Slider

അവളുടെ ഏട്ടൻ

0
Image may contain: 1 person

ഇന്നലെ കലവറയിൽ തീ പകർന്നത്‌ മുതൽ ആ ചെറുപ്പക്കാരൻ അവരുടെ കൂടെ തന്നെ ഉണ്ട്‌.
വിറക്‌ എടുക്കാനും, വെള്ളം നിറക്കാനും, പച്ചക്കറികൾ എത്തിക്കാനും ഒക്കെയായി..
ഇതൊക്കെ കണ്ട്‌ പാചക്കാരൻ പറയുന്നതാ ആദ്യം കേട്ടത്
‌ "ഭാഗ്യം ചെയ്ത അച്ചനാ ഇങ്ങനൊരു മകനെ കിട്ടിയല്ലോന്ന് "
ഉടനെ സഹായി അയാളെ തിരുത്തി
" അല്ല അയാൾക്ക്‌ ആൺ കുട്ടികൾ ഇല്ല
ഇവളുടെ താഴത്തേതും പെൺകുട്ടി ആണെന്ന്"
അപ്പൊ പിന്നെ ഇയാൾ ആരായിരിക്കും??
ഇല വൃത്തിയാക്കുന്നവർക്കിടയിലും കസേരയും മേശയും
ഒരുക്കുന്നവർക്കിടയിലും അവന്റെ ഉത്സാഹം കണ്ടപ്പൊ സൊറ പറഞ്ഞിരിക്കുന്ന ഫ്രീക്കൻമാരിൽ ഒരുത്തൻ പറയുന്നത്‌ കേട്ടു
"ഇവൻ അവൾ തേച്ച ലിസ്റ്റിൽ പെട്ട ആരെങ്കിലും ആയിരിക്കും അതിന്റെ വാശിക്കായിരിക്കും ഇവിടെ വന്ന് ഇങ്ങനെ കഷ്ടപ്പെടുന്നേന്ന്"
കൂടെ ഉണ്ടായിരുന്നവനാ അവനെ തിരുത്തിയത്‌
"ആരും കേൾക്കണ്ട നിന്റെ പല്ലിളകും ഈ പെണ്ണേ അത്തരക്കാരിയല്ല"
ഫ്രീക്കനും മൂക്കത്ത്‌ വിരൽ ചേർത്തു..
പിന്നെ ഇവൻ ആരാ?
ഭക്ഷണം വിളമ്പുന്നവർക്കിടയിലൂടെ ജഗ്ഗിൽ വെള്ളവുമായി ഓടുന്നത്‌ കണ്ട്‌ ഭക്ഷണം കഴിക്കുന്ന പെണ്ണുങ്ങൾ അടക്കം പറയുന്നതും കേട്ടു.
"കൂടെ പഠിച്ച വല്ല കുട്ടിയുമാകും അതാ ഇത്രക്ക്‌ സ്നേഹം"
അപ്പൊൾ മറ്റൊരുത്തി അവർക്ക്‌ കൈ ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ടായിരുന്നു,
ഊശാൻ താടിയും കൂളിംഗ്‌ ഗ്ലാസ്സുമിട്ട്‌ വിവിധ പോസ്സുകളിൽ സെൽഫിയുമെടുത്ത്‌ ഫോണിൽ കുത്തി നടക്കുന്ന അവളുടെ "ചങ്ക്‌ ബ്രോ" കളെ
അവരും പരസ്പരം നോക്കി ചോദിച്ചു?
പിന്നെ ഇവൻ ആരായിരിക്കും??
കലവറയിൽ എന്തോ സാധനം തീർന്നുന്നറിഞ്ഞ്‌ പണവുമായി വരുമ്പോ പേർസിൽ നിന്ന് പണമെടുത്ത്‌ ഒരു കുട്ടിയുടെ പുറത്ത്‌ തട്ടി സൗഹൃദ ചിരിയോടെ അവനെ കടയിലേക്ക്‌ പറഞ്ഞയക്കുന്നത്‌ കണ്ടപ്പോളും,
ബൊക്കയും മാലയും കൊണ്ടു വരാൻ കാറിന്റെ കീ കൊടുത്ത്‌ ഒരു ചെറുപ്പക്കാരനെ അയക്കുന്നത്‌ കണ്ടപ്പോളും അച്ഛന്റെ കണ്ണുകളിൽ നനവ്‌ പടർന്നു .. അത്‌ കണ്ട്‌ അടുക്കള ജനലിലൂടെ അമ്മയും കണ്ണു തുടക്കുന്നുണ്ടായിരുന്നു.
ഒരു മകനേ പോലെ വന്ന ഇവനാരാ??
വൈകുന്നേരം തിരക്കൊഴിഞ്ഞപ്പൊ മകൾ അവനെ വിളിച്ച്‌ കൂടെ നിർത്തി കാമറക്ക്‌ ‌ പോസ്‌ ചെയ്യുന്നതിനിടയിൽ പോക്കറ്റിൽ നിന്ന് ഒരു ജ്വല്ലറിയുടെ പേരെഴുതിയ ഒരു കൊച്ചു ബോക്സ്‌ അവൾക്ക്‌ സമ്മാനമായി കൊടുത്തപ്പൊ ചെറിയൊരു ഇടർച്ചയോടെ
അടുത്ത്‌ നിൽക്കുന്ന അച്ഛനമ്മമാരെ അവളാ പരിചയപ്പെടുത്തിയത്‌ ..
"ഇത്‌ എന്റെ ഏട്ടനാണെന്ന്"
രണ്ടു പേരുടെയും മുഖം വാടി.
കണ്ണു ചുവപ്പിച്ച്‌ അമ്മയെ ഒരു നോട്ടവും
നോക്കി അച്ഛനിറങ്ങി പോകുമ്പോ അച്ഛന്റെ മനസ്സിലും ചോദ്യം ഇതായിരുന്നു..
ഞാനറിയാതെ ഏത്‌ ഏട്ടനാ ഇവൾക്ക്‌??
കല്ല്യാണം കഴിഞ്ഞ്‌ യാത്ര പറയാൻ വന്ന് മകൾ കെട്ടിപിടിച്ചപ്പൊ അമ്മക്ക്‌ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല
"അച്ഛൻ പറഞ്ഞതാണോ മോളോട്‌ അത്‌ നിന്റെ ഏട്ടനാണെന്ന്"
മകൾ ഒരു ഉൾക്കിടിലത്തോടെ അമ്മയെ നോക്കി കണ്ണീരോടെ പറഞ്ഞു
"അല്ലമ്മേ അതെന്റെ ഫേസ്‌ബുക്കിലെ ഏട്ടനാ"
വരന്റെ വീട്ടിലേക്കുള്ള യാത്രയിൽ
എയർ പോർട്ടിലേക്കുള്ള റോഡിൽ അവൻ കാത്തിരിക്കുന്നുണ്ടായിരുന്നു..
ഒരു നിറ പുഞ്ചിരിയോടെ കൈ വീശി അവരോട്‌ യാത്ര പറയാൻ....
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo