പെണ്ണു ഓന്തിനെപ്പോലെ നിറം മാറുമത്രേ ..
ഞാനും കണ്ടിട്ടുണ്ട് അതു..
പലവട്ടം..
പലവട്ടം..
കുരുത്തക്കേടൊപ്പിക്കുമ്പോ 'വാപ്പാന്റെ അടുത്തൂന്നു രണ്ടെണ്ണം കിട്ടിയാലേ നീ നന്നാവുള്ളൂ'ന്നു പറയാറുണ്ടാരുന്ന ഉമ്മ വാപ്പയെന്നെ തല്ലാനായി കയ്യോങ്ങുമ്പോ 'നിങ്ങക്കെന്തിന്റെ കേടാ ചെക്കനെ വെറുതെ ഉപദ്രവിക്കുന്നെ'ന്നും ചോദിച്ചു നിറം മാറിയിട്ടുണ്ട്..
ഉണ്ടാക്കുന്നത് വീട്ടിലെല്ലാവർക്കും തികയില്ലാന്നു മനസിലാക്കിയാവണം മിക്ക ദിവസങ്ങളിലും ഉമ്മാക്കു നോമ്പായിരുന്നു..
അപ്പൊഴും കണ്ടിട്ടുണ്ട് ക്ഷീണിച്ച മുഖം പുഞ്ചിരിയായി നിറം മാറുന്നതു..
അപ്പൊഴും കണ്ടിട്ടുണ്ട് ക്ഷീണിച്ച മുഖം പുഞ്ചിരിയായി നിറം മാറുന്നതു..
പെരുന്നാളിനു എല്ലാവർക്കും ഡ്രെസ്സെടുക്കുമ്പോ 'കഴിഞ്ഞ പെരുന്നാളിനു വാങ്ങിച്ചതിപ്പോഴും അതുപൊലെ കിടപ്പുണ്ടെ'ന്നു പറഞ്ഞു ചിരിച്ചുമ്മ വാപ്പയുടെ പ്രാരബ്ധത്തിനു മേൽ സന്തോഷത്തിൻ നിറമേകുന്നത് കണ്ടിട്ടുണ്ട്..
സങ്കടച്ചൂട് കൊണ്ടു കണ്ണു നിറയുമ്പോളും ചിരിച്ചു കാണിച്ചു നിറം മാറാനുള്ള ഉമ്മയുടെ കഴിവിന് ഓസ്കാർ കിട്ടേണ്ടതായിരുന്നുവെന്നു തോന്നീട്ടുണ്ട്..
പിന്നീടു നിറം മാറ്റം കൊണ്ടത്ഭുതപ്പെടുത്തിയത് അനിയത്തിയായിരുന്നു..
ഇക്കായെന്ന് വിളിച്ചു പിറകെ നടന്നവൾ പക്വതയുള്ള കാര്യബോധമുള്ള പെണ്ണായി നിറം മാറിയതു കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു..
മേലു വേദനയായി ഉമ്മ കിടപ്പിലായപ്പോ വീടിന്റെ ഭരണമേറ്റെടുത്ത അവളുടെ നിറം മാറ്റം തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്..
ഒടുവിൽ ഒരുനാൾ മറ്റൊരു വീട്ടിലേക്കവളുടെ ജീവിതം പറിച്ചു നട്ടപ്പോൾ അവളൊരു വീട്ടമ്മയായി നിറം മാറുന്നതും ഞാൻ കണ്ടു..
പ്രണയിനിയുടെ നിറം മാറ്റം ഓന്തിനെപ്പോലും വെല്ലുന്ന തരത്തിലായിരുന്നു..
പ്രണയത്തിന്റെ തീവ്രതയേറുന്തോറും ആ മുഖത്തു മഴവിൽ വർണ്ണങ്ങൾ വിരിയുന്നതും കണ്ണുകൾ നക്ഷത്രം പോൽ തിളങ്ങുന്നതും നോക്കിയിരുന്നു പോയിട്ടുണ്ട്..
വിരൽത്തുമ്പൊന്നു തൊട്ടപ്പോൾ നാണമവളുടെ മുഖത്തു സന്ധ്യാസൂര്യനെ തോൽപ്പിക്കും വിധം ചെഞ്ചായം പൂശി..
അത്ഭുതപ്പെടുത്തുന്ന
നിറം മാറ്റം..
പെണ്ണിനു മാത്രം
സാധ്യമാവുന്നതും..
നിറം മാറ്റം..
പെണ്ണിനു മാത്രം
സാധ്യമാവുന്നതും..
വിരഹചൂടേറ്റവളുടെ മുഖം വാടിയപ്പോ നിറകണ്ണുകളോടെ തിരിഞ്ഞു നടന്നതു പെട്ടന്നുണ്ടായ നിറം മാറ്റം ഞാൻ കാണുമെന്നു ഭയന്നാവണം..
ഇനിയുമേറെയുണ്ട് പെണ്ണിന്റെ നിറം മാറ്റത്തെക്കുറിച്ചുള്ള നിറം പിടിപ്പിക്കാത്ത കഥകൾ..
ബാല്യത്തിൽ നിന്നു യൗവ്വനത്തിലേക്കു നടന്നു കയറുമ്പോൾ..
അമ്മയെന്ന മഹാസത്യത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ..
ജിവിത യാത്രയിലിനിയങ്ങോട്ടു തനിച്ചാണെന്നുളള തിരിച്ചറിവു സമ്മാനിക്കുന്ന ഉൾക്കരുത്ത് മനസ്സിനു വെളിച്ചമേകുമ്പോഴൊക്കെ മാറുന്ന നിറങ്ങളുണ്ട് പെണ്ണിനു..
ഏതു സാഹചര്യവും നേരിടാൻ സ്വയം പ്രാപ്തരാവുന്നതിനു തീർക്കുന്ന രക്ഷാകവചം..
അതു തന്നെയാണവളെ മറ്റുള്ളവരിൽ നിന്നു വിത്യസ്തയാക്കുന്നതും.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക