Slider

ഒരിക്കലും മരിക്കാത്ത ചിലർ

0
Image may contain: 1 person

വിദ്യാഭ്യാസത്തിന്റെ യാഗാശ്വം തോൽവിയറിയാതെ ഏഴാം ക്ലാസ്സ്‌ പൂർത്തിയാക്കി എട്ടാം ക്ലാസ്സിലേക്ക്‌ പാസ്സായി നിൽക്കുന്ന കാലം..
എട്ടാം ക്ലാസ്സിൽ പഠിക്കാൻ പറ്റുമോ എന്ന അനിശ്ചിതത്വത്തിനു വിരാമമിട്ട്‌ കൊണ്ടാണു നിത്യവൃത്തി പോലും മുട്ടില്ലാതെ നടക്കാത്ത വീട്ടിലെ ചിലവ്‌ കാശിൽ നിന്നും ഊറ്റിയെടുത്ത നാൽപത്തഞ്ച്‌ രൂപയും തന്ന് അടുത്ത വീട്ടിലെ കൂട്ടുകാരുടെ കൂടെ അച്ചാച്ചൻ കുറച്ചകലെയുള്ള വലിയ സ്കൂളിലേക്ക്‌ എട്ടാം തരത്തിലേക്കുള്ള പുസ്തകങ്ങൾ വാങ്ങിക്കാനയച്ചത്‌.
അച്ഛനും അമ്മയും ഇല്ലേ എന്നുള്ളത്‌ അപ്രസക്തമായ ചോദ്യം..
പുസ്തകങ്ങളും വാങ്ങി തിരിച്ച്‌ വരുമ്പോൾ കിട്ടിയ ബസ്സിലെ ക്ലീനർ ബന്ധുവും കൂടെ വന്ന കൂട്ടുകാരന്റെ അച്ഛനും ആയത്‌ കൊണ്ട്‌ ബസ്സ്‌ കൂലിയായ തൊണ്ണൂറു പൈസക്ക്‌ ഉച്ചസമയത്തെ വിശപ്പിനെയും പീടിക ഭരണികളിലെ കൊതിയൂറുന്ന കാഴ്ചകളെയും അതിജീവിക്കാനാവാതെ തൊണ്ണൂറു പൈസക്ക്‌ നാരങ്ങ വെള്ളവും നിറമുള്ള മുട്ടായികളും തിന്ന് വീട്ടിൽ വന്ന് പുസ്തകത്തിന്റെ ബില്ലും ബസ്സ്‌ കൂലിയും കഴിഞ്ഞുള്ള സംഖ്യ കൃത്യമായി അച്ചാച്ചനെ ഏൽപിച്ച്‌ പതിവ്‌ കുരുത്തക്കേടുകളിലേക്ക്‌ മടങ്ങി.
ഈ ക്ലീനറുമായി പതിവ്‌ റാക്ക്‌ കമ്പനിയും കഴിഞ്ഞ്‌ അച്ചാച്ചൻ വന്നപ്പൊ "ചെക്കനുറങ്ങിയോ" എന്ന അരിശത്തോടെയുള്ള ചോദ്യം പാതിയുറക്കത്തിലും കേട്ടെങ്കിലും ശ്രദ്ധിച്ചില്ല.
പിറ്റേന്ന് കാലത്ത്‌ എഴുന്നേറ്റ്‌ വരുമ്പോളേക്കും കാലത്തെ ചെറിയ പണിയും കഴിഞ്ഞ്‌ അച്ചാച്ചൻ ഉമ്മറത്തിരിക്കുന്നുണ്ടായിരുന്നു.
കാലത്തെ കുരുത്തക്കേടിന്റെ ഊർജ്ജവും അകത്താക്കി ഓടാൻ നോക്കുന്നിതിനിടയിലാണു പെട്ടെന്ന് പിടി കൂടി കൈകൾ പിന്നിലാക്കി തലയിൽ ചുറ്റിയ തോർത്തെടുത്ത്‌ അച്ചാച്ചൻ ഓലപ്പുരയുടെ തൂണിൽ പിടിച്ച്‌ കെട്ടിയത്‌.
ബസ്സ്‌ കൂലിക്ക്‌ മുട്ടായി തിന്നതിനായിരുന്നില്ല മുഖത്ത്‌ നോക്കി കള്ളം പറഞ്ഞതിനാണെന്നും പറഞ്ഞ്‌ അരച്ച്‌ വച്ച മുളക്‌ കണ്ണിലെഴുതുമ്പോ ചുറ്റും നിന്നവർ "പാവം" ന്ന് പറയുന്നുണ്ടായിരുന്നു.
അകത്ത്‌ നിന്ന് അമ്മ
"കിട്ടണം മുട്ടേന്ന് വിരിഞ്ഞില്ലല്ലൊ കളവും കൊണ്ട്‌ നടക്കാൻ" എന്ന് ഇടറിയ തൊണ്ട കൊണ്ട്‌ പറയുന്നതും കേൾക്കായിരുന്നു.
കുറച്ച്‌ നേരം അലറി കരഞ്ഞതേ ഓർമ്മയുള്ളൂ....
ഇത്തിരി കഴിഞ്ഞപ്പൊ ചാണകം മെഴുകിയ തറയിൽ കിടന്ന് കണ്ണു തുറന്ന് നോക്കുമ്പോ കണ്ണിലേക്ക്‌ വന്ന വെളിച്ചത്തേക്കാൾ വേഗതയിൽ മൂക്കിലേക്ക്‌ ഇരച്ച്‌ വന്നത്‌ കെട്ടിയിട്ട തൂണിനു താഴെ നിറഞ്ഞു കിടന്ന മൂത്രത്തിന്റെയും മലത്തിന്റെയും മണമായിരുന്നു.
പത്താം ക്ലാസ്സിൽ സ്കൂൾ പൂട്ടിയപ്പോ കൂടെ പണിക്ക്‌ കൂട്ടിയ കിണറു മേസ്ത്രി സന്ധ്യക്ക്‌ വീട്ടിൽ വന്നപ്പൊ അച്ചാച്ചൻ പറയുന്നത്‌ കേട്ടു.
" മോനെ നോക്കണേ ഡോ , കഴിഞ്ഞിട്ടല്ല ന്റെ മോൻ ഈ പണിക്ക്‌ വരുന്നത്‌ അവന്റെ ഗതികേട്‌ കൊണ്ടാണെന്ന്"
കുറച്ച്‌ ദിവസങ്ങൾ കഴിഞ്ഞ്‌ ഒരു ദിവസം പണിസ്ഥലത്ത്‌ വച്ച്‌ പതിനൊന്ന് മണിയുടെ കഞ്ഞിയും കുടിച്ച്‌ കിണറ്റിലിറങ്ങി മൂന്നോ നാലോ കൊട്ട മണ്ണു കോരി വിട്ട്‌ കയർ വരാത്തത്‌ ശ്രദ്ധിച്ചപ്പോളാ മുകളിലൊരു നിശബ്ദത കണ്ടത്‌.
എന്താണെന്ന് ചോദിച്ച്‌ ആലോചിച്ച്‌ നിൽക്കുമ്പോ കൊട്ടയില്ലാത്ത കാലി കയർ താഴെ ഇറക്കി തന്ന് മേസ്ത്രി പറഞ്ഞു.
"കയർ കുടുക്കാൻ"
അരയിൽ കയർ കുടുക്കി കസേരയിലെന്ന പോലെ മുകളിലെത്തിയപ്പൊ
"നിന്റെവീട്ടിൽ ആർക്കോ സുഖമില്ല ഇനി നാളെ എടുക്കാം പണി. കാലും മുഖവും കഴുകിക്കോ"
ഒരു യന്ത്രത്തെ പോലെ കാലും മുഖവും കഴുകി വിയർപ്പൊക്കെ തുടച്ച്‌ വീട്ടിലേക്ക്‌ നടക്കുമ്പോളും വീട്ടിലാർക്കോ എന്തോ അത്യാഹിതം നടന്നു എന്ന് തോന്നിയിരുന്നു.
ആർക്കാണെന്ന് കൂടെ വരുന്നവരോട്‌ ആരോടും ചോദിക്കുവാനുള്ള ധൈര്യം ഉണ്ടായില്ല.
ആർക്കായാലും അത്‌ താങ്ങാൻ പറ്റുന്നൊരു മനസ്സായിരുന്നില്ല അന്ന്.
തറവാട്ട്‌ വീട്ടിലെത്തിയപ്പൊ തന്നെ മുറ്റത്തും ഉമ്മറത്തും ആളുകൾ കൂട്ടം കൂടി തുടങ്ങിയിരുന്നു.
വിറക്കുന്ന ശരീരവും ഇടറിയ കാലുകളുമായി വീട്ടിലേക്ക്‌ കയറിയപ്പൊ തന്നെ കണ്ടു നടുമുറിയിൽ അച്ചാച്ചനെ വെള്ള പുതപ്പിച്ച്‌ കിടത്തിയത്‌.
ചെറിയ മരക്കോണി രണ്ട്‌ മൂന്ന് പടി കയറി ഒന്ന് കൂടി സൂക്ഷിച്ച്‌ നോക്കി..
"അച്ചാച്ചൻ മരിച്ചു"
തേങ്ങ പൊതിക്കുന്ന പാര ഇളം കൈയ്യിൽ വച്ച്‌ തന്നിട്ട്‌
"നിന്റെ അമ്മക്ക്‌ നീയേ ഉള്ളൂ നല്ലോണം നോക്കണം" എന്ന് പറഞ്ഞ അച്ചാച്ചൻ..
അവിടെ നിന്ന് കരഞ്ഞില്ല.
ഓല മേഞ്ഞ സ്വന്തം കുഞ്ഞുപുരയുടെ മുറ്റത്ത്‌ അച്ചാച്ചൻ ചർദ്ദിച്ച ചോര പുരണ്ട പുട്ടിൽ ചോണനുറുമ്പുകൾ പൊതിഞ്ഞിരുന്നു.
ആ വീടിന്റെ പായയിൽ കിടന്ന് തളരും വരെയും ഏങ്ങി കരഞ്ഞു.
ഒടുവിൽ അച്ചാച്ചന്റെ ചിതക്ക്‌ തിരി കൊളുത്തി മടങ്ങുമ്പോൾ തിരിച്ചറിയുകയായിരുന്നു.
ആദ്യമായി ജീവിതത്തിലും വീട്ടിലും ഒരാൾ ഇല്ലാതാവുമ്പോഴുള്ള ശൂന്യത.
വർഷം ഇരുപത്‌ കഴിഞ്ഞെങ്കിലും അച്ചാച്ചൻ പാടുന്ന പാട്ട്‌ ഇപ്പൊളും ചെവിയിൽ വന്ന് മൂളി തരും അച്ചാച്ചൻ.
"കണ്ടം ബെച്ചൊരു കോട്ടാണു
പണ്ടേ കിട്ടിയ കോട്ടാണു
മമ്മദ്‌ കാക്കേടെ കോട്ടാണു
ഇത്‌ നാട്ടിലും മുഴുവൻ പാട്ടാണു..."
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo