Slider

ബാല്യകാലത്തെ സൗഹൃദം

0

അന്ന് നാലാം ക്ലാസ്സിൽ പഠിക്കുന്ന കാലത്താണ് ഞങ്ങളുടെ നാടായ തിരുവാലിയിൽ, മലബാർ ഹോട്ടൽ എന്ന സ്ഥാപനം, മലയാളിയുടെ ദേശീയ ഭക്ഷണമായ പൊറോട്ടയെ ആദ്യമായി പരിചയപ്പെടുത്തിക്കൊണ്ടു രംഗത്ത് വരുന്നത്.
അന്ന് ഞാൻ കൂട്ട് കൂടിയത് അതിന്റെ ഉടമസ്ഥനായ അളിയാക്കയുടെ (ഈ പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്) മൂത്ത മോൻ അലിയുമായിട്ടായിരുന്നു. ഒരുമിച്ചു പുസ്തകക്കെട്ടുമായി സ്കൂളിലേക്ക് പോവുന്ന ദിവസങ്ങളിൽ ഞങ്ങളിൽ രണ്ടു പേരിൽ ഒരാൾക്ക് തോന്നിയ ബുദ്ധിയായിരുന്നു ഇന്ന് സ്കൂളിൽ പോവാതെ സ്കൂളിന് അടുത്തുള്ള പുതുക്കോട്ടു കുളത്തിൽ പോയി ചാടി കുളിക്കാം എന്ന്.
പിന്നെ ഒട്ടും അമാന്തിച്ചില്ല പുസ്തകക്കെട്ടുകൾ ഒരാലിന്റെ പൊത്തിൽ ഒളിപ്പിച്ചു വെച്ച് കുളം ലക്ഷ്യമാക്കി ഓടുകയായിരുന്നു. പിന്നീടുള്ള കണക്കും, രസതന്ത്രവും, ഊർജ്ജതന്ത്രവും, ചരിത്രം പടിക്കലും എല്ലാം ആ കുളത്തിലെ വെള്ളത്തിൽ ഊളിയിട്ടു മുങ്ങി തപ്പി എടുക്കുന്നതിൽ ഞങ്ങൾ വ്യാപൃതരായി.
സ്കൂൾ വിടുന്ന സമയമായാൽ ഒന്നും അറിയാത്തവരെ പോലെ പുസ്തകമെടുത്തു തിരിച്ച് വീട്ടിലേക്കു ഓടി ചെല്ലുമ്പോൾ ഉമ്മറത്ത്, സ്കൂൾ വിട്ട് തളർന്നു വരുന്ന മോന് കഴിക്കാൻ വേണ്ടി ചായയും പലഹാരങ്ങളും ഉണ്ടാക്കി ഉമ്മ കാത്തിരിക്കുന്നുണ്ടാവും.
ദിവസങ്ങൾ അങ്ങിനെ നീണ്ടു പോയി
സ്കൂളിലെ ഞങ്ങളുടെ അഭാവം എൽ. പി സ്കൂളിലെ കുറുപ്പ് മാഷെ ശ്രദ്ധയിൽ പെട്ടു.
ഞങ്ങളുടെ കള്ളത്തരം ഒരു കാട്ടുതീ പോലെ നാട്ടിലും വീട്ടിൽ ഉപ്പാന്റെ അടുത്തും എത്തി.
പിന്നീടുള്ള സംഭവങ്ങൾ പറയേണ്ടതില്ലല്ലോ..
അന്നത്തെ ദിവസം ബാപ്പാന്റെ കയ്യിൽ നിന്നും പൊതിരെ തല്ല് കിട്ടി ക്ഷീണിച്ചു ഉറങ്ങുമ്പോഴും, ഉപ്പാന്റെ കണ്ണിന്റെ ഒരു കോണിൽ ഒരിറ്റു കണ്ണുനീർ പറ്റിപ്പിടിച്ചു നിന്നിരുന്നു.
പക്ഷെ പിന്നീടുള്ള ദിവസങ്ങളിലും സ്കൂളിൽ പോവാതെ കറങ്ങി നടന്ന് സ്കൂൾ വിടുന്ന സമയം വീട്ടിലേക്കു കയറി ചെല്ലുമ്പോൾ, കലിപൂണ്ട് നിൽക്കുന്ന ഉപ്പയിൽ നിന്നും വയറു നിറച്ചു മേടിക്കുന്നതു ഒരു പതിവായി.
അടി തുടങ്ങിയാൽ പിന്നെ ഉച്ചത്തിൽ നിലവിളിച്ച്, ദയനീയമായ ഒരു നോട്ടം ഉപ്പാന്റെ മുഖത്തു നോക്കിയാൽ പിന്നെ ഉപ്പാന്റെ മനസ്സലിയും..
പിന്നെ ഒന്നും മിണ്ടാതെ മൂപ്പര് വീട്ടിലെ ചാരുകസേരയിൽ പോയി ഇരിക്കും.
പിടിക്കപ്പെട്ടിട്ടും വീണ്ടും ഇതുതന്നെ ആവർത്തിക്കുന്നത് എന്തിനു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ ലളിതമായിരുന്നു.
ഈ കള്ളത്തരം നാട്ടിലും സ്കൂളിലും പാട്ടായപ്പോൾ പിന്നെ കള്ളൻമാരെ പോലെ സ്കൂളിൽ കേറി ചെന്ന് സഹപാഠികളെയും അദ്ധ്യാപകരെയും അഭിമുഖീകരിക്കാനുള്ള വിഷമം അതുകൊണ്ട് മാത്രമായിരുന്നു ഇത് വീണ്ടും ആവർത്തിച്ചു കൊണ്ടിയിരുന്നത്.
അങ്ങനെ ആ അധ്യയന വർഷം കഴിയാറായി. പരീക്ഷയൊക്കെ കഴിഞ്ഞു ഇപ്രാവശ്യം തോറ്റത് തന്നെ എന്ന് മനസ്സിൽ ഉറപ്പിച്ചു നിൽക്കുമ്പോഴാണ് ആ വാർത്ത ചെവിയിൽ എത്തിയത്.
"അലി തോറ്റു.. നാസർ ജയിച്ചു"
ഈ കേൾക്കുന്നത് ശെരിയല്ല എന്നും, കുറുപ്പ് മാഷും ഉപ്പയും എന്തോ ഒരു ധാരണയിൽ ഈ വിഷത്തിൽ എത്തിയിട്ടുണ്ട് എന്നും, ഇതിൽ അഴിമതിയുണ്ട് എന്നും ഉറക്കെ വിളിച്ചു പറയണം എന്ന് തോന്നിയെങ്കിലും, അതൊന്നും പുറത്തു കാണിക്കാതെ, എൽ.പി. യിൽ നിന്നും യു.പി. യിലേക്ക് സ്ഥാനക്കയറ്റം കിട്ടി എന്ന സത്യം മനസ്സിലായപ്പോ എന്നിൽ ഒരു അഹങ്കാരി വളരുകയായിരുന്നു.
പുതിയ അധ്യയന വർഷം നാലാം ക്ലാസിന്റെ ജനൽപാളിയിലൂടെ അവൻ എന്നെ ദയനീയമായി നോക്കിയപ്പോൾ വിഷമമൊക്കെ തോന്നിയിരുന്നെങ്കിലും, മനസ്സിൽ ഞാൻ കുറിച്ചിട്ടിരുന്നു നീയുമായി ഇനി ഒരു കൂട്ടുകെട്ട് വേണ്ട എന്ന്.
പക്ഷെ അവൻ സ്കൂളിന്റെ അടുത്തുള്ള കുട്ടൻ നായരുടെ കടയിലെ ഭരണിയിൽ എന്നെ കൊതിപ്പിച്ച മിഠായികളും, പെട്ടി ഐസ് ക്രീമും വാങ്ങി തന്ന് എന്നെ തോൽപ്പിച്ച് കൊണ്ടേയിരുന്നു
ഹോട്ടൽ കച്ചവടം നടത്തിയിരുന്ന അവന്റെ ഉപ്പാന്റെ മേശയുടെ വലിപ്പിൽ നിന്നും ചില്ലറ മോഷണമൊക്കെ നടത്തിയിട്ടായിരുന്നു ഈ കാര്യങ്ങളൊക്കെ സാധിച്ചിരുന്നത്. ഇങ്ങിനെ ഒരവസരം എനിക്കില്ലാത്തതു കൊണ്ട് എന്നിലെ അഹങ്കാരിയും, സ്വാർത്ഥനും, എന്നും അവന്റെ പിറകെ വാലായി നടന്നു കൊണ്ടേ ഇരുന്നു..
*കുറച്ചു ദിവസം മുമ്പ് അലിയുടെ ഭാര്യ അകാലത്തിൽ മരിച്ചപ്പോൾ തോന്നിയ പഴയ കാല ഓർമകളിൽ നിന്നും*
**************************
നാസർ പുതുശ്ശേരി
തിരുവാലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo