Slider

#സ്ത്രീ 'ധനം

1
#സ്ത്രീ 'ധനം
പറഞ്ഞുറപ്പിച്ചൊരു കല്യാണം മുടങ്ങിയതിന് ശേഷം
വീട്ടിലേക്ക് പെണ്ണു കാണാൻ വന്നവരെല്ലാം കൂട്ടി ചോദിച്ചത് പൊന്നും പണവുമാണ്..
ഒരു നോക്ക് നോക്കാതെ പൊന്നിലും പണത്തിലും വന്നവരുടെ കണ്ണുകൾ വിലപേശിയപ്പോൾ മുറിയിൽ കയറി വാതിലടച്ചവൾ ഒരു പാട് തേങ്ങി കരഞ്ഞിരുന്നു..
എന്തു വിറ്റിട്ടാണേലും വേണ്ടില്ല തന്റെ കല്യാണം നടത്തണമെന്നുള്ള അച്ഛന്റെ വാക്കുകൾ ഇടക്കൊക്കെ പാതിരാ പുതപ്പിലേക്കെത്തുമ്പോൾ ഒരു സങ്കടം അവളിലാകെ പടർന്നിരുന്നു..
വന്നവരിൽ ചിലർ പൊന്നും പണവും കുറഞ്ഞപ്പോൾ പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന കാരണം പറഞ്ഞൊഴിഞ്ഞെന്നറിഞ്ഞപ്പോൾ അവളുടെ ഉള്ളമേറെ വിങ്ങിയിരുന്നു..
ഇന്നു കാണാൻ വരുന്നവനു മുമ്പിലും അണിഞ്ഞൊരുങ്ങി നിൽക്കണമല്ലോ എന്നോർത്തപ്പോൾ അവൾക്ക് വല്ലാതെ ദേഷ്യവും സങ്കടവും വന്നിരുന്നു..
ഇന്ന് വരുന്നവരും പേര് ചോദിക്കും, പഠിപ്പ് ചോദിക്കും, ഇഷ്ടം ചോദിക്കും, പിന്നെ മുതിര്‍ന്നവരുടെ സഭയിൽ വെച്ചെന്നെ വില പേശും
കണ്ടു മടുത്ത കാഴ്ചകൾ കാരണം കാണാൻ വരുന്നവരോടൊന്നും ഒരു മതിപ്പും അവൾക്ക് തോന്നിയിരുന്നില്ല..
അതു കൊണ്ടാണ് ഇന്ന് കാണാൻ വന്ന ചെറുക്കന് മുമ്പിൽ നിന്നവൾ മുഖമൊന്നു ചിരിയോടെ നിർത്താൻ പാടു പെട്ടത്..
അതു കൊണ്ടാണ് ഇന്നവൾ ചെറുക്കനെ ചടങ്ങുപോലെ ഒന്നു നോക്കി അടുക്കളയിൽ നിൽക്കണ അമ്മക്കരികിൽ ചെന്നു നിന്നത്..
അവളെ കണ്ട ഉടനെ അമ്മ ചോദിച്ചു നിനക്കിഷ്ടപെട്ടോടി എന്ന് ..
വന്നവന് ഇഷ്ടപ്പെട്ടാൽ മതി അവൾ ദേഷ്യത്തിൽ പറഞ്ഞു നിർത്തി..
അമ്മ മനസ്സ് അവളുടെ സങ്കടം മനസ്സിലാക്കി അവളുടെ കവിളിൽ തലോടി പറഞ്ഞു '' അങ്ങനെ ഒന്നും പറയല്ലേ മോളെ ഇതൊക്കെ ഒരു ചടങ്ങാണ് വിഷമിക്കേണ്ട എന്ന്..
'' ഇനി ചെറുക്കനെന്തേലും ചോദിക്കാനോ പറയാനോ ഉണ്ടേൽ ആയിക്കോട്ടെ നമുക്കങ്ങ് മാറി ഇരിക്കാം..
പൂമുഖത്ത് നിന്ന് ബ്രോക്കറുടെ വാക്കുകൾ അടുക്കളയിൽ നിന്നവൾ കേൾക്കുമ്പോൾ തന്നെ വല്ലാതെ ദേഷ്യം ഇരച്ചുകയറിയിരുന്നു..
പൂമുഖത്തേക്ക് പോകാൻ മടിച്ചു നിന്ന അവളെ അമ്മ നിർബന്ധപൂർവ്വം തള്ളി വിട്ടു..
അവൾ പൂമുഖത്തേക്ക് എത്തിയതും പരിഭ്രമം പുറത്തു കാണിക്കാതെ ചെറുക്കൻ അവളോട് ചോദിച്ചു
അവൾ ഉദ്ധേശിച്ച ആ ചോദ്യം '' എന്താ പേര് " എന്ന്..
അവൾ ഷാളിന്റെ അറ്റം പിടിച്ചു ഞെരിച്ചു കൊണ്ട് പേര് പറയണോ വേണ്ടയോ എന്ന മട്ടിൽ കുറച്ചു നേരം നിന്നു പിന്നെ ഏതോ ഒരു രൂപത്തിൽ ലക്ഷ്മി എന്ന് പറഞ്ഞു..
ഇനിയെന്താണ് ചോദിക്കാനുള്ള തെങ്കിൽ ചോദിച്ചിട്ടു പോടോ എന്ന മട്ടിൽ അവൾ അവനെ നോക്കി..
പിന്നെ അവൻ ചോദിക്കുകയല്ല ചെയ്തത് പറയുകയാണ് ചെയ്തത്..
അതേ നിന്റെ അച്ഛൻ ബ്രാക്കറോട് പറഞ്ഞിരുന്നു പൊന്നിനും പണത്തിനും ഒരു കുറവുമില്ലാതെ നിന്നെ എന്റെ കയ്യിലേക്ക് വെച്ച് തരാമെന്ന്..
അന്നേരമവൾ അച്ഛന്റെ കഷ്ടപ്പാടുകളോർത്തു .
അവളുടെ കണ്ണുകൾ നിറഞ്ഞു
അവൻ കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു പിടിച്ചു ..
എങ്കിലും അവൻ പറഞ്ഞു '' ആ അച്ഛനോട് ഒന്നു പറയണം പൊന്നും പണവും ഒന്നും വേണ്ട എന്ന്..
കൂടെ കൈ പിടിക്കാൻ വരുന്നവൾക്ക് എന്തിനാണ് പെണ്ണേ പൊന്നും പണവും.." എന്ന്.
പെട്ടെന്നവൾ ഏതോ ലോകത്ത് നിന്നെന്ന പോലെ ഞെട്ടിതിരിഞ്ഞ് ആ മുഖമൊന്നു നോക്കി..
അവൾ ആശ്ചര്യത്തോടെ അവനെ തന്നെ നോക്കി നിന്നു ഒരു നിമിഷം...
അവൾ എല്ലാവരേയും പോലെ അവനെ കുറിച്ചും ഊഹിച്ചു കൂട്ടിയിരുന്നു അതെല്ലാം അവന്റെ മുമ്പിൽ ചില്ലു കൊട്ടാരം പോൽ പൊടിഞ്ഞു വീഴുമ്പോൾ
അവളുടെ മിഴികൾ അറിയാതെ നിറഞ്ഞിരുന്നു..
അവൻ പടിയിറങ്ങുമ്പോൾ അവൾ ഓടി ജനലരികത്ത് എത്തി
ജനൽപ്പാളികളിലൂടെ ഒരു നോക്ക് വീണ്ടും അവനെ നോക്കിയവൾ..
കണ്ണീരിൽ കലർന്ന പുഞ്ചിരിയുമായി അവൾ ജനലോരത്ത് തന്നെ നിന്ന് പറഞ്ഞു..
ഇപ്പൊ വന്നവൻ ഒരാണാണെന്ന്..
ദൈവം എനിക്ക് തന്ന ഒരാണൊരുത്തനെന്ന്...
എ കെ സി അലി..
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo