Slider

ഒരുദിനം

0
Image may contain: 2 people, text


Install Nallezhuth Android App from Google Playstore and visit "പുതിയ തുടർരചനകൾ " to read all chapters of long stories.

എന്നും രാത്രി ഭർത്താവിന്റെയും കുട്ടികളുടേയും കൂടെയല്ലേ നിന്റെ ഒരു ദിനം നിന്നെ ഒരുപാട് സ്നേഹിക്കുന്ന എനിക്കായി നൽകാമോ...
മൊബൈലിലെ ആ മെസേജ് കാണിച്ചിട്ട് മീന ചോദിച്ചു അല്ല എന്താണ് പ്രാന്താ നിന്റെ ഉദ്ദേശം നിമിഷനേരങ്ങൾ ആ മൊബൈലിലെ സ്ക്രീനിലേക്ക് നോക്കിയിരുന്നട്ടവൻ മുഖമുയർത്തി മീനയുടെ കണ്ണുകളിലേക്ക് നോക്കി കൺതടങ്ങളിൽ കറുപ്പ്‌ പടർന്നിട്ടുണ്ട് മുടിയിൽ ഇടയ്ക്കൊക്കെ വെളളി ഭംഗി വിരിച്ചിട്ടുമുണ്ട്
ഇങ്ങനെ നോക്കല്ലേ മനു നീ എന്റെ മുഖത്ത് അവൾ തന്റെ നോട്ടം തിരിച്ച് താഴെ വെള്ളത്തിനടിയിൽ നിന്നും വന്ന് തല പൊന്തിച്ച് നോക്കിയ ഒരു കരിമീനിലേക്കാക്കി കൊണ്ട് പറഞ്ഞു.
അവൾ പറഞ്ഞത് കേട്ടതിനാലാണോ ആ മീൻ ഒരു ശബ്ദത്തോടെയാ ആഴങ്ങളിലേക്ക് താഴ്ന്നു പോയി അവൻ ചിരിച്ച് കൊണ്ട് മുഖത്തെ കണ്ണട ഊരി പോക്കറ്റിൽ വച്ചു ആ മുഖത്തേക്ക് നോക്കി
ഈ കണ്ണടയിലൂടെ നിന്നെ കാണുമ്പോൾ ഭാര്യയും അമ്മയുമൊക്കെയായി കാണുന്നു അതില്ലാതെ ഈ കണ്ണുകൾ കൊണ്ട് നിന്നെ നോക്കി ഇരിക്കുമ്പോൾ കാണുന്നത് പതിനാലു വയസ്സുകാരി നീല പട്ടുപ്പാവാടക്കാരി പെണ്ണായിട്ടാണ്...
പിന്നെ പതിനാല്... അത് തിരിച്ചിട്ടിട്ട് പിന്നേം പത്തും കൂടെ ചേർക്കണം എന്റേം നിന്റെയും പഴക്കം മീന ചിരിച്ചു കൊണ്ടത് പറഞ്ഞപ്പോൾ ഭംഗിയാർന്നവളുടെ കണ്ണുകളും കൂടെ ചിരിക്കുന്നവൻ കണ്ടു
ആ കൺതടങ്ങളിലാ കറുപ്പു നിറമില്ല ഇപ്പോൾ ചന്ദനക്കുറിയിട്ട നെറ്റിയുമായി വിടർന്ന ചിരിയോടെ നിൽക്കുന്ന പാവാടക്കാരി പെണ്ണിന്റെ ചിത്രമായിരുന്നു അവന്റെ കൃഷ്ണമണികളിൽ പതിഞ്ഞ രൂപം
അപ്പോഴേ മോനെ ഉദ്ദേശം പറഞ്ഞില്ല എവിടേക്കാ ഈ യാത്ര മുഖത്തൽപ്പം ഗൗരവം വരുത്തിയുള്ള മീനയുടെ ചോദ്യം
മനു എഴുന്നേറ്റ് അകലേക്ക് നോക്കി
നാലു ചുറ്റും കായൽ
ദൂരെ കരയിൽ വെള്ളത്തിലേക്ക് ചാഞ്ഞ് പ്രണയിനിയുടെ കാതിൽ സ്വകാര്യം പറയാൻ നിൽക്കുന്ന കാമുകനെ പോലെ തെങ്ങിൻക്കൂട്ടങ്ങൾ
നിറഞ്ഞ വിദൂരമായ യാത്ര തുടങ്ങിയ സ്ഥലത്തെ കാഴ്ച ആ തെങ്ങോലകൾക്കിടയിലൂടെ ഒളിക്കാനായി താഴേക്ക് പോകുന്ന സൂര്യന്റെ കിരണങ്ങൾ ഒരു വലയ്ക്കകത്തുകൂടെ അരിച്ച് ഇറങ്ങുന്നത്പോലെയാ തെങ്ങോലകൾക്കിടയിലൂടെ വന്ന് ആ ജലത്തിൽ തട്ടി പ്രതിഫലിക്കുമ്പോൾ
ഋതുമതിയായവൾ പുലരിയിലെ തണുത്ത വെള്ളം ദേഹത്ത് വീണു തണുത്ത് ഇക്കിളി പൂണ്ടതു പോലെ കുണുങ്ങി ഒഴുകുന്നത് കാണാമായിരുന്നു
ഒരു ദുരുദ്ദേശവും ഇല്ല ജടായു പെണ്ണേ നിന്നെയും കൊണ്ട് ഒരു ദിനം ഈ കായലിന് നടുവിൽ കഴിയണം കഥകൾ പറയണം പാട്ടുകൾ പാടണം നിന്നോടൊപ്പം ഭക്ഷണം കഴിക്കണം
മതിവരുവോളം നിന്റെ കണ്ണിൽ തന്നെ നോക്കിയിരിക്കണം
നേർത്ത ശബ്ദത്തോടെ പ്രവർത്തിച്ചിരുന്ന മോട്ടോറിന്റെ ശബ്ദം നിന്നു വള്ളമൊന്നുലഞ്ഞപ്പോൾ അവൻ ദൂരെ കാഴ്ചയിൽ നിന്ന് തിരിഞ്ഞു
മീന ഇരുന്ന കസേരയിലെ വശങ്ങളിലെ പിടിയിൽ മുറുകെ പിടിച്ച് ചെറിയ ഭയത്തോടെ അവനെ നോക്കി
എന്താ രാമേട്ടാ.. അവൻ മുൻവശത്തെ മോട്ടോർ റൂമിലേക്ക് വിളിച്ചു ചോദിച്ചു
ഒന്നുമില്ല സാറേ ഇവിടെ നിർത്തിയിടട്ടെ
അകത്ത് നിന്നൊരു ചോദ്യം വന്നു
ഒരു കുഞ്ഞു സന്ദർശക മുറി പോലെ മനോഹരമായലങ്കരിച്ചിരിക്കുന്ന ആ ഈറ്റ തട്ടികൾ കൊണ്ടുണ്ടാക്കുയ കുഞ്ഞു മുറിയിലൂടെ ഇരുവശത്തെയും കുഞ്ഞു ജനാലകൾ വഴി കാണാം ഇരുവശവും വെള്ളം ഒരു കര കണ്ണെത്താ അകലെയാണ് തെങ്ങിന്റെ കുറ്റികൾ വെള്ളത്തിൽ അവിടവിടെയായി പൊങ്ങി നിൽക്കുന്നു ഒരു നീർ കാക്ക അതിലൊരു കുറ്റിയിൽ നിന്നും ചിറകടിച്ച് പറന്നുയർന്നു അതിന്റെ ചിറകിലെ വെള്ളം തെറിപ്പിച്ചൊരു ചിത്രം പോലെ ഉണ്ടാക്കി കൊണ്ടത് പറന്നകന്നു മഴയ്ക്ക് സാധ്യത ഉണ്ടെന്ന് തോന്നുന്നു സാറെ ആ തെങ്ങിന്റെ കുറ്റിയിലേക്ക് ആ വള്ളത്തിന്റെ കയർ കെട്ടി നിർത്തുമ്പോൾ അവിടേയ്ക്ക് ചെന്ന മനുവിനെ നോക്കി അയാൾ പറഞ്ഞു മെലിഞ്ഞുണങ്ങിയ ആ കറുത്ത മനുഷ്യന്റെ വേഷം ഒരു കള്ളി ലുങ്കിയും വെള്ള ബനിയനുമായിരുന്നു
അത് സാരമില്ല എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിക്കാം അപ്പോൾ വരുമല്ലോ...
വലിയ ആ വള്ളത്തിന്റെ കൂടെ കെട്ടി കൊണ്ട് വന്ന ഒരാൾക്ക് പോകാൻ പാകത്തിലുള്ള ചെറിയ വള്ളത്തിലേക്ക് കയറി അയാൾ സാർ വിളിച്ചാൽ മതി ഞാൻ വരാം എന്നു പറഞ്ഞ് തുഴഞ്ഞകന്നു.
മീനയ്ക്കൊന്നു ഫ്രഷ് ആകണമെങ്കിൽ ആകാം അകത്ത് അതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ട് ഒരുവശത്തെ വാതിൽ ചൂണ്ടി അവൻ പറഞ്ഞു
കുഞ്ഞു ടോയ്ലറ്റിനുള്ളിലെ പൈപ്പിൽ നിന്നും വെള്ളംകൈയിലെടുത്തവൾ മുഖമൊന്ന് കഴുകി നിവർന്നു ആ വാഷ്ബേസിനു മുന്നിലുള്ള കണ്ണാടിയിലേക്ക് നോക്കി അമ്പത്തി ഒന്ന് വർഷത്തെ ആയുസ്സ് കഴിഞ്ഞു വയസ്സായി താൻ മുടിയിൽ കറുപ്പ് നിറം കുറഞ്ഞു വരുന്നു
കണ്ണുകൾക്ക് താഴെ അത് ധാരാളം കാണാനുമുണ്ട് ഒരു വിരൂപമല്ലേ എന്റെ മുഖം എന്നിട്ടുമിവൻ പതിനാല് വയസ്സ് സ്കൂൾ കുട്ടിയാണ് പോലും കണ്ണാടിയിലെ മുഖം അവളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു
ഒരു വശത്തെ ചെറിയ കിളിവാതിലൂടെ പുറത്തെ കാഴ്ചയിൽ പകൽ മറഞ്ഞു കൊണ്ടിരിക്കുന്നതവൾ നോക്കി നിന്നു കുറച്ച് നേരം നടുക്കായലിൽ ഇപ്പോൾ രണ്ടുപേർ മാത്രം
ഒരു ടവ്വൽ കൊണ്ടവൾ മുഖവും കൈയ്യും തുടച്ചു കൊണ്ട് നടുത്തളത്തിലെ ചെറിയ മുറിയിലേക്ക് വന്നപ്പോൾ അവിടെ അവൻ ഭക്ഷണങ്ങൾ നിരത്തിയിരുന്നു
വരൂ കഴിക്കാം വിശക്കുന്നുണ്ടാകും അവൾ ഒന്നും മിണ്ടാതെ നിമിഷനേരങ്ങൾ അവനെ തന്നെ നോക്കി നിന്നു അമ്പത്തൊന്ന് വയസ്സിന്റെ ക്ഷീണമൊന്നും കാണാനില്ല എന്നാലും ആ മുഖത്ത് എന്തോ ഒളിഞ്ഞിരിക്കുന്നത് പോലെ ചിരിക്കുമ്പോഴും ആ കണ്ണുകൾക്കുള്ളിൽ ഒരു കരയുന്ന മുഖം ഉള്ളതുപോലെ ഇനിയത് തന്റെ തന്നെ മുഖം അവന്റെ കണ്ണിൽ കാണുന്നതാണോ എന്താ ചിന്തിക്കുന്നത് നിന്റെ കണ്ണൻ ചേട്ടനും മക്കളെയും പറ്റിയാണോ അതൊ ഞാൻ എന്തെകിലും പാതകത്തിനുള്ള പുറപ്പാടിലാണോ എന്നുള്ള പേടിയോ
അവന്റെ ചോദ്യം കേട്ടാണവൾ ചിന്ത വിട്ടത് ഏയ് ഒന്നുമില്ല എന്താ കഴിക്കാൻ എന്നു ചോദിച്ചു കൊണ്ടവൾ കസേരയിലേക്കിരുന്നു
എല്ലാം നിനക്കിഷ്ടപ്പെട്ടതെല്ലാം ഉണ്ട് നോക്ക് അവൻ ഓരോന്നായി അടപ്പ് തുറന്നു കാണിച്ചു കരിമീൻ പൊള്ളിച്ചത് സവാള വച്ച് അലങ്കരിച്ചിട്ടുണ്ട് കപ്പ മഞ്ഞൾ ഇടാതെ വേവിച്ചെടുത്തത് വലിയ ഞണ്ട് ഒരെണ്ണം അതുപോലെ പെരട്ടി വച്ചത് ഒരു പ്ലേറ്റിൽ പിന്നെ ചോറ് ചെമ്മീൻ തോരൻ അങ്ങനെ അവൾക്കിഷ്ടമുള്ളതൊക്കെ മാത്രം നിരത്തിയിരിക്കുന്നത് കണ്ട് അവൾ ഒന്ന് അമ്പരന്നു.
ഒരു പാത്രം അവൻ കൈയിൽ എടുത്തു ഇതിൽ എന്താണെന്ന് പറയാമോ മൂടി തുറക്കാതെ തന്നെ അവളെ നോക്കി ചോദിച്ചു
ഒന്നും മിണ്ടാതവൾ ഇല്ലെന്ന് തലയാട്ടുക മാത്രം ചെയ്തു അവൻ ആ അടപ്പ് തുറന്നു അവളുടെ മുഖത്തേക്ക് നീട്ടി തേങ്ങയ്ക്കുള്ളിലെ കുരുപ്പുകൾ ഒരു മൂന്നാലെണ്ണം ഭംഗിയായി നല്ല വെള്ള നിറത്തിൽ ചന്ദ്രനെ അടച്ചു വച്ചതു പോലെ അതിനകത്ത് ഇരിപ്പുണ്ട്.
ആ ഇനി ഒന്നു കൂടെ ഉണ്ട് എന്നു പറഞ്ഞെഴുന്നേറ്റവൻ ഒരു റിമോട്ട് എടുത്ത് നീട്ടി സ്വിച്ച് ഓൺ ചെയ്തു മധുരമായ പഴയൊരു ഹിന്ദി ഗാനം ലത മങ്കേഷ്ക്കറുടെ ശബ്ദത്തിൽ അവിടെ ശ്രദ്ധിച്ചാൽ മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഒഴുകിയെത്തി
ഈ പാട്ട് മീനയ്ക്ക് ഓർമ്മ ഉണ്ടോ തിരികെ വന്ന് കസേരയിലേക്കിരിക്കുമ്പോൾ അവൻ ചോദിച്ചു മറുപടി പ്രതീക്ഷിക്കാത്തത് പോലെ അവൻ തന്നെ അതും പറഞ്ഞു മുപ്പത്തെട്ട് വർഷങ്ങൾക്ക് മുൻപ് പത്താം ക്ലാസിൽ പഠിക്കുമ്പോൾ നീ സ്കൂളിലെ വാർഷികത്തിന് പാടിയ പാട്ടാണിത് അന്ന് നീ ഒരു മയിൽനീല നിറത്തിലെ പട്ടുപാവാടയും ജാക്കറ്റും ആയിരുന്നു വേഷവും ചന്ദ്രനെപ്പോലെയുള്ളാ മധുരം കത്തിയാൽ മുറിച്ച് കഷണങ്ങളാക്കി ഒരു പാത്രത്തിൽ അവൻ അവൾക്കായി നീട്ടി അവൾ അതിൽ നിന്നും ഒരു കഷണമെടുത്തു
നിനക്കിത് വലിയ ഇഷ്ടമാണെന്ന് പണ്ട് സ്കൂളിലെ കൂട്ടുകാരികളോട് പറഞ്ഞതായി ഞാൻ കേട്ടിട്ടുണ്ട് അവൾ അത് പതിയെ കഴിക്കാൻ തുടങ്ങി മഞ്ഞു കഷണങ്ങൾ കടിച്ച് കഴിക്കുന്നത് പോലെയാണ് അവൾക്ക് തോന്നിയത്.
എന്തിനെന്നറിയാതെ ആ കണ്ണുകൾ നിറഞ്ഞത് കാണാതിരിക്കാനായവൾ മുഖം കുനിച്ചിരുന്നു.
നിനക്കിഷ്ടമുള്ളത് നൽകുന്ന കൂട്ടത്തിൽ പ്രകൃതിയും എന്റെ കൂടെ ആണെന്ന് തോന്നുന്നു കണ്ടില്ലേ മഴ വരുന്നുണ്ട് ഭക്ഷണം കഴിച്ച് കഴിഞ്ഞ്
ആ വലിയ വള്ളത്തിന്റെ കൂടാരത്തിന് പുറത്തായി വശങ്ങളിലെ തടി പലകയിൽ ചാരി നിൽക്കുമ്പോഴവൻ പറഞ്ഞു
നാലു ചുറ്റും ഇരുട്ട് മാത്രം ഒരു വശത്തെ കരയിൽ വീടുകളിലെ മങ്ങിയ വെളിച്ചം കാണാം ഇരുട്ടായിട്ടും ഉറങ്ങാത്ത മീനുകൾ വെളളത്തിൽ നിന്നും പൊങ്ങി വന്ന് ചാടി കളിച്ച് ശബ്ദം ഉണ്ടാക്കുന്നുണ്ട്
നീ എന്തിനാ ഇത്രയും ഓർമ്മകൾ സൂക്ഷിച്ച് വച്ചിരിക്കുന്നത്
നീ എന്തിനാ എന്നെ ഇത്രയും ഇഷ്ടപ്പെടുന്നത് പണ്ട് നീ എന്നെ പിൻതുടരുന്നതിനാൽ എനിക്ക് നിന്നോട് വെറുപ്പായിരുന്നു
നിന്നെ ഞാൻ എന്നെങ്കിലും സ്നേഹിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ല..
അവൾ ദൂരേയ്ക്ക് നോക്കി തന്നെ പറഞ്ഞു നിർത്തി.
മഴയ്ക്ക് മുൻപായുള്ള തണുത്ത കാറ്റിൽ അവളുടെ മയിൽ നീല നിറത്തിലുള്ള സാരി പറന്നു കളിച്ചു അവൾ ആ സാരി എടുത്ത് പുതച്ച് കൊണ്ട് മറുപടിയ്ക്കായ് തിരിഞ്ഞവനെ നോക്കി
ഇല്ല മീന നീ എന്നെ ഇഷ്ടപ്പെട്ടിരുന്നു എനിക്കറിയാം പക്ഷേ അതെപ്പൊഴായാലും നഷ്ടപ്പെടലയിരിക്കും എന്ന് നിന്റെ മനസ്സിനറിയാമായിരുന്നതിനാൽ നീ അകന്നു നിന്നു മാത്രമല്ല ഞാൻ അന്ന് നോക്കുന്ന കണ്ണാടിയിൽ കാണുന്നത് നിന്റെ മുഖം ആയിരുന്നെങ്കിലും നീ കാണുന്നത് മറ്റൊരു മുഖം ആയിരുന്നു.
ജാതി എന്ന വേർതിരിവ് എന്റെ ഇഷ്ടത്തിന് അന്ന് തടസ്സമായിരുന്നെങ്കിൽ മതം എന്ന വേലി നിന്റെ ഇഷ്ടത്തിനും തടസ്സമായി
രണ്ടുപേരും മുഖത്തോടു മുഖം നോക്കി നിമിഷനേരങ്ങൾ മൗനമായ് കടന്ന് പോയി
ഞാൻ ഒരു സാധാരണക്കാരി ഈ കറുപ്പ് നിറത്തിൽ എന്തഴകാണ് ഉള്ളത് എന്നിട്ടും നീ മാത്രം വെറുതെ...
അവൻ എന്റെ കളിക്കൂട്ടുകാരനായിരുന്നു
കുഞ്ഞിലെ കിട്ടിയിരുന്ന ഒരു മുട്ടായി പോലും പങ്കുവച്ചു കഴിക്കുമായിരുന്നു. പ്രണയമുണ്ടായിരുന്നോ എന്നറിയില്ല...
പതിഞ്ഞ ശബ്ദത്തിലായിരുന്നു അവളുടെ സംസാരം
ഉണ്ടായിരുന്നു മീന അതങ്ങനെ പറഞ്ഞു കേൾക്കുന്നതിൽ എനിക്ക് സങ്കടമില്ല
പിന്നെ അഴക് അത് നിനക്ക് അറിയാഞ്ഞിട്ടാണ് ചിലപ്പോൾ പൂർവ്വ ജൻമബന്ധം കൊണ്ടാകാം നിന്നെ ആദ്യമായി കണ്ട രൂപം എന്റെ തലച്ചോറിൽ പതിഞ്ഞ അതെ അഴകോടെ ആണ് ഞാൻ ഇന്നും നിന്നെ കാണുന്നത് നിന്റെ മുഖം കണ്ട് നിൽക്കുന്നത് പോലെ ഒരു സന്തോഷം എനിക്ക് വേറെയില്ല അറിയാമോ...
അവന്റെ വാക്കുകളിൽ പ്രണയത്തിന്റെ ആവേശമായിരുന്നു
പോടാ പ്രാന്താ നിനക്ക് വട്ടാണ്...
അവൾ പറഞ്ഞു
എന്താ നിനക്ക് വിശ്വാസം വരുന്നില്ല അല്ലേ പ്രേമലേഖനത്തിലെ കേശവൻനായരെ പോലെ ഞാൻ ഇനി തലകുത്തി നിന്ന് കാണിക്കണോ നിനക്ക് വിശ്വസിക്കാൻ അതോ ഞാനീ കായലിലേക്ക് എടുത്ത് ചാടട്ടെ...
ഉം... ചാട് എന്ന് പറഞ്ഞത് മുഴുവനായി പുറത്ത് വന്നോ എന്നവൾ പോലും കേട്ടില്ല
മുന്നിൽ നിന്ന അവനെ കാണാനില്ല വലിയൊരു ശബ്ദത്തോടെ വെള്ളത്തിലേക്കവൻ ആഴ്ന്നു പോയി വായ് തുറന്നുള്ള അവളുടെ നിലവിളി പുറത്തേയ്ക്ക് വന്നതേയില്ല
വന്നാലും ആരു കേൾക്കാനാണ് വട്ടകായലിൽ കിടന്ന് ആ വൃദധ ശബ്ദം കറങ്ങുകയേയുള്ളു
നെഞ്ചിലെ രക്തയോട്ടം നിന്നതുപോലെ വേദനയിൽ അവൾ കൈകൾ അമർത്തി മുട്ടുകുത്തി അവിടേയ്ക്ക് ഇരുന്നു എല്ലാം അവസാനിച്ചത് പോലെ
ഒരു മരണം മുന്നിൽ കണ്ട സാക്ഷിയാകുമോ എന്നറിയാതെ........
തുടരാം
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo