പെരുമ്പാമ്പ്
* * * * * * * *
ഞായറാഴ്ചയായത് കൊണ്ട് കാര്യമായ പണികളൊന്നും ഇല്ലായിരുന്നു.. ആരും തെറ്റിദ്ധരിക്കരുത്...അല്ലാത്ത ദിവസങ്ങളിലും പ്രത്യേകിച്ച് പണിയൊന്നുമില്ല കേട്ടോ...
രാവിലത്തെ വയറൊഴിക്കൽ കർമ്മവും വയറ് നിറക്കൽ കർമ്മവുമൊക്കെ കഴിഞ്ഞ് മുറ്റത്തൂടെ ഉലാത്തുകയായിരുന്നു ഞാൻ.
ഉലാത്തുക എന്നൊക്കെ പറയുമ്പോൾ നിങ്ങൾ കരുതും അഞ്ചാറേക്കറ പറമ്പിലുള്ള ഒരു വീടും വലിയൊരു മുറ്റവുമെന്നൊക്കെ... അതൊന്നുമില്ല കേട്ടോ... ആകെ എട്ട് സെന്റിൽ വീട് കഴിഞ്ഞ് ബാക്കിയുള്ള സ്ഥലം.. നമുക്ക് ഉലാത്താനും ഒലത്താനുമൊക്കെ അതു തന്നെ ധാരാളം...
ഞങ്ങളുടെ വീട് കഴിഞ്ഞ് ഒരമ്പത് മീറ്റർ കഴിഞ്ഞാൽ പിന്നെ വനം വകുപ്പിന്റെ നാന്നൂറ് ഏക്കറോളം വിസ്തൃതിയുള്ള സ്ഥലം തുടങ്ങുകയായി... ഇടക്ക് ഉലാത്താനും വിറകൊടിക്കാനുമൊക്കെയായി അത് വഴിയും കയറാറുണ്ട്. പന്നി, പെരുമ്പാമ്പ്, മുള്ളൻപന്നി,കാട്ടു മുയൽ, മയിൽ, ഉടുമ്പ്, മലയണ്ണാൻ എന്നിവയൊക്കെ അധിവസിക്കുന്നയിടമാണ്.. മയിലും പെരുമ്പാമ്പും പന്നിയുമൊക്കെ സ്നേഹമുള്ള കൂട്ടരാണ്..കാരണം ഇടക്കിടെ നമ്മെക്കാണാൻ നമ്മുടെ വീട്ടുവളപ്പിലും തൊട്ടടുത്ത പറമ്പുകളിലുമൊക്കെ വന്നു നിൽക്കും... കിട്ടുന്നതും കഴിച്ച് തിരിച്ച് പോവും..
ഓരോന്നാലോചിച്ചുളള ആ ഉലാത്തലിനിടയിലാണ് ഒരു കാട്ടുമുയൽ അടുത്ത പറമ്പിൽ ഉലാത്തുന്നത് എന്റെ കണ്ണിൽ പെട്ടത്... ഇന്നുച്ചക്ക് എന്താ കറിവെക്കുന്നതെന്ന ചോദ്യം അടുക്കളയിൽ നിന്നുയർന്നിട്ട് അധികനേരമായിട്ടില്ല.. ഇനിയെന്തോന്നാലോചിക്കാൻ.. ഞാൻ തുണി മടക്കിക്കുത്തി ഒരു വടിയുമെടുത്ത് മറുകണ്ടം ചാടി.. മുയൽ ഓടി.. ഓടും, അതിന് ജീവനുള്ളത് കൊണ്ട് അതോടും. ഉച്ചക്ക് കറിവെക്കാനൊന്നുമില്ലാത്തത് കൊണ്ട് ഞാനും ഓടി, അതിന്റെ പിറകെ...ഭാഗ്യത്തിന് മുയൽ കാട്ടിലേക്ക് കയറുന്നതിന് മുമ്പേ നമ്മുടെ കൈയിലായി..
പുലിമുരുകന്റെ ഭാവത്തോടെ മുയലിനെയും തൂക്കിപ്പിടിച്ച് അടുക്കളയിലെത്തിയ എന്നെക്കണ്ട് ഭാര്യ ഒന്ന് ഞെട്ടാതിരുന്നില്ല.. ഞാനാരാ മോൻ.. ഈ വേട്ട വേട്ടയെന്നൊക്കെ പറഞ്ഞാൽ ഇത്രയേയുള്ളൂ..
" ഫോറസ്റ്റുകാരെങ്ങാനുമറിഞ്ഞാൽ... നിങ്ങക്കറിയാമല്ലോ..?"
അവൾക്ക് ചെറിയൊരു ഭയം ഇല്ലാതില്ല.. എനിക്കാണെങ്കിലോ ചെറിയൊരു ഭയം ഇല്ലാതില്ല.
" അതിന് കാട്ടു മുയലിനെ പിടിച്ചെന്നത് നീയാരോടും അനൗൺസ് ചെയ്യാൻ നിക്കണ്ട.. വൈകുന്നേരം കുട്ടികൾ വരുമ്പോ വരെ ബീഫാണെന്ന് പറഞ്ഞ് കൊടുത്താൽ മതി.."
അങ്ങനെ ഇരുചെവിയറിയാതെ മുയൽ ചട്ടിയിലായി.. ഉച്ചക്കത്തെ ഊണിന്റെ കാര്യം പറയേണ്ടല്ലോ... ആദ്യമായിട്ടാ കാട്ടുമുയലിന്റെ ഇറച്ചി തിന്നുന്നത്... അതിന്റെ ആക്രാന്തവും കുറച്ചുണ്ടായിരുന്നു... എല്ലാം കഴിഞ്ഞ് ഏമ്പക്കവും വിട്ട് നല്ലൊരുറക്കവും പാസാക്കി.
ഭാര്യയുടെ തോണ്ടി വിളി അസഹനീയമായപ്പോഴാണ് ഉറക്കമുണർന്നത്..
"എന്തേ.. "
"ഒന്നിവിടം വരെ വരിൻ... "
എന്റെ ഉള്ളൊന്ന് കാളാതിരുന്നില്ല.. കാട്ടുമുയലിനെ കശാപ്പ് ചെയ്തത് ആരെങ്കിലും അറിഞ്ഞോ...? എയ്... അത്തരം ബേജാറൊന്നും അവളുടെ മുഖത്ത് കാണാനില്ല.. ഇനിയെന്നെ ഫോറസ്റ്റുകാരെ ങ്ങാനും പിടിച്ച് കൊണ്ടു പോയാൽ തൽക്കാലം ഒരാശ്വാസം കിട്ടുമല്ലോയെന്ന് കരുതിയിണ്ടാവുമോ അവൾ..?
"നീ കാര്യം പറ..." ഞാൻ അൽപം ദേഷ്യത്തിലാണത് ചോദിച്ചത്...
"ഒന്ന് പുറത്തേക്ക് വരി.. അപ്പൊ കാര്യം മനസിലാവും."
പടച്ചോനേ കാക്കണേയെന്ന് മനസിൽ പ്രാർത്ഥിച്ചു കൊണ്ട് ഞാൻ വേഗം അവളുടെ പിന്നാലെ ചെന്ന് വീടിന്റെ പുറകുവശത്തെത്തി... ബേജാറാകാൻ മാത്രം അവിടെയൊന്നും കണ്ടില്ല.. ഞങ്ങളുടെ വീടിന്റെ കുറെ മുകളിൽ താമസിക്കുന്ന സൈറത്താത്ത നിൽക്കുന്നുണ്ടവിടെ.
അവിടെയെത്തിയതും ഭാര്യ എന്നോടായി ചോദിച്ചു.
" ഇത്തയുടെ ഒരു മുയലിനെ കാണാനില്ലത്രെ.. ഇതു വഴിയെങ്ങാനും വന്നത് നിങ്ങൾ കണ്ടിരുന്നോന് ചോദിക്കാനാ നിങ്ങളെ വിളിച്ചത്..."
ഭാര്യയുടെ നോട്ടമായിരുന്നു സഹിക്കാൻ കഴിയാതിരുന്നത്... എന്ത് പറയണമെന്നറിയാതെ അന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി ഭാര്യ ഇത്തയോട് പറയുന്നു...
"മൂപ്പര് വയറ് നിറച്ചും ബീഫും കഴിച്ച് കിടന്നതാ.. ഞാൻ വിളിച്ചപ്പോ ഉണരുന്നതേയുള്ളൂ... "പിന്നെ എന്റെ മുഖത്ത് നോക്കി വീണ്ടും പഴയ ചോദ്യം...
"നിങ്ങളെങ്ങാൻ കണ്ടിരുന്നോ മുയലിനെ.... "
"ഇ.. ഇല്ല.. ഇല്ല.. ഞാൻ കണ്ടില്ലല്ലോ.. " അതും പറഞ്ഞ് പതിയെ ഞാൻ വീട്ടിനകത്തേക്ക് വലിയവെ സൈറത്താത്ത സങ്കടത്തോടെ പറയുന്നത് കേട്ടു ..
"മുന്തിയ ഇനമാണെന്ന് പറഞ്ഞ് ആങ്ങള ഇന്നലെ വയനാട്ടിൽ നിന്നും രണ്ടായിരം രൂപാ കൊടുത്ത് കൊണ്ടുവന്നതായിരുന്നു രണ്ടെണ്ണത്തിനെ. ചാരനിറത്തിലുള്ളവ.. നല്ല തടിയും വലുപ്പവുമുണ്ടായിരുന്നു. കണ്ടാൽ കാട്ടു മുയലിനെപ്പോലെ തന്നെ..
കുട്ടികൾ കൂട് തുറന്നു വിട്ടതാ.. ഒന്നവിടെ തന്നെയുണ്ട്... ഉച്ചമുതൽ ഞാൻ തെരയാൻ തുടങ്ങിയതാ മറ്റതിനെ... വല്ല പെരുമ്പാമ്പോ മറ്റോ പിടിച്ചു കാണും... "
കൈയും മുഖവും കഴുകി ഡ്രസും മാറ്റി ഞാൻ പതിയെ റോഡിലേക്കിറങ്ങി അങ്ങാടി ലക്ഷ്യമാക്കി നടന്നു .ഭാര്യയുടെ വായിൽ നിന്നും കേൾക്കാനിരിക്കുന്ന വാക്കുകളിൽ നിന്നും കുറ്റച്ചു നേരത്തേക്കെങ്കിലും ഒരു ആശ്വാസം കിട്ടിയാൽ അതൊരു ഭാഗ്യം തന്നെയല്ലേ..
__________________________
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക