നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

താലി


മുറിയിൽ ചിതറി കിടക്കുന്ന സാധനങ്ങൾ അടുക്കി വെയ്ക്കുമ്പോൾ ഉടനെ വീട്ടിലേക്കു പോകണമെന്ന് തന്നെയായിരുന്നു ഞാൻ വിചാരിച്ചിരുന്നത്.അറിയില്ലായിരുന്നു..ഈ ദേഷ്യം എനിക്ക് സഹിക്കാവുന്നതിനപ്പുറം പോകുമെന്ന്... കാലഭേദങ്ങൾ പോലെ ആ സ്വഭാവം മാറി മറിയുന്നത് ആദ്യം ഒക്കെ ഏതൊരു സാധാരണ മനുഷ്യനെയും പോലെ മാത്രമേ ഞാൻ കരുതിയുള്ളൂ.
അവനു പെട്ടെന്ന് ദേഷ്യം വരും മോളൊന്നു അഡ്ജസ്റ്റ് ചെയ്തു നിൽക്കണം എന്ന് അദേഹത്തിന്റെ അമ്മ പറഞ്ഞപ്പോളും എനിക്ക് ഒന്നും തോന്നിയില്ല കാരണം എന്റെ അച്ഛന്റെ മുൻകോപം കണ്ടു വളർന്നത് കൊണ്ട് അങ്ങിനെ മാത്രമേ കരുതിയുള്ളൂ. പക്ഷെ അറിയാതെ തിരിച്ചു ഒരു വാക്ക് പറഞ്ഞാൽ മുഖം മാറിയാൽ പൊട്ടിത്തകരുന്ന പാത്രങ്ങൾ..ചുവക്കുന്ന മുഖം. ഇറങ്ങി ഒരു പോക്കാണ്. മൂന്നോ നാലോ ദിവസം കഴിഞ്ഞു വരും അപ്പോൾ ആൾ ശാന്തനായിരിക്കും. സ്നേഹത്തിന്റെ കൊടുമുടിയിലേക്കു കൊണ്ട് പോവും. മാളു എന്ന് വിളിക്കുന്ന വിളിയൊച്ചയിൽ പ്രണയത്തിന്റെ ഹിമാലയം ഉണ്ടാവും
പക്ഷെ പെട്ടെന്ന് അത് മാറി മറിയും.. ഒരു വാക്കിൽ ഒരു നോക്കിൽ അഗ്നിപർവതം പുകഞ്ഞു തുടങ്ങും... ഇക്കുറി അത് അമ്മ വന്നു പോയതിനെ ചൊല്ലിയരുന്നു. ഒന്നും രണ്ടും പറഞ്ഞു വഴക്കായി. പതിവ് പോലെ മുറിയിലെ സാധനങ്ങൾ വലിച്ചെറിയപ്പെട്ടു. പോകാൻ താൻ ബാഗ് ഒരുക്കിയതായിരുന്നു. ആ മുഖത്തിന്റെ തളർച്ച കണ്ടപ്പോൾ പിൻവലിഞ്ഞു...
നമുക്കു ഒരു ഡോക്ടറെ കാണാം എന്ന് പറഞ്ഞതിനായി അടുത്ത വഴക്ക്.. പിടിച്ച പിടിയാലേ കാറിൽ കയറ്റി സ്വന്തം വീട്ടിലാക്കി പോകുകയും ചെയ്തു. ഒറ്റ മകൾക്കീ ഗതി വന്നല്ലോ എന്നോർത്ത് അമ്മ കരയാത്ത ദിവസങ്ങളില്ല. എനിക്ക് പക്ഷെ എല്ലാ ദേഷ്യവും മാറിയിരുന്നു. ഒന്ന് കണ്ടാൽ മതി എന്ന് തോന്നി തുടങ്ങിയിരുന്നു.. അച്ഛൻ അന്ന് വൈകിട്ടു വന്നത് ഏട്ടൻ ഒപ്പിട്ട വിവാഹമോചന കടലാസുമായാണ്. ഞാൻ ഏറെ നേരം അതും പിടിച്ചു ഓരോന്നോർത്തിരുന്നു..അച്ഛൻ പ്രകോപിച്ചിട്ടുണ്ടാകും അപ്പോൾ ഒപ്പിട്ടു കൊടുത്തിട്ടുണ്ടാകും എന്നൊക്കെ ആലോചിച്ചിട്ടും ഉള്ളിലെ തീ അടങ്ങിയില്ല. ഏട്ടന്റെ ചിരി നോട്ടം... ഉമ്മ.. ഒന്നിച്ചുണ്ടായിരുന്ന ദിനരാത്രങ്ങൾ.. ഇത്രയുമേ ഉണ്ടായിരുന്നുള്ളൂ താൻ ആ മനസിലെന്നു ഓർത്തപ്പോൾ.....
ബ്ലേഡ് ഞരമ്പിലേക്കു ചേർത്തു വെയ്ക്കുമ്പോൾ ഒട്ടും പേടി തോന്നിയില്ല..ഏട്ടന് വേണ്ടാത്ത എന്നെ എനിക്ക് എന്തിനാണ് എന്നെ തോന്നിയുള്ളൂ
പക്ഷെ ബോധം മറയുമുന്നേ ആ ശബ്ദം കേട്ടു . എനിക്ക് അവളെ കാണണം എന്നാ അലർച്ചയും കെട്ടു... ഏട്ടന്റെ നെഞ്ചിൽ ചേർന്നായിരുന്നു കണ്ണുകൾ അടഞ്ഞു പോയതും
"എവിടെ വേണേൽ വരാം മുത്തേ... എന്ത്‌ വേണേൽ ചെയ്യാം "
ഒരു കൊച്ചുകുഞ്ഞിനെ പോലെ കാലിൽ മുഖമണച്ചു കരയുന്ന മുഖം നെഞ്ചിലണയ്ക്കാനാ തോന്നിയെ.. ഏതു രോഗം ആണേലും ഞാൻ ഈ ആളിനെ വേണ്ട എന്ന് വെക്കില്ല എന്ന് അമ്മയോടും അച്ഛനോടും പറഞ്ഞു വീട് വിട്ടിറങ്ങുമ്പോൾ..ഡോക്ടറെ കാണും മുന്നേ ക്ഷേത്രത്തിലൊന്ന് പോകണം എന്ന് തോന്നി... താലി മാല ഒന്ന് കൂടി പൂജിച്ചു...ഒരിക്കലും പിരിയരുതേ എന്ന് പ്രാർത്ഥിച്ചു..
ഇതത്ര വലിയ അസുഖം ഒന്നുമല്ല.. യോഗയും മെഡിറ്റേഷനും ഒക്കെ കൊണ്ട് നിയന്ത്രിക്കുന്ന ചെറിയ പ്രശ്നം ആണ് എന്ന് ഡോക്ടർ പറഞ്ഞപ്പോൾ... ആ മുഖം വെറുതെ ഒന്ന് നോക്കി...കണ്ണു നിറഞ്ഞിട്ടുണ്ട് അത് മറച്ചാണ് ചിരി...എനിക്ക് മനസിലാകില്ലേ....ഇനി ഇതല്ല എങ്കിൽ കൂടി ഈ താലി എന്റെ മരണം വരെ എന്റെ നെഞ്ചിലുണ്ടാവും എന്ന് ഞാൻ ഉറപ്പിച്ചിരുന്നു... അത്രയ്ക്ക് ഞാൻ സ്നേഹിച്ചു പോയിരുന്നു.
By: Ammu Santhosh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot