങ്ങി.. അവസാനം അരുൺ ഈ ചുവന്ന ഉടുപ്പെടുത്തിട്ടു പറഞ്ഞു ഇതെടുത്താൽ മതി..പോകാം എന്ന്.. എന്റെ ബഡ്ജറ്റിനേക്കാൾ കൂടുതൽ ആയിരുന്നു അതിന്റെ വില.. എന്നിട്ടും അരുണതെടുത്തു.. പൂക്കൾ ഒക്കെ തയ്ച്ച ഒരു സുന്ദരി ഉടുപ്പ്.. പക്ഷെ.. വീട്ടിൽ വന്നു അമ്മൂനെ ഇടീച്ചപ്പോൾ അരുണിനിഷ്ടമായില്ല.. പിന്നെ അതിടീക്കാൻ സമ്മതിച്ചില്ല..
“ഈ ഉടുപ്പോ .. അരുൺ..?” ഞാൻ അതെടുത്തു കാണിച്ച് ചോദിച്ചു
“ ആ.. അതും കൊടുത്തോ..”
അമ്മു ഉറങ്ങാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂർ ആയി.. എന്റെ ജോലിയെല്ലാം കഴിഞ്ഞിട്ടും അമ്മു എഴുന്നേറ്റില്ലെങ്കിൽ എനിക്കാകെ ശ്വാസം മുട്ടലാണ്..കുഞ്ഞിപ്പെണ്ണിൻറെ ചിരിയും കളിയും കാണാഞ്ഞിട്ട്.. അരുണില്ലാത്തപ്പോൾ ഞാൻ തൊട്ടിലിൽ കിടക്കുന്ന അവളെ ഉമ്മ വെച്ചു എഴുനേൽപ്പിക്കും.. അരുൺ സമ്മതിക്കില്ല..അവളുറങ്ങട്ടെ എന്നു പറയും
ഞാൻ തൊട്ടിലിൻറെ അടുത്ത് കുത്തിയിരിപ്പ് തുടങ്ങി.. അരുണിനു കാര്യം മനസിലായി.. “അവളുറങ്ങട്ടെ.. എഴുനേൽപ്പിക്കണ്ട..”
“അല്ലെങ്കിലും ഞാൻ എഴുനേൽപ്പിക്കാൻ വന്നതല്ല..”
“ ഉംംം.. “അരുൺ ചിരിച്ചു
“അറ്റാറ്റേ…”
തൊട്ടിലിൽ നിന്നാണ്.. ഉണ്ണികുട്ടി എണീറ്റ് ചിരിക്കുന്നു.. ഞാൻ വേഗം വാരിയെടുത്തു..
യാത്ര രാത്രി ആണ്.. പകൽ ട്രാഫികും വെയിലും ആകെ മെനക്കേടാണ്.. അമ്മു വണ്ടിയിൽ കയറിയപ്പോൾ” ബൂം.ബൂം.”. ന്ന് പറയാൻ തുടങ്ങി.. വീട്ടിൽ ചെന്നാൽ അവൾക്ക് നല്ല രസമാണ്.. വീടിന്റെ പുറകിൽ ഒരു ചെറിയ പുഴയുണ്ട്..അതിൽ കളിയാണ് മെയിൻ പരിപാടി.. ഇപ്പൊ പിന്നെ ഒരു ആട്ടിൻ കുട്ടിയും ഉണ്ട്.. ഇനി അതിന്റെ പുറകെ ആവും
പെട്ടെന്ന് മഴ പെയ്യാൻ തുടങ്ങി.. ഇറങ്ങുമ്പോൾ മഴയുടെ ലക്ഷണങ്ങളൊന്നും ഇല്ലാഞ്ഞതിനാൽ അമ്മൂനെ ഒരു കോട്ടൺ ഉടുപ്പാണ് ഇടീച്ചത്.. ഇതിപ്പോ നല്ല തണുപ്പ്..എസി കുറച്ചാൽ ഗ്ളാസ് മൊത്തം ഫോഗാവുകയും ചെയ്യും.. വണ്ടി സൈഡാക്കി അമ്മൂനെ സ്വെറ്ററൊക്കെ ഇടീച്ചു.. എറണാകുളം കഴിഞ്ഞാന്നു തോന്നുന്നു അരുൺ ചായ കുടിക്കാൻ വണ്ടി നിർത്തി..മഴ ചാറുന്നേയുള്ളു..അമ്മൂൻറെ അനക്കമൊന്നുമില്ല..ഉറക്കം തന്നെ ആണെന്ന് തോന്നുന്നു
“വാവ..വാവ..”
ഞെട്ടിപ്പോയി.. അമ്മു അപ്പൊ ഉറങ്ങുവല്ലേ.. അതോ ഇനി ഉറക്കത്തിൽ പറയുന്നതാണോ..
“ വാവ..വാവ..ഞം ഞംഞം”
പിന്നേം ദേ…
ഞാൻ അമ്മൂനെ കുനിഞ്ഞു നോക്കി.. പുറത്തേക്ക് നോക്കി പറയുന്നതാണ്
അവിടെയൊരു കടത്തിണ്ണയിൽ ഒരു സ്ത്രീ കുഞ്ഞിനു മുലയൂട്ടുന്നു.. അരണ്ട വെളിച്ചത്തിൽ നരച്ച ഒരു വേഷം ധരിച്ച അവരെ പെട്ടെന്ന് കാണാൻ കഴിയില്ല..ഇവളെങ്ങനെ കണ്ടു പിടിച്ചോ…! അമ്മൂൻറെ പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞ്.. അമ്മു ചെയ്യുന്ന പോലെ അമ്മയുടെ മുഖത്ത് കൈകൾ കൊണ്ട് കളിച്ച് പാലു കുടിക്കുന്നു.. ഒരു ചിത്രം പോലെയുണ്ട്..
വീണ്ടും മഴ പെയ്യാൻ തുടങ്ങി.. ആ കുഞ്ഞ് പാലു കുടി നിർത്തി കരയാൻ തുടങ്ങി..തണുത്തിട്ടാരിക്ക്വോ… അതിനെ ഉടുപ്പ് ഇടീച്ചിട്ടുണ്ടോ ആവോ.. ഒന്നും മനസിലാവണില്ല… ആ ചുവന്ന ഉടുപ്പ് പാകമാവുമായിരിക്കും.. ഞാൻ അത് കവറിൽ നിന്ന് വലിച്ചെടുത്തു.. ഇതെങ്ങനെ കൊടുക്കും.. നല്ല മഴ.. അരുൺ ചായ കുടിച്ചിട്ട് വന്നു..
“ഇതൊന്ന് അവർക്ക് കൊടുക്കുവോ..ആ കൊച്ചു തണുത്തിട്ടാ കരയണതെന്ന് തോന്നുന്നു..”
അരുൺ അത് അവർക്ക് കൊടുത്തിട്ട് വന്നു..
“ അവർക്ക് ഇഷ്ടായോ..?”
“ ഞാൻ ചോദിച്ചില്ല മോളൂ..”
അവരു പോയെന്ന് തോന്നുന്നു.. കാണുന്നില്ല..ഈ മഴയത്ത് എങ്ങനെ പോയി..
അമ്മൂന് പാലും ബിസ്ക്കറ്റും കൊടുത്ത് കുറച്ചു നേരം കഴിഞ്ഞപ്പോൾ അരുൺ പതുക്കെ വണ്ടി എടുത്തു.. പാല് കൊടുത്ത ഉടൻ വണ്ടി എടുക്കാറില്ല..ശർദ്ദിച്ചാലോ..
കുറച്ചു പോയപ്പോഴേക്കും ബ്ളോക്ക്.. ആൾക്കാരൊക്കെ കൂടിയിട്ടുണ്ട്.. പോലീസും ഉണ്ട്..
“ആക്സിഡൻറ് ആണെന്ന് തോന്നുന്നു..”
അരുൺ വിൻഡോ താഴ്ത്തി അതിലേ വന്ന ആളോട് കാര്യമന്വേഷിച്ചു
“ ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ നോക്കി ന്നേ..ആളോള് കണ്ടതോണ്ട് പിടിച്ചു.. ഇവളെയൊക്കെ എന്നാ ചെയ്യേണ്ടേന്നറിയോ..ആ കുട്ടീടെ ഉടുപ്പ് കണ്ടാ അറിയാ അവടെയല്ലാന്ന്…”
അരുൺ എന്നെ നോക്കി..
പാഞ്ഞ് പോയ പോലീസ് ജീപ്പിൽ നിന്നും ഒരു സ്ത്രീയുടെ കരച്ചിൽ ഉയർന്നു കേട്ടു.. തൊട്ടു പിന്നാലെ മറ്റൊരു ജീപ്പിൽ നിന്നും ഒരു കുഞ്ഞിന്റെ ഹൃദയം തുളക്കുന്ന കരച്ചിൽ.. ആ കുഞ്ഞിന്റെ ചുവന്ന ഉടുപ്പിനെ ഹൃദയത്തിലേറ്റ ഒരു പൊള്ളലോടെ ഞാൻ തിരിച്ചറിഞ്ഞു..
ദിഗന്തം പൊട്ടുന്ന പോലൊരു ഇടി മുഴങ്ങി.. അതെന്റെ നെഞ്ചിലാണ് പതിച്ചത്.. എന്റെ ഹൃദയം വിറക്കുകയായിരുന്നു..
സമനില വീണ്ടെടുത്ത അരുൺ വണ്ടി പോലീസ് ജീപ്പിന് പിന്നാലെ വിട്ടു.. പോലീസ് സ്റ്റേഷനിൽ എത്തിയ പാടെ കുഞ്ഞ് അമ്മയുടെ നേരെ കൈ നീട്ടി കരയാൻ തുടങ്ങി..കണ്ണീരുകൊണ്ട് ആ കുഞ്ഞു മുഖം കുതിർന്നിരുന്നു.. എൻറെ കണ്ണുകളും കവിഞ്ഞൊഴുകാൻ തുടങ്ങി..അമ്മുവും കരച്ചിൽ തുടങ്ങി.. അരുൺ വേഗം ഇറങ്ങി ചെന്നു.. അമ്മുവിനെയും കൊണ്ട് ഞാനും ഇറങ്ങി..
“ സർ, ഈ ഉടുപ്പ് കാരണമാണിവരെ കൊണ്ടു വന്നതെങ്കിൽ അത് ഞങ്ങൾ കൊടുത്തതാണ്.. “
ഇൻസ്പെക്ടർ ഞങ്ങളെ ഒന്ന് നോക്കി
.. “ ആ കുട്ടിയെ താഴെ നിർത്ത്...”
താഴെ വച്ചയുടൻ കുഞ്ഞ് അമ്മയുടെ അടുത്തേക്ക് ഓടി.. കൈകൾ അവരുടെ കഴുത്തിൽ ചുറ്റി കരഞ്ഞു കൊണ്ട് എന്തൊക്കെയോ പറയാൻ ശ്രമിച്ചു..
“ നാട്ടുകാര് എന്തെങ്കിലും ചെയ്താലോന്നു കരുതി കൊണ്ടു വന്നതാ… കഴിഞ്ഞകൊല്ലം കുട്ടികളെ തട്ടിക്കൊണ്ടു പോയ 199 കേസുകളിൽ 188 എണ്ണവും മലയാളികൾ ചെയ്തതാ.. ഇതൊന്നും ആരുടെയും തലയിൽ കയറുന്നില്ല.. ആൾക്കൂട്ടത്തിനു ഭ്രാന്ത് പിടിച്ചാൽ പിന്നെ എന്താ ചെയ്യാ..”
ആ ചുവന്ന ഉടുപ്പ് വായുവിലൂടെ പറന്നു എന്റെ കാൽക്കൽ വീണു.. അരുൺ അത് പഴയ വണ്ടികൾ കൂട്ടിയിട്ടിരുന്നിടത്തേക്ക് വലിച്ചെറിഞ്ഞു.. കളറെല്ലാം മങ്ങി പഴയതായാൽ ചിലപ്പോൾ അത് ആർക്കെങ്കിലും ഉപകാരപ്പെടുമായിരിക്കും.

Anisha
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo