നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ചു...എന്റെ അളിയൻ*

Image may contain: 2 people, people smiling, ocean, sky, outdoor, water and nature

കല്യാണം ഉറപ്പിച്ച ശേഷം പെണ്ണുമായുള്ള ആദ്യത്തെ കൊഞ്ചൽ പുരോഗമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഒരാളെ പരിചയപ്പെടുത്താം എന്ന് പറഞ്ഞു അവൾ ഫോൺ ആർക്കോ കൈമാറിയത്...
"ഹലോ അളിയാ...." എന്നൊരു കിളി നാദം
അളിയാ എന്നുള്ള വിളി കേട്ട് ഞാൻ ഒന്നമ്പരന്നു.ആ വീട്ടിൽ രണ്ടു പെൺപിള്ളേർ ആണ്.അവർക്ക് ആണ്മക്കൾ ഇല്ലാത്തതിനാൽ സകല ഉത്തരവാദിത്വവും എന്റെ തലയിൽ ആവും എന്നതാണ് അമ്മാവൻ ഈ കല്യാണത്തിനു എതിർക്കാൻ തന്നെ കാരണം.എന്റെ താല്പര്യം മനസ്സിലാക്കി അഛൻ സമ്മതിക്കുകയായിരുന്നു.
"പിന്നെ ആരാ ഈ അളിയൻ... അവളുടെ ഏതെങ്കിലും സ്ത്രീ ശബ്ദം ഉള്ള കസിൻ ആയിരിക്കും" ഞാൻ ഊഹിച്ചു.
"അളിയൻ ഞെട്ടണ്ട ഞാൻ ആശ്വതി.. അച്ചൂന്നു വിളിക്കും.നിങ്ങൾ കെട്ടാൻ പോവുന്ന അനുപമയുടെ അനിയത്തി."
എന്നെ ചിന്തയിൽ നിന്നുണർത്തിക്കൊണ്ട് അച്ചു തുടർന്നു.
"പെണ്ണ് കാണൽ ചടങ്ങിന് ഹോസ്റ്റ ലിൽ നിന്നും വരാൻ പറ്റാത്തത്തിനാൽ നേരിട്ട് പരിചയപ്പെടാൻ സാധിച്ചില്ല.സാരമില്ല നമുക്ക് ഇനി കാണല്ലോ...പിന്നെ...ഒരു കാര്യം പറഞ്ഞേക്കാം.. ചേട്ടാന്നൊന്നും വിളിക്കാൻ എന്നെക്കൊണ്ട് പറ്റില്ല...ഞാൻ അളിയാന്നെ വിളിക്കൂ...ഇങ്ങോട്ടും അങ്ങിനെ മതി.മനസ്സിലായല്ലോ..."
ചേച്ചിയെ പോലല്ലാ....ലവൾ ഭീകരയാണെന്ന് അന്നുതന്നെ മനസ്സിലായി.
ചേച്ചിയെ കമെന്റ് അടിച്ച പയ്യൻസിന്റെ മൂക്കിന്റെ പാലം തകർത്തതുപോലുള്ള അളിയന്റെ പല വീര സാഹസിക കഥകളും പിന്നീട് ഞങ്ങളുടെ ഫോൺ വിളിയിൽ 'സബ്ജക്ട്' ആയി
കല്യാണവും കഴിഞ്ഞു ലീവ് തീർന്നു തിരിച്ചു ഗൾഫ്ൽ എത്തിയപ്പോഴാണ് ഭാര്യ ഗർഭിണി ആയ വിവരം അറിഞ്ഞത്.
ആദ്യത്തെ പ്രസവം അവരുടെ വീട്ടിൽ നടത്തണമെന്ന് അവളുടെ അച്ഛനും അമ്മയ്ക്കും നിർബന്ധം.അങ്ങിനെ ഏഴാം മാസം അവളെ അങ്ങോട്ടേക്ക് കൂട്ടികൊണ്ടുപോയി.
ചെക് അപ്പിനും മറ്റും പോവാനായി എന്റെ കാറും ഞാൻ അവരുടെ വീട്ടിൽ കൊണ്ടുവെപ്പിച്ചു.
നമ്മുടെ അച്ചു 'അളിയൻ' ബി ടെക് ഉം കഴിഞ്ഞു വെറുതെ നടക്കുമ്പൊ ലൈസെൻസ് എടുത്തുവെങ്കിലും അവളുടെ കൈയ്യിലിരിപ്പു അറിയുന്നത്കൊണ്ട് അമ്മായി അപ്പൻ വണ്ടിയിൽ തൊടാൻ സമ്മതിക്കില്ലായിരുന്നു.അതുകൊണ്ട് പുറത്തുന്നു ഡ്രൈവറെ വിളിച്ചായിരുന്നു ഹോസ്പിറ്റൽ ലും മറ്റും പൊയ്‌ക്കൊണ്ടിരുന്നത്.
പെട്ടെന്ന് അത്യാവശ്യം വന്നാൽ ഹോസ്പിറ്റലിൽ പോകാനൊക്കെ വേറെ ആൺ തരികൾ ഇല്ലാത്ത അവസ്ഥയ്ക്ക് ഞാൻ അവിടെ ഉണ്ടാവേണ്ടത് അത്യാവശ്യമായതിനാൽ അനുപമയുടെ പ്രസവത്തിനു ഡോക്ടർ പറഞ്ഞ തീയതിക്ക് ഒരാഴ്‌ച്ച മുൻപ് എത്തും വിധം ഞാൻ ലീവിനു അപേക്ഷിച്ചു.
ഞാൻ നാട്ടിൽ പോവാനിരുന്നതിന്റെ രണ്ടു ദിവസം മുൻപത്തെ രാത്രി....നിറവയറുമായി നിൽക്കുന്ന ഭാര്യക്ക് പെട്ടെന്ന് വേദനയും അസഹനീയമായ ബ്ലീഡിങ്ങും ഉണ്ടായി.ഉടനെ തന്നെ ഹോസ്പിറ്റലിൽ എത്തിക്കണം. ഡ്രൈവറെ വിളിച്ചപ്പോൾ ആൾ സ്ഥലത്തില്ല എന്നറിഞ്ഞതോടെ അച്ഛനും അമ്മയും ആകെ വേവലാതി ആയി.
ഈ പാതിരാത്രിയിൽ അടുത്തൊന്നും ഒരു വണ്ടിയും കിട്ടാനും സാധ്യതയില്ല.എന്ത് ചെയ്യണം എന്നറിയാതെ എല്ലാവരും ഒരു നിമിഷം പകച്ചുപോയി.
അപ്പോഴാണ് നമ്മുടെ അച്ചു ഒറിജിനൽ 'അളിയൻ' രൂപം പുറത്തെടുത്തത്.
കാറിന്റെ ചാവി എടുത്തുകൊണ്ട് അവൾ അനുപമയെ പിടിച്ചു വണ്ടിയിൽ കയറ്റി. അച്ഛനോടും അമ്മയോടും കയറാൻ പറഞ്ഞ് വണ്ടി ഹോസ്പിറ്റലിലേക്ക് പായിച്ചു.
" കൃത്യസമയത്ത് എത്തിയില്ലായിരുന്നില്ലെങ്കിൽ അമ്മയുടെം കുഞ്ഞിന്റേം ജീവൻ അപകടത്തിലായേനെ"
ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ ഇത് പറഞ്ഞപ്പോ ക്രെഡിറ്റ് മുഴുവൻ നേടിയെടുത്ത 'അളിയൻ' കുഞ്ഞിനെ കളിപ്പിക്കാനുള്ള ആവേശത്തിൽ ആയിരുന്നു.
വിവരം അറിയിക്കാൻ എന്നെ വിളിച്ചതും അച്ചു ആയിരിന്നു.
" അളിയാ എനിക്കൊരു കൺഗ്രാറ്റ്‌സ് പറഞ്ഞേ..... ഞാൻ ചിറ്റമ്മയായി😎"
"കൺഗ്രാറ്റ്‌സ് അച്ചു അളിയാ.....നീ ചിറ്റമ്മയല്ല....'മാമൻ' ആയതിന്"
പെണ്മക്കൾ മാത്രം ഉള്ള വീട്ടിൽ നിന്ന് കല്യാണം ആലോചിക്കാൻ മടിക്കുന്നവർ ഇന്നും ഉണ്ട് സമൂഹത്തിൽ.....സന്ദർഭങ്ങൾക്കനുസൃതമായി ഉപകാരപ്പെടാൻ വീട്ടിൽ ആൺമക്കൾ തന്നെ വേണമെന്നില്ല....

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot