Slider

ബറൂച്ചിലെ ക്രിസ്തുമസ്സ്

1
ബറൂച്ചിലെ ക്രിസ്തുമസ്സ്
മഞ്ഞുപെയ്യുന്ന ഡിസംബര്‍ രാത്രിയുടെ ആലസ്യത്തില്‍ ബറുച് നഗരം ഉറക്കത്തിലേക്ക് കണ്ണടക്കുന്ന നേരം , ഹാപ്പ എക്സ്പ്രസ്സ് ബറുച് നഗരത്തോട് താല്ക്കാലികമായി വിടപറഞ്ഞ് മുന്നോട്ട് നീങ്ങവേ, മൂന്നാം ക്ലാസ്സ് ഏസികോച്ചിന്റെ ജാലകത്തിലൂടെ പുറത്തേക്ക് മിഴിനട്ടിരിക്കുന്ന തന്നോട് ആ നഗരവും,അവിടെ മിന്നിതിളങ്ങുന്ന നക്ഷത്രവിളക്കുകളും, കോൺക്രീറ്റ് കൂടാരങ്ങളും ഒരുപോലെ യാത്രചോദിക്കുകയാണോയെന്നു വിവേകിന് തോന്നിയ നിമിഷങ്ങള്‍...........................
നഗരഹൃദയവും പിന്നിട്ടു ഹാപ്പഎക്സ്പ്രസ്സ് കുതിക്കുമ്പോള്‍ ജനലഴികൾക്കുള്ളിലുടെ പുറത്തേക്ക് മിഴിനട്ടിരിക്കുന്ന വിവേകിന്റെ മടിയില്‍ തലചായ്ച്ചു , ആ രാത്രിയുടെ എല്ലാ സുഖവുമാസ്വദിച്ചു എട്ടുവയസ്സുകാരി അർപ്പിത ,മയക്കത്തിന്റെ മായാ ജാലകത്തിലേക്ക് കടന്നിരുന്നു.................
നാം കേട്ടുശീലിച്ച ഗ്ലോബലൈസിഡു ഗുജറാത്തിന്റെ നഗരപ്രാന്തങ്ങള്‍ പിന്നിട്ടു ,ഗ്രാമഹൃദയങ്ങളിലുടെ വണ്ടി ആരെയും കാത്തുനില്ക്കാതെ മുന്നോട്ട് കുതിക്കുമ്പോള്‍ വിവേകിന്റെ ഓർമ്മകളും,ചിന്തകളും പിന്നോട്ട് കുതിക്കുകയായിരുന്നു...................
അഞ്ചുവർഷങ്ങൾക്ക് മുമ്പൊരു ക്രിസ്തുമസ്സ് രാത്രി ,
ജീവിതസഖാവായി സൂര്യ ഒപ്പം ചേർന്നശേഷമുള്ള ആദ്യക്രിസ്തുമസ്സ് , ആകാംക്ഷാനഗര്‍ കോളനിയിലെ ഒരു സുഹൃത്തിന്റെ ഫ്ലാ്റ്റിലെ ക്രിസ്തുമസ്സ്ആഘോഷം,ആട്ടവും പാട്ടും മദ്യവും ഒരുപോലെയൊഴുകിയ ആഘോഷരാവില്‍ മുഴുകുമ്പോഴും ഇടയ്ക്കിടെ ഓര്‍മ്മപ്പെടുത്തലായി വിവേകിന്റെ മനസ്സില്‍ സുര്യയുടെ വാക്കുകള്‍ തെളിഞ്ഞുവന്നിരുന്നു....
“ ഞാനും വരാം കൂടെ, ഞാനിവിടെ ഒറ്റക്കാ,എനിക്ക് പേടിയാ “
ഏറെ ദൂരെയല്ലാതെ മറ്റൊരു വീട്ടില്‍ കോടമഞ്ഞു കോമരംതുള്ളുന്ന അതെ രാത്രിയില്‍ തന്നെയുംകാത്തു സൂര്യ ഉറങ്ങാതിരിക്കുവാണ് .......................
പക്ഷെ ചിന്തകള്‍ മാറിമറിയാന്‍ അടുത്ത ചിയേഴ്സിന്റെ താമസം മാത്രം............
"യഹൂദിയായിലെ ഒരു ഗ്രാമത്തില്‍,ഒരു ധനുമാസത്തില്‍..................."
ക്രിസ്തുമസ്സ് രാത്രിയുടെ ആവേശവുംപേറി തെരുവുകളിലുടെ കരോള്‍ സംഘങ്ങള്‍ നടന്നുനീങ്ങുമ്പോള്‍, നിറഞ്ഞ ഗ്ലാസ്സുകള്‍ കാലിയാകുന്ന , വീണ്ടും നിറയുന്ന , “രാസപ്രക്രിയ” സുഹൃത്തിന്റെ ഫ്ലാറ്റില്‍ തുടര്‍ന്നുകൊണ്ടേയിരുന്നു,അതിന്റെ ഭാഗമായി വിവേകും ...................
ഒടുവിലാരാത്രിയുടെ അവസാനയാമങ്ങളില്‍ “ബില്ഗേറ്റ്സ് = വിവേക്” എന്ന മനസ്സും ഉറയ്ക്കാത്ത കാലടികളുമായി വീട്ടിലെത്തുമ്പോള്‍, തുറന്നുകിടക്കുന്ന വീടിന്റെ വാതില്‍ കണ്ടപ്പോള്‍ തന്നെ അടിച്ച മദ്യത്തിന്റെ വീര്യം വിവേകില്‍ നിന്ന് ഒലിച്ചുപോയിരുന്നു,
സൂര്യയെ കാണാനില്ല എന്ന യാഥാർത്ഥ്യം ഉൾകൊള്ളാനാവാതെ,എന്ത് ചെയ്യണമെന്നറിയാതെ ,പകച്ചുനിന്ന നിമിഷങ്ങള്‍ ,
ദൂരെ ഏതോ ദേവാലയത്തിൽ നിന്ന് അപ്പോഴും പാതിരാകുർബാനയുടെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു, ഒരു നിമിഷംകൊണ്ട് മനസാന്നിധ്യം വീണ്ടെടുത്ത് പോക്കറ്റില്‍ നിന്നും ഫോണ്‍ കയ്യിലെടുത്ത് നോക്കുമ്പോള്‍ , മണിക്കൂറുകളോളം നിശബ്ദമായി കിടന്ന ഫോണില്‍ തെളിഞ്ഞു നിന്നത് മൂന്ന് നമ്പരില്‍ നിന്നായി പതിനെട്ടോളം മിസ്സ്‌കാളുകള്‍,അതില്‍ ബഹുഭൂരിപക്ഷവും സൂര്യയുടെത്,പിന്നെ അപരിചിതമായ ഒരു നമ്പരില്‍ നിന്നുള്ള കോള്‍ , മൂന്നാമത്തെത് സാക്ഷാല്‍ നിസ്സാമുദിന്‍ മണിയാരുടെ നമ്പര്‍....................................
മനസ്സില്‍ അപകടത്തിന്റെ സൂചനകള്‍ നിറഞ്ഞനിമിഷങ്ങള്‍....................................................
" ഗെയിം സ്റ്റാർട്ട്.‌, ഇറ്റ്സ് ഒൺലി സാമ്പിള്‍, ബൈ മണിയാര്‍"
തന്നെ തേടിയെത്തിയ മെസ്സേജ് വായിച്ചുതീർക്കുമ്പോഴേക്കും വീണ്ടും മൊബൈല്‍ ശബ്ദിച്ചു .....................
" താങ്കളുടെ ഭാര്യ എനിക്കൊപ്പമുണ്ട് "
കൊടും ചൂടില്‍ തളർന്നുനിന്നവന്റെ ദേഹത്തേക്ക് വർഷിക്കപ്പെട്ട ആശ്വാസമഴ പോലെയാണ് ദീപക്ക് ഹൂഡ എന്ന ഗുജറാത്തി ചെറുപ്പക്കാരന്റെ വാക്കുകള്‍ അപ്പോൾ വിവേകിന് അനുഭവപ്പെട്ടത്,.................
നഗരത്തിലെ ഒരു കോണിലുള്ള തന്റെ പാന്‍മസാല വില്‍ക്കുന കട അടച്ചു വീട്ടിലേക്ക് മടങ്ങവേയാണ് ,
ഇടവഴിയില്‍ സഹായംഅഭ്യർ്ഥിച്ചു കരഞ്ഞുകൊണ്ടോടുന്ന
സൂര്യയും,അവളെ ലക്ഷ്യമാക്കി പാഞ്ഞുവരുന്ന ഒരുപറ്റം ആളുകളും,ദീപക്കിന്റെ കണ്ണില്‍പ്പെടുന്നത്,
മനസാക്ഷി ആർക്കു മുന്നിലും പണയംവെച്ചിട്ടില്ലാത്ത ദീപക്ക് എന്ന മുപ്പതുകാരന്റെ കൈകരുത്തിനും ,മനകരുത്തിനും മുന്നില്‍ ആ അക്രമികൾക്ക് പിന്തിരിയേണ്ടി വന്നു ......................
നടന്ന മുഴുവന്‍ സംഭവങ്ങളും കേൾക്കാന്‍ കാത്തുനില്ക്കാതെ വിവേക് കാറുമെടുത്ത് ദീപക്കിന്റെ വീട്ടിലേക്ക്..............
ബറുച്ച് എന്ന നഗരത്തിന്റെ സമ്പന്നതയുടെ പുറംമോടി മാത്രം ആസ്വദിച്ച വിവേകിനെപോലൊരാൾ്ക്ക് ,അത്ഭുതമായിരുന്നു നഗരത്തിനോട് ചേർന്നു
തന്നെയുള്ള ആ ചേരി , അവിടെ ഒറ്റമുറി വീട്ടില്‍ ഭയം നിഴലിക്കുന്ന കണ്ണുകളുമായി വിവേകിനെ കാത്തിരിക്കുന്ന സൂര്യക്ക് കാവലായി മൂന്ന് ജീവിതങ്ങള്‍,ദീപക്ക് ,ഭാര്യ ഏകദേശം മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു മകളും ,ആ മൂന്ന് പേരുടെയും മുഖങ്ങളില്‍ നിത്യദാരിദ്ര്യത്തിന്റെ നിസ്സഹായത നിറഞ്ഞുനിന്നിരുന്നു ......................
" സൂക്ഷിക്കണം സാബ് അത് മണിയാരുടെ ആളുകളാണ് ,സാറും അവരുമായി എന്താണ് വിഷയം ? "
മനസ്സിന്റെയുള്ളില്‍ എന്നും തിരികത്തിച്ചു പ്രാര്ഥിക്കുന്ന ദൈവങ്ങൾക്കൊപ്പം ദീപക്കിനെയും പ്രതിഷ്ട്ടിച്ചു, ആ രാത്രിയില്‍ തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ വിവേക് ദീപക്കിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരിമാത്രമാണ് മറുപടിനല്കി്യത് ............................
ഒറ്റക്കിരിക്കുമ്പോള്‍ ഫ്രണ്ട്ഡോര്‍ അടച്ചിടണമെന്നും,ആരു വന്നു വിളിച്ചാലും തുറക്കരുതെന്നു
മൊക്കെയുള്ള സ്ഥിരം ഉപദേശങ്ങള്‍ നല്കി,സൂര്യയെ സമാധാനപ്പെടുത്തി കിടക്കയിലേക്ക് ചായുമ്പോഴാണ് നിസ്സാമുദിന്‍ മണിയാരുടെ പാതിരാ കാള്‍ വിവേകിനെ തേടിയെത്തുന്നത്.....
" ഹാപ്പി ക്രിസ്തുമസ്സ് വിവേക് സാബ് ,പൊണ്ടാട്ടിക്ക് സൌഖ്യമാ,ഇത് തുടക്കം മാത്രം , അപ്പോള്‍ ഗുഡ് നൈറ്റ് "
നിസ്സാമുദിന്‍ മണിയാരുടെ ശബ്ദം തണുപ്പിന്റെ കരിമ്പടംപുതച്ചയാരാത്രിയിലും വിവേകിന്റെ മനസ്സില്‍ തീമഴയായി പതിച്ചു.............
ബറുച്ചു നഗരത്തോട് ചേർന്ന് പൊങ്ങുന്ന പുതിയ വ്യവസായശാലയുടെ നിർമ്മാണത്തിന്റെ ഗുണനിലവാര വിഭാഗത്തില്‍ (ക്വാളിട്ടി കണ്ട്രോള്‍ ) ജോലിചെയ്യുന്ന വിവേകിനു മുന്നില്‍തമിഴ്നാട്ടില്‍ നിന്നും ഗുജറാത്തിലെത്തി കച്ചവടവും,കൈക്കരുത്തും കാട്ടി മുന്നേറുന്ന നിസാമുദിന്‍ മണിയാരുടെ ,ലാഭം മാത്രം ലക്ഷ്യമാക്കി സപ്ലൈചെയ്യുന്ന നിലവാരംകുറഞ്ഞ സിമന്റും,കമ്പിയുമൊക്കെ നിരസിക്കപ്പെട്ടപ്പോള്‍, കണ്‍മുന്നില്‍ നിരന്ന പുഞ്ചിരിതുകുന്ന നോട്ട്കേട്ടുകള്‍ക്ക് മുന്നില്‍ “നോ” പറയാന്‍ വിവേക് മടിക്കാതിരുന്നപ്പോള്‍ ,പ്രലോഭനത്തില്‍ നിന്ന് ഭീഷണിയിലേക്ക് മാറിയ മണിയാരുടെ കച്ചവടതന്ത്രം ഒടുവില്‍ വീട്ടിലേക്കും കടന്നതോടെ ചിലതീരുമാനങ്ങളിലേക്ക് വിവേക് ആ രാത്രി തന്നെ കടന്നിരുന്നു............
ഗുജറാത്ത് പിന്നിട്ട് മഹാരാഷ്ട്രാഹൃദയ ഭുമിയിലുടെ പനവേലും റോഹയും കടന്ന്‍ രത്നഗിരിവഴി കൊങ്കന്‍ പാതയിലേക്ക് കടക്കുമ്പോഴേക്കും ഹാപ്പഏക്സ്പ്രസ്സില്‍ ക്രിസ്തുമസ്സ് ആഘോഷങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങുന്ന മലയാളികളടക്കമുള്ള യാത്രക്കാരുടെ തിരക്ക് അസാമാന്യമായി വര്ദ്ധിച്ചിരുന്നു,
വിവേകിന്റെ മടിത്തട്ടില്താലചായ്ച്ചു ഇരുന്ന ഏട്ടുവയസ്സുകാരിയുടെ മുഖത്ത്,ജീവിതത്തിലെ ആദ്യതീവണ്ടിയാത്രയുടെ അമ്പരപ്പ്പ്രതിഫലിച്ചിരുന്നു,കൊങ്കന്‍ പാതയിലെ ചുരങ്ങളിലുടെ കുതിച്ചുപായുന്ന തീവണ്ടിയില്‍ വിവേകിന്റെ ചിന്തകള്‍ വീണ്ടും പുറകോട്ടുയാത്ര ചെയ്യാന്‍ തുടങ്ങി ..............................
തലേന്ന് രാത്രിയിലുണ്ടായ അനുഭവങ്ങല്‍,ആ ക്രിസ്തുമസ്സ് പകലില്‍ ഒരു തീരുമാനത്തിലെത്തുവാന്‍ വിവേകിനെ പ്രേരിപ്പിച്ചു,
ഒന്നുകിൽമണിയാരുടെ പ്രലോഭനത്തിന് മുന്നില്‍ “യെസ്” മൂളി കണ്ണടക്കുക, അതുവഴി മണിയാരുടെ പച്ചനോട്ടിന്റെ ആനുകുല്യം ആസ്വദിച്ചു, ജോലിയില്‍ തുടരുക,അതുമല്ലേൽ മണിയാരെ വെല്ലുവിളിച്ചു തന്റെ കുടുംബത്തിന്റെ സുരക്ഷപോലും കാര്യമാക്കാതെ തുടരുക,രണ്ടും സാധ്യമല്ല എന്നുറപ്പായതോടെ കമ്പനിയിലെ ജോലിയുപേക്ഷിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുവാൻ വിവേകിന് അധികസമയം വേണ്ടിവന്നില്ല,
ബറൂച് നഗരത്തോട് വിടപറഞ്ഞു മടക്കയാത്രക്കായി തീവണ്ടിയാഫിസിൽ നിൽക്കുമ്പോൾ വിവേകിനേയും സൂര്യയെയും യാത്രയാക്കുവാൻ ദീപക്കും കുടുംബവും എത്തിയിരുന്നു...
ജോലിചെയ്ത കമ്പനിയോടും,ബറൂച് നഗരത്തോടും വിടപറഞ്ഞു യാത്രയാകുമ്പോൾ വിവേകിന് ദീപക്കും കുടുബവുമായുള്ള ആത്മബന്ധം വർദ്ധിക്കുകയായിരുന്നു,എന്നാൽനാട്ടിലെത്തി കാലം മുന്നോട്ട് പോകുംതോറും ദീപക്കും കുടുബവുമായുള്ള ബന്ധത്തിന്റെ ആഴം കുറഞ്ഞുകൊണ്ടേയിരുന്നു,ഒടുവിലത് നിലക്കുകയും ചെയ്തു...
ജോലിയുപേക്ഷിച്ചു മടങ്ങിയെങ്കിലും,വിവേക് അന്നെടുത്ത നിലപാടുകൾ കമ്പനി മാനേജ്മെന്റിനു ശരിയാണെന്നു തോന്നിയതോടെ, നിസാമുദിൻ മണിയാരുടെ നിലവാരം കുറഞ്ഞ മെറ്റിരിയലുകൾക്ക് കമ്പനി അയിത്തംപ്രഖ്യാപിച്ചിരുന്നു,
അതിന്റെ രോഷം മണിയാരും സംഘവും തീർത്തത്,ദീപക്കിന്റെ പാൻകടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയായിരുന്നു,നഷ്ടമായത് ദീപക്കിന്റെ ഉപജീവനമാർഗം മാത്രമായിരുന്നില്ല ,വലതുകാൽ കൂടിയായിരുന്നു....
കാലത്തിന്റെ മുന്നോട്ട്പോക്കിനിടയിൽ നാട്ടിലെ മെട്രോപ്രൊജക്റ്റിൽ വിവേകിനും സുര്യക്കും ജോലിതരപ്പെട്ടതോടെ, നിറമുള്ള ദിനങ്ങൾ കൂടുതൽ തെളിമയോടെ അവരുടെ ജീവിതത്തിൽ തിരിച്ചുവന്നപ്പോൾ,
അങ്ങു ദൂരെ ബറൂച്ചിൽ ,വലതുകാല് നഷ്ട്ടപെട്ട ദീപക്കിന്റെ ഇടതുകാൽ കൂടി നഷ്ടമായത് പോലെയാണ് ഹൃദയസ്തംഭനത്തിന്റെ രൂപത്തിൽ മരണം ഭാര്യയെ കൂട്ടികൊണ്ട് പോയത് ,വീൽചെയറിൽ കുഞ്ഞുമകളെയും കൊണ്ട് ജീവിതം തുന്നിച്ചേർക്കാൻ പൊരുതുന്ന തോൽക്കാൻ മനസ്സില്ലാത്ത ദീപക്ക് ബറൂച്ചിലെ ജനങ്ങൾക്ക് അത്ഭുതവും ഇഷ്ട്ടവുമായിരുന്നു,
തിരിച്ചടികൾക്ക് മുന്നിൽ തോൽക്കാൻ മനസ്സില്ലാത്ത ദീപക്കിന് മുമ്പിൽ വിധിഒരിക്കൽക്കൂടി കരിംകോലം കെട്ടി കോമരം തുള്ളിയെത്തി,ലക്‌ഷ്യം തെറ്റിവന്നയേതോ ചരക്ക് ലോറിയുടെരൂപത്തിൽ...
യാദൃശ്ചികമായി നാട്ടിൽവെച്ച് കണ്ടുമുട്ടിയ പഴയ കമ്പനിയിലെ സഹപ്രവർത്തകൻ നിസ്സാറിലൂടെയാണ്,മറവിയുടെ മാറാലകൾക്കുള്ളിൽ മറഞ്ഞ ദീപക്കിനെ കുറിച്ച് വിവേക് വീണ്ടും അറിഞ്ഞത്,
ബറൂച്ചിലെ ഹോസ്പിറ്റലിൽ ,മരുന്നുകൾക്ക് നടുവിൽമരണത്തോട് മല്ലടിക്കുന്ന ദീപക്കിന് അടുത്ത് നിറകണ്ണുകളോടെ നി്സ്സഹായയായ്യിരിക്കുന്ന എട്ടുവയസ്സുകാരിയെയാണ് വിവേകിന് കാണുവാൻ സാധിച്ചത്
"എന്റെഅർപ്പിത ഒറ്റക്കായി സാബ് "
ആശുപത്രികിടക്കയിൽ ഇടക്കെപ്പോഴോ ബോധം വീണനിമിഷങ്ങളിൽ തന്റെ കയ്യിൽപിടിച്ചു ദീപക്ക് പറഞ്ഞവാക്കുകൾ വിവേകിന്റെ ഇടനെഞ്ചിലാണ് പതിച്ചത്...
ഏത് പ്രതിസന്ധിയെയും നേരിടാനുള്ള ദീപക്കിന്റെ മനക്കരുത്തിനെയും കീഴടക്കി മരണം മറ്റൊരുലോകത്തേക്കവനെ.കൂട്ടികൊണ്ടുപോയപ്പോൾ ഒറ്റക്കായത്അർപ്പിത എന്ന എട്ടുവയസ്സുകാരിയാണ്..
മംഗലാപുരവും,തുളുനാടൻമണ്ണും,മലബാറിന്റെ ഹൃദയവും,നിളയുടെതീരങ്ങളും,സാംസ്‌കാരികനഗരവും,മെട്രോനഗരവും പിന്നിട്ട് ,കുട്ടനാടൻവയലേലകളെ തഴുകി ഹാപ്പ എക്സ്പ്രസ്സ് കൊച്ചുണ്ണിയുടെ നാട്ടിൽ കായംകുളത്ത് നിർത്തുമ്പോൾ,
വിവേകിനേയും അർപ്പിതമോളെയും കാത്ത് സൂര്യ സ്റ്റേഷൻവരാന്തയിലുണ്ടായിരുന്നു..
ലോകരക്ഷകന്റെ തിരുപ്പിറവിയാഘോഷിക്കുന്ന ആ ക്രിസ്തുമസ്സ് രാത്രിയിൽ അർപ്പിതയെ വാരിയെടുത്ത് ഉമ്മവെക്കുമ്പോൾ,വൈദ്യശാസ്ത്രം മക്കളുണ്ടാകില്ല എന്ന് വിധിച്ചതങ്ങൾക്ക് ദൈവം തന്ന മകളോടുള്ള സ്നേഹമായിരുന്നു ഇരുവരുടെയും മുഖങ്ങളിൽ,ക്രിസ്തുമസ്സ് വിളക്കിനേക്കൾതെളിമയോടെ നിറഞ്ഞുനിന്നത്..
സ്റ്റേഷനിൽനിന്നും വീട്ടിലേക്കുള്ള അവരുടെ യാത്രയിൽ പാതയോരത്തെ ദേവാലയങ്ങളിൽ നിന്ന് പാതിരാകുർബാനഉയർന്നുകേൾക്കുന്നുണ്ടായിരുന്നു..
കെ.ആർ.രാജേഷ്
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo