നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അതാരായിരുന്നു???

Image may contain: 1 person, selfie, closeup and indoor

"ഇനീം കുറെ നടക്കാനുണ്ടോ അച്ഛാ..?"
"കുറച്ചൂടി ഉണ്ടല്ലോ മോളെ...
എന്തേ മോള് ക്ഷീണിച്ചോ?
ഭഗവാനെ മനസ്സിലോർത്ത് നടന്നാ മതി കേട്ടോ.."
"ഉം..."
ചെരിപ്പിടാത്ത കാലുകൾ പരമാവധി നീട്ടിവലിച്ച് ഞാൻ നടന്നു..
മനസ്സിൽ പൊന്നുപതിനെട്ടാം പടിയും അയ്യപ്പ സ്വാമിയുടെ രൂപവും മാത്രമായിരിക്കണം എന്ന് അച്ഛനിടയ്ക്ക് ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു..
അതിനിടയിൽ എപ്പോഴോ അമ്മയെ ഓർത്തു...ആദ്യായിട്ടാ അമ്മയെ പിരിഞ്ഞ് ഇത്രയും ദൂരം..
രാവിലെ ഉണ്ടായ ഛർദ്ദിയും ദീർഘദൂര യാത്രയും എന്റെ കുഞ്ഞു ശരീരത്തെ ഒരുപാട് ക്ഷീണിപ്പിച്ചിരുന്നു ..
ഓരോ സ്ഥലത്തെത്തുമ്പോഴും അച്ഛനും കൂടെയുള്ള പ്രായമുളള ഗുരുസ്വാമിയും ആ സ്ഥലത്തിന്റെ പേരുകളും പ്രത്യേകതകളും പറയുന്നുണ്ടാരുന്നു..
അപ്പാച്ചിമേട്ടിൽ കല്ലെറിഞ്ഞു..
പിന്നെയും കുറെ മുന്നോട്ട്..
ഒടുവിൽ ഞങ്ങൾ ലക്ഷ്യ സ്ഥാനത്തെത്തി.
പൊൻപ്രഭയിൽ കുളിച്ചു നിൽക്കുന്ന പതിനെട്ടാം പടി ഇന്നുമൊരു സൂര്യതേജസ്സുപോലെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു...
പടിചവിട്ടിക്കയറാനൊന്നും പറ്റിയില്ല.തിരക്കിൽപെട്ടു അപകടം സംഭവിക്കുന്നതിനാൽ അവിടെ നിരയായി നിൽക്കുന്ന പോലീസുകാരാണ് ഞങ്ങളെപ്പോലുള്ള കുട്ടികളേയും പ്രായമായവരെയും എടുത്തുയർത്തി പടികയറാൻ സഹായിക്കുന്നത്....
ശ്രീകോവിലിനു മുന്നിൽ കൂപ്പുകൈയ്യും ശരണം വിളിയുമായ് അല്പനേരം..ശരിക്കുമൊന്നു തൊഴാൻ പറ്റിയില്ല...പറ്റിയാൽ രാത്രി ഒന്നു കൂടി വന്ന് തൊഴാമെന്നച്ഛൻ പറഞ്ഞു..
പറഞ്ഞപോലെ രാത്രി ഒരിക്കൽകൂടി അമ്പലവും പരിസരവും കാണാനുള്ള ഭാഗ്യമുണ്ടായി.അച്ഛന് പരിചയമുള്ള ഒരു പോലീസ് ഓഫീസർ വഴിയായിരുന്നു ഞങ്ങൾക്ക് ആ ഭാഗ്യം കിട്ടിയത്...ഒരുപാട് സന്തോഷത്തോടെ ആ കാഴ്ചകളിൽ മുങ്ങി നിൽക്കുമ്പോ
ഏതോമായാലോകത്ത് എത്തിപ്പെട്ടതുപോലെ തോന്നി...
മലമുകളിലെ വൃശ്ചികമാസക്കുളിര് എന്റെ കുഞ്ഞുപാവാടയും ബ്ലൗസും കൊണ്ട് തടയാൻ പറ്റുന്നുണ്ടായിരുന്നില്ല...ഞാൻ കിലുകിലെ വിറയ്ക്കാൻ തുടങ്ങി...അച്ഛനാ പോലീസുകാരനോട് സംസാരിക്കുകയാണ്..അതിനിടയിൽ അച്ഛനെ ബുദ്ധിമുട്ടിക്കാനൊരു മടി..കോച്ചി വലിക്കുന്ന തണുപ്പ് സഹിച്ച് കൈകൾ പിന്നിൽ പിണച്ചുവെച്ച് ഞാനവിടെ നിന്നു..കൂടെയുള്ള ഏട്ടനും എന്നെപ്പോലെ കാഴ്ച കണ്ട് നിൽക്കുന്നുണ്ടായിരുന്നു..
പെട്ടെന്നാണ് പിന്നിൽ പിണച്ചു വച്ച കൈയ്യിലൊരു ചൂട് തട്ടിയ പോലെ..
കൈ വലിച്ചെടുത്ത് നോക്കിയപ്പോൾ ഭഗവാന്റെ പ്രസാദമായ അപ്പം ചെറുചൂടോടെ എന്റെ കൈയ്യിലുണ്ടാരുന്നു...തിരിഞ്ഞു നോക്കിയപ്പോ നീലമുണ്ടുടുത്ത ഒരാൾ ധൃതിയിൽ ശ്രീകോവിലിനടുത്തേക്ക് നീങ്ങുന്നത് കണ്ടു..
ഏട്ടനെ വിളിച്ചു കാണിച്ചപ്പോ ആരാ നിനക്കിതു തന്നേന്ന്...പേടി കൊണ്ടോ അദ്ഭുതം കൊണ്ടോ എന്താണെന്നറിയില്ല മറുപടി പറയാതെ അയാൾ പോയ ഭാഗത്തേക്ക് ചൂണ്ടിക്കാണിക്കാനേ എനിക്കു പറ്റിയുള്ളൂ..
ഏട്ടൻ അച്ഛനെ വിളിച്ചു കാര്യം പറഞ്ഞപ്പോ ആരെങ്കിലും ആളുമാറി മോൾക്കു തന്നതാണെങ്കിലോ നമുക്കിത് തിരിച്ചു കൊടുക്കാമെന്ന് അച്ഛൻ പറഞ്ഞതനുസരിച്ച് ഞങ്ങൾ കുറച്ചു സമയം കാത്തു നിന്നു..
അതിനിടയിൽ അച്ഛനാ നീലമുണ്ടുകാരനെ തിരഞ്ഞു...അവിടെ ഞാൻ കാണിച്ച വഴിയിലൊന്നും അങ്ങനെയൊരാളുണ്ടായിരുന്നില്ല..
ഒരിക്കൽക്കൂടി ശ്രീകോവിലിനു മുന്നിൽ തൊഴുത് സ്വാമിയേ എന്ന് ഇടറിയ ശബ്ദത്തിൽ വിളിക്കുമ്പോ അച്ഛന്റെ കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു...
വർഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നുമെന്റെ കൺനിറയ്ക്കുന്ന നല്ലോർമ്മകളിലൊന്നാണിത്...
മനസ്സിന്റെ നല്ലോർമ്മച്ചെപ്പിൽ ഞാനടച്ചു വെച്ചത്...ഒന്നിനുമല്ലാതെ ഇടയ്ക്ക് വെറുതെ ഓർത്തിരിക്കാൻ മാത്രമായ ചില ഓർമ്മകൾ ഉണ്ടാകുമല്ലോ എല്ലാവർക്കും...
ഡിസംബർ മാസം നാട്ടിലേക്കു പോകുമ്പോൾ എയർപോർട്ടിൽ നിന്നുള്ള യാത്രയിൽ കർണ്ണാടകയിൽ നിന്ന് കാൽനടയായി വരുന്ന
സ്വാമിമാരെ വഴിയിലുടനീളം കാണുമ്പോൾ
അറിയാതെ കൈകൂപ്പിപ്പോകാറുണ്ട്..
ഒരു സ്വപ്നം പോലെ പിന്നെയുമാ സംഭവങ്ങൾ മനസ്സിലോടിയെത്താറുണ്ട്..
ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കാറുണ്ട്..എന്നാലും ആരായിരുന്നു ..അയാൾ..ആ നീലമുണ്ടുകാരൻ...
ചിലപ്പോ എന്നെപ്പോലുള്ള ഒരു മകൾ നഷ്ടപ്പെട്ട ഒരച്ഛൻ?...അങ്ങിനെയാണെങ്കിൽ എന്തിനദ്ദേഹം ഒന്നും മിണ്ടാതെ പോയി...
ഇനി അതല്ലെങ്കിൽ...പിന്നെ.....???
ഇതുവരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായ് ഇന്നും മനസ്സിലവശേഷിക്കുന്നൊരു ചിത്രം..
ഒരു അദ്ഭുതമായ് വന്ന് പെട്ടെന്ന് അപ്രത്യക്ഷമായ ആ സ്നേഹരൂപം...
അതാരായിരുന്നു...???

By: Maya Dinesh

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot