.....പ്രണയ ജല്പനങ്ങൾ....


.....പ്രണയ ജല്പനങ്ങൾ....
അവധി ദിവസമായതുകൊണ്ടാവും വണ്ടിയിൽ തിരക്കു കുറവായിരുന്നു.
ജനലിലൂടെ പുറകിലേക്ക് ഓടുന്ന വ്യക്ഷ കൂട്ടങ്ങളിലേക്ക് നോക്കിയിരുന്നു.. ക്ഷീണത്താൽ ഇടയ്ക്കെപ്പോഴോ ഉറക്കം കണ്ണുകളിൽ തൂങ്ങി മയങ്ങി നിന്നു..
എതിർവശത്തെ സീറ്റിൽ സുന്ദരിയായ ഒരു യുവതി അവളുടെ കാമുകന്റെ മുടിയിൽ തലോടുകയാണ്.. അവൻ അവളോട് ചേർന്നിരുന്ന് എന്തൊക്കെയോ പറയുന്നുണ്ട്.. പെട്ടെന്നാ ചെറുപ്പക്കാരൻ ചോദിച്ചു.
സാറിന്റെ പേര്...?
ഞാൻ പേരു പറഞ്ഞു..
ശങ്കരേട്ടന്റെ പ്രണയം എഴുതിയ.....
ഞാൻ തലയാട്ടി...തെങ്ങിനെ പ്രണയിച്ച ശങ്കരേട്ടൻ.. ഷർട്ടിടാതെ തോർത്തു മാത്രം ഉടുത്തു പ്രണയത്താൽ തെങ്ങിനെ കെട്ടിപ്പിടിച്ചു ചുംബിച്ച കാമുകൻ...
ദേഷ്യത്തിൽ ആ യുവതി എന്നെ നോക്കി പറഞ്ഞു..
ഇയാളൊരു പൊട്ടനായ കഥാകാരൻ ആണ്..
പരിഹാസം കേട്ട് ഉറക്കം പെട്ടെന്ന് എങ്ങോ ഓടിയൊളിച്ചു.. പുറകിലേക്ക് ഓടുന്ന തെങ്ങുകൾ അതു കേട്ട് ഉറക്കെ ചിരിക്കുന്നുണ്ടായിരുന്നു.
തെങ്ങിന്റെ ഭർത്താവാണോ കഥാകൃത്തേ ശങ്കരേട്ടൻ? തെങ്ങിന്റെ കാമുകനല്ലേ...?... അല്ലേ?...
ആരാണാ ചോദ്യം ചോദിച്ചത്?
ആ ചെറുപ്പക്കാരനാണോ? അതോ ആ സുന്ദരിയായ യുവതിയോ...?
അതെ... പ്രണയ വിവശനായ കാമുകനാണ് ശങ്കരേട്ടൻ...
എന്നിട്ടാണോ കഥാക്യത്തേ അയാൾ തെങ്ങിന്റെ മണ്ടയിൽ പിടിച്ച് ഇറങ്ങാതെ ഇരിക്കുന്നത്? ആരെങ്കിലും കാണില്ലേ?
ശരിയാണ് ഭർത്താവായിരുന്നെങ്കിൽ ശങ്കരേട്ടൻ ഉറപ്പായും അവിടെ തന്നെ ഇരു‌ന്നേന്നേ...ഇതിപ്പോൾ....?
പ്രണയം എഴുതാനറിയാത്ത ....
ആ സുന്ദരി പുച്ഛരസത്തിൽ വീണ്ടും എന്നെ നോക്കി...
ഏതോ സ്റ്റേഷനിൽ വണ്ടി നിർത്തി. സുന്ദരി കാമുകന്റെ വിരലുകൾ വളച്ചൊടിക്കുവാൻ ശ്രമിക്കുന്നു.. വേദനയിലും കാമുകൻ ചിരിക്കുന്നു..
എനിക്ക് സങ്കടം വന്നു.കഴിഞ്ഞ ദിവസം ഭാര്യ അടുത്തിരിക്കവേ അവളുടെ വിരലിൽ മുറുകെ പിടിച്ചപ്പോൾ..
നിങ്ങൾ എന്റെ കൈ വിട്... വേദനിച്ചാൽ ഞാൻ...
പേടിയോടെയാണ് കൈ വിട്ടത്.ഉടൻ ദേഷ്യത്തിലൊന്നു നോക്കി അവൾ അടുക്കളയിലേക്ക് പോയി..
കുഞ്ഞേ... പൂയ്
ഞാൻ പുറത്തേക്കു നോക്കി. എന്റെ കണ്ണുകളെ വിശ്വസിക്കാൻ എനിക്കു കഴിഞ്ഞില്ല.. സ്റ്റേഷനരുകിൽ ചാഞ്ഞു നിന്ന തെങ്ങിന്റെ മുകളിൽ തോർത്തുമുടുത്ത് അരിവാളുമായി ശങ്കരേട്ടൻ അതാ....
പ്രണയ വിവശനായ കാമുകൻ...
ശങ്കരേട്ടാ.... ഇറങ്ങ്.... വല്ലോരും കാണും..
നാണിച്ചു കൂമ്പിയ കണ്ണുമായി ഒരു തെങ്ങ്... കാറ്റിൽ മുടിയിഴകൾ പോലെ ഇളകുന്ന തെങ്ങോലകൾ...
ഇനി പ്രണയമെന്ന പേരിൽ ഇയാൾ തെങ്ങിനെ പീഡിപ്പിക്കുകയാണോ?
ശങ്കരേട്ടാ ..
എന്താ കുഞ്ഞേ അയാൾ വിളി കേട്ടു .
ഇവിടെ എഴുത്തുകാർ ഒരു പ്രശ്നം ഉണ്ടാവാൻ കാത്തിരിക്കുകയാണ്.. താഴെയിറങ്ങ്...
അവർ വെറുതെയിരിക്കില്ല. ഇൻഡ്യൻ പീനൽ കോഡിന്റെ സെക്ഷൻ ഉൾപ്പെടെ വിവരിച്ച് ......
കുഞ്ഞേ അവർക്ക് വേറേ ഒരു പണിയുമില്ലേ ... ചിരിച്ചുകൊണ്ടാണ് ശങ്കരേട്ടൻ അതു ചോദിച്ചത്.
വണ്ടി മെല്ലെ നീങ്ങി തുടങ്ങിയിരുന്നു.. ആയിരം കഥകൾ പറയുന്ന കണ്ണുമായി ഒരു വൃദ്ധ ആരെയൊക്കെയോ തുറിച്ചു നോക്കുന്നു..
ഞാൻ വീണ്ടും ചാഞ്ഞു നിന്ന തെങ്ങിലേക്ക് ഒന്നെത്തി നോക്കി
കുരുത്തോലകൾ കൂട്ടിപ്പിടിച്ച് ശങ്കരേട്ടൻ മണ്ടയിൽ തന്നെയിരിക്കുന്നു .
അപ്പോൾ....
ഉണങ്ങി വരണ്ട പുഴ കടന്ന ഒരിളം കാറ്റ് കവിതയുടെ ഈരടികൾ പാടി ഓടി വന്നു...
ആടിയുലയുന്ന വണ്ടിയിൽ വിറച്ചു വിതുമ്പുന്ന ചുണ്ടുകളോടെ ആ സുന്ദരി ശങ്കരേട്ടാ എന്ന വിളിയോടെ കാമുകനെ ചുംബിക്കുന്നു..
കാറ്റിൽ അവ്യക്തമായി ആ കവിത വീണ്ടും...
" പ്രണയം പേപ്പട്ടിയായി അലയും കാലം.......
.. പ്രേം....

ഞാൻ ആതിര മഹേന്ദ്രൻ .....


ഞാൻ ആതിര മഹേന്ദ്രൻ .....
iiiii
ഞാൻ ആതിര മഹേന്ദ്രൻ. മഹേന്ദ്ര ഗ്രൂപ്പ് ഓഫ് ടെക്സ്റ്റൽസിന്റെ അമരക്കാരി. കഴിഞ്ഞ വർഷത്തെ വനിത വുമൺ ഓഫ് ദ ഇയർ അവാർഡ് ജേതാവ്. പക്ഷേ, ഇതൊന്നുമല്ലാതെ എന്നെ നിങ്ങളറിയും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും ചാനൽ ചർച്ചയിലും നിറഞ്ഞു നിൽക്കുന്ന പേരും മുഖവും എൻറതാണ്. എനിക്ക് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് ആരും തിരക്കിയില്ല, എല്ലാവർക്കും സ്വന്തം ഭാവനക്കനുസരിച്ച് കഥ മെനയാനായിരുന്നു താൽപര്യം. എന്റെ വ്യക്തിത്വം എന്തെന്ന് ആരും അന്വേഷിച്ചില്ല, എന്നെ ഒരു ''ഇര"യായി കാണാനായിരുന്നു വ്യഗ്രത്ര. ജീവിതവും അതിന്റെ പ്രതീക്ഷകളും അസ്തമിച്ച , മുഖം മൂടിയണിഞ്ഞു കൊണ്ട് മാത്രം ഇനി സമൂഹത്തിൽ ഇറങ്ങേണ്ട വെറും ഒരു ഇര' . അതെ, നിങ്ങളെനിക്ക് ചാർത്തിത്തന്ന പേര് , കവടിയാർ പെൺകുട്ടി.
ഒരു സാധാരണ തയ്യൽ തൊഴിലാളിയായിരുന്നു എന്റെ അച്ഛൻ മഹേന്ദ്രൻ. കുടുംബം പുലർത്താൻ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടിട്ടും എവിടെയും എത്താൻ കഴിയാതെ പോയ ഒരു പാവം. ഒൻപത് വർഷങ്ങൾക്ക് മുമ്പ് ഒരു അപകടത്തിൽ അച്ഛൻ നഷ്ടപ്പെടുമ്പോൾ തകർന്നു പോയൊരമ്മയോടൊപ്പം പകച്ചു നിന്നൊരു ഇരുപത്തി ഒന്നുകാരി, അതായിരുന്നു ഞാൻ. ഞങ്ങളെയും അച്ഛൻ ബാക്കി വെച്ചിട്ട് പോയ ബാധ്യതകളും ഏറ്റെടുക്കാൻ ആരുമില്ലെന്ന തിരിച്ചറിവിൽ നിന്നാണ് ജിവിച്ചു കാണിക്കണം എന്ന ഉറച്ച തീരുമാനത്തിൽ ഞാനെത്തിയത്. അയൽവാസികളായ നാല് സഹോദരിമാരെയും കൂടെക്കൂട്ടി ജിവിക്കാൻ ഇറങ്ങി പുറപെട്ടപ്പോൾ അച്ഛന്റെ തയ്യൽ മെഷ്യനും പെണ്ണിന്റെ ചങ്കുറപ്പും മാത്രമായിരുന്നു മൂലധനം.
സ്ത്രീകളുടെ നിശാവസ്ത്രങ്ങൾ തയച്ച് കടയിൽ കൊണ്ടുചെന്ന് കൊടുത്തായിരുന്നു തുടക്കം . പതുക്കെ പതുക്കെ അത് വളർന്നു.എല്ലാത്തരം വസ്ത്രങ്ങളും തയച്ചു തുടങ്ങി. സ്വന്തമായി ഒരു കടയിട്ടു. നാല് തൊഴിലാളികൾ എന്നത് നാൽപതായി, നാനൂറായി .ആ യിരമായി.. ഇപ്പോൾ സ്വന്തമായി കേരളത്തിൽ നാല് ഷോപ്പുകളും നൂറിലേറെ ചെറുകിട നിർമ്മാണ ശാലകളും ഉണ്ട്. ഇതൊന്നും പെട്ടെന്നൊരു ദിവസം പൊട്ടിക്കിളിർത്തതല്ല. ഇതിനു പുറകിൽ എന്റെ ഒൻപത് വർഷത്തെ അധ്വാനമുണ്ട്, ഞാൻ സഹിച്ച വേദനകളും അപമാനങ്ങളുമുണ്ട്, ഒഴുക്കിയ കണ്ണുനീരുണ്ട്.
സംഭവ ദിവസം, ബോർഡ് മീറ്റിങ്ങ് ഉണ്ടായിരുന്നതു കൊണ്ട് ഓഫിസിൽ നിന്നിറങ്ങാൻ വൈകി. വഴിയിൽ വച്ച് വണ്ടിക്കെന്തോ പറ്റി, വരാൻ വൈകുമെന്ന് ഡ്രൈവർ അരുൺ വിളിച്ചു പറഞ്ഞു. വണ്ടിക്കായി കാത്തിരിക്കുമ്പോൾ മാനേജർ സുധീഷ് കൂട്ടിരിക്കാമെന്ന് നിർബന്ധിച്ചു പറഞ്ഞു. ആ ധൈര്യത്തിലാണ് സെക്യൂരിറ്റി ധർമ്മനോട് ഭക്ഷണം കഴിക്കാൻ പൊയ്ക്കോളാൻ പറഞ്ഞത്. വണ്ടി മനപ്പൂർവ്വം വൈകിച്ചതാണെന്നും സുധീഷ് വലയൊരുക്കുകയായിരുന്നെന്നും തിരിച്ചറിയാൻ വൈകി. നാലു വർഷം , കൂടപ്പിറപ്പുകളെക്കാൾ സ്നേഹിച്ച്,എന്റെ ഇടതും വലതുമായി ഞാൻ കൊണ്ടു നടന്ന എന്റെ വിശ്വസ്തർ , അരുണും സുധീഷും , ഏതോ ശത്രുക്കൾ വച്ചുനീട്ടിയ അപ്പം നുറുക്കുകൾക്ക് വേണ്ടി നപുംസകങ്ങളായി മാറുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. ഇത്രയും വർഷങ്ങൾക്കിടയിൽ സ്നേഹവും ബഹുമാനവും കരുതലും മാത്രം തെളിഞ്ഞു നിന്നിരുന്ന ആ മിഴികളിൽ ആദ്യമായി ഒരു ഹിംസ മൃഗത്തിന്റെ ധാർഷ്ട്യം കണ്ടു. സ്ഥാപനത്തിന്റെ എല്ലാമെല്ലാമായ മാനേജർക്ക് cc TV നിശ്ചലമാക്കാൻ ആരുടെയും സഹായം വേണ്ടല്ലോ? കീഴടക്കിയ പെണ്ണിന്റെ നഗ്നത ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കുമ്പോൾ എന്തായിരിക്കും അവരുടെ മനസ്സിൽ ? എന്റയും എന്റെ സാമ്രാജ്യത്തിന്റെയും അന്ത്യമോ അതോ ?
സമയമെടുത്തു ആ ഷോക്കിൽ നിന്നുണരാൻ . അപ്പോഴേക്കും വ്യവസായ പ്രമുഖ യുടെ ശരീര സൗന്ദര്യം കാട്ടുതീ പോലെ ഒന്നിൽ നിന്നും ഒന്നിലേക്ക് പടർന്നു കഴിഞ്ഞിരുന്നു. കണ്ടവർ കണ്ടവർ പല അഭിപ്രായങ്ങളും വിലയിരുത്തലുകളും നടത്തി. പണക്കൊഴുപ്പിന്റെ അഴിഞ്ഞാട്ടം എന്നു മുതൽ പല തരം അഭിപ്രായങ്ങൾ.. സ്വന്തം തെറ്റുകൊണ്ടല്ലെങ്കിൽ പോലും മാനം നഷ്ടപ്പെട്ട പെണ്ണിന് മരണമാണ് ഏക മാർഗ്ഗമെന്ന് കപട സദാചാര കുതുകികൾ പറയാതെ പറഞ്ഞു. പക്ഷേ, മരിക്കാൻ ഞാനോ എന്റെ കുടുംബമോ തയ്യാറല്ല. ഏതോ തെരുവുനായ്ക്കളുടെ നഖത്തിന്റെ കോറലേറ്റാൽ അസ്തമിക്കുന്നതല്ല മുപ്പത് വർഷത്തെ ജിവിതം കൊണ്ട് ഞാനുണ്ടാക്കിയെടുത്ത എന്റെ വ്യക്തിത്വം. ഒരു ചെറിയ വെയിലേറ്റാൽ വാടാൻ ഞാൻ വളർന്നത് ഒരു വട വൃക്ഷത്തിന്റെയും തണലിലല്ല. ഒരു ചെറിയ കാറ്റടിച്ചാൽ വീണുപോകാൻ മണൽതിട്ടയിലല്ല ഞാനെന്റെ സാമ്രാജ്യത്തിന്റെ വിത്തിട്ടതും.
ബിസിനസ് രംഗത്ത് ശത്രുക്കളുണ്ടായിരുന്നു. യാതൊരു വ്യാവസായിക പാരമ്പര്യവുമില്ലാത്ത ഒരാൾ പെട്ടെന്ന് ഉയർന്നുവരുന്നത് പലർക്കും സഹിക്കാനായില്ല. തകർക്കാൻ പല വഴികളും നോക്കിയിരുന്നു. എല്ലാം നിഷ്ഫലമായപ്പോഴായിരുന്നു ഈ അവസാന ശ്രമം. അതിനവർ തെരഞ്ഞെടുത്തത് എന്റെ വിശ്വസ്തരെ തന്നെ. ഒരു പക്ഷേ, ഇതിനൊന്നിനും തെളിവില്ലാതെ പോയേക്കാം.. കൊടി കെട്ടിയ വക്കീലുമാർ അവർക്ക് വേണ്ടി പറന്നിറങ്ങിയേക്കാം, കോടതി മുറിയിൽ എന്നെ വീണ്ടും വീണ്ടും ബലാൽസംഗം ചെയതേക്കാം. എങ്കിലും, ഈ രാജ്യത്തെ നീതി നിയമങ്ങളിൽ ഇനിയും വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരുവളന്ന നിലയിൽ , എന്റെ അവസാന ശ്വാസം വരെ ഞാൻ പോരാടും.
ഇത്രയൊക്കെ സംഭവിച്ചെങ്കിലും പുരുഷ സമൂഹത്തെ ഒന്നടങ്കം ഞാൻ വെറുത്തിട്ടില്ല. കാരണം, എനിക്ക് സംഭവിച്ച അപകടത്തിൽ ഏറ്റവും ആദ്യം ഓടി വന്നവർ പുരുഷൻ മാരാണ്. സഹോദരി, ഞങ്ങളിവിടെ ഉണർന്നിരിക്കുമ്പോൾ നീ ഇത്രയധികം വേദനിക്കേണ്ടി വന്നതിൽ ഞാൻ ലജ്ജിക്കുന്നു എന്ന് എന്നോടു പറഞ്ഞ പോലിസ് ഉദ്യോഗസ്ഥനും പുരുഷനാണ്. എല്ലാത്തിലും ഉപരി, തളർന്നു പോകരുത് മാഡം, നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ജിവൻ പോലും തരും എന്ന് പറഞ്ഞ് ഓടി വന്ന എന്റെ തൊഴിലാളികളും പുരുഷൻമാരാണ്. പിന്നീട് ഒരിക്കൽ നട്ടെല്ലിന് ഉറപ്പുള്ള ആണൊരുത്തൻ കൂടെ പൊറുക്കാൻ തയ്യാറായാൽ , അവനോടൊപ്പം ഞാൻ ജീവിക്കുകയും ചെയ്യും...
ദിവസങ്ങളായി നടന്നു വരുന്ന , എവിടെയുമെത്താത്ത ചാനൽ ചർച്ചത്തൊഴിലാളികളുടെ പ്രഹസനത്തിന് ഉപകരണമാവാൻ ഞാനാഗ്രഹിക്കുന്നില്ല. രഹസ്യമായി സത്രീയുടെ നഗ്നത ആസ്വദിക്കുകയും പരസ്യമായി സത്രീകളുടെ അച്ചടക്കമില്ലായ്മയെ പറ്റി വാചാലരാകുകയും ചെയ്യുന്ന അഭിനവ ആങ്ങളമാരെയും മണിമാളികയിലെ സപ്രമഞ്ചത്തിലിരുന്ന് , ബ്ലാക് ക്യാറ്റ് പ്രൊട്ടക്ഷനിൽ സത്രീ സുരക്ഷയെപ്പറ്റി ഗർജിക്കുന്ന കൊച്ചമ്മമാരെയും എനിക്ക് കേൾക്കണ്ട. എനിക്ക് വേണ്ടത് വില കുറഞ്ഞ സഹതാപ പ്രകടനങ്ങളല്ല, സാധാരണക്കാരായ നിങ്ങളുടെ ഓരോരുത്തരുടെയും മനസു നിറഞ്ഞ പിന്തുണയാണ്.
എനിക്ക് ഉയർത്തെഴുന്നേറ്റേ പറ്റൂ. കാരണം, എനിക്കൊരു പാഠമാകണം, ഒരു പെണ്ണിനെ പരാജയപ്പെടുത്താൻ ഏറ്റവും എളുപ്പവഴി അവളുടെ ശരീരമാണെന്ന് കരുതുന്നവർക്കൊരു പാഠം. എനിക്കൊരു മാതൃകയാകണം, പ്രതിസന്ധികളിൽ തളർന്നു പോയിട്ടും ഉയർന്നു പറക്കാൻ മനസ്സുള്ള പെൺകുട്ടികൾക്കൊരു മാതൃക.. അതിനായി നിങ്ങൾ ഔദാര്യപൂർവ്വം എനിക്ക് ചാർത്തിത്തന്ന ഈ മൂടുപടം ഞാനിവിടെ ഉപേക്ഷിക്കുന്നു.
അതെ , ഞാൻ ആതിര മഹേന്ദ്രൻ....
' ജെയ്നി റ്റിജു.

കാത്തിരിപ്പ്

Image may contain: 1 person, selfie, tree, outdoor and closeup

"പതിനൊന്ന് മണിയാകുമ്പോൾ ശങ്കരേട്ടൻ എത്താമെന്നു പറഞ്ഞതാ, എത്തിയില്ലല്ലോ മോനേ "മാധവിയമ്മ ആശുപത്രിയിൽ കിടന്ന് ആത്മഗതം പറഞ്ഞു.
" രാവിലെ ഇറങ്ങാൻ വൈകിയിട്ടുണ്ടാകും, ട്രെയിൻ മിക്കവാറും കിട്ടി കാണില്ല ,അതുകൊണ്ടായിരിക്കും അമ്മേ" വിനയൻ പറഞ്ഞു.
മാധവിയമ്മയ്ക്ക് വയറിൽ മുഴയുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്.മംഗലാപുരത്ത് കാണിക്കുന്നതാണ് നല്ലത് എന്ന ശങ്കരേട്ടന്റെ അഭിപ്രായപ്രകാരം ആണ് മംഗലാപുരത്ത് കാണിച്ചത്
ശങ്കരേട്ടൻ മാധവിയമ്മയേയും ഒരു കൈ സഹായത്തിന് മകൻ വിനയനേയും കൂട്ടിയാണ് മംഗലാപുരം കെ എം സി ആശുപത്രിയിൽ എത്തിയത്
മാധവിയമ്മയ്ക്കും ശങ്കരേട്ടനും മൂന്ന് മക്കൾ ആണുള്ളത്. മൂത്തത് രണ്ടും പെൺമക്കൾ അമ്പിളിയും കലയും. അമ്പിളിയുടെ കല്യാണം കഴിഞ്ഞു ഗൾഫിലാണ് താമസം. കല ഭർത്താവിനോടൊപ്പം ബാംഗ്ളൂർ ആണ് താമസം. ഇളയ മകനായ വിനയൻ പോളി ടെക്നിക് കഴിഞ്ഞ് 'തേ രാ പാരനടക്കുന്നു '
ശങ്കരേട്ടനും മാധവിയും വയലിൽ പച്ചക്കറി കൃഷി ചെയ്ത് അത്യാവശ്യം സമ്പാദ്യം സ്വരൂപിച്ചു വച്ചിട്ടുണ്ട്.
ഇപ്പോഴും രണ്ടാളും യുവമിഥുനങ്ങളെ പോലെയാണ്.ഒരുമിച്ച് ജോലിക്ക് ഇറങ്ങും. സമയാസമയം വേണ്ട ആഹാരം ശങ്കരേട്ടന് മാധവിയമ്മ ഉണ്ടാക്കി കൊടുക്കും. ചിലപ്പോൾ വയലിൻ കരയിൽ ഇരുന്ന് അസ്തമയ സൂര്യനെ പാവയ്ക്ക തോട്ടത്തിന്റെ ഇടയിലൂടെ നോക്കിയിരിക്കും.
മകൾ ഗൾഫിൽ നിന്നും വന്നപ്പോൾ ഒരു മൊബൈൽ ഫോൺ കൊണ്ടുവന്ന് കൊടുത്തിട്ടുണ്ട്. അതിൽ നിന്നാണ് അങ്ങേരുടെ വിളി. പച്ചക്കറി കടക്കാരൻ മമ്മദിനെ ശങ്കരേട്ടൻ വിളിക്കുന്നത് വിശാലമായ വയലും കടന്ന് അക്കരെ കല്യാണിയമ്മയുടെ വീട് വരെ കേൾക്കാം. മമ്മ ദേ.. കയ്പക്കക്ക് എത്രയാ ടോ വില?അതൊന്നും പറ്റൂല. നല്ല വിലയില്ലെങ്കിൽ ഞാൻ നിനക്ക് തരുന്നില്ല. ഓന്റെ ഒരു കാര്യമേ.. എന്നെ പറ്റിക്കാന്ന് വച്ചാലോ.. മാധവിയെ നോക്കി ഉറക്കെ പറയും
ആ ഗ്രാമത്തിന്റെ വിശുദ്ധിയും നിഷ്കളങ്കതയും അവർക്ക് ഉണ്ടായിരുന്നു.അതു കൊണ്ടാണ് മാധവിയമ്മയുടെ അസുഖം ശങ്കരേട്ടനെ തളർത്തിയത്.അതിനാൽ ആണ് നാട്ടിലൊക്കെ ആശുപത്രിയുണ്ടായിട്ടും മംഗലാപുരം തിരഞ്ഞെടുക്കുവാൻ കാരണവും. വയറിന്റെ ഓപ്പറേഷന് അമ്പതിനായിരം രൂപ വേണമത്രെ.താൻ സ്വരൂപിച്ച പണമെല്ലാം സ്‌റ്റേറ്റ് ബാങ്കിൽ ആണ് നിക്ഷേപിച്ചിട്ടുള്ളത്. സഹകരണ ബാങ്കിലായിരുന്നു ആദ്യമുണ്ടായിരുന്നത്.നോട്ട്നിരോധനം വന്നതിനു ശേഷം ആരോ പറഞ്ഞു പേടിച്ചതുകൊണ്ട്.. അങ്ങേർ പണമെല്ലാം പിൻവലിച്ച് സ്‌റ്റേറ്റ് ബാങ്കിലാണ് ഇട്ടിരിക്കുന്നത്. അതിൽ നിന്നും ആശുപത്രി ചിലവിനുള്ളത് എടുക്കുവാൻ വന്നതാണ്.
ഞാനും ഭാര്യയും രണ്ട് മക്കളും അതിരാവിലെ തന്നെ ഓട്ടോറിഷയിൽ കയറി പഴയങ്ങാടി റയിൽവേ സ്‌റ്റേഷനിൽ എത്തി .രാവിലെ തന്നെ മൂത്ത മകനോട് ശണ്ഠകൂടിയാണ് വരവ്.രാവിലെ അഞ്ചു മണിക്കു തന്നെ സഹധർമ്മിണി എഴുന്നേറ്റ് അപ്പനും മക്കൾക്കും വേണ്ട ചായയും ഉപ്പുമാവും ഉണ്ടാക്കി.എന്നാൽ ഒമ്പതു വയസ്സുകാരനായ മൂത്തവൻ എഴുന്നേറ്റ് ഒരേ കരച്ചിലാണ്, അവന് രാവിലെ തന്നെ കുളിക്കാനും പല്ലു തേക്കാനും മടി. ഭാര്യ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ഞാൻഒരു വിധം മകനെ വിളിച്ച് തലയിൽ വെള്ളമൊഴിച്ച് കുളിപ്പിച്ചു തല തോർത്തി വിട്ടു.തലവേദന എടുക്കുന്നു എന്ന് പറഞ്ഞ് അവൻ വീണ്ടും കരഞ്ഞു.പാര സറ്റമോൾ 650 പകുതിയാക്കി മകന്റെ വായിൽ വച്ചു കൊടുത്തു. അവൻ അത് പുറത്തേക്ക് തുപ്പി കളഞ്ഞതിന്റെ അരിശം വീട്ടിലെ കസേര മുതലുള്ള വസ്തുക്കളോട് ഞാൻ തീർക്കാൻ തുടങ്ങിയപ്പോൾ അവൻ മിടുക്കനായി "ഞാൻ ഇപ്പം റെഡിയാകാം അപ്പാ എന്ന് അവൻ പറഞ്ഞു.. ഈ കലാ പരിപാടികൾ എല്ലാം കഴിഞ്ഞാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
നല്ല ജനക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കാത്തിരിക്കുന്നുണ്ട്.മലബാർ വൈകിയേ എത്തുകയുള്ളൂവത്രെ... വന്നലോക്കൽ ട്രെയിനിനു ഞാനും കുടുംബവും ഗുസ്തിക്കാരെ പോലെ ഇടിച്ചു കയറി.. ഇളയ മകൻ ട്രെയിൻ ചെറുവത്തൂര് എത്താറായപ്പോൾ കാപ്പി വേണമെന്ന് പറഞ്ഞ് ഒരേ കരച്ചിൽ. വണ്ടി ചെറുവത്തൂർ എത്തിയപ്പോൾ ഞാൻ കാപ്പി കിട്ടുമോ എന്നറിയാൻ ഇറങ്ങി, കാപ്പി വാങ്ങി കഴിയുമ്പോഴേക്കും ട്രെയിൻ നീങ്ങുവാൻ തുടങ്ങി. ഞാൻ ട്രെയിനിന്റെ കൈപ്പിടിയിൽ പിടിച്ചു കയറി, തൊട്ടുപുറകെ ഒരു തുണി സഞ്ചിയും തൂക്കി ഒരു വൃദ്ധനും കയറുന്നുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ കൈവിട്ട് മറിഞ്ഞു പോകുന്നതാണ് കണ്ടത്. പിടിക്ക് എന്ന് ഞാൻ ഉറക്കെ പറഞ്ഞു. ശബ്ദം കേട്ട് കമ്പാർട്ട്മെന്റിൽ നിന്നും എല്ലാവരും എഴുന്നേറ്റു.ചങ്ങല വലിക്കാൻ എനിക്കു കഴിഞ്ഞില്ല. മരവിച്ചു പോയിരുന്നു. ഒരാൾ ഫോൺ വിളിച്ച് ചെറുവത്തൂർ സ്റ്റേഷനിൽ പറഞ്ഞു. ചിലർ നിർവ്വികാരതയോടെ ഇരുന്നു.
പലരും പല അഭിപ്രായവും പറയുന്നുണ്ടായിരുന്നു." അയാൾ ട്രെയിൻ നീങ്ങിയപ്പോൾ എന്തിനാണ് കയറിയത് " എന്ന് ഒരാൾ അഭിപ്രായപെട്ടു."എത്ര വിവരം ഉള്ള മനുഷ്യനും ചില നിമിഷങ്ങളിൽ, പൊട്ടത്തരം കാണിക്കും " എന്ന് വേറൊരാൾ.അതിൽ ഒരു വസ്തുത ഉണ്ട് എന്ന് എനിക്കും തോന്നി.അര മണിക്കൂർ കഴിഞ്ഞപ്പോൾ നേരത്തെ വിളിച്ചയാൾ വീണ്ടും കാര്യം അന്യോഷിച്ചു. അയാളെ റയിൽവേ സ്‌റ്റേഷനിൽ തന്നെ കിടത്തിയിട്ടുണ്ടായിട്ടുണ്ട്. ഇത്രയും സമയം ആയിട്ടും ആശുപത്രിയിൽ എത്തിച്ചിട്ടില്ല." പ്ളാറ്റ്ഫോമിൽ വീണത് ഭാഗ്യമായി, ഇല്ലെങ്കിൽ പീസ്... പീസ് ആയേനെ" എന്ന് അടുത്തിരുന്ന ഒരു മധ്യവയസ്കൻ അഭിപ്രായപ്പെട്ടു
അയാൾ എവിടേക്കായിരിക്കും ഇത്ര ധൃതിപ്പെട്ട് പോകാൻ കയറിയത് എന്ന് ഞാൻ ചിന്തിച്ചു.
ട്രെയിൻ പതിനൊന്നു മണിയായപ്പോഴെക്കും മംഗലാപുരത്ത് എത്തി. തിരക്ക് പിടിച്ച് ഓട്ടോയിൽ കയറി മംഗലാപുരം അട്ടാ വർ കെ എം സി യിൽ എത്തി. ദന്തഡോക്ടറെ കാണിച്ചു. മൂത്തമകന്റെ പല്ലിനു റൂട്ട് കനാൽ ചെയ്തു." പൊട്ടിയ പല്ലിന്റെ കഷ്ണം അടുത്ത തവണ വയ്ക്കാം " എന്ന് ഡോക്ടർ പറഞ്ഞപ്പോൾ എനിക്കു സമാധാനമായി.മകന്റെ ' പലക 'പല്ലിൽ ഒരെണ്ണം പൊട്ടിയപ്പോൾ സുന്ദരമായി ചിരിച്ചിരുന്ന അവന്റെ മുഖം ഇതളുകൾ കൊഴിഞ്ഞ മുല്ലപ്പൂ പോലെയായതിൽ ഞാൻ അതീവ ദു:ഖിതനായിരുന്നു.
മക്കൾക്ക് കാന്റീനിൽ നിന്നും ജ്യൂസും വാങ്ങി കൊടുത്ത് ആശുപത്രി ഇടനാഴിയിലൂടെ നടന്ന് വരുമ്പോൾ എമർജൻസി വാതിലിലൂടെ സ്ട്രെക്ചറിൽ ഒരാളെ കിടത്തി കൊണ്ടു വരുന്നുണ്ട്.ഞാൻ നോക്കിയപ്പോൾ രാവിലെ ട്രെയിനിൽ ഓടിക്കയറാൻ ശ്രമിച്ച വൃദ്ധരൂപം. കയ്യിലെ സഞ്ചി ഇപ്പോഴും ശരീരത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട്. അല്പസമയം അദ്ദേഹത്തിന്റെ അവസ്ഥ അറിയാൻ നിൽക്കാൻ തോന്നി.
അര മണിക്കൂർ കഴിഞ്ഞപ്പോൾ വെള്ളത്തുണികൊണ്ട് മൂടി പുറത്തേക്ക് കൊണ്ടു വരുന്നു. മലയാളിയായ സിസ്റ്ററോട് ഞാൻ കാര്യം തിരക്കി " ശങ്കരൻ എന്നാ പേര്, ആധാർ കാർഡും അമ്പതിനായിരം രൂപയും കയ്യിലുണ്ട്" മരണസമയത്ത് പണസഞ്ചി പിടിച്ച് എന്തൊക്കെയോ പറഞ്ഞു ".ബന്ധുക്കളെ കിട്ടാത്തതു കൊണ്ട് മോർച്ചറിയിലേക്ക് മാറ്റുകയാണ് എന്ന് അവർ പറഞ്ഞു.
ട്രെയിനിൽ നിന്നും ഒരാൾ ആത്മഗതം പറഞ്ഞത് ഞാൻ ഓർത്തു." ഗൾഫിലൊക്കെ ഇങ്ങനെ അപകടം സംഭവിച്ചാൽ ഒരു മിനുട്ട് കൊണ്ട് ആശുപത്രിയിൽ എത്തിക്കും, ഇത് ഒരാൾ വീണു കിടന്നാൽ ആരു നോക്കാൻ ". ട്രെയിൻ നിർത്തിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു പോയി .
മാധവിയമ്മയും മകനും കെ എം സി ആശുപത്രിയുടെ അറുപതാം നമ്പർ മുറിയിൽ ശങ്കരേട്ടനെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
Written by Saji Varghese

ഞാനും ഞാനുമെന്റോളും,!! (നർമ്മകഥ )


ഞാനും ഞാനുമെന്റോളും,!! (നർമ്മകഥ )
==========
''മകര മാസ കുളിരിൽ
അവളുടെ നിറഞ്ഞ മാറിൻ ചൂടിൽ
മയങ്ങുവാനൊരു മോഹം ''
''നിർത്തുന്നുണ്ടോ '' ??
ഞാൻ പാട്ട് നിർത്തി അലർച്ച കേട്ട ഭാഗത്തേക്ക് മിഴിച്ച് നോക്കി,
മഞ്ഞ നെെറ്റി മുട്ടോളം കയറ്റിക്കുത്തി കെെയ്യിൽ ഏതോ രാഷ്ട്രീയ പാർട്ടീടെ കുറ്റിച്ചൂലെന്ന ചിഹ്നവുമായി സ്വന്തം ഭാര്യ,
ബ്രേക്കിംങ്ങ് ന്യൂസ് പോലെ മുഖത്ത് മിന്നിമറയുന്ന കോപവുമായി കക്ഷി പറയുകയാണ്,
''ഞാൻ പലവട്ടം ശ്രദ്ധിക്കുന്നു, വേലക്കാരീയെ കാണുമ്പോഴുളള നിങ്ങളുടെ ഈ പാട്ട്, എന്താ നിങ്ങടെ ഉദ്ദേശം ? മയങ്ങണോ, പറയാൻ !. മകര മാസത്തിൽ മാത്രം ആക്കണ്ടാ മേടത്തിലും കുംഭത്തിലും ഇടവത്തിലുമൊക്കൊ മയങ്ങിക്കോ , !ഞാൻ മാറിത്തന്നേക്കാം !!!
എടി , ഞാനൊരു പാട്ടുകാരനാ, ഇത് വയലാറിന്റെ വരികളാ,
വയലാറിന്റെ ആയാലും പെരിയാറിന്റെ ആയാലും ഇനി ഇതാവർത്തിച്ചാൽ ഞാൻ വേലക്കാരിനെ കൊന്ന് പെരിയാറ്റിലൊഴുക്കും പറഞ്ഞേക്കാം, !!
അല്ലേലും സാഹചര്യത്തിനനുസരിച്ച് പാട്ട് പാടാൻ നിങ്ങള് കേമനാ, !!
മൊതലാളി നല്ല പാട്ടുകാരൻ, !! തറ തുടയ്ക്കുന്ന വേലക്കാരീടെ ചിരിച്ചു കൊണ്ടുളള കമന്റ്, !!അത് കൂടി കേട്ടപ്പോൾ ഭാര്യക്ക് കലിപ്പ് കൂടി, !
''ദേ മാരിയമ്മ, നീ മിണ്ടരുത്, !! മര്യാദയ്ക്ക്
ചേല ചുറ്റി ജോലിയെ പാറുങ്കോ, ! ഭാര്യയുടെ താക്കീത് !!
അല്ല മനുഷ്യാ, എന്റെ അനുജത്തി ഇവിടെ വരുമ്പോൾ നിങ്ങൾക്കൊരു പാട്ടുണ്ട് ,
''നെഞ്ചിനുളളിൽ നീയാണ്, കണ്ണിനുളളിൽ നീയാണ്, ''!
അതങ്ങ് നിർത്തിയേക്ക് മേലാൽ ആ പാട്ട് ഇവിടെ കേട്ട് പോകരുത്,!! പാടിയാൽ നിങ്ങടെ നെഞ്ചിൻ കൂട് ചവിട്ടി പൊളിക്കും ഓർത്തോ ?
ഹൊ, നീയിങ്ങനെ എന്നെ സംശയിക്കല്ലേ, സംഗീതത്തെ സ്നേഹിക്കുന്ന പ്രോത്സാഹിപ്പിക്കുന്ന ഒരു കലാകാരനാണ് ഞാൻ, അങ്ങനെയുളള എന്നെ ,???
അയ്യടാ, ഒരു സംഗീതക്ഞ്ജൻ, കണ്ട പെണ്ണുങ്ങളെ കാണുമ്പോൾ മാത്രം അർഥം വച്ചുളള പാട്ട് പാടും, നല്ല ഒരു ഗായകൻ അയലത്തെ പെണ്ണിനെ ആ ഗൾഫുകാരന്റെ ഭാര്യയെ നോക്കി പാടുമോ,
''ഇനിയുമുണ്ടൊരു ജന്മമെങ്കിൽ
എനിക്കു നീ ഇണയായിടേണം, ''!
എടീ, അത് അർഥം വച്ച് പാടീതല്ല, അവര് മതിലിനപ്പുറം കുനിഞ്ഞ് നിന്ന് തുണി അലക്കുന്നത് ഞാൻ കണ്ടില്ലാ, !
അതു ശരി, അങ്ങനെയാണേൽ മോളുടെ ട്യൂഷൻ ടീച്ചറ് ഇവിടെ വന്നപ്പം പാടിയതോ,
''എത്രയോ ജന്മമായി നിന്നെ ഞാൻ തേടുന്നു, ''എന്ന് പാടീലേ ? നാണമുണ്ടോ മനുഷ്യാ, ??
അയ്യോ, എടി അത് ട്യൂഷൻ ഫീസ് കൊടുക്കാൻ തേടിയതെന്നാ ആ വരിയിൽ ഞാൻ ഉദ്ദേശിച്ചത് !!
പതിനഞ്ച് കൊല്ലമായി നമ്മുടെ കല്ല്യാണം കഴിഞ്ഞിട്ട് ഇതു വരെ എന്നെ കാണുമ്പോൾ എന്റെ മുഖത്ത് നോക്കി ഒരു വരി പാട്ട് നിങ്ങൾ പാടിട്ടുണ്ടോ, ?
ശരിയാ, നിന്റെ മുഖത്തിനും സ്വഭാവത്തിനും പറ്റിയ ഒരു മൂളിപ്പാട്ട് പോലും മലയാള ഗാന രംഗത്ത് ഇല്ലാത്തത് എന്റെ കൊഴപ്പമാണോടീ, അല്ല, പക്ഷേ ഈയടുത്ത കാലത്ത് ഒരു പാട്ട് ഇറങ്ങിട്ടൊണ്ട് !
ഉവ്വോ, ?
ഉം, ഉണ്ടെടീ, ??
ഒന്ന് പാടുമോ ? കേൾക്കാൻ കൊതിയാവുകയാ, !
ഞാനും ഞാനും
ഞാനുമെന്റോളും ആ
നാല്പ്പത് പേരും ചേർന്ന് പൂമരം കൊണ്ടേ
കപ്പലൊന്നുണ്ടാക്കി, !!
കേട്ടില്ലേ, ഈ വരികളിൽ ഞാനുമുണ്ട്, എന്റെ ഓളുമുണ്ട് ,അതായത് നീ, '' എങ്ങനെയുണ്ട് ഈ പാട്ട്, ??
കൊളളാം, നന്നായി, എനിക്കിഷ്ടപ്പെട്ടു ,
പക്ഷേ, എനിക്കൊരു കാര്യം അറിയണം,!!
അറിഞ്ഞേ പറ്റു, ഇല്ലെങ്കിൽ നിങ്ങൾക്ക് സമാധാനം തരില്ല ഞാൻ ! ഭാര്യ കലിപ്പിലായി, !!
എന്താടീ, ഞാൻ ചോദിച്ചു,
ആ നാല്പ്പത് പേര് ആരൊക്കയാ, അതിൽ
വേലക്കാരിയുണ്ടോ, ? എന്റെ അനുജത്തിയുണ്ടോ ?, ഗൾഫുകാരന്റെ ഭാര്യയൂണ്ടോ ,? മോളുടെ ട്യൂഷൻ ടീച്ചറുണ്ടോ ? പറയിൻ എനിക്കിപ്പം അറിയണം !!ഭാര്യ എന്റെ കുപ്പായത്തെ കേറി പിടിച്ചു ,ഞാനൊരു പങ്കായത്തിനായി പരതി, !!
അപ്പോൾ ,
ഈ രംഗം കണ്ട് കൊണ്ട് ട്യൂഷൻ കഴിഞ്ഞു വന്ന മകൾ
പാടുകയാ,
''മരണം വാതുല്ക്കൽ ഒരു നാൾ,
മഞ്ചലുമായ് വന്ന് നില്ക്കുമ്പോൾ !!
=====================
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!

എന്റെ വിഭൂതി തിങ്കളാഴ്ച😀😀


എന്റെ വിഭൂതി തിങ്കളാഴ്ച😀😀
ഞാൻ ഇന്നും പതിവുപോലെ കുളിച്ചൊരുങ്ങി ബൈക്കിൽ പള്ളിയിലേക്ക് കുർബാനയ്ക്കായി യാത്ര തിരിച്ചു. പള്ളിയുടെ അടുത്തെത്തിയപ്പോഴേക്കും ഞാൻ പള്ളി കണ്ട് ഇങ്ങനെ ഓർത്തു. ഇന്ന് വിഭൂതിയാണ് അതാ ഇത്ര തിരക്ക്. പള്ളി കോമ്പൗണ്ട് വണ്ടികൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. പള്ളിയിൽ ആളുകൾ നിറഞ്ഞിരിക്കുന്നു. എനിക്ക് എന്താ ഒരു സന്തോഷം.കാരണമെന്തെന്നോ?. ഇങ്ങനെയുള്ള ചില ദിവസങ്ങളിലാ ചിലർ പള്ളിയിൽ വരുന്നത്. ഇടവകയിലെ എല്ലാവരെയും കാണാം.
എല്ലാവരും നന്നായി അണിഞ്ഞൊരുങ്ങിയിരിക്കും. ആരും ആരും മോശമാക്കാൻ പാടില്ലല്ലോ. ചിലരുടെ കോലം കണ്ടാൽ തന്നെ അറിയാം ന്യൂ ജനറേഷൻസ്. ഗഡ്ഢികളെല്ലാവരും മൊത്തതിൽ ഫ്രീക്കാണ്. ചില ചേച്ചീ മാരെ കണ്ടാൽ ചുങ്കത്ത് ജ്വല്ലറിയുടെ പരസ്യത്തിലെ നടിമാരുടെ പോലെ തന്നെയാണ് 916. ചില ചേട്ടൻമാർ ആണെങ്കിൽ കഴുത്തിലെ മാലയും പുറത്തിട്ട്, ബഞ്ചിൽ മുട്ടുകുത്തി നിന്ന് കൈയും ബഞ്ചിന്റെ മുകളിൽ പൊക്കി വയ്ക്കുമ്പോൾ കയ്യിലെ മോതിരവും, കൈ ചെയ്യന്നും തിളങ്ങുകയാണ്. ഹാ എന്താ ഒരു രസം.
ഒരു കൂട്ടർ എന്തിനോ വേണ്ടി വന്നിരിക്കുന്നു. അവർ പള്ളിയുടെ പുറത്തിരുന്ന് നാട്ടുവർത്തമാനം പറയുന്നു.ഉത്രാള്ളികാവ് പൂരം വെടിക്കെട്ട് മോശമായത്ര?. ഇതിലും ഭേദം നമ്മുടെ പള്ളിയിലെ പെരുന്നാൾ വെടികെട്ടായിരുന്നു. ചിലർ ഇപ്പോൾ അവർ കുറച്ചത്?.അടുത്ത കൊല്ലം തകർക്കാനായിരിക്കും. എന്തായാലും തൃശൂർ പൂരം കഴിഞ്ഞാൽ അറിയാം. ചിലരാണെങ്കിൽ മൊബെലിൽ ഫേസ്ബുക്കിലാണ്. ഭാഗ്യം ഫോൺ എല്ലാo തന്നെ സൈലന്റ് ആണ് .
പള്ളിലെ വലിയച്ഛനും, കൊച്ഛനും, സിസ്‌റ്റേഴ്സും കുർബാനയ്ക്കിടയിൽ നെറ്റിയിൽ വെഞ്ചിരിച്ച കരിതേക്കാൻ വരിക്കയാണ്. ആളുകൾ നെറ്റിയിൽ കുറി തൊടാൻ തിക്കിതിരക്കുകയാണ്. ചിലർ എവിടെയോ പോയി തന്റെ നെറ്റിയിൽ ആദ്യം കരിതേച്ച സന്തോഷത്തിൽ ചെറുചിരി പാസാക്കി കൊണ്ട് ഇരിക്കുന്നു. എന്തൊക്കെ കാണണം.
കുർബാന സ്വീകരണം കഴിഞ്ഞു.ഇനി ഒരോ പൈസ കണക്കു വായിക്കലാണ്. പിരിവുകൾ കിട്ടിയ സംഖ്യ, കുർബാനയ്ക്കു ശേഷം കൂട്ടലേലം, സംഘടനകളുടെ മീറ്റിങ്ങ്.ഇതൊക്കെ കുർബാനയ്ക്കു ശേഷം പറഞ്ഞാൽ ആളുകൾ കേൾക്കില്ലെന്ന്?.ആളുകൾ എല്ലാവരും ഭയങ്കര ബിസിയല്ലെ. വലിയഛന്റെ പതിനഞ്ച് മിനിറ്റ് കണക്ക് വായനയും മറ്റും, ഞാൻ കോട്ടുവായിട്ടു പോയി. എന്താ കഥ.
കുർബാന കഴിഞ്ഞു. ചിലർ കരി ഒരോ ചെറുപാത്രങ്ങളിലും, ചെറു പ്ലാസ്റ്റിക്ക് കവറിലും ശേഖരിക്കുന്നു. കപ്യാർ ആണ് വീതിച്ചു നൽകുന്നത്.ആകെ ഒച്ചയും, ബഹളവും.ചില ആളുകൾ അവിടെവിടെയായി കൂട്ടം കൂടി കുശലം പറയുന്നു. ചിലർ സെമിത്തേരിയിൽ മൺമറഞ്ഞ് പോയ തന്റെ വേണ്ടപ്പെട്ടവരുടെ കല്ലറയ്ക്കരിൽ പോയി. കല്ലറയല്ലങ്കരിക്കുകയും, മെഴുകുത്തിരി കത്തിച്ച് പ്രാർഥിക്കുന്നു. ചിലർ കൂട്ട ലേലം വിളിക്കുന്നു. വേറേ ചിലർ പള്ളി മുമ്പിൽ ബൈക്കിലും, കാറിലും ചാരി പ്രണയിക്കാൻ പെൺപിള്ളേർ ആരെങ്കിലും മുണ്ടോ?.എന്ന് തേടി ഒരു ചെറുപുഞ്ചിരിയും തൂകി നിൽപുണ്ട്.
ചിലർ പറയുന്നു. ഓശാന ഞായാറാഴ്ച വരണം. മറക്കരുത് അന്ന് കാണണം. നമ്മുടെ സണി ചായനെയും വിളിച്ചോ?.ഓശാന ഞായറാഴ്ച കുർബാനയും കഴിഞ്ഞ് നമ്മുക്ക് എന്റെ വീട്ടിൽ ഒന്നു കൂടാം. മുടക്കില്ല?.ഇവരെല്ലാം എന്തിനു വരുന്നുവെന്തോ?.ഹാ ഞാൻ ദൈവത്തിനു സ്തുതിയും വരച്ച് ബൈക്കെടുത്ത് വീട്ടിലേക്ക് തിരിച്ചു.ഈശ്വരാ രക്ഷിക്കണെ......
ജെയ്സൻ:

പ്രണയം


പ്രണയം
ജോസഫങ്കിൾ മരിച്ചു! ചേട്ടൻ അത് പറഞ്ഞതും എന്നിൽ ഒരു ചെറിയ ഞെട്ടൽ ഉണ്ടായി, എപ്പോൾ എന്ന് ചോദിക്കേണ്ട സ്ഥാനത്ത് ഞാൻ ചോദിച്ചത് ആന്റിയുടെ സ്ഥിതി എന്താ എന്നാണ്? കുറച്ചു ദിവസം മുൻപ് പോലും കണ്ടതാണ് രണ്ടുപേരെയും. അന്ന് അവർ പറഞ്ഞത് മകളുടെ കൂടെ താമസമാക്കാൻ പോവുകയാണ് എന്നാണ്. ജോസഫങ്കിൾ ആത്മഹത്യ ചെയ്തതാണ്. അത് എന്നിൽ കൂടുതൽ ഞെട്ടലാണ് ഉളവാക്കിയത്, ഈ പ്രായത്തിൽ ആത്മഹത്യ! എന്തിന്? നീ വരുന്നില്ലേ എന്ന് ചേട്ടൻ ചോദിച്ചപ്പോഴാണ് ഞാൻ ചിന്തകളിൽ നിന്നുണർന്നത്. ഇല്ല, എനിക്ക് കാണാനുള്ള ശക്തിയില്ല, നിങ്ങൾ പോയിട്ട് വരൂ. അദ്ദേഹം പോയതിനു ശേഷം ഞാൻ വീണ്ടും ചിന്തകളിലാണ്ടുപോയി. ഓർമ്മകൾ കുറച്ച് പിന്നിലേക്ക് പോയി.
ഞങ്ങൾ ഇവിടെ താമസത്തിനു വന്നിട്ട് അധികം നാളുകൾ ആയിട്ടില്ല, പക്ഷെ ഈ ആന്റിയും അങ്കിളും തമ്മിലുള്ള സ്നേഹം ആദ്യ ദിവസങ്ങളിൽ തന്നെ ഞാൻ ശ്രദ്ധിച്ചിരുന്നു. എന്റെ ഭർത്താവ് ജോലിക്കും മക്കൾ സ്കൂളിലും പോയാൽ പിന്നെ വീട്ടിലെ പണികളൊക്കെ തീർത്ത് ഞാൻ ഷോപ്പിംഗിനായി ഇറങ്ങും, അങ്ങനെ ഒരു ദിവസം വീട്ടിൽ നിന്നും മാർക്കറ്റിലേക്കുള്ള റോഡിലൂടെ പോകുമ്പോഴാണ് ഞാൻ ആ കാഴ്ച കാണുന്നത്. അപ്പുറത്തെ വശത്തു നിന്നും റോഡ് ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന വൃദ്ധ ദമ്പതികൾ. ജോസഫങ്കിൾ ആന്റിയുടെ കയ്യിൽ മുറുക്കെ പിടിച്ചിട്ടുണ്ട്, വളരെ ശ്രദ്ധയോടെ ആന്റിയെയും കൊണ്ട് ഞാൻ നിൽക്കുന്ന വശത്തേക്ക് വന്നു. ഞാൻ അവരെ നോക്കി ചിരിച്ചു, അവർ ഇങ്ങോട്ടും. അവരും മാർക്കറ്റിലേക്കാണെന്നറിഞ്ഞപ്പോൾ ഞാനും അവരുടെ കൂടെ കൂടി. മാർക്കറ്റിൽ എത്തുന്നതുവരെയും രണ്ടുപേരും വാതോരാതെ സംസാരിച്ചുകൊണ്ടേയിരുന്നു, തമാശകളും, നാട്ടുകാര്യങ്ങളും ഒക്കെ കൂട്ടത്തിൽ എന്നെപ്പറ്റിയും ചോദിച്ചു. ഞാൻ വിചാരിച്ചു ഈ കാലത്ത് എത്ര പേർ കാണും ഇതുപോലെ? മറ്റുള്ളവരോട് ഇതുപോലെ പെരുമാറുന്നവർ, വളരെ ചുരുക്കമാണ്, ഒന്നുകിൽ ആർക്കും സമയമില്ല, അല്ലെങ്കിൽ അവർ എന്തിനു എന്നോട് സംസാരിക്കുന്നു അവർ ആരാണ് എന്ന സംശയം! ആരെയും കുറ്റം പറഞ്ഞിട്ടും കാര്യമില്ല, ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ കാരണമാണ് അവർ അങ്ങനെ ആയിത്തീർന്നത്. ഞാൻ സാധങ്ങളൊക്കെ വാങ്ങി ബില്ലിന് കാശു കൊടുത്തിട്ടു നോക്കുമ്പോൾ അവരും ഇറങ്ങിക്കഴിഞ്ഞിരുന്നു, ആന്റിയെക്കൊണ്ട് ഒരു കവർ എടുക്കാൻപോലും അങ്കിൾ സമ്മതിക്കുന്നില്ല, ആന്റിയും വിട്ടുകൊടുക്കുന്നില്ല ഞാൻ ചിരിക്കുന്നത് കണ്ടപ്പോൾ രണ്ടുപേരും ചെറുതായി ഒന്ന് ചമ്മിയതുപോലെ തോന്നി. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ വളരെ അടുത്തു. എല്ലാ ആഘോഷങ്ങളും അവർ ആഘോഷിക്കുമായിരുന്നു, ആ സമയങ്ങളിൽ ഞാനും ചേട്ടനും അവരുടെ കൂടെ അവിടെ ഉണ്ടാകുമായിരുന്നു. ഒരു ദിവസം ആന്റിക്ക് ഒരു ചെറിയ ചുമയും ജലദോഷവും വന്ന സമയമായിരുന്നു, ഞാൻ ചെന്നപ്പോൾ ആന്റിക്ക് ആവി പിടിക്കാനുള്ള വെള്ളം ചൂടാക്കുകയാണ് അങ്കിൾ, ഞാൻ ചെയ്യാം എന്ന് പറഞ്ഞിട്ട് കേൾക്കുന്നില്ല, ഞാനുള്ളപ്പോൾ അവൾക്ക് ഞാൻ തന്നെ ചെയ്യും എന്ന് പറഞ്ഞുകൊണ്ടേയിരുന്നു, എനിക്കപ്പോൾ കൊച്ചുകുട്ടികൾ കാണിക്കുന്ന പിടിവാശിയാണ് ഓർമ്മവന്നത്. കുറച്ചുനേരം കഴിഞ്ഞപ്പോൾ ആന്റിക്ക് മരുന്നും കൊടുത്ത് ഉറങ്ങാൻ കിടത്തിയിട്ട് അങ്കിൾ എന്നെയും വിളിച്ച് ഹാളിലേക്ക് വന്നു, ഞാൻ ചോദിച്ചു അങ്കിളിന്റേത് അറേഞ്ച് മാരേജ് ആണോ? അല്ല പ്രേമ വിവാഹമായിരുന്നു എന്നും പറഞ്ഞു അങ്കിൾ എന്നോട് അവരുടെ കഥ പറഞ്ഞു.
സമൂഹത്തിൽ വിപ്ലവം സൃഷ്ടിച്ച ഒരു വിവാഹം തന്നെയായിരുന്നു അവരുടേത്(രണ്ടുപേരും രണ്ടു മതക്കാർ). പ്രണയത്തിനും രജിസ്റ്റർ വിവാഹത്തിനും ഒക്കെ അവർക്ക് കൂട്ടായി നിന്നിരുന്നത് അവരുടെ സുഹൃത്തുക്കൾ തന്നെയായിരുന്നു. സുഹൃത്തക്കൾ എല്ലാവരും കൂടി ചേർന്നുതന്നെ അവർക്കൊരു വീടും ഏർപ്പാടാക്കി കൊടുത്തു, രണ്ടുപേരും ഡിഗ്രി ഹോൾഡേഴ്സ്, അതുകൊണ്ടുതന്നെ ഒരു ജോലി കിട്ടാൻ വലിയ ബുദ്ധിമുട്ടുണ്ടാവില്ല എന്ന് അവർ ഉറപ്പിച്ചിരുന്നു. പക്ഷെ അതൊക്കെ വെറും വൃഥാവാണെന്ന് കുറച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ അവർക്ക് മനസ്സിലായി. അപ്പോൾ കിട്ടുന്ന ജോലി എന്തും ചെയ്യാം എന്നരീതിയിലേക്ക് രണ്ടുപേരും എത്തിയിരുന്നു. അങ്കിളിന് ഒരു ട്യൂട്ടോറിയൽ കോളേജിൽ മലയാളം സബ്ജക്റ്റ് പഠിപ്പിക്കുന്ന ജോലി കിട്ടി, ആന്റിയും വീട്ടിൽ ട്യൂഷൻ എടുക്കാൻ തുടങ്ങിയിരുന്നു, ജീവിതം വളരെ സന്തോഷത്തോടെ പൊയ്ക്കൊണ്ടിരുന്ന സമയം. ആയിടയ്ക്ക് ആന്റി ഗർഭിണിയായി, പക്ഷെ ഏകദേശം മൂന്ന് മാസമായപ്പോൾ ഗർഭം അലസിപ്പോയി. അത് ഒന്ന് രണ്ടു പ്രാവശ്യം ആവർത്തിച്ചപ്പോൾ രണ്ടുപേരും ഒരു വിശദമായ ചെക്കപ്പ് നടത്തി, ആന്റിയുടെ ഗർഭപാത്രത്തിന് ഒരു കുഞ്ഞിനെ താങ്ങാനുള്ള ശക്തി ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്. അന്നത്തെ കാലമായിരുന്നത് കൊണ്ട് തുടർ ചികിത്സ അത്ര എളുപ്പമായിരുന്നില്ല, പക്ഷെ അതിനൊന്നും അവരുടെ സ്നേഹത്തിനു ഒരു കുറവുണ്ടാക്കാൻ സാധിച്ചില്ല. രണ്ടുപേരും നല്ല രീതിയിൽ അദ്ധ്വാനിച്ചു, അവർ ആദ്യം വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയ വീട് തന്നെ അവർ വാങ്ങിച്ചു, അവസാനം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അവർ തീരുമാനിച്ചു, അത് പെൺകുഞ്ഞ് മതി എന്നതിൽ ഒരു തർക്കവും ഉണ്ടായിരുന്നില്ല, ആ കുഞ്ഞിനെ അവർ നല്ല രീതിയിൽ വളർത്തി, പഠിപ്പിച്ചു, കല്യാണവും കഴിപ്പിച്ചയച്ചു, അവൾ ഇപ്പോൾ സിറ്റിയിൽ താമസിക്കുകയാണ്. അച്ഛനേയും അമ്മയേയും അവൾ അങ്ങോട്ട് വിളിച്ചുകൊണ്ടിരുന്നു, തന്റെ കൂടെ വന്നു താമസിക്കാൻ. അന്ന് അവസാനമായി വീട്ടിൽ ചെന്നപ്പോൾ അങ്കിൾ പറഞ്ഞത് അവർ മോളോടൊപ്പം താമസിക്കാൻ പോവുകയാണ് എന്നാണ് കാരണം ആന്റിക്ക് ഒട്ടും വയ്യ, എനിക്കെന്തെങ്കിലും പറ്റിയാൽ അവൾക്ക് ആരെങ്കിലും വേണം അത് പറയുമ്പോൾ അങ്കിളിന്റെ കണ്ണ് നിറഞ്ഞിരുന്നു.
കാളിംഗ് ബെൽ ശബ്ദിക്കുന്നത് കേട്ട് ഞാൻ വാതിൽ തുറന്നു നോക്കി. ചേട്ടനാണ്, മുഖമാകെ വാടിയിരിക്കുന്നു, പറയൂ എന്താ കാരണം അങ്കിൾ ഇങ്ങനെ ചെയ്യാൻ? അറിഞ്ഞോ? എനിക്ക് ആകാംക്ഷ അടക്കാനായില്ല.
അറിഞ്ഞു, അങ്കിളും ആന്റിയും മകളുടെ കൂടെ താമസത്തിനു പോയില്ലേ, അവിടെ ഒരു ദിവസം ആന്റി പടിയിൽ നിന്നും താഴേക്ക് വീണു, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യതയില്ലെന്നും അഥവാ വന്നാൽത്തന്നെ കോമാ സ്റ്റേജിൽ തന്നെയായിരിക്കും എന്ന് അറിഞ്ഞപ്പോൾ മുതൽ അങ്കിൾ വളരെ അസ്വസ്ഥനായിരുന്നു. അത് ഉൾക്കൊള്ളാൻ അങ്കിളിന് സാധിച്ചില്ല, ആന്റിയെ അങ്ങനെ കാണാനും ധൈര്യമില്ല, അങ്ങനെ വീടിന്റെ മുകളിൽ നിന്നും താഴേക്ക് എടുത്ത് ചാടി, മകളും മരുമകനും പുറത്തുപോയ സമയമായിരുന്നു. ആൾക്കാർ ഓടിക്കൂടി ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ആംബുലൻസിൽ വച്ച് തന്റെ മകളുടെ ഫോൺ നമ്പർ പോലും പറഞ്ഞുകൊടുത്തിട്ടാണ് അദ്ദേഹത്തിന്റെ ബോധം പോയത്, ആശുപത്രിയിൽ എത്തിച്ച് അധികം കഴിയും മുൻപ് മരിച്ചു. ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ചേട്ടന്റെ ഫോൺ റിങ് ചെയ്‌തു, എടുത്തപ്പോൾ അങ്കിളിന്റെ വീട്ടിൽ നിന്നാണ്, ആന്റിയും മരിച്ചു!..ശരിക്കും എനിക്ക് അത് കേട്ട സമയം ഒരു മനസ്സിൽ നിർവികാരതയായിരുന്നു. അങ്കിൾ തന്നെയാവും ആന്റിയെയും കൊണ്ടുപോയത്, താനില്ലാതെ അവൾ തനിയെ ഇവിടെ വേണ്ട എന്ന് കരുതിയിട്ടുണ്ടാവും.

By
Uma rajeev

മിടുക്കന്‍


മിടുക്കന്‍
പട്ടണത്തിനടുത്ത് ആയിരുന്നു രാജീവനും കുടുംബവും താമസിച്ചിരുന്നത്. അച്ഛന്‍ നാരായണന്‍, അമ്മ ദേവകി – രണ്ടു പേര്‍ക്കും എഴുപതിനു മുകളില്‍ പ്രായം. ഭാര്യ ഗായത്രി – അടുത്തൊരു സ്കൂളില്‍ പഠിപ്പിക്കുന്നു. രണ്ടു ആണ്മക്കള്‍ - വരുണും അരുണും. വരുണ്‍ മൂത്തത് – പത്താം ക്ലാസില്‍ പഠിക്കുന്നു. അരുണ്‍ എട്ടിലും.
രാജീവന്‍ ഇരുപതു വര്ഷത്തോളം പുറമെ ആയിരുന്നു. ആവശ്യത്തിനൊക്കെ സമ്പാദിച്ചു. പിന്നീട് അച്ഛനമ്മമാര്ക്ക് പ്രായമായപ്പോള്‍ ജോലി ഉപേക്ഷിച്ചു വന്നതാണ്. ഇപ്പോള്‍ വീട്ടില്‍ തന്നെ അല്പസ്വല്പം കൃഷിയും കച്ചവടവും നടത്തുന്നു. കടയിലെ കാര്യം അച്ഛനെയാണ് ഏല്പ്പിച്ചിരുക്കുന്നത്. കൃഷിക്ക് പുറമേ വീട്ടില്‍ കോഴി, താറാവ്, ആട് തുടങ്ങിയവയെയും വളര്‍ത്തുന്നുണ്ട്.
വരുണ്‍ പൊതുവേ വായനപ്രിയനാണ്‌. കഥകള്‍ ധാരാളം കേള്‍ക്കാന്‍ കുട്ടിക്കാലം മുതലേ ഇഷ്ടമുള്ളവനാണ്. കളിക്കാന്‍ പോകാന്‍ വലിയ താല്‍പര്യമില്ല. ഇപ്പോള്‍ പഠിക്കാനും ധാരാളമുള്ളതുകൊണ്ട് ഏത്‌ നേരവും വായനയും പഠിത്തവുമാണ്. അത്‌കൊണ്ട് തന്നെ ക്ലാസ്സില്‍ എപ്പോഴും ഒന്നാമനാണ്‌. അച്ഛനുമമ്മയും നിര്‍ബന്ധിച്ചു കളിക്കാന്‍ പറഞ്ഞുവിട്ടാലും അധികം താമസിയാതെ തിരിച്ചുവരും. മണ്ണില്‍ ഇറങ്ങുന്നത് തന്നെ അവനിഷ്ടമല്ല. അതുകൊണ്ടൊക്കെത്തന്നെ കൂട്ടുകാരും വളരെ കുറവാണ്.
എന്നാല്‍ അരുണ്‍ നേരെ തിരിച്ചാണ്. ഏതു സമയവും കളി, കളി തന്നെ. വീട്ടിലേക്കു വിളിച്ചുവരുത്തിയാലും അര മണിക്കൂറിനകം കാണാതാകും, അടുത്ത വീട്ടില്‍ കളിയ്ക്കാന്‍ പോയിട്ടുണ്ടാകും. വായന എന്ന് പറഞ്ഞാല്‍ തന്നെ ഒരുതരം അലര്‍ജിയാണ്. എന്നാല്‍ വായക്ക് എപ്പോഴും തിരക്കായിരിക്കും – എന്തെങ്കിലും തിന്നുകൊണ്ടിരിക്കണം. ഊണ് കഴിക്കാന്‍ നേരത്തൊന്നും അവനെ കണ്ടുകിട്ടുകയില്ല – വന്നാലോ ഏതെങ്കിലും കൂട്ടുകാരുടെ വീട്ടില്‍ നിന്ന് കഴിച്ചു എന്നും പറയും. വരുണിനെപറ്റി ആര്‍ക്കും ഒരു പരാതിയുമില്ല, എന്നാല്‍ അരുണിന്റെ കാര്യം അങ്ങിനെയല്ല, ദിവസവും എന്തെങ്കിലും കുഴപ്പം ഒപ്പിച്ചിട്ടുണ്ടാകും.
അങ്ങിനെയൊക്കെയാനെങ്കിലും കൂട്ടുകാര്ക്കും അയല്പക്കത്തുള്ളവര്ക്കും അവനെ പറ്റി വളരെ നല്ല അഭിപ്രായമാണ്. ആര്ക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ അരുണിനോട് പറഞ്ഞാല്‍ മതി, പഠിത്തംപോലും ഉപേക്ഷിച്ചു അവന്‍ അത് നടത്തിക്കൊടുക്കും. ഇങ്ങിനെയൊക്കെ ആണെങ്കിലും റാങ്ക് ലിസ്റ്റില്‍ ആദ്യത്തെ പത്തുപേരില്‍ അവനുണ്ടാകും. അല്പംകൂടി പരിശ്രമിച്ചാല്‍ ഒന്നാമനാകാം, പക്ഷെ അവനതിലൊന്നും വലിയ കാര്യമില്ല. ഗായത്രിക്കാണ് പരിഭവം. രാജീവനൊന്നും പറയാറില്ല. എന്തോ അവനെ നല്ല വിശ്വാസമാണ്
വീട്ടിലെ എല്ലാ കാര്യങ്ങളും, കടയില്‍ പോകുക, മരുന്ന് മേടിക്കുക, മുത്തച്ഛനെയും മറ്റും ഡോക്ടറെ കാണിക്കുക, അമ്പലത്തില്‍ കൊണ്ടുപോകുക തുടങ്ങിയ കാര്യമെല്ലാം ഒരു മുറുമുറുപ്പും കൂടാതെ, മാത്രമല്ല ഉത്സാഹത്തോടെ വേഗം തന്നെ അവന്‍ നടത്തിക്കൊടുക്കും.
രണ്ടാളെയും ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആണ് ചേര്‍ത്തിരുന്നത്. . വരുണ്‍ ഇപ്പോഴും അവിടെത്തന്നെയാണ് പഠിക്കുന്നത്. എന്നാല്‍ അരുണിന്റെ പഠിത്തത്തിലെ ‘കേമത്തം’ കാരണം അവനെ ഗവണ്മെന്റ് സ്കൂളിലേക്ക് മാറ്റി. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പോകാന്‍ അവനു നല്ല മടിയായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്കൂളില്‍ പോകാന്‍ വളരെ ഉത്സാഹമാണ്. ഒരു സൈക്കിള്‍ കൂടി കിട്ടിയപ്പോള്‍ ആകെ ഉഷാര്‍.
വീട്ടിലെ ഒരു കാര്യത്തിലും വരുണ്‍ ഇടപെടാറില്ല. ആരും ഒന്നും പറയാറുമില്ല. അവന്‍ അവന്റെത്‌ മാത്രമായ ഒരു ലോകത്തിലായിരുന്നു. സ്കൂള്‍ വിട്ടു വന്നാല്‍ ഭക്ഷണം കഴിച്ച് മുറിയിലേക്ക് പോകും. എല്ലായ്പ്പോഴും വായന മാത്രം. പക്ഷെ ഗായത്രിക്ക് പരിഭവമായിരുന്നു അവനെക്കൊണ്ട് ഒരു കാര്യവും ചെയ്യിക്കുന്നില്ല എന്ന്‍ പറയും. അതാരും പക്ഷെ ഗൌനിക്കാരില്ല
ഒരു ദിവസം രാജീവിന് കുറച്ചു താറാവുകുഞ്ഞുങ്ങളെ മേടിക്കണം എന്ന് തോന്നി. കുറച്ചടുത്തുള്ള ഗോവിന്ദേട്ടന്റെ വീട്ടില്‍ അവയെ വില്ക്കുന്നുണ്ടെന്നു അറിഞ്ഞു. അന്നാണെങ്കില്‍ അരുണ്‍ വീട്ടിലില്ല. അയല്ക്കാരെ ആരെയോ ആസ്പത്രിയില്‍ കൊണ്ട് പോയതാണ്. എപ്പോഴാണ് വരികയെന്നറിയില്ല.. രാജീവന് പോകാനും പറ്റാത്ത അവസ്ഥയായിരുന്നു. എന്ത് ചെയ്യും എന്നാലോചിചിരിക്കുമ്പോള്‍ ഗായത്രി പറഞ്ഞു: “നമുക്ക് വരുണിനെ വിടാം, അവനും ഇതൊക്കെ ശീലിക്കണ്ടേ?”
രാജീവനും അത്‌ കൊള്ളാമെന്നു തോന്നി വരുണിനെ വിളിച്ചു കാര്യം പറഞ്ഞു. “മോനെ, നമ്മുടെ ഗോവിന്ദേട്ടന്റെ വീട്ടില്‍ താരാവിന്കുഞ്ഞുങ്ങളെ വില്ക്കാനുണ്ടെന്ന് കേട്ടു. നീ പോയി ഒന്നന്വേഷിച്ചു വാ. ഉണ്ടെങ്കില്‍ ഒരെണ്ണത്തിനു എത്ര രൂപയാണെന്നും ചോദിക്കണം.
അവന്‍ ചോദിച്ചു “ഞാന്‍ തന്നെ പോണോ? അരുണ്‍ വന്ന ശേഷം പോരേ”
“അതിനവന്‍ സുഹൃത്തിനെയും കൊണ്ട് ആസ്പത്രിയില്‍ പോയതാണ് രാവിലെ തന്നെ. ചിലപ്പോള്‍ വളരെ നേരമെടുക്കും നീ തന്നെ ചെല്ല്” രാജീവന്‍ പറഞ്ഞു.
“ഇപ്പൊ തന്നെ പോണോ? നാളെയായാലും പോരേ” വരുണ്‍ തന്റെ മടി പ്രകടിപ്പിച്ചു.
“പോരാ, ഇപ്പോള്‍ തന്നെ പോകണം. നല്ലയിനം താറാവുകളാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. വേഗം വിറ്റു പോകുന്നതിനു മുന്പ് പോയി അന്വേഷിച്ചു വാ. വേണമെങ്കില്‍ സൈക്കിള്‍ എടുത്തോ.”
എന്തോ മുറുമുറുത്തുകൊണ്ട് വരുണ്‍ മുറിയിലേക്ക് പോയി. പത്തു നിമിഷം കഴിഞ്ഞു നല്ല വൃത്തിയായി ഒരുങ്ങിവന്നു. അമ്മയെ ദയനീയമായി നോക്കി അവരുടെ മനസ്സലിയുമോ എന്നറിയാന്‍. ഗായത്രി ഒന്നും മിണ്ടിയില്ല. മനസ്സില്ലാമനസ്സോടെ വരുണ്‍ പതുക്കെ നടന്നുപോയി.
“അവനു സൈക്കിള്‍ എടുക്കാമായിരുന്നില്ലേ?” നാരായണന്‍ ചോദിച്ചു. “അതിനവനു സൈക്കിള്‍ ഓടിക്കാന്‍ അറിയില്ലല്ലോ: രാജീവന്‍ പറഞ്ഞു
ഒരു പതിനഞ്ചു നിമിഷം കഴിഞ്ഞു വരുണ്‍ മടങ്ങിവന്നു രാജീവനോട് പറഞ്ഞു: ഗോവിന്ദേട്ടന്റെ വീട്ടില്‍ താറാവുണ്ട്. “ഒരെണ്ണത്തിനു ഇരുപതു രൂപയാണ്”.
“ഒരു ഇരുപതെണ്ണം വേണം. ഒരുമിച്ചെടുത്താല്‍ വില കുറച്ചു തരുമോ എന്ന് അയാളോട് ചോദിക്ക്.”
വരുണ്‍ വീണ്ടും പോയി. ആ നേരത്ത് ഗോവിന്ദേട്ടന്‍ ഊണ് കഴിക്കുകയായിരുന്നു. വരുണ്‍ കാത്തു നിന്നു, അര മണിക്കൂറോളം. കൈ കഴുകി പുറത്തു വന്ന ശേഷം വരുണ്‍ കാര്യം ചോദിച്ചു, മടങ്ങിവന്നു പറഞ്ഞു – ഇരുപതെണ്ണം ഒരുമിച്ചെടുത്താല്‍ രണ്ടെണ്ണത്തെ വെറുതെ തരാമെന്നാണ് പറഞ്ഞത്.
“വീട്ടില്‍ കൊണ്ട് തരുമോ അവയെ എന്ന് ചോദിച്ചുവാ”
അസഹ്യതയോടെ വരുണ്‍ പറഞ്ഞു “ഇനി ഒരഞ്ചു മിനിറ്റ് കഴിഞ്ഞു പോകാം അച്ഛാ”
വരുണിന്‍റെ ഭാഗ്യമെന്നു പറയട്ടെ അപ്പോഴെക്കും അരുണ്‍ എത്തി. വന്ന പാടെ രാജീവന്‍ അവനോടു കാര്യം പറഞ്ഞു. അവന്‍ ഉടന്‍ തന്നെ സൈക്കിള്‍ എടുത്തു പുറപ്പെട്ടു. ഗായത്രി അവനോട് പറഞ്ഞു, “എടാ നീ വല്ലതും കഴിച്ചിട്ട് പോ. അയാള്‍ ഉച്ചക്കൊന്നു കിടക്കാനുള്ള പുറപ്പാടിലായിരിക്കും.”
“വേണ്ടമ്മേ ഞാന്‍ വന്നിട്ട് കഴിച്ചോളാം. അയാള്‍ കിടക്കുന്നതിനു മുന്‍പ് പോയി കാണാം. ആട്ടെ, എത്രയെണ്ണം വേണം?”
“ഒരു ഇരുപതെണ്ണം” രാജീവന്‍ പറഞ്ഞു
ഒരഞ്ചു മിനിട്ടിനകം അവന്‍ തിരിച്ചുവന്നു പറഞ്ഞു “അച്ഛാ അവിടെ വളരെ നല്ലയിനം താറാവുകുഞ്ഞുങ്ങള്‍ ഉണ്ട്. വേഗം തന്നെ വാങ്ങിച്ചോളാന്‍ ഗോവിന്ദേട്ടന്‍ പറഞ്ഞു. വിവരം അറിഞ്ഞു ആളുകള്‍ വന്ന് തുടങ്ങിയിട്ടുണ്ടത്രേ. ഇരുപത് രൂപയാണ് വില ഒന്നിന്. ഇരുപത് എണ്ണം വാങ്ങിയാല്‍ രണ്ടെണ്ണത്തെ വെറുതെ തരുമത്രേ. അച്ഛന്‍ വേഗം തന്നെ നാനൂറു രൂപയും ഒരു വലിയ സഞ്ചിയും തരൂ. ഞാനിപ്പോള്‍ തന്നെ അവയെ കൊണ്ടുവരാം. ഗോവിന്ദേട്ടനോട് അതിനു ശേഷം കിടന്നാല്‍ മതിയെന്ന് പറഞ്ഞിട്ടുണ്ട്. വിശപ്പുണ്ടെങ്കിലും അത് കഴിഞ്ഞു മതി ഊണ് എനിക്ക്"
അരുണ്‍ ഉടനെ തന്നെ പൈസയും വാങ്ങി അവിടേക്ക് പോയി, അല്പനിമിഷത്തിനുള്ളില്‍ ഇരുപത്തിരണ്ടു നല്ലയിനം താറാവുകുഞ്ഞുങ്ങളെ വാങ്ങിക്കൊണ്ടുവന്നു. വരുണിനും ആശ്വാസമായി. കാര്യം നടന്നല്ലോ. അവന്‍ മുറിയിലേക്ക് പോകാന്‍ ഒരുങ്ങി.
അപ്പോള്‍ മുത്തച്ഛന്‍ നാരായണന്‍ അവനോട പറഞ്ഞു – "കണ്ടോടാ നീ ഒരു മണിക്കൂറോളം നടന്നിട്ട് തീരാത്ത കാര്യം നിന്റെയ അനിയന്‍ പത്തു മിനിറ്റ്കൊണ്ട് നടത്തി വന്നുകഴിഞ്ഞു. പുസ്തകപ്പുഴുവായി അതിലെ വിജ്ഞാനം അറിഞ്ഞാല്‍ മാത്രം പോരാ, അതുകൊണ്ട് പരീക്ഷകളില്‍ മാത്രമേ വിജയിക്കുകയുള്ളൂ. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ലോകപരിചയം ഉണ്ടാകണം. അതിനു നീ പുറത്തിറങ്ങി ചുറ്റും നടക്കുന്നത് കണ്ടാലെ കാര്യമുള്ളൂ. മനസ്സിലായോ?"
മനസ്സിലായോ ആവോ. ഏതായാലും വരുണ്‍ തലയാട്ടി. എന്നിട്ട് വീണ്ടും മുറിയിലേക്ക് പോയി. രാജീവന്‍ ഭാര്യയോട് പറഞ്ഞു: ഇപ്പോള്‍ ഞാന്‍ അവനോട് ഒരു കാര്യവും ചെയ്യാന്‍ പറയാത്തതെന്താണെന്നു മനസ്സിലായോ?
ശിവദാസ് കെ വീ

രത്നമ്മ


രത്നമ്മ
- - - - - - -
(പ്രിയ നല്ലെഴുത്ത് ടീം...., മറ്റു സുഹൃത്തുക്കളെ... ഈ കഥയിലൂടെ ഞാൻ നിങ്ങളെയെല്ലാം കുറേ വർഷങ്ങൾക്ക് പിറകിലേക്ക് കൂട്ടിക്കൊണ്ടു പോകയാണ്.. ഈ കഥ ഞാനെഴുതിയിത് 2004 അവസാനത്തിലാണ്.... കാരണമുണ്ട്.. നിങ്ങൾക്കെല്ലാം ഓർമ്മയില്ലേ... 2004 ഡിസംബർ 26.... നമ്മെ എല്ലാം തീരാദു:ഖത്തിലാഴ്ത്തിയ സുനാമി....! ,ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശo, ശ്രീലങ്ക, ആൻഡമൻ - നിക്കോബാർ ദ്വീപുകൾ, ഇൻഡോനേഷ്യ, ഫിലിപൈൻസ് എന്നിവിടങ്ങളിലെല്ലാം സുനാമി വരുത്തിവെച്ച നാശനഷ്ടങ്ങൾ...! ആ സമയം ഞാൻ കൊൽക്കത്തയിലായിരുന്നു..... ടി വി യുടെ മുന്നിൽ സുനാമി വാർത്തകൾ കണ്ട് മരവിച്ചിരുന്ന നാളുകൾ.... ഊണും ഉറക്കവുമില്ലാതെ... ഓരോ ദിവസത്തേയും ദിനപ്പത്രം വായിച്ച് നെഞ്ചുരുകി പ്രാർത്ഥിച്ച നാളുകൾ..... അക്കാലത്ത് പേപ്പറിൽ വന്ന ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കി എന്റെ മനസ്സിൽ ഞാൻ രൂപo കൊടുത്ത ഒരു കഥാപാത്രമാണ് രത്നമ്മ.... വായിക്കൂ......, ഇഷ്പ്പെടുവോ എന്നറിയില്ല...)
ഒരു കയ്യിൽ 4 വയസ്സുകാരൻ അപ്പുവിനെ മാറോടണച്ചു പിടിച്ച്, മറുകയ്യിൽ ഒരു കീറിയ ബാഗുമായി രത്നമ്മ ഒരു ഭ്രാന്തിയെപ്പോലെ കടലോരത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടി. കടലിലേക്ക് നോക്കി അവൾ മുറവിളിയിട്ടു കരഞ്ഞു..... " എന്തിനെന്നോടിതു ചെയ്തു...., കടലമ്മേ.....? എന്റെ അമ്മൂനെ ക്ക് രക്ഷിക്കാനായില്ലല്ലോ..... !"
സുനാമി കടലാക്രമണത്തിൽ ഇരയായ പതിനായിരക്കണക്കിന് അമ്മമാർക്കിടയിൽ രത്നമ്മയുടെ രോദനം ആരും കേട്ടില്ല.....! പലരും അവളെ കൈ പിടിച്ച് കരയിലേക്ക് നീക്കാൻ നോക്കി...., പക്ഷെ, ഒരു ഭ്രാന്തിയെപ്പോലെ വീണ്ടും വീണ്ടും അവൾ ആ ആർത്തിരമ്പി വരുന്ന തിരമാലകളുടെ അടുത്തേക്ക് ഓടാൻ നോക്കുകയായിരുന്നു.....!
നിക്കോബാർ ദ്വീപിലെ ഒരു കൊച്ചു വീട്ടിൽ ഭർത്താവ് ശെൽവവും 2 മക്കളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന രത്നമ്മക്ക്, ഇന്ന് ഭർത്താവും, 2 വയസ്സുകാരി അമ്മുവും നഷ്ടപ്പെട്ടിരിക്കുന്നു...! വിധി എത്ര ക്രൂരമായി ആകുടുംബത്തെ തകർത്തു കളഞ്ഞു....
ഞങ്ങൾ ഒരു സംഘം ജേർണലിസ്റ്റ്സ്, പോർട്ട് ബ്ലയറിൽ ഇറങ്ങി, ഞങ്ങളുടെ ആദ്യത്തെ അന്വേഷണത്തിൽ കണ്ടെത്തിയ രത്നമ്മ എന്ന 30 വയസ്സുകാരി.....! ഞങ്ങൾ അവരെ ആശ്വസിപ്പിക്കാൻ വളരെയധികം ശ്രമിച്ചു നോക്കി..., അവരെ ആ കടൽക്കരയിൽ നിന്നും നീക്കം ചെയ്യാൻ നോക്കീ... അവർ സമ്മതിച്ചില്ല.. അവർ എന്റെ കൈ പിടിച്ച്, അവരുടെ വീട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് കൊണ്ടു പോയി - "ദാ...., ഇവിടെയായിരുന്നു എന്റെ വീട്....! ദാ...., ഈ ബാഗ്നോക്കൂ..,.. "_ അതിൽ അവളൊരു പാവയെ - കണ്ണടച്ചു തുറക്കുന്ന - പുറത്തെടുത്തു." ഇത് എന്റാള് അമ്മൂന് കൊൽക്കത്തയിൽ നിന്നും വാങ്ങിച്ചതാണ്...'', ദാ ഈ ഫോട്ടോ കണ്ടോ..., ഞങ്ങൾ 4 പേരും കൂടി കഴിഞ്ഞ കൊല്ലം അമ്മുന്റെ പിറന്നാളിന് എടുത്തതാണ്..... ". വീണ്ടുo നനഞ്ഞു കീറിയ ഒരു ഉടുപ്പെടുത്ത് അവൾ പറഞ്ഞു...," ഇത് നോക്കൂ.., ഇത് അമ്മൂന് അവൾടെ അച്ഛൻ പിറന്നാളിന് വാങ്ങിക്കൊടുത്തതാണ്.. " -- ഒരു ഭ്രാന്തിയെപ്പോലെ അതെല്ലാം മാറോട് ചേർത്തു പിടിച്ച് അവൾ പൊട്ടിക്കരഞ്ഞു....! ഞങ്ങൾ നോക്കി നിൽക്കേ, അതാ....., ഒരു പെട്ടി ഒഴുകി വരുന്നു..., ആ പെട്ടി എടുക്കാൻ രത്നമ്മ ഓടി..! അത് കൈക്കലാക്കി അവൾ എന്നോടായി പറഞ്ഞു.." യോ... ഇത് ങ്ങടെ പെട്ടിയാണ്..." ! തണുത്തു മരവിച്ച്, വിറക്കുന്ന കൈകളോടെ അവളത്തുറന്നു.. അതിൽ അവളുടെ ഭർത്താവിന്റെ ഒരു സ്വറ്റെർ..., നിരവധി മെഡലുകൾ, ഒരു പെൻസിൽ ബോക്സ് ഇതെല്ലാം അവർ പുറത്തെടുത്തു. തന്റെ ഭർത്താവിന് കിട്ടിയ ആ മെഡലുകളെല്ലാം നെഞ്ചോട് ചേർത്ത് അവർ പൊട്ടിക്കരഞ്ഞു.... "യോ..., ഇതെല്ലാം എന്റാൾക്ക് പഠിത്തത്തിന് കിട്ടിയതാ..! ഈ പെൻസിൽ ബോക്സ് ആള് അപ്പൂന് വാങ്ങി ക്കൊടുത്തതാ.. " - ആശ്വസിപ്പിക്കാൻ ശ്രമിച്ച എന്നെ കെട്ടിപ്പിടിച്ച് അവർ പൊട്ടിക്കരഞ്ഞു..., ഞാനറിയാതെ എന്റെ കണ്ണു നിറഞ്ഞൊഴുകി.. ഇതെല്ലാം നോക്കി, ഒന്നും പറയാനാകാതെ അപ്പു ഒരു ഭീതിപൂണ്ട നോട്ടവുമായി, അമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി. അവരെ തന്നിലേക്ക് കൂട്ടിപ്പിടിച്ചു കൊണ്ട്..., ആ പുറത്ത് തലോടിക്കൊണ്ട് ഞാനവരോട് മെല്ലെ ചോദിച്ചു.. -- "രത്നമ്മയുടെ ഭർത്താവും കുഞ്ഞും എങ്ങിനേയാണ് നഷ്ടമായത്....? അവർ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലേ?" രത്നമ്മ പറഞ്ഞു - "ഞങ്ങൾ വീടിന്റെ പിൻഭാഗത്ത് മുറ്റത്തിരിക്കായിരുന്നു. മക്കൾ രണ്ടു പേരും അവിടെ കളിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ഇരമ്പൽ കേട്ടത്.....! അടുത്തുള്ളവരെല്ലാം പറഞ്ഞു, ഓടിക്കോ..., ഓടിക്കോന്ന്. ആള് അമ്മൂനേം, ഞാൻ മോനേം എടുത്തോടി....., പിന്നിൽ നിന്നും ഒന്നൊന്നായി തിരമാലകൾ എല്ലാം നശിപ്പിച്ചു കൊണ്ട്.., ഒരു രാക്ഷസനെപ്പോലെ ഞങ്ങളോടടുക്കുകയായിരുന്നു... ! കുറേ ദൂരം ഓടി...., ആളില്ലേ പുറകിൽ എന്ന് ഞാനൊന്നു തിരിഞ്ഞു നോക്കി.....! അയ്യോ.... ! ഒരു കൂറ്റൻ തിരമാല വന്ന് അദ്ദേഹത്തെ കൊണ്ടു പോയി...., അവരുടെ കയ്യിൽ നിന്നും കൊച്ചുമോൾ എങ്ങോട്ടോ തെറിച്ചു പോയി....! ഞാനവരുടെ അടുത്തേക്ക് ഓടാൻ നോക്കുമ്പോഴേക്കും മറ്റൊരു തിരമാല എന്റെ നേർക്ക് ചീറി അടുക്കുകയായിരുന്നു.... പിന്നെ ഒന്നും ഓർത്തില്ല...., എവിടന്നോ കിട്ടിയ ഒരു ധൈര്യം....., ഇതു കരയാനുള്ള സമയ യമല്ല....., നിന്റെ ആത്മധൈര്യം കാണിക്ക് എന്നാരോ പറയുന്ന പോലെ....!മോനെയെങ്കിലും രക്ഷിക്കണം...., അവനേയും കൊണ്ടോടി.....! കുറച്ചു ദൂരം ചെന്നപ്പോൾ കാലിന്നടിയിൽ നിന്നും മൺ തരികൾ ഒന്നൊന്നായി കീഴോട്ട് വഴുതിപ്പോകുന്ന പോലെ.....! മോനെ നെഞ്ചോട് ചേർത്തുവെച്ച് സാരി വലിച്ചു മുറുക്കി കെട്ടി....., അപ്പോഴേക്കും കടൽ വെള്ളം ഞങ്ങളുടെ കഴുത്തു വരെ എത്തിയിരുന്നു. ഞാൻ വെള്ളത്തിൽ ഒഴുകിക്കൊണ്ടിരിക്കയായിരുന്നു...., പെട്ടെന്ന് എവിടേയോ ഒരു മരത്തിൽ പിടുത്തം കിട്ടി....! കണ്ണുകൾ ഇരുളുന്ന പോലെ....., മോനെ മുറുക്കെപ്പിടിച്ചിരുന്നു....., പിന്നെ ഒന്നും ഓർമ്മയില്ല....,ബോധം തിരിച്ചുകിട്ടിയപ്പോൾ.... കുറച്ചു പേർ ചേർന്ന് എന്നേയും കുഞ്ഞിനേയും രക്ഷിച്ചിരുന്നു.....!"ഇത്രയും പറഞ്ഞ്...., ഒരു ജീവശവം പോലെ...., ഈറനണിഞ്ഞ കണ്ണുകളാലെ രത്‌നമ്മ വീണ്ടും കടലിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു......, തന്റെ ഭർത്താവും കുഞ്ഞും വരുമെന്ന പ്രതീക്ഷയോടെ........!
- - - - - - Ambika Menon - - - - - - -

ഒത്തൊരുമയുടെ നിറമുള്ള പെരുന്നാൾ ഓർമ്മകൾ


പെരുന്നാൾ പിറ ആഗതമായിരിക്കുന്നു.. പള്ളിയിൽ നിന്നും മൈക്കിലൂടെ തക്ബീർ ധ്വനികൾ മുഴങ്ങി കേൾക്കുന്നു..
ഉപ്പ ഇന്നും വരില്ലേ ഉമ്മാ..
വരുമായിരിക്കും... നീ ആ മോഹനേട്ടന്റ കടയിൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങിയിട്ട് വാ.
പൈസ ഇല്ലാതെ ഞാൻ പോകൂല..ആള് ഇന്നലെ തന്നെ എന്നോട് എവിടെ പഴയ പൈസ എന്ന് ചോദിച്ചു..
എന്റെ മറുപടി കേട്ട ഉമ്മ പിന്നെ ഒന്നും മിണ്ടിയില്ല. പലചരക്ക് സാധനങ്ങൾ മോഹനേട്ടന്റെ കടയിൽ പറ്റാണ്.. മാസത്തിലേ തീർക്കൂ. ഉപ്പ വരുമ്പോൾ. ഇപ്പോൾ നോമ്പിന് മുമ്പ് വന്ന് പോയതാണ്.. ഉപ്പ ഇപ്പോൾ കുരുമുളക് സീസണായത് കൊണ്ട് വയനാട്ടിലാണ്.
ഡാ അൻവറെ നീ റോഡിലോട്ട് ഉണ്ടോ.. അവിടെ പടക്കം പൊട്ടിക്കുന്നുണ്ട്.. വാണവും കമ്പിത്തിരിയും ഒക്കെയുണ്ട്..
അടുത്ത വീട്ടിലെ കൂട്ടുകാരൻ മജീദ് ആണ്.. പടക്കം എന്നു കേൾക്കേണ്ട താമസം ഞാൻ ചാടിയിറങ്ങി.. ഉമ്മ അപ്പോഴും റോഡിലേക്ക് കണ്ണും നട്ട്‌ ഉപ്പയെയും കാത്ത് മുറ്റത്ത് നിൽക്കുന്നു.
മജീദിന്റെ കൂടെ ഇടവഴിയിലൂടെ നടന്ന് റോഡിലെത്തി.പെരുന്നാൾ ആഘോഷങ്ങൾ തുടങ്ങിയിരിക്കുന്നു. എങ്ങും ആഹ്ലാദം അലതല്ലുന്നു.. റോഡിന്റെ സൈഡിലെ പറമ്പിൽ രണ്ട് പോത്തുകളെ അറുത്ത് ഇറച്ചി കച്ചവടം തകൃതി.. അറവുകാരൻ അയമുട്ടിക്ക ആകെ വിയർത്ത് കുളിച്ച് മിന്നിത്തിളങ്ങി നിൽക്കുന്നു. കച്ചവടം പൊടിപൂരമാണ്..
ചിലർ പടക്കം പൊട്ടിക്കുന്നു. എങ്ങും കളിയും ചിരിയും അലതല്ലുന്നു... ശരിക്കും ഉൽസവ പ്രതീതി തന്നെ. എന്റെ മനസ്സിന്റെ ഉള്ളിൽ ഒരു വിങ്ങൽ.. ഉപ്പ വരില്ലേ.. പെരുന്നാൾ പുത്തൻ ഡ്രസ്സ് ഒന്നും എടുത്തില്ല.. ആർക്കും..
ഓരോന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് മോഹനേട്ടൻ എന്നെ വിളിച്ചത്..
ഡാ അൻവറെ ഇവിടെ വാ ഡാ..
മടിച്ചു മടിച്ചിട്ടാണ് ചെന്നത്... മൂപ്പർ പൈസ ചോദിക്കാനായിരിക്കുമോ?... ആളുകളുടെ ഇടയിൽ ഇട്ട് നാണം കെടുത്തുമോ.?..
ഉപ്പ വന്നോടാ....
ഇല്ല വന്നിട്ടില്ല...
എന്താ നിങ്ങൾക്ക് സാധനങ്ങൾ ഒന്നും വേണ്ടേ?.. കുറച്ച് കഴിഞ്ഞാൽ തിരക്കായിരിക്കും.. എന്താ വേണ്ടത് എന്ന് വെച്ചാൽ ഉമ്മയോട് ചോദിച്ചിട്ട് വാ...
ഞാൻ തലയാട്ടി...
ഇറച്ചി വാങ്ങിയോ?.
ഇല്ല.. ഉപ്പ വന്നിട്ട് വാങ്ങണം...
അവിടന്ന് വാങ്ങിച്ചോ... അയമുട്ടിക്ക നോട് ഞാൻ പറഞ്ഞോളാം.... എന്ന് പറഞ്ഞ് കൊണ്ട് മൂപ്പര് അവിടെ നിന്ന് ഉറക്കെ വിളിച്ച് പറഞ്ഞു...
ന്നാ അയമുട്ടിക്കാ.. നമ്മളെ സൈദിന്റെ ചെക്കന് ഇറച്ചി കൊടുത്താണിം...
(ഇത്രയും നല്ല മനുഷ്യനെയാണോ വെറുതെ തെറ്റിദ്ധരിച്ചത്.. ഹും.. ഇന്നലെ തോക്കിൽ ഇടാൻ നിറ തിര ചോദിച്ചിട്ട് തരാത്ത ആളാണ്... ഇരുപത്തിയേഴാം രാവില് പിരിവിന് പോയിട്ട് കിട്ടിയ സക്കാത്ത് പൈസക്ക് തോക്കും പടക്കവും ബലൂണും ഒക്കെ വാങ്ങി കഴിഞ്ഞു... തോക്ക് മാത്രം ബാക്കിയായി... അതിൽ ഇട്ട് പൊട്ടിക്കാൻ കുറച്ച് തിര തരാത്ത ആളാണ്.... എന്നിട്ട് ഇപ്പോൾ സാധനങ്ങളും ഇറച്ചിയും ഒക്കെ തന്നല്ലോ....)
ഇറച്ചിയും വാങ്ങി ഒറ്റ ഓട്ടത്തിൽ വീട്ടിൽ എത്തി . ഉമ്മയോട് ചോദിച്ച് സാധനങ്ങൾ വേണ്ടത് എന്തെല്ലാം എന്ന് കടലാസിൽ എഴുതി വീണ്ടും കടയിലക്ക്...
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പോരുമ്പോഴും മനസ്സിൽ പെരുന്നാൾകോടിയെ കുറിച്ചായിരുന്നു ചിന്ത... ഉപ്പ വരാതെ ഒന്നും നടക്കില്ല..
വീട്ടിലെത്തി.. ഉമ്മ മൈലാഞ്ചി ഇല അമ്മിക്കല്ലിൽ അരക്കൽ തുടങ്ങിയിരിക്കുന്നു.. പെങ്ങന്മാരും അയൽവാസി'പെൺപടകളും അമ്മിക്കല്ലിന് ചുറ്റും കലപില കൂട്ടി നിൽക്കുന്നു..
ഉമ്മാ എനിക്കും മൈലാഞ്ചി ഇട്ട് തരണം..
പോ ചെർക്കാ ആൺകുട്ടികൾക്കൊന്നും ഇല്ല...
അപ്പുറത്തെ വീട്ടിലെ ആ കുശുമ്പി പെണ്ണാണ്... അവൾക്ക് അല്ലെങ്കിലേ കുറച്ച് കൂടുതലാ... ഞാൻ കനപ്പിച്ച് ഒരു നോട്ടം നോക്കി.. അവൾ ഉമ്മാന്റെ പുറകിലേക്ക് മറഞ്ഞു...
സമയം ഒമ്പത് മണി കഴിഞ്ഞു... ഇടവഴിയിലേക്ക് കണ്ണും നട്ട് നിൽക്കുന്ന എന്റെ കണ്ണുകളെ കുളിരണിയിച്ച് കൊണ്ട് അതാ ഉപ്പ വരുന്നു.... രണ്ട് കയ്യിലും നിറയെ സാധനങ്ങൾ.... മുറ്റത്തേക്ക് കയറിയ ഉടനെ എനിക്ക് മനസ്സിലായി. ഡ്രസ്സിന്റെ കവർ ഉണ്ട് ... പിന്നെ പച്ചക്കറിയും വേറെ എന്തൊക്കെയോ.. ഓടിച്ചെന്ന് കവറുകൾ വാങ്ങി... അങ്ങനെ ഞങ്ങളുടെ വീട്ടിലും പെരുന്നാൾ പിറ കണ്ടു..
എല്ലാവർക്കും പുത്തൻ ഡ്രസ്സുകൾ.. ഞങ്ങൾ മക്കൾ നാലാൾക്കും.. ഉമ്മച്ചിക്കും.....
കടലമിഠായിയും നിലക്കടല വറുത്തതും ഞാൻ കൈക്കലാക്കി.. ഇനി ഞാനാണ് ഓരി വെക്കുക. പെങ്ങളുട്ടികളും അനിയനും പുത്തൻ ഉടുപ്പുകൾ അണിഞ്ഞ് ഭംഗിയുണ്ടോ എന്ന് നോക്കാൻ തുടങ്ങി.. അളവ് പിന്നെ ഉപ്പ കൊടുന്നാൽ കറക്റ്റായിരിക്കും.. എങ്ങനെ ഇങ്ങനെ കഴിയുന്നു എന്ന് ഞാൻ ആലോചിക്കാറുണ്ട്. കുട്ടുകാരൻ മജിദും അവന്റെ ഉമ്മയും പോയി എടുത്ത ഡ്രസ്സ് അവന് അളവ് ശരിയായില്ല എന്ന് പറഞ്ഞ് വീണ്ടും മാറ്റാൻ പോയിരുന്നു..
കൊടുന്ന ഇറച്ചിയിൽ നിന്ന് കുറച്ച് എടുത്ത് ഉമ്മ കറി വെച്ചു.. എല്ലാവരും കൂടി ഇരുന്ന് ചോറ് കഴിച്ചു... പിന്നെ ഉമ്മച്ചിയെ കൊണ്ട് മൈലാഞ്ചി ഇടുവിച്ചു..
ഇനിയാണ്..പ്രശ്നം. ഇന്ന് എത്ര കഴിഞ്ഞാലും ഉറക്കം വരില്ല.. പെട്ടെന്ന് ഒന്ന് നേരം പുലരണം. പുത്തൻ ഡ്രസ്സ് ഒക്കെ ഇട്ട് രാവിലെ പള്ളിയിൽ പോകാൻ..
മൈലാഞ്ചി ഇട്ട കൈ എവിടെയും തട്ടാതെ പുത്തൻ ഉടുപ്പിന്റെ കവറ് തലയുടെ ഭാഗത്ത് വെച്ച് ഉറങ്ങാൻ കിടന്നു. കവറിൽ നിന്നും ഒരു പുത്തൻ മണം ... ഉപ്പയുടെ വിയർപ്പിന്റെയും സ്നേഹത്തിന്റെയും ....
ഉമ്മയുടെ സംസാരം കേൾക്കുന്നുണ്ട്..
ഞാൻ നിങ്ങൾ രണ്ട് ദിവസം മുമ്പ് വരും എന്ന് കരുതി... എന്താ വൈകിയേ?
ഞാനും വരണമെന്ന് കരുതിയതാണ്.. കഴിഞ്ഞ ആഴ്ച പനി പിടിച്ച് രണ്ട് മൂന്ന് ദിവസം പണിക്ക് പോയില്ല. അപ്പോൾ പിന്നെ ഇന്ന് പോരാം എന്ന് കരുതി.
നിങ്ങൾക്ക് ഷർട്ടും തുണിയും ഒന്നും എടുത്തില്ലേ?
എനിക്ക് ഉണ്ടല്ലോ? കുറച്ച് മുമ്പ് ഞാനാ എടുത്തത് ആകെ രണ്ട് പ്രാവശ്യമേ ഇട്ടിട്ടുള്ളു.. അത് മതി..
പൈസ ഇല്ലായിരുന്നെങ്കിൽ എനിക്കു എടുക്കേണ്ടിയിരുന്നില്ല.....ഉമ്മയാണ്..
പിന്നെയും എന്തോ സംസാരങ്ങൾ അവ്യക്തമായി കേട്ടു.... ഒടുക്കം എല്ലാം ശരിയാകും എന്നു പറഞ്ഞ് കൊണ്ട് ഉപ്പയുടെ നെടുനിശ്വാസവും..
രാവിലെ ഉമ്മ വന്ന് വിളിച്ചിട്ടാണ് ഉണർന്നത്. വേഗം എണിറ്റ് കുളിച്ച് പുത്തൻ അണിഞ്ഞ് പള്ളിയിലേക്ക്.. പള്ളിയിൽ വല്ലാത്തൊരു സുഗന്ധം.. പെരുന്നാളിന്റെ മണം. പുത്തനുടുപ്പിന്റെ ,അത്തറിന്റെ, പരസ്പര സ്നേഹത്തിന്റെ എല്ലാം സമ്മിശ്രമായ സുഗന്ധം..
നിസ്കാരം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ഉമ്മ ബിരിയാണി റെഡിയാക്കിയിരിക്കുന്നു.
ഡാ... ന്നാ ഈ ബിരിയാണി സാവിത്രി ചേച്ചിക്ക് കൊണ്ട് പോയി കൊടുത്താ.. അവരുടെ ബിനിഷിനോട് ഇങ്ങോട്ട് വരാൻ പറ.....
ബിരിയാണി ഞാൻ കൊണ്ട് പോയി കൊടുക്കാം പക്ഷെ ബിനിഷിനെ ഞാൻ വിളിക്കൂലാ.. ഞാനും അവനും തെറ്റാണ്.
മര്യാദയ്ക്ക് നീ ഇത് കൊടുത്തിട്ട് അവനെയും വിളിച്ചിട്ട് വന്നോ... നല്ലൊരു ദിവസായിട്ട് തെറ്റി നടക്കാ.. അല്ലെങ്കിൽ ഞാൻ വിരുന്നിന് പോകുമ്പോൾ കൊണ്ട് പോകൂല....
അതിൽ ഞാൻ വീണു. വിരുന്നിന് പോകാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്ത് പെരുന്നാൾ....
അവനെയും കൂട്ടി വന്ന് ഒരുമിച്ച് ഇരുന്ന് ബിരിയാണി തിന്നുമ്പോഴാണ് പള്ളിയിൽ മുസ്ലിയാർ പെരുന്നാൾ പ്രസംഗത്തിൽ പറഞ്ഞ വാക്കുകൾ ഓർമ്മ വന്നത്.പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും
ആഘോഷമാണ് പെരുന്നാള്. എല്ലാവരും മറ്റുള്ളവരോട് സ്നേഹത്തിൽ വർത്തിക്കണം. ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കണം..
അപ്പാൾ എനിക്ക് അതിന്റെ അർത്ഥം മനസ്സിലായിരുന്നില്ല.
എന്തായാലും ബിരിയാണി ഉഷാറായിക്കുന്നു.ഉമ്മച്ചിടെ കൈപുണ്യം.
ഉമ്മച്ചീ ബിരിയാണി നല്ല രസമുണ്ട്. എന്റെ പറച്ചിൽ കേട്ട് ഉമ്മ ഉപ്പയെ ഒന്ന് നോക്കി പുഞ്ചിരിച്ചു.
എന്തായിരിക്കും ഉമ്മ ചിരിച്ചത്..
ഉമ്മയുടെ കൈപ്പുണ്യത്തിന് പിറകിലെ ഉപ്പയുടെ അധ്വാനത്തിന്റെ വിയർപ്പിനെ പറ്റി ആലോലിച്ചിട്ടോ അതോ സാധനങ്ങളും ഇറച്ചിയും കടം തന്ന മോഹനേട്ടന്റെ മഹാമനസ്കത ഓർത്തിട്ടോ..........
.....................................................................................
വർഷങ്ങൾക്ക് മുമ്പ് ഉള്ള പെരുന്നാൾ കാലം.. വറുതിയുടെ കാലത്ത്.. പലചരക്ക് സാധനങ്ങൾക്കൊപ്പം നന്മയും സ്നേഹവും കൂടി തൂക്കി വിൽക്കുന്ന മോഹനേട്ടന്മാരുടെ കാലത്തെ ഒത്തൊരുമയുടെ നിറമുള്ള പെരുന്നാൾ ഓർമ്മകൾ.....

By 
mansoor

സംഗതി വായിക്കാനൊക്കെ രസോള്ളതാ..

പെൻഡിങ്‌ പോസ്റ്റിനിടയിൽ നിന്നുള്ള അമർത്തിപ്പിടിച്ച ശബ്ദവും സീൽക്കാരങ്ങളും കേട്ടാണ് ചെന്നു നോക്കിയത്..
പഴയ പത്തായപ്പുര പോലെ
കിടക്കാണ് അവിടം..
കമിതാക്കളെ പോലെ പരസ്പരം കെട്ടിപ്പിണഞ്ഞു കിടക്കുന്ന പ്രണയ പോസ്‌റ്റുകൾ..
ആറുവയസ്സുകാരന്റെ തൊട്ടു അറുപതിന്റെ പ്രണയം വരെയുണ്ടതിൽ..
നൊസ്റ്റാൾജിയ പോസ്‌റ്റുകൾ കൂട്ടിയിട്ടത് യുനെസ്കോ അറിയാതിരുന്നാ മതിയാരുന്നു..
അല്ലെങ്കിൽ അവരിവിടേം എത്തും..
അത്രക്കുണ്ട് ഓർമകളുടെ കൂമ്പാരം..
അമ്മമാരെ പറ്റിയുള്ള പോസ്റ്റുകള് ഓൾഡേജ് ഹോമിനെ ഓർമ്മിപ്പിച്ചു..
സത്യത്തിൽ അവരോടൊക്കെ ആത്മാർഥമായ സ്നേഹമുണ്ടാരുന്നേൽ അങ്ങിനുള്ള സ്ഥാപനങ്ങൾക്ക് പ്രസക്തിയുണ്ടാവുമാരുന്നില്ലാലോ..
ഇടക്കെവിടെയോ നിന്നൊക്കെ ഞരക്കങ്ങൾ കേക്കുന്നുണ്ട്..
അപ്രൂവ് ലഭിക്കാതെ വിശന്നു ചാവാറായ പോസ്റ്റുകളാവണം..
അല്ലെങ്കിൽ വല്യ പോസ്റ്റുകളുടെ കാൽക്കീഴിൽ കിടന്നു അന്ത്യ ശ്വാസം വലിക്കുന്നതുമാവാം..
അതൊക്കെ കണ്ടു ശീലമായിരിക്കുന്നു..
അഡ്മിനെന്നാൽ ആരാച്ചാരെന്നും അർത്ഥമുണ്ടല്ലോ..
ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പലരുടെയും സ്വപ്നങ്ങൾക്ക് കത്തിവെക്കുന്നവൻ..
നടന്നു നടന്നു ഒടുവിലാ ശബ്ദം കേട്ടതെവിടുന്നാണെന്നു മനസിലായി..
ഗ്രൂപ്പിന്റെ പിറകിലെ ചായ്പ്പിൽ നിന്നാണ്..
സംഗതി മറ്റേതാ..
വിശ്വസാഹിത്യകാരൻ
സുഗുണന്റെ പോസ്റ്റ്..
അവിഹിതം..
ഉത്തരാധുനികതയുടെ ട്രെൻഡായ എല്ലാം തുറന്നു പറയുന്ന വകുപ്പിൽ പെട്ട പോസ്റ്റാണ്..
പകുതി വായിച്ചപ്പോ തന്നെ കിളിപോയി..
അമ്മാതിരി വിവരണങ്ങളാ..
പെണ്ണു കെട്ടിയ എന്റവസ്ഥ
ഇതാണേൽ കേട്ടാത്തൊരുടെ അവസ്ഥയെന്താവും..
ചുമ്മാതല്ല മാ പ്രസിദ്ധീകരണങ്ങളുടെ റേറ്റിങ് കുറഞ്ഞു വരുന്നതു..
തുറന്നെഴുതുവാണെന്നും പറഞ്ഞു ഇവരൊക്കെ കിടപ്പറ രഹസ്യങ്ങൾ വരെ പോസ്റ്റാക്കുകയല്ലേ..
ആവിഷ്കാര ചാതന്ത്ര്യമാണ് പോലും..
തുണിയുരിഞ്ഞു പരസ്യമായി ഭോഗിക്കാൻ ക്ഷണിക്കുന്നതും അതു പോലുള്ളവ കഥയാക്കി നാലാളെ കാണിക്കുന്നതുമാണോ ആവിഷ്കാര ചാതന്ത്ര്യം..
ഛെ..
സംഗതി വായിക്കാനൊക്കെ രസോള്ളതാ..
എന്നുവെച്ചു പരസ്യമായൊക്കെ ഇങ്ങനെ എഴുതാവോ..
ഇവരുടെയൊക്കെ സ്വന്ത ബന്ധത്തിലുള്ളവര് നാളെയിത് പോലെ ആരോടെങ്കിലുമൊക്കെ കാണിച്ചാലും ആവിഷ്കാര ചാതന്ത്ര്യമാണെന്നു വിളിച്ചു പറയാനുള്ള ചങ്കൂറ്റമുണ്ടായ മതിയാരുന്നു ഉത്തരാധുനികതയുടെ സാഹിത്യകാരന്മാർക്കും കാരികൾക്കും.

മൗനം (കവിത )


മൗനം (കവിത )
-------------------------
വാക്കുകള്‍ മുറിഞ്ഞു മൗനത്തിന്‍റെ
ഇടനാഴിയിലേക്കൂര്‍ന്ന് വീഴുമ്പോള്‍
അങ്ങകലെ നിന്നും കാതോട് കാതോരം
കൈമാറുന്ന രഹസ്യം...
മൂടിവെച്ച ഭിക്ഷാപാത്രം
ആരോ നീട്ടി നീട്ടിത്തരുന്നു..
എവിടെയാണ് നമ്മള്‍?
സ്വയം തിരഞ്ഞിട്ടും ഒന്നും അറിയുന്നില്ല..
ഇരുള്‍ പരക്കുന്ന കലണ്ടറിലെ
കറുത്ത അക്ഷരങ്ങള്‍ക്ക്
ആരാണ് ചങ്ങല പൂട്ടിടുന്നത്?
അവിടെയും മൗനം മാത്രം..
ആശംസകള്‍ക്കും അനുശോചനങ്ങള്‍ക്കുമിടയില്‍
നേരിയ ഇടവേള..
കാതോര്‍ത്ത് നോക്കൂ
അതാരുടെ ശബ്ദമാണ്?
ആ ശബ്ദം എന്താണ് ഓര്‍മ്മിക്കുന്നത്?
അജിന സന്തോഷ്

ഓര്‍മ്മയുടെ താക്കോല്‍കൂട്ടം


ഓര്‍മ്മയുടെ താക്കോല്‍കൂട്ടം
***********************************************************
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ ഇത് പോലെ ചൂട് നിറഞ്ഞ ഒരു ഉച്ച നേരത്തായിരുന്നു ഗോപന്റെ അമ്മക്ക് ഓര്‍മ്മ നഷ്ടമായത്.ചൂട് കാറ്റ് മൂലം ജനാല വിരികള്‍ താഴ്ത്തി ഒരു വനിത മാസികയിലെ താളുകള്‍ മറിച്ചു ഉറക്കത്തിലേക്ക് വഴുതി വീണ സുഭദ്ര ടീച്ചര്‍ ഉറക്കം ഉണര്‍ന്നപ്പോള്‍ ഓര്‍മ്മയുടെ താക്കോലുകള്‍ എന്നെന്നേക്കുമായി നഷ്ടമായിരുന്നു.അല്ഷിമേഴ്സ് എന്ന അസുഖത്തിന് ഒരു റിട്ടയേഡ് ഹെഡ് മിസ്ട്രസ്സിനെ ബഹുമാനിക്കണ്ട കാര്യം ഒന്നുമില്ലല്ലോ.
ഗോപന്റെ ഇളയ സഹോദരി ഗീതയായിരുന്നു അമ്മയെ പരിചരിച്ചു കൊണ്ടിരുന്നത്. ഗോപന്‍ നഗരത്തില്‍ ഒറ്റക്കാണ് താമസിക്കുന്നത്.അയാളുടെ ഭാര്യ വിദേശത്താണ്.
“ഇനി എനിക്കു നോക്കാന്‍ വയ്യ”.ഗീത ഒരു ദിവസം ഗോപനെ വിളിച്ചു പറഞ്ഞു.
“ഇപ്പോ മലമൂത്ര വിസര്‍ജനം മുറിക്കുള്ളിലാ.തോന്നുമ്പോ അങ്ങ് പോകും.കഴിഞ്ഞ ദിവസം അലമാര തുറന്നു,തുണി മുഴുവന്‍ കത്രിക കൊണ്ട് മുറിച്ച് ചെറിയ കഷണങ്ങള്‍ ആക്കി കളിക്കുകയാ.എന്നാ ചില നേരം നല്ല ഓര്‍മ്മയും .ആ സമയം ഒരു കുഴപ്പവും ഇല്ല..ഇതിന് മരുന്നൊന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞത് ഗോപേട്ടന്‍ കേട്ടതല്ലേ.”
അയാള്‍ മൂളി .
“മാത്രമല്ല ,യമുനക്ക് ആലോചനകള്‍ വരുന്നുണ്ട്.അവളുടെ അമ്മൂമ്മ ഈ അവസ്ഥയില്‍ ആണെന്ന്‍ അറിഞ്ഞാല്‍.......”അവള്‍ പതര്‍യോടെ പറഞ്ഞു നിര്‍ത്തി.
“തത്ക്കാലം ഒരു ഓള്‍ഡ്‌ ഏജ് ഹോമിലാക്കാം”.അയാള്‍ സ്വയം പറഞ്ഞു.
പിറ്റെന്നു അയാള്‍ ഗീതയുടെ വീട്ടിലേക്ക് പുറപ്പെട്ടു.അയാളെ കണ്ടപ്പോള് അമ്മ തിരിച്ചറിഞ്ഞില്ല.
“അമ്മക്ക് എന്നെ മനസിലായോ”?
അവര്‍ സ്വീകരണ മുറിയിലെ വാതിലിന്റെ മിനുസമുള്ള പിടി കൌതുകത്തോടെ തലോടുകയായിരുന്നു.കൊച്ചു കുട്ടികളെ പോലെ
“ഇല്ല.നീ ആ പ്യൂണ്‍ രാമകൃഷണന്റെ അനുജന്‍ അല്ലേ?” അവര്‍ ചോദിച്ചു.
.
അയാള്‍ അമ്മയെ ടാക്സി കാറില്‍ കയറ്റി.വൃദ്ധ ചില്ലിനു പുറത്തു കൂടി ,വൃക്ഷത്തലപ്പുകള്‍ പുറകോട്ടു പായുന്നത് കണ്ടു ചിരിച്ചു കൊണ്ടിരുന്നു.വണ്ടി ഓള്‍ഡ്‌ ഏജ് ഹോമില്‍ എത്തി.അവിടെ ഗോപന്റെ സുഹൃത്ത് വിളിച്ച് പറഞ്ഞിരുന്നു.
“ഇവിടെ ഇപ്പോ റൂമുകള്‍ ഫുള്‍ ആണ്.മാത്രമല്ല നമ്മള്‍ അല്ഷിമേഴ്സ് രോഗികളെ അഡ്മിറ്റ് ചെയ്യാറില്ല.” ഓള്ഡ്ഏജ് ഹോമിന്റെ‍ ഡയറക്റ്റര്‍ സിസ്റ്റര്‍ നിസ്സഹായവസ്ഥ അറിയിച്ചു.
തിരിച്ചു നഗരത്തില്‍ ബസ്സ് സ്റ്റാണ്ടില്‍അമ്മയെ കൂട്ടി ഇറങ്ങിയതിനു ശേഷം .അയാള്‍ വണ്ടി പറഞ്ഞു വിട്ടു.ഇനി?തന്റെ കൂടെ കൊണ്ട് പോയാല്‍ ആര് നോക്കും?അതോ തത്കാലം ഗീതയുടെ വീട്ടില്‍ തന്നെ നിര്ത്തിയാലോ?പക്ഷേ അടുത്ത ആഴ്ച അവളുടെ മകള്‍ യമുനയേ കാണാന്‍ ചെറുക്കന്റെ വീട്ടുകാര്‍ വരികയാണ്.
അവര്‍ സ്റ്റാണ്ടില്‍ കടന്നു അവിടെയുള്ള കല്ല്ബെഞ്ചില്‍ അമ്മയെ ഇരുത്തി.ഗോപനും ഒപ്പം ഇരുന്നു..ബെഞ്ചില്‍ നല്ല തണുപ്പുണ്ടായിരുന്നു.
പെട്ടെന്നു വൃദ്ധ അയാളുടെ കൈകള്‍ കവര്‍ന്നു .
“ഗോപാ ,നീ പോയി,ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ട് വാ.നല്ല ദാഹം.”
അവരുടെ കണ്ണുകളില്‍,ഓര്‍മ്മയുടെ മഞ്ഞുപടലങ്ങള്‍ ഒരു നിമിഷം കാറ്റില്‍ എന്നവണ്ണം മാറിയതിലേ സന്തോഷമുണ്ടായിരുന്നു.
“അമ്മ,ഇവിടെ തന്നെ ഇരുന്നോണം.എങ്ങോട്ടും പോയേക്കരുത്.”
“എനിക്കിപ്പോ നല്ല ഓര്‍മ്മയുണ്ട് മോനെ.ഞാന്‍ ഒരിടത്തും പോവില്ല.”
അവര്‍ ഗോപന്റെ കൈ കവര്‍ന്നു കൊണ്ട് പറഞ്ഞു.താന്‍ മൂലം മക്കള്‍ കഷ്ടപെടുന്നതിന്റെ ദു:ഖം താല്കാലികമായി തിരിച്ചു വന്ന ഓര്‍മ്മയില്‍ അവരെ പൊള്ളിക്കുന്നുവെന്ന് ആ കണ്ണുകള്‍ പറഞ്ഞു.
അമ്മയുടെ കൈകള്‍ ഒത്തിരി ചുക്കിച്ചുളിഞ്ഞിരിക്കുന്നു.ഗോപന്‍ ഓര്‍ത്തു..
അയാള്‍ പോയി.ഒരു കുപ്പി വെള്ളം വാങ്ങി.ടെന്ഷന്‍.ഒരു സിഗരറ്റ് വാങ്ങി വലിച്ചു.വേഗം തന്നെ തിരികെയെത്തി.
അവര്‍ അവിടെ ഇല്ലായിരുന്നു!അയാള്‍ ചുറ്റും തിരഞ്ഞു.അവര്‍ മാത്രം ഇല്ല.ആര്‍ക്കുമറിയില്ല .അവര്‍ എങ്ങോട്ടാണ് പോയതെന്ന്.ഒരു ദീര്‍ഘ ദൂര വണ്ടി സ്റ്റാന്ഡി്ല്‍ നിന്ന് ഒഴുകിയിറങ്ങി നഗരത്തിരക്കില്‍ മറയുന്നത്‌ അയാള്‍ ആധിയോടെ കണ്ടു.
അയാള്‍ അവിടെയുള്ള പോലീസ് എയിഡ് പോസ്റ്റിലേക്ക് ഓടി.അവിടെ എത്തിയപ്പോള്‍ അണച്ച് കൊണ്ട് കയ്യിലെ കുപ്പിവെള്ളം പൊട്ടിച്ച് വായിലേക്ക് കമിഴ്ത്തി.അവസാനത്തെ തണുത്ത തുള്ളികള്‍ അയാള്‍ മുഖത്തേക്ക് ഒഴിച്ചു.
അപ്പോള്‍ ഓര്‍മ്മയുടെ ,താക്കോല്‍കൂട്ടം അയാളുടെ ഉള്ളില്‍ എവിടെയോ വീണു ചിതറി.
“എന്നെ സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ട് പോയത് അമ്മയാ.ഞങ്ങള്‍ ഒരുമിച്ച് അന്നൊരു കല്ല് ബെഞ്ചില്‍ ഇരുന്നു.നല്ല തണുപ്പുള്ള കല്ല് ബെഞ്ച്.”
ചിലമ്പിച്ച സ്വരത്തില്‍ അയാള്‍ പോലീസുകാരനോടു പറഞ്ഞു തുടങ്ങി.
(അവസാനിച്ചു)

By
Anish Francis

വിരുന്നുകാരി പക്ഷി,,,,,


വിരുന്നുകാരി പക്ഷി,,,,,
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,',,,,,,,,,,
കണ്ടു ഞാനിന്നൊരു മരത്തിൽ
' പറന്നു വന്നൊരു പക്ഷി.
കൊണ്ടു ഞാനിന്നെന്റെ ഉള്ളില്
ഹുബ്ബ് കൊണ്ടൊരു അമ്പ്.
മൊഞ്ചതേറും പവിഴക്കണ്ണിൻ
പരിണയത്തിൻ വ്യാപ്തി.
പരിലസിക്കും പ്രണയ മധുര
അധരം നിറയും ലാസ്യം.
തഞ്ചം പോലെ കഞ്ചുകം
കണ്ടെന്റെ കണ്ണും അഞ്ചി.
തഞ്ചമിൽ നെഞ്ചോട് ചേർക്കാൻ
എന്റെ ഉള്ളം കെഞ്ചി.
മൊഞ്ച് ഏറിയ മഞ്ചലിൽ
കൊഞ്ചുന്ന നെഞ്ചും കൊണ്ട്.
അഞ്ജനാ മിഴി രണ്ട് കൊണ്ട്
ക ര ള് തുണ്ടം ഇന്ന്.
പോയിടല്ലെ കുഞ്ഞു പക്ഷി
എന്റെ മുന്നിൽ നിന്ന്.
കൂടൊരുക്കാം ഹുബ്ബ് കൊണ്ട്
എന്റെ കരളിൽ തന്നെ.
ഹുസൈൻ എം കെ.

ചെമ്പരത്തി..!!


ചെമ്പരത്തി..!!
□□□□□□□□
ഞാനുമൊരുപൂവാണ്..പൂവിന്‍െറനാവാണ്
ചെറുമക്കിടാത്തിയെന്നോമനപ്പേര്‍..
തമ്പുരാന്‍കൂട്ടിലെ അടിമയാംചെറുമന്‍െറ
അരുമക്കിടാവാകും ചെമ്പരത്തീ..
തമ്പുരാന്‍പാടം വലുതാക്കുമപ്പന്‍െറ
പാട്ടുകള്‍കേട്ട് വളര്‍ന്നമോളാ..
മരുന്നിന്‍െറകുപ്പിയില്‍ തിരിയിട്ട്മണ്ണെണ്ണ
വിളക്കിന്‍ വെളിച്ചംകൊളുത്തിപ്പഠിച്ചമോളാ..
കീറിയചേലയും നഗ്നപാദങ്ങളും
കരിമഷി ചാന്തുമില്ലാത്തബാല്ല്യം..
പൊട്ടിയവളകളും ചേറണിച്ചേലയും
കാതോടയും പിന്നെ കല്ലുമാലേം..
കാട്ടുപൂവാണ് തൊടിയിലെപൂവാണ്
പൂജയ്ക്കെടുക്കാത്ത പൂവാണ്..
ദേവപാദങ്ങളില്‍ പൂജാമലരായി
മാറുവാനാകാത്ത ചെമ്പരത്തി..
അപ്പന്‍െറനോവും കരളിന്‍െറപാതിയും
തന്നതാണിന്നെന്‍െറ ബിരുദമെല്ലാം..
ഡോക്ടറുടെ വേഷമണിഞ്ഞമകളിന്ന്
അപ്പന്‍െറമുന്നിലഭിമാനമായ് നിന്നു..
അന്നപ്പനെന്‍െറ നെറുകില്‍തലോടീട്ട്
സ്നേഹമോടെന്നോട് ചൊല്ലീലയോ..
നിന്നുടെയറിവുകള്‍ നന്‍മചെയ്യാനായി
ലോകനന്‍മയ്ക്കായി വരികവേണം..
അപ്പന്‍െവാക്കുകള്‍ ഹൃദയത്തിലേറ്റിയ
നിറമുളളമണമുളള പൂവാണ്ഞാന്‍..
മോറഴകില്ലേലും നേരറിവുളെളാരു
പൂവാണ്ഞാനിന്ന് ചെമ്പരത്തി..!!
ആര്‍.ശ്രീരാജ്..................

മുഖങ്ങൾ. (കവിത )


മുഖങ്ങൾ. (കവിത )
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
എഴുതാനെടുത്ത എഴുത്താണിയിന്ന്
കഴുക്കോലിൽ തൂങ്ങി മരിച്ചു കിടക്കുന്നു.!
കൈവിരൽ പത്തും വെട്ടിയെടുത്തിട്ട്
കഴുത്തിലൊരു ഹാരവും ചാർത്തിയവർ.!
ശബ്ദിച്ചു പോയങ്കിലെന്നു ഭയന്നിട്ടു
നാവും അറുത്തവർ ഓടിയകന്നു പോയ്.
കാണുന്ന കാഴ്ച്ചയിൽ ക്രോധം അരുതെന്നു
ചൊല്ലിയെൻ കണ്ണും ചൂഴ്ന്നെടുത്തൂ അവർ.!
പൊറുക്കാൻ പഠിച്ചയെൻ ഹൃദയത്തെയിന്നവർ
അറുത്തെടുത്താനന്ദ നൃത്തം ചവിട്ടുന്നു.
പാദങ്ങൾ രണ്ടും വെട്ടിയെടുത്തവർ
പാദങ്ങളില്ലാതിഴയാനലറുന്നു.!
വാഴ്വിൻെറ നോവെഴുതാൻ തുനിയരു -
തെന്നു കല്പിച്ചു തമ്പ്രാക്കളായവർ വാഴുന്നു.!
പാവം എഴുത്താണി തൂങ്ങിക്കിടക്കുന്നു
പാതകം ചെയ്തവർ പൊട്ടിച്ചിരിക്കുന്നു.!
നീതി ന്യായങ്ങളെ തൂക്കി വില്ക്കുന്നവർ
കാട്ടാള നീതിക്കു കൂട്ടു നില്ക്കുന്നു.
വെട്ടി നിരത്തുവാനാകുമോ കൂട്ടരെ
ചുട്ടി കുത്തിത്തിമർത്താടും മുഖങ്ങളെ.?!
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
അസീസ് അറക്കൽ.
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

നേരം കൊല്ലികൾ .....


നേരം കൊല്ലികൾ .....
കേശൂ ടാ കേശു .. ഒന്നിറങ്ങി വാടാ പുറത്തേക്ക്.. അടഞ്ഞുകിടക്കുന്ന വാതിലിൽ നോക്കി നാണു വിളിച്ചു ...
ഓ .. ആരാ അവിടെ ?? അകത്തുനിന്ന് കേശുവിന്റെ ശബ്ദം പുറത്തേക്ക് വന്നു ...
ഞാനാടാ നാണു .....
ഹോ നാണുവോ ... ഞാൻ ദാ വരണൂ . വാതിൽ തുറന്ന് കേശു പുറത്തേക്ക് വന്നു .
എന്താടാ അതിരാവിലെ കിടന്നു തൊള്ളതുറക്കുന്നത് ?
അതിരാവിലെയോ എടാ 8 മണി ആയി നിനക്ക് ഇപ്പോഴാന്നോ നേരം വെളുത്തത് ? നാണു കളിയാക്കി ചോദിച്ചു .
ഹോ ... അതോ .. ഇന്നലെ രാത്രി കുമാരന്റെ കൂടെ മീൻ പിടിക്കാൻ പോയി അതാ എഴുന്നേൽക്കാൻ വൈകിയത് .. നീ എന്തിനാ വിളിച്ചത് കാര്യം പറ .
ഹോ... അതേ ആ സുകുമാരൻ നായരുടെ മകളില്ലേ മീനാക്ഷി ?
ഏത് ആ കോളേജിൽ പഠിക്കണപെണ്ണോ ?
ഹാ അതു തന്നെ . അവൾ ഇന്നു രാവിലെ ഒരു ഓട്ടോകാരന്റെ ഒപ്പം ഒളിച്ചോടീന്ന് ....
സത്യാണോടാ നാണു നീയീ പറയണത് ? എനിക്കപ്പോഴേ തോന്നിയതാ ആ പെണ്ണിന്റെ മട്ടും ഭാവവും കാണണായിരുന്നു . നമ്മളെയൊക്കെ വെറും പുച്ഛമായിരുന്നില്ലേ അവൾക്ക് . ഒരു വലിയ സുന്ദരിക്കോത . ആരോടും മിണ്ടില്ല . നിലത്തു നോക്കിയേ നടക്കൂ . അവസാനം ഒരു ഓട്ടോക്കാരനെയാണോ അവക്ക് കിട്ടീത് .
പ്രേമത്തിന് കണ്ണും മൂക്കും ഒന്നും ഇല്ലന്നല്ലേ കേശൂ പറയണത് നാണു കളിയാക്കി പറഞ്ഞു .
വന്നേ നമുക്ക് അത്രേടം വരെ ഒന്നു പോവാം .
അതു ശരിയാ എന്താ നടക്കുന്നതെന്ന് അറിയാല്ലോ? ഞാൻ ഇപ്പോ വരാം ഈ മുണ്ടൊന്ന് മാറി ഉടുക്കട്ടേ . കേശു അകത്തേക്ക് പോയി .
എടീ ശാന്തേ ... ടീ ഈ പണ്ടാരം എവിടെ പോയി കിടക്കുന്നു ? കേശു മുണ്ട് മാറുന്നതിനിടയിൽ ഭാര്യയെ വിളിച്ചു .
എന്താ മനുഷ്യാ നിങ്ങള് കിടന്ന് തൊള്ള തുറക്കുന്നത് ? ഞാൻ ഇവിടെ പിന്നാംപുറത്തുണ്ട് . നിങ്ങള് കാര്യം പറ ശാന്ത ഒച്ചയെടുത്തു .
ടീ നമ്മുടെ സുകുമാരൻ നായരുടെ മകൾ മീനാക്ഷിയില്ലേ അവൾ ഒരു ഓട്ടോകാരന്റെ ഒപ്പം ഒളിച്ചോടീന്ന് ...
ഏത് ആ സുന്ദരിക്കോതയോ ? അവളുടെ മട്ടും ഭാവവും കണ്ടാൽ പറയില്ലല്ലോ ഇത്രേം വലിയ ഒരു കള്ളത്തരം ഒളിപ്പിച്ചാ നല്ലപിള്ള ചമഞ്ഞ് നടന്നിരുന്നതെന്ന് ? ഹോ എന്തായിരുന്നു അവളുടെ അഹങ്കാരം .. ശാന്ത പിറുപിറുത്തു കൊണ്ട് വേലിക്കരികിലേക്ക് നടന്നു ...
എടീ സുമതീ ,, സുലോചനേ നിങ്ങളറിഞ്ഞോ?? അവൾ അടുത്ത വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ വിളിച്ചു ...
ആ വീട്ടിന്റെ പിൻഭാഗത്തു നിന്ന് രണ്ട് സ്ത്രിരത്നങ്ങൾ പുറത്തേക്ക് വന്നു . എന്താ ശാന്തേച്ചീ എന്താ പ്രശ്നം? കൂട്ടത്തിൽ ചെറിയവൾ ചോദിച്ചു ....
സുലു .. നമ്മുടെ സുകുമാരൻ നായരുടെ മോളില്ല അവൾ ഒരു ഓട്ടോക്കാരന്റെ ഒപ്പം ഇന്നു രാവിലെ ഒളിച്ചോടീന്ന് .....
ഈശ്വരാ ... നേരാണോ ചേച്ചി ... അവൾ ആളു കൊള്ളാല്ലോ കണ്ടാൽ ഒരു പാവം .. പൂച്ചക്കുട്ടിയേ പോലെ ഇരുന്നിട്ട് ഇപ്പോ കലം ഉടച്ചുകളഞ്ഞല്ലോ ? എന്താ പെണ്ണിന്റെ ധൈര്യം . സുലോചന മൂക്കത്ത് വിരലു വെച്ചു ...
ഇത്രേയുമായപ്പോഴേക്കും കേശവൻ പുറത്തേക്ക് വന്നു .
ടീ ഞാനും നാണുവും കൂടി അത്രേടം വരെ ഒന്നു പേയേച്ചും വരാം . കേശു പോകാൻ ഒരുങ്ങി .
നിക്ക് മനുഷ്യാ ഞാനും വരുന്നു . ശാന്ത വേഗം അകത്തേക്ക് പോയി ഒരു മേൽമുണ്ട് എടുത്തുടുത്ത് പോകാൻ തയ്യാറായി .
എന്നാൽ ഞാനുമുണ്ട് കൂടെ ... സുമതിയും ശാന്തക്കൊപ്പം കൂടി . അങ്ങനെ അവർ സുകുമാരൻ നായരുടെ വീടു ലക്ഷ്യമാക്കി നടന്നു....
സ്ഥലത്തെ പ്രമാണിമാരിൽ ഒരാളാണ് സുകുമാരൻ നായർ. 2 മക്കൾ . മൂത്തത് മകൻ മനു ശങ്കർ വിദേശത്ത് ജോലി ചെയ്യുന്നു . ഇളയവൾ മീനാക്ഷി ഡിഗ്രിക്ക് പഠിക്കുന്നു . നായര് കൃഷിയും മറ്റുമായ് കുടുംബത്ത് തന്നെ . ഭാര്യ മാധവി അമ്മ . നാട്ടുകാർക്ക് പണത്തിന് ആവശ്യം വരുമ്പോഴോക്കെ നായര് പണം പലിശക്ക് കൊടുക്കുമായിരുന്നു . ക്രിത്യ സമയത്ത് പണം തിരികെ നൽകിയില്ലെങ്കിൽ പണയ പണ്ടം തിരിച്ചുകൊടുക്കില്ലെന്ന് മാത്രമല്ല മറ്റുള്ളവരുടെ മുന്നിൽ വെച്ച് കടം വാങ്ങിയവരെ അപമാനിക്കുകയും ചെയ്യുമായിരുന്നു . അതു കൊണ്ട് തന്നെ നാട്ടുകാർക്ക് അയാളോട് ഒരു ശത്രുത ഉടലെടുത്തിരുന്നു .
മകളുടെ ഒളിച്ചോട്ടക്കഥ അതു കൊണ്ട് തന്നെ നാട്ടിൽ ഒരു ചൂടൻ സംസാരവിഷയമായി . അറിഞ്ഞവർ അറിഞ്ഞവർ കഴിവിന്റെ പരമാവധി മറ്റുള്ളവരിൽ എത്തിക്കാൻ ശ്രമിച്ചു . അതു കൊണ്ട് തന്നെ നിമിഷ നേരം കൊണ്ട് നാട്ടുകാർ മുഴുവനും കാര്യമറിഞ്ഞ് നായരുടെ വീടു ലക്ഷ്യമാക്കി നടന്നു .
നാണുവും കൂട്ടരും അകലെ നിന്നു തന്നെ കണ്ടു നായരുടെ വീട്ടിനു മുന്നിലെ ജനക്കൂട്ടം . അവരും പതിയെ ആ ജനക്കൂട്ടത്തിന്റെ ഭാഗമായി തീർന്നു .
സുകുമാരൻ നായർ വീട്ടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ മലർന്ന് കിടക്കുന്നുണ്ട് . ഒരു വിഷാദ ഭാവം അയാളുടെ മുഖത്ത് തങ്ങി നിൽക്കുന്നു . അകത്തുനിന്ന് മാധവി അമ്മയുടെ തേങ്ങിക്കരച്ചിലുകൾ കേൾക്കാം . സുമതിയും ശാന്തയും പതിയെ അടുക്കള ഭാഗത്തേക്ക് പോയി. നാണുവും കേശുവും ഉമ്മറത്ത് കൂട്ടം കൂടി നിന്ന ആളുകളുടെ അരികിലേക്ക് ചെന്നു.
ചായക്കടക്കാരൻ സുഗതൻ ചേട്ടൻ ചിലരോടായി കാര്യം വിവരിക്കുന്നുണ്ട്. കേശു സുഗതൻ ചേട്ടന്റെ അരികിലേക്ക് ചെന്നു .
ചേട്ടാ ... എന്താ സംഭവിച്ചത് ? ആരാ കണ്ടത് ? കേശു തിരക്കി ...
എടാ നമ്മുടെ കടയിൽ പാലു കൊണ്ടുവരുന്ന സുശീലനാ കണ്ടത് . അമ്പലത്തിൽ പോകാൻ ഇറങ്ങിയ പെണ്ണ് വഴിയിൽ വച്ച് ഒരു ഓട്ടോ യിൽ കയറി പോകുന്നത് അവൻ കണ്ടൂന്ന് . കടയിലേക്ക് പാലു കൊണ്ടുവരുന്ന വഴിയായിരുന്നു . കണ്ട പാതി അവൻ കടയിൽ വന്നു പറഞ്ഞു .
ഹോ എന്നാലും ആ പെൺകൊച്ചിന്റെ ഒരു ധൈര്യമേ . അല്ല ചേട്ടാ ഏത് ഓട്ടോകാരനാ ? സുശീലൻ ആളെ കണ്ടോ ? വല്ല മേത്തനോ നസ്രാണിയോ മറ്റോ ആണോ ?
അതറില്ല കേശു . അവൻ അവള് ഓട്ടോ യിൽ കയറുന്നതേ കണ്ടുള്ളൂ . ആരാ എന്താ എന്നൊന്നും അറിയില്ല. അല്ലെങ്കിലും അമ്പലത്തിൽ പോകുന്നേന് ഓട്ടോ യിൽ കയറുന്നതെന്തിനാ ? 15 മിനുറ്റ് നടത്തമല്ലേ ഉള്ളൂ . അപ്പോ ഇത് നിശ്ചയിച്ച് ഉറപ്പിച്ചിട്ട് പോയതു തന്നെയാ . വല്ല പണമോ പണ്ടമോ കൊണ്ടുപോയിട്ടുണ്ടോ എന്തോ .....
പാവം നായരുടെ കിടപ്പു കണ്ടോ ? മോള് പോയതറിഞ്ഞ് കിടന്ന കിടപ്പാ ഒരക്ഷരം മിണ്ടീട്ടില്ല . മാധവി ചേച്ചിയാണേൽ കരച്ചിലോട് കരച്ചിലാ . മക്കളിങ്ങനെ തുടങ്ങിയാൽ മാതാപിതാക്കൾ എന്തു ചെയ്യും ?
ഹാ ... അതും ശരിയാ . എത്ര പണമുണ്ടായിട്ടെന്താ പോയ മാനം തിരിച്ചു കിട്ടോ? കേശു ആത്മഗതം പറഞ്ഞു .
അറിഞ്ഞും കേട്ടും നായരുടെ വീട്ടിലേക്ക് ജനം ഒഴുകിയെത്തി . വരുന്നവരോടൊക്കെ തങ്ങളാലാവുന്ന വിധം പൊടിപ്പും തൊങ്ങലും വച്ച് സുഗതൻ ചേട്ടനും നാണുവും കേശുവും കഥ വിവരിച്ചുകൊണ്ടിരുന്നു . സ്ത്രികൾക്കിടയിൽ സുമതിയും ശാന്തയും അവരാൽ കഴിയും വിധം കഥ മെനഞ്ഞുണ്ടാക്കി അവതരിപ്പിച്ചു .
പെട്ടെന്നാണ് ഒരു ഓട്ടോറിക്ഷ നായരുടെ വീടിനു മുന്നിൽ വന്നു നിന്നത് . അതിൽ നിന്ന് ഇറങ്ങിയവരെ കണ്ട് കൂടിനിന്ന ജനം അന്തംവിട്ട് പരസ്പരം നോക്കി .
ഓട്ടോറിക്ഷയിൽ നിന്ന് മീനാക്ഷിയും അവളുടെ തൊട്ടുപിന്നാലെ സുകുമാരൻ നായരുടെ അമ്മ ഭവാനി അമ്മയും പുറത്തേക്കിറങ്ങി . ഓട്ടോ കാശ് കൊടുത്ത് തിരിഞ്ഞു നോക്കുമ്പോഴാണ് വീട്ടിനു മുന്നിലെ ആൾക്കൂട്ടം അവരുടെ ശ്രദ്ധയിൽ പെട്ടത് .
അച്ഛമ്മേ ... വീട്ടിന് മുന്നിൽ എന്താ ഒരു ആൾക്കൂട്ടം മീനാക്ഷി സംശയത്തോടെ തിരക്കി .
ഈശ്വരാ ഇനി സുകുമാരനോ മാധവിക്കോ എന്തെങ്കിലും പറ്റിയോ .. ഭവാനിയമ്മ വേഗം വീടു ലക്ഷ്യമാക്കി നടന്നു പിന്നാലെ മീനാക്ഷിയും .
മോനേ സുകുമാരാ ... നിലവിളിച്ചു കൊണ്ട് ഭവാനിയമ്മ വീടിനുമ്മറത്തേക്ക് പ്രവേശിച്ചു .
അമ്മയുടെ നിലവിളി കേട്ട് സുകുമാരൻ നായർ ചാരുകസേരയിൽ നിന്ന് വേഗം എഴുന്നേറ്റു .
അമ്മേ ... നായർ അമ്മയ്ക്ക് അരികിലേക്ക് ചെന്നു
ഭവാനിയമ്മയുടെ കൂടെ മീനാക്ഷിയെ കണ്ട് നായർ അമ്പരന്നു . മോളെ നീ .. നായർ ചോദ്യഭാവത്തിൽ മകളെ നോക്കി .
മോനെ നിനക്കൊന്നും പറ്റീല്ലെ .. മാധവി എവിടെ? എന്താ ഇവിടെ ഒരു ആൾക്കൂട്ടം ? മോളെ മാധവീ ... ഭവാനി അകത്തേക്ക് നോക്കി വിളിച്ചു .
ഉമ്മറത്ത് സംസാരം കേട്ട് മാധവി പുറത്തേക്ക് വന്നു.
പുറത്ത് ഭവാനിയമ്മയേയും മീനാക്ഷിയേയും കണ്ട് മാധവി ഒന്നു അമ്പരന്നു . അവർ വേഗം മകളുടെ അരികിലേക്ക് ചെന്നു .
മോളെ നീ എവിടെയായിരുന്നു ഇത്രയും നേരം ? ഞങ്ങൾ എന്തുമാത്രം വിഷമിച്ചെന്നറിയോ ? മാധവി മകളെ ചേർത്തു പിടിച്ചു കൊണ്ട് ചോദിച്ചു.
അത് അമ്മേ ... ഞാൻ അമ്പലത്തിൽ പോകുന്ന വഴി അച്ഛമ്മയെ കണ്ടു. അച്ഛമ്മ ആശുപത്രിയിൽ പോകുകയായിരുന്നു . ഷുഗർ ടെസ്റ്റ് ചെയ്യാൻ . ഞാൻ നോക്കിയപ്പോ കൂടെ ആരുമില്ല . രാവിലെ തന്നെ ഭക്ഷണമൊന്നും കഴിക്കാതെ തനിച്ച് പോയാൽ വല്ല വയ്യാഴ്ക വന്നു പോയാൽ ആരും കൂടെയില്ലല്ലോ എന്നോർത്തപ്പോ ഞാനും അച്ഛമ്മയുടെ കൂടെ ആ ഓട്ടോറിക്ഷയിൽ കയറി പോയി . ഫോൺ എടുക്കാതെ പോയതുകൊണ്ടാ വിളിച്ചു പറയാതിരുന്നത് . അതും അല്ല അധികം വൈകിയൊന്നുമില്ലല്ലോ ? ഞാൻ ചിലപ്പൊഴോക്കെ ഇതുപോലെ വൈകാറുണ്ടല്ലോ കൂട്ടുകാരികളെ എങ്ങാനും കണ്ടാലും മറ്റും . ഇന്നെന്താ ഇത്ര പ്രതേകത . അതുപോലെ ഇതെന്താ വീടിനു മുന്നിൽ ഇത്രയും ജനക്കൂട്ടം . ഇവരൊക്കെ എന്താ ഇവിടെ ? മീനാക്ഷി പുറത്തേക്ക് നോക്കി ചോദിച്ചു.
ഉമ്മറത്തു നടക്കുന്ന സംഭവങ്ങൾ കണ്ടു ഒന്നും മിണ്ടാതെ നിൽക്കുകയാണ് പുറത്ത് കൂടിയ ജനങ്ങൾ . അവർ പരസ്പരം മുഖത്തേക്ക് നോക്കി . ചിലരുടെ ഒക്കെ നോട്ടം ചായക്കടക്കാരൻ സുഗതൻ ചേട്ടനിൽ ആണ് . പുള്ളിക്കാരന്റെ കടയിൽ നിന്നാണല്ലോ കഥയുടെ ആരംഭം . സുഗതൻ ചേട്ടനാണേൽ എന്തു ചെയ്യണമെന്നറിയാതെ നിലത്തേക്ക് മിഴികളൂന്നി നിൽക്കുന്നു.
സുകുമാരൻ നായർ കത്തുന്ന മിഴികളോടെ പുറത്തു നിൽക്കുന്ന ആളുകൾക്ക് നേരെ തിരിഞ്ഞു .
"ഏത് ചെറ്റയാടാ പറഞ്ഞത് എന്റെ മോള് ഒളിച്ചോടീന്ന് . ഏതവനാടാ കണ്ടത് അവൾ കാമുകന്റെ കൂടെ പോകുന്നത് . പറയെടാ നാറികളെ ... ഓരോരുത്തവൻമാര് എറങ്ങിക്കോളും മാനംമര്യാദയായിട്ട് ജീവിക്കുന്നവരെ നാറ്റിക്കാനായിട്ട് . നിന്റെയൊക്കെ കുടുംബത്താണ് ഇങ്ങനെ ഒക്കെ നടന്നതെങ്കിൽ നീയൊക്കെ ഇങ്ങനെ വിളിച്ചു കൂവി നടക്കുമോടാ . ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേലാണല്ലേ . എന്റെ കയ്യിന്ന് കാശും വാങ്ങി എന്റെ കുടുംബത്തെ നാറ്റിക്കാൻ ഇറങ്ങിയേക്കുന്നു അലവലാതികൾ . നീയൊക്കെ ഇനി ഇങ്ങ് വാ കാശും ചോദിച്ചോണ്ട്. ഒറ്റ ഒരെണ്ണം ഈ പടി കടന്ന് വന്നേക്കരുത് . ഇപ്പോ എറങ്ങിക്കോണം എല്ലാവൻമാരും എന്റെ പറമ്പിന്ന് . ഒരെണ്ണത്തിനെ ഇവിടെ കണ്ടു പോയാൽ വെട്ടുകത്തി എടുക്കും ഞാൻ .
ഛീ എറങ്ങിനടാ എല്ലാം." സുകുമാരൻ നായർ ചീറി .
നിമിഷ നേരം കൊണ്ട് ജനക്കൂട്ടം നാലു വഴിക്കും ഓടി . അവിടം ആളൊഴിഞ്ഞ ഉത്സവ പറമ്പു പോലെയായി.
വാ അമ്മേ ... നമുക്ക് അകത്തേക്ക് പോകാം . ഭക്ഷണം ഒക്കെ കഴിച്ച് വൈകുന്നേരം അമ്മ തറവാട്ടിലേക്ക് പോയാൽ മതി . നായർ അമ്മയേയും വിളിച്ച് അകത്തേക്ക് പോയി പിന്നാലെ മീനാക്ഷിയും മാധവിയും
ശുഭം
ലിജിയ ഷാനവാസ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo