Slider

തോമാച്ചായന്റെ അമ്മച്ചി

0

തോമാച്ചായന്റെ അമ്മച്ചിയുടെ ശവശരീരം വഹിച്ചുകൊണ്ടുള്ള ആംബുലൻസ് മേപ്രാൽ തറവാടിന്റെ ഗേറ്റിനു മുമ്പിൽ നിർത്തി...... മുറ്റത്ത് വലിയ വർണ്ണാഭമായ ഷാമിയാന പന്തൽ.... ഒരു വശത്ത് കാറ്ററിംഗുകാർ ,വന്നവർക്ക് പലതരത്തിലുള്ള ശീതള പാനീയങ്ങൾ വിതരണം ചെയ്യുന്നു..... വീഡിയോ ക്കാരുടെ കൂറ്റൻ ഫ്ലക്സ.... അതിൽ തൽസമയ സംപ്രേഷണത്തിന്റെ വെബ് സൈറ്റ് വിലാസം.. അമ്മച്ചി മരിച്ചതൊഴിച്ചാൽ മൊത്തത്തിൽ ഒരു ഉത്സവാന്തരീക്ഷം....
മൊബൈൽ മോർച്ചറിയിലാണ് അമ്മച്ചിയുടെ കിടപ്പ്.. സ്വർണ്ണ നിറമുള്ള കണ്ണാടിയൊക്കെ വച്ച്.....തൊട്ടരികിൽ അടക്കം ചെയ്യാൻ നേരത്തു പയോഗിക്കുന്ന ശവപ്പെട്ടി... ശവപ്പെട്ടിക്കും തോമാച്ചായന്റെ വീടിന്റെ അകത്തളത്തിലെ മരപ്പലക പാകിയ ചുവരിനും തേക്കിന്റെ നിറവും മണവും.. ശവപ്പെട്ടിയുടെ വശങ്ങൾ മുഴുവൻ,ഇറക്കുമതി ചെയ്ത ഓർക്കിഡ് പൂക്കൾ വസന്തം വിരിയിക്കുന്നു...
അമേരിക്കായിലുള്ള കൊച്ചു മക്കൾ വരുന്ന വരെ ,ചൂടത്തും കമ്പിളി പുതച്ചു കിടന്ന അമ്മച്ചിക്ക് മൊബൈൽ മോർച്ചറിയിൽ കിടക്കേണ്ടി വരും...
എന്തായാലും ചടങ്ങിൽ വന്നവർക്ക് ഇതൊക്കെ പുതുമയായിരുന്നു.... പലരും പറയുന്നുണ്ടായിരുന്നു... സഭയിലെ ഒട്ടു മിക്ക മെത്രാൻമാരും അന്ത്യ ശുശ്രൂഷക് വരുമത്രേ....മരിക്കുവാണെങ്കിൽ ഇതുപോലെ മരിക്കണം...
അതേ..... " മരിക്കുവാണെങ്കിൽ ഇതേപോലെ മരിക്കണം." എന്റെ ചിന്തകൾ ഒരു ദിവസം പിറകിലേക്ക് പോയി...
തുലാവർഷ മഴയുടെ തണുപ്പിൽ, പുതച്ച് മുടി ഉറങ്ങുമ്പോൾ ഫോണിന്റെ ബെല്ലു കേട്ടാണ് ഞാൻ ഉണരുന്നത്.. മേപ്രാലിലെ തോമാച്ചായനാണ് വിളിക്കുന്നത്... എന്താ അച്ചായാ?
അതേ .... നീ ഇവിടം വരെയൊന്നു വരണം, അമ്മയൊന്നു വീണു.ആശുപത്രിൽ പോകാനാ..
അച്ചായാ ഞാൻ വേഗം റെഡിയായി വരാം....
ഞങ്ങളുടെ നാട്ടിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കൂടിയതാണ് തോമാച്ചായന്റെ അമ്മച്ചി. 90 കഴിഞ്ഞിരിക്കുന്നു... എന്നാലും സന്തത സഹചാരിയായ ഊന്നു വടിയിൽ പിടിച്ച് തനിയെ നടക്കും.. ആവുന്ന കാലത്ത് .. അദ്ധ്വാനിച്ചതിന്റെ ആരോഗ്യമാണെന്ന് അമ്മച്ചി എപ്പോളും പറയും...
തോമാച്ചായനും അനിയൻ രാജുവും വീടിന്റെ സിറ്റ് ഒ3ട്ടിൽ അലക്കി തേച്ച വടി പോലുള്ള മുണ്ടും ഉടുപ്പുമൊക്കെ ഇട്ട് ഇരിപ്പുണ്ട്.. എന്നെ കണ്ടപാടെ രണ്ടാളും എഴുന്നേറ്റ് അകത്തേക്കുപോയി... നീ ഇങ്ങു കയറി വാ... അമ്മയെ പിടിക്കാൻ ഒന്നു സഹായിക്കണം.. അകത്തു നിന്നും രാജു ച്ചായൻ പറഞ്ഞു...
ഞാൻ അകത്തേക്ക് ചെന്നു.. അമ്മച്ചിയുടെ നെറ്റിയിലെ മുറിവിലൂടെ പഴയ ഒറ്റമുണ്ടിന്റെ തുണി ചുറ്റിയിരിക്കുന്നു. മുറിവായ ഭാഗത്ത് ചോര പടർന്ന് ഉണങ്ങിയ പാട് കാണാം... കൺപോളയിലും പീലിയിലും രക്തം ഉണങ്ങി പിടിച്ചിരിക്കുന്നു... ദയനീയമായി കരയുകയാണ് അ വൃദ്ധ മാതാവ്... രാത്രിയിലെപ്പോളോ സംഭവിച്ചതാണ്. മുകളിലെ ശീതീകരിച്ച മുറിയിൽ കിടന്നുറങ്ങിയ തന്റെ ആദ്യ കൺമണി അതറിയുവാൻ ഏറെ വൈകി..
ഒരു വിധത്തിൽ അമ്മച്ചിയെ താങ്ങി എടുത്ത് പോർച്ചിൽ കിടക്കുന്ന കാറിന്റെ പിൻസീറ്റിലേക്കിരുത്തി.. ചോരക്കറയും ,വാർദ്ധക്യത്തിന്റെ ബലഹീനതയിൽ അറിയാതെ ഇറ്റു പോകുന്ന ഒന്നോ രണ്ടോ തുള്ളി മൂത്രം തന്റെ BMW കാറിന്റെ സീറ്റിലെ ലതറിൽ പറ്റാതിരിക്കാൻ പഴയ ബെഡ്ഷീറ്റു വിരിക്കാൻ ഇതിനിടയിൽ തോമാച്ചൻ സമയം കണ്ടെത്തിയിരുന്നു...
കാർ അടുത്തുള്ള ആശുപത്രിയെ ലക്ഷ്യമായി പോയി.. അമ്മച്ചിയുടെ വേദന വാഹനത്തിന്റെ വേഗതയും വർദ്ധിപ്പിച്ചു.
ആശുപത്രിയിലെ രജിസ്ടേഷൻ ഫീസ് അടയ്ക്കുന്നതു മുതൽ കാണാമായിരുന്നു.. പൊന്നോമനകളുടെ ബുദ്ധിമുട്ട്... രണ്ടാളും മൽസരിച്ചു പിന്നേക്കു മാറുന്നതായിരുന്നു അവിടുത്തെ കാഴ്ചകൾ.
x ray , Scanning റിപ്പോർട്ടുകൾ വന്നു.. തലക്ക് നല്ല ക്ഷതം സംഭവിച്ചിട്ടുണ്ട്.. തോളെല്ലിനു സർജറി വേണ്ടി വരും.. കാശു ചിലവാകുമോയെന്നുള്ള ഭയം കാരണം ,സർജറി കൊണ്ട് ഫലം ഉണ്ടാകുമോ ഡോക്ടർ? എന്നായി ചോദ്യം....
അമേരിക്കയിലുള്ള മകനുമായും അനിയൻ രാജുവുമായും ഒക്കെ മാറിയും തിരിഞ്ഞും ചർച്ച.. അവരുടെ മുഖഭാവം കണ്ടാലറിയാം ഇത്രയതികം രൂപാ മുടക്കി ഒരു ഓപ്പറേഷൻ അമ്മച്ചിക്ക് നടത്താനുള്ള ബുദ്ധിമുട്ട്..
സമയം വൈകിയപ്പോളേക്കും അമ്മച്ചിയുടെ ആരോഗ്യ നില വഷളായി... മക്കൾക്ക് സന്തോഷമാകാനെന്നവണ്ണം സ്വയം ചോദിച്ചു വാങ്ങിയെന്ന പോലെയാണ് ആ മാതാവ് ഈ ലോകത്തോട് വിട പറഞ്ഞത്....
ആ അമ്മ ജീവിച്ചിരുന്ന സമയത്തേക്കാളും സന്തോഷം, മരിച്ചെന്നറിഞ്ഞപ്പോളാണ് ആ മക്കളുടെ മുഖത്ത് കണ്ടത്.... അവിടെ നിന്നു കൊണ്ട് തോമാച്ചായാൻ ഓർഡർ കൊടുത്തു..
ശവപ്പെട്ടിയിൽ വെക്കാനുള്ള വിലകൂടിയ ഓർക്കിഡ് പൂക്കൾ....

by: 
ശ്യാം മോഹൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo