Slider

മൂടൽ മഞ്ഞ് (The fog ): ©

0

 റഷിദെ.. ഞാൻ റൂം പൂട്ടാൻ മറന്നു. നീ വിട്ടോളൂ.. ഞാൻ പുറകെയുണ്ട്... നല്ല മൂടൽ മഞ്ഞുണ്ട്.. ട്ടോ... സൂക്ഷിച്ചു പൊക്കോളൂ.. "റഷിദിനോട് പറഞ്ഞിട്ട് ഞാൻ തിടുക്കത്തിൽ അപ്പാർട്ട്മെന്റിലേക്കുള്ള പടികൾ തിരികെ കയറി. ലിഫ്റ്റ് പ്രവർത്തിക്കുന്നില്ല. എന്തൊരു മറവിയാണിത്. എന്നും ഉള്ളതാ. ഒന്നുകിൽ ഫോൺ മറക്കും, അല്ലെങ്കിൽ പേഴ്സ്, അതുമല്ലെങ്കിൽ വണ്ടിയുടെ കീ. മിക്കവാറും എല്ലാദിവസവും ഇതുതന്നെയാണ് അവസ്ഥ. മുകളിലെത്തി വെളിയിലേക്ക് നോക്കിയപ്പോൾ റഷിദ് കയ്യിലുള്ള ചോക്കലേറ്റ് പെട്ടി കാറിന്റെ പിൻസീറ്റിലേക്ക് വച്ചിട്ട്, അവന്റെ വണ്ടി സ്റ്റാർട്ട് ചെയ്യുന്നത് കണ്ടു. റഷീദ് എന്റെ കൂടെത്തന്നെ സേഫ്റ്റി ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്യുന്നയാളാണ്. തൊട്ടടുത്തുള്ള ഫ്ലാറ്റിലാണ് താമസം. വടക്കാഞ്ചേരിക്കാരൻ. ഒരയ്യോപാവം. കഠിനാധ്വാനി. കുടുംബത്തെ സ്നേഹിക്കുന്നവൻ. ഈ മണൽ വീശുന്ന അറബിനാട്ടിൽ വന്നിട്ട് എട്ട് വർഷങ്ങൾ. പ്രാരാബ്ധക്കാരനായിരുന്നു. ഇവിടെ വന്നതിനു ശേഷം പെങ്ങളെ കെട്ടിച്ചു വിട്ടു. വീടൊന്ന് പുതുക്കിപ്പണിതു. 38 വയസ്സുണ്ട്. രണ്ട് കൊല്ലത്തിനു മുൻപ് വിവാഹിതനായി. ഒരു വയസ്സുള്ള പെൺകുഞ്ഞുമുണ്ട്. കുട്ടിയെ കാണാനായി നാട്ടിലേക്ക് പോകണമെന്ന് എപ്പോഴും പറയുമെങ്കിലും ജോലിസ്ഥലത്ത് പകരം ആളില്ലാത്തതുകൊണ്ട് ഇതുവരെയും പോകാൻ കഴിഞ്ഞിട്ടില്ല. നാട്ടിലെ വീട്ടിലുള്ളത് ഭാര്യയും കുഞ്ഞും അവന്റെ ഉമ്മയും മാത്രം. അവന്റെ ഉപ്പ അവന്റെ ചെറുപ്പത്തിലേ മരിച്ചുപോയി. എന്നോട് വലിയ സ്നേഹമാണ്. "അച്ചായാ.. " എന്ന് പാലക്കാടൻ ശൈലിയിൽ വിളിക്കുന്നത് കേൾക്കാൻ ഒരു രസമാണ്. മിക്കവാറും വൈകുന്നേരങ്ങളിൽ എന്റെ ഫ്ലാറ്റിൽ വരും. നാട്ടിൽനിന്നും കൊടുത്തുവിട്ട വല്ല മീൻ അച്ചാറോ, ചമ്മന്തിപ്പൊടിയോ കാണും കയ്യിൽ. അങ്ങനെയുള്ള ദിവസങ്ങളിൽ ഞങ്ങൾ ഒരുമിച്ചായിരിക്കും രാത്രിയിലെ ഭക്ഷണം കഴിക്കുക. 
അങ്ങനെയിരിക്കെ, ഞാനാണ് ആ നിർദ്ദേശം മുന്നോട്ട് വച്ചത്. " ഡാ.. റഷീദ്.. നീയൊരു കാര്യം ചെയ്യ്.. നീയൊരു വിസിറ്റ് വിസയെടുത്ത് അവരോട് ഇങ്ങോട്ടു വരാൻ പറ. വിസയൊക്കെ ഞാനേർപ്പാടാക്കാം. രണ്ടുമൂന്നു മാസം അവരിവിടെ നിൽക്കട്ടെ. നിനക്ക് ലീവ് കിട്ടാത്ത പ്രശ്നവും പരിഹരിക്കാമല്ലോ... ". ഇത് കേട്ടപ്പോൾ 5000 വാട്സിന്റെ ബൾബ് കത്തിയതുപോലെ അവന്റെ മുഖം തെളിഞ്ഞു. പിന്നെ അതിനുള്ള ഓട്ടമായിരുന്നു. ഭാര്യക്കും കുഞ്ഞിനുമുള്ള വിസയും ടിക്കറ്റും ഞാൻ ശരിയാക്കി കൊടുത്തു. അയ്യായിരം റിയാലും അവന്റെ കയ്യിൽ വച്ചു. "വേണ്ട അച്ചായാ.. " എന്ന് പറഞ്ഞെങ്കിലും അവനത് വാങ്ങി. അവന്റെ ഫ്ലാറ്റിൽ അത്യാവശ്യം ക്രമീകരണങ്ങളൊരുക്കി. അങ്ങനെ ഇന്ന് രാവിലത്തെ ഫ്‌ളൈറ്റിൽ അവര് വരികയാണ്, നാട്ടിൽ നിന്നും. ഇന്നലെ മുതലേ റഷീദ് തറയിലല്ല. ഉത്സാഹം തന്നെ ഉത്സാഹം. ഞാൻ മറ്റൊരു റഷിദിനെ കാണുകയായിരുന്നു, കൗതുകത്തോടെ. അവരെ എയർ പോർട്ടിൽ നിന്നും വിളിച്ചു കൊണ്ടുവരാനാണ് റഷീദ് ഇപ്പോൾ വണ്ടിയുമായി പോയിരിക്കുന്നത്. 
ചിന്തിച്ചു ചിന്തിച്ച് റൂം പൂട്ടി താഴെയെത്തിയത് ഞാനറിഞ്ഞില്ല. അന്തരീക്ഷം മൂടൽ മഞ്ഞിനാൽ മറയപ്പെട്ടിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഒക്ടോബർ പകുതിമുതൽ രാവിലെ സമയങ്ങളിൽ സാധാരണയായി കാണപ്പെടുന്ന മൂടൽ മഞ്ഞ്. മാർച്ച് മാസം വരെ അത് സ്ഥിരമായി കാണാറുണ്ട്. ആ സമയങ്ങളിൽ വാഹനമോടിക്കുമ്പോൾ റോഡ് കാണാൻ വലിയ പ്രയാസമാണ്. ഞാൻ കാറിനടുത്തെത്തി. ഡോർ തുറന്നു ലാപ്ടോപ്പ് ബാഗ് മുൻസീറ്റിലേക്ക് വച്ചു, കാർ സ്റ്റാർട്ട് ചെയ്തു. ചെറിയ വോള്യത്തിൽ ഒരു ഭക്തിഗാനം വച്ചു. " ദർശനം നൽകണേ മിശിഹായെ.. എന്നും.. " ദാസേട്ടന്റെ ഭക്തിസാന്ദ്രമായ സ്വരത്തിലുള്ള ഗാനം ആസ്വദിച്ചുകൊണ്ട് വണ്ടി പതിയെ ഹൈവേയിലേക്ക് ഇറക്കി. മൂടൽ മഞ്ഞു കാരണം ഒട്ടുമിക്ക വാഹനങ്ങളും പതുക്കെയാണ് നീങ്ങുന്നതെങ്കിലും, ചില സ്വദേശി വാഹനങ്ങൾ ഇരമ്പിക്കൊണ്ട് മിന്നൽ പോലെ പോകുന്നുമുണ്ട്. റോഡിൽ നിരനിരയായി സ്ഥാപിച്ചിട്ടുള്ള ഉയർന്ന തെരുവിളക്കുകളിൽ നിന്നുമുള്ള പ്രകാശം മഞ്ഞിനിടയിലൂടെ താഴേക്കെത്താൻ പാടുപെടുന്നു. വലതുവശത്തെ നിസ്‌ക്കാരപ്പള്ളിയിൽ നിന്നും ബാങ്കുവിളി ഉയരുന്നു. 'Al Watan ' പെട്രോൾ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ മൂടൽ മഞ്ഞിന്റെ കട്ടി കൂടി. മുന്നോട്ടുള്ള കാഴ്ച വെറും 15 മീറ്റർ മാത്രം. കാറിന്റെ സ്പീഡ് വളരെക്കുറച്ചുകൊണ്ട്, വൈപ്പർ ഓൺ ചെയ്ത് ചെറിയ സ്പീഡിലിട്ടു. ഒന്നും കാണാൻ വയ്യാ. മുന്നിൽ പുകമഞ്ഞു മാത്രം. എതിരെ വരുന്ന വാഹനങ്ങളുടെ ശക്തിയേറിയ പ്രകാശം പോലും മഞ്ഞിൽ തടഞ്ഞു മിന്നാമിനുങ്ങ് പോലെ തോന്നിക്കുന്നു. റോഡിൽ അങ്ങിങ്ങ് പോലീസ് വാഹനങ്ങൾ കാണാം. വലിയ ട്രക്കുകൾ റോഡരികിൽ നിർത്തിയിടിക്കുകയാണവർ. മൂടൽ മഞ്ഞിറങ്ങിക്കഴിഞ്ഞാൽ വലിയ വാഹനങ്ങൾ റോഡിലിറക്കാൻ ഇവിടെ അനുവാദമില്ല. പോലീസ് വാഹനങ്ങളിലെ ശക്തിയേറിയ ബീക്കൺ ലൈറ്റുകളുടെ പ്രകാശം മഞ്ഞിൽ തട്ടി പ്രതിഫലിക്കുന്നു. 
" റഷിദ് എവിടെത്തിയോ ആവോ.. " ഞാൻ അവന്റെ ഫോണിലേക്ക് വിളിച്ചു. റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല. പിന്നെയും രണ്ടുവട്ടം കൂടി വിളിച്ചിട്ടും അതുതന്നെ അവസ്ഥ.
" അവൻ എവിടാണാവോ.. " എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ വണ്ടിയിലെ വയർലെസ് സെറ്റ് ഓൺ ചെയ്തു. " Rashid.. Rashid... Please come on the line. This is Beta -3 speaking.. "
എന്റെ സർവീസ് കോഡ് പറഞ്ഞിട്ട് രണ്ട് പ്രാവശ്യം ഞാൻ റഷിദിന്റെ വയർലെസ് സെറ്റിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. വലത് കണ്ണ്‌ വല്ലാതെ തുടിക്കുന്നു. "കെട്ടിയോളെ കാണാൻ പോയവൻ ബാക്കിയുള്ളവരെ മറന്നോ.. " ഞാൻ വെറുതെ ചിന്തിച്ചു. Aqua park ഏരിയ ആയപ്പോൾ ട്രാഫിക് മൊത്തം നിശ്ചലമായിരിക്കുന്നത് കണ്ടു. ഒരു വാഹനവും ചലിക്കുന്നില്ല. വണ്ടികളുടെ നീണ്ട നിരകൾ. അര കിലോമീറ്റർ ദൂരെ പോലീസ് വാഹനത്തിന്റെ ബീക്കൺ ലൈറ്റിൽ നിന്നുള്ള ചുവപ്പും നീലയും വെട്ടം കണ്ടു. " ഭയ്യാ... ആഗേ ക്യാ ഹുവാ.. " സൈഡ് ഗ്ലാസ് താഴ്ത്തിയിട്ട് ഇടതു ലൈനിലെ വാഹനത്തിലെ ഡ്രൈവറോട് ഞാൻ ചോദിച്ചു. "സാബ് ജി... ആഗേ അഭീ ഏക് ആക്സിഡന്റ് ഹുവാ... വോ ആദ്മി മർ ഗയാ... വോ മലബാറി ഹേ ലഗ്താ... " (സാർ.. ഇപ്പോൾ മുന്നിലൊരു ആക്സിഡന്റ് നടന്നു. ആള് മരിച്ചു. ഒരു മലബാരിയാണെന്നു തോന്നുന്നു ). അയാൾ പറഞ്ഞു. " മലബാറി " അയാൾ പറഞ്ഞ വാചകം എന്റെ മനസ്സിലുരഞ്ഞു. മലയാളികളെ ഇവിടെ മറ്റുള്ളവർ (കുടുതലും ) മലബാറികൾ എന്നാണ് വിളിക്കുന്നത്. ഒന്ന് നോക്കിയേക്കാം. ഞാൻ, മറ്റുള്ള വാഹനങ്ങളുടെ ഇടയിലൂടെ, തിക്കിത്തിരക്കി, ബുദ്ധിമുട്ടി, എല്ലോ ലൈൻ ക്രോസ്സ് ചെയ്ത് കാർ മുന്നോട്ട് പതിയെ ഉരുട്ടി. മറ്റ് വാഹനങ്ങളുടെ ഗ്ലാസ്സിനിടയിലൂടെ, ആക്സിഡന്റ് ആയ വണ്ടി കിടക്കുന്നത് കണ്ടു. കുറേക്കൂടി മുന്നോട്ട് നീങ്ങിയപ്പോൾ പ്ലേറ്റ് നമ്പറിന്റെ അവസാന മൂന്നക്കവും കണ്ടു. ' ***943 '. 
ഒരു നിമിഷം..തലച്ചോറിൽ ഒരു വെള്ളിടി വെട്ടി. സപ്തനാഡികളും തളർന്നതുപോലെ.. ഒരു നിമിഷം കൊണ്ട് ആ മഞ്ഞിലും ഞാൻ വെട്ടിവിയർത്തു. 'റഷിദിന്റെ വണ്ടി.. അതേ അവന്റെ വണ്ടിയാണത് '. വിറയലോടെ ഞാനോർത്തു. അപകടസ്ഥലത്തു നിന്നും ഇരുപത് മീറ്റർ ദൂരത്തിൽ എല്ലോ ലൈനിൽ നിന്നും ഇറക്കി ഞാൻ ഒതുക്കി നിർത്തിയിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി. ആകെ ഒരു പോലീസ് വണ്ടി മാത്രമേ എത്തിയിട്ടുള്ളു, രണ്ട് പോലീസുകാരും. ഒരു പോലീസുകാരൻ വണ്ടിക്കുള്ളിലേക്ക് നോക്കി എന്തോ തിരയുന്നു. മറ്റെയാൾ, അപകട ദൃശ്യം മൊബൈലിലാക്കാൻ ശ്രമിക്കുന്നവരെ ആട്ടിപ്പായിക്കുന്നു. വണ്ടി ഒടിഞ്ഞു മടങ്ങിയിരുന്നു. " അസ്സലാമു അലൈക്കും " ഞാൻ വണ്ടിയുടെ അടുത്തേക്ക് ചെന്നപ്പോൾ പോലീസുകാരൻ അഭിവാദ്യം ചെയ്തു. " വ അലൈക്കും ഉസ്സലാം.. " ഞാൻ സലാം മടക്കിയിട്ട് കാറിനുള്ളിലേക്ക് കുനിഞ്ഞുനോക്കി. അവിടെ, എന്റെ ചങ്ങാതി.. റഷീദ്.. സ്റ്റിയറിംഗ് വീല് നെഞ്ചിൻ കുട് പൊളിച്ചിരിക്കുന്നു. അത്യാവശ്യസമയങ്ങളിൽ പ്രവർത്തിക്കേണ്ട എയർ ബാഗ് പ്രവർത്തിച്ചിട്ടില്ല. സ്റ്റീറിങ്ങിലും സീറ്റിലും പൊട്ടിയ ഗ്ലാസ് കഷണങ്ങൾക്കിടയിലും ചോര ചീറ്റിത്തെറിച്ചിരിക്കുന്നു. വയർലെസ്സ് സെറ്റ് ക്ലിപ്പിൽ നിന്നും ഇളകി താഴെ കിടക്കുന്നു. അവന്റെ അടയാത്ത തുറിച്ച കണ്ണുകളിൽ എന്റെ രൂപത്തിന്റെ പ്രതിഫലനം ഞാൻ കണ്ടു. അതേ അവൻ എന്നെയാണ് നോക്കുന്നത്. " അച്ചായോ.. ഞാൻ പറയാത്തങ്ങു പോയി.. കേട്ടോ.. " എന്നായിരിക്കുമോ അവൻ എന്നോട് മൗനമായി പറയുന്നത്. പുറകിലത്തെ സീറ്റിൽ അവന്റെ കുഞ്ഞിനുവേണ്ടി വാങ്ങി സൂക്ഷിച്ചിരുന്ന ചോക്കലേറ്റ് പെട്ടിയിലും രക്തം ചിതറിത്തെറിച്ചിരിക്കുന്നു... " മുദീർ... നിങ്ങൾക്ക് ഇയാളെ അറിയാമോ.. " പോലീസുകാരന്റെ ചോദ്യത്തിന് യാന്ത്രികമായി ഞാൻ തലയാട്ടി. ധൃതിയിൽ മുന്നിലുള്ള വാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോൾ, കാഴ്ചക്കുറവ് കാരണം എതിരെ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നത്രെ.. പോലീസുകാരൻ പറഞ്ഞു. 
ദൂരെ മഞ്ഞലകൾക്കു അപ്പുറത്തുനിന്നും അപകടസ്ഥലത്തേക്ക് സൈറൺ മുഴക്കി പാഞ്ഞുവരുന്ന പോലീസ്,ആംബുലൻസ് വാഹനങ്ങളുടെ ബീക്കൺ ലൈറ്റുകൾ ഞാൻ കണ്ടു. മൂടൽ മഞ്ഞിന് വീണ്ടും കട്ടികൂടാൻ തുടങ്ങിയിരുന്നു. അപ്പോൾ ഹമദ് ഇന്റർനാഷണൽ എയർ പോർട്ടിൽ, കൊച്ചിയിൽ നിന്നുള്ള ആ വിമാനം, അരമണിക്കൂർ വൈകി ലാൻഡ് ചെയ്യുകയായിരുന്നു. 
~~~~~~~~~~~~~~~~~~~~~~~~~~~~~
ബിനു കല്ലറക്കൽ. 
© Copy right protected. All the rights reserved to the author and നല്ലെഴുത്ത്.com
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo