Slider

ഒരുച്ചക്കിറുക്കു തോന്നിയിട്ടാണ്

0

ഒരുച്ചക്കിറുക്കു തോന്നിയിട്ടാണ് പഴയ പുസ്തകങ്ങള്‍ക്കിടയിലേക്ക് നൂണ്ടിറങ്ങിയത്. ചിതലരിച്ചുതുടങ്ങിയ ഓര്‍മ്മകള്‍ക്കിടയില്‍ നിന്ന് ഒരു പുസ്തകം കൈയ്യില്‍ കിട്ടി. തിരഞ്ഞുതുടങ്ങിയത് കൂട്ടുകാരന്റെ മേല്‍വിലാസമായിരുന്നുവെങ്കിലും കൈയ്യില്‍ കിട്ടിയ പുസ്തകത്തിന്റെ താളുകള്‍ മെല്ലെ തുറന്നു. കലാലയജീവിതത്തിലെ ഓര്‍മ്മകളുടെ ആകെത്തുകയായ കുറേ വരികള്‍.
കാലത്തിനൊപ്പംനടന്നകന്നുപോയ സൗഹൃദങ്ങള്‍, അവ കോറിയിട്ട താളുകളുടെ അവസാനം അവളുടെ വരികളും,''നന്‍മകള്‍ നേരുന്നു''. ഈ വാക്കുകളായിരുന്നു ആത്മാര്‍ത്ഥതയുടെ അക്ഷരക്കൂട്ടുകളെന്ന് ഇപ്പോള്‍ തോന്നുന്നു.
ക്ളാസുകള്‍ തീര്‍ന്ന് പരീക്ഷാച്ചൂടിലെത്തിയിട്ടും പ്രണയം തുറന്നുപറയാറാന്‍ വാക്കുകള്‍ കൂട്ടുവന്നില്ല. സുഹൃത്തിന്റെ നിര്‍ബന്ധത്തില്‍ വളരെ പണിപ്പെട്ടാണ് അന്നവളോട് ഓര്‍മ്മപ്പുസ്തകത്തിലേക്ക് രണ്ടുവരികളെങ്കിലും ആവശ്യപ്പെട്ടത്. അന്ന് വിക്കി വിക്കി അതു പറഞ്ഞൊപ്പിച്ചതാലോചിക്കുമ്പോള്‍ ചിരി വരികയാണ് നട്ടെല്ലില്ലാതെ പോയ പഴയ കാമുകന്.
കോളേജിലേക്കുള്ള വഴിയരികിലും വരാന്തകളിലും ഒരു നനുത്ത കാല്‍പ്പെരുമാറ്റമായ് അവളെ അറിഞ്ഞിട്ടുണ്ട്. കൂട്ടുകാരനുമാത്രം അറിയുമായിരുന്ന നിശ്ശബ്ദപ്രണയം. കലാപരിപാടികളില്‍ അവള്‍ നിറഞ്ഞ സാന്നിധ്യമായപ്പോള്‍ അനുഭവിച്ച ഞെട്ടല്‍ ഇന്നും മറക്കാന്‍ കഴിയുന്നില്ല.താനെന്ന കാമുകന്റെ കൈയ്യിലൊതുങ്ങാത്ത പെണ്ണ്. തന്റെ കണ്ണില്‍ അവള്‍ സുന്ദരിയാണ്, ഇപ്പോള്‍ ഇത്തിരി തന്റേടവും. ഇനി പ്രതീക്ഷിക്കണോ? നട്ടെല്ലിന് മുറിവുണ്ടെങ്കിലും പ്രണയം മറ്റസ്ഥികളിലെല്ലാം പൂത്തുപോയിരുന്നു അപ്പോള്‍.
അന്ന്, ഗുളികന്‍ തെയ്യങ്ങള്‍ ആടിത്തിമിര്‍ത്തുകൊണ്ടിരുന്ന സന്ധ്യയില്‍ മനസ്സ് അവളുടെ പുറകെ കുപ്പിവളക്കടകള്‍ക്കിടയിലൂടെ സഞ്ചരിക്കുകയായിരുന്നു. അന്നവള്‍ കാണാതെ വിറയലോടെ പിന്‍തുടര്‍ന്നത് ആ നനുത്ത പുഞ്ചിരിക്കുവേണ്ടി മാത്രം. നിരാശനായെങ്കിലും അവളുടെ കൈയ്യിലെ ചുവപ്പും പച്ചയും കുപ്പിവളകള്‍ ചിരിക്കുന്നത് തന്നോടാണെന്നാശ്വസിച്ചു.
നിരത്തുവക്കിലെ മുറുക്കാന്‍ കടയില്‍ തൂക്കിയിട്ടിരുന്ന വാരികകളില്‍ കണ്ണോടിക്കുമ്പോള്‍ ശ്രദ്ധമുഴുവന്‍ അകന്നുപോകുന്ന അവളുടെ പാദസരങ്ങളിലും ഇടതൂര്‍ന്ന മുടിയിഴകളിലുമായിരുന്നു.
പഠനവും പരീക്ഷകളുമായി കാലം കടന്നുപോയി. എങ്കിലും മനസ്സിലെ ഗ്രാമവിശുദ്ധിയുടെ രൂപം മായാതെ ബാക്കിനിന്നു.പലപ്പോഴും കണ്ടുമുട്ടിയിട്ടുണ്ട് ആ കാലടികള്‍. ചില പ്രഭാതങ്ങളില്‍ അമ്പലമുറ്റത്ത്, മറ്റുചിലപ്പോള്‍ നാലും കൂടിയ കവലയില്‍ വെറുതെയിരിക്കുമ്പോള്‍ മില്ലിലേക്കോ റേഷന്‍കടയിലേക്കോ പോകുന്നത്, അമ്മ നട്ടുവളര്‍ത്തുന്ന കയ്പയ്ക്കും വെള്ളരിക്കും വെള്ളമൊഴിക്കുമ്പോള്‍ പശുക്കുട്ടിയുമായി മല്ലിടുന്നത്. ചില സായാഹ്നങ്ങളില്‍ കൊയ്ത്തുകഴിഞ്ഞവയലുകള്‍ കളിസ്ഥലങ്ങളാകുമ്പോള്‍ കൂട്ടുകാരികള്‍ക്കൊപ്പം പുല്ലരിയാന്‍ പോകുന്നത്. അങ്ങിനെ എത്രയെത്ര നോട്ടങ്ങള്‍, അതും ഒളികണ്ണുകളില്‍ മാത്രം.
ജോലിയുടെ ആദ്യനാളുകളില്‍ നഗരത്തിലേക്ക് കുടിയേറിയപ്പോള്‍ അമ്മ കരുതി സങ്കടം മുഴുവന്‍ വീടുവിട്ടുപോവുന്നതിലായിരിക്കുമെന്ന്. പക്ഷേ വേദന മുഴുവന്‍ അകന്നുപോകുന്ന പാദസരങ്ങളെയോര്‍ത്തായിരുന്നു. അപ്പോഴും പ്രണയം ഒരു ജാലകപ്പഴുതിനപ്പുറം നട്ടെല്ലില്ലാതെ ഒതുങ്ങിനിന്നു.
ഇന്നിപ്പോള്‍ പഴയ പുസ്തകങ്ങള്‍ക്കിടയിലിരുന്ന് ഒക്കെ ഓര്‍ക്കാനൊരു സുഖമുണ്ട്. കാരണമെന്തെന്നോ പഴയ കാമുകന്റെ മനസ്സറിഞ്ഞല്ലെങ്കിലും നാടിന്റെ പ്രിയപ്പെട്ട ബ്രോക്കര്‍ നാരായണേട്ടന്‍ കൊണ്ടുതന്നപ്പോള്‍ നിവര്‍ന്ന നട്ടെല്ലോടെ,സ്വകാര്യമായൊരഹങ്കാരത്തോടെ ഞാന്‍ സുമംഗലിയാക്കിയ, അവള്‍തന്നെയാണേ എന്റെ നല്ല പാതി.
ദാ വരുന്നുണ്ട്, ഞാന്‍ പഴയ പുസ്കക്കെട്ടുകളിലേക്കാഴ്ന്നിറങ്ങുമ്പോള്‍ മുഖത്തുവിരിയാറുള്ള പതിവുചിരിയുമായി...
നാലുപറമ്പുകള്‍ക്കപ്പുറം താമസ്സിക്കുന്ന കൂട്ടുകാരനുമായി കൂടുമ്പോഴൊക്കെയും അവളിന്നും പറയാറുണ്ട് നട്ടെല്ലില്ലാതെ പോയ ആ പഴയ കാമുകനെപ്പറ്റി...
ഷൈല.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo