Slider

അക്ഷരങ്ങൾ പറഞ്ഞ കഥ.

0

അക്ഷരങ്ങൾ പറഞ്ഞ കഥ.
**************************
ഒരു നമ്പർ കുറിച്ചിടാനായി ഡയറിയും പേനയുമെടുത്തപ്പോഴാണ് എവിടെ നിന്നോ ചില തേങ്ങലുകൾ കേട്ടത്.ചുറ്റും നോക്കിയിട്ടും എവിടെ നിന്നാണീ കരച്ചിലെന്നു മനസ്സിലായില്ല..തേങ്ങലിൻെറ ആക്കംകൂടിക്കൂടി വന്നപ്പോഴാണ് ശ്രദ്ധിച്ചത്,ഞാനെടുത്ത ഡയറിയുടെ ഉൾപ്പേജിൽ നിന്നാണു കരച്ചിൽ...
എൻെറ കൈഅമർത്തലിൽ ചതഞ്ഞുപോയ,ഞാനെഴുതി പൂർത്തിയാക്കാതെപോയൊരു കഥയിലെ അക്ഷരങ്ങളുടേതായിരുന്നു ആ തേങ്ങൽ.
'എന്തേ നിങ്ങളിങ്ങനെ കരയുന്നത് ' ?
നീ അക്ഷരങ്ങളുടെ കൂട്ടുകാരിയല്ലേ...എന്നിട്ടും എന്താ ഞങ്ങളുടെ സങ്കടം മനസ്സിലാക്കാത്ത് ?
എന്തായിപ്പോ നിങ്ങൾക്കുള്ള സങ്കടം ?
'നിനക്കിപ്പോ ഞങ്ങളെ വേണ്ട...മുൻപു നിൻെറ സന്തോഷവും സങ്കടവും ദേഷ്യവുമൊക്കെ നീ പങ്കുവച്ചിരുന്നത് ഞങ്ങളോടായിരുന്നു....ഇപ്പോ ഇങ്ങോട്ടൊന്നു നോക്കാറുപോലുമില്ല...നീയിക്കഥ പൂർത്തിയാക്കാത്തതുകൊണ്ട് പുറംലോകം കാണാതെ ഞങ്ങളിതിനകത്തു ശ്വാസംമുട്ടുകയാണ്.നീയാ മുൻപേജുകളൊന്നു മറിച്ചു നോക്കിയേ.'
ശരിയാണ് ...എനിയ്ക്കെപ്പോഴും അക്ഷരങ്ങൾ വേണമായിരുന്നു.മറ്റാരോടും പങ്കുവയ്ക്കാനിഷ്ടപ്പെടാത്ത എൻെറ ദുഖവും സന്തോഷവും,ദേഷ്യമാണേൽപോലും സ്വകാര്യസമ്പത്തായ എൻെറ ഡയറിയിൽ കുറിച്ചിടാറാണു പതിവ്.ഇപ്പോ കുറേനാളായി എന്തെങ്കിലും എഴുതിയിട്ടുപോലും.....കൂനനുറുമ്പുകൾ വരിവച്ചു പോകുന്നതുപോലെയുള്ള എൻെറ അക്ഷരങ്ങളിലേയ്ക്കു നോക്കവേ അറിയാതെ കണ്ണുനിറഞ്ഞു...അപ്രതീക്ഷിതമായി ജീവിതത്തിലുണ്ടായ ചില സംഭവങ്ങളെന്നെ പാടേമാറ്റി മറിച്ചതുപോലെ.
'നിങ്ങൾ പറഞ്ഞതു ശരിയാണ്..പക്ഷേ'
'വേണ്ട രേണൂ...ആ പക്ഷേ നീ പൂർത്തിയാക്കണ്ട...നിൻെറ മനസ്സിലും നിൻെറയീ പ്രിയപ്പെട്ട ഡയറിക്കുള്ളിലുമായി നിന്നോടൊപ്പം എപ്പോഴും ഞങ്ങളുണ്ടല്ലോ....നീ പറയാതെ തന്നെ ഞങ്ങൾക്കെല്ലാമറിയാം'.
'എന്നാലുമെനിയ്ക്കു വയ്യ കൂട്ടുകാരെ..അന്നത് എഴുതിയേ പറ്റുവെന്ന ഉള്ളിലെ തോന്നൽ കാരണമാണ് എഴുതി തുടങ്ങിയത്‌.എന്നാലിപ്പോ തുടർന്നെഴുതാൻ അനുവദനീയമല്ലാത്ത ചില സാഹചര്യങ്ങളാണ്‌.ആകെയൊരു നിസംഗതയാണ്..വാക്കുകൾക്കും ക്ഷാമം.എൻെറയൊരു കൂട്ടുകാരിയുണ്ട്..അവളോടു പറഞ്ഞ് ഞാനിതു പൂർത്തിയാക്കി നിങ്ങളെ സ്വതന്ത്രരാക്കാം.എൻെറ ചെറിയ കുത്തിക്കുറിക്കലുകൾ പോലെയല്ല.. അവൾ നല്ലൊന്നാന്തരമെഴുത്തുകാരിയാ...എന്തു ഭംഗിയാന്നോ അവൾടെ രചനകൾക്ക്.'
എൻെറ ആത്മവിശ്വാസമില്ലായ്മ കണ്ടിട്ടാണോ ആവോ...അക്ഷരങ്ങളിപ്പോ കുലുങ്ങി ചിരിയ്ക്കാൻ തുടങ്ങി.
'രേണൂ...മറ്റെല്ലാ കഴിവുകളേയും പോലെ, എഴുതാനുള്ള കഴിവും പലർക്കും പലരീതിയിലാണ്...ചിലർ കവിതകളിൽ ചിലർ കഥകളിൽ,രണ്ടിലുമൊരുപോലെ തിളങ്ങുന്നവരുമുണ്ട്.....ചിലർ സങ്കടമെഴുതും ചിലർ നന്മകളും സന്തോഷവുമുള്ളവയെഴുതും ചിലർക്ക് പ്രണയമെഴുതാനാവുമിഷ്ടം ചിലർക്ക് വാക്കുകൾ കൂരമ്പുകളാക്കാനുമാകും....ഓരോരുത്തർക്കും അവരവരുടേതായ ശൈലിയുണ്ടാവും....വായനയ്ക്കും അറിവിനുമനുസരിച്ച് എഴുത്തിലും മികവുപുലർത്തും...എന്നാലും നിൻെറ മനസ്സിലെ ചിന്തകളും ഭാവനകളുമായി നീ തുടങ്ങി വച്ച കഥയെ മറ്റൊരാളിനെ ഏല്പിക്കുമ്പോൾ അതിലെന്തെങ്കിലും അപൂർണ്ണതയുണ്ടാവും...അവർ അവരുടെ മനസ്സിലൂടെയേ ഈ കഥയെ നോക്കികാണൂ...നിന്നിലൂടെയല്ല.'
എൻെറ മൗനം അവരെ മുറിപ്പെടുത്തിയോന്നറിയില്ല.
അവരെന്നോട് കണ്ണുകളടച്ച് അവരോടൊപ്പം പോകുവാനാവശ്യപ്പെട്ടു.
എവിടേയ്ക്കാണെന്ന ആകാംഷയോടെ ഞാനുമവരോടൊപ്പം യാത്രതുടങ്ങി.
മഞ്ഞനിറത്തിൽ നെല്ലുവിളഞ്ഞു നിൽക്കുന്ന നിറയെ പച്ചപ്പു നിറഞ്ഞ പാടത്തിനു നടുവിലൂടെയാണാദ്യം പോയത്.ഉൾക്കണ്ണിലൂടെയാണെങ്കിലും ഏറെ നാളുകൾക്കുശേഷംകണ്ട ഹരിതാഭ മനസ്സിനെ കുളിരണിയിച്ചു.പക്ഷികൾ കൂടണയാനായ് കൂട്ടത്തോടെ പറക്കുന്നപോലെ അക്ഷരങ്ങൾ മുന്നിലൂടെ ഒഴുകിയെനിയ്ക്കു വഴികാട്ടുന്നുണ്ട്.പിന്നീടവർ, പഴയമട്ടിലുള്ളതെങ്കിലും പ്രൗഡിതോന്നിക്കുന്നൊരു വീടിനു മുന്നിലെത്തി.അതിനടുത്തായി മനോഹരമായൊരു പൂന്തോട്ടം.പല വർണ്ണങ്ങളിൽ ചെറുതും വലുതുമായ പൂക്കൾ..പൂക്കളുടെ സൗരഭ്യം നുകർന്നു മയങ്ങി നിൽക്കവേ...നേർത്ത സംഗീതം കേൾക്കാൻ തുടങ്ങി..
'രേണൂ അങ്ങോട്ടു നോക്കൂ'.
അവർ പറഞ്ഞ ഭാഗത്തൊരു പതിനെട്ടു വയസ്സു പ്രായം വരുന്ന പെൺകുട്ടി പൂക്കളെ തലോടി നിൽക്കുന്നു..അവളാണു പാടുന്നത്.
വല്ലാത്ത ശാന്തതകളിയാടുന്ന മുഖം.കാറ്റടിച്ചു മുന്നിലേയ്ക്ക് വീഴുന്ന മുടിയിഴകളെ ഇടയ്ക്കിടെ മാടിയൊതുക്കുന്നുണ്ട്.ഓരോ ചെടികളെയും തൊട്ടുതലോടിയവൾ പതിയെ നീങ്ങവേയാണത് ശ്രദ്ധിച്ചത്..അവളുടെയൊരു കാൽ പൊയ്ക്കാലാണ്.
ഇടയ്ക്ക് പാട്ടു നിർത്തിയവൾ ചെടികളോടു സംസാരിയ്ക്കുന്നുണ്ട്.അല്പം കഴിഞ്ഞ് താഴെയിരുന്നൊരു പൂക്കുടയെടുത്ത്, വളരെ സൂക്ഷമതയോടെ പൂക്കളിറുത്തു വയ്ക്കുന്നു.
അക്ഷരങ്ങളവളുടെ കഥ പറഞ്ഞു തുടങ്ങി.
ഒരിയ്ക്കലീ വീടും പൂന്തോട്ടവും അവളുടേതായിരുന്നു..പത്തുവയസ്സുവരെ ഓടിക്കളിച്ചു വളർന്ന അവൾക്ക് ഒരപകടത്തിൽ കാലുനഷ്ടമായപ്പോൾ അച്ഛൻെറയും അമ്മയുടെയും മനക്കരുത്തിൽ,കൈത്താങ്ങിലവൾ പൊയ്ക്കാലൂന്നി നടന്നു..ഞങ്ങളോട് കൂടുതൽ കൂട്ടുകൂടി...ഇഷ്ടപ്പെടുന്നവരുടെ സങ്കടവും സന്തോഷവും ഞങ്ങളുടേതുമാണല്ലോ....അച്ഛൻ പറഞ്ഞുകൊടുത്ത വാചകങ്ങൾ എന്നുമവൾ ബുക്കിൽ കുറിച്ചിട്ടു...
'തളരില്ല...ഒരിയ്ക്കലും പ്രതീക്ഷകൈവെടിയില്ല'.
പിന്നീട് അമ്മയവൾക്ക് ചെടികൾ സമ്മാനിച്ചു...അതിലൂടെ അമ്മയും മകളും ചേർന്നൊരു പൂങ്കാവനമുണ്ടാക്കി.പ്ളസ്ടൂവിനവൾ നല്ല മാർക്കുവാങ്ങി പാസ്സായ സമയം അച്ഛൻെറ ബിസിനസ് തകർന്ന് കടബാധ്യതയിൽപെട്ടത് അവരുടെ സന്തോഷം തല്ലിക്കെടുത്തി..ഈ വീടും സ്ഥലവും വിറ്റുകടം വീട്ടിയ അവർ കുറച്ചു മാറിയൊരു ചെറിയ വാടകവീട്ടിൽ താമസംതുടങ്ങി.അച്ഛനൊരു കമ്പനിയിൽ ചെറിയ ജോലി കിട്ടി.
വീടു വാങ്ങിയവർ എങ്ങനെയൊക്കെ പരിപാലിച്ചിട്ടും ചെടികൾ പൂക്കാതെ വാടാൻ തുടങ്ങി..അവർക്ക് വെള്ളവും വളവും മാത്രം പോരായിരുന്നു.അവളുടെ സ്നേഹം അതില്ലാതെയവർ തളർന്നുപോയി..അവയും ജീവനുള്ളവയല്ലേ.
കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് ഇതുവഴി കടന്നുപോയ അവളൊരിയ്ക്കൽ ആ കാഴ്ചകണ്ട് പൂന്തോട്ടം സംരക്ഷിയ്ക്കാൻ തന്നെ അനുവദിയ്ക്കണമെന്ന് ഹൃദയം പൊട്ടികരഞ്ഞുകൊണ്ട് ഉടമസ്ഥരോടപേക്ഷിച്ചു.അവർ സന്തോഷത്തോടെയതിന് അനുവാദം നൽകി.അവളുടെ പരിചരണത്താൽ,ശരീരത്തിൽ നിന്നും നഷ്ടമായ ആത്മാവു തിരിച്ചു കിട്ടിയപോലെയവ ഊർജ്ജസ്വലരായി.
ചെടികളിൽ ഏറെ പൂക്കൾ വന്നു തുടങ്ങിയപ്പോൾ, വീട്ടുടമസ്ഥർ തന്നെയവളോട് ആ പൂവുകളിറുത്ത് ബൊക്കെകെട്ടി നൽകിയാലൊരു വരുമാനമാർഗ്ഗമാകുമെന്നുപദേശിച്ചു....ആദ്യമൊന്നും അവളതു കൂട്ടാക്കിയില്ല..പൂക്കളിറുക്കാനവളാഗ്രഹിച്ചില്ല.പിന്നീടവർ തന്നെയിറുത്ത് അവൾക്കു നൽകി...അതുകൊണ്ടവൾ മനോഹരമായ ബൊക്കെകളുണ്ടാക്കി തിരികെ നൽകി..വാടകവീടിനടുത്തായി ടാർപോളിൻകൊണ്ടു കെട്ടിമറച്ച കടയിൽ അവളുടെ പൂക്കളും ബൊക്കെകളും വില്പനക്കായി വച്ചു.ആദ്യമാദ്യം വലിയ ലാഭമൊന്നുമുണ്ടായില്ല...വിൽക്കാതെ ബാക്കി വരുന്നവ അമ്മ അടുത്തുള്ളവർക്കു നൽകി...അങ്ങനെ കേട്ടറിഞ്ഞ് പതിയെ പതിയെ അവളുടെ പൂക്കൾക്കും ബൊക്കെകൾക്കും ആവശ്യക്കാരേറി.പഠിത്തത്തിനൊപ്പം പൂന്തോട്ടം പരിപാലിക്കലും ബൊക്കെ നിർമ്മാണവും അവളൊരുമിച്ചുകൊണ്ടു പോകുന്നു..എല്ലാം തകർന്നിടത്തു നിന്നും ജീവിതമവർ മൂവരുംചേർന്നു തിരികെ പിടിക്കുകയായിരുന്നു...നോക്കൂ അവളിപ്പോളെന്തു സന്തോഷവതിയാണെന്ന്.എന്തെങ്കിലുമൊക്കെ പ്രതികൂല സാഹചര്യങ്ങൾ ജീവിതത്തിലുണ്ടാകുമ്പോൾ തളർന്നു മനസ്സുമടുപ്പിച്ച് ജീവിതം സങ്കടം നിറഞ്ഞതാക്കണോ...അതോ സ്വയം സന്തോഷം കണ്ടെത്തി വർണ്ണാഭമാക്കണോയെന്നത് നിനക്കു തീരുമാനിക്കാം.'
'അമ്മയെന്താ കുറേ നേരമായിട്ടീ ഡയറിയും തുറന്നു വച്ച് ചിന്തിച്ചിരിക്കണേ'.
മകൻെറ ചോദ്യംകേട്ടാപ്പോഴാണ് ചിന്തയിൽ നിന്നുണർന്നത്.മനസ്സിലൊരു പുതിയ പ്രകാശവുമായി അവനെനോക്കി ഞാൻ പുഞ്ചിരിച്ചു.
അക്ഷരങ്ങൾ തന്ന ഊർജ്ജവുമായി ഞാനെൻെറ പകുതിയാക്കി നിർത്തിയകഥയിലേക്ക് പേജുകൾ മറിച്ചു.
സരിത സുനിൽ
*************************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo