Slider

ഒരു എൻട്രൻസ് കഥ

0
Image may contain: 1 person

"നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് ഡൌൺലോഡ് ചെയ്ത് പുതിയ തുടർ രചനകൾ എന്ന ഭാഗം സന്ദർശിക്കുക . തുടർക്കഥകൾ കൃത്യമായി വായിക്കാൻ ലളിതമായ ഒരു മാർഗ്ഗം "

രാവിലെ ഓഫീസിലേക്ക് പോകാനുള്ള എല്ലാ തയാറെടുപ്പുകളും കഴിഞ്ഞ് നിൽക്കുകയാണ് നയന. ബസ് വരാൻ ഇനിയും സമയമുണ്ട്. വീടിനടുത്ത് തന്നെയാണ് ബസ്റ്റോപ്പ്. അതുകൊണ്ട് ബസ് വരുന്ന സമയത്തിന് അഞ്ചു മിനിറ്റ് മുമ്പ് ഇറങ്ങിയാൽ മതി വീട്ടിൽ നിന്ന്.
ഇറങ്ങാനുള്ള നേരം ആകുന്നത് വരെ എന്ത് ചെയ്യും എന്ന് ആലോചിച്ച് നിൽക്കുമ്പോളാണ് പത്രം കണ്ണിൽ പെട്ടത്. അതെടുത്ത് നിവർത്തി. വാർത്തകൾ എല്ലാം സ്ഥിരം ഉള്ളത് തന്നെ. പീഡനം, കൊലപാതകം. അവൾ വേഗം പേജുകൾ മറിച്ചു.
പത്രം മടക്കി വക്കാൻ തുടങ്ങുമ്പോളാണ് ആ വാർത്ത ശ്രദ്ധയിൽ പെട്ടത്. എഞ്ചിനീയറിംഗ് ലാറ്ററൽ എൻട്രിക്ക് അപേക്ഷ ക്ഷണിക്കുന്നു. അവളുടെ മനസ്സിൽ ചെറിയൊരു മോഹം മുള പൊട്ടി.
ഡിപ്ലോമ കഴിഞ്ഞ നയന ഒരു ചെറിയ ഫിനാൻസ് സ്ഥാപനത്തിൽ ആണ് ജോലിക്ക് പോകുന്നത്. പഠിച്ച മേഖലയിൽ തന്നെ നല്ല ജോലി ലഭിക്കാഞ്ഞിട്ടല്ല അവൾ ഈ ചെറിയ ജോലിക്ക് പോകുന്നത്. വീട്ടിൽ നിന്നും പോയി വരാവുന്ന ദൂരത്തുള്ള ജോലിക്ക് പോയാൽ മതി എന്ന വീട്ടുകാരുടെ നിർദേശം അനുസരിക്കേണ്ടി വന്നതുകൊണ്ടാണ്. അവൾ പഠിച്ച വിഷയത്തിന് വീടിനടുത്ത് ജോലി കിട്ടാൻ ഒരു സാധ്യതയുമില്ല.
നയന ഒന്നുകൂടി ആലോചിച്ചു. എൻജിനീറിങ്ങിന് പഠിക്കണമെന്ന് അവൾക്ക് ആഗ്രഹം തോന്നി. അച്ഛനോട് ഒന്ന് ചോദിച്ചു നോക്കിയാലോ...? അവൾ പത്രവുമായി അച്ഛന്റെ അടുത്തേക്ക് നടന്നു.
അച്ഛാ... എഞ്ചിനീറിങ്ങിന് ചേരാൻ അപേക്ഷ കൊടുക്കേണ്ട സമയമാ... ഞാൻ ഒന്ന് എൻട്രൻസ് എഴുതി നോക്കിയാലോ...?
മറുപടിക്ക് രണ്ടാമതൊരു നിമിഷം കാത്ത് നിൽക്കേണ്ടി വന്നില്ല.
വേണ്ട... എത്രേം പെട്ടെന്ന് വല്ല കല്യാണവും ശരിയായാ മതി. അല്ലാണ്ടിനി എഞ്ചിനീറിങ്ങിന് പോകാണ്ടാ കേട്....
അവളുടെ ആഗ്രഹത്തെ തൃണവൽഗണിച്ചുകൊണ്ടുള്ള അച്ഛന്റെ മറുപടി അവളെ വേദനിപ്പിച്ചു. പത്തൊൻപതാം വയസ്സിൽ കല്യാണം. അവൾക്ക് വിഷമവും ദേഷ്യവും ഒരേസമയം വന്നു. ഒരു വാശിയിൽ അവൾ അച്ഛനെ എതിർത്ത് മറുപടി പറഞ്ഞു.
ഇല്ല... ഇപ്പൊ കല്യാണം കഴിക്കാൻ എനിക്ക് പറ്റില്ല. ഞാൻ എൻട്രൻസ് എഴുതും. അഡ്മിഷൻ വാങ്ങിക്കുകയും ചെയ്യും.
അച്ഛന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ വീടിന് വെളിയിലേക്കിറങ്ങി ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു
******
ഓഫീസിൽ എത്തിയിട്ടും നയനക്ക് ഒരു ഉന്മേഷവും തോന്നിയില്ല. അപ്പോൾ തോന്നിയ വാശിക്ക് എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ വീട്ടുകാരെ എതിർത്ത് തനിക്ക് ഒന്നും ചെയ്യാനാവില്ല എന്നവൾ വേദനയോടെ ഓർത്തു. എന്നാലും അച്ഛൻ തന്റെ ആഗ്രഹത്തെ അല്പം പോലും മാനിച്ചില്ലലോ എന്ന ചിന്ത അവളിൽ പിന്നെയും വാശി ഉണ്ടാക്കി.
ഉടൻ മൊബൈൽ എടുത്ത് നമ്പർ ഡയൽ ചെയ്തു.
കിഷോർ ഞാനാണ് നയന.
ഹാ... എന്തെ ഇത്ര രാവിലെ?
ഒന്നൂല്യടാ... ഞാൻ ഒരു കാര്യം അറിയാനാ വിളിച്ചെ.
എന്തെ?
ഈ ലെറ്റ് എക്സാം എഴുതാൻ എന്തൊക്കെയാ ചെയ്യണ്ടേ എന്നറിയാനാ...
ആർക്കാ?
എനിക്കാ...
ഹേ... നീ ലെറ്റ് എഴുതാൻ പോവാണോ?
ഹും... അങ്ങനെ ഒരാഗ്രഹം. കാര്യങ്ങൾ എങ്ങിനെയാ എന്നൊക്കെ അറിഞ്ഞിട്ട് വേണം എഴുതണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ...
അതിപ്പോ എനിക്ക് വലിയ പിടി ഇല്ലടി... ഒരു കാര്യം ചെയ്യ് നീ മിഥുനിനെ ഒന്ന് വിളിച്ച് നോക്ക്. അവൻ എഴുതുന്നുണ്ടെന്നാ കേട്ടത്.
ആണോ? ഓക്കേ ഡാ... താങ്ക്യൂ...
ശരി ഡീ... ബൈ.
കോൾ ഡിസ്കണക്ട് ആയിട്ട് അവൾ ഒന്നുകൂടി ആലോചിച്ചു. ഇത് വേണോ? വേണം. ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ അവൾക്ക് തോന്നി. പിന്നെ വീണ്ടും ഫോണെടുത്ത് മിഥുനിന്റെ നമ്പർ ഡയൽ ചെയ്തു.
******
ജോലി കഴിഞ്ഞ് തിരികെ എത്തുമ്പോളേക്കും നയന വല്ലാതെ തളർന്ന് പോയിരുന്നു. ജോലി ഭാരത്തേക്കാൾ ഇന്നത്തെ സംഭവങ്ങളുടെ ടെൻഷൻ അവളെ കൂടുതൽ തളർത്തി. തന്റെ അഭിപ്രായത്തിനെ അച്ഛൻ എതിർക്കും എന്നും അതിന്റെ പേരിൽ വഴക്ക് ഉണ്ടാകുമെന്നും അവൾ ഭയന്നു. പക്ഷെ, എന്തോ.. പിന്മാറാൻ അവളുടെ മനസ്സ് അനുവദിച്ചില്ല. വേണ്ടെന്ന് ചിന്തിക്കുംതോറും വേണമെന്ന് ആരോ ഉള്ളിലിരുന്ന് പറയുന്നു.
പ്രതീക്ഷിച്ച പോലെയുള്ള വിപ്ലവം ഒന്നും വീട്ടിൽ ഉണ്ടായില്ല. ഒരു മൗന പ്രതിഷേധം ആണ് ഉണ്ടായത്. എല്ലാവരിലും അതുണ്ടായിരുന്നു എന്ന് മാത്രം. ആ അവസ്ഥ അവളെ ഏറെ വേദനിപ്പിച്ചു.
പിറ്റേന്ന് അപേക്ഷ അയക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ആയിരം രൂപയുടെ ഡിഡി എടുക്കണം. ശമ്പളം കിട്ടാൻ ഇനിയും ദിവസങ്ങൾ എടുക്കും. കൈയിൽ കാശില്ല. എന്ത് ചെയ്യും എന്നവൾക്ക് ഒരു രൂപവും കിട്ടിയില്ല.
ആ നേരത്താണ് കൂടെ ജോലി ചെയ്യുന്ന ജെയിംസ് ചേട്ടൻ അവളുടെ മുഖത്തെ വിഷാദം ശ്രദ്ധിച്ചത്.
എന്ത് പറ്റി?
ഹേയ്... ഒന്നൂല്യ...
എന്തോ ഉണ്ടെന്ന് മനസ്സിലായി. ഞാൻ ചോദിച്ച് ബുദ്ധിമുട്ടിക്കുന്നില്ല.
ഒന്നൂല്യ ജെയിംസ് ചേട്ടാ... ഒരു ആയിരം രൂപയുടെ അത്യാവശ്യം. കാശില്ല. അതാ...
അത്രേ ഉള്ളു. ഞാൻ തരാം.
ഹേയ് വേണ്ട. എനിക്ക് ഉടനെ തിരിച്ച് തരാൻ പറ്റില്ല. ശമ്പളം കിട്ടിയിട്ടെ പറ്റു.
അതിനെന്താ... ശമ്പളം കിട്ടുമ്പോ തന്നാ മതി. ആട്ടെ. എന്തിനാ രൂപ?
എഞ്ചിനീയറിംഗ് എൻട്രൻസിന് അപേക്ഷ അയക്കാനാ... ഡിഡി എടുക്കണം. അതിനാ രൂപ...
ആണോ... പറയണ്ടേ... ദാ... ഇപ്പൊ തന്നെ പിടിച്ചോ. ഈ നല്ല കാര്യത്തിനാണെങ്കിൽ എന്താ ചോദിക്കാൻ മടിച്ച് നിൽക്കുന്നെ?
അതല്ല. കടം വാങ്ങേണ്ടേ എന്ന് കരുതിയാ ഞാൻ സംശയിച്ചേ...
ഹേയ് അങ്ങനെ മടിച്ച് നിൽക്കേണ്ട. എത്രയും വേഗം അപ്ലിക്കേഷൻ അയക്ക്. അഡ്മിഷൻ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം.
ജെയിംസ് ചേട്ടന്റെ ആ വാക്കുകൾ അവൾക്ക് മുറിവിൽ പുരട്ടുന്ന തേൻപോലെയാണ് തോന്നിയത്. അന്യനായ ഒരാൾ പോലും തന്നെ സപ്പോർട്ട് ചെയ്യുന്നു. പണം തന്ന് സഹായിക്കുന്നു. എന്നിട്ടും തനിക്ക് വേണ്ടപ്പെട്ടവർ ശത്രുപക്ഷത്താണല്ലോ എന്നവൾ ഓർത്തു.
ചേട്ടാ... പരമാവധി വേഗം ഞാൻ ഈ പണം തിരികെ തരാം കേട്ടോ...
നീ പതുക്കെ തന്നാ മതി. നീ ആദ്യം എക്സാമൊക്കെ ഭംഗിയായി എഴുത്.
അദ്ദേഹത്തിന്റെ വലിയ മനസ്സിൽ അവൾക്ക് സന്തോഷം തോന്നി. അധികം വൈകാതെ അവൾ അപേക്ഷക്ക് വേണ്ട തയ്യാറെടുപ്പുകൾ നടത്തി.
പഠിച്ചിരുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ കൈയിൽ നിന്നും ഒരു ഒപ്പ് വാങ്ങണം അപേക്ഷയിൽ. പിറ്റേന്ന് തന്നെ അവൾ അതിനായി പുറപ്പെട്ടു. കോളേജിൽ ചെന്നപ്പോൾ ആണറിഞ്ഞത് പ്രിൻസിപ്പൽ പുതിയ ആളാണ്. അതും ഒരു സ്ത്രീ. താൻ പഠിക്കുമ്പോൾ ഉണ്ടായിരുന്ന ആൾ സ്ഥലമാറ്റം കിട്ടി പോയിരിക്കുന്നു.
അല്പം വിഷമം തോന്നാതിരുന്നില്ല. പഴയ പ്രിൻസിപ്പൽ നല്ല ആളായിരുന്നു. തനിക്ക് പരിചയവുമുണ്ട്. കാര്യം എളുപ്പത്തിൽ നടന്നു കിട്ടിയേനെ. ജോലി സ്ഥലത്ത് നിന്ന് അല്പനേരത്തെ ലീവ് വാങ്ങിയാണ് വന്നിരിക്കുന്നത്. തിരികെ അവിടേക്ക് തന്നെ മടങ്ങണം. ഇതിനായി ഒരു ദിവസം ലീവെടുത്താൽ അന്നത്തെ ശമ്പളം നഷ്ടമാകും.
അപേക്ഷയുമായി പ്രിൻസിപ്പൽ റൂമിന് വെളിയിൽ കാത്തു നിന്നു. ഏറെ നേരം ആ നിൽപ്പ് തുടർന്നു. ഒടുവിൽ അകത്തേക്ക് വിളിക്കപ്പെട്ടു. അകത്തേക്ക് കടന്നപ്പോൾ തന്നെ അവൾക്ക് മനസ്സിലായി. പഴയ പ്രിസിപ്പലിനെ പോലെ അല്ല. ആളല്പം ചൂടത്തിയാണ്.
തന്റെ അപേക്ഷ നീട്ടി. കലി കയറിയ മുഖത്തോടെ അവർ ഒന്ന് നോക്കി. പിന്നെ തന്റെ മുഖത്തേക്കും. പിന്നെ ഒരു ആക്രോശമായിരുന്നു. ഇതിൽ എഴുതിയിരിക്കുന്ന സാക്ഷ്യപത്രം എല്ലാം തെറ്റാണ് എന്ന് പറഞ്ഞ് തന്റെ നേരെ ഒരു ചാട്ടമായിരുന്നു.
ഭയന്ന് പോയ നയന രണ്ടടി പുറകിലേക്ക് നീങ്ങി. ആ സ്ത്രീ പിന്നെയും എന്തൊക്കെയോ പറഞ്ഞ് ബഹളം വച്ചു. പിന്നെ അപേക്ഷയിൽ ചുവന്ന മഷി കൊണ്ട് ഒരു വെട്ട്. ആ വെട്ട് തന്റെ നെഞ്ചിലാണ് കൊണ്ടതെന്നും ആ ചുവപ്പ് തന്റെ രക്തമാണെന്നുമാണ് നയനക്ക് അപ്പോൾ തോന്നിയത്.
കണ്ണീരോടെ അവൾ ആ മുറിയിൽ നിന്നിറങ്ങി. ഇനി എന്ത് ചെയ്യും? ഒരായിരം ചിന്തകൾ അവളെ വന്ന് മൂടി. അച്ഛനെ ധിക്കരിച്ചതിന് ദൈവം തന്നെ ശിക്ഷിക്കുകയാണോ? അവൾ വേദനയോടെ നിന്നു. ഒന്നും വേണ്ട. മടങ്ങി പോകാം എന്ന് കരുതിയപ്പോളും ആരോ അവളെ പിടിച്ചു നിർത്തുംപോലെ തോന്നി. ഇനിയും ഒരു പരീക്ഷണം വേണോ എന്ന് ശങ്കിച്ചെങ്കിലും പിന്മാറാൻ കൂട്ടാക്കാത്ത മനസ്സുമായി അവൾ ലൈബ്രറിയിലേക്ക് നടന്നു.
ലൈബ്രേറിയൻ നേരത്തെ പരിചയമുള്ള ആളാണ്. ഉണ്ടായതെല്ലാം പറഞ്ഞപ്പോൾ അദ്ദേഹം സഹായിക്കാം എന്ന് ഏറ്റു. ഒരു വൈറ്റ്നർ എടുത്ത് അപേക്ഷയിലെ ചുവന്ന മഷി മായ്ച്ചു കളഞ്ഞു. എന്നിട്ട് ഫോട്ടോസ്റ്റാറ്റ് എടുത്ത് അതിൽ രണ്ടാമത് വേണ്ടതെല്ലാം ഫിൽ ചെയ്ത് തന്നു.
അദ്ദേഹത്തിന് ഒരു മാലാഖയുടെ രൂപം ആയിരുന്നു അപ്പോൾ അവൾക്ക് തോന്നിയത്. നയനക്ക് കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു. ലൈബ്രറിയനോട് നന്ദി പറഞ്ഞ് അവൾ വീണ്ടും പ്രിൻസിപ്പലിന്റെ മുന്നിലെത്തി.
ഇത്തവണ എന്തോ, ദേഷ്യം അൽപ്പം കുറഞ്ഞ പോലെ. കടുപ്പിച്ച് ഒന്ന് നോക്കുക മാത്രം ചെയ്ത് അവർ ഒപ്പിട്ട് തന്നു. സന്തോഷത്തോടെ അത് വാങ്ങി അവൾ പുറത്തേക്ക് നടന്നു.
വെളിയിൽ തന്റെ ടീച്ചർ നിൽക്കുന്നത് അപ്പോളാണ് അവൾ കണ്ടത്. നയന ടീച്ചറിന്റെ അടുത്തേക്ക് ഓടി ചെന്നു.
ആഹ്... നയന... എന്താ ഇവിടെ?
ഞാൻ... ലെറ്റ് എഴുതാൻ അപ്ലിക്കേഷൻ സൈൻ ചെയ്യിക്കാൻ വന്നതാ...
ആഹ്... നല്ല കാര്യം. കോച്ചിങ്ങിന് പോകുന്നുണ്ടോ?
ഇല്ല മിസ്സ്... ഞാൻ...
സാരമില്ല. വേണ്ട വിധം പഠിച്ചാൽ മതി. പഠിച്ച് തുടങ്ങിക്കാണും അല്ലെ. എക്സാം ഒരു മാസത്തിനകം ഉണ്ടാകും.
അവൾ പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. ഒരു കഠാര കുത്ത് ഏറ്റ പോലെ അവൾ നിന്നു. അപേക്ഷ അയക്കണോ എന്ന് പോലും നിശ്ചയിച്ചില്ല. എക്സാം ഒരു മാസത്തിനകം കാണുമത്രെ. ആ ആധി അവളെ വിഷമത്തിലാക്കി. പിന്നീട് ടീച്ചർ പറഞ്ഞതൊന്നും അവളുടെ കാതുകളിൽ വീഴുന്നുണ്ടായിരുന്നില്ല.
താൻ കൊച്ചിങ്ങിനും പോകുന്നില്ല. ഒരു പുസ്തകം പോലും വാങ്ങിയിട്ടില്ല. എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്? പിന്മാറാൻ ഇനിയും സമയം വൈകിയിട്ടില്ല. അവൾ പിന്നെയും ചിന്തിച്ചു.
തിരികെ ഓഫീസിൽ എത്തിയിട്ടും ആ ചിന്തകൾ തന്നെയായിരുന്നു നയനയുടെ മനസ്സിൽ. ഒന്നും വേണ്ട. എല്ലാം മറന്നു കളഞ്ഞേക്കാം. എഞ്ചിനീയറിംഗ് എന്ന മഹാഭാഗ്യം ഒന്നും നമുക്ക് വിധിച്ചിട്ടില്ല എന്ന് കരുതാം. അച്ഛൻ പറഞ്ഞപോലെ ഏതെങ്കിലും ഒരുത്തനെ കല്യാണം കഴിച്ച് ജീവിക്കാം. അതിൽ കൂടുതലും ആഗ്രഹിച്ചിട്ട് കാര്യമില്ല. അവൾ ആകെ നിരാശപ്പെട്ടു പോയിരുന്നു.
അവളുടെ മനസ്സിലെ വിഷാദം മുഖത്ത് പ്രകടമായിരുന്നു. എന്ത് പറ്റി എന്ന് പലരും ചോദിച്ചെങ്കിലും ആരോടും ഒന്നും അവൾ പറഞ്ഞില്ല. പക്ഷെ ജെയിംസ് ചേട്ടനോട് മാത്രം അവൾ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു. നന്നായി ആലോചിച്ച ശേഷം അദ്ദേഹം മറുപടി പറഞ്ഞു.
നീ എന്തായാലും ആഗ്രഹിച്ചതല്ലേ... വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു. ഇനിയിപ്പോ സമയമില്ല എന്ന് പറഞ്ഞ് എക്സാം എഴുതാതിരിക്കണ്ട. ചുമ്മാതാണെങ്കിലും ഒന്നെഴുതി നോക്ക്. കിട്ടിയാൽ കിട്ടട്ടെ. ഇല്ലെങ്കിൽ വേണ്ട. നമുക്ക് അടുത്ത തവണ ഒന്നുടെ ശ്രമിക്കാമല്ലോ.
അവൾ അദ്ദേഹത്തെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. പിന്നെ നിരാശയോടെ മുഖം താഴ്ത്തി.
ഇല്ല ചേട്ടാ... ഒന്നും നടക്കില്ല. പഠിക്കാൻ സമയമില്ല. ജോലിക്ക് വരണ്ടേ? ഒരു മാസം കൊണ്ട് ഒന്നും ആകാൻ പോകുന്നില്ല. മാത്രവുമല്ല. അപേക്ഷ അയക്കാൻ ഇനി ജാതി സെർട്ടിഫിക്കറ്റ് കൂടി വേണം. അതെടുക്കാൻ അച്ഛനും കൂടി വില്ലജ് ഓഫീസിൽ വരണം. അദ്ദേഹം വരുമെന്ന് തോന്നുന്നില്ല. ഞാൻ എൻട്രൻസ് എഴുതുന്നതിൽ അവർക്ക് ഒട്ടും താല്പര്യമില്ല. എത്രേം പെട്ടെന്ന് എന്റെ കല്യാണം നടത്തി ബാധ്യത ഒഴിവാക്കണം എന്നാ അവർക്ക്.
ഒരു നിമിഷം ജെയിംസ് മിണ്ടാതെ ഇരുന്നു.
നീ ഇങ്ങനെ വിഷമിക്കല്ലേ.. ഒന്നും ശ്രമിക്കാതെ നടക്കില്ല എന്ന് പറയരുത്. നീ ചോദിച്ചു നോക്കിയോ അച്ഛനോട് വില്ലജ് ഓഫീസിൽ വരുമോ എന്ന്?
ഇല്ല.
എന്നാൽ ഇന്ന് പോയി ചോദിക്ക്. അച്ഛൻ വരും. അതും കൂടി കിട്ടിയാൽ അപേക്ഷ അയക്ക്. എന്നിട്ട് ബുക്ക് വാങ്ങി ഉള്ള ദിവസം പഠിക്ക്. ജോലി കഴിഞ്ഞുള്ള സമയത്ത് പറ്റുന്നത് പഠിച്ചാൽ മതി. എന്നിട്ട് കിട്ടിയില്ലെങ്കിൽ വേണ്ട. അടുത്ത വർഷം ഒന്നും കൂടെ നന്നായി ശ്രമിക്കാം.
നയനക്ക് ആ വാക്കുകളിൽ അല്പം ആത്മവിശ്വാസം ഒക്കെ തോന്നി.
ഒക്കെ നടക്കും. ശ്രമിച്ചാൽ... ഇങ്ങനെ നിരാശപെടുന്നതിന് മുൻപ് ശ്രമിക്ക്. എന്നിട്ടും തോൽക്കുകയാണെങ്കിൽ പോട്ടെ എന്ന് വെക്ക്. അത്രേ ഉള്ളു മോളെ...
ചേട്ടനെങ്കിലും എന്റെ മനസ്സ് കാണാൻ പറ്റുന്നുണ്ടല്ലോ. എന്റെ വീട്ടിൽ ആരും ഇപ്പൊ എന്നോട് മിണ്ടുന്നു പോലും ഇല്ല. ചേട്ടൻ എന്നെ സപ്പോർട്ട് ചെയ്യുന്നു. അവർ എന്നോട് പ്രതിഷേധിക്കുന്നു.
സാരമില്ല മോളെ... നീ എനിക്ക് എന്റെ അനിയത്തിക്കുട്ടിയെപോലെ ആണ്. നീ ഇവിടെ ജോയിൻ ചെയ്തപ്പോൾ മുതൽ എനിക്ക് അങ്ങനെയേ തോന്നിയിട്ടുള്ളൂ. ആ സ്നേഹം ഉള്ളതുകൊണ്ടാ ഞാൻ ഇത്രേം പറഞ്ഞത്. എല്ലാം നന്നായി വരും. നീ വിഷമിക്കാതെ സമാധാനമായി ഇരിക്ക്.
നയനക്ക് നല്ല ധൈര്യവും ആത്മവിശ്വാസവും തോന്നി. സ്വന്തം സഹോദരൻ പോലും കാണിക്കാത്ത സ്നേഹം ഒരു സഹപ്രവർത്തകൻ തരുന്നു. വീട്ടിൽ നിന്നും കിട്ടേണ്ട സപ്പോർട്ട് തരാൻ അന്യനൊരാൾ വേണ്ടി വന്നു. അവൾ സമാധാനത്തോടെ ഇരുന്നു.
വീട്ടിൽ എത്തിയപ്പോൾ അവൾ അച്ഛനോട് നേരിട്ട് സംസാരിച്ചു.
അച്ഛാ... നാളെ എന്റെ കൂടെ വില്ലജ് ഓഫീസിലേക്ക് ഒന്ന് വരണം. എൻട്രൻസിന് അപേക്ഷ അയക്കാൻ. ജാതി സെർട്ടിഫിക്കറ്റ് കൂടി വേണം. അത് വാങ്ങാനാണ്.
ഒരു മറുപടിക്കായി അവൾ അച്ഛന്റെ മുഖത്തേക്ക് നോക്കി നിന്നു.
(തുടരും)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo