Slider

ഒരു എൻട്രൻസ് കഥ ഭാഗം - 3 (അവസാനഭാഗം)

0
Image may contain: 1 person

Install Nallezhuth Android App from Google Playstore and visit "പുതിയ തുടർരചനകൾ " to read all chapters of long stories.
ആ ദിവസങ്ങളിൽ നയനയുടെ വീട്ടിൽ ഇതിനെപ്പറ്റിയുള്ള ചർച്ചകൾ നടന്നിരുന്നു. ഫീസ് കൊടുത്ത് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അച്ഛൻ തീർത്തു പറഞ്ഞു. അത് അങ്ങിനെ തന്നെ ആയിരിക്കും എന്ന് അവൾക്കും നല്ല നിശ്ചയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പ്രേത്യേകിച്ചൊരു അത്ഭുതവും അവൾക്ക് തോന്നിയില്ല. പരാതിയും ഉണ്ടായിരുന്നില്ല. കാരണം വീട്ടിലെ സ്ഥിതി അവൾക്ക് നന്നായി അറിയാമായിരുന്നു.
ഇതിനിടയിൽ ട്രയൽ അലോട്ട്മെന്റ് വന്നു. അത് നോക്കാൻ നയനക്ക് ഒട്ടും താല്പര്യം തോന്നിയില്ല. എഞ്ചിനീയറിംഗ് സ്വപ്നങ്ങൾ പതിയെ മറക്കാൻ തുടങ്ങിയിരുന്നു അവൾ. എങ്കിലും അവൾ നോക്കി. സന്തോഷം ലഭിക്കുന്ന ഒന്നും അവൾക്ക് അന്നും ഉണ്ടായില്ല. എല്ലാ സ്വപ്നങ്ങളെയും അവൾ മനസ്സിൽ നിന്നും ഇറക്കി വിടാൻ തയ്യാറായി കഴിഞ്ഞിരുന്നു.
അലോട്ട്മെന്റ് വരുന്ന ദിവസം നയന ഏറെക്കുറെ ശാന്തയായിരുന്നു. തനിക്ക് വരാൻ പോകുന്ന വിധി എന്താണെന്ന് അവൾ ഊഹിക്കുകയും അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയും ചെയ്തു കഴിഞ്ഞിരുന്നു. ജീവിതം ഇങ്ങനെയൊക്കെ ആണെന്ന പാഠം പഠിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി എന്ത് വന്നാലും നേരിടാൻ ഉള്ള ശക്തി സംഭരിച്ചു കഴിഞ്ഞു എന്ന് അവൾ സ്വയം വിശ്വസിച്ചു.
അവൾ തന്നെയാണ് അലോട്ട്മെന്റ് റിസൾട്ട് നോക്കിയത്. അത്രയും നേരത്തെ അവളുടെ ചിന്തകളെയും മനോവിചാരങ്ങളെയും തെറ്റിക്കുന്നതായിരുന്നു അവൾ അതിൽ കണ്ട കാഴ്ച. നയനക്ക് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ സീറ്റ് കിട്ടിയിരിക്കുന്നു. അതും തൊട്ടടുത്ത ജില്ലയിൽ. അത്ഭുതത്തോടെ അവൾ ആ സ്ക്രീനിലേക്ക് നോക്കിയിരുന്നു. പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഉള്ളിൽ നിറഞ്ഞു.
പ്രതീക്ഷയുടെ നാമ്പുകൾ പിന്നെയും മുള പൊട്ടിയിരിക്കുന്നു. അവൾ വേഗം ചെന്ന് ജെയിംസ് ചേട്ടനോട് വിവരം പറഞ്ഞു. അവളെപ്പോലെ തന്നെ അയാൾക്കും അത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന വാർത്ത ആയിരുന്നു. അവളെ സ്നേഹിക്കുന്ന എല്ലാവർക്കും അവളുടെ മുഖത്തെ പുഞ്ചിരി ആനന്ദം ഉളവാക്കി. ഇനി വീട്ടുകാരെ പറഞ്ഞ് സമ്മതിപ്പിക്കണം. അതെങ്ങിനെയും സമ്മതിപ്പിക്കാൻ കഴിയും എന്നവൾ ഉറച്ച് വിശ്വസിച്ചു.
പക്ഷെ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല വീട്ടിൽ നിന്നും ഉള്ള പ്രതികരണം. ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയെ വേണ്ട എന്നവർ അറുത്തുമുറിച്ചു പറഞ്ഞു. നയന പലതും പറഞ്ഞ് നോക്കി. വിദ്യാഭാസ ലോൺ ലഭിക്കും എന്നും അതിൽ നിന്നും ഹോസ്റ്റൽ ഫീസും മറ്റു പഠന ചിലവുകളും കഴിഞ്ഞ് പോയിക്കൊള്ളുമെന്നും എല്ലാം അവൾ പറഞ്ഞെങ്കിലും ഒന്നും അവിടെ യാതൊരു ഭാവഭേദവും ഉണ്ടായില്ല. എല്ലാ പ്രതീക്ഷകളും അസ്തമിക്കുന്നത് അവൾ കണ്ടു നിന്നു.
******
പിറ്റേന്ന് നയന ജോലിക്ക് പോയ നേരം വീട്ടിൽ കാര്യമായ ചർച്ചകൾ നടന്നു. നയനയുടെ വിഷാദം മറ്റുള്ളവരെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അച്ഛനും അമ്മയും എന്ത് ചെയ്യണമെന്ന് കാര്യമായി ആലോചിച്ചു. ആ നേരത്താണ് അവളുടെ സഹോദരൻ ധൃതിയിൽ വീട്ടിലേക്ക് കയറി വന്നത്. വന്നപാടെ അവൻ അമ്മയുടെ അടുത്ത് ഇരിപ്പുറപ്പിച്ചു.
അമ്മെ... അവളെ പഠിക്കാൻ വിടണം.
അച്ഛനും അമ്മയും അത്ഭുതത്തിൽ അവനെ നോക്കി. എന്ത് പറ്റി പെട്ടെന്ന് ഇവന്? ഇന്നലെ വരെ അവളെ ഇനി പഠിപ്പിക്കാനൊന്നും വിടേണ്ട. ഹോസ്റ്റലിൽ ഒന്നും നിൽക്കുന്നത് ശരിയാവില്ല എന്ന് പറഞ്ഞവനാ.. പെട്ടെന്ന് കേറി വന്ന് അവളെ പഠിപ്പിക്കണം എന്ന് പറയുന്നത്. ഒന്ന് പുറത്തു പോയി വരുമ്പോളേക്കും എന്താ സംഭവിച്ചത് എന്നറിയാതെ ഇരുവരും മകന്റെ മുഖത്തേക്ക് നോക്കി.
വേണം അമ്മെ... നമ്മൾ കരുതുന്ന പോലെ അല്ല. അവൾക്ക് ഗവണ്മെന്റ് കോളേജിൽ ആണ് സീറ്റ് കിട്ടിയേക്കുന്നെ... അതൊരു നിസ്സാര കാര്യമല്ല. ഓരോരുത്തര് സീറ്റ് കിട്ടാതെ ലക്ഷങ്ങൾ കൊടുത്ത് പഠിപ്പിക്കുന്നു. നമ്മൾ ഒന്നും ഇല്ലാതെ അവൾക്ക് വന്ന മഹാഭാഗ്യം തട്ടിക്കളയാൻ പാടില്ല.
നീയല്ലേ ഇന്നലെ വേണ്ടാ എന്ന് പറഞ്ഞത്?
അതെ. പക്ഷെ എനിക്കിതിന്റെ വില ഇന്നാ മനസ്സിലായത്. ഞാൻ എന്റെ കൂട്ടുകാരൻ സന്തോഷിന്റെ വീട്ടിൽ പോയിരുന്നു. ഈ വിവരം പറഞ്ഞപ്പോ അവന്റെ അമ്മ എന്നെ കുറെ വഴക്ക് പറഞ്ഞു. ഇത്രേം നല്ലൊരു അവസരം വന്നിട്ട് ഓരോന്ന് പറഞ്ഞു അത് നഷ്ടപ്പെടുത്തരുത് എന്ന് പറഞ്ഞു. ഇപ്പൊ തന്നെ ചെന്ന് അതിന്റെ കാര്യങ്ങൾ ചെയ്യാൻ പറഞ്ഞ് എന്നെ ഓടിച്ചു വിട്ടു. അപ്പൊ എനിക്കും തോന്നി, അവൾക്ക് നല്ലൊരു അവസരമാ വന്നിരിക്കുന്നത് എന്ന്.
അതൊക്കെ ശരിയാണ് മോനെ.. എന്നാലും പഠിപ്പിക്കാനൊക്കെ നമ്മുടെ കൈയിൽ എവിടുന്നാ കാശ്?
ഇത്രേം നാളും അവള് ഇത് പോലെ ഗവൺമെന്റിൽ അല്ലെ പഠിച്ചേ... അന്ന് പഠിപ്പിച്ച പോലെ ഒക്കെ പഠിപ്പിക്കാം. അധികം ഫീസ് ഒന്നും വരില്ലെന്നാ അവന്റെ അമ്മ പറഞ്ഞത്. പിന്നെ വേണേൽ ലോൺ എടുക്കാം. പഠിപ്പ് കഴിഞ്ഞ് ജോലി കിട്ടിയിട്ട് അടച്ചാൽ മതിയല്ലോ...
മതി... പക്ഷെ...
ഒരു പക്ഷെയും ഇല്ലാ... അവള് പഠിക്കട്ടെ. അമ്മ അവള് വരുമ്പോ കോളേജിൽ ചേരാനുള്ള കാര്യങ്ങൾ നോക്കാൻ പറ.
ആ ചർച്ച അവിടെ തീർന്നു. തീരുമാനം നല്ലതായി ഭവിച്ച കാര്യം നയന അറിഞ്ഞത് ജോലി കഴിഞ്ഞ് വീട്ടിൽ വന്നപ്പോൾ ആയിരുന്നു. വിഷാദം കലർന്ന അവളുടെ മുഖം ഈ വാർത്ത കേട്ടതോടെ സന്തോഷം കൊണ്ട് ചുവന്നു തുടുത്തു.
പിറ്റേന്ന് തന്നെ അവൾ ജോയിൻ ചെയ്യാനുള്ള തയ്യാറെടുപ്പുകൾ നടത്തി. കോളേജിൽ ജോയിൻ ചെയ്യുന്നതോടെ ജോലി ഉപേക്ഷിക്കുകയാണെന്ന് മേലുദ്യോഗസ്ഥരെ കണ്ട് അറിയിച്ചു. എക്സാം എഴുതാൻ ലീവൊക്കെ തന്ന് സഹായിച്ചതിന് നന്ദി പറയാനും അവൾ മറന്നില്ല.
******
കോളേജിൽ ജോയിൻ ചെയ്യേണ്ട ദിവസം കൊണ്ട് പോകേണ്ട സാധങ്ങൾ ഒരുക്കുന്നതിനിടയിൽ ആണ് അവൾ അത് കണ്ടത്. ടിസിയുടെയും മറ്റു രേഖകളുടെയും ഒപ്പം ജാതി സെർട്ടിഫിക്കേറ്റും കോളേജിൽ സമർപ്പിക്കണം.
ഈശ്വരാ.. അത് താൻ അപേക്ഷക്കൊപ്പം അയച്ചു പോയല്ലോ. ഒരു ഫോട്ടോസ്റ്റാറ് കോപ്പി പോലും എടുത്തു വച്ചിട്ടില്ല. എന്ത് മണ്ടത്തരമാണ് കാണിച്ചു വച്ചത്. അവൾ വിഷമത്തോടെ ഇരുന്നു.
ഒരിക്കൽ കൂടി വില്ലേജ് ഓഫിസിൽ പോയി ജാതി സർട്ടിഫിക്കറ്റ് വാങ്ങാം എന്ന പ്രതീക്ഷയിൽ അവൾ അച്ഛനെയും കൂട്ടി പിറ്റേന്ന് തന്നെ പുറപ്പെട്ടു. അപേക്ഷ സമർപ്പിച്ച് അവൾ വില്ലേജ് ഓഫീസർക്ക് മുൻപിൽ കാത്ത് നിന്നു.
നിങ്ങൾക്ക് ഈയടുത്ത് സർട്ടിഫിക്കറ്റ് തന്നതാണല്ലോ..?
അതെ. അത് അപേക്ഷക്കൊപ്പം അയച്ചു പോയി. കോളേജിൽ അഡ്മിഷന് വീണ്ടും ഇത് ചോദിക്കുമെന്ന് എനിക്ക് അറിയില്ലായിരുന്നു.
അയാൾ രൂക്ഷമായി ഒന്ന് നോക്കി. മുൻപ് വന്നപ്പോൾ കണ്ട ഭാവം ആയിരുന്നില്ല ഇപ്പോൾ വില്ലേജ് ആഫീസർക്ക്. അത് നയനയെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു.
ഒരു സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്താൽ പിന്നെ ഉടൻ തന്നെ ആ സർട്ടിഫിക്കറ്റ് നൽകാൻ സാധിക്കില്ല.
സർ... അങ്ങനെ പറയരുത് എന്റെ എഞ്ചിനീയറിംഗ് അഡ്മിഷന് വേണ്ടിയാണ്..
ഒക്കെ ശരിയായിരിക്കും. പക്ഷെ ഇപ്പോൾ തരാൻ നിർവാഹമില്ല. അല്ലെങ്കിൽ വില്ലേജ്മാൻ നെ വിട്ട് എൻക്വയറി നടത്തിയ ശേഷമേ തരാൻ കഴിയൂ...
അതെന്ന് കിട്ടും?
തിങ്കളാഴ്ച ആകും.
നയനക്ക് കരച്ചിൽ വരാൻ തുടങ്ങിയിരുന്നു. തിങ്കളാഴ്ച ആണ് ജോയിൻ ചെയ്യണ്ട അവസാന തിയ്യതി. അന്ന് വരെ കാത്തിരുന്നിട്ട് ഇത് കിട്ടിയില്ലെങ്കിൽ തനിക്ക് ഒരിക്കലും അഡ്മിഷൻ കിട്ടില്ല. അവൾ കാല് പിടിക്കുംപോലെ ആ വില്ലേജ് ഓഫീസറുടെ മുൻപിൽ നിന്ന് കരഞ്ഞു പറഞ്ഞു. പക്ഷെ അയാൾ ഒരു അണുവിട പോലും മാറാൻ കൂട്ടാക്കിയില്ല. പ്രതീക്ഷ നശിച്ച് അവൾ ആ പടികൾ ഇറങ്ങി.
******
നയനക്ക് വല്ലാത്ത നിരാശയായി. ഇനി എന്ത് ചെയ്യും എന്നവൾക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എന്തിന് ഇത്രയേറെ പരീക്ഷണങ്ങൾ? തുടക്കം മുതലേ ഉള്ള തടസ്സങ്ങൾ എന്തിന്റെയെങ്കിലും ദുഃസൂചന ആണോ എന്ന് പോലും അവൾ സംശയിച്ചു. എത്രയെത്ര കടമ്പകൾ കടന്നു കഴിഞ്ഞിരിക്കുന്നു. എല്ലാത്തിനുമപ്പുറം തനിക്ക് മഹാഭാഗ്യം സിദ്ധിച്ചിട്ടും അനുഭവിക്കാൻ യോഗമില്ലാതെ പോവുകയാണോ? അവൾ ഏറെ വേദനയോടെ ഓർത്തു.
ഇത്രയേറെ പരീക്ഷണങ്ങൾ നേരിട്ടിട്ട് തനിക്ക് കൈവന്ന സൗഭാഗ്യമാണ്. ഇത് നഷ്ടപ്പെടുകയാണെങ്കിൽ ഇനി താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. ഒരു പരീക്ഷണം കൂടി നോക്കാം. ജാതി സർട്ടിഫിക്കറ്റ് ഇല്ലാതെ കോളേജിൽ അഡ്മിഷനുവേണ്ടി പോയി നോക്കാം. ഒരു അവസാന പരിശ്രമം. ഇനി അതുംകൂടി തനിക്ക് നഷ്ടപ്പെടുകയാണെങ്കിൽ പിന്നെ ആത്മഹത്യ ചെയ്യുകയല്ലാതെ മറ്റു മാർഗമില്ല. ഇത്രക്കും ഭാഗ്യം കേട്ട ജന്മം ആണെങ്കിൽ പിന്നെ ജീവിക്കേണ്ടതില്ല. അവൾ നിശ്ചയിച്ചുറപ്പിച്ചു.
******
ശനിയാഴ്ച രാവിലെ നയനയും അച്ഛനും അമ്മയും കൂടി കോളേജിലേക്ക് പുറപ്പെട്ടു. ഒരു അവസാന പരീക്ഷണത്തിനായി. അവിടെ എത്തിച്ചേരും വരെ നയനയുടെ മനസ്സ് ചിന്തകൾ കൊണ്ട് നിറഞ്ഞിരുന്നു. അവിടെ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് വല്ലാത്തൊരു ആകുലത അവർക്കുണ്ടായിരുന്നു. കുഴപ്പങ്ങൾ ഒന്നും ഉണ്ടാകരുതേ.. എന്ന് അവൾ മനമുരുകി സർവ്വ ഈശ്വരന്മാരെയും വിളിച്ചു.
കൃത്യസമയത്ത് അവർ അവിടെ എത്തിച്ചേർന്നു. രേഖകൾ എല്ലാം നൽകി അഡ്മിഷന് വേണ്ടി അവർ കാത്തു നിന്നു. ടെൻഷൻ കൊണ്ട് അവൾക്ക് നില്ക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ജാതി സർട്ടിഫിക്കറ്റ് ചോദിക്കരുതേ എന്നവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഒരു തളർച്ച അവളെ ബാധിക്കുന്നുണ്ടായിരുന്നു.
അഡ്മിഷൻ പ്രോസസ്സ് പുരോഗമിച്ചുകൊണ്ടിരുന്നു. ഇത് വരെ കുഴപ്പങ്ങൾ ഒന്നുമില്ല എന്നതിൽ അവൾക്ക് നേരിയ ആശ്വാസം അനുഭവപ്പെട്ടു. അപ്പോളാണ് ഇടിത്തീ പോലെ ആ ചോദ്യം അവൾക്ക് നേരെ വന്നത്. ജാതി സർട്ടിഫിക്കറ്റ് വേണം.
ഒന്നും മിണ്ടാതെ അവൾ തലകുനിച്ചു നിന്നു. കൈയിൽ ഇല്ലാത്തതിനെപ്പറ്റി ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. അവിടത്തെ ഓഫീസിലെ ഉദ്യോഗസ്ഥരോട് അവൾ കാര്യങ്ങൾ വിശദീകരിച്ചു. അതില്ലാതെ കാര്യങ്ങൾ നടത്താമോ എന്ന് ആരായുകയും ചെയ്തു.
അൽപ നേരത്തെ ആലോചനക്ക് ശേഷം കോളേജിലെ ഉദ്യോഗസ്ഥനായ ഒരാൾ ഒരു മാർഗം നിർദേശിച്ചു.
തിരുവനന്തപുരം എൽബിഎസ് എന്ന സ്ഥാപനത്തിലേക്കാണ് നിങ്ങളുടെ അപേക്ഷകൾ അയക്കുന്നത്. അവിടെ പോയി ചോദിച്ചാൽ നിങ്ങൾക്ക് ആ രേഖകൾ കിട്ടിയേക്കും. ഒരു ഫോട്ടോസ്റ്റാറ് കോപ്പി അവിടെ ഏൽപ്പിച്ചാൽ മതിയാകും. ഇന്ന് ശനിയാഴ്ച അല്ലെ ആയുള്ളൂ. തിങ്കളാഴ്ച രേഖയുമായി വന്നുകൊള്ളു. അഡ്മിഷൻ ബ്ലോക്ക് ചെയ്തു വക്കാം.
ആ വാക്കുകളിൽ അവൾക്ക് വലിയ പ്രതീക്ഷ തോന്നിയില്ല. തനിക്ക് വേണ്ടി ആരും തിരുവനന്തപുരം വരെ പോകാൻ തയ്യാറാവില്ല എന്നവൾക്ക് അറിയാമായിരുന്നു. അതൊന്നും നടപ്പുള്ള കാര്യമല്ല എന്ന ഭാവം ആയിരുന്നു നയനയുടെ മാതാപിതാക്കൾക്കും.
ആ ഓഫീസർ പ്രതീക്ഷയോടെ അവരെ നോക്കി. അവരുടെ മുഖത്തെ ഭാവത്തിൽ നിന്നും അയാൾ കാര്യങ്ങൾ വായിച്ചെടുത്തു. പ്രതീക്ഷ നശിച്ച നയനയുടെ മുഖത്തെ വിഷാദം അയാളെ വേദനിപ്പിച്ചു. അയാൾ മാതാപിതാക്കളോടായി പറഞ്ഞു.
നിങ്ങൾ എന്താണിങ്ങനെ മിണ്ടാതെ നിൽക്കുന്നത്. എത്ര വലിയ അവസരമാണെന്നോ ഈ ഗവണ്മെന്റ് സീറ്റ്. അത് കിട്ടിയിട്ടും വേണ്ടത് ചെയ്യാതെ നിങ്ങൾ ഇങ്ങനെ നിൽക്കുകയാണോ? ഇതിന്റെ വില നിങ്ങൾക്കറിയാത്തതുകൊണ്ടാണ്. വേറെ വല്ലവരും ആയിരുന്നെങ്കിൽ ഇപ്പോൾ കാർ വിളിച്ച് പോയിട്ടെങ്കിലും ആ പേപ്പർ സങ്കടിപ്പിച്ചു കൊണ്ട് വരും. ഈ തിരുവനന്തപുരം വരെ പോകേണ്ട കാര്യത്തിന് ഇങ്ങനെ ആലോചിച്ച് നില്കുകയാണോ?
ആ വാക്കുകൾ ആ മാതാപിതാക്കളെ വേദനിപ്പിച്ചു. എങ്ങനെയും തിരുവനന്തപുരം വരെ പോകാം എന്നവർ ആലോചിച്ചു. പക്ഷെ അപ്പോളേക്കും സമയം വൈകിപ്പോയിരുന്നു.
അന്ന് ശനിയാഴ്ച ആയിരുന്നു. അപ്പോൾ പുറപ്പെട്ടാലും രാത്രിയെ അവിടെ എത്തിച്ചേരുകയുള്ളു. പിറ്റേന്ന് ഞായറാഴ്ച. ഓഫീസുകൾ അവധി. തിങ്കളാഴ്ച ഓഫീസ് തുറന്ന് രേഖകൾ കൈപറ്റി എത്രയും വേഗം പുറപ്പെട്ടാലും സമയത്തിന് മുൻപ് കോളേജിൽ എത്തി ചേരാൻ സാധിക്കില്ല.
തിങ്കളാഴ്ച ആണ് കോളേജിലെ അഡ്മിഷന്റെ അവസാന തിയ്യതി. അന്ന് ജോയിൻ ചെയ്തില്ലെങ്കിൽ അവസരം നഷ്ടപ്പെട്ടു പോകും. ഒന്നും നടക്കില്ല എന്ന് നയനക്ക് ഉറപ്പായി. എല്ലാ പ്രതീക്ഷകളും കുത്തിയൊലിച്ചു പോകുന്നത് അവൾ വേദനയോടെ നോക്കി നിന്നു.
******
വീട്ടിലേക്ക് തിരിച്ചു പോകാൻ തന്നെ അവർ നിശ്ചയിച്ചു. ഇനി ഒന്നും ചെയ്യാൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു. കണ്ണുനീർ കൊണ്ട് അവളുടെ കവിൾത്തടങ്ങൾ നനഞ്ഞു. അത് കണ്ട് ആ അച്ഛന്റെയും അമ്മയുടെയും മനസ്സ് വേദനിച്ചു. വിവരങ്ങൾ അറിഞ്ഞ നയനയുടെ സഹോദരനും വല്ലാത്ത വിഷമം തോന്നി.
ദൈവം ഇത്രയൊക്കെ തന്നെ പരീക്ഷിച്ചത് എന്തിനാണെന്ന് അവൾ ചിന്തിച്ചുകൊണ്ടിരുന്നു. തന്റെ കണ്ണുനീരിന് ഈശ്വരന്മാരുടെ മുൻപിൽ ഒരു വിലയുമില്ലെങ്കിൽ പിന്നെ ജീവിക്കേണ്ടതില്ലെന്ന് അവൾക്ക് തോന്നി. ആത്മഹത്യ എന്ന ചിന്ത അവളുടെ അപക്വമായ മനസ്സിൽ ബലം വച്ച് തുടങ്ങിയിരുന്നു. ഒരക്ഷരം പോലും മിണ്ടാതെ അവൾ ഇരുന്നു.
തിരുവനന്തപുരത്ത് പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ തന്റെ ജീവിതം തന്നെ മാറി മറിയുമായിരുന്നു എന്നവൾക്ക് തോന്നി. പെട്ടെന്നാണ് അവൾക്ക് ഒരു ബുദ്ധി തോന്നിയത്. തന്റെ സഹപാഠികളിൽ ചിലർ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നത് അപ്പോളാണ് അവൾക്ക് ഓർമ്മ വന്നത്. ഉടൻ തന്നെ അവൾ ഫോണെടുത്ത് അവരിലൊരാളെ വിളിച്ചു.
ഹലോ....
ഹലോ വിപിൻ ഇത് ഞാനാണ് നയന.
ആഹ്.. നയന. പറയ്...
എനിക്ക് അത്യാവശ്യമായി നിന്റെ ഒരു സഹായം വേണം.
എന്താടി...?
എനിക്ക് എഞ്ചിനീയറിംഗ് അഡ്മിഷൻ കിട്ടിയെടാ.. പക്ഷെ ജാതി സർട്ടിഫിക്കറ്റ് വേണം. ഞാൻ വാങ്ങിയത് അറിയാതെ ആപ്പ്ളിക്കേഷനൊപ്പം അയച്ചു പോയി. തിരുവനന്തപുരം എൽബിഎസിൽ ചെന്നാൽ അത് കിട്ടും. നീ ഒന്ന് പോയി വാങ്ങുമോ? ഞാൻ ആരെയെങ്കിലും വിട്ട് നാളെ നിന്റെ കൈയിൽ നിന്നും വാങ്ങിക്കോളാം.
എടി... ഞാൻ ഈ ആഴ്ച വീട്ടിലേക്ക് വന്നിരിക്കുകയാ... ഇന്നലെയാ വന്നത്. നീ ഇന്നലെ പറഞ്ഞിരുന്നുവെങ്കിലും ഞാൻ കളക്ട് ചെയ്തു കൊണ്ട് വന്നേനെ...
നയനക്ക് എന്തെന്നില്ലാത്ത സങ്കടം വന്നു. അവൾ കരച്ചിൽ അടക്കി നിർത്തി. പിന്നെയും പരീക്ഷണങ്ങൾക്ക് മുന്നിൽ തോറ്റു പോകുന്നത് അവളറിഞ്ഞു.
നീ ഒരു കാര്യം ചെയ്യ് നയന. നമ്മുടെ മഞ്ചേഷ് അവിടെ ഉണ്ട്. അവനെ ഒന്ന് വിളിച്ചു നോക്ക്. അവൻ സഹായിക്കാൻ സാധ്യത ഉണ്ട്.
നയനക്ക് പിന്നെയും ആശ ഉദിച്ചു.
ആണോ..? അവന്റെ ഫോൺ നമ്പർ എന്റെ കൈയിൽ ഇല്ല. നീ ഒന്ന് മെസ്സേജ് അയക്കുമോ?
ആ അയക്കാം..
ഓക്കേ ഡാ.. താങ്ക്യൂ...
വിപിനിൻറെ മെസ്സേജ് വന്ന ഉടൻ അവൾ ആ നമ്പറിലേക്ക് ഡയൽ ചെയ്തു. അച്ഛനും അമ്മയും ഇതെല്ലാം കണ്ട് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു. അവൾ ആ കോൾ കണക്ട് ആവാൻ കാത്തു നിന്നു.
ഹലോ...
ഹലോ മഞ്ചേഷ്... ഞാൻ നയന ആണ്.
ആഹ്.. എന്താ നയന...? സുഖമല്ലേ...?
സുഖം... ഞാൻ ഒരു അത്യാവശ്യത്തിനാ ഇപ്പോൾ വിളിച്ചത്. നീ എന്നെ ഒന്ന് സഹായിക്കുമോ?
എന്താ കാര്യം..?
നയന കാര്യങ്ങൾ വിശദമായി മഞ്ചേഷിനോട് പറഞ്ഞു. അവൻ എല്ലാം കേട്ട് നിന്നു.
അതിനെന്താ... ഇത്രയല്ലേ വേണ്ടൂ.. ഞാൻ ഇപ്പോൾ തന്നെ പോകാം. ഇവിടെ അടുത്ത എൽബിഎസിന്റെ ഓഫീസ്. ഞാൻ അത് കളക്ട് ചെയ്തിട്ട് നിന്നെ ഈ നമ്പറിൽ തിരിച്ച് വിളിക്കാം. പോരെ...?
ആ വാക്കുകൾ അവൾക്ക് നൽകിയത് അവളുടെ ജീവിതം തന്നെ ആയിരുന്നു. അവസാനിക്കാൻ തുടങ്ങിയ തന്റെ ജീവിതത്തിന് ജീവവായു കിട്ടുന്നത് അവൾ അറിഞ്ഞു. അവൾ ദീർഘമായി നിശ്വസിച്ചു. ആശ്വാസത്തോടെ അവൾ ഫോൺ കട്ട് ചെയ്തു.
ആ സന്തോഷ വാർത്ത അവൾ മാതാപിതാക്കളെ അറിയിച്ചു. ഉടൻ തന്നെ വീട്ടിലേക്ക് വിളിച്ച് തിരുവനന്തപുരം വരെ പോകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ സഹോദരനോട് അവർ ആവശ്യപ്പെട്ടു. അദ്ദേഹം തയ്യാറാവുകയും ചെയ്തു.
തിരിച്ചുള്ള യാത്ര സമാധാനത്തിന്റേതായിരുന്നു. എല്ലാ പരീക്ഷണങ്ങളും തീരുന്നത് ആശ്വാസത്തിലേക്കായിരുന്നു. നല്ലൊരു അവസാനം തന്നെ ഉണ്ടായതിൽ നയന ആശ്വസിച്ചു. അവർ തിരികെ വീട്ടിലെത്തുന്നതിന് മുൻപ് മഞ്ചേഷ് സർട്ടിഫിക്കേറ്റ് കൈപ്പറ്റിയതായി അറിയിച്ചു.
രാത്രി തന്നെ സഹോദരൻ തിരുവന്തപുരത്തേക്ക് പുറപ്പെട്ടു. കൂടെ അമ്മാവന്റെ മകനും ഉണ്ടായിരുന്നു. വെളുപ്പിന് തന്നെ അവർ അവിടെ എത്തിച്ചേർന്നു. റെയിൽവേ സ്റ്റേഷനിൽ മഞ്ചേഷ് അവരെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. തിരികെ പുറപ്പെടുന്നതിന് മുൻപ് അവർ അനന്തപദ്മനാഭനെക്കണ്ട് നന്ദി പറയാനും മറന്നില്ല.
******
ഇന്ന് തിങ്കളാഴ്ച. നയന പുറപ്പെടുകയാണ്. പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും കഴിഞ്ഞിരിക്കുന്നു. എല്ലാം ഭദ്രമായി സൂക്ഷിച്ചിട്ടില്ലേ എന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി. അച്ഛമ്മയുടെ കാലിൽ തൊട്ട് അവൾ അനുഗ്രഹം വാങ്ങി. നിറകണ്ണുകളോടെ അവർ അനുഗ്രഹിച്ച് പേരക്കുട്ടിയെ യാത്രയാക്കി.
നയന ഒരു പുതിയ ജീവിതം തുടങ്ങുകയാണ്. ഒരുപാട് പരീക്ഷണങ്ങൾക്കൊടുവിൽ അവളുടെ ആഗ്രഹം സഫലീകരിക്കുവാൻ പോകുന്നു. എഞ്ചിനീയറിംഗ് എന്ന മഹാ സ്വപ്നം സത്യമാകാൻ പോകുന്നു. പുതിയ പ്രതീക്ഷകളോടെ നിറഞ്ഞ ആനന്ദത്തോടെ അവൾ ആ യാത്ര ആരംഭിച്ചു.
(അവസാനിച്ചു)
-ശാമിനി ഗിരീഷ്-
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo